ഹൊസ മനയിലേക്ക്

കൈതപ്രം ദാമോദരന്‍ നമ്പൂതിരി (കവി, സിനിമാ ഗാനരചയിതാവ്)
മാര്‍ച്ച് 2018

രണ്ട് പെങ്ങന്മാരാണെനിക്ക്. രണ്ടും അനിയത്തിമാര്‍. ജീവിതം മുഴുവന്‍ ദുഃഖമായിരുന്നിട്ടും സങ്കടമടക്കി ജീവിച്ച അവരിലൊരാള്‍ മടങ്ങിയിട്ട് പത്തു വര്‍ഷമായി. സരസ്വതി എന്നാണ് പേര്.

ഞങ്ങള്‍ പഠിച്ച സ്‌കൂളിലെ സംഗീത അധ്യാപകനായിരുന്ന അഛന്‍ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്നു. മറ്റു അധ്യാപകരുടെ സൗജന്യത്തില്‍ അദ്ദേഹം വാങ്ങിയ ശമ്പളം കൊണ്ടായിരുന്നു ഞങ്ങള്‍ അഞ്ചു മക്കളും അമ്മയും അടക്കം ഏഴു പേരുടെ ജീവിതം. തീരെ വയ്യാതിരുന്ന അഛന്‍ ശമ്പളം വാങ്ങി വരുമ്പോള്‍ കടങ്ങള്‍ കഴിച്ച് ബാക്കി പണം സരസ്വതിയാണ് ഇല്ലത്തെത്തിക്കുക. തുക വളരെ തുഛമായിരിക്കും. എന്നാലും വേറെ നിവൃത്തിയില്ല.

ജീവിത പ്രയാസങ്ങള്‍ക്ക് നടുവിലും സരസ്വതി നന്നായി പഠിച്ചു. പത്താംതരം ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. സംസ്‌കൃത അധ്യാപികയുമായി. വിവാഹിതയാകുമ്പോള്‍ അവള്‍ക്ക് 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മിടുക്കരായ രണ്ട് ആണ്‍കുട്ടികളും ജനിച്ചു. മഞ്ചേശ്വരത്തായിരുന്നു അവള്‍ താമസിച്ചത്. മംഗലാപുരത്തേക്ക് നാട്ടില്‍നിന്ന് ചികിത്സക്ക് പോകുന്നവര്‍ക്കെല്ലാം മഞ്ചേശ്വരത്തെ സരസ്വതിയുടെ ഗൃഹം ഒരു അത്താണിയായിരുന്നു. കന്നഡയും തുളുവും തൊഴിലിന്റെ ഭാഗമായ സംസ്‌കൃതവും അനായാസം എഴുതാനും വായിക്കാനും പ്രസംഗിക്കാനും അവള്‍ക്ക് കഴിയുമായിരുന്നു. എനിക്ക് പഠനത്തിനായി വാങ്ങിയ തമിഴ് പുസ്തകം എടുത്തുകൊണ്ടുപോയി തമിഴും അവള്‍ പഠിച്ചു.

അധ്യാപക സംഘടനയുടെ നേതൃസ്ഥാനത്ത് കുറേനാള്‍ സരസ്വതി പ്രവര്‍ത്തിച്ചു. അതിനിടയിലാണ് പ്രമേഹം പിടിപെടുന്നത്. ആ രോഗം വളരെ വേഗം അവളെ മരണത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോവുകയാണെന്ന കാര്യം ഞങ്ങളറിഞ്ഞിരുന്നില്ല. അക്കാലത്ത് രാമായണത്തെ ആധാരമാക്കി ഞാനെഴുതിയിരുന്ന കോളം പെങ്ങളുടെ മരണശയ്യയിലിരുന്ന് പൂര്‍ത്തിയാക്കേണ്ടിവന്നത് ഇന്നും വേദനയോടെ ഓര്‍ക്കുന്നു.

സരസ്വതിക്ക് വല്യേട്ടനായ എന്നെയായിരുന്നു ഏറെ ഇഷ്ടം. പഠിച്ചത് ഞാനാണെങ്കിലും സംസ്‌കൃതം പ്രയോഗത്തില്‍ വരുത്തിയ കവിയായത് ഏട്ടനാണെന്ന് അവള്‍ അഭിമാനത്തോടെ പറയുമായിരുന്നു. അവള്‍ക്കുള്ളില്‍ ഒരു വിപ്ലവകാരിയുമുണ്ടായിരുന്നു. നാട്ടുമ്പുറങ്ങളില്‍ തീണ്ടലും തൊടീലുമുണ്ടായിരുന്ന കാലത്ത് അമ്മയെ അതിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതും കുപ്പായം ധരിക്കാതിരുന്ന അമ്മയെ ബ്ലൗസ് ധരിപ്പിച്ചതും നാട്ടുമ്പുറത്ത് വിപ്ലവകരമായ കാര്യങ്ങളായിരുന്നു.

ഞാനും എന്റെ ആത്മാര്‍ഥ സുഹൃത്തുക്കളായ നെടുമുടി വേണുവും ഇ.സി തോമസും ചേര്‍ന്ന് ഒരു ദിവസം മൂകാംബികക്ക് യാത്ര തിരിച്ചു. മഞ്ചേശ്വരത്തെത്തിയപ്പോള്‍ കോരിച്ചൊരിയുന്ന മഴ. സരസ്വതിയും കുടുംബവും വീടുമാറിയ കാലമായിരുന്നു അത്. എന്റെ കൈയിലുണ്ടായിരുന്ന ഏക വിലാസം 'ഹൊസ മന' എന്നു മാത്രം.

ഒരു കടയില്‍ കയറി വേണു വീട്ടുപേര് പറഞ്ഞ് അന്വേഷിച്ചപ്പോള്‍ അവരുടെ മറുപടി വിചിത്രമായിരുന്നു. 'ഹൊസ മന'യെന്നു പറഞ്ഞാല്‍ പുതിയ വീട് എന്നോ മറ്റോ ആണത്രെ. ആ പെരുംമഴയത്ത് ഞങ്ങളാകെ വിഷണ്ണരായി. ഹൊസ മന ചോദിച്ചാല്‍ സരസ്വതിയുടെ വീട് കണ്ടെത്താനാവില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പായി. ഇതുവരെ വന്നിട്ട് പെങ്ങളെ കാണാതെ പോവുന്നതെങ്ങനെ? അന്വേഷണം പിന്നെയും ഞങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ വീട് കണ്ടു പിടിച്ചു. ഇപ്പോഴും നെടുമുടി വേണു ഇതൊരു തമാശയായി പൊട്ടിക്കാറുണ്ട്.

രോഗം വന്നതു മുതല്‍ കഠിന വേദന കൊണ്ട് പുളയുകയായിരുന്നു എന്റെ അനിയത്തി. മക്കള്‍ സന്തോഷ്, സതീശന്‍ എന്നിവര്‍ കരകയറുന്നത് കാണാന്‍ സരസ്വതിക്ക് ഭാഗ്യമുണ്ടായില്ല.

ദാരിദ്ര്യത്തില്‍ തുടങ്ങി രോഗത്തില്‍ അവസാനിച്ച എന്റെ പൊന്നു പെങ്ങളെ ഞാന്‍ ഇന്നും വേദനയോടെയാണ് ഓര്‍ക്കുന്നത്.

തയാറാക്കിയത്: ശശികുമാര്‍ ചേളന്നൂര്‍


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media