സമാധാനത്തിന്റെതായിത്തീരട്ടെ ആഘോഷങ്ങള്‍
ആചാരങ്ങള്‍ക്കൊണ്ടും അനുഷ്ഠാനങ്ങള്‍ക്കൊണ്ടും ജീവിതരീതികൊണ്ടും വൈവിധ്യം നിറഞ്ഞതാണ് നമ്മുടെ നാട്.
ആചാരങ്ങള്‍ക്കൊണ്ടും അനുഷ്ഠാനങ്ങള്‍ക്കൊണ്ടും ജീവിതരീതികൊണ്ടും വൈവിധ്യം നിറഞ്ഞതാണ് നമ്മുടെ നാട്. ഒരുപാട് ആഘോഷങ്ങളെ അനുഭവിക്കാനും പങ്കാളികളാകാനും നമുക്കു കഴിയുന്നുണ്ട്. നമ്മുടെ ചിന്തകളിലും ശൈലികളിലും അഭിരുചികളിലും വ്യത്യാസമുണ്ടെങ്കിലും ആഘോഷങ്ങള്‍ നമുക്ക് തരുന്നത് സന്തോഷത്തിന്റെയും പങ്കുവെക്കലിന്റെയും കൂടിച്ചേരലിന്റെയും ദിനങ്ങളാണ്. ആഘോഷങ്ങളിലെ വ്യത്യസ്തകളിലൂടെ നാം പറഞ്ഞുവെക്കുന്നത് മനുഷ്യസ്‌നേഹത്തെയും കാരുണ്യത്തെയും പറ്റിത്തന്നെയാണ്. ദൈവികമായ ആത്മാര്‍പ്പണത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗം തന്നെയാണ് ഏവര്‍ക്കും ആഘോഷം. അതുകൊണ്ടുതന്നെ ദൈവം നമ്മോട് പാലിക്കാന്‍ പഠിപ്പിച്ച മാനവിക മൂല്യങ്ങളുടെ വീണ്ടെടുപ്പാണ് മതാഘോഷങ്ങള്‍ മുന്നോട്ടുവെക്കുന്ന സന്ദേശം. തന്റെ വിശ്വാസത്തെയും അതു മുന്നോട്ടുവെക്കുന്ന ഉദാത്തമായ മാനവിക ദര്‍ശനത്തെയും അപരനു മുന്നില്‍ പ്രകടിപ്പിക്കാനുള്ള നല്ലൊരു ദിനം കൂടിയാണ് ആഘോഷങ്ങള്‍. വ്യത്യസ്ത ജാതി മതങ്ങളുടെ ആഘോഷങ്ങള്‍ ഒന്നിച്ചുവരുമ്പോള്‍ നാനാത്വത്തില്‍ ഏകത്വം രാജ്യമുദ്രയായി അണിഞ്ഞ രാജ്യത്തിന് അതൊരു അലങ്കാരം കൂടിയാണ്.
പെരുന്നാളും ഓണവും അടുത്തടുത്ത ദിവസങ്ങളില്‍ ആഘോഷിക്കുമ്പോള്‍ നമ്മുടെ ഓരോരുത്തരുടെയും മനസ്സിലേക്ക് വരുന്ന ഓരോ മുഖങ്ങളുണ്ട്. അയല്‍പക്കക്കാരന്റെ, സുഹൃത്തിന്റെ, ബന്ധുവിന്റെ, കുടുംബക്കാരുടെ. പരസ്പരം പലഹാരങ്ങള്‍ കൊടുത്തും ആശംസകള്‍ നേര്‍ന്നും തിരക്കിനിടയില്‍ മറന്നുപോയ ഈ ബന്ധങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് നാം പരസ്പരം ഈ സന്തോഷ ദിനങ്ങള്‍ ആഘോഷിക്കുന്നത്.
ഓരോ പലഹാരപ്പൊതിയിലും നാം ഒളിപ്പിച്ചുകടത്തുന്നത് നമ്മുടെ മനസ്സിന്റെ സ്‌നേഹമാണ്. അതുതന്നെയാണ് യഥാര്‍ഥത്തില്‍ ആഘോഷങ്ങളുടെ സത്തയും. മനുഷ്യന്‍ ഒന്നാണെന്ന വലിയ സത്യം. ജാതിക്കും മതത്തിനും അതിര്‍വരമ്പുകള്‍ തീര്‍ക്കാനാവാത്ത ആ വലിയ സത്യത്തെ മുറുകെ പിടിച്ചു നടക്കുക എന്നതായിരിക്കണം ആഘോഷവേളകളിലെ നമ്മുടെ ലക്ഷ്യം. പ്രത്യേകിച്ചും മനുഷ്യനുമേല്‍ മറകള്‍ തീര്‍ത്ത് ലാഭം കൊയ്യുന്ന ശക്തികള്‍ മേല്‍ക്കൈ നേടുന്ന കാലത്ത്.