രണ്ടുവര്‍ഷം മുമ്പ് ഏപ്രില്‍ മാസത്തിലൊരുനാള്‍, ഫലസ്തീനിലെ ബിഅ്‌ലിന്‍ പട്ടണത്തില്‍,
ഫലസ്തീനിലെ വനിതാ മാധ്യമപ്രവര്‍ത്തകരെപ്പറ്റി
രണ്ടുവര്‍ഷം മുമ്പ് ഏപ്രില്‍ മാസത്തിലൊരുനാള്‍, ഫലസ്തീനിലെ ബിഅ്‌ലിന്‍ പട്ടണത്തില്‍, ഇസ്രായേലികളുടെ ഭൂമികൈയേറ്റത്തിനെതിരെ പ്രതിഷേധം നടക്കുന്നു. ഇസ്രായേല്‍ നിര്‍മ്മിക്കുന്ന വിഭജനമതില്‍ ഫലസ്തീനി കൃഷിയിടങ്ങളെ കീറിമുറിച്ചിരിക്കുന്നു. അധിനിവേശ ക്രൂരതകള്‍ക്കെതിരെ ആഴ്ചതോറും നടക്കാറുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ബാസിം അബൂറഹം എന്നയാളെ ഇസ്രായേലി പട്ടാളക്കാര്‍ കൊന്ന സംഭവവും രോഷം വര്‍ധിപ്പിച്ചിരുന്നു.
'അല്‍ഖുദ്‌സ് ടിവി' ചാനലിലെ ലിന്‍ദാ ശലാശ് പ്രക്ഷോഭ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയാനുള്ള ജാക്കറ്റും 'പ്രസ്' എന്ന മുദ്രയും ധരിച്ചിട്ടുണ്ട്. അത്തരമാളുകളെ ആക്രമണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നത് അന്താരാഷ്ട്ര നിയമമാണ്.
ഇസ്രായേലികള്‍ക്കെന്ത് നിയമം! അവര്‍ ഒരു കണ്ണീര്‍വാതക ഷെല്‍ ലേഖികയെ നോക്കി എറിഞ്ഞു. കാമറയിലേക്ക് നോക്കി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ലിന്‍ദ പെട്ടെന്ന് മാറിയതുകൊണ്ട് ദേഹത്ത് തട്ടിയില്ല. പക്ഷേ ഒന്നിനുപിറകെ ഒന്നായി ഷെല്ലുകള്‍ വന്ന് പൊട്ടിക്കൊണ്ടിരുന്നു.
അന്തരീക്ഷമാകെ വാതകം നിറഞ്ഞു ലിന്‍ദക്ക് ശ്വാസം മുട്ടി. മരിക്കുകയാണെന്ന് തോന്നി. തല്‍സമയ റിപ്പോര്‍ട്ടിങ്ങിനിടക്ക് ലേഖിക ബോധം കെട്ട് വീഴുന്നത് ചാനല്‍ സ്‌ക്രീനില്‍ വന്നു.
ലിന്‍ദക്കിത് അപൂര്‍വ്വ അനുഭവമല്ല. ഒരിക്കല്‍ ഒരു വാതകഷെല്‍ മുതുകില്‍ കൊണ്ടു. കടുത്ത ദുര്‍ഗന്ധം വമിക്കുന്ന രാസവാതകം (സ്‌കങ്ക് വാട്ടര്‍) പലകുറി വസ്ത്രങ്ങള്‍ നാറ്റത്തില്‍ മുക്കി. ഇസ്രായേലി പട്ടാളക്കാരുടെ വക അവഹേളനങ്ങള്‍ റിപ്പോര്‍ട്ടിങ്ങിനിടക്ക് കാമറക്കു മുന്നിലേക്ക് തലയിട്ട് കാണിക്കുന്ന കോപ്രായങ്ങള്‍.
പക്ഷേ സത്യം റിപ്പോര്‍ട്ട് ചെയ്യുന്നതും ധര്‍മസമരം തന്നെയെന്ന ഉറച്ച ബോധ്യത്തിലാണ് ലിന്‍ദ. അബൂദബി ടി.വിക്കുവേണ്ടി രണ്ടാം ഇന്‍തിഫാദ റിപ്പോര്‍ട്ട് ചെയ്യവെ ലൈലാ ഔദ എന്ന ലേഖികക്ക് ഇസ്രായേലി പട്ടാളക്കാരന്റെ വെടിയേറ്റിരുന്നു. ചാനല്‍സ്‌ക്രീനില്‍ അത് നേരിട്ടു കണ്ടുകൊണ്ടിരുന്ന ലിന്‍ദക്ക് അന്ന് 12 വയസ്സ്. അവള്‍ അന്ന് തീരുമാനിച്ചതാണ്, താന്‍ ഒരു ജേണലിസ്റ്റാകുമെന്ന് (ലൈല പരിക്കിനെ അതിജീവിച്ചു. ഇപ്പോള്‍ 'ഫ്രാന്‍സ് 24' ചാനലില്‍ ജോലിചെയ്യുന്നു.
****** ****** ****** ******
ഫലസ്തീനിലെ മറ്റനേകം ഗ്രാമങ്ങളെപ്പോലെ നബി സാലഹും വെള്ളിയാഴ്ചകളില്‍ പതിവിലേറെ പ്രതിഷേധങ്ങള്‍ക്ക് അരങ്ങാവും. അന്ന് ഇസ്രായേലി സൈനികര്‍ കൂടുതല്‍ ജാഗരൂകരായിരിക്കും. ഗ്രാമത്തിലേക്കുള്ള വഴിയില്‍ നിരീക്ഷണ ഗോപുരം സ്ഥാപിച്ച് നോക്കിയിരുന്ന പട്ടാളക്കാര്‍ അന്ന് നിരത്തിലിറങ്ങി, ഒരു ഇരുമ്പുദണ്ഡ് കുറുകെ ഇട്ട് റോഡ് അടക്കും.
അങ്ങോട്ടാണ് ഫലസ്തീനി പ്രക്ഷോഭകരും അന്താരാഷ്ട്ര സമാധാനപ്രവര്‍ത്തകരും പ്രതിഷേധജാഥ നയിക്കുക. അവരെ നേരിടാന്‍ സൈന്യത്തിന് രീതികള്‍ പലതാണ്. കണ്ണീര്‍ വാതകക്കുപ്പികള്‍ എറിയും. ഗ്രനേഡ് എറിയും. അസഹ്യമായ നാറ്റമുണ്ടാക്കുന്ന രാസദ്രാവകം ചീറ്റും. ചിലപ്പോള്‍ വെടിയും പൊട്ടിക്കും.
2015 ഏപ്രിലില്‍ ജന്നാ ജിഹാദ് എന്ന ഒമ്പതു വയസ്സുകാരിയും പ്രക്ഷോഭകരുടെ കൂട്ടത്തിലുണ്ടായിരുന്നു. 'കുട്ടിജേണലിസ്റ്റ്' എന്ന പേരോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തനം. ഫലസ്തീന്റെ സ്വാതന്ത്ര്യമോഹവും അധിനിവേശത്തോടുള്ള രോഷവും അവളിലുമുണ്ട്. അതിന് പ്രത്യേക കാരണമായത് 2012-ല്‍ നടന്ന ഒരു സംഭവം.
സ്ഥലവാസിയായ ഒരു ചെറുപ്പക്കാരനെ ഇസ്രായേലി സേന വെടിവെച്ച് കൊന്നു. എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു അവന്‍. ജന്നക്കും. വെടിയൊച്ച കേട്ട് ചെന്ന അവള്‍ കണ്ടത് നിലത്ത് തളംകെട്ടിയ അവന്റെ രക്തം.
ആറുവയസ്സുണ്ടായിരുന്ന ജന്ന തന്റെ കാമറാഫോണുമായി നേരെ ഇസ്രായേലി പട്ടാളക്കാരുടെയടുത്ത് ചെന്നു. അവരെ കാമറയില്‍ പിടിച്ചു; അതേ വീഡിയോവില്‍ സ്വയവും കാണിച്ചു. കാമറയിലേക്ക് നോക്കി അവള്‍ സൈനികരോടെന്ന പോലെ ചോദിക്കുന്നു: എന്തിന് നിങ്ങള്‍ എന്റെ ചങ്ങാതിയെ കൊന്നു?
ആ വീഡിയോ അവള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അത് അതിവേഗം പ്രചരിച്ചു. ''ഫലസ്തീനിലെ ഏറ്റവും പ്രായം കുറഞ്ഞ ജേണലിസ്റ്റ്'' അങ്ങനെ ജനിച്ചു.
അവള്‍ താന്‍ കണ്ട കാര്യങ്ങള്‍, തന്റെ രോഷം, സങ്കടം എല്ലാം ഒരു ഡയറിയില്‍ കുറിച്ചുവെച്ചുകൊണ്ടിരുന്നു. തീര്‍ത്തും സ്വകാര്യം. എന്നാല്‍ പതുക്കെപ്പതുക്കെ അവള്‍ മനസ്സിലാക്കി, ഇതെല്ലാം രേഖപ്പെടുത്തി ലോകത്തെ ബോധ്യപ്പെടുത്തലും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന്. മാധ്യമപ്രവര്‍ത്തനവും ഒരു ചെറുത്തുനില്‍പ്പാണെന്ന്.
തന്റെ ആയുധമായ മൊബൈല്‍ കാമറയുമായി അവള്‍ ഇറങ്ങി. പ്രകടനങ്ങളില്‍, പ്രാര്‍ത്ഥനകളില്‍, അറസ്റ്റുകള്‍ പകര്‍ത്തി. അടിച്ചമര്‍ത്തലുകളുടെയും ജൂതകുടിയേറ്റങ്ങളുടെയും ദൃശ്യങ്ങള്‍ വീഡിയോ ആക്കി. ജറുസലമില്‍ റാമല്ലയില്‍...
അധിനിവേശത്തെയും അടിച്ചമര്‍ത്തലുകളെയും ഒരു കുട്ടിയുടെ കണ്ണുകളിലൂടെ ലോകം കണ്ടുതുടങ്ങി. ഇസ്രായേലികള്‍ അവള്‍ക്കെതിരെ പ്രചാരണം നടത്തിനോക്കി. കുട്ടികളെ രാഷ്ട്രീയത്തിലിറക്കി കഷ്ടപ്പെടുത്തുന്ന രക്ഷിതാക്കളെ ഭത്സിച്ചു.
ജേണലിസം തന്നെ ആക്ടിവിസമാണെന്ന് അവള്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. താന്‍ അവളെ നിര്‍ബന്ധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യാറില്ലെന്ന് ഉമ്മ നവാല്‍ തമീമി.
ജന്നയുടെ വീട്ടില്‍, സൈന്യം ഉപയോഗിച്ചുകഴിഞ്ഞ കണ്ണീര്‍വാതകക്കുപ്പികള്‍ ധാരാളം കാണാം. എല്ലാറ്റിലും പൂക്കള്‍ നിറച്ച്, അലങ്കാരമെന്നോണം വീട്ടിനു ചുറ്റും തൂക്കിയിട്ടിരിക്കുന്ന അഹിംസയുടേതായ പ്രതിഷേധരീതി.
പക്ഷേ ഇസ്രായേല്‍ പട്ടാളം കുട്ടികളെയും വെറുതെ വിടില്ല. അനേകം കുട്ടികളും തടങ്കലിലുണ്ട്. അനേകം കുട്ടികളെ സൈനികക്കോടതിയില്‍ വിചാരണ ചെയ്യുന്നു.
ജന്നാജിഹാദ് കുട്ടിയാണ്; പക്ഷേ അവള്‍ തന്റെ സമരരീതി തെരഞ്ഞെടുത്തിരിക്കുന്നു. അതാകട്ടെ മാധ്യമപ്രവര്‍ത്തനവും.
അങ്ങനെ അവള്‍ തന്റെ ഗ്രാമത്തിലെ വെള്ളിയാഴ്ച പ്രതിഷേധം പകര്‍ത്താനായി ഉമ്മയുടെ മൊബൈല്‍ ഫോണുമായി ഇറങ്ങി. 'വീഡിയോ റെക്കോര്‍ഡിങ്ങ് ബട്ടണ്‍ അമര്‍ത്തി' ചുറ്റുമുള്ള പ്രതിഷേധകരെയും സൈനികരെയും പകര്‍ത്തി. ഒന്നു രണ്ട് മിനിറ്റ് നേരം അത് ചെയ്തശേഷം തന്റെ തന്നെ മുഖത്തേക്ക് തിരിക്കുന്നു. 'ഇത് നബിസാലഹില്‍ നിന്ന് ജന്നാ ജിഹാദ്' എന്നു പറഞ്ഞ് 'സൈനോഫ്' ചെയ്യുന്നു.
മൂന്ന് വര്‍ഷംകൊണ്ട് അവള്‍ ഏറെ അനുഭവം നേടിയിരിക്കുന്നു. വിദേശമാധ്യമങ്ങളും അവളെ ശ്രദ്ധിച്ചുതുടങ്ങി.
ഇസ്രായേലി സൈനികരുടെ രീതികളെപ്പറ്റി. പാതിരാ റെയ്ഡുകളെപ്പറ്റി, ഇസ്രയേലി സൈന്യത്തിനിരയായി തനിക്ക് നഷ്ടപ്പെട്ട കളിക്കൂട്ടുകാരെപ്പറ്റി, മുസ്തഫ തമീമി, റുശ്ദി തമീമി എന്നീ ബന്ധുക്കളെപ്പറ്റി.
അധിനിവേശകരോട് പൊരുതണം. അതിനുള്ള തോക്ക് എന്റെ കാമറയാണ്. തോക്കിനെക്കാള്‍ കരുത്തുണ്ട് കാമറക്ക്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കുറെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ജന്നയുമായി അഭിമുഖം നടത്തി. കഴിഞ്ഞമാസം അവളുള്‍പ്പെടെ മൂന്ന് ഫലസ്തീന്‍ കുട്ടികള്‍ ദക്ഷിണാഫ്രിക്കയില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. 'ശംസാന്‍' എന്ന സാംസ്‌കാരിക വിനിമയ പരിപാടിക്കു കീഴില്‍.
ഒരു അഭിമുഖത്തിനിടെ അല്‍ജസീറ ജന്നയോടു ചോദിച്ചു: മുതിര്‍ന്നാല്‍ ആരാകണം?
അവളുടെ മറുപടി ജേണലിസ്റ്റാകണം. ''സി.എന്‍.എന്നിലോ. ഫോക്‌സ് ന്യൂസിലോ പ്രവര്‍ത്തിക്കണം. അവര്‍ക്ക് ഫലസ്തീന്റെ യാഥാര്‍ഥ്യം ഒട്ടും അറിയില്ല.'
****** ****** ****** ******
പുറത്ത് കേള്‍ക്കുമ്പോലെ കല്ലും മിസൈലുമൊന്നുമല്ല ഫലസ്തീന്റെ ആയുധം. അത് കാമറയാണ്. നേര്‍ച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരക്കുന്നത് ഇസ്രായേലിനെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
ഫോട്ടോഗ്രാഫറായി തുടങ്ങിയ ഈമാന്‍ മുഹമ്മദ് എന്ന ഫലസ്തീന്‍കാരി ഇന്ന് ലോകത്ത് അറിയപ്പെടുന്ന ഫോട്ടോ ജേണലിസ്റ്റാണ്. അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും കെടുതികളെപ്പറ്റി അവര്‍ തയാറാക്കിയ ഐ-വാര്‍ (i War) എന്ന ഫൊട്ടോഗ്രഫി പ്രൊജക്ട് പുരസ്‌കാരങ്ങള്‍ തേടി. ഇന്റര്‍നെറ്റില്‍ ആ ചിത്രങ്ങള്‍ ലഭ്യമാണ്. മറ്റുവിഷയങ്ങളെപ്പറ്റിയുള്ള പ്രൊജക്ടുകളും ഈമാന്‍ മുഹമ്മദ് ചെയ്യുന്നുണ്ട്.
ഒരു കൈയില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയും മറുകൈയില്‍ അവന്റെ ജേഷ്ഠന്‍ കൊല്ലപ്പെടുമ്പോള്‍ ധരിച്ചിരുന്ന സ്‌കൂള്‍ ഉടുപ്പും പിടിച്ച് നില്‍ക്കുന്ന സഫിയ;
ചായ കൂട്ടാന്‍ അടുക്കളയിലേക്ക് പോയ സമറിന്റെ ജഡമാണ് പിന്നെ കണ്ടതെന്ന് പറഞ്ഞ് മക്കളെ ചേര്‍ത്തുപിടിക്കുന്ന ഭര്‍ത്താവ് സഅദി;
രണ്ടുകാലും നഷ്ടപ്പെട്ട ഛായാഗ്രാഹകന്‍ ഫാഇസ് മുഅ്മിന്‍... അങ്ങനെ എത്ര ചിത്രങ്ങള്‍! ഫലസ്തീന്റെ നേര്‍ക്കഥ പറയുന്ന ദൃശ്യങ്ങള്‍ തന്നെ, സയണിസ്റ്റ് രാഷ്ട്രത്തിന്റെ അന്യായങ്ങള്‍ക്കെതിരായ പോര്‍ക്കവചമാകുന്നു.
****** ****** ****** ******
ഫലസ്തീനിലെ വനിതാഫോട്ടോ ജേണലിസ്റ്റുകളും ലേഖികമാരും ഇന്ന് വിമോചന സമരമെന്ന നിലക്കാണ് മാധ്യമ പ്രവര്‍ത്തനം നടത്തുന്നത്. ലൈലയും ലിന്‍ദയും ജന്നയും ഈമാനും വിശ്വസിക്കുന്നത് ഒരേ കാര്യം. ലോകത്തെ ഏറ്റവും കടുത്ത വിമോചന സമരത്തില്‍ ഏറ്റവും ശക്തമായ ആയുധം കടുത്ത വിമോചനസമരത്തില്‍ ഏറ്റവും ശക്തമായ ആയുധം തോക്കും ബോംബുമല്ല - സത്യമാണ്. സത്യം റിപ്പോര്‍ട്ട് ചെയ്യലാണ്. ഇസ്രായേലിന് തോല്‍പ്പിക്കാന്‍ കഴിയാത്ത ആയുധം.