മുതുക് വേദന പലരുടെയും ജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കാറുണ്ട്. തൃപ്തികരമായി ജോലിയെടുക്കാന്‍ കഴിയാത്ത ഒട്ടേറെ രോഗികളാണ് ദിനേന സ്‌പൈന്‍ ക്ലിനിക്കുകളില്‍ ചികിത്സക്കായി എത്താറുള്ളത്. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്ന കച്ചവടക്കാര്‍, ഐ.ടി പ്രൊഫഷണലുകള്‍ പോലുള്ളവര്‍ക്കുണ്ടാകുന്ന മുതുക് വേദന, എല്ലു മുറിയെ പണിയെടുക്കുന്ന അധ്വാനികളായവര്‍ക്കുണ്ടാകുന്ന കടുത്ത വേദന എന്നിവ കാരണം ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ദിനംപത്രി വര്‍ധിക്കുകയാണ്. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്ന അളവില്‍ പുറംവേദന അനുഭവിക്കുന്ന വിഭാഗമാണ് മിക്ക വീട്ടമ്മമാരും. പല കാരണങ്ങളാല്‍ നമ്മുടെ ശരീര ഘടനയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് പുറംവേദനയുണ്ടാവാന്‍ പ്രധാന കാരണം. അതുകൊണ്ടുതന്നെ വേദനയുടെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിക്കുമ്പോഴാണ് ഫലപ്രദമായ ചികിത്സ ലഭ്യമാവുന്നത്.
വൈദ്യശാസ്ത്രത്തില്‍ രോഗിയുടെ രോഗാവസ്ഥ അപഗ്രഥിക്കാന്‍ ഡോക്ടര്‍ ഉപയോഗിക്കുന്ന നാല് പ്രധാന രീതികളുണ്ട്. 1. രോഗാവസ്ഥയെക്കുറിച്ചുള്ള രോഗിയുടെ അനുഭവ വിവരണം (History Taking). 2. ശരീര പരിശോധന (Clinical Examination). 3. രക്തം, മറ്റു ജൈവിക ദ്രവങ്ങളുടെ പരിശോധനകള്‍ ((Radiological and Imaging Diognostic Studies) 4. രോഗനിര്‍ണയം
പരിചയസമ്പന്നനായ ഡോക്ടറെ സംബന്ധിച്ചേടത്തോളം രോഗനിര്‍ണയത്തെ സഹായിക്കുന്ന മിക്ക സൂചകങ്ങളും രോഗിയുടെ വിവരണത്തില്‍നിന്നും ലഭ്യമാണ്. പുറംവേദനയുടെ വിവിധ വകഭേദങ്ങള്‍ ഏതു രൂപത്തിലാണ് രോഗികള്‍ക്ക് അനുഭവപ്പെടുക എന്നതില്‍നിന്നു മാത്രമേ അവയുടെ പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാനാവൂ. പുറംവേദനയുള്ള പലരും കൗതുകപൂര്‍വം അന്വേഷിക്കാറുള്ള രണ്ട് ചോദ്യങ്ങളുണ്ട്. ഒന്ന്, എന്തുകൊണ്ടാണ് ഈ വേദന വന്നത്? രണ്ട്, കൃത്യമായി എവിടെയാണ് പ്രശ്‌നമുള്ളത്? സ്വാഭാവികമായും എല്ലാ രോഗികള്‍ക്കും ഉത്കണ്ഠാപൂര്‍വമുള്ള 'ഇത് ഭേദപ്പെടില്ലേ, ഇത് മാരകമാണോ' എന്നീ ചോദ്യങ്ങള്‍ വിസ്മരിക്കുന്നില്ല.
മനുഷ്യന്റെ നട്ടെല്ല് ആശ്ചര്യകരമായ ഒരു സൃഷ്ടിപ്പാണ്. 33 കശേരുക്കള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവെച്ച് അസ്ഥിനിര്‍മിതമായ ഒരു കോളമാണ് അതിലുള്ളത്. തലച്ചോറില്‍നിന്നും ഒരു വാര്‍ പോലെ നീണ്ടുകിടക്കുന്ന സുഷുമ്‌നാ നാഡി കടന്നുപോകാനുള്ള ഒരു കനാല്‍ ഈ കോളത്തിലുണ്ട്. തലയോട്ടിയുടെ അടിഭാഗത്തുള്ള ദ്വാരത്തിലൂടെ പുറത്തു വരുന്ന സുഷുമ്‌നാ നാഡി കഴുത്തിന്റെ നട്ടെല്ലില്‍ പ്രവേശിച്ച് നെഞ്ച് ഭാഗത്തും വയര്‍ ഭാഗത്തുമുള്ള നട്ടെല്ലുവരെ നീണ്ടു കിടക്കുന്നു.
33 കശേരുക്കളുടെയും വശങ്ങളില്‍ ഉള്ള ദ്വാരങ്ങളിലൂടെ സുഷുമ്‌നയുടെ ശാഖകള്‍ ഓരോ ജോഡി പുറത്തു കടക്കുന്നുണ്ട്. എല്ലാ മനുഷ്യരിലും ഈ നാഡികള്‍ രൂപകല്‍പന ചെയ്യപ്പെടുന്നത് ഒരേ രൂപത്തിലാണ്. ഉദാഹരണമായി, കാല്‍പാദത്തിന്റെ പുറം ഭാഗവും മുട്ടിനു താഴെയുള്ള കണങ്കാലിന്റെ വെളിഭാഗവും L5 എന്ന കശേരുവിന്റെ നാഡിയിലൂടെയാണ് സ്പര്‍ശനം അറിയുന്നത്. ഇതുപോലെ കാല്‍മുട്ടിന്റെ മുന്‍വശം L3 എന്ന കശേരുവിന്റെ നാഡി വഴിയാണ് സ്പര്‍ശനം അറിയുന്നത്. ഓരോ കശേരുക്കളുടെയും ഇടയില്‍ കാണുന്ന മാര്‍ദവമുള്ള ജെല്‍ പോലുള്ള പള്‍പ്പ് ഉള്ളടക്കമായുള്ള നിര്‍മിതിയാണ് ഡിസ്‌ക്കുകള്‍. ഓരോ നട്ടെല്ലിന്റെയും ഇടയില്‍ ഡിസ്‌ക് ഉള്ളതുകൊണ്ടാണ് നട്ടെല്ലിന് വഴക്കം ലഭിച്ചിട്ടുള്ളത്. ഇതെല്ലാം ഉണ്ടെങ്കിലും നമ്മുടെ മുതുകിന്റെ നല്ലൊരു ഭാഗവും മാംസപേശികളും ലിഗ്‌മെന്റുകളുമാണ്. നട്ടെല്ലിന് ഉപോദ്ബലകമായി പ്രവര്‍ത്തിക്കുന്ന ഇവ അതിനു വേണ്ട ദൃഢതയും പിന്തുണയും നല്‍കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്നു.
മുതുകു വേദനയുടെ വകഭേദങ്ങള്‍
മെക്കാനിക്കല്‍ ബാക്ക് പെയിന്‍: അധിക പേരും അനുഭവിക്കുന്ന വേദന മെക്കാനിക്കല്‍ ബാക്ക് പെയിന്‍ എന്ന വിഭാഗത്തില്‍ പെടുന്നതായിരിക്കും.
കൃത്യമായി നട്ടെല്ലിന്റെ വശങ്ങളിലുള്ള പേശികളില്‍ വിരല്‍ ചൂണ്ടുന്ന രോഗി പക്ഷേ, താഴെ കാലിലേക്ക് വേദന വ്യാപിക്കുന്നതായി പറയാറില്ല. ചിലര്‍ക്ക് പുറംഭാഗത്ത് പ്രത്യേക ബിന്ദുക്കളില്‍ വേദന കേന്ദ്രീകരിക്കപ്പെട്ടിരിക്കും. ഇത്തരം പോയിന്റുകളില്‍ വിരല്‍ കൊണ്ട് അമര്‍ത്തുമ്പോള്‍ രോഗി കഠിനമായ വേദന കൊണ്ട് പുളയാറുണ്ട്. സാങ്കേതികമായി ടിഗര്‍ പോയന്റുകള്‍ എന്നു വിളിക്കാവുന്ന ഇത്തരം ബിന്ദുക്കള്‍ പേശികളുടെ അസാധാരണത്വം കൊണ്ട് ഉണ്ടാവുന്ന സങ്കോച കേന്ദ്രങ്ങളാണ്. ദീര്‍ഘനേരത്തെ ഇരുത്തം, കുനിഞ്ഞുകൊണ്ടുള്ള ജോലി, സ്ഥാനം തെറ്റിയുള്ള ഇരുത്തം അല്ലെങ്കില്‍ കിടത്തം മുതലായ കാരണങ്ങളാല്‍ മാംസപേശികളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിന്റെ കാരണം. പ്രാദേശിക ഭാഷകളില്‍ ഉളുക്ക്, ഞെട്ടല്‍ പോലുള്ള പദാവലികള്‍ ഇത്തരം വിഭാഗത്തിലുള്ള പുറംവേദനയെ സൂചിപ്പിക്കുന്നു. നാഡികളെ ബാധിച്ചാലുണ്ടാവുന്ന ലക്ഷണങ്ങളായ സ്പര്‍ശന ശേഷിക്കുറവോ തരിപ്പോ മരവിപ്പോ കൈകളുടെ ബലക്കുറവോ ഇത്തരക്കാരില്‍ ഉണ്ടാവാറില്ല. അതുപോലെ കഠിനമായ ജോലി ഈ വേദന അധികരിപ്പിക്കുന്നു. അടുക്കള ജോലി ചെയ്യുന്ന വീട്ടമ്മമാരില്‍ നല്ലൊരു വിഭാഗത്തിലും മെക്കാനിക്കല്‍ ബാക്ക് പെയിന്‍ ആണ് കാണാറുള്ളത്. ഉറക്കില്‍നിന്നെഴുന്നേല്‍ക്കുമ്പോള്‍ കുറയുന്ന വേദന ജോലി ചെയ്ത് തുടങ്ങി വൈകുന്നേരത്തോടെ കൂടുതലാവുന്നു. ഒന്ന് നന്നായി വിശ്രമിച്ചാല്‍ വേദന ശമിക്കുന്നു.
പരിഹാരം
ശരീരത്തിന്റെ മുകളിലുള്ള ഭാഗത്തെ (തലമുതല്‍ ഇടുപ്പ് വരെയുള്ള ഭാഗം) നിവര്‍ന്നു നില്‍ക്കാന്‍ സഹായിക്കുന്നത് നമ്മുടെ നട്ടെല്ലും അനുബന്ധ പേശീവ്യവസ്ഥയുമാണ്. ഇതില്‍ അസ്ഥി, പേശി, ലിഗ്‌മെന്റുകള്‍, സന്ധികള്‍ എല്ലാം ഉള്‍പ്പെടും. നട്ടെല്ലിനെ ഒരു വില്ലുപോലെ സങ്കല്‍പിക്കുകയാണെങ്കില്‍ അത് മുന്നോട്ട് വളഞ്ഞുപോവാതെ പിന്നിലേക്ക് കെട്ടിവെക്കാന്‍ ഞാണ്‍ പോലെ വര്‍ത്തിക്കുന്ന നാരുകള്‍ പോലുള്ള ലിഗ്‌മെന്റുകളാണ് സഹായിക്കുന്നത്. അസ്ഥികളുടെയും പേശികളുടെയും ലിഗ്മന്റുകളുടെയും സ.. വസ്ഥയിലുള്ള വിന്യാസം നഷ്ടപ്പെടുമ്പോള്‍ പേശികളിലും ലിഗ്‌മെന്റുകളിലും വലിവു വരുന്നു. ഇത് വേദനയായി അനുഭവപ്പെടുന്നു. അതിനാല്‍ ദീര്‍ഘ നേരമുള്ള ഇരുത്തം, കുനിഞ്ഞുകൊണ്ടുള്ള ജോലി, പുറംഭാഗത്ത് ഭാരം ചുമക്കല്‍, തലയില്‍ ചുമടുവെക്കല്‍, വളഞ്ഞുപുളഞ്ഞുള്ള കിടത്തം എന്നിവ ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം.
കുനിഞ്ഞു നിന്ന് കനത്ത ഭാരം ഉയര്‍ത്തുന്നത് ചിലപ്പോള്‍ മുതുകിലെ പേശികള്‍ക്ക് താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. ഇത് ശക്തമായ പുറംവേദനക്ക് കാരണമാകും.
വ്യായാമം
നട്ടെല്ലിന്റെ വശങ്ങളിലുള്ള പേശികളുടെ ദൃഢതക്ക് വ്യായാമം അത്യാവശ്യമാണ്. ചലനാത്മകമല്ലാത്തതും അധ്വാന ശീലമില്ലാത്തതുമായ ജീവിതശൈലി മുതുകിലെ പേശികളെ വളരെ ദൃഢത കുറഞ്ഞതും പേശീപിണ്ഡം കുറഞ്ഞതുമാക്കി മാറ്റും. ഇവയെ പുനരുദ്ധീകരിക്കാനും ദൃഢീകരിക്കാനും വേണ്ട അളവില്‍ വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യാറുണ്ട്.
വയറിന്റെയും ശരീരത്തിന്റെ മധ്യ ഭാഗത്തിന്റെയും ഭാരം കുറക്കുന്നത് നട്ടെല്ലിന്റെ മേലുള്ള അമിത സമ്മര്‍ദം കുറക്കുന്നതിന് സഹായിക്കും. നിത്യേനയുള്ള നടത്തവും വ്യായാമവും കൊണ്ട് ശരിയായ അനുപാതത്തിലുള്ള ശരീര ആകാരം നിലനിര്‍ത്തുന്നത് മറ്റു പല രോഗങ്ങളിലെന്ന പോലെ പുറം വേദന നിയന്ത്രിക്കാനും സഹായിക്കും.
നട്ടെല്ലിന്റെ ഡിസ്‌ക് തള്ളലും നാഡീവേരു സമ്മര്‍ദവും
മുതുക് വേദന തുടങ്ങുമ്പോഴേ പലരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണ് ഇത് ഡിസ്‌ക് പ്രശ്നമാണോ എന്നത്. താരതമ്യേന പ്രായം കുറഞ്ഞവരില്‍ പെട്ടെന്ന് തുടങ്ങുന്ന ഈ വേദനക്ക് എന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കും. കുനിഞ്ഞു ഭാരം ഉയര്‍ത്തുമ്പോഴോ യാത്രയിലുള്ള ഇളക്കങ്ങളോ പോലെ മുതുകിന് പ്രകമ്പനമുണ്ടാകാന്‍ ഹേതുവായ കാര്യം എല്ലായ്‌പ്പോഴും രോഗികള്‍ ഓര്‍ത്തെടുക്കാറു്. നട്ടെല്ലിലുണ്ടാകുന്ന വേദന ചിലപ്പോള്‍ കൈയിലേക്കും വ്യാപിക്കാറുണ്ട്.
അതുപോലെ മുതുകിനു താഴെയാണ് ഡിസ്‌ക് വേദന ഉണ്ടാകുന്നതെങ്കില്‍ അത് രേഖീയമായി കാലിലേക്ക് വ്യാപിക്കാറുണ്ട്. ഡിസ്‌കിന്റെ സ്ഥാന ചലനം മിക്കപ്പോഴും L4- L5 L5-ട1 എന്നീ ഇടങ്ങളില്‍ ആയതിനാല്‍ മുതുക് വേദന മുട്ടിനു താഴെ പാദം വരെ വ്യാപിക്കാറുണ്ട്. ഇടക്കിടക്ക് വൈദ്യുത ഷോക്ക് പോലുള്ള അനുഭവമാണ് നാഡീ സമ്മര്‍ദം ഉണ്ടാവുമ്പോള്‍ രോഗിക്ക് അനുഭവപ്പെടുക. അനുബന്ധ കാലില്‍ മരവിപ്പും അനുഭവപ്പെടാറുണ്ട്. വയറിന്റെ മര്‍ദം കൂടുന്നതിനാല്‍ തുമ്മുമ്പോള്‍ കാലിലേക്ക് വേദന വ്യാപിക്കുന്നുണ്ട്. ഡിസ്‌ക് മൂലം വളരെ സാധാരണയായി കാണപ്പെടുന്നതാണ് ഘ5 നാഡീ വേദന. ഇത്തരക്കാരില്‍ മുട്ടിനു കീഴിലും കാലിലും പാദത്തിന്റെ പുറം ഭാഗത്തും വേദനയോ മരവിപ്പോ അനുഭവപ്പെടാറുണ്ട്. അതുപോലെ തന്നെ കാലിന്റെ തള്ളവിരല്‍ മുകളിലേക്ക് ചലിപ്പിക്കാനുള്ള ശേഷിക്കുറവും കണ്ടുവരുന്നു. കുനിയുമ്പോള്‍ കിടന്നു കൊണ്ട് മുട്ട് മടക്കാതെ കാല്‍ നേരെ മുകളിലേക്ക് ഉയര്‍ത്തുമ്പോഴും ഇത്തരം വേദനകള്‍ കാലിലേക്ക് അരിച്ചുകയറുന്നു.
പരിഹാരം
പലപ്പോഴും സ്ഥാന ചലനം സംഭവിച്ച ഡിസ്‌ക് നാഡികളില്‍ സമ്മര്‍ദം ഉണ്ടാക്കിയില്ലെങ്കിലും സമീപത്തുള്ള നാഡികളുടെ സമ്മര്‍ദത്താല്‍ വേദന വരാറുണ്ട്. ഇതിന്റെ കാരണം ഡിസ്‌കിനു ചുറ്റും രൂപപ്പെടുന്ന രാസവ്യതിയാനവും നീര്‍ക്കെട്ടുമാണ്. ഇത്തരം രാസവ്യതിയാനങ്ങള്‍ മൂലം നാഡീ വേദനകള്‍ ഉദ്ദീപിക്കപ്പെടുകയും അതിനെ വേദനയായി മസ്തിഷ്‌കം തിരിച്ചറിയുകയും ചെയ്യുന്നു. ആന്റി ഇന്‍ഫ്‌ളമേറ്ററി വിഭാഗത്തില്‍ പെടുന്ന ഔഷധങ്ങള്‍ ഇത്തരം രാസമാറ്റങ്ങളെ ഫലപ്രമദായി ചെറുക്കുന്നു.
മരുന്നും വിശ്രമവും നല്‍കി അല്‍പം ഭേദപ്പെട്ടുവരുമ്പോള്‍ അടുത്ത ഘട്ടമായി മുതുക് പേശികളുടെ ദൃഢതക്ക് വേണ്ട വ്യായാമങ്ങള്‍ ആരംഭിക്കാം. ഭൂരിപക്ഷം പേരിലും ഈ രീതിയിലുള്ള ചികിത്സ ഫലപ്രദമായി കണ്ടുവരുന്നു. അസഹ്യമായ വേദന രോഗിയുടെ നിത്യജീവിതത്തെ ബാധിക്കുന്നുവെങ്കില്‍ കാരണമായിട്ടുള്ള ഡിസ്‌കിന്റെ ഭാഗത്തെ എടുത്തുമാറ്റുന്നതിനു വേണ്ടി ശസ്ത്രക്രിയ ചെയ്യാറുണ്ട്. അതുപോലെത്തന്നെ ബലക്ഷയം സംഭവിക്കുന്ന രൂപത്തില്‍ നാഡീ സമ്മര്‍ദം കൂടുക, മൂത്രസഞ്ചിയുടെ നാഡീ നിയന്ത്രണം അവതാളത്തിലാവുക, ആറു മാസം നീണ്ട ചികിത്സക്കു ശേഷവും വേദന ശമിക്കാതിരിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലും ശസ്ത്രക്രിയ നടത്തേണ്ടതായി വരുന്നു. മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് രോഗി അറിയാതെ മൂത്രം പോകുന്നെങ്കില്‍ ശസ്ത്രക്രിയ അടിയന്തര ആവശ്യമാണ്.
നല്ലെട്ടിന്റെ അസ്ഥിരത മൂലമുള്ള വേദന
കശേരുക്കള്‍ക്കിടയിലുള്ള സന്ധിയുടെ അസ്ഥിരത പല രൂപത്തില്‍ സംഭവിക്കാറുണ്ട്. പ്രായം കുറഞ്ഞവരിലും കൗമാരക്കാരിലും ഘടനാപരമായി തന്നെ കശേരുക്കള്‍ തമ്മില്‍ കൊളുത്തി നില്‍ക്കുന്ന ഭാഗം നേര്‍ത്ത് തുടര്‍ച്ച നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതുമൂലം മുകളിലുള്ള കശേരു താഴെയുള്ള കശേരുവിന്റെ മുകളില്‍ വഴുതി മുന്നോട്ടോ പിന്നോട്ടോ തള്ളിവരുന്നു. ഇതുമൂലം നട്ടെല്ലിനു ചുറ്റും വേദന അനുഭവപ്പെടാം. നാഡീ വേരുകളിലെ സമ്മര്‍ദം മൂലവും വേദന ഉണ്ടാവാറുണ്ട്. നിരന്തരമായി നട്ടെല്ലിന്റെ മേല്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാകുന്നതും ചെറിയ വിള്ളലുകള്‍ ഉണ്ടാക്കുന്ന വ്യായാമമുറകളും കളികളും കുട്ടികളില്‍ നട്ടെല്ലില്‍ വേദന ഉണ്ടാവാന്‍ കാണമാകാറുണ്ട്. മുതിര്‍ന്നവരില്‍ കശേരുക്കളുടെ ഇടയിലുള്ള സന്ധികളില്‍ തേയ്മാനവും അനുബന്ധ നീര്‍ക്കെട്ടും ഉണ്ടാകുന്നതും ഇത്തരം അസ്ഥിരത മൂലമാണ്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ പരിക്ക്, എല്ലിനെ ബാധിക്കുന്ന അണുബാധ, അര്‍ബുദം മുതലായവ കൊണ്ടും ഇത്തരം അസ്ഥിരത ഉണ്ടാവാം. വേദന അനുഭവപ്പെടുന്നത് മുതുകില്‍ തന്നെയാണ്. എന്നാല്‍ ചിലരില്‍ നിതംബം വഴി തുടയുടെ പിന്‍ഭാഗം വരെ വേദന വ്യാപിച്ചേക്കാം. രാത്രി ഉറക്കത്തില്‍ അറിയാതെ വശങ്ങളിലേക്ക് ചരിയുമ്പോഴുള്ള വേദന മൂലം ഉറക്കില്‍നിന്ന് രോഗി ഞെട്ടിയുണരുന്നു. പ്രഭാതങ്ങളില്‍ ഉറക്കില്‍നിന്നെഴുന്നേല്‍ക്കാന്‍ ഇത്തരം രോഗികള്‍ മണിക്കൂറുകള്‍ മുന്നേ ശ്രമം ആരംഭിക്കുന്നു. സാധാരണഗതിയില്‍ മുതുകിന്റെ എല്ലുകളുടെ ഘടനാപരമായ സ്ഥിരത നഷ്ടപ്പെടുമ്പോള്‍ ചുറ്റുമുള്ള മാംസപേശികള്‍ ഭാഗികമായി ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയും തന്മൂലം പേശികള്‍ വലിഞ്ഞു മുറുകി മുതുകിന് ബലം നല്‍കുകയും ചെയ്യുന്നു. ഉറക്കത്തില്‍ പക്ഷേ ഈ രൂപത്തില്‍ മാംസപേശികള്‍ പ്രവര്‍ത്തിക്കാറില്ല. അതുകൊണ്ടാണ് ഉറക്കത്തില്‍ അസ്ഥിരത മൂലമുള്ള വേദന കൂടുതലാകുന്നത്.
പരിഹാരം
പ്രാഥമിക കാരണങ്ങളെ മുഖവിലക്കെടുത്തു ചികിത്സിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. കാത്സ്യ ലവണങ്ങളുടെയും വിറ്റാമിന്‍ ഡിയുടെയും പോഷകക്കുറവ് പരിഹരിക്കുക, മറ്റു പ്രാഥമിക അസുഖങ്ങളായ അണുബാധ, അര്‍ബുദം എന്നിവ ചികിത്സിക്കുക, മുതുകിന് സ്ഥിരത നല്‍കാന്‍ മാംസപേശികള്‍ ദൃഢീകരിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. എങ്കിലും പരിധിവിട്ട അസ്ഥിരതക്ക് ഇത്തരം ചികിത്സ കൊണ്ട് തൃപ്തികരമായ ഫലമുണ്ടാക്കാന്‍ കഴിഞ്ഞെന്നുവരില്ല.
കാല് കഴപ്പ്/കടച്ചില്‍
അധികനേരം നില്‍ക്കാനും കുറച്ച് ദൂരം നടക്കാനും സാധിക്കാത്ത വിധം കാലുകള്‍ക്ക് സഹിക്കാനാവാത്ത വിധം കഴപ്പും തളര്‍ച്ചയും അനുഭവപ്പെടുന്നതാണ് ഈ അവസ്ഥ. ഉടന്‍ തന്നെ രോഗിക്ക് എവിടെയെങ്കിലും ഒന്ന് ഇരുന്ന് കാലുകള്‍ക്ക് കുറച്ച് സമയം വിശ്രമം നല്‍കേണ്ടിവരും. ഇത്തരക്കാര്‍ക്ക് ഇടുപ്പിനും തുടകള്‍ക്കും കടച്ചിലും കാലുകള്‍ക്ക് ഭാരക്കൂടുതലും അനുഭവപ്പെടുന്നു.
സുഷുമ്‌നാ നാഡിയുടെയും നാഡീവേരുകളുടെയും ഇടുക്കം മൂലം അവക്കുള്ളിലെ ജൈവ തന്മാത്രകളുടെ സുഗമമായ ഒഴുക്ക് സാവധാനത്തിലാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പല കാരണങ്ങളാല്‍ ഇത് സംഭവിക്കാം. പ്രായം മൂലമുള്ള തേയ്മാനം, കനാലിനുള്ളിലെ ലിഗ്‌മെന്റുകളുടെ അമിത വളര്‍ച്ച, ഒന്നിലധികം ഇടങ്ങളില്‍ മാത്രമുള്ള നട്ടെല്ലിന്റെ അസ്ഥിരത എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാണ്.
ഇതേ കാര്യം കഴുത്തിന്റെ നട്ടെല്ലിനെയും ബാധിക്കാറുണ്ട്. കഴുത്തിന് ബാധിക്കുമ്പോള്‍ കൈകളുടെ ചടുലത നഷ്ടപ്പെടുകയും പ്രവൃത്തികള്‍ സാവധാനത്തിലാവുകയും ചെയ്യാറു്. ഇത്തരം അവസ്ഥ തിരിച്ചറിഞ്ഞാല്‍ കൃത്യമായ പരിശോധനകള്‍ക്കും സ്‌കാനിംഗിനും ശേഷം മൂലകാരണവും ഘടനാപരമായി അതിന്റെ സ്ഥാനവും കണ്ടെത്തി ചികിത്സ നടത്തണം.
നട്ടെല്ലിലും ഇടുപ്പ് സന്ധികളിലുമുള്ള വാതസംബന്ധമായ അവസ്ഥയാണ് മറ്റൊന്ന്. നട്ടെല്ലിലെ കശേരുക്കളും ഇടുപ്പ് സന്ധിയിലെ എല്ലുകളും അവയുടെ സ്വാഭാവിക ചലനാത്മകത നഷ്ടപ്പെട്ട് പരസ്പരം ഒട്ടി അനാരോഗ്യകരമായ ദൃഢത കൈവരിക്കുന്നതാണ് ഇതിലെ പ്രശ്‌നം. വര്‍ഷങ്ങള്‍ കൊണ്ട് സംഭവിക്കുന്ന ഈ മാറ്റം നേരത്തേ കണ്ടുപിടിച്ചാല്‍ മൂര്‍ധന്യാവസ്ഥയിലെത്തി പ്രയാസം അനുഭവിക്കുന്നത് തടയാം.
25-35 പ്രായപരിധിയിലാണ് ലക്ഷണങ്ങള്‍ കാണുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുറം ഭാഗവും ഇടുപ്പ് സന്ധി ഭാഗവും വേദനിക്കുന്നതോടൊപ്പം കുറച്ച് സമയം മുതുകിന്റെ സ്വാഭാവിക വഴക്കം കിട്ടാതെ ബലം പിടിച്ച് നില്‍ക്കുന്ന അനുഭവമാണ് രോഗികള്‍ പറയാറുള്ളത്. അല്‍പനേരത്തെ നടത്തത്തിനു ശേഷം മുതുകിലും സന്ധികളിലും അയവ് വരുന്നു. രോഗത്തെ അതിന്റെ സ്വാഭാവിക പരിണാമത്തിന് അനുവദിച്ചാല്‍ അന്തിമമായി Antylosis എന്ന അവസ്ഥയില്‍ എത്തിച്ചേരുന്നു. മുതുക് വില്ലുപോലെ മുന്നോട്ട് വളഞ്ഞും ഇടുപ്പ് സന്ധികള്‍ ഒട്ടി ചലനാത്മകമല്ലാതെയും ആവുന്ന ഈ അവസ്ഥയില്‍ മുകൡലേക്ക് നോക്കാന്‍ പോലും രോഗിയുടെ കഴുത്തിന് വഴക്കമില്ലാതെ വരുന്നു. മരുന്നും ഫിസിയോ തെറാപ്പിയും കൊടുത്ത് രോഗത്തെ അതിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് പ്രധാനമായും ചെയ്യാനുള്ളത്. പൂര്‍ണമായും രോഗം ബാധിച്ചുകഴിഞ്ഞ സന്ധികള്‍ക്ക് സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വഴി ചലനം വീണ്ടെടുക്കാന്‍ സാധിക്കുന്നു. ഇതുപോലെത്തന്നെ വളരെ മുന്നോട്ടു വളഞ്ഞുപോയ നട്ടെല്ലുകളെയും ശസ്ത്രക്രിയയിലൂടെ ഒരളവുവരെ നേരെയാക്കി എടുക്കാന്‍ സാധിക്കും.
പ്രാരംഭ ഘട്ടത്തില്‍ എക്‌സ്‌റേ പരിശോധനയിലൂടെ രോഗാവസ്ഥ കണ്ടുപിടിക്കാന്‍ കഴിയുമെങ്കിലും മൂന്ന് വര്‍ഷം മുമ്പേ എല്ലിലുണ്ടാവുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ എം.ആര്‍.ഐ സ്‌കാനിംഗ് വഴി കണ്ടെത്താവുന്നതാണ്. ഒരിക്കല്‍ രോഗനിര്‍ണയം നടത്തിയാല്‍ പിന്നെ കൃത്യമായ വൈദ്യസഹായം തേടേണ്ടതും അത് തുടര്‍ന്നുപോവേണ്ടതും അത്യാവശ്യമാണ്. ഇതിനായി ഒരു റുമാറ്റോളജിസ്റ്റിന്റെ സേവനമാണ് തേടേണ്ടത്.