ചോദ്യം: ഖബ്‌റുമായി ബന്ധപ്പെട്ട് ധാരാളം സമ്പ്രദായങ്ങള്‍ ഇന്ന് മുസ്‌ലിം സമുദായത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അവയില്‍ ചിലത് വളരെ ഗൗരവമേറിയ ശിര്‍ക്കാണ്. മുസ്‌ലിം സമുദായത്തിലെ അംഗത്വം നിഷേധിക്കപ്പെടാന്‍ മതിയായ ബഹുദൈവാരാധന വരെ അവയിലുള്‍പ്പെടുന്നു. ഇത്തരം വിഷയങ്ങളില്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം പണ്ഡിതന്മാരുടെ ബാധ്യതയാണല്ലോ. തദ്‌വിഷയകമായ ഇസ്‌ലാമിക വിധികള്‍ വിശദീകരിക്കുന്നത് ഉചിതമായിരിക്കും.
ഉത്തരം: ഖബ്‌റുകളുമായി ബന്ധപ്പെട്ട് ധാരാളം ശിര്‍ക്കന്‍ ആചാരങ്ങള്‍ സമുദായത്തിലുണ്ടെന്നത് ശരി തന്നെ. ശരിയായ വിധികളും അനിസ്‌ലാമികാചാരങ്ങളും കൂടിക്കലര്‍ന്ന് തദ്‌സംബന്ധമായ ശരിയായ ഇസ്‌ലാമിക വിധികള്‍ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ വരുന്നുമുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക ശരീഅത്ത് വിധികള്‍ വ്യക്തമാക്കേണ്ടത് പണ്ഡിതന്മാരുടെ കടമ തന്നെയാണ്. അറിവുള്ളവര്‍ തങ്ങളുടെ അറിവ് മറച്ചുവെക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും വ്യക്തമാക്കിയിട്ടുളളതാണ്. 'ജനങ്ങള്‍ക്ക് നാം വിശദീകരിച്ചു കൊടുത്ത ശേഷം ആ വ്യക്തമായ പ്രമാണങ്ങളും മാര്‍ഗദര്‍ശനവും മറച്ചുവെക്കുന്നവരെ അല്ലാഹുവും ശപിക്കുന്നവരൊക്കെയും ശപിക്കു'ന്നുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ കാണാം.
മണ്‍മറഞ്ഞവരെ വിളിച്ചു പ്രാര്‍ഥിക്കുക, അവരോട് രോഗശമനവും സഹായവും തേടുക തുടങ്ങിയ പല ശിര്‍ക്കുകളും ബിദ്അത്തുകളും പല നാടുകളിലും ഇന്നും നടക്കുന്നുണ്ടെന്നത് സുവിദിതമാണ്. ഒരര്‍ഥത്തില്‍ ജാഹിലിയ്യാ കാലത്ത് നടന്നിരുന്ന ശിര്‍ക്കില്‍നിന്നും വളരെയൊന്നും ഭിന്നമല്ല ഇതെന്നു കാണാം. അതിനാല്‍ ആ വിഷയത്തില്‍ സത്വരശ്രദ്ധ അനിവാര്യമത്രെ.
മനുഷ്യരെയും ജിന്നുകളെയും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് അല്ലാഹുവിന് ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാണ്. പ്രാര്‍ഥനകളും സഹായാഭ്യര്‍ഥനകളും നേര്‍ച്ചവഴിപാടുകളും ബലിയുമെല്ലാം അല്ലാഹുവിന് മാത്രമായിരിക്കുകയെന്നത് അവനുള്ള ഇബാദത്തിന്റെ തന്നെ ഭാഗവും അതിന്റെ തന്നെ അനിവാര്യ താല്‍പര്യങ്ങളുമാണ്. ''പറയുക, എന്റെ നമസ്‌കാരവും മറ്റു ആരാധനാ കര്‍മങ്ങളും എന്റെ ജീവിതവും മരണവുമെല്ലാം ലോകരക്ഷിതാവിനുളളതാകുന്നു. അവനല്ലാതെ മറ്റൊരിലാഹുമില്ല.'' ഇവിടെ പ്രതിപാദിക്കപ്പെട്ട ആരാധനാ കര്‍മങ്ങളില്‍പെട്ടതാണ് ബലിയും. 'അല്ലാഹു ഒഴികെയുള്ളവരുടെ പേരില്‍ ബലിയറുക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു'വെന്ന് നബി വ്യക്തമാക്കിയിട്ടുള്ളതാണ്. 'പള്ളികള്‍ അല്ലാഹുവിന്റേതാണ്. അല്ലാഹു ഒഴികെ മറ്റാരെയും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്' എന്നും വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഉദാ: സൂറ: ഫാത്വിറില്‍ സവിസ്തരം അല്ലാഹു പറയുന്നത് കാണുക: ''അല്ലാഹുവാകുന്നു നിങ്ങളുടെ നാഥന്‍. ആധിപത്യം അവനുള്ളതാണ്. അവനെ വെടിഞ്ഞ് നിങ്ങള്‍ പ്രാര്‍ഥിക്കുന്നവരാരും ഒരു പുല്‍ത്തടിയുടെ പോലും ഉടമസ്ഥരല്ല. നിങ്ങള്‍ അവരെ വിളിച്ചാല്‍ അവര്‍ക്കത് കേള്‍ക്കാനേ കഴിയുന്നില്ല. ഇനി കേട്ടാല്‍ തന്നെ അവര്‍ക്ക് ഉത്തരം നല്‍കാന്‍ സാധ്യമല്ല. പുനരുത്ഥാന നാളില്‍ നിങ്ങളുടെ ഈ പങ്കുചേര്‍ക്കലിനെ അവര്‍ നിഷേധിക്കും. സത്യാവസ്ഥയെക്കുറിച്ച് ഇത്രയും ശരിയായ വൃത്താന്തം നിങ്ങളോട് പറയാന്‍ ഒരു സൂക്ഷ്മജ്ഞനല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ല.
അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി നമസ്‌കരിക്കലും ആരാധനകളര്‍പ്പിക്കലും ബലിയറുക്കലും ബിംബങ്ങളെയും മരങ്ങളെയും കല്ലുകളെയും മരണമടഞ്ഞ പുണ്യവാളന്മാരെയും വിളിച്ചു പ്രാര്‍ഥിക്കലും ശിര്‍ക്കും കുഫ്‌റുമാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. അല്ലാഹു ഒഴികെ ആരെ വിളിച്ചു പ്രാര്‍ഥിച്ചാലും അവര്‍ ദൈവദൂതന്മാരോ ഔലിയാക്കളോ മലക്കുകളോ ബിംബങ്ങളോ ജിന്നുകളോ ആരായിരുന്നാലും പ്രാര്‍ഥന കേള്‍ക്കാനോ പ്രാര്‍ഥനക്ക് ഉത്തരം നല്‍കാനോ ഉപകാരമോ ഉപദ്രവമോ ചെയ്യാനോ അവര്‍ക്കാവില്ല. അല്ലാഹു അവരുടെ പ്രാര്‍ഥന സ്വീകരിക്കുകയുമില്ല.
അതിനാല്‍ നാം തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ട വിഷയമാണിത്. ശിര്‍ക്കിനോട് ഇസ്‌ലാം ഒരിക്കലും രാജിയാവുകയില്ല. ഇസ്‌ലാമില്‍ വന്‍കുറ്റമാണ് ശിര്‍ക്കെന്നു കൂടി ഇതിനോട് ചേര്‍ത്തു പറയണം. അതിനാല്‍ ഇത്തരം അനിസ്‌ലാമികാചാരങ്ങളോട് സമുദായം ഇന്ന് തുടരുന്ന അയഞ്ഞ നിലപാട് ഒട്ടും ഭൂഷണമല്ല. അതിന്റെ ഭവിഷ്യത്ത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്. പ്രവാചകന്മാര്‍ വന്നതു തന്നെ തൗഹീദിന്റെ സംസ്ഥാപനാര്‍ഥമാണ്. അല്ലാഹു പറയുന്നു: '' അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യണമെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ട് എല്ലാ സമുദായങ്ങളിലേക്കും നാം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്.''
പ്രവാചകന്മാര്‍ സ്ഥാപിച്ച തൗഹീദിന് കടക വിരുദ്ധമാണ് ഇത്തരം ശിര്‍ക്കന്‍ സമ്പ്രദായങ്ങളെന്ന് സാധ്യമായ സകല മാര്‍ഗേണയും നാമവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. നബിതിരുമേനി പതിമൂന്ന് വര്‍ഷക്കാലം മക്കാ നിവാസികളെ സമ്പൂര്‍ണ തൗഹീദിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. ശിര്‍ക്കിനെതിരെ സന്ധിയില്ലാ സമരം തന്നെ നടത്തി. പക്ഷേ വളരെ കുറച്ചു പേര്‍ മാത്രമാണ് തൗഹീദ് ഉള്‍ക്കൊണ്ടത്. പിന്നീട് അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് അവിടെയും മുഹാജിറുകളും അന്‍സാറുകളും ഉള്‍പ്പെടെ എല്ലാവരെയും തൗഹീദിലേക്ക് തന്നെ അദ്ദേഹം ക്ഷണിച്ചു. രാജാക്കന്മാര്‍ക്കും പ്രമാണിമാര്‍ക്കും അദ്ദേഹം കത്തുകളയച്ചു. തത്ഫലമായി ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നുവന്നു. ഇസ്‌ലാമിന് അവിടെ ആധിപത്യം ലഭിച്ചു. ഇസ്‌ലാം മറ്റു മതങ്ങളുടെ മേല്‍ വിജയം വരിച്ചു. 'തന്റെ ദൂതനെ സന്മാര്‍ഗവും സത്യദീനുമായി നിയോഗിച്ചത് അവനാകുന്നു; അതിനെ സകല ദീനിനേക്കാളും വിജയിപ്പിക്കുന്നതിന്-ബഹുദൈവാരാധകര്‍ക്ക് അതെത്ര അസഹ്യമായാലും ശരി' (61: 9) എന്ന സൂക്തം സൂചിപ്പിക്കുന്നത് അക്കാര്യമാണ്. തത്ഫലമായി മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെടുന്ന അറേബ്യന്‍ ഉപദ്വീപില്‍നിന്ന് ശിര്‍ക്ക് പാടേ തുടച്ചുനീക്കപ്പെട്ടു.
ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ മുസ്‌ലിം സമുദായത്തില്‍ ഇപ്പോഴും ശിര്‍ക്കും ശിര്‍ക്കിലേക്ക് വഴിവെക്കുന്ന പ്രവര്‍ത്തനങ്ങളും നിലനില്‍ക്കുന്നുവെന്നത് ദുഃഖകരമാണ്.
ഖബ്‌റുകളില്‍ നമസ്‌കരിക്കുക, ഖുര്‍ആന്‍ പാരായണം നടത്തുക, അവയുടെ മേല്‍ പള്ളികള്‍ കെട്ടിപ്പൊക്കുക ആദിയായവയെല്ലാം ഗുരുതരമായ ശിര്‍ക്കാണ്. നബിതിരുമേനി വിലക്കിയതുമാണ്. തങ്ങളുടെ ദൈവദൂതന്മാരുടെ ഖബ്‌റുകളെ പള്ളിയാക്കിയ ജൂത-ക്രൈസ്തവ സമുദായങ്ങളെ അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു ഹദീസിലൂടെ അദ്ദേഹം പറയുന്നു: ''നിങ്ങള്‍ക്കു മുമ്പുള്ളവര്‍ ഖബ്‌റുകളെ പള്ളികളാക്കിയിരുന്നു. നിങ്ങളൊരിക്കലും അങ്ങനെ ചെയ്യരുത്. ഞാന്‍ നിങ്ങള്‍ക്കത് നിരോധിച്ചിരിക്കുന്നു'' (മുസ്‌ലിം).
ജൂതന്മാരും ക്രൈസ്തവരും തങ്ങളുടെ പുണ്യവാളന്മാരുടെ ഖബ്‌റുകളെ ആരാധനാലയങ്ങളാക്കിയതിനെ നിശിതമായി വിമര്‍ശിച്ച നബിതിരുമേനി അവയില്‍ നമസ്‌കാരമോ ഖുര്‍ആന്‍ പാരായണമോ ഭജനമിരിക്കലോ ഒന്നും ചെയ്തുപോകരുതെന്ന് കര്‍ശനമായി താക്കീതു നല്‍കുന്ന ധാരാളം ഹദീസുകളുണ്ട്. ഖബ്‌റുകള്‍ കെട്ടിപ്പൊക്കുകയും അവയില്‍ ഖുബ്ബകളും വിരികളും സ്ഥാപിക്കുകയും ചെയ്യുന്നത് ഗുരുതരമായ ശിര്‍ക്ക് തന്നെ.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നബി (സ) ഇത്രത്തോളം താക്കീത് ചെയ്തിട്ടും ജൂത-ക്രൈസ്തവരില്‍നിന്ന് മുസ്‌ലിം സമുദായത്തിലെ ചിലര്‍ അവിവേകം മൂലമോ അറിവില്ലായ്മയാലോ ഇത്തരം ശിര്‍ക്കന്‍ പ്രവൃത്തികള്‍ പകര്‍ത്തിയെടുത്തു. അവര്‍ മണ്‍മറഞ്ഞ ഖബ്‌റാളികള്‍ക്ക് ഇബാദത്ത് ചെയ്യുന്നു. അവരുടെ പേരില്‍ നേര്‍ച്ച വഴിപാടുകള്‍ നടത്തുന്നു. അവരോട് പ്രാര്‍ഥിക്കുകയും സഹായാഭ്യര്‍ഥന നടത്തുകയും ചെയ്യുന്നു. രോഗശമനത്തിനും ശത്രുക്കള്‍ക്കെതിരെ വിജയം നേടാനും അവരോട് സഹായാഭ്യര്‍ഥന നടത്തുന്നു. ഹുസൈന്‍ (റ), ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി തുടങ്ങിയ മഹാന്മാരുടെ പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന ശിര്‍ക്കന്‍ ദുരാചാരങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ഖബ്‌റുകളില്‍ കുമ്മായമിടുന്നതും എഴുതിവെക്കുന്നതും നബിതിരുമേനി വിലക്കിയിരിക്കുന്നു.
ഇത്തരം വിഷയങ്ങളില്‍ സമുദായം തുടരുന്ന അയഞ്ഞ നിലപാടിനെ ശക്തമായി എതിര്‍ക്കാന്‍ പണ്ഡിതന്മാര്‍ രംഗത്തു വരണം. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും അഗാധമായ അറിവുള്ള പണ്ഡിതന്മാരുടെ ഭാഗത്തുനിന്നും തികഞ്ഞ ജാഗ്രത വേണം.
ഇവ്വിഷയകമായ ഇസ്‌ലാമിക വിധികള്‍ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും കണ്ടെത്താനും അറിവുള്ളവരോട് ചോദിച്ച് സംശയനിവാരണം നടത്താനും സമുദായം തയ്യാറാവണം. തൗഹീദ് ഇസ്‌ലാമിന്റെ അടിസ്ഥാനമാണ്. തൗഹീദിലൂടെ മാത്രമേ അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കാനും ശിര്‍ക്കില്‍നിന്നും നരക ശിക്ഷയില്‍ നിന്നും രക്ഷ നേടാനും കഴിയൂ. അല്ലാഹുവിന് മാത്രം നിഷ്‌കളങ്കമായി ഇബാദത്ത് ചെയ്യുകയെന്നതിന്റെ താല്‍പര്യവും അതത്രെ.
വിവ: കെ.കെ ഫാത്വിമ സുഹ്‌റ