''ജനങ്ങളില്‍ ചിലര്‍ ഇങ്ങനെയുമുണ്ട്; അവര്‍ ഒരു വിവരവുമില്ലാതെ ദൈവികമാര്‍ഗത്തില്‍നിന്ന് ജനത്തെ വ്യതിചലിപ്പിക്കുന്നതിനും ഈ മാര്‍ഗത്തിലുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിലക്കു വാങ്ങിക്കൊണ്ടു വരുന്നു. അത്തരമാളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ'' (ലുഖ്മാന്: 6).
പ്രവാചകന്(സ) മക്കയില്‍ സത്യപ്രബോധനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ പലവിധത്തിലുമുള്ള പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. പക്ഷേ, അതൊന്നും അവരെ സന്മാര്‍ഗത്തില്‍നിന്നും വ്യതിചലിപ്പിക്കാനോ സത്യമാര്‍ഗത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിനെ തടയാനോ പര്യാപ്തമായിരുന്നില്ല. ഈ സമയത്ത് നള്റുബ്നു ഹാരിസ് എന്ന പ്രവാചക ശത്രു ഇറാഖില്‍ പോയി ഗായികമാരെയും നര്‍ത്തകിമാരെയും കൊണ്ടുവന്ന് കലാപരിപാടികള്‍ സംഘടിപ്പിച്ച് ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാറുണ്ടായിരുന്നു. അതിനെ അപലപിച്ചുകൊണ്ടാണ് ഈ സൂക്തം ഇറങ്ങിയതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു. ദൈവിക മാര്‍ഗത്തില്‍നിന്നും ജനങ്ങളെ വഴിതെറ്റിക്കാനും ദൈവിക സരണിയെ പരിഹസിക്കാനുമാണ് ഇങ്ങനെ ചെയ്തിരുന്നതെന്നും ആയത്തില്‍ പ്രതിപാദിക്കുന്നു. അതിനാല്‍ ഇത്തരം ദുഷ്ടലക്ഷ്യത്തിനായി വിനോദ പരിപാടികളെ ദുരുപയോഗം ചെയ്യുന്നതിനെ ഇസ്ലാം ആക്ഷേപിച്ചിരിക്കുന്നു.
ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതന്മാര് പറയുന്നത് ജനങ്ങളെ സന്മാര്‍ഗത്തില്‍നിന്നു തെറ്റിക്കാന്‍ വേണ്ടി നടത്തുന്ന എല്ലാതരം വിനോദപരിപാടികളും ഇതില്‍ ഉള്‍പ്പെടുമെന്നാണ്. അതേസമയം ജനങ്ങളെ സന്മാര്ഗത്തിലേക്കും നല്ല സംസ്കാരത്തിലേക്കും നയിക്കാന്‍ കഴിയുന്ന നല്ല കലാപരിപാടികളെ ഇസ്ലാം അനുവദിക്കുന്നുമുണ്ട്.
ഇസ്ലാം കാര്‍ക്കശ്യത്തിന്റെയോ അലംഭാവത്തിന്റെയോ മതമല്ല. കലയും സാഹിത്യവും ഇസ്ലാമിന് അന്യമോ അപ്രധാനമോ അല്ല. കലാ, കായിക, സാഹിത്യ വേദികളെയെല്ലാം അതു സ്വാഗതം ചെയ്യുന്നു. മാനസികോല്ലാസത്തെയും ആസ്വാദ്യതകളെയുമൊന്നും അതു വിലക്കുന്നില്ല. പക്ഷേ, അത് ഹറാമിലേക്ക് ആപതിക്കുന്ന അവസ്ഥയിലേക്കു നീങ്ങുന്നത് ഇസ്ലാം തീര്‍ച്ചയായും തടയുന്നുണ്ട്. അശ്ലീലതയും അധാര്‍മികതയും പ്രചരിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ സമൂഹത്തില്‍ ഫിത്നയായിത്തീരുകയോ ചെയ്യുന്ന ഏതു കലാരൂപവും നിഷിദ്ധമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഗാന-നൃത്തങ്ങളെക്കുറിച്ച് പണ്ഡിതന്മാര് ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. പല ഫത്വകളും നല്‍കിയിട്ടുമുണ്ട്. അവയെല്ലാം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്, സ്ത്രീകള്‍ ഔറത്ത് മറച്ചുകൊണ്ട് ഒറ്റക്കോ കൂട്ടായോ അവരുടെ മാനസികോല്ലാസത്തിനുവേണ്ടി നൃത്തം ചെയ്യാം എന്നാണ്. പക്ഷേ, അത് അന്യ പുരുഷന്മാരുടെ മുമ്പിലാകാന്‍ പാടില്ല. സ്ത്രീകള്‍ മാത്രമുള്ള സദസ്സുകളിലായിരിക്കണം. അതിനുവേണ്ടി തെരഞ്ഞെടുക്കുന്ന ഗാനങ്ങള്‍ അശ്ലീലതയോ അധാര്‍മികത നിറഞ്ഞതോ വികാരോദ്ദീപങ്ങളായ പദപ്രയോഗങ്ങളുള്ളതോ ആയിരിക്കാന്‍ പാടില്ല.
സൂറഃ അന്നൂര്‍ 19-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളുടെ സമാജത്തില്‍ അശ്ലീലം പരത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇഹത്തിലും പരത്തിലും നോവേറിയ ശിക്ഷക്കര്ഹരായിത്തീരുന്നു. അല്ലാഹു അറിയുന്നു; നിങ്ങളോ അറിയുന്നില്ല.'
നാം ജീവിക്കുന്ന കാലഘട്ടത്തിലും ചുറ്റുപാടിലും പലവിധ ആഭാസത്തരങ്ങളും പേക്കൂത്തുകളും കണ്ടെന്നുവന്നേക്കാം. അത് അതേപടി അനുകരിക്കുകയെന്നത് ഒരു സത്യവിശ്വാസിക്ക് അനുയോജ്യമായ കാര്യമല്ല.
പ്രവാചകന്(സ) പറയുന്നു: 'ഒരു കൂട്ടരെ അനുകരിക്കുന്ന ആളുകള്‍ അവരില്‍പ്പെട്ടവരായിത്തന്നെ ഗണിക്കപ്പെടും.'
സ്വന്തം ആദര്‍ശവും സംസ്കാരവും നിയമവ്യവസ്ഥയും വിട്ട് മറ്റുള്ളവര്‍ കാണിക്കുന്നതുകണ്ട് അതേപടി അനുകരിക്കുന്നത് സത്യവിശ്വാസിക്ക് യോജിച്ച പണിയല്ല. സത്യവിരുദ്ധമായതോ നിയമവിരുദ്ധമായതോ ഒന്നും അനുകരിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല.
നബി(സ) പറയുകയുണ്ടായി: 'നിങ്ങള്‍ക്കുമുമ്പുള്ള സമുദായങ്ങളെയൊക്കെത്തന്നെ നിങ്ങള്‍ ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങള്‍ പിന്പറ്റിക്കൊണ്ടിരിക്കും. അവര്‍ ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ നിങ്ങളും അതിലേക്കു പ്രവേശിക്കും. അങ്ങനെയുള്ള ഒരു കാലം വരാനുണ്ട്' എന്ന് നബി(സ) മുന്നറിയിപ്പു നല്കി. അതായത് മറ്റു സംസ്കാരങ്ങളും ജീവിതരീതികളും അനുകരിക്കുക എന്ന ഒരു പ്രവണത. ഇത് സത്യവിശ്വാസികള്‍ക്കു ചേര്‍ന്ന സ്വഭാവമല്ല.
മറിച്ച് നബിതിരുമേനി (സ) തന്റെ ജീവിതത്തിലൂടെ എന്താണോ നമുക്കു പഠിപ്പിച്ചുതന്നത്, അതാണ് നാം പിന്‍പറ്റേണ്ടത്. നബിതിരുമേനി(സ) ഗാനാലാപനവും വാദ്യോപകരണങ്ങളുടെ ഉപയോഗവും അംഗീകരിക്കുകയും ചില സന്ദര്‍ഭങ്ങളിലെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ അനിഷേധ്യമായിത്തെളിഞ്ഞിട്ടുണ്ട്.
ആഇശ(റ) പറയുന്നു: 'അന്‍സാറുകളില്‍പെട്ട രണ്ടു പെണ്‍കുട്ടികള്‍ എന്റെ അടുത്തിരുന്ന് ദഫുകള്‍ കൊട്ടി പാട്ടുപാടുന്നത് കേട്ടുകൊണ്ട് അബൂബക്ര് (റ) വീട്ടിലേക്കു വന്നു. 'ബുആസ്' യുദ്ധഗീതങ്ങളായിരുന്നു അവര്‍ ആലപിച്ചുകൊണ്ടിരുന്നത്. അവര്‍ പ്രൊഫഷണല്‍ ഗായികമാരായിരുന്നില്ല. 'ഇതുകേട്ട് അബൂബക്ര്(റ)ദൈവദൂതന്റെ വീട്ടില്‍വെച്ച് പിശാചിന്റെ വീണകള്‍ ആലപിക്കുകയോ' എന്ന് ചോദിച്ചു. ഒരു പെരുന്നാള്‍ ദിവസമായിരുന്നു അത്. അപ്പോള്‍ പ്രവാചകന് പറഞ്ഞു: 'അബൂബക്റേ! എല്ലാ ജനതക്കും ഓരോ സുദിനമുണ്ട്.' ഇന്ന് നമ്മുടെ സുദിനമാണ്. ചില റിപ്പോര്‍ട്ടുകളില്‍ പ്രവാചകന് ഇങ്ങനെ പറഞ്ഞതായി കാണാം: അവര്‍ പാടിക്കൊള്ളട്ടെ അബൂബക്റേ! ഇന്ന് നമ്മുടെ പെരുന്നാള്‍ ദിനമല്ലേ? (ബുഖാരി, മുസ്ലിം, ഇബ്നുമാജ, ഇബ്നുഹിബ്ബാന്‍, ബൈഹഖി).
സഇബുബ്നില് യസീദ് പറയുന്നു: നബി(സ)യുടെ അടുത്ത് ഒരു സ്ത്രീ വന്നു. അപ്പോള്‍ നബി(സ) ആഇശയോടു ചോദിച്ചു; ഇവള് ആരാണെന്നു നിനക്കറിയാമോ? 'ഇല്ല' എന്ന് ആഇശ(റ) മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ഇവര്‍ ഇന്ന ഗോത്രക്കാരുടെ ഗായികയാണ്. നിനക്കവളെ കേള്‍ക്കണോ? വേണമെന്ന് ആഇശ(റ) മറുപടി പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക് ഒരു സംഗീതോപകരണം നല്കി. അവള് അതുപയോഗിച്ച് പാട്ടുപാടുകയും ചെയ്തു (അഹ്മദ്).
ബുറൈദ അല്‍ അസ്ലമിയില്‍നിന്ന് നിവേദനം: നബി(സ) ഒരു യുദ്ധത്തിനുശേഷം തിരിച്ചുവരികയായിരുന്നു. അപ്പോള്‍ ഒരു കറുത്ത വനിത പറഞ്ഞു: 'ദൈവദൂതരേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കള്‍ക്കു മുമ്പില്‍ ദഫ് മുട്ടിപ്പാടുമെന്ന് ഞാന്‍ നേര്ച്ചയാക്കിയിട്ടുണ്ട്.' അപ്പോള്‍ തിരുമേനി(സ) അവളോടു പറഞ്ഞു: 'നീ നേര്ച്ചയാക്കിയിട്ടുണ്ടെങ്കില് പാടിക്കൊള്ളൂ. അല്ലെങ്കില്‍ വേണ്ട. അപ്പോള്‍ അവര്‍ കൊട്ടിപ്പാടാന്‍ തുടങ്ങി' (തിര്‍മിദി).
ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസില്‍ ആഇശ(റ) പറയുന്നു: ഞാന്‍ ഒരു സ്ത്രീയെ അന്‍സാരിയുടെ മണവാട്ടിയായി ഒരുക്കി അയച്ചു. അപ്പോള്‍ നബി(സ) ചോദിച്ചു: 'ആഇശാ, അവരുടെ കൂടെ നേരമ്പോക്കിന് (വിനോദപരിപാടികള്‍) ഒന്നും ഉണ്ടായിരുന്നില്ലേ? അന്‍സാറുകള്‍ക്ക് നേരമ്പോക്ക് ഇഷ്ടമാണ്.'
ഇബ്നു അബ്ബാസ് പറയുന്നു: 'ആഇശ തന്റെ ഒരു അടുത്ത ബന്ധുവിനെ ഒരു അന്‍സാരിയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. അപ്പോള്‍ തിരുമേനി(സ) ചോദിച്ചു: 'നിങ്ങള്‍ പെണ്‍കുട്ടിക്ക് സമ്മാനം നല്‍കിയോ?' അവര്‍ പറഞ്ഞു: 'അതേ.' 'നിങ്ങള്‍ അവരുടെ കൂടെ പാട്ടുകാരികളെ അയച്ചോ?' അവര്‍ പറഞ്ഞു: 'ഇല്ല' അപ്പോള്‍ തിരുമേനി(സ) പറഞ്ഞു: ''അന്സാരികള് ഗസല്‍ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങള്‍ പെണ്‍കുട്ടിയുടെ കൂടെ ഇതാ വരുന്നേ.... ഇതാ വരുന്നേ....! എന്നു പാടുന്ന ഒരു സ്ത്രീയെ അയച്ചു കൂടായിരുന്നോ?''
വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി പ്രവാചകന്(സ) സംഗീതം അനുവദനീയമാക്കിയിട്ടുണ്ടെന്നുള്ളതിന് ഇനിയും വേറെയും തെളിവുകള്‍ കണ്ടെത്താന്‍ കഴിയും. എത്യോപ്യയിലെ ഒരു സംഘം ആളുകള്‍ വന്ന് പള്ളിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ നബി(സ) ആഇശ(റ)യെ വിളിച്ചു കാണിച്ചു കൊടുത്തതായി ഹദീസില്‍ വന്നിട്ടുണ്ട്.
അതേസമയം മറുഭാഗത്ത് നബി(സ) പറയുകയുണ്ടായി: 'രണ്ടു വിഭാഗം ആളുകള്‍ നരകത്തിലാണ്. ഞാന്‍ അവരെ കണ്ടിട്ടില്ല, പശുവിന്റെ വാലുപോലെ, ചാട്ടവാറുകൊണ്ട് ജനങ്ങളെ ഭീകരമായി മര്‍ദിച്ചുകൊണ്ടിരിക്കുന്ന ചിലയാളുകള്‍ (ജനങ്ങളെ ക്രൂരമായി മര്‍ദിക്കുന്ന ഭരണാധികാരികള്‍). മറ്റൊരു വിഭാഗം, വസ്ത്രം ധരിച്ചിട്ടുണ്ട്. സ്ത്രീകള്‍, പക്ഷേ അവര്‍ നഗ്നകളാണ്. ചായുന്നവളും ചരിയുന്നവളുമായിരിക്കും. അവരുടെ തല ഒട്ടകത്തിന്റെ പൂഞ്ഞപോലെ ആടിക്കളിക്കുന്ന രൂപത്തിലായിരിക്കും. ഇത്തരം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. എന്നുതന്നെയല്ല, സ്വര്‍ഗത്തിന്റെ ഗന്ധം പോലും ആസ്വദിക്കുകയില്ല.'
നമുക്കിവിടെ ഹദീസില്‍ പരാമര്‍ശിച്ച രണ്ടാമത്തെ വിഭാഗത്തെയാണ് ചര്‍ച്ചാ വിഷയമാക്കേണ്ടത്. ലൈംഗിക പ്രദര്‍ശനം നടത്തുന്ന വസ്ത്രങ്ങള്‍ ധരിച്ച് സമൂഹത്തെ മാനിക്കാതെ യാതൊരുവിധ കൂസലും ലജ്ജയും നാണവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരുവിഭാഗം സ്ത്രീകളെക്കുറിച്ചാണ് ആ പരാമര്‍ശം. അന്യപുരുഷന്മാരെ ആകര്‍ഷിക്കുന്നവിധം ശരീരഭാഗങ്ങള്‍ പ്രത്യേക രീതിയില്‍ ചലിപ്പിച്ച്, ഇളകിയാടുന്ന രീതിയെയാണ് ഹദീസ് വിമര്‍ശിച്ചിരിക്കുന്നത്. സമൂഹത്തില്‍ ഫിത്ന പരത്തുന്ന ഇക്കൂട്ടര്‍ സ്വര്‍ഗത്തിന്റെ ഗന്ധംപോലും ആസ്വദിക്കുകയില്ലെന്ന് പ്രവാചകന്(സ) മുന്നറിയിപ്പു നല്കുന്നു.
ഇസ്ലാം ഒരു കാര്യം അനുവദനീയമാക്കുന്നതോടൊപ്പം അതിനു ചില നിയമങ്ങളും നിബന്ധനകളുമൊക്കെ വെച്ചിട്ടുണ്ട്. അതു പാലിക്കുമ്പോള്‍ മാത്രമേ അനുവദനീയം അനുവദനീയമായി മാറുകയുള്ളൂ. അതു ലംഘിച്ചാല്‍ ഹറാമിന്റെ പരിധിയില്‍പെടും. അശ്ലീലതയിലേക്കും അരാജകത്വത്തിലേക്കും സമൂഹത്തെ നയിക്കുന്ന ഒരു ഗാന-നൃത്ത പരിപാടിയും ഇസ്ലാം അനുവദിക്കുന്നില്ല. അനുവദനീയമാകണമെങ്കില്‍ അത് ഇസ്ലാമികാധ്യാപനങ്ങളോട് യോജിക്കേണ്ടത് അനിവാര്യമാണ്. അശ്ലീലത നിറഞ്ഞതും അക്രമങ്ങളെയും അധര്‍മങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതും മദ്യം, ലഹരി പദാര്‍ഥങ്ങള്‍ എന്നിവയെ പ്രശംസിച്ചുകൊണ്ടുള്ളതുമായ സംഗീതങ്ങളൊക്കെ നിഷിദ്ധമാണ്.
ഇനി വിശുദ്ധ ഖുര്ആനിലേക്കൊന്നു കണ്ണോടിക്കൂ. മനുഷ്യന്റെ രഹസ്യഭാഗങ്ങളിലേക്കു നോക്കാന്‍ പാടില്ലായെന്നു വിശ്വാസികളോടും വിശ്വാസിനികളോടും പ്രത്യേകം പ്രത്യേകം ഉണര്‍ത്തുന്നതായി നമുക്കു കാണാം:
'വിശ്വാസികളോടു പറയുക: അവര്‍ കണ്ണുകള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇതാകുന്നു അവര്‍ക്കുള്ള ഏറ്റവും സംസ്കൃതമായ നടപടി. അവര്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു നോക്കിക്കൊണ്ടിരിക്കുന്നു' (അന്നൂര്‍: 30)
'വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ. തങ്ങളുടെ അലങ്കാരം വെളിപ്പെടുത്താതെയുമിരിക്കട്ടെ. സ്വയം വെളിവായതൊഴിച്ച്' (അന്നൂര്‍: 31).
അതുപോലെ സംഗീതത്തിന്റെ അവതരണ രീതിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അര്‍ഥ സമ്പുഷ്ടമായ രചനയാണെങ്കില്‍ പോലും ഗായകര്‍ അവതരിപ്പിക്കുന്ന ശൈലി സഭ്യതയുടെ പരിധി ലംഘിക്കുന്നുവെങ്കില്‍ അത് അനുവദനീയമാകുന്നില്ല. നബി പത്നിമാരോട് അല്ലാഹു പറയുന്നു:
'നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. പ്രത്യുത നേരെ ചൊവ്വെ വര്‍ത്തമാനം പറയണം.'
സ്ത്രീകള്‍ പുരുഷന്മാരോടു സംസാരിക്കാന്‍ പാടില്ലായെന്നൊന്നും ഇതിനര്‍ഥമില്ല. ആവശ്യം നേരിടുമ്പോള്‍ ഏതു പുരുഷനോടും സംസാരിക്കുന്നതിന് വിരോധമില്ല. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം സ്ത്രീ നല്ല ആര്‍ജവത്തോടും കാര്യഗൗരവത്തോടും കൂടിയായിരിക്കണം സംസാരിക്കേണ്ടത്. സ്ത്രീകള്‍ സ്വഹാബിമാരുള്ള സദസ്സില്‍ നബിയോട് സംശയങ്ങള്‍ ചോദിച്ചിരുന്നു. സ്വഹാബിമാര്‍ പ്രവാചക പത്നിമാരെ സമീപിച്ച് മതവിധികള്‍ ചോദിച്ചറിയുകയും അവര്‍ ഫത്വ നല്‍കുകയും സംസാരിക്കുകയും ചെയ്തിരുന്നു. അതിന് അതിന്റേതായ മാന്യതയും മര്യാദയും കാത്തുസൂക്ഷിക്കണമെന്നതാണ് ഇസ്ലാമിന്റെ വിധി.
വീണ്ടും അല്ലാഹു പറയുന്നു: 'നിങ്ങള്‍ സ്വവസതികളില്‍ ഒതുങ്ങിക്കഴിയുക. പഴയ ജാഹിലിയ്യാ കാലത്തെപ്പോലെ ചന്തംകാട്ടി വിലസി നടക്കാതിരിക്കുക. നമസ്കാരം നിലനിറുത്തുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക' (അഹ്സാബ്: 33).
സ്ത്രീകളെ സംബന്ധിച്ചേടത്തോളം, അവര്‍ ആവശ്യത്തിനു പുറത്തിറങ്ങാതിരിക്കുകയെന്നതല്ല ഇതിനര്‍ഥം. സ്വശരീരത്തിന്റെ വടിവും ലാവണ്യവും പ്രദര്‍ശിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രധാരണവും നടത്തി കൊഞ്ചിക്കുഴഞ്ഞു നടക്കുന്നതിനെയാണ് ഇസ്ലാം വിലക്കുന്നത്. അല്ലാഹു പറയുന്നതനുസരിച്ച് നമസ്കാരവും സകാത്തും ഒക്കെയായി അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ചുകൊണ്ട് സച്ചരിത ജീവിതം നയിക്കണമെന്നതാണ് ഇസ്ലാമിന്റെ താല്പര്യം.
വീണ്ടും അല്ലാഹു പറയുന്നു: 'സ്വഗൃഹങ്ങളില്‍ പാരായണം ചെയ്യപ്പെടുന്ന ദൈവിക സൂക്തങ്ങളും തത്വോപദേശങ്ങളും ഓര്‍ക്കുക. അല്ലാഹു സൂക്ഷ്മജ്ഞനും അഗാധജ്ഞനുമല്ലോ' (അഹ്സാബ്: 34).
അല്ലാഹുവിന്റെ വചനങ്ങള്‍ പഠിക്കുകയും അതു പാരായണം ചെയ്യുകയും അതുള്‍ക്കൊണ്ട് ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. എന്നാല്‍ മാത്രമേ സാന്മാര്ഗിക ജീവിതം നയിക്കാന്‍ നമുക്ക് സാധിക്കൂ. സച്ചരിത ജീവിതം നയിക്കുന്നതിനാവശ്യമായ ഒരുപാടു നിര്‍ദേശങ്ങള്‍ അല്ലാഹു നമുക്കു നല്‍കുന്നുണ്ട്. അതൊക്കെ ജീവിതത്തില്‍ പാലിച്ചുകൊണ്ടു ജീവിക്കണം. അല്ലാതെ അങ്ങാടിയിലൂടെ അല്ലെങ്കില്‍ നടുറോഡിലൂടെ പാട്ടും പാടി നൃത്തവും ചെയ്തു നടക്കാന്‍ വിശ്വാസികള്‍ക്ക് അല്ലാഹു അനുവാദം നല്‍കുന്നില്ല.
അനുവദനീയമാക്കിയ കാര്യങ്ങളില്‍ തന്നെ അല്ലാഹു പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ആ പരിധി ലംഘിക്കാന്‍ നമുക്കവകാശമില്ല. പ്രവാചകന്(സ) പ്രസ്താവിക്കുന്നു: 'നിശ്ചയമായും അല്ലാഹു ചില ഫര്ളുകള് നിശ്ചയിച്ചിരിക്കുന്നു. അത് നിങ്ങള്‍ പാഴാക്കരുത്. ചില പരിധികള്‍ വെച്ചിരിക്കുന്നു. അത് നിങ്ങള്‍ ലംഘിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് അവന് മൗനം പൂണ്ടിരിക്കുന്നു, അത് നിങ്ങളോടുള്ള കരുണ കൊണ്ടാണ്. മറന്നുപോയതുകൊണ്ടല്ല. അതുകൊണ്ട് നിങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിക്കരുത്.'
ഇതുതന്നെയാണ് നൃത്ത-സംഗീത നിയമങ്ങളുടെ അടിസ്ഥാന തത്വവും. ഇസ്ലാം എന്നത് ഒരു പ്രകൃതി മതമാണ്. പ്രകൃതിക്കിണങ്ങി ജീവിക്കാനുള്ള എല്ലാവിധ സ്വാതന്ത്ര്യവും അല്ലാഹു മനുഷ്യര്‍ക്ക് നല്‍കുന്നുണ്ട്. അതോടൊപ്പം ഹലാല്‍-ഹറാമുകളുടെ പരിധിയും നിശ്ചയിച്ചിരിക്കുന്നു. നിരോധങ്ങള്‍ എന്നും നിരോധങ്ങള്‍ തന്നെയായിരിക്കും. ഹലാലിന്റെ നിയമവും അതുതന്നെ. ഇസ്ലാമിക നിയമങ്ങളനുസരിച്ച് പ്രവാചകന്(സ) ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃക കാണിച്ചു തന്നിട്ടുണ്ട്. ആ മാതൃകയാണ് നാമും പിന്‍പറ്റേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട്.' ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രവാചകന്(സ)യുടെ മാതൃക പിന്‍പറ്റി ജീവിക്കാന്‍ ശ്രമിക്കുകയാണ് സത്യവിശ്വാസിനികളായ സ്ത്രീകള്‍ ചെയ്യേത്.