നാം എത്ര പുരോഗമിച്ചു എന്നവകാശപ്പെട്ടാലും സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തിലുള്ള പദവി, ലോകാടിസ്ഥാനത്തില്‍ തന്നെ തികച്ചും പരിതാപകരമാണ്.
(ഓര്‍മ്മതാളില്‍ നിന്ന്)
നാം എത്ര പുരോഗമിച്ചു എന്നവകാശപ്പെട്ടാലും സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തിലുള്ള പദവി, ലോകാടിസ്ഥാനത്തില്‍ തന്നെ തികച്ചും പരിതാപകരമാണ്. പല കാര്യങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള വികസിത രാജ്യങ്ങളില്‍ പോലും സുപ്രധാന ജീവിത രംഗങ്ങളില്‍ സ്ത്രീകള്‍ക്കര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. മൊത്തത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആധുനിക രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നുണ്ട് എങ്കിലും അതോടൊപ്പം പരമ്പരാഗതമായി സ്ത്രീകള്‍ അനുഭവിച്ചുവന്നിരുന്ന പല ആനുകൂല്യങ്ങളും അവകാശങ്ങളും സാമ്പത്തിക വികസനത്തിന്റെ ഫലമായി ഹനിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നുണ്ട്. ഉദാഹരണമായി, നൈജീരിയയില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം കാരണമായി സ്ത്രീകളുടെ സാമൂഹ്യ പദവിക്കുലച്ചില്‍ തട്ടിയതായി പഠനങ്ങള്‍ തെളിയിക്കുന്നു.
നമ്മുടെ നാട്ടിലെ സ്ത്രീകളുടെ നില സാമ്പത്തിക പുരോഗതിയുടെ ഫലമായി മെച്ചപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ സ്ത്രീകളുടെ ജോലിഭാരം വര്‍ധിച്ച സാഹചര്യവും ഇവിടെതന്നെ കാണാം. അതേ സമയം ഒരു രാഷ്ട്രത്തിന്റെ മൊത്തം സാമ്പത്തിക പുരോഗതിക്ക് നിദാനമായ ഘടകങ്ങളെ വിലയിരുത്തുമ്പോള്‍ സത്രീകള്‍ വഹിക്കുന്ന പങ്ക് അവഗണിക്കപ്പെടുകയും ചെയ്യുന്നു. എത്രത്തോളമെന്നു ചോദിച്ചാല്‍ ഉല്‍പാദനത്തില്‍ സത്രീകള്‍ക്കുള്ള പങ്ക് എന്ന് പറഞ്ഞാല്‍ പ്രത്യുല്‍പ്പാദനത്തില്‍ അവര്‍ക്കുള്ള പങ്ക് എന്നാണ് പലപ്പോഴും മനസ്സിലാക്കുക.
സേവനപ്രവര്‍ത്തനങ്ങള്‍
നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ പിന്‍പറ്റേണ്ട അലിഖിത നിയമമാണ് നേരത്തെ ഉണരുക, താമസിച്ചുറങ്ങുക എന്നത്. മറ്റൊന്ന് പുരുഷന്മാര്‍ ആദ്യം, സ്ത്രീകള്‍ സാവധാനം എന്നതും. വീട്ടിനുള്ളില്‍ സ്ത്രീകള്‍ സ്ഥിരം ആതിഥേയകളും പുരുഷന്മാര്‍ അതിഥികളുമാണ്. ഭൂരിപക്ഷം സ്ത്രീകളും രാവിലെ മുതല്‍ രാത്രിവരെ അടുക്കളയില്‍ ബന്ധിതരാണ്. ദിവസവും അനേകം വീട്ടുജോലികള്‍ ചെയ്തു തീര്‍ക്കേണ്ട അവര്‍ക്ക് അത്യാവശ്യവും വിശ്രമത്തിനുള്ള സമയം കൂടി കിട്ടാറില്ല. സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ ഒഴിവുസമയം കിട്ടിയേക്കാം. അതിനാല്‍ അവരാണ് സമൂഹ സേവനപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങേണ്ടത്. ഒപ്പം ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കാനും, അങ്ങനെ ലഭിക്കുന്ന സമയത്തിലൊരംശം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാനും കഴിയുമോ എന്നും ചിന്തിക്കാവുന്നതാണ്.
ഭക്ഷണം ശ്രദ്ധിക്കുക.
കേരളീയരുടെ ഭക്ഷണശീലം, വിശേഷിച്ച് മുസ്‌ലിംകളുടെ ഭക്ഷണശീലം, ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കുന്നത് നന്നായിരിക്കും. നാം അനുവര്‍ത്തിക്കുന്ന പല പാചകരീതികളും നമുക്ക് പ്രിയപ്പെട്ട പലവിഭവങ്ങളും അടുക്കളജോലി സങ്കീര്‍ണ്ണമാക്കുന്നവയാണ് ചില പ്രദേശങ്ങളില്‍, വിശേഷിച്ച് അല്‍പം സാമ്പത്തികശേഷിയുള്ളവര്‍ക്കിടയില്‍, വയറിനാണ് തലയേക്കാള്‍ പ്രാധാന്യം. സാമൂഹികപദവിയുടെ അളവുകോലായി മാറിയിട്ടുണ്ട്, മിക്കയിടങ്ങളിലും ഭക്ഷണപ്പൊലിമ. വിദ്യാഭ്യാസമുള്ളവര്‍പോലും തങ്ങളുടെ വൈജ്ഞാനിക നിലവാരത്തേക്കാള്‍ വിലമതിക്കുന്നത്, തങ്ങളുടെ സ്ത്രീകളുണ്ടാക്കുന്ന വിഭവങ്ങളുടെ രൂചിവൈശിഷ്ട്യവും വൈവിധ്യവുമത്രെ. ജീവിക്കാന്‍ വേണ്ടി ഭക്ഷിക്കുക എന്നതിന് പകരം ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കുക എന്ന അവസ്ഥയിലേക്ക് നീങ്ങാന്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി പലരെയും പ്രേരിപ്പിക്കുന്നു.
കൂടുതല്‍ പോഷകമൂല്യമുള്ള രുചികരമായ സമീകൃതാഹാരം, ഏറ്റവും ലളിതമായ രീതിയില്‍ ചുരുങ്ങിയ സമയംകൊണ്ട് പാചകം ചെയ്യുന്ന രീതി, ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണ്. സ്ത്രീകള്‍ നിര്‍വ്വഹിക്കുന്ന ഗാര്‍ഹിക ജോലികള്‍ ലഘൂകരിക്കാനും അവ നിര്‍വ്വഹിക്കുന്നതില്‍ കഴിയുന്നിടത്തോളം അവരെ സഹായിക്കാനും പുരുഷന്മാര്‍ തയ്യാറാകേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തില്‍ ഒട്ടൊക്കെ പാശ്ചാത്യമാതൃക സ്വീകരിക്കാവുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് ഭക്ഷണം തയ്യാറാക്കുന്നത് പോലെ തന്നെ, പാചക പ്രക്രിയ അധികം ആവശ്യമില്ലാത്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതുമൊക്കെ നമുക്കും അനുവര്‍ത്തിക്കാവുന്ന രീതികളാണ്. അതുവഴി മറ്റു പ്രധാനകാര്യങ്ങള്‍ക്ക് സമയം കണ്ടെത്താവുന്നതാണ്. കാരണം അല്‍പം കൊണ്ടുമാത്രം മനുഷ്യന് ജീവിക്കുക സാധ്യമല്ലല്ലോ.
ആധുനിക കാലത്ത് ആരോഗ്യരംഗത്ത് കണ്ടെത്തിയ ഗവേഷണ ഫലങ്ങള്‍ സ്പഷ്ടമാക്കുന്നത് മിക്ക രോഗങ്ങളുടെയും ഉറവിടം ഭക്ഷണത്തിലെ ക്രമക്കേടുകളാണെന്നാണ്. ഭക്ഷണത്തിന്റെ കുറവല്ല മറിച്ച് ആധിക്യമാണ് പല രോഗങ്ങളുടെയും നിദാനം. പ്രകൃതി വിഭവങ്ങള്‍ ആവശ്യത്തിന് മാത്രം പാകപ്പെടുത്തി മിതമായ തോതില്‍ ഭക്ഷിക്കുകയും, ആവശ്യത്തിനുള്ള വ്യായാമമുണ്ടായിരിക്കുകയും ചെയ്യുക എന്നതാണ് ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം. ആ നിലയില്‍ ചിന്തിക്കുമ്പോഴും ഭക്ഷണരംഗത്തെ ലാളിത്യം ഏറ്റവും പ്രധാനമാണെന്ന് കാണാം.
സ്ത്രീകള്‍ ഇന്ന് വീടുകളില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളെല്ലാം അന്തിമവിശകലനത്തില്‍ സമൂഹക്ഷേമ പ്രവര്‍ത്തനങ്ങളാണെന്ന് കാണാന്‍ പ്രയാസമില്ല. പുരുഷന്മാര്‍ക്ക് അവര്‍ നിര്‍വ്വഹിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സമയവും സൗകര്യവും നല്‍കുന്നത് സ്ത്രീകളാണ്. സ്ത്രീകളുടെ പിന്തുണയും പ്രോത്സാഹനവുമാണ് പല മഹാന്മാരെയും മഹാന്മാരാക്കിത്തീര്‍ത്തിട്ടുള്ളത്. പുരുഷന്മാരേ, നിങ്ങളല്ല, ഞങ്ങളാണ് യഥാര്‍ത്ഥ രാഷ്ട്രനിര്‍മാതാക്കളെന്ന് സരോജിനി നായിഡു പ്രസംഗിക്കുകയുണ്ടായി. പുരുഷനെ ഉന്നതനാക്കാനോ അധമനാക്കാനോ സ്ത്രീകള്‍ക്ക് കഴിവുണ്ട്. അതിനാല്‍ സ്ത്രീയും പുരുഷനും സഹകരണത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവരുടെ കര്‍ത്തവ്യങ്ങള്‍ പരസ്പരബഹുമാനവും സന്മനോഭാവവും കുടുംബജീവിതത്തിന് അത്യന്താപേക്ഷിതമാണ്. കുടുംബക്ഷേമത്തിലൂടെയാണ് സമൂഹക്ഷേമത്തിലേക്കുള്ള വഴി.
ഭരണകര്‍ത്താക്കള്‍
നല്ല ഭരണകര്‍ത്താക്കളെയും നല്ല ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയുമെല്ലാം വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാതാക്കളെന്ന നിലയില്‍ നിര്‍വഹിക്കാനുള്ള പങ്ക് അപരിമിതമാണ്. അമ്മമാര്‍ ഗൃഹഭരണം നടത്തുന്നവര്‍ മാത്രമായാല്‍ പോരാ, അനുകമ്പയുള്ള ആതുരശുശ്രൂഷകരായിരിക്കണം. കുഞ്ഞുങ്ങളെ ഉല്‍ബുദ്ധരാക്കുന്ന സംസ്‌കാരമതികളായിരിക്കണം; ഭര്‍ത്താക്കന്മാരുടെ വിവേകമതികളായ ഉപദേഷ്ടാക്കളായിരിക്കണം. ഇതൊക്കെ സാധിക്കണമെങ്കില്‍ അമ്മമാര്‍ക്ക് വിദ്യാഭ്യാസം വേണം. വിദ്യഭ്യാസമുണ്ടെങ്കിലേ, സമൂഹത്തോടുള്ള ബാധ്യതകളെപ്പറ്റി വ്യക്തമായ ധാരണ അവര്‍ക്കുണ്ടാവുകയുള്ളൂ. എങ്കില്‍ മാത്രമേ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാനുള്ള പ്രചോദനം കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍ കഴിയൂ.
പക്ഷേ, ഇന്നും സ്ത്രീകള്‍ക്ക് വിദ്യഭ്യാസം നേടുന്നതില്‍ പല തടസ്സങ്ങളും നിലനില്‍ക്കുന്നു. ഒന്നാമത്തെ പ്രശ്‌നം, സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടാന്‍ തക്ക വിദ്യാഭ്യാസം പുരുഷന്മാര്‍ക്കില്ല എന്നതാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന യഥാസ്ഥിതിക മനോഭാവവും പുരുഷന്‍മാരുടെ നിക്ഷിപ്ത താല്‍പര്യങ്ങളും പാരമ്പര്യത്തിന്റെ ചങ്ങലക്കെട്ടുകളുമെല്ലാം സ്ത്രീവിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്ന അന്തരീക്ഷം സമൂഹത്തില്‍ നിലനിര്‍ത്തുന്നു. വേറൊരു പ്രശ്‌നം പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റിയ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കുറവാണ്. പുറമെ ജനങ്ങളുടെ സാമ്പത്തിക പരാധീനതകളുമുണ്ട്. ദൂരെയുള്ള കലാലയങ്ങളില്‍ പോയി പഠിക്കുക എന്നത് പെണ്‍കുട്ടികളെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. കൂടാതെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മകളുമുണ്ട്. ഉദാഹരണമായി ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സ്ത്രീകള്‍ക്കാവശ്യമുള്ള പല പാഠ്യപദ്ധതികളും ഇല്ല. ജനവിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, ഗൃഹപരിപാലനം, ശുചിത്വം തുടങ്ങി സ്ത്രീകള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങളുള്‍കൊള്ളുന്ന ഒരു അനൗദ്യോഗിക വിദ്യാഭ്യാസ പരിപാടി സ്ത്രീകള്‍ക്ക് മാത്രമായി സന്നദ്ധ സംഘടനകള്‍ക്ക് നടപ്പാക്കാവുന്നതാണ്. ഇതോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് നടത്താവുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നേതൃത്വപരിശീലനവും നല്‍കാന്‍ കഴിയും. ഇതുവഴി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവക്ക് പരിഹാരം കാണാനുമുള്ള കഴിവും അതിനുള്ള സന്നദ്ധതയും അവരില്‍ വളര്‍ത്തിയെടുക്കാന്‍ പറ്റും.
പുരുഷനേക്കാള്‍ ശക്ത
സ്ത്രീകളെ സംബന്ധിച്ചേടത്തോളം ക്ഷേമപ്രവര്‍ത്തനം എന്നത് അവരുടെ ഗാര്‍ഹിക ജീവിതത്തിന്റെ തുടര്‍ച്ചയായിരിക്കണം. സ്ത്രീകളുടെ നൈസര്‍ഗ്ഗിക വാസനകളും സ്വഭാവവിശേഷങ്ങളും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താവുന്ന ക്ഷേമപ്രവര്‍ത്തനങ്ങളിലാണവര്‍ വ്യാപൃതരാവേണ്ടത്. സൗമ്യത, വിനയം, വിശ്വാസം, ത്യാഗമനോഭാവം, ക്ഷമ എന്നീ ഗുണങ്ങള്‍ സ്ത്രീകളുടെ പൊതുവിലുള്ള സവിശേഷതകളാണ്. ഈ ഗുണങ്ങള്‍ ഒരര്‍ത്ഥത്തില്‍ അവരെ പുരുഷന്മാരെക്കാള്‍ ശക്തരാക്കുന്നു. ഈ സവിശേഷതകള്‍ കൂടുതലായി ആവശ്യമുള്ള പ്രവര്‍ത്തനരംഗങ്ങള്‍ സ്ത്രീകള്‍ക്ക് വിട്ടുകൊടുക്കേണ്ടതാണ്. അതേസമയം, കൂടുതല്‍ അധ്വാനവും ചലനക്ഷമതയും ആവശ്യമായ രംഗങ്ങളില്‍ നിന്ന് അവരെ മുക്തരാക്കുകയും വേണം.
മുസ്‌ലിം സമൂഹങ്ങളില്‍ പൊതുവിലും സ്ത്രീകളുടെയിടയില്‍ വിശേഷിച്ചും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ നിരക്ഷരതയും സാമ്പത്തിക പരാധീനതയുമായി ബന്ധപ്പെട്ടതാണ്. അന്ധവിശ്വസങ്ങളും അനാചാരങ്ങളും പണ്ടത്തെപ്പോലെ ഇന്നും മുസ്‌ലിം സമൂഹത്തെ കാര്‍ന്നു തിന്നുന്നു. അവയ്‌ക്കെതിരെയുള്ള ഏറ്റവും ശക്തമായ പ്രതിരോധനടപടി വിദ്യാഭ്യാസം പ്രചരിപ്പിക്കുകയാണ്. കാരണം, ആത്മീയവും ഭൗതികവുമായ വശങ്ങളുള്‍കൊള്ളുന്ന ഒരു സമതുലിത വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം ഉറവിടം. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ നിന്ന് വ്യതിചലിച്ച ഒരുസമൂഹം അനാചാരങ്ങളുടെ പിന്നാലെ പോകുന്നതിലോ, മന്ത്രവാദികളുടെ പിടിയിലകപ്പെടുന്നതിലോ അത്ഭുതത്തിനവകാശമില്ല.
ഇനി, സാമ്പത്തിക പരാധീനതയുടെ കാര്യമെടുക്കുക. ദാരിദ്ര്യം. മനുഷ്യനെ പല തിന്മകളിലേക്കുള്ള സകല കവാടങ്ങളും ബന്ധിച്ച ഇസ്‌ലാം ദാരിദ്രോച്ചാടനത്തിനു തക്കതായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും പ്രയോഗവല്‍ക്കരിച്ചു ജീവിക്കേണ്ട ഇസ്‌ലാമിനെ ബാഹ്യാനുഷ്ഠാനങ്ങളുടെ യാന്ത്രികതയില്‍ പരിമിതപ്പെടുത്തി തൃപ്തിയടയാനാണ് നാം ശ്രമിക്കുന്നത്. അതിനാല്‍ അശരണരായ സഹോദരങ്ങളുടെ കാര്യം നാം മറന്നുപോകുന്നു. നമ്മെ സംബന്ധിച്ചിടത്തോളം പുരോഗതി എന്നത് സമ്പത്തിലും ഭൗതിക സുഖഭോഗങ്ങളിലും ആറാടുക എന്നത് മാത്രമായിരിക്കുന്നു. അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ എന്റെ സമൂഹത്തില്‍ പെട്ടവനല്ല എന്ന നബി വചനത്തില്‍, ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ സത്ത കുടികൊള്ളുന്നു. ആ സത്ത ഉള്‍കൊണ്ട് നമ്മുടെ സമൂഹത്തിലെ അഗതികളുടെ കൈപിടിച്ചുയര്‍ത്താന്‍ സ്ത്രീകള്‍ക്ക് അവരുടേതായ പങ്ക് നിര്‍വഹിക്കാനുണ്ട്.
സ്ത്രീധനമെന്ന പൊല്ലാപ്പ്
സ്ത്രീകളെ പൊതുവില്‍ ബാധിക്കുന്ന രണ്ട് പ്രശ്‌നങ്ങളാണ് സ്ത്രീധനവും വിവാഹമോചനവും. സ്ത്രീധനത്തിന്റെ പ്രശ്‌നം ഇന്ന് മുസ്‌ലിം സമൂഹം ഗൗരവത്തില്‍ കണക്കിലെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീക്ക് സ്വത്തവകാശവും ക്രയവിക്രയാധികാരവും അനുവദിച്ച ഇസ്‌ലാമില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നാണ് സ്ത്രീധനം. പുരുഷന്‍, സ്ത്രീ എന്നതാണ് മതത്തിന്റെ കല്‍പന. സ്ത്രീയുടെ വീട്ടുകാരില്‍ നിന്നും പുരുഷന്റെ വീട്ടുകാര്‍ വിവാഹത്തിന് നിബന്ധനയായി വന്‍തുക കൈപ്പറ്റുന്ന രീതി ഇസ്‌ലാമിന് അന്യമാണ്. എന്നാല്‍ അതാണ് സമുദായത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ദുരാചാരം. ഇതിനെതിരില്‍ പുരുഷന്മാരെപ്പോലെത്തന്നെ സ്ത്രീകള്‍ക്കും ആദര്‍ശ ധൈര്യം പുലര്‍ത്താന്‍ അവസരമുണ്ട്. എങ്കില്‍ മാത്രമേ, ഈ വിന സമുദായത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യപ്പെടുകയുള്ളൂ.
ഇന്ന് മുസ്‌ലിം സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് അനഭിലഷണീയമായ വിവാഹമോചനം. ചിലപ്പോള്‍ വിവാഹമോചനം അനിവാര്യമായേക്കാം. ആ സന്ദര്‍ഭങ്ങളിലേക്ക് മാത്രമാണ്, ഇസ്‌ലാം അതിനംഗീകാരം നല്‍കിയിട്ടുള്ളത്. ഉദാഹരണമായി ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുജീവിക്കാന്‍ പറ്റാത്ത വിധത്തില്‍ മാനസികമായി അകന്നുപോവുമ്പോള്‍ വിവാഹമോചനം ഒരു രക്ഷാമാര്‍ഗമായി ഭവിക്കും. അല്ലെങ്കില്‍ ജീവിതം നരകതുല്യമായിരിക്കും. അതേ സമയം തികഞ്ഞ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല വിവാഹമോചനം. കാരണം അത് അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും വെറുക്കപ്പെട്ടതാണ്. വിവാഹം കേവലം ഒരു കരാര്‍ അല്ല. അത് പ്രായപൂര്‍ത്തിയായ ഒരു മുസ്‌ലിമിന്റെ മതപരമായ ബാധ്യതയും അല്ലാഹുവിനെ സാക്ഷിനിര്‍ത്തി, രണ്ട് പേര്‍ ഏര്‍പ്പെടുന്ന പുണ്യകര്‍മവുമാണ്. സമൂഹത്തിന്റെ അടിസ്ഥാന ഘടകം കുടുംബവും, കുടുംബത്തിന്റെ ആധാരം ഭാര്യാഭര്‍തൃ ബന്ധവുമാണ്. അതുകൊണ്ട് ഭാര്യാഭര്‍തൃ ബന്ധത്തിലുള്ള ഉലച്ചില്‍ കുടുംബശൈഥില്യത്തിനും സമൂഹഭദ്രതയെ തുരങ്കംവെക്കുന്നതിനും കാരണമാകുന്നു. വിവാഹമോചനത്തിലൂടെ സുരക്ഷിതബോധം നഷ്ടപ്പെട്ട സ്ത്രീകളും അവരുടെ സന്താനങ്ങളും സമൂഹത്തിന്റെ ശാന്തിക്കും കെട്ടുറപ്പിനും ഭീഷണിയാവാനും സാധ്യതയുണ്ട്.
നിസ്സാരവും നൈമിഷികവുമായ കാരണങ്ങളാല്‍ സ്ത്രീകളെ മൊഴിചൊല്ലുന്നവര്‍ അവര്‍ ചെയ്യുന്ന ദ്രോഹത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായിട്ടാണവര്‍ പ്രവര്‍ത്തിക്കുന്നത് എന്നതും അവര്‍ മനസ്സിലാക്കുന്നില്ല. ഒരു വിഭാഗം പണ്ഡിതന്മാരും സാമുദായിക നേതാക്കളും തങ്ങളുടെ കടമ വേണ്ടവിധം നിര്‍വ്വഹിക്കാത്തതുകൊണ്ടും തെറ്റായ മാതൃക പ്രദാനം ചെയ്യുന്നതുകൊണ്ടുമാകാം ഇക്കാര്യം സാധാരണക്കാര്‍ നിസ്സാരമായി കാണുന്നത്. നിങ്ങളുടെ സ്ത്രീകളോട് നിങ്ങള്‍ നല്ലനിലയില്‍ വര്‍ത്തിക്കുക എന്നത് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ഭര്‍ത്താക്കന്മാരെ ഭാര്യമാരുടെ രക്ഷാകര്‍ത്താക്കളായി നിയോഗിച്ചത് അവരെ അടിമകളാക്കാനല്ല, മറിച്ച് ഭാര്യമാരെയും സന്താനങ്ങളെയും സംരക്ഷിക്കാനാണ്. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. ഭാര്യയുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ പോലും ഇസ്‌ലാം സ്ത്രീക്ക് അവകാശം നല്‍കിയിട്ടുണ്ട്. ഇത് ഒരു ഖാസിയില്‍ കൂടി ആയിരിക്കണമെന്നേയുള്ളൂ.
ഇസ്‌ലാം ഒരു പ്രായോഗിക വ്യവസ്ഥയായതുകൊണ്ട് മാത്രമാണ് വിവാഹമോചനം അനുവദിച്ചിട്ടുള്ളത്. വിവാഹമോചനം ഒഴിവാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഖുര്‍ആനില്‍ സ്പഷ്ടമായി നിര്‍ദ്ദേശിക്കുന്നുണ്ട്. ആ നടപടികള്‍ ഒക്കെ കൈകൊണ്ടതിന് ശേഷം എല്ലാ അനുരഞ്ജന ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ തുടര്‍ന്നും ഒന്നിച്ചു ജീവിക്കുന്നതിനെക്കാള്‍ നല്ലത് വേര്‍പിരിയുന്നതാണ് എന്ന് പരിപൂര്‍ണ്ണമായും ബോധ്യം വരുമ്പോള്‍ മാത്രം സ്വീകരിക്കേണ്ട ഒരു കാര്യമാണ് വിവാഹമോചനം. ഖുര്‍ആനില്‍ വിവാഹമോചനത്തെപ്പറ്റി പറഞ്ഞിട്ടുള്ളത് അല്ലാഹുവിന്റെ വചനങ്ങളെ ലാഘവത്തോടെ സ്വീകരിക്കരുതെന്ന് (11: 231) പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതൊക്കെയായിട്ടും ഏറ്റവും പരിഹാസ്യമായ രീതിയില്‍ യാതൊരു മനസാക്ഷിയുമില്ലാതെ ഒട്ടും ദൈവഭയമില്ലാതെ അങ്ങേയറ്റത്തെ മര്‍ക്കടമുഷ്ടിയോടെയാണ് പലരുമിക്കാര്യം അവലംബിക്കുന്നതെന്ന ദുഖസത്യമാണ് ഈ വിഷയത്തില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ഖുര്‍ആന്‍ മാതൃകയാക്കുക
ഇന്ന് മുസ്‌ലിം സമുദായത്തില്‍ പ്രകടമായ മിക്ക പ്രശ്‌നങ്ങളുടെയും കാരണം, മുസ്‌ലിംകള്‍ ഇസ്‌ലാമികാടിത്തറയില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടോ അഥവാ ഇസ്‌ലാമിക വിശ്വാസാചാരങ്ങളെ വികലമായി മനസ്സിലാക്കുന്നതുകൊണ്ടോ ആണ്. എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരം തേടേണ്ടത് ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലാണെന്ന ബോധം മുസ്‌ലിംകള്‍ ഉള്‍കൊണ്ടിട്ടില്ലാത്തതുകൊണ്ടാണ് ഇതര പ്രത്യയശാസ്ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും പിന്നാലെ അവര്‍ പായുന്നത്.
ഇസ്‌ലാമിക ദൃഷ്ട്യാ വിവാഹത്തിന് ശാരീരിക ബന്ധമെന്നതിലപ്പുറം എത്രയോ വിശാലമായ അര്‍ത്ഥമാണുള്ളത്. ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് വ്യക്തമായ കടമകളും അവകാശങ്ങളും ഇസ്‌ലാം വിധിച്ചിട്ടുണ്ട്. അവയൊന്നും ഒരു ഏകദേശ രൂപത്തില്‍ പോലും മനസ്സിലാക്കാത്തവരും പലപ്പോഴും ശാരീരികവും മാനസികവുമായി വിവാഹത്തിനു തയ്യാറാകാത്തവരുമായ ചെറിയ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്നത് വിവാഹമോചനത്തിലേക്കു നയിക്കാന്‍ സാധ്യതയുള്ള ഒരു ഘടകമാണ്. മക്കളുടെ വിവാഹക്കാര്യം പിതാക്കന്മാര്‍ സ്വന്തം നിലയില്‍ തീരുമാനിക്കേണ്ടതല്ല. മാതാക്കളുടെയും വിവാഹിതരാകാന്‍ പോകുന്ന കുട്ടികളുടെയും അഭിപ്രായം ഇക്കാര്യത്തില്‍ ആരേയേണ്ടതുണ്ട്. ഒരു സ്ത്രീയോട് അഭിപ്രായം ചോദിക്കാതെ പിതാവ് കല്യാണം കഴിച്ചുകൊടുത്തതിനെപ്പറ്റി ആ സ്ത്രീ പ്രവാചകനോട് പരാതി പറഞ്ഞ സംഭവം പ്രസിദ്ധമാണ്. ആ വിവാഹത്തില്‍ ആ സ്ത്രീ അസംതൃപ്തയാണെന്നറിഞ്ഞപ്പോള്‍ അവരുടെ പിതാവിനെ വിളിച്ച് വിവാഹം വേര്‍പെടുത്താന്‍ നബി (സ) കല്‍പ്പിച്ചു. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു. ''എന്റെ പിതാവ് ചെയ്തതിന് ഞാന്‍ സമ്മതം നല്‍കിയിരിക്കുന്നു. പിതാക്കന്മാര്‍ക്ക് ഇക്കാര്യത്തില്‍ ഒരധികാരവുമില്ല എന്ന് സ്ത്രീകള്‍ അറിയണമെന്ന് മാത്രമേ എനിക്കുദ്ദേശമുള്ളൂ''.
ഈ സംഭവത്തില്‍ നിന്ന് മൂന്ന് സംഗതികള്‍ തെളിയുന്നു. 1. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ആ സ്ത്രീയെ വിവാഹം കഴിച്ചുകൊടുക്കാന്‍ ആര്‍ക്കും അവകാശമില്ല. കാരണം ആ വിവാഹം കൊണ്ടുള്ള ഗുണവും ദോഷവും ആ സ്ത്രീയാണനുഭവിക്കുക. ഏറ്റവും വ്യക്തിപരമായ അനേകം പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവാഹം പുറമെ നിന്ന് ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചാല്‍ അത് ഗുണം ചെയ്യാന്‍ സാധ്യതയില്ല. 2. ഒരു പെണ്‍കുട്ടിക്ക് വിവാഹത്തിന്റെ അര്‍ത്ഥവും പ്രാധാന്യവും ശരിക്ക് മനസ്സിലാക്കാനുള്ള പ്രായമായതിനു ശേഷമേ കല്യാണം കഴിച്ചുകൊടുക്കാവൂ. ഭാര്യയുടെ കടമകളെപ്പറ്റി യാതൊന്നുമറിയാത്ത പെണ്‍കുട്ടികളെ തികച്ചും അപരിചിതനായ പുരുഷനുമൊത്ത് യാതൊരു വീണ്ടു വിചാരവുമില്ലാതെ പറഞ്ഞയക്കുന്നത് ഇസ്‌ലാമിന്റെ അന്തസത്തക്ക് നിരക്കുന്നതല്ല. 3. നബി (സ) യുടെ കാലത്ത് സ്ത്രീകള്‍ പൊതുകാര്യങ്ങളില്‍ സ്വന്തം നിലയില്‍ താല്‍പര്യമെടുത്തിരുന്നുവെന്നും അതിന് നബിയുടെ അംഗീകാരമുണ്ടായിരുന്നുവെന്നും കൂടി നമുക്ക് മനസ്സിലാക്കാം. നബി(സ)യുടെ കാലം കഴിഞ്ഞ് പത്തു നൂറ്റാണ്ടുകള്‍ക്ക് ശേഷവും സ്ത്രീക്ക് ആത്മാവുണ്ടോ ഇല്ലയോ എന്നത് പാശ്ചാത്യന്‍ ക്രിസ്തീയ പണ്ഡിതരുടെ ഇടയില്‍ തര്‍ക്കവിഷയമായിരുന്നുവെന്നോര്‍ക്കുക. അതുപോലെ, ഭര്‍ത്താവ് ഏതു തരക്കാരനായിരുന്നാലും അയാളെ ശുശ്രൂഷിക്കുകയും അയാള്‍ മരിക്കുമ്പോള്‍ ഒപ്പം ചിതയില്‍ ചാടി മരിക്കുകയുമാണ് സ്ത്രീയുടെ കടമ എന്ന് ഭാരതത്തില്‍ വിശ്വസിച്ചിരുന്നു. അതേസമയം ഇത്തരം വിശ്വാസങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി, പുരുഷന്‍ നേടുന്ന സമ്പത്ത് പുരുഷനും സ്ത്രീ നേടുന്നത് സ്ത്രീക്കും അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയും, രണ്ട് കൂട്ടര്‍ക്കും പരസ്പരം ബാധ്യതകള്‍ നിശ്ചയിച്ച് മനുഷ്യ പ്രകൃതിക്ക് നിരക്കുന്ന തരത്തിലുള്ള സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തുകയും ചെയ്തത് ഇസ്‌ലാമാണ്. ഇസ്‌ലാം വിധിക്കുന്ന മാന്യമായ വേഷവിധാനം സ്ത്രീ സ്വതന്ത്ര്യത്തെ ഹനിക്കാനുള്ളതല്ല മറിച്ച് പുരുഷന്മാര്‍ അവരെ വെറും ലൈംഗികോപകരണങ്ങളായി കാണാതിരിക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും അങ്ങനെ സ്ത്രീയുടെ അന്തസ്സും മാന്യതയും ഉയര്‍ത്താനുമാണെന്നും നാം മനസ്സിലാക്കുക.
സ്ത്രീകള്‍ക്ക് ആദരവ്
ചുരുക്കത്തില്‍ സ്ത്രീകളുടെ പ്രകൃതിക്കിണങ്ങുന്നതും കുടുംബത്തില്‍ അവര്‍ക്ക് നിര്‍വ്വഹിക്കാനുള്ള കടമകളുടെ നിര്‍വ്വഹണത്തിനനുഗുണവുമായ സമൂഹക്ഷേമ പ്രവര്‍ത്തനങ്ങളാണവര്‍ തെരഞ്ഞെടുക്കേണ്ടത്. അത്തരം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവരെ പ്രാപ്തരാക്കേണ്ടതും അതിന്നവര്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതും പുരുഷ ധര്‍മ്മമാണ്. ആധുനിക പാശ്ചാത്യന്‍ രീതിയിലുള്ള വനിതാവിമോചനം സമൂഹത്തില്‍ ആരോഗ്യകരമായ സന്തുലിതത്വം നിലനിര്‍ത്താന്‍ സഹായകമല്ല എന്നത് അതിന്റെ ആദ്യകാല പ്രണേതാക്കള്‍ തന്നെ പില്‍ക്കാലത്ത് അനുഭവത്തിന്റെ വെളിച്ചത്തില്‍ സമ്മതിച്ചിട്ടുള്ളതാണ്. വേണ്ടത്, ഇന്ന് ഗൃഹാന്തരീക്ഷത്തില്‍ തന്നെ സ്ത്രീകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങളെ അര്‍ഹമായ രീതിയില്‍ അംഗീകരിക്കുകയും പുരുഷന്മാര്‍ സ്ത്രീകളോട് കൂടുതല്‍ ആദരവ് കാട്ടുകയും അവര്‍ക്ക് ജീവിതരംഗങ്ങൡ തുല്യത വകവെച്ചുകൊടുക്കുകയും ചെയ്യേണ്ടതാണ്. അല്ലാതെ മതമൂല്യങ്ങള്‍ തിരസ്‌കരിക്കുന്ന വിമോചനം സമൂഹത്തിന്റെ ഭദ്രതയെ തുരങ്കം വെക്കുകയല്ലാതെ യഥാര്‍ത്ഥ സാമൂഹിക പുരോഗതി സാക്ഷാല്‍ക്കരിക്കുകയില്ല തന്നെ.
സമ്പാ: മജീദ് കുട്ടമ്പൂര്‍