ദാരുണ കൊലപാതകങ്ങളും വിവാഹത്തട്ടിപ്പുകളും പെണ്‍വാണിഭ കേസുകളും ബ്ലാക് മെയ്‌ലിംഗും കോടികളുടെ സാമ്പത്തിക
ദാരുണ കൊലപാതകങ്ങളും വിവാഹത്തട്ടിപ്പുകളും പെണ്‍വാണിഭ കേസുകളും ബ്ലാക് മെയ്‌ലിംഗും കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ സ്ത്രീകള്‍ കണ്ണികളായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണം നമ്മുടെ മുന്നിലെത്തുന്നു.
സ്‌നേഹം, ക്ഷമ, കരുണ, മൃദുലത തുടങ്ങിയ മൂല്യങ്ങളുള്ളവരാണ് സ്ത്രീകള്‍. അവര്‍ പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേന നന്മനിറഞ്ഞവരും സഹിക്കാനും ത്യജിക്കാനും മനസ്സുള്ളവരും ക്രൂരകൃത്യങ്ങള്‍ ചെയ്യാത്തവരായി കരുതിപ്പോരുന്ന സ്ത്രീ സമൂഹത്തിനിടയില്‍നിന്ന് പുരുഷ കുറ്റവാളികളെപ്പോലും വെല്ലുന്ന ക്രിമിനല്‍ കൃത്യങ്ങളുമായി ധാരാളം സ്ത്രീകള്‍ രംഗത്തെത്തുന്നത് ആശങ്കയുണര്‍ത്തുന്നു. പുരുഷന്മാര്‍ ചെയ്യുന്നതെന്തും തങ്ങള്‍ക്കുമാവാം എന്നൊരു ചിന്ത സ്ത്രീസമൂഹത്തില്‍ വലിയൊരു വിഭാഗം വെച്ചുപുലര്‍ത്തുന്നത് കുറ്റകൃത്യങ്ങളുടെ കാര്യത്തിലും അവരെ സ്വാധീനിക്കുന്നു. ലോകാടിസ്ഥാനത്തില്‍ തന്നെ രണ്ടായിരാമാണ്ടോടു കൂടി സ്ത്രീ കുറ്റവാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്രിമിനല്‍ പോളിസി റിസര്‍ച്ച് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ധനമോഹവും സുഖാഢംബര ജീവിത മോഹങ്ങളും കടിഞ്ഞാണില്ലാത്ത ഉപഭോക്തൃ സംസ്‌കാരത്തിന്റെ കെടുതികളും സാമൂഹിക സാഹചര്യങ്ങളുമൊക്കെയാണ് ഇതിനു കാരണങ്ങളായി പറയപ്പെടുന്നത്.
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനം ഏറെ മുന്നിലാണ്. ഉപഭോകാസക്തിയുടെയും ആഢംബര പ്രമത്തതയുടെയും പണത്തോടുള്ള അത്യാര്‍ത്തിയുടെയും മനസ്സാണ് കേരളത്തിന്റെ മുഖ്യധാരയെ നയിച്ചുകൊണ്ടിരിക്കുന്നത്. ക്രിമിനല്‍വത്കരിക്കപ്പെട്ട ഒരു സമൂഹം രൂപപ്പെട്ടുകഴിഞ്ഞിരിക്കെ സ്ത്രീകളെ മാത്രമായി അതില്‍നിന്ന് മാറ്റിനിര്‍ത്താനാവില്ല. കുറ്റകൃത്യങ്ങളിലുണ്ടായ വര്‍ധനവ് പോലെ തന്നെ സ്ത്രീകളുടെ പങ്കാളിത്തത്തിലും ആനുപാതികമായ വളര്‍ച്ച ഉണ്ടായതാണ് എന്ന വിലയിരുത്തല്‍ ഒരുവശത്ത്. പുരുഷ കുറ്റവാളികളെ അപേക്ഷിച്ച് സ്ത്രീ കുറ്റവാളികളുടെ എണ്ണം ഇപ്പോഴും കുറവാണ്. എന്നാല്‍ സ്ത്രീകള്‍ പ്രതികളായ കേസുകള്‍ പുറത്തുവരാന്‍ തുടങ്ങി എന്നതും സ്ത്രീ കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന അമിത വാര്‍ത്താ പ്രാധാന്യം സ്ത്രീ കുറ്റവാളികള്‍ കൂടുന്നു എന്ന പ്രതീതി ഉണ്ടാക്കുകയാണെന്നുമുള്ള ഒരു വായന മറുവശത്തുണ്ട്.
സംസ്ഥാനത്ത് 7459 തടവുകാരില്‍ 7251 പേര്‍ പുരുഷന്മാരാണ്. സ്ത്രീ തടവുകാരുടെ എണ്ണം 208. ഇതര കുറ്റകൃത്യങ്ങളുടെ കാര്യത്തിലും പുരുഷന്മാരാണ് മുന്നില്‍. എന്നാലും കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള മനോഭാവം സ്ത്രീസമൂഹത്തില്‍ വര്‍ധിച്ചുവരുന്നുവെന്നാണ് കണക്കുകള്‍. കടുത്ത ശിക്ഷ വാങ്ങി ജയിലുകളില്‍ കഴിയുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചുവരുന്നു. ഇത് ഏറെ ആശങ്കയോടെയേ കാണാന്‍ കഴിയൂ.
സ്ത്രീ കുറ്റവാളികള്‍ വര്‍ധിക്കുന്നു എന്നതുപോലെ പ്രാധാന്യപൂര്‍വം പരിശോധിക്കപ്പെടേണ്ട കാര്യമാണ് കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലുണ്ടായ മാറ്റം. തൊണ്ണൂറുകള്‍ക്ക് മുമ്പുള്ള കുറ്റകൃത്യങ്ങളുടെ സ്വഭാവമല്ല ഇപ്പോഴുള്ളത്. കേരളത്തില്‍ സംഭവിച്ച പരിണാമത്തിന്റെ പശ്ചാത്തലത്തിലായിരിക്കണം ഇക്കാര്യം വിലയിരുത്തേണ്ടത്. അബദ്ധത്തിലും അക്രമത്തില്‍നിന്ന് രക്ഷപ്പെടാനും പീഡനം സഹിക്കവയ്യാതെ നിര്‍ബന്ധിത സാഹചര്യത്തിലും മാനം രക്ഷിക്കാനും ദുര്‍നടപ്പും മദ്യപാനവും മൂലം ജീവിതം താറുമാറാക്കിയ ഭര്‍ത്താവിനെ കൊല്ലാനുമൊക്കെയായിരുന്നു സ്ത്രീകള്‍ കുറ്റവാളികളായിരുന്നത്. രക്ഷപ്പെടാനാവാത്ത വിധം കുരുക്കില്‍ പെടുന്ന പുരുഷന്മാര്‍ അവരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി സ്ത്രീകളെക്കൊണ്ട് ചെയ്യിച്ച കുറ്റകൃത്യങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.
തൊണ്ണൂറുകളുടെ മധ്യത്തോട് കൂടിയാണ് കുറ്റകൃത്യങ്ങളുടെ സ്വഭാവത്തില്‍ കാതലായ മാറ്റം സംഭവിച്ചതായി വിലയിരുത്തുന്നത്. പണത്തിനും ആഢംബര ജീവിതം ലക്ഷ്യമിട്ടും കാമുക പ്രലോഭനങ്ങളില്‍ വീണുപോയിട്ടുമൊക്കെയുള്ള കുറ്റകൃത്യങ്ങളാണ് പിന്നീടങ്ങോട്ട് അരങ്ങേറിയത്. ഇതില്‍ പ്രതിസ്ഥാനത്തുള്ളത് 25-നും 45-നും മധ്യേ പ്രായമുള്ള, സൗന്ദര്യവും ആരോഗ്യവുമുള്ള സ്ത്രീകളാണ്.
ഇക്കാലയളവില്‍ പൊതുവിലുണ്ടായ സാമൂഹിക ജീര്‍ണതകളുടെ തുടര്‍ച്ച തന്നെയാണ് സ്ത്രീകളുടെ ജീവിതത്തിലും മാറ്റങ്ങള്‍ വരുത്തിയത്. പണമാണ് വലുത്, അതാണ് ജീവിതം എന്ന മുഖ്യധാരാ പാഠം, അതിനോടുള്ള അതിരുകളില്ലാത്ത ആര്‍ത്തിയിലേക്കെത്തിച്ചു. പണക്കൊഴുപ്പ് സൃഷ്ടിക്കുന്ന ജീവിതത്തിന്റെ ധാരാളിത്ത പരിസരം പണമില്ലാത്തവരിലും വരെ പ്രകടമായി. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്ന ചിന്ത സമൂഹത്തില്‍ വ്യാപിച്ചപ്പോള്‍ സ്ത്രീ സമൂഹവും അതില്‍നിന്ന് മുക്തമായില്ല.
ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയും പേമാരികള്‍ക്കിടയിലും സത്യവും സഹനവും മുറുകെ പിടിച്ചും ദാരിദ്ര്യവും വിശപ്പും സഹിച്ചും മാതൃത്വത്തിന്റെ മഹനീയ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തിക്കൊണ്ടുവന്ന അമ്മമാരുടെ മഹനീയ കഥകളായിരുന്നു പറയാറുള്ളത്. ഇപ്പോള്‍ തങ്ങളുടെ അവിഹിത ബന്ധത്തിന് തടസ്സമാകുന്ന മക്കളെയും ഭര്‍ത്താക്കന്മാരെയും ഭര്‍തൃ മാതാപിതാക്കളെയും വരെ കാമുകന്മാരുടെയും ക്വട്ടേഷന്‍ സംഘത്തിന്റെയും സഹായത്തോടെ ഇല്ലാതാക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്ന സ്ത്രീകള്‍ വര്‍ധിച്ചുവരുന്നു.
ധനമോഹം, ഭൗതിക ആഢംബര ജീവിത സൗകര്യം, കാമുകനോടൊപ്പം ജീവിക്കാനുള്ള മോഹം, അവിഹിതം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള കുറ്റകൃത്യങ്ങളുടെ ഭൂപടത്തിലാണ് സ്ത്രീകളെ കൂടുതലായി അടയാളപ്പെടുത്തിക്കാണുന്നത്. സൗന്ദര്യമെന്ന മാധ്യമം ഉപയോഗപ്പെടുത്തി അത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കും ലാഭത്തിനുമായി വഴിവിട്ട് ഉപയോഗിക്കാന്‍ കഴിയുമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ തന്നെ കുറ്റകൃത്യങ്ങള്‍ ചെയ്തവരുമുണ്ട്. അവരില്‍ പലരും സാമൂഹിക മാധ്യമങ്ങളിലും മീഡിയയിലും പത്രാസോടെ ജീവിക്കുന്നുണ്ട്. ആര്‍ഭാട ജീവിതത്തിനും പണത്തിനുമായി കുറുക്കുവഴികളന്വേഷിക്കാനും ഏതറ്റം വരെ പോകാനും തയ്യാറായപ്പോഴാണ് കുറ്റകൃത്യങ്ങളും കൂടിയത്. ആദ്യമാദ്യം നിര്‍ബന്ധിതമായും ചെറിയ രീതിയിലും ചെയ്ത്, കുറച്ച് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക സാഹചര്യങ്ങളെ ദുരുപയോഗം ചെയ്ത് വലിയ കുറ്റകൃത്യങ്ങളിലേക്കെത്തിപ്പെട്ടവരും ഉണ്ട്. നാണം കെട്ടും പണം നേടിയെടുത്താല്‍ ആ നാണക്കേട് പണം തീര്‍ത്തുകൊള്ളും എന്ന വിശ്വാസം ധാരാളം സ്ത്രീകളെയും പിടികൂടിയിരിക്കുന്നു.
ഒരമ്മയും സ്വന്തം കുഞ്ഞിനെ ധനലാഭത്തിനു വേണ്ടിയും സ്വസുഖത്തിന് വേണ്ടിയും ഉപയോഗിക്കാന്‍ മുതിരില്ല എന്ന നമ്മുടെ വിശ്വാസത്തെ തകര്‍ക്കുന്നതാണ് ധാരാളം സംഭവങ്ങള്‍. പത്തുവയസ്സുകാരനായ മകനെ അമ്മയും കാമുകനും വിഷം കൊടുത്ത് കൊല്ലാന്‍ കാരണം മകന് അമ്മയുടെ അവിഹിതത്തിന് ദൃക്‌സാക്ഷിയാവേണ്ടിവന്നു എന്നത് മാത്രമാണ്. മാതൃത്വത്തിന്റെ ദിവ്യ ഭാവവുമായി വിളങ്ങിനില്‍ക്കേണ്ട സ്ത്രീകള്‍ക്കിങ്ങനെ പൈശാചിക ഭീകര കൃത്യങ്ങളിലേക്കെത്തിപ്പെടാന്‍ മാത്രം ധാര്‍മിക സദാചാര മൂല്യങ്ങള്‍ക്ക് വിഘ്‌നം സംഭവിച്ചിരിക്കുന്നു. കേരളത്തില്‍ ഏറെ പ്രമാദമായതും മാധ്യമ ശ്രദ്ധ നേടിയതുമായ മിക്ക പെണ്‍ വാണിഭ-പീഡന കേസുകളില്‍ മിക്കതിലും സ്ത്രീകളും പ്രതികളാണ് എന്നത് തര്‍ക്കമറ്റ കാര്യമാണ്.
കോളേജ് വിദ്യാര്‍ഥിനികള്‍, പ്രൊഫഷണലുകള്‍, വീട്ടമ്മമാര്‍ എന്നിവരടങ്ങുന്ന സ്ത്രീജനങ്ങളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ശാസ്ത്ര സാങ്കേതിക പുരോഗതിയും ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുമൊക്കെ ദാമ്പത്യ ബന്ധങ്ങള്‍ തകര്‍ക്കുന്നതിലും കുറ്റകൃത്യങ്ങളിലും പരോക്ഷമായെങ്കിലും വലിയ പങ്ക് വഹിക്കുന്നു. കുറ്റകൃത്യങ്ങള്‍ സംഘടിപ്പിക്കാനും ഒളിച്ചോടാനും മാത്രമല്ല, അധാര്‍മികതകള്‍ക്കും അവിഹിതങ്ങള്‍ക്കും കൂടിയാണവയൊക്കെ സൗകര്യമാകുന്നത്.
വീടും കുടുംബവുമാണ് മനുഷ്യന്റെ എക്കാലത്തെയും ഏറ്റവും ദൃഢമായ കൂട്ടായ്മ. കേരളത്തിലെ കുടുംബ ബന്ധങ്ങളിലും ദാമ്പത്യ മേഖലയിലുമുണ്ടായ തകര്‍ച്ചയും ആ രംഗത്തെ മൂല്യശോഷണവും കുറ്റകൃത്യങ്ങള്‍ക്ക് ആക്കം കൂട്ടിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമൂഹിക-കുടുംബ ബന്ധങ്ങള്‍ കെട്ടുറപ്പോടെയും പവിത്രതയോടെയും നിലനിന്നാലേ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ സമൂഹം ഉണ്ടാവൂ. പാശ്ചാത്യ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കുടുംബശൈഥില്യം പ്രധാന കാരണമാകുന്നതുപോലെ തന്നെ നമ്മുടെ നാട്ടിലും അതൊരു കാരണമായി ഭവിക്കുകയാണ്. അമ്മമാര്‍ കുഞ്ഞുങ്ങളെ കൊന്ന സംഭവങ്ങളില്‍ മിക്കതിലും അഛനമ്മമാരുടെ വഴക്കും കുടുംബ കലഹവും കണ്ടുവരുന്നുണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്തുന്നതു മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന ജീവിത പ്രയാസങ്ങള്‍ പല കേസുകളിലും വില്ലന്മാരായി ഉണ്ട്.
നിസ്സാര കാര്യങ്ങള്‍ക്കു പോലും കേരളത്തില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് കണക്ക്. ഇന്ത്യയില്‍ വിവാഹമോചനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 12 സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. മണിക്കൂറില്‍ അഞ്ച് എന്ന തോതിലാണ് കേരളത്തില്‍ വിവാഹമോചന കേസുകള്‍ വര്‍ധിക്കുന്നത്. സ്‌നേഹവും വിശ്വാസവും പരിഗണനയും പങ്കുവെക്കലുകളും സങ്കീര്‍ണതകളെ ഇല്ലാതാക്കും.
ദാരിദ്ര്യവും ജീവിത പ്രയാസങ്ങളും ഏറെയുണ്ടായിരുന്നെങ്കിലും സ്ത്രീത്വം എന്ന മഹനീയതയെ മനസ്സിലാക്കിയും കുടുംബബന്ധങ്ങളെ ആദരിച്ചും തന്റെ സ്വപ്‌നങ്ങളുമായി ജീവിച്ച സ്ത്രീ ഇപ്പോള്‍ അപ്രത്യക്ഷയായിരിക്കുന്നു. ആധുനികതയുടെ പൊള്ളയായ കാഴ്ചപ്പാടും ഏതു രംഗത്തും പുരുഷനോടൊപ്പം മത്സരിക്കണമെന്ന വാശിയും സവിശേഷതയുമുള്ള സ്ത്രീയെയാണ് പുതിയകാലം അവതരിപ്പിക്കുന്നത്. സിനിമയിലും സീരിയലിലും തോക്കു ചൂണ്ടുകയും കൊല നടത്തുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങളാണ് കൈയടി നേടുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ക്കു പോലും കൊടും ക്രിമിനലുകളായ കാമുകന്മാരുള്ളതായി പല സംഭവങ്ങളും തെളിയിക്കുന്നു. ഭോഗതൃഷ്ണയുടെ മായാ കാഴ്ചകളും തട്ടിപ്പുകളുടെയും പൈശാചിക ക്രൂരതകളുടെയും പരമ്പരകളുമാണ് സന്ധ്യ മുതല്‍ രാത്രി വൈകുവോളം സീരിയലുകളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആ അവിഹിത ബന്ധങ്ങളുടെയും ഭര്‍ത്താവിനെ വിട്ട് കാമുകന്മാരെ സ്വീകരിക്കുന്നതിന്റെയും ജാരസന്തതികളുടെയും ക്രൂരകൃത്യങ്ങളുടെയും നേര്‍കാഴ്ചകള്‍ തന്നെയാണ് നാട്ടിലും ആവര്‍ത്തിക്കുന്നത്.
നന്മയും സ്‌നേഹവും വിളക്കിച്ചേര്‍ക്കേണ്ട സ്ത്രീകള്‍ തന്നെ വഴിതെറ്റുകയും കുറ്റകൃത്യങ്ങളില്‍ ആപതിക്കുകയും ചെയ്യുന്നത് കുടുംബത്തിലും സമൂഹത്തിലും വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നു. സ്ത്രീ കുറ്റവാളിയായി പരിണമിക്കുമ്പോള്‍ സമൂഹത്തിന്റെ ആധാരശിലയായ കുടുംബാന്തരീക്ഷത്തില്‍ വലിയ വിള്ളലുകളുണ്ടാകുന്നു. ഒരു പെണ്ണ് പിഴച്ചാല്‍ തുറ മുഴുവന്‍ പിഴച്ചെന്ന് വിശ്വസിക്കുന്നവരായിരുന്നു പഴയകാല സ്ത്രീകളെന്ന് തകഴിയുടെ 'ചെമ്മീന്‍' വായിച്ചവര്‍ക്ക് മനസ്സിലാകും.
ജീവിതത്തിന്റെ ഭൗതിക പുരോഗതിയും സൗകര്യങ്ങളും വര്‍ധിച്ചപ്പോള്‍ മൂല്യങ്ങള്‍ക്കും മാനുഷിക ബന്ധങ്ങള്‍ക്കും സ്ഥാനമില്ലാതായി. അതിനാല്‍തന്നെ ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത കുഴപ്പങ്ങളും കുറ്റകൃത്യങ്ങളും ഇന്ന് സാര്‍വത്രികമായി. അതിരുകളില്ലാത്ത ആര്‍ത്തിയും വ്യാമോഹവും കാരണമായി എല്ലാം സ്വന്തം ലാഭത്തിന്റെയും സുഖത്തിന്റെയും കണ്ണിലൂടെ മാത്രം നോക്കിക്കാണുന്നു. മനുഷ്യ ജീവിതത്തെ ധര്‍മനിഷ്ഠമാക്കുകയും കുടുംബ-സാമൂഹിക ഘടനയുടെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്ന മൂല്യവത്കരണത്തിന്റെ അഭാവത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ സമൂഹത്തെ സൃഷ്ടിക്കാനാവില്ല.