'സ്ത്രീ വിമോചനം പ്രവാചക കാലഘട്ടത്തില്‍' എന്ന ഒരു ബൃഹദ് ഗ്രന്ഥം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആദ്യം ഏതാനും വാക്കുകള്‍ പറഞ്ഞുകൊള്ളട്ടെ. പ്രവാചക ചര്യ രേഖപ്പെടുത്തപ്പെട്ട ആധികാരിക ഹദീസ് ഗ്രന്ഥങ്ങള്‍ അവലംബിച്ച് പ്രവാചക ചരിത്രം ആഴത്തില്‍ പഠിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. പ്രവാചക ചരിത്രത്തിന് കഴിയുന്നത്ര ആധികാരികത നല്‍കുക എന്നതായിരുന്നു ലക്ഷ്യം. കാരണം പല നബി ചരിത്രകൃതികളിലും കാണുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിവേദകരുടെ ശൃംഖലയില്‍(സനദ്) വിശ്വസ്തരല്ലാത്തവര്‍ കയറിക്കൂടിയിട്ടുണ്ടോ എന്ന കാര്യമായ പരിശോധനകള്‍ ഉണ്ടായിട്ടില്ല. നിവേദനത്തെയും നിവേദകരെയും അത്തരം കര്‍ക്കശ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുള്ളത് ഹദീസ് കൃതികളില്‍ മാത്രമാണ്. പ്രവാചകന്റേത് മറ്റൊരാളുടെ ചരിത്രം പോലെയല്ലല്ലോ. മുസ്ലിം സമൂഹം പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും നോക്കിയാണല്ലോ അവരുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. അതിനാല്‍ ഏതൊരു നബിചരിത്ര കൃതിയും വളരെ ആധികാരികമായിരിക്കേണ്ടത് അനിവാര്യമാണ്. വിശ്വാസയോഗ്യമല്ലാത്ത ഒന്നും അതില്‍ ഉണ്ടായിക്കൂടാ.
നബി ചരിത്ര രചനയെക്കുറിച്ച് ഈയൊരു അവബോധം എന്നില്‍ ഉണ്ടായത്, ഇരുപതാം നൂറ്റാണ്ടിലെ മഹാനായ ഹദീസ് പണ്ഡിതന് ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുമായുള്ള സഹവാസത്തിലൂടെയാണ് എന്നും കുറിച്ചുകൊള്ളട്ടെ. കുറച്ചുകാലം അദ്ദേഹത്തിന്റെ ശിഷ്യനായിരിക്കാന്‍ എനിക്ക് ഭാഗ്യം ലഭിക്കുകയുണ്ടായി. എന്റെ ജീവിതത്തിലെ അനര്ഘനിമിഷങ്ങളാണത്. എന്റെ പഠനം ആരംഭിക്കുന്നത് സ്വഹീഹ് മുസ്ലിം എന്ന ഹദീസ് ഗ്രന്ഥത്തില്‍നിന്നാണ്. ഒപ്പം ആ കൃതിക്ക് ഇമാം നവവി നല്കിയ വ്യാഖ്യാനവും ഞാന്‍ പഠിക്കുന്നുണ്ടായിരുന്നു. ഹദീസുകള്‍ വിഷയാധിഷ്ഠിതമായി ക്രമീകരിച്ചുകൊണ്ടിരുന്നപ്പോള്, പെട്ടെന്നാണ് പ്രായോഗിക തലത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട ഒട്ടേറെ ഹദീസുകളുണ്ടല്ലോ എന്ന വസ്തുത ഞാന്‍ കണ്ടെത്തുന്നത്. ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലും സ്ത്രീ പുരുഷന്മാര് തമ്മിലുള്ള ഇടപഴകലുകള്‍ എങ്ങനെയെന്നും അതില്‍നിന്ന് ഉരുത്തിരിഞ്ഞ് വരുന്നുണ്ടായിരുന്നു. ഇത് ശരിക്കും അതിശയിപ്പിക്കുന്ന ഒരു തിരിച്ചറിവായിരുന്നു. കാരണം ഞാന്‍ മാത്രമല്ല, സൂഫി-സലഫി-ഇഖ്വാനി ധാരയിലുള്ള സകല സംഘടനകളും മനസ്സിലാക്കി വെച്ചതിന് തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് തെളിഞ്ഞ് വന്നുകൊണ്ടിരുന്നത്.
ആകസ്മികമായ ആ തിരിച്ചറിവ് എന്നെ മറ്റൊരു തീരുമാനത്തിലെത്തിച്ചു. സ്ത്രീ വ്യക്തിത്വത്തെ സംബന്ധിച്ചും സമൂഹത്തില്‍ അവര്‍ക്ക് നിര്‍വഹിക്കാനുള്ള പങ്കിനെക്കുറിച്ച് നാം വെച്ചുപുലര്‍ത്തുന്ന ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ ഇത്തരം ഹദീസുകളെ ഹൈലൈറ്റ് ചെയ്യണം. പ്രവാചക കാലഘട്ടത്തില്‍ സ്ത്രീയുടെ റോളിനെ സംബന്ധിച്ച് ചില സൂചനകള്‍ ആദ്യമേ നല്‍കാം. അത് കാണുമ്പോള്‍ എനിക്കുണ്ടായ വിസ്മയം വായനക്കാര്ക്കുമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.
ഇശാ, സുബ്ഹ് നമസ്കാരങ്ങള്‍ക്ക് പ്രവാചന്റെ പള്ളിയില്‍ ഹജരാകുന്ന മുസ്ലിം സ്ത്രീ.
ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്ത പ്രവാചകന് ഓതുന്നത് കേട്ട് ഖുര്‍ആനിലെ ഖാഫ് അധ്യായം മനപ്പാഠമാക്കിയ മുസ്ലിം സ്ത്രീ.
വളരെ ദൈര്‍ഘ്യമുള്ള ഗ്രഹണ നമസ്കാരത്തില്‍ പ്രവാചകനോടൊപ്പം പങ്കാളിയാവുന്ന മുസ്ലിം സ്ത്രീ.
പ്രവാചകന്റെ പള്ളിയില്‍ റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫ് (ഭജന) ഇരിക്കുന്ന മുസ്ലിം സ്ത്രീ.
പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കെ തന്റെ ഭര്‍ത്താവിനെ -പ്രവാചകനെ- സന്ദര്‍ശിക്കുന്ന മുസ്ലിം സ്ത്രീ.
പ്രവാചകന്റെ ബാങ്ക് വിളിക്കാരന് പള്ളിയില്‍ ഒരു പൊതുസംഗമം നടക്കാന്‍ പോകുന്നു എന്നറിയിക്കുമ്പോള്‍ അതിന് ഉത്തരം നല്കി അവിടെ എത്തിച്ചേരുന്ന മുസ്ലിം സ്ത്രീ.
പള്ളിയില്‍ പുരുഷന്മാര് കൂടുതലുള്ളതുകൊണ്ട് അഭിസംബോധനയധികവും അവരോടായതിനാല് തങ്ങള്‍ക്ക് മാത്രമായി ഉദ്ബോധനം വേണമെന്ന് പ്രവാചകനോട് ആവശ്യപ്പെട്ട മുസ്ലിം സ്ത്രീ.
സ്വന്തം പ്രശ്നങ്ങളില്‍ മാത്രമല്ല പൊതുപ്രശ്നങ്ങളിലും പ്രവാചകന്റെ അടുത്ത് വിധിതേടിയെത്തുന്ന മുസ്ലിം സ്ത്രീ.
പുരുഷന്മാരോട് നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന മുസ്ലിം സ്ത്രീ.
പുരുഷന്മാരായ അതിഥികളെ -അവരില്‍ പ്രവാചകനുമുണ്ട്- സ്വീകരിച്ചിരുത്തി അവര്‍ക്ക് ഭക്ഷണമൊരുക്കുന്ന മുസ്ലിം സ്ത്രീ.
പ്രവാചകനോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കുകയും ദാഹിക്കുന്ന പടയാളികള്‍ക്ക് വെള്ളം കൊടുക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും മരിച്ചവരെയും പരിക്കേറ്റവരെയും മദീനയിലേക്ക് കൊണ്ട് പോവുകയും ചെയ്യുന്ന മുസ്ലിം സ്ത്രീ.
ആദ്യത്തെ നാവിക പോരാട്ടത്തില്‍ തനിക്ക് രക്തസാക്ഷ്യം നല്കാന് ദൈവത്തോട് പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെടുന്ന മുസ്ലിം സ്ത്രീ.
പ്രവാചകനോടൊപ്പം പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കുകയും ഖുത്വ്ബക്ക് ശേഷം വനിതകള്‍ക്ക് മാത്രമായി പ്രവാചകന്റെ പ്രസംഗം സംഘടിപ്പിക്കുകയും ചെയ്ത മുസ്ലിം സ്ത്രീ.
ചിലത് സൂചിപ്പിച്ചുവെന്നേയുള്ളൂ. ഇതെല്ലാം എന്നെ ശരിക്ക് പിടിച്ചുലക്കുക തന്നെ ചെയ്തു. പ്രവാചക ചരിത്രമെഴുതാനുള്ള തീരുമാനത്തില്‍നിന്ന് മാറി പുതിയൊരു സംരംഭത്തില്‍ എന്റെ മനസ്സ് വ്യാപൃതമായി. പഠന വിഷയവും ഞാന്‍ കൃത്യപ്പെടുത്തി: പ്രവാചക കാലഘട്ടത്തിലെ മുസ്ലിം സ്ത്രീ, എങ്ങനെയാണ് അവള്‍ക്ക് വിമോചനം സാധ്യമായത്? ഈ സംരംഭവുമായി മുന്നിട്ടിറങ്ങുമ്പോള്‍ ഒരുപാട് അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടാവുമെന്ന് എനിക്കറിയാം. കാരണം, ജനജീവിതത്തില്‍ ഇസ്ലാമിക ശരീഅത്ത് പുലരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നല്ല മതബോധമുള്ള വ്യക്തികളിലും കൂട്ടായ്മകളിലുമൊക്കെ തന്നെ രൂഢമൂലമായ ധാരണകളെ ചോദ്യം ചെയ്യുന്ന ഒന്നായിരിക്കും എന്റെ രചന.
ശരീഅത്തിന്റെ ഏതൊരു വശവും പ്രയോഗവത്കരിക്കുമ്പോള്‍, സത്യവും നീതിയും പുലരുന്നുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്. മറ്റേത് വിഷയത്തേക്കാളും സ്ത്രീ വിഷയത്തിലാണ് ഈ നിഷ്കര്‍ഷ ഏറ്റവുമധികം കാണേണ്ടത്. കാരണം-
ഒന്ന്: മുസ്ലിം സ്ത്രീ വിശ്വാസിയുടെ മാതാവാണ്, അവന്റെ സഹോദരിയാണ്, പിന്നെ അവന്റെ ഭാര്യയും മകളുമാണ്. സ്ത്രീ ഇവരെയെല്ലാം ഉള്‍ക്കൊള്ളുമെങ്കില്‍, ഇതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റേത് വിഷയമാണ് ഉള്ളത്?
രണ്ട്: രണ്ടു തരം ജാഹിലിയ്യത്തുകളുടെ/അജ്ഞതാന്ധകാരങ്ങളുടെ ഇരയാണ് മുസ്ലിം സ്ത്രീ. ഒന്ന് ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിന്റെ ജാഹിലിയ്യത്ത്. സ്ത്രീ പ്രശ്നങ്ങളിലെ കാര്‍ക്കശ്യവും അതിര് കവിച്ചിലും. പാരമ്പര്യമായി തങ്ങളുടെ പ്രപിതാക്കള്‍ ചെയ്ത് പോന്നതെന്തോ അതേ തങ്ങള്‍ക്ക് സ്വീകാര്യമാകൂ എന്ന അന്ധമായ അനുകരണ ഭ്രമം. രണ്ട്, ക്രി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ജാഹിലിയ്യത്ത്. അഥവാ നഗ്നതയുടെ, അരാജകത്വത്തിന്റെ, പാശ്ചാത്യരോടുള്ള അന്ധമായ വിധേയത്വത്തിന്റെ, അനുകരണത്തിന്റെ നൂറ്റാണ്ട്. ഈ രണ്ട് ജാഹിലിയ്യത്തുകളും ഇസ്ലാമിക ശരീഅത്തിനെ നിര്‍വീര്യമാക്കുകയാണ്.
മൂന്ന്: 'പുരുഷന്മാരുടെ കൂടെപ്പിറപ്പുകളാണ് സ്ത്രീകള്‍' എന്ന് പ്രവാചകന് പറഞ്ഞിട്ടുണ്ട്. ഈ ഹദീസില്‍ പ്രവാചകന് 'ശവാഇഖ്' എന്ന വാക്കാണ് പ്രയോഗിച്ചിരിക്കുന്നത്. സഹോദരന്മാര്ക്കും ആ വാക്കാണ് പ്രയോഗിക്കുക. എല്ലാ നിലക്കും സമാനത പുലര്‍ത്തുന്നവര്‍. അപ്പോള്‍ മുസ്ലിം സ്ത്രീയുടെ വിജയം രണ്ടാം പാതിയായ മുസ്ലിം പുരുഷന്റെ കൂടി വിജയമാണ്. മര്ദ്ദിതന് നീതി ലഭിക്കണം, മര്‍ദ്ദകനെ അതിക്രമത്തില്‍നിന്ന് തടയുകയും വേണം. 'നിന്റെ സഹോദരനെ മര്‍ദ്ദിതനായാലും മര്‍ദകനായാലും നീ സഹായിക്കണം' എന്ന് പ്രവാചകന് പറഞ്ഞപ്പോള്‍, 'മര്‍ദകനെ എങ്ങനെയാണ് സഹായിക്കുക' എന്ന് അനുചരന്മാര് ചോദിച്ചു. അതിക്രമത്തില്‍നിന്ന് അവനെ തടയുന്നത് അവന് നല്കുന്ന സഹായമാണ് എന്നായിരുന്നു പ്രവാചകന്റെ മറുപടി.
നാല്: സ്ത്രീ സമൂഹത്തിന്റെ പകുതിയാണ്. ഇരു ശ്വാസകോശങ്ങളില്‍ പ്രവര്‍ത്തനം നിലച്ച് പോയത് എന്ന് ചിലര്‍ വിശദീകരിക്കാറുണ്ട്. എന്തുകൊണ്ടാണ് പ്രവര്‍ത്തനം നിലച്ചത് എന്ന് പറയുന്നത്? കാരണം, വിശ്വാസ ദാര്‍ഢ്യമുള്ള, നന്മക്ക് വേണ്ടി പോരാടാന്‍ കരുത്തുള്ള തലമുറകളെ വാര്‍ത്തെടുക്കാന്‍ സ്ത്രീക്ക് കഴിയാതെ പോകുന്നു. രാഷ്ട്രീയമായും സാമൂഹികമായുമൊക്കെ മുസ്ലിം സമൂഹത്തിന് ഉണര്‍വ് പകരുന്ന സ്ത്രീ പങ്കാളിത്തമൊന്നും കാണാനുമില്ല. ശ്വാസകോശത്തിന്റെ ഒന്നാം പകുതി നിലച്ചുപോയാല്‍ അത് രണ്ടാം പകുതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പ്. അപ്പോള്‍ മുസ്ലിം സ്ത്രീ വിമോചനം എന്ന് പറയുന്നത് മുസ്ലിം സമൂഹത്തിന്റെ പകുതിയുടെ വിമോചനമാണ്. സ്ത്രീകള്‍ സ്വതന്ത്രരാക്കപ്പെടണമെങ്കില് ആദ്യം പുരുഷന്മാര് സ്വതന്ത്രരാക്കപ്പെടണം. അല്ലാഹുവിന്റെ സന്മാര്ഗദര്ശനം യഥാവിധി പിന്‍പറ്റുമ്പോഴേ ഇരുവിഭാഗവും മോചിപ്പിക്കപ്പെടുന്നുള്ളൂ.
(തുടരും)
വിവ: അബൂസ്വാലിഹ