മാതാവ്-പിതാവ്, സഹോദരി-സഹോദരന്‍, മക്കള്‍... രക്തബന്ധത്തിന്റെ പശിമയില്‍ രൂപപ്പെട്ടുവരുന്ന മഹത്തായ ബന്ധങ്ങളാണിത്
മാതാവ്-പിതാവ്, സഹോദരി-സഹോദരന്‍, മക്കള്‍... രക്തബന്ധത്തിന്റെ പശിമയില്‍ രൂപപ്പെട്ടുവരുന്ന മഹത്തായ ബന്ധങ്ങളാണിത്. എന്നാല്‍ സ്വന്തം ചോരയുടെ മണമേതുമില്ലാതെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന ബന്ധമാണ് ദാമ്പത്യം. പ്രായപൂര്‍ത്തിയും കാര്യപ്രാപ്തിയുമുള്ള ഏതൊരു ആണിന്റെയും പെണ്ണിന്റെയും ജീവിതം പൂര്‍ണതയിലെത്തുന്നത് പരസ്പരം ഇണകളായി ജീവിക്കാന്‍ തുടങ്ങുന്നതോടെയാണ്. വ്യത്യസ്ത ജീവിതസാഹചര്യങ്ങളും സ്വഭാവങ്ങളും കാഴ്ചപ്പാടുകളും കുടുംബ പാരമ്പര്യവുമുള്ളവരാണ് സ്ത്രീപുരുഷന്മാര്‍. ഇവരുടെ കൂടിച്ചേരലാണ് ദാമ്പത്യത്തിലൂടെ സാധ്യമാകുന്നത്. കാലം കഴിയുന്നതിനനുസരിച്ച് കൂടുതല്‍ ബലവും ദൃഢതയും കൈവരിക്കേണ്ട ബന്ധമാണ്് ഭാര്യാഭര്‍തൃബന്ധം.''അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു; നിങ്ങള്‍ക്ക് സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. വിവേകശാലികളായ ജനത്തിന് ഇതില്‍ നിരവധി തെളിവുകളുണ്ട്'' (അര്‍റൂം 21). ദയ, സ്‌നേഹം, കാരുണ്യം, സുരക്ഷിതത്വം, ആസ്വാദനം എന്നിവ ആണും പെണ്ണും പരസ്പരം അനുഭവിക്കുന്ന ഇടമാണ് വീടകം. സാമൂഹികജീവിതത്തിന്റെ വിവിധ ഇടപെടലുകളില്‍ ഭാഗഭാക്കായി സ്വാസ്ഥ്യം തേടിയെത്തുന്ന പുരുഷന്‍ പ്രതീക്ഷയോടെ അന്വേഷിച്ചെത്തുന്നത് ഭാര്യയിലേക്കും വീടിനകത്തുനിന്നു സുരക്ഷിതത്വമന്വേഷിച്ച് പെണ്ണ് കാത്തിരിക്കുന്നത് പുറത്തുനിന്നും വരുന്ന ഭര്‍ത്താവിനെയുമാണ്. ഇനി, ദമ്പതികള്‍ രണ്ടു പേരും പുറംജോലിക്കോ സാമൂഹിക വ്യവഹാരങ്ങളിലോ ഇടപെടുന്നവരാണെങ്കിലും അവര്‍ സമാധാനം തേടിയെത്തുന്നത് തങ്ങളുടെ ഇണകളുള്ള വീടുകളിേേലക്കാണ്.
സ്ത്രീപുരുഷന്മാര്‍ ദമ്പതികളായി ജീവിക്കാന്‍ തീരുമാനിക്കുന്നതോടുകൂടി അവരുടെ ഇടയില്‍ ബലവത്തായ ഒരു കരാര്‍ രൂപപ്പെടുകയാണ്. വ്യക്തികളെന്ന നിലയില്‍ തനിച്ചുജീവിച്ചവര്‍ ഒന്നാകുമ്പോള്‍ പരസ്പരം രൂപപ്പെട്ടുവരേണ്ട ബാധ്യതകളുടെയും പങ്കുവെക്കലിന്റെയും, ന്യൂനതകള്‍ മറച്ചുവെക്കലിന്റെയും ഒരു കരാറാണ് ദമ്പതികളുടെ ഇടയില്‍ രൂപപ്പെടുന്നത്. ഈ കരാര്‍ രൂപം കൊള്ളുന്നത് ദയ, സ്‌നേഹം, കരുണ, വിട്ടുവീഴ്ച എന്നീ മൂല്യങ്ങളിലൂടെയാണ്. 'നിങ്ങള്‍ പരസ്പരം വസ്ത്രങ്ങള്‍' പോലെയാകുന്നു എന്നാണ് ദാമ്പത്യത്തെക്കുറിച്ച ഖുര്‍ആനിക ഉപമ. ഈ ഉപമയേക്കാള്‍ മറ്റൊന്ന് ഇതിനാവശ്യമില്ല.
തീര്‍ത്തും വിഭിന്നമായ സ്വഭാവസവിശേഷതകളും ചുറ്റുപാടുകളും ഉള്ള വ്യക്തികളുടെ കൂടിച്ചേരലാണ് ദാമ്പത്യം. അതുകൊണ്ടുതന്നെ ദിവസം കഴിയുംതോറും ആഗ്രഹങ്ങളുടെയും തീരുമാനങ്ങളുടെയും കാര്യത്തില്‍ അഭിപ്രായ വ്യത്യാസം രൂപംകൊള്ളാന്‍ സാധ്യത ഏറെയാണ്. ഈ സാധ്യത പരസ്പരമുള്ള ന്യൂനതയായി രൂപപ്പെട്ടുവരും. ഈ ന്യൂനതയെ സ്‌നേഹവും വിട്ടുവീഴ്ചയുമാകുന്ന വസ്ത്രംകൊണ്ട് മൂടിവെച്ചു മാത്രമേ ദാമ്പത്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ പാടുള്ളൂ. ദാമ്പത്യത്തിന്റെ വിജയം അതാണ്. ഇതിന് ആദ്യം വേണ്ടത് തന്റെ കൂടെ ജീവിതം പങ്കിടാന്‍ വന്നവള്‍/വന്‍ തന്നില്‍നിന്ന് തീര്‍ത്തും വ്യതിരിക്തതയുള്ള വ്യക്തിയാണെന്ന ബോധ്യത്തോടെ അടിമ-ഉടമ മനഃസ്ഥിതി വെടിഞ്ഞ് ജീവിക്കുകയാണ്. ഇസ്‌ലാം ദമ്പതിമാരെ ഇണയെന്ന് ഭാഷാര്‍ഥം വരുന്ന പേരിട്ടുവിളിച്ചുകൊണ്ടാണ് സംബോധന ചെയ്യുന്നത്. ഇത് സാധ്യമാകണമെങ്കില്‍ പരസ്പരമുള്ള അവകാശബോധത്തേക്കാള്‍ ഉത്തരവാദിത്തബോധം ദമ്പതിമാരില്‍ ഉണ്ടായിരിക്കണം. തന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നവനാകണം ഭര്‍ത്താവെന്ന വാശി ഭാര്യക്കും, താന്‍ പറയുന്നതൊക്കെയും ചെയ്യേണ്ടവളാണ് ഭാര്യ എന്ന വാശി ഭര്‍ത്താവിനും ഉണ്ടാകാന്‍ പാടില്ല. പകരം ഭര്‍ത്താവായ പുരുഷന്‍ എന്തെല്ലാമാണോ തന്നില്‍നിന്ന് ആഗ്രഹിക്കുന്നത് അത് നിറവേറ്റിക്കൊടുക്കാന്‍ സാധിക്കുന്നുണ്ടെന്നു ഭാര്യയും തന്നില്‍നിന്നും സ്‌നേഹപരിലാളനകള്‍ അര്‍ഹിക്കുന്ന ഭാര്യക്ക് അത് വകവെച്ചുകൊടുക്കുന്നതില്‍ വല്ല അപാകതയും തന്നില്‍നിന്ന് വരുന്നുണ്ടോയെന്ന് ഭര്‍ത്താവും ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്.
പ്രവാചക(സ)ന്റെയും അവിടുത്തെ പത്‌നിമാരുടെയും ജീവിതമാണ് നമുക്കതില്‍ മാതൃകയാവേണ്ടത്. അല്ലാഹുവിന്റെ ദൂതനായും ജനനേതാവായും ഭരണാധികാരിയായും ഉയര്‍ന്നുനിന്ന അദ്ദേഹം തന്റെ ഭാര്യമാരോടൊപ്പം എങ്ങനെയാണ് ജീവിച്ചതെന്നതിന് ചരിത്രത്തിന്റെ നല്ല തെളിവുകള്‍ നമുക്കു മുമ്പിലുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ ഭാര്യമാരുടെയും. കരുതലിന്റെയും സുരക്ഷിതത്വം നല്‍കലിന്റെയും സമ്പാദ്യങ്ങള്‍ ഭര്‍ത്താവിനുവേണ്ടി ചെലവഴിക്കുന്നതിന്റെയും മാതൃക നമുക്ക് ഖദീജയില്‍ കാണാം. ഭൗതികമായ ക്ഷേമൈശ്വര്യങ്ങള്‍ക്കായി പ്രവാചകനെ ഒമ്പതു ഭാര്യമാരില്‍ ഒരാള്‍പ്പോലും ബുദ്ധിമുട്ടിച്ചില്ല. ഉപദേശങ്ങളും സഹായങ്ങളും വേണ്ടപ്പോഴൊക്കെ ഭാര്യമാരില്‍നിന്ന് അദ്ദേഹത്തിനു ലഭ്യമായി. അതുപോലെയാണ് പ്രവാചകന്‍ തിരിച്ചു ഭാര്യമാരോടും പെരുമാറിയത്. പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആഇശ(റ) പറഞ്ഞത് ഖുര്‍ആനാണ് അദ്ദേഹത്തിന്റെ സ്വഭാവമെന്നായിരുന്നു.
ഇണയാല്‍ താന്‍ സ്‌നേഹിക്കപ്പെടുന്നുണ്ട് എന്ന ബോധ്യം നല്ല ദാമ്പത്യത്തിന്റെ അടിസ്ഥാനമാണ്. അതുകൊണ്ടുതന്നെ സ്‌നേഹവും ഇഷ്ടവും താല്‍പര്യവുമെല്ലാം പ്രകടമാക്കാന്‍ ദമ്പതിമാര്‍ ശ്രമിക്കേണ്ടതാണ്. സമ്മാനങ്ങളും സ്‌നേഹവാക്കുകളും അനുമോദനങ്ങളും അഭിപ്രായങ്ങളുമായി വ്യത്യസ്ത രീതികളില്‍ സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ ആ ബന്ധത്തിന്ന് ഊഷ്മളതയും വിശ്വാസ്യതയും ഏറും. പ്രവാചകനോട് താങ്കള്‍ക്ക് കൂടുതല്‍ ഇഷ്ടം ആരെയാണെന്നു ചോദിച്ചപ്പോള്‍ ആഇശയെന്നായിരുന്നു മറുപടി. തന്റെ ഭാര്യയോടുള്ള ഇഷ്ടം അദ്ദേഹം മറച്ചുവെച്ചില്ല. ഇങ്ങനെ സ്‌നേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ നല്ല ദാമ്പത്യത്തിന്റെ ലക്ഷണമാണ്.
ദാമ്പത്യമെന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരല്‍ മാത്രമല്ല, രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ളതു കൂടിയാണ്. ആഇശ (റ) കഴിഞ്ഞാല്‍ പിന്നീട് ആരെയാണ് ഇഷ്ടമെന്ന് പ്രവാചകനോട് വീണ്ടും ചോദിച്ചപ്പോള്‍ അവരുടെ പിതാവിനെ എന്നായിരുന്നു മറുപടി. ഇത് സൂചിപ്പിക്കുന്നത് ദാമ്പത്യത്തിലൂടെ രൂപപ്പെട്ടുവരുന്ന രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പമാണ്. ഇത് ദമ്പതിമാര്‍ മറന്നുപോകരുത്. മകള്‍, സഹോദരി എന്നീ റോളുകള്‍കൂടി തന്റെ ഭാര്യക്കുണ്ടെന്ന് ഭര്‍ത്താവും മകന്‍, സഹോദരന്‍ എന്നീ റോളുകള്‍ ഭര്‍ത്താവിനുണ്ടെന്ന് ഭാര്യയും മനസ്സിലാക്കി ആ പദവികള്‍ നിര്‍വഹിക്കാന്‍ അവരെ അനുവദിക്കുകയും അവസരം നല്‍കുകയും വേണം. ഇതിനു വേണ്ടത് പരസ്പരം മനസ്സിലാക്കിയുള്ള വിട്ടുവീഴ്ചയാണ്. ഇക്കാര്യത്തില്‍ യാതൊരുവിധ അസഹിഷ്ണുതയും ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടാവരുത്. കുടുംബത്തെപ്പോലെ തന്നെ ദമ്പതികള്‍ പരസ്പരം മാനിക്കേണ്ട മറ്റൊരു കാര്യമാണ് രണ്ടു പേരുടെയും സുഹൃദ്ബന്ധങ്ങളും അയല്‍പക്കബന്ധങ്ങളുമൊക്കെ. ദാമ്പത്യത്തോടെ ഇതെല്ലാം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരില്‍ ഇത് വല്ലാത്ത മാനസിക പ്രയാസം ഉണ്ടാക്കിയേക്കും. പരസ്പരം ഇത്തരം കാര്യങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ദമ്പതികള്‍ മനസ്സുവെക്കണം. സ്ത്രീയെ സംബന്ധിേച്ചടത്തോളം താന്‍ വളര്‍ന്ന ചുറ്റുപാടില്‍നിന്നുള്ള ഒരു കൂടുമാറ്റമാണത്. ആവാസവ്യവസ്ഥയില്‍നിന്നുളള മാറ്റമായി അതിനെ കാണാം. താന്‍ ശീലിച്ച ചുറ്റുപാടില്‍നിന്നും ജീവിതസാഹചര്യങ്ങളില്‍നിന്നും മറ്റൊന്നിലേക്ക് ഇണങ്ങിവരാന്‍ പലര്‍ക്കും വലിയ താമസം പിടിച്ചേക്കും. ഇതൊരു പോരായ്മയായി കണ്ട് കുറ്റപ്പെടുത്താതെ അതിനുള്ള ഉപദേശനിര്‍ദേശം നല്‍കി കൂടെ നില്‍ക്കുകയാണ് ഭര്‍ത്താക്കന്മാര്‍ ചെയ്യേണ്ടത.് തനിക്കുണ്ടാകുന്ന പ്രയാസങ്ങള്‍ നാളെയുടെ നല്ല ഭാവിക്കാണെന്ന പ്രതീക്ഷ പെണ്‍കുട്ടികള്‍ക്കും ഉണ്ടാകണം. വീട്ടിലെ മുതിര്‍ന്നവരാണ് ഈ കാര്യത്തില്‍ സൂക്ഷ്മത പാലിക്കേണ്ടതെന്ന് തോന്നുന്നു. ചെയ്യാനറിയാത്ത കാര്യങ്ങള്‍ പൊക്കിപ്പിടിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന ശൈലി സ്ത്രീകള്‍ അമ്മായിയമ്മയും നാത്തൂനുമായി മാറുന്നതോടെ പൊതുവെ കാണപ്പെടുന്ന പ്രവണതയാണ്. അത്തരം കാര്യങ്ങള്‍ മാറ്റിയെടുക്കാന്‍ വീട്ടിലെ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. കുടുംബമെന്ന വൃക്ഷത്തിന് വിത്തിട്ടവരാണ് നവ ദമ്പതികളെന്നും അത് വളര്‍ന്നു വൃക്ഷമാകണമെങ്കില്‍ കരുതലോടെയുള്ള പരിചരണം വേണമെന്നും ദാമ്പത്യത്തില്‍ ഒരുപാട് പാഠങ്ങളുള്ള മുതിര്‍ന്ന അംഗങ്ങള്‍ കരുതണം.
അവകാശങ്ങളുടെ ബോധ്യങ്ങളല്ല സഹകരണത്തിന്റെ വിനയമാണ് ദമ്പതിമാരില്‍ ഉണ്ടാവേണ്ടത്. പരസ്പരാശ്രയത്വം ദമ്പതിമാരില്‍ ഉണ്ടാകുന്നത് പരസ്പരം സഹകരിക്കുന്നതിലൂടെയാണ്. വീടകങ്ങളില്‍ ഭാര്യമാരെ സഹായിക്കുക എന്നത് ഒരു കുറച്ചിലായി പല ഭര്‍ത്താക്കന്മാരും കാണുന്നുണ്ട്. പ്രവാചകന്‍ ഈ കാര്യത്തിലും മാതൃകയാണ്. അവിടുന്ന് സാധാരണക്കാരായ നമ്മളേക്കാള്‍ ഒരുപാട് തിരക്കുകളുള്ള വ്യക്തിത്വമായിരുന്നു. പക്ഷേ പ്രവാചകന്‍ വീട്ടുകാര്യങ്ങളില്‍ ഭാര്യമാരെ സഹായിച്ചിരുന്നു. വീട്ടുജോലികളില്‍ ഭാര്യയെ സഹായിക്കാന്‍ ഭര്‍ത്താവ് ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ കുടുംബജീവിതത്തിലെ പൊല്ലാപ്പുകള്‍ മാറിക്കിട്ടും. അത് തന്റെ പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും പരിഗണന നല്‍കുന്നുവെന്ന തോന്നല്‍ ഭാര്യയില്‍ ഉണ്ടാക്കും.
കുട്ടികളുടെയും വീട്ടിലെ പ്രായമായവരുടെയും കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു പങ്കിട്ടെടുക്കലിന്റെ രീതി അവലംബിക്കുകയാണെങ്കില്‍ അത് തുടര്‍ജീവിതത്തിന് ഏറെ ഗുണകരമാവും. സ്ത്രീകള്‍കൂടി പുറംജോലിക്കു പോകുന്ന രീതി സമൂഹത്തില്‍ വ്യാപകമാകുന്നുണ്ട്. ചെയ്യുന്ന ജോലി എന്തുമാകട്ടെ അതിന് അതതിന്റെ സമ്മര്‍ദങ്ങളും സമയവും ആവശ്യമാണെന്ന കാര്യം രണ്ടുകൂട്ടരും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. ഏറ്റവും സൂക്ഷ്മത വേണ്ട സന്ദര്‍ഭമാണിത്. മനസ്സുതുറന്നുള്ള ആശയവിനിമയത്തിന്റെ അഭാവം എല്ലാ ബന്ധങ്ങളേക്കാളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക ദാമ്പത്യത്തിലാണ്. ഇവിടെ നാം തിരിച്ചറിയേണ്ട വലിയ വസ്തുതയുണ്ട്. ജോലി, പഠനം, മറ്റു സ്ഥാനമാനങ്ങള്‍, തിരക്കുകള്‍ എല്ലാം തന്നെ സ്വന്തം കുടുംബത്തേക്കാള്‍ വലുതായിവരുന്ന പ്രവണത ഉണ്ടാകാന്‍ പാടില്ല എന്നതാണത്. ലോകത്ത് എന്തൊക്കെയോ ആയ സെലിബ്രിറ്റികള്‍ നമുക്ക് മുമ്പിലുണ്ട്. പക്ഷേ അവരില്‍ പലരും കുടുംബജീവിതത്തില്‍ ഒന്നുമല്ലാതായിപ്പോയവരാണ്. അതിനുകാരണം അവരുടെ സമയങ്ങളെയും പരിഗണനകളെയും ഇണകള്‍ക്കുവേണ്ടി മാറ്റിവെച്ചില്ലായെന്നതാണ്. 'വര്‍ക്‌ഹോളിസം' എന്ന രോഗം ദമ്പതിമാരെ പിടിപെടുമ്പോഴാണ് ദാമ്പത്യത്തില്‍ ഉലച്ചിലുണ്ടാവുക, അങ്ങാടികളില്‍ കറങ്ങിത്തിരിയുമ്പോഴും സാമൂഹിക സേവനപ്രവര്‍ത്തനത്തിനോ മത പ്രവര്‍ത്തനത്തിനോ വല്ലാതെ സമയം നീക്കിവെക്കുമ്പോഴും കുടുംബത്തില്‍ തന്നെ കാത്തിരിക്കുന്നവന്‍/വള്‍ ഉണ്ടെന്ന് നാം മറന്നുപോകരുത്. കുടുംബം എന്ന ചെറിയ അടിസ്ഥാനസ്ഥാപനത്തില്‍നിന്നാണ് സമൂഹം എന്ന വലിയ സ്ഥാപനം പുലര്‍ന്നുവരേണ്ടത്. അസഹിഷ്ണുതയും ടെന്‍ഷനും തൃപ്തിയില്ലായ്മയും നിറഞ്ഞ അനേകം വീടുകളില്‍നിന്നും വരുന്ന ആണിനും പെണ്ണിനും ശാന്തമായ സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പ്രവര്‍ത്തന മേഖലകള്‍ ഒന്നും തന്നെ കുടുംബത്തെ അവഗണിച്ചുള്ളതോ അവര്‍ക്കുവേണ്ടി കരുതിവെക്കാന്‍ സമയമില്ലാത്ത രീതിയിലുള്ളതോ ആകരുത്. വീട്ടിലേക്ക് തിരിച്ചെത്താന്‍ വൈകിയാല്‍ അതിന്റെ കാരണങ്ങളും പ്രയാസങ്ങളും ഇണയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക തന്നെ വേണം.
ഇസ്‌ലാമിലെ വിവാഹമെന്നത് കേവലം ശാരീരികാഭിനിവേശത്തിന്റെ ശമനോപാധി മാത്രമല്ല. അത് പരലോകത്തോളം ചെന്നെത്തുന്ന പാവനമായ കരാറാണ്. അതുകൊണ്ടുതന്നെ ഇണകളുടെ ശാരീരികമായ എല്ലാ പ്രയാസങ്ങളും ആഗ്രഹങ്ങളും തീരുമാനങ്ങളും പരസ്പരം അറിഞ്ഞ് പെരുമാറുമ്പോള്‍ മാത്രമേ അത് ദിവ്യമായ പ്രണയത്തിന്റെ തലത്തിലേക്ക് ഉയരുകയുള്ളൂ. രോഗം പോലെ ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന അവസങ്ങളില്‍ ഏറ്റവും അടുത്തുനില്‍ക്കേണ്ടത് അവരവരുടെ ഇണകളാണ്. രഹസ്യഭാഗങ്ങള്‍ കാണാനും രഹസ്യങ്ങള്‍ പറയാനും അവര്‍ക്ക് തമ്മില്‍ കഴിയുന്നതുപോലെ മറ്റാര്‍ക്കും ആവില്ല. അതുകൊണ്ടുതന്നെ പരസ്പരമുള്ള ശാരിരിക-മാനസിക പ്രയാസങ്ങള്‍ അറിഞ്ഞുവേണം ദമ്പതിമാര്‍ പെരുമാറാന്‍.
കൂട്ടുകുടുംബമായി താമസിക്കുമ്പോള്‍ പലപ്പോഴും അവഗണിക്കുകയും അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന വിഷയമാണ് മക്കള്‍ വളരുന്നതിനനുസരിച്ച് വളരെ ചുരുങ്ങിപ്പോകുന്ന മാതാപിതാക്കളുടെ സ്വകാര്യ നിമിഷങ്ങളും പരസ്പരം പങ്കുവെക്കാനുള്ള അവസരങ്ങളും കുറച്ചുവെന്നത്. പലപ്പോഴും മക്കള്‍ക്ക് വിവാഹപ്രായമാകുന്നതോടെ മുറി ഒഴിഞ്ഞുകൊടുക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്ക് പിന്നെ വേറിട്ട് കിടക്കേണ്ടിവരുന്നത് മൂലം പല പ്രയാസങ്ങളും കുടുംബത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. മധ്യവയസ്‌കരായ ദമ്പതിമാരിലുള്ള പല സംഘര്‍ഷങ്ങള്‍ക്കും ഹേതുവാകുന്നത് അവര്‍ക്ക് പരസ്പരം മനസ്സും ശരീരവും പങ്കുവെക്കാന്‍ കഴിയാത്ത അവസ്ഥ വീട്ടില്‍ സൃഷ്ടിക്കപ്പെടുന്നു എന്നതാണ്. പേരക്കുട്ടികള്‍ക്ക് ശിക്ഷണ ശീലങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ വല്ല്യുപ്പയും വല്ല്യുമ്മയും മാതാപിതാക്കളേക്കാള്‍ ഉപകരിക്കുമെങ്കിലും അതവരുടെ സ്വകാര്യതയെ പോലും കവരുന്ന തരത്തില്‍ പൂര്‍ണമായ ഏല്‍പ്പിച്ചുകൊടുക്കലാവാതിരിക്കാന്‍ മക്കളും ശ്രദ്ധിക്കണം.