''ഇവരെ അമ്മയെന്ന് വിളിക്കാനാകില്ല. സ്ത്രീത്വത്തിന് ആകെ അപമാനമാണിവള്‍.''
''ഇവരെ അമ്മയെന്ന് വിളിക്കാനാകില്ല. സ്ത്രീത്വത്തിന് ആകെ അപമാനമാണിവള്‍.'' ചോറ്റാനിക്കരയില്‍ നാലര വയസ്സുള്ള സ്വന്തം മകളെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ അമ്മക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ട് എറണാകുളത്തെ 'പോക്‌സോ' കോടതി കുറിച്ച വരികളാണിത്. മകളുടെ സംരക്ഷകയാകേണ്ട അമ്മ കാമുകനായിരുന്ന രഞ്ജിത്തിനോടൊപ്പം മകളെ കൊല്ലാനും മൃതദേഹം മറവു ചെയ്യാനും കൂട്ടുനിന്നത് കൊടുംപാതകമാണെന്നാണ് കോടതി നിരീക്ഷിച്ചത്.
ഈ ഭൂമിയിലെ ഏറ്റവും പവിത്രമായ ബന്ധം മാതാവും മക്കളും തമ്മിലുള്ള സ്‌നേഹബന്ധമാണ്. എന്നാല്‍ പരിപാവനമായ ആ ബന്ധത്തില്‍ പോലും വിള്ളലുകള്‍ വീണുതുടങ്ങിയെന്നാണ് മേല്‍ പരാമര്‍ശിച്ച സംഭവങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ഇന്ന് നടക്കുന്ന പല സംഭവങ്ങളും സൂചിപ്പിക്കുന്നത്. പേറ്റുനോവറിഞ്ഞ് ജന്മം നല്‍കി മുലപ്പാല്‍ കൊടുത്ത് ഓമനിച്ച് പോറ്റി വളര്‍ത്തുന്ന മക്കളുടെ ജീവനെടുക്കുന്ന വിധം മനസ്സാക്ഷി മരവിച്ചവരായി അമ്മമാര്‍ മാറിപ്പോകുന്നതിനു പിന്നില്‍ മനശ്ശാസ്ത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ട്.
മാതാപിതാക്കള്‍ സ്വന്തം മക്കളെ കൊലപ്പെടുത്തുന്ന കൊടും ക്രൂരതക്കും 'ഫിലിസൈഡ്' (എശഹശരശറല) എന്നാണ് മനശ്ശാസ്ത്രജ്ഞന്മാര്‍ നല്‍കിയിരിക്കുന്ന പേര്. ഈ വിഷയത്തില്‍ പഠനം നടത്തിയ ലോക പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഫിലിപ്പ് റെസ്‌നിക്കിന്റെ അഭിപ്രായത്തില്‍, സ്വന്തം മക്കളുടെ ജീവനെടുക്കുന്നതിലേക്ക് അമ്മമാരെ നയിക്കുന്നതിനു പിന്നില്‍ പ്രധാനമായും അഞ്ച് കാരണങ്ങളുണ്ട്. 'പരോപകാര സന്തതി ഹത്യ'യാണ് അതില്‍ ഒന്നാമത്തേത്. മക്കളോടുള്ള അമിതമായ സ്‌നേഹം കാരണം, തന്റെ മരണത്തിനു ശേഷം മക്കള്‍ക്ക് എന്ത് സംഭവിക്കും എന്ന ആധിയും ആശങ്കയുമാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് ചില അമ്മമാരെ പ്രേരിപ്പിക്കുന്നത്. മക്കളെ കൂടി മരണത്തിലേക്ക് നയിച്ചുകൊണ്ടുള്ള കൂട്ട ആത്മഹത്യക്ക് അമ്മമാരെ പ്രേരിപ്പിക്കുന്നത് ഈ മാനസികാവസ്ഥയാണ്. മാനസിക രോഗങ്ങളാണ് രണ്ടാമത്തെ പ്രധാന കാരണം. സൈക്കോളിസ്, വിഷാദ രോഗം, ബൈ പോളാര്‍ ഡിസോര്‍ഡര്‍, അമിതമായ ഉത്കണ്ഠ, ചിത്തഭ്രമം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും രോഗങ്ങളും ഉള്ളവര്‍ സ്വബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ ഇത്തരം കടുംകൈകള്‍ ചെയ്‌തേക്കാം. സ്വന്തം മകന്‍ അല്ലെങ്കില്‍ മകള്‍ ഭാവിയില്‍ തനിക്കു തന്നെ ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയായി മാറിയേക്കുമോ എന്ന ഭയമാണ് മറ്റൊരു കാരണം. കുടുംബ പ്രശ്‌നങ്ങള്‍, സാമൂഹിക സാഹചര്യങ്ങള്‍, പീഡനം, അതിക്രമം തുടങ്ങിയ കാരണങ്ങളാല്‍ അത്ര ആലോചിക്കാതെ ചെയ്തുപോകുന്ന കൊലപാതകങ്ങളാണ് നാലാമത്തെ വിഭാഗം. പങ്കാളിയോടുള്ള വെറുപ്പാണ് ദമ്പതികളില്‍ ആരെങ്കിലും ഒരാള്‍ സ്വന്തം മകനെയോ മകളെയോ കൊലപ്പെടുത്തുന്നതിന് അഞ്ചാമത്തെ കാരണമായി റെസ്‌നിക്ക് കണ്ടെത്തിയത്.
കടുത്ത മാനസിക സംഘര്‍ഷങ്ങളുടെയും പിരിമുറുക്കങ്ങളുടെയും ഫലമായി പെട്ടെന്നുണ്ടാകുന്ന വികാര വിക്ഷോഭമാണ് ഇത്തരം കടുംകൈ ചെയ്യാന്‍ ചില സ്ത്രീകളെ പ്രേരിപ്പിക്കുന്നതെന്ന് മനശ്ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊലപാതകങ്ങളും കുറവല്ല. വിവാഹേതര ബന്ധങ്ങളാണ് സ്വന്തം മക്കളുടെ ജീവനൊടുക്കുന്നതിലേക്ക് സ്ത്രീകളെ നയിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. അവിഹിത ബന്ധം തുടരുന്നതിന് കുട്ടികള്‍ തടസ്സമാകുമെന്ന ചിന്തയാണ് ചിലരെ ഈ കൊടും ക്രൂരതക്ക് പ്രേരിപ്പിക്കുന്നത്. കൊല്ലുന്നില്ലെങ്കിലും അവിഹിത ബന്ധത്തിന് തടസ്സമായി നില്‍ക്കുന്ന മക്കളെ ഉപേക്ഷിക്കുന്ന പ്രവണതയും കൂടിവരുന്നുണ്ട്.
തകരുന്ന ദാമ്പത്യവും വിവാഹമോചനവും ചില സന്ദര്‍ഭങ്ങളില്‍ കുട്ടികളോടുള്ള ക്രൂരതക്ക് കാരണമാകുന്നു. പുനര്‍ വിവാഹത്തിനും അതു വഴിയുണ്ടാകുന്ന കുടുംബജീവിതത്തിനും ആദ്യ വിവാഹത്തിലെ കുഞ്ഞുങ്ങള്‍ തടസ്സമായേക്കുമെന്ന ഭയം ചിലരെ കൊടും ക്രൂരതകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ആറു വയസ്സുകാരി അദിതി എസ്. നമ്പൂതിരി എന്ന പെണ്‍കുട്ടിയെ അഛനും രണ്ടാനമ്മയും ചേര്‍ന്ന് പൈശാചികമായി മര്‍ദിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ സംഭവം കേരളക്കരയെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ ഇടുക്കിയിലെ കുമളിയില്‍ നാലര വയസ്സുള്ള ഷഫീഖ് സ്വന്തം പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനത്തിരയായി. അഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായി പറവൂരില്‍ പത്താം ക്ലാസ്സുകാരി മരിച്ച സംഭവവും മൂന്നു വര്‍ഷം മുമ്പ് സംസ്ഥാനത്തുണ്ടായി. രണ്ടാം വിവാഹത്തിലെ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങി ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഉപദ്രവിക്കാന്‍ കൂട്ടുനില്‍ക്കേണ്ടിവരുന്ന നിസ്സഹായരായ അമ്മമാരുമുണ്ട്.
മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ സ്ത്രീകള്‍ സ്വബോധം നഷ്ടപ്പെട്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമകളായി സ്വബോധം നഷ്ടപ്പെട്ട മക്കള്‍ മാതാപിതാക്കളോട് കാണിക്കുന്ന ക്രൂരതകളും ഇത്തരം കൊടും പാതകങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ മകന്‍ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നിരവധി സംഭവങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്. ഇങ്ങനെ ക്ഷമിക്കാനാവാത്ത തെറ്റും ദുഃസ്വഭാവവും ചീത്ത കൂട്ടുകെട്ടും ദുര്‍നടപ്പും ശീലമാക്കുന്ന മക്കളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കിടയില്‍ യാദൃഛികമായി സംഭവിച്ചുപോകുന്ന കൊലപാതകങ്ങളുമുണ്ട്. അത്തരം സ്ത്രീകളെയും മകനെ കൊന്ന അമ്മമാരുടെ ഗണത്തിലാണ് സമൂഹം പെടുത്തുന്നത്.
ഭര്‍ത്താവിനോടോ മറ്റു കുടുംബാംഗങ്ങളോടോ തന്നോട് തന്നെയോ ഉള്ള പകയും വാശിയും തീര്‍ക്കുന്നതിനോ പകരം വീട്ടുന്നതിനോ മറ്റുള്ളവരെ ഒരു 'പാഠം പഠിപ്പിക്കുക' എന്ന ഉദ്ദേശ്യത്തോടു കൂടി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സ്ത്രീകളുണ്ട്. മറ്റുള്ളവരോടുള്ള അടങ്ങാത്ത പകയും വാശിയും വൈരാഗ്യവും സ്വന്തം കുഞ്ഞുങ്ങളുടെ നേര്‍ക്ക് പ്രതികാര ബുദ്ധിയോടെ പ്രയോഗിക്കുന്ന അമ്മമാരുമുണ്ട്. ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടുമുള്ള ദേഷ്യം കാരണം കുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയും മറ്റും കൂട്ട ആത്മഹത്യക്കൊരുങ്ങുകയും എന്നാല്‍ കുഞ്ഞുങ്ങള്‍ മരിച്ചുപോവുകയും അമ്മമാര്‍ രക്ഷപ്പെടുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ട്. ഇങ്ങനെ കുട്ടികളെ കൊലപ്പെടുത്തിയെന്ന കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന സ്ത്രീകള്‍ കേരളത്തിലെ ജയിലുകൡലുണ്ട്. സ്ത്രീകളില്‍ കുറ്റവാസന വളരാന്‍ അടങ്ങാത്ത പക കാരണമാകുന്നുവെന്നതിന് കേരളത്തില്‍ തന്നെ നിരവധി സംഭവങ്ങള്‍ ഉദാഹരണമാണ്. മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച കാമുകനെ ഊട്ടിയില്‍ വിളിച്ചുവരുത്തിയ ശേഷം ശരീരം തുണ്ടംതുണ്ടമായി വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി നാടിന്റെ നാനാ ഭാഗങ്ങളിലായി ഉപേക്ഷിച്ച കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടര്‍ ഓമന 1996-ല്‍ കോരളത്തെ നടുക്കിയതാണ്.
പണം, പദവി, ആഢംബര ജീവിതം തുടങ്ങിയ പ്രലോഭനങ്ങളില്‍ വീണുപോകുന്ന ചില സ്ത്രീകള്‍, സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിക്കാന്‍ മാഫിയാ സംഘങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ദുരവസ്ഥയുമുണ്ട്.
സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നതിന് സ്ത്രീക്കും പുരുഷനും മാനസിക പക്വത ആവശ്യമാണ്. എന്നാല്‍ ദാമ്പത്യ ജീവിതം നയിക്കാനുള്ള ശരിയായ മാനസിക പക്വതയെത്താത്ത ഇളം പ്രായത്തില്‍ തന്നെ വിവാഹിതരായി അമ്മയാകേണ്ടിവരുന്ന ചിലര്‍ മാതൃത്വത്തിന്റെ വിലയും മഹത്വവും മനസ്സിലാക്കി കുട്ടികള്‍ക്ക് സ്‌നേഹവാത്സല്യങ്ങള്‍ നല്‍കി വളര്‍ത്തുന്നതില്‍ പരാജയപ്പെടുന്നുണ്ട്. സ്വഭാവ വ്യക്തിത്വ വൈകല്യങ്ങള്‍ മൂലവും സ്ത്രീകള്‍ കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കാറുണ്ട്. തൃശൂര്‍ ജില്ലയില്‍ നാലു വയസ്സുകാരിയെ അമ്മ ചൂടുള്ള ഗ്യാസ് സ്റ്റൗവിലിരുത്തി പൊള്ളിച്ച സംഭവം നാടിനെ നടുക്കിയതാണ്. പല്ല് തേക്കാന്‍ വിസമ്മതിക്കുന്ന മകളുടെ കൈകള്‍ പിന്നില്‍ കെട്ടിയിട്ട ശേഷമാണ് ഉമ്മ മകളുടെ പല്ല് തേപ്പിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
സാംസ്‌കാരികമായ അധഃപതനത്തിന്റെയും ധാര്‍മികമായ മൂല്യച്യുതിയുടെയും ഫലമായി സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ പ്രതിഫലനം എന്ന നിലക്ക് കൂടിയാണ് സ്ത്രീകള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങളെയും കാണേണ്ടത്. അതുകൊണ്ടുതന്നെ, സ്ത്രീകളെ കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കുടുംബപരവും സാമൂഹികവും മാനസികവുമായ കാരണങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന ഇടങ്ങളായി ഓരോ കുടുംബവും മാറേണ്ടതുണ്ട്. അതിന് മാതാപിതാക്കളും മക്കളും തമ്മില്‍ ആരോഗ്യകരമായ സ്‌നേഹബന്ധം വളരണം. ജീവിതത്തിന് തിരക്കു പിടിച്ച ആധുനികകാലത്ത്, മൊബൈല്‍ ഫോണുകളിലെ വാട്‌സ്ആപ്പിലും ഫേസ് ബുക്കിലുമായി ഏറെ നേരം ചെലവിടുന്ന മാതാപിതാക്കളും മക്കളും അവരവരിലേക്ക് മാത്രം ഒതുങ്ങിപ്പോവുകയാണ്. അതുവഴി കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം കുറഞ്ഞുവരുന്നു. നിസ്സാരമായ പ്രശ്‌നങ്ങളുടെ പേരില്‍ പോലും -അത് മക്കളോടായാല്‍ പോലും- പകയും ദേഷ്യവും വെച്ചുപുലര്‍ത്തുന്നവരായി പല രക്ഷിതാക്കളും മാറിക്കഴിഞ്ഞു. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്, ടാബ്‌ലെറ്റ്, ടെലിവിഷന്‍ എന്നിവയുടെ മുന്നില്‍ സദാ സമയവും ചടഞ്ഞിരുന്ന് സ്വയം ചുരുങ്ങിപ്പോകാതെ മാതാപിതാക്കളും മക്കളും തമ്മില്‍ ആശയവിനിമയങ്ങള്‍ സജീവമായ കുടുംബാന്തരീക്ഷം വളര്‍ത്തിയെടുക്കണം.
പെണ്‍കുട്ടികളിലും സ്ത്രീകളിലും കാണുന്ന സ്വഭാവ വ്യക്തിത്വ വൈകല്യങ്ങളും മാനസിക പ്രശ്‌നങ്ങളും മാനസിക രോഗങ്ങളും തുടക്കത്തില്‍ തന്നെ കണ്ടെത്തി കൗണ്‍സലിംഗിലൂടെയോ മനോരോഗ ചികിത്സയിലൂടെയോ പരിഹരിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് കഴിയണം. മക്കളെ ഏതെങ്കിലും വിധത്തില്‍ അപായപ്പെടുത്താന്‍ അമ്മമാര്‍ ശ്രമിച്ച മുന്‍ അനുഭവമുണ്ടെങ്കില്‍ അത്തരം അമ്മമാരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. മാനസിക രോഗമുള്ള അമ്മമാര്‍ക്ക് കൃത്യമായി ചികിത്സ നല്‍കാന്‍ വീട്ടുകാര്‍ക്ക് കഴിയണം. പ്രസവാനന്തര വിഷാദ രോഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍, സൈക്കോസിസ്, വിഷാദരോഗം, സ്‌കീസോഫ്രീനിയ, ബൈ പോളാര്‍ ഡിസോര്‍ഡര്‍, വിഷാദ ഉന്മാദ രോഗം, ചിത്തഭ്രമം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും രോഗങ്ങളും സ്ത്രീകളെ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് നയിച്ചേക്കാം എന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അമ്മമാരില്‍ കാണുന്ന മാനസികരോഗത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ പോലും അവഗണിക്കരുത്. മുമ്പ് ഏതെങ്കിലും മാനസിക രോഗങ്ങള്‍ക്ക് ചികിത്സ ലഭിച്ചവര്‍ ഗര്‍ഭം ധരിക്കുന്നതിനു മുമ്പ് ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശം തേടുന്നതും നല്ലതാണ്.
വിവാഹബന്ധത്തിന് വില കല്‍പിക്കാനും അവിഹിത ബന്ധത്തിന്റെ ചതിക്കുഴികളില്‍ പെട്ടുപോകാതിരിക്കാനും സ്ത്രീ പുരുഷന്മാര്‍ക്ക് കഴിയണം. അതിന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സുദൃഢമായ സ്‌നേഹബന്ധം വളരണം. വിവാഹിതര്‍ ധാര്‍മികവും സാന്മാര്‍ഗികവുമായ ജീവിതം നയിക്കുക എന്നതും വളരെ പ്രധാനമാണ്. സദാചാര്യ മൂല്യങ്ങള്‍ക്കും സാമൂഹിക നിയന്ത്രണത്തിനും വില കല്‍പിക്കാതെ, മക്കളോടും കുടുംബത്തോടും ആത്മാര്‍ഥതയും സ്‌നേഹവുമില്ലാതെ സ്വന്തം ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഏതു തിന്മയും ചെയ്യാന്‍ മടി കാണിക്കാത്ത സ്ത്രീകളാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്ത് സ്ത്രീ സമൂഹത്തിനു തന്നെ അപമാനം വരുത്തിവെക്കുന്നത്. സ്വന്തം കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ കോഴിക്കോട് താമരശ്ശേരിക്കാരിയായ സ്ത്രീയെയും കാമുകനെയും കോടതി റിമാന്റ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കാമുകന് ജാമ്യം ലഭിക്കുകയും ആദ്യഭാര്യയുമായി ജീവിതം തുടരുകയും ചെയ്തു. എന്നാല്‍ ജാമ്യം ലഭിക്കാതെ കുഞ്ഞിനെ കാമുകനു വേണ്ടി ഉപേക്ഷിച്ച അമ്മ ജയിലില്‍തന്നെ തുടര്‍ന്നു. ഭര്‍ത്താവിനെയും കുഞ്ഞിനെയും കുടുംബത്തെയും ഉപേക്ഷിച്ച് പ്രണയത്തിന്റെ ചതിക്കുഴിയില്‍ വീഴുന്ന സ്ത്രീകള്‍ക്ക് ഇത്തരം സംഭവങ്ങള്‍ പാഠമാകേണ്ടതുണ്ട്.
അമ്മയും മക്കളും തമ്മിലുള്ള നിസ്സാര പ്രശ്‌നങ്ങള്‍, ഇരുവരിലും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന വിധം ഗുരുതരമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മമാരോട് വളരെ മോശമായി പെരുമാറുന്ന വിധം മാനസികാവസ്ഥ താളംതെറ്റുന്ന രീതിയില്‍ മക്കള്‍ ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിപ്പെടാതെ നോക്കണം. കുട്ടികള്‍ മാതാപിതാക്കളുടെ പീഡനത്തിന് ഇരയാകാന്‍ ഇടയുള്ള കുടുംബ സാഹചര്യവും സാധ്യതയും മുന്‍കൂട്ടി കണ്ടെത്തി തടയാനും കഴിയേണ്ടതുണ്ട്. മക്കളുടെ ജീവനൊടുക്കാനുള്ള ഗൂഢാലോചനയിലും ആസൂത്രണത്തിലും സ്ത്രീകള്‍ പങ്കാളികളാകുന്നതിന് പുരുഷന്മാരുടെ സമ്മര്‍ദവും ഭീഷണിയും കാരണമാകുന്നുണ്ട്. എന്തുതന്നെ പ്രലോഭനങ്ങളും ഭീഷണിയും സമ്മര്‍ദവുമുണ്ടെങ്കിലും അവയെ അതിജീവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയേണ്ടതുണ്ട്.
പുരുഷന്മാര്‍ പ്രതികളാകുന്ന കേസുകള്‍ വെച്ച് നോക്കുമ്പോള്‍, സ്ത്രീകള്‍ പങ്കാളികളാകുന്നതും ശിക്ഷിക്കപ്പെടുന്നതുമായ കുറ്റകൃത്യങ്ങള്‍ കുറവാണെന്നു കാണാം. നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016-ല്‍ 3.54 ദശലക്ഷം പുരുഷന്മാര്‍ വിവിധ കേസുകളില്‍ അറസ്റ്റിലായപ്പോള്‍ 193241 സ്ത്രീകള്‍ മാത്രമാണ് ഇന്ത്യയില്‍ അറസ്റ്റിലായത്. എന്നു മാത്രമല്ല, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടുകയുമാണ്. സ്‌റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2016-ല്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്നത് 15114 കുറ്റകൃത്യങ്ങളാണ്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കുന്ന വലിയ വാര്‍ത്താ പ്രാധാന്യവും മാധ്യമശ്രദ്ധയും സ്ത്രീകള്‍ കുറ്റവാളികളാകുന്ന കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നുമുണ്ട്. എങ്കിലും ഇന്റര്‍നാഷ്‌നല്‍ ജേര്‍ണല്‍ ഓഫ് ക്രിമിനല്‍ ജസ്റ്റിസ് സയന്‍സില്‍ 2015-ല്‍ പ്രസിദ്ധീകരിച്ച 'സ്ത്രീകളിലെ കുറ്റകൃത്യം ഇന്ത്യയില്‍' എന്ന പ്രബന്ധത്തില്‍ നല്‍കിയ കണക്കനുസരിച്ച് 2001 മുതല്‍ 2011 വരെയുള്ള 10 വര്‍ഷക്കാലയളവില്‍ 0.8 ശതമാനം വര്‍ധനവ്, സ്ത്രീകള്‍ ഉള്‍പ്പെട്ട കുറ്റകൃത്യത്തിലും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ചെറിയ തോതിലാണെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ ഇന്ന് കൂടിവരുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ചെറിയ തോതിലാണെങ്കിലും അമ്മ മനസ്സുകളില്‍ കുറ്റവാസന വളരുന്നത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതക്ക് ഭീഷണിയാണ്. സ്വന്തം മക്കളുടെ ഘാതകരായി അമ്മമാര്‍ ജയിലുകളിലെത്തുന്ന സ്ഥിതിവിശേഷം പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല. മക്കളോടുള്ള സ്‌നേഹത്തിനു പകരം അമ്മമാരുടെ ഹൃദയത്തില്‍ പകയും വിദ്വേഷവും വളരുന്നത് തടയാന്‍ സമൂഹത്തിനു കൂടി ഉത്തരവാദിത്തമുണ്ട്.