പാലുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണെങ്കിലും കോഴിമുട്ട ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനത്താണ്. കേരളത്തില്‍ ദിനംപ്രതി ഒരു കോടിയില്‍പരം കോഴിമുട്ട
പാലുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണെങ്കിലും കോഴിമുട്ട ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനത്താണ്. കേരളത്തില്‍ ദിനംപ്രതി ഒരു കോടിയില്‍പരം കോഴിമുട്ട അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതുകൊണ്ടാണ് ഇവിടത്തെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നത്. കോഴി വളര്‍ത്തലിന് വളരെയധികം സാധ്യതകളുണ്ട് കേരളത്തില്‍. നിറമുള്ള മുട്ടത്തോടുള്ള കോഴിമുട്ടക്കാണ് ആവശ്യക്കാരേറെയും. അവക്ക് വെള്ള തോടുള്ളതിനേക്കാള്‍ കൂടുതല്‍ വിലയും ലഭിക്കുന്നു.
കേജ് സമ്പ്രദായത്തില്‍ ധാരാളം മുട്ടക്കോഴികളെ വളര്‍ത്തുന്ന സമ്പ്രദായം ഇപ്പോഴുണ്ട്. കോഴികളെ പുറത്തുവിടാതെ തീറ്റയും വെള്ളവും കൂട്ടില്‍തന്നെ കൊടുത്ത് വളര്‍ത്തുന്നതാണ് കേജ് സമ്പ്രദായം. ഇപ്രകാരം വളര്‍ത്തുമ്പോള്‍ ചില കോഴികള്‍ പ്രതീക്ഷക്കനുസരിച്ച് മുട്ടയിട്ടുകൊള്ളണമെന്നില്ല. അത്തരം കോഴികളെ ചിലപ്പോള്‍ ഒഴിവാക്കേണ്ടിവരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു നല്ല മുട്ടക്കോഴിയെ എങ്ങനെ മനസ്സിലാക്കാം എന്നതിന് വളരെ പ്രധാന്യമുണ്ട്.
നല്ല മുട്ടക്കോഴികളുടെ പൂവ് നിറഞ്ഞ് ചുവന്ന് തിളങ്ങുന്നതായിരിക്കും. രക്തസംക്രമണം നല്ല രീതിയിലായതിനാല്‍ തൊടുമ്പോള്‍ ചൂട് അനുഭവപ്പെടും. മുട്ടയുല്‍പ്പാദന ശേഷി കുറഞ്ഞതാണെങ്കില്‍ പൂവ് ചുരുങ്ങി വാടി വിളര്‍ത്തിരിക്കും. കോഴികളുടെ ഉല്‍പാദനശേഷി നിലച്ചാലും ഇതുപോലെ പൂവും തൂവല്‍ ഘടനയും വാടി വിളര്‍ത്തിരിക്കും.
മികച്ച മുട്ടക്കോഴികളുടെ കണ്ണിന് വലിപ്പവും തിളക്കവുമുണ്ടാകും. മോശപ്പെട്ട കോഴികളുടെ കണ്ണ് ചെറുതായി ചുരുങ്ങി ജീവസ്സറ്റിരിക്കും.
ഉദരത്തിന് നല്ല വ്യാപ്തി ഉണ്ടായിരിക്കുക എന്നതാണ് മറ്റൊരു ലക്ഷണം. നല്ല മുട്ടക്കോഴികളുടെ ഉടല്‍ മൃദുവും വഴങ്ങുന്നതുമായിരിക്കും. ഉദര ഭാഗത്ത് അധികം കൊഴുപ്പ് കാണില്ല. മേന്മയില്ലാത്ത കോഴികളുടെ ഉടല്‍ പരുക്കനും വലിപ്പമുള്ളതും ധാരാളം കൊഴുപ്പുമുള്ളതായിരിക്കും. ഇത്തരം കോഴികളുടെ ഗുദദ്വാരം വരണ്ടതും വൃത്താകൃതിയിലുള്ളതുമായിരിക്കുമ്പോള്‍ മികച്ചവയുടേത് വലുതും ദീര്‍ഘ ചതുരാകൃതിയുള്ളവയുമായിരിക്കും.
സാധാരണ ജനുസ്സ് കോഴികളുടെ തൊലിക്ക് മഞ്ഞ നിറമാണുണ്ടാവുക. കണ്ണിന് ചുറ്റും കൊക്കിന്മേലും ഗുദദ്വാരത്തിന് ചുറ്റും കണങ്കാലിലും നിറം തെളിഞ്ഞു കാണാം. കോഴികള്‍ മുട്ടയുല്‍പാദനം തുടങ്ങുമ്പോള്‍ ഈ മഞ്ഞയും തീറ്റയിലെ മഞ്ഞയും ചേര്‍ന്ന് മുട്ടയിലെ മഞ്ഞ ഉല്‍പാദിപ്പിക്കുന്നു. ഉല്‍പാദന നിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് പക്ഷിയുടെ വര്‍ണവും കുറഞ്ഞുവരുന്നു. ഉല്‍പാദനം തുടങ്ങി രണ്ടാഴ്ച കഴിയുമ്പോള്‍ കണ്ണിന് ചുറ്റും വര്‍ണകം ഉണ്ടാവുകയേയില്ല. കോഴികള്‍ക്ക് വര്‍ഷം തോറും പുതിയ തൂവല്‍ മുളച്ചുവരും. നല്ല മുട്ടക്കോഴികളുടെ തൂവല്‍ പെട്ടെന്ന് കൊഴിഞ്ഞുപോകുമ്പോള്‍ മോശപ്പെട്ടവയുടേത് സാവധാനത്തിലേ കൊഴിയൂ.
ചുരുക്കത്തില്‍, ഒരു നല്ല മുട്ടക്കോഴിക്ക് നല്ല വലിപ്പവും വികാസവും ഉടലിന് ക്ഷമതയും ഉണ്ടായിരിക്കും. തിളങ്ങുന്ന കണ്ണ്, ലക്ഷണമൊത്ത മുഖം, ചടുലത, നല്ല നില്‍പും നടപ്പും, ഊര്‍ജസ്വലത എന്നിവയും കാണാം.