അടുക്കളയിലെ ഔഷധം

പി.എം കുട്ടി പറമ്പില്‍
സെപ്തംബര്‍ 2017

പതിവായി നാം അടുക്കളയില്‍ ഉപയോഗിക്കുന്ന പലവ്യഞ്ജനങ്ങളെല്ലാം ഒന്നാംതരം മരുന്നുകളാണ്.

ചുക്കും കുരുമുളകും: പനിയും, ജലദോഷവുമകറ്റാന്‍ വൈദ്യന്മാര്‍പോലും നിര്‍ദ്ദേശിക്കുന്നതാണ് ചുക്കും, കുരുമുളകും. മഴക്കാലത്തും മഞ്ഞുകാലത്തും മാത്രമല്ല ഓരോ ഋതുഭേദ തുടക്കത്തിലും നമ്മെ അലട്ടുന്ന ഒന്നാണ് പനിയും ജലദോഷവും ചുമയും. ഒരു ടീസ്പൂണ്‍ കുരുമുളക്‌പൊടി തുമ്പയില നീരിലോ തുളസിയില നീരിലോ ചാലിച്ചുകൊടുത്താല്‍ പനിമാറിക്കിട്ടും. ചുമ, കഫക്കെട്ട്, പനി എന്നിവ ഒന്നിച്ച് വന്നാല്‍ കുരുമുളക്, ചുക്ക്, തിപ്പലി ഇവ സമം എടുത്ത് എട്ടിരട്ടിവെള്ളത്തില്‍ തിളപ്പിച്ച് നാലിലൊന്നാക്കി 20 മില്ലിവീതം 2 നേരം സേവിക്കുക. കുരുമുളക് വറുത്ത് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് ദഹനക്കേടിന് അത്യന്തം പ്രയോജനമുള്ളതാണ്. ശ്വാസരോഗത്തിനും കൊള്ളാം.

കറി ഉപ്പ് : കറി ഉപ്പ് ഒരു ഉത്തമ ഔഷധമാണെന്നറിയാവുന്നവര്‍ വളരെ ചുരുക്കം. ഉറങ്ങുന്നതിന് മുമ്പ് ഇളം ചൂടുള്ള ഉപ്പുവെള്ളത്തില്‍ പതിവായി വായ കഴുകിയാല്‍ ദന്തരോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം. വായ്ക്കുള്ളിലെ ദുര്‍ഗന്ധവും ഇല്ലാതാകും. ശരീരത്തില്‍ മുറിവുകള്‍ പറ്റുകയും രക്തമൊഴുകുകയും ചെയ്യുമ്പോള്‍ തേനില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് മുറിവില്‍ വെച്ച് കെട്ടിയാല്‍ രക്തപ്രവാഹം നിലക്കുകയും മുറിവുണങ്ങുകയും ചെയ്യും. ശരീരമാസകലം വേദനയുണ്ടെങ്കില്‍ ചെറുചൂടുവെള്ളത്തില്‍ ഒരു പിടി ഉപ്പ് ചേര്‍ത്ത് കുളിച്ചാല്‍ മതി. കടന്നല്‍, തേനീച്ച മുതലായ ജീവികളുടെ കുത്തേറ്റാല്‍ മുള്ള് എടുത്തുകളഞ്ഞതിനുശേഷം ഉപ്പുപൊടി കൊണ്ട് തിരുമ്മിയാല്‍ വേദന മാറികിട്ടും. 

ജീരകം : വീടുകളിലും ഹോട്ടലുകളിലും ദാഹശമനത്തിന് ജീരകമിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്. ഇത് വളരെ നല്ലതാണ്. ഭക്ഷണത്തിന്റെ മീതെ ജീരകവെള്ളം കഴിച്ചാല്‍ വായുവിന്റെ പ്രവര്‍ത്തനത്തെ ക്രമീകരിക്കാം. ജീരകം, ചുവന്നുള്ളി, ചെമ്പരത്തിപ്പൂവ് ഇവ സമം ചതച്ചുപിഴിഞ്ഞ നീര് കണ്ണില്‍ ഇറ്റിക്കുക. കണ്ണിലെ ചതവ് ശമിക്കും. ഒരു ടീസ്പൂണ്‍ വറുത്ത ജീരകം മൂന്ന് കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ടയുടെ അസുഖം മാറും. ആയുര്‍വേദത്തില്‍ ജീരകം പ്രധാനമായി തയ്യാറാക്കുന്നതാണ് ജീരകാരിഷ്ടം. ഇത് സുതികാ രോഗങ്ങള്‍ക്കും മറ്റു വായുക്ഷോഭങ്ങള്‍ക്കും മുമ്പുതൊട്ടെ ഉപയോഗിച്ചുവരുന്നു. വായുവിന്റെ എല്ലാതരം വികൃതികളേയും ഉന്മൂലനം ചെയ്യുന്നതിന് ജീരകത്തിനുള്ള കഴിവ് അഗ്രഗണ്യമാണ്.

മഞ്ഞള്‍ : മഞ്ഞള്‍ സാധാരണ ഉപയോഗിക്കുന്ന നമ്മള്‍ ഇതിന്റെ വിഷ നാശകശക്തിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാറില്ല. പലതരത്തിലുള്ള ചെറുതും വലുതുമായ വിഷയത്തെ നശിപ്പിക്കുന്നതിനും വിഷാംശങ്ങളെ ദൂരീകരിക്കുന്നതിനും മഞ്ഞള്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. അതിസാരത്തിന് മൂന്ന് ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്തിളക്കി തിളപ്പിച്ചാറിയ ശേഷം രണ്ട് മണിക്കൂര്‍ ഇടവിട്ട് കൊടുത്താല്‍ അതിസാരത്തിന് ശമനമുണ്ടാകും. 

മുറിവുകള്‍:  മഞ്ഞളും തളിര്‍വേപ്പിലയും വെള്ളം ചേര്‍ത്തരച്ച് മുറിവുകള്‍ കഴുകിയശേഷം അതില്‍ പുരട്ടുക. ഏതാനും ദിവസംകൊണ്ട് ചെറിയ മുറിവുകള്‍ ഉണങ്ങികിട്ടും. തീപൊള്ളലിന്: തിളച്ച വെള്ളമോ എണ്ണയോ വീണ് തീ പൊള്ളലോ അതില്‍ നിന്നുള്ള പുണ്ണോ ഉണ്ടായാല്‍ കുറച്ച് മഞ്ഞള്‍പൊടിയും പുളിമരത്തിന്റെ പട്ട ഉണക്കിപ്പൊടിച്ചതും സമമെടുത്ത് അസുഖമുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടിയ ശേഷം പൊടിമിശ്രണം ചെയ്ത് തൂവുക. പ്രതിദിനം രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കണം. മൂന്ന് ദിവസംകൊണ്ട് സുഖം കിട്ടും. മഞ്ഞളിന്റെ നീരില്‍ കായം ചേര്‍ത്ത് പുരട്ടിയാല്‍ പഴുതാര കുത്തിയ വിഷം നീങ്ങും. അട്ട, കൊതുക്, മുതലായതിന്റെ വിഷം നീങ്ങാന്‍ മഞ്ഞള്‍ വെണ്ണയിലോ മുലപ്പാലിലോ അരച്ച് ലേപനം ചെയ്യാം. വരട്ട് മഞ്ഞള്‍ചുട്ട് പൊടിച്ചു ചുണ്ണാമ്പും കൂട്ടി പഴുത്ത കുരുവിന്റെ മുഖത്ത് വെക്കുക. കുരുപൊട്ടിപ്പോകും. മഞ്ഞളും ഉണക്കപ്പാളയും പച്ച ഈര്‍ക്കിലിയും കൂടിചുട്ട് കരിച്ച് നല്ലെണ്ണയില്‍ ചാലിച്ച് പുരട്ടുക. പൊട്ടാതെ വേദനയോടുകൂടിയോ പൊട്ടി മുഴുവന്‍ ചോര്‍ന്ന് പോകാതെയോ ഇരിക്കുന്ന കുരു പൊട്ടി ചോര്‍ന്നുപോകും. മുറിവിനും, പൊള്ളലിനുമൊക്കെ പറ്റിയ മരുന്നാണ് മഞ്ഞള്‍. രക്തശുദ്ധിയും ഒന്നാന്തരം.

ചുവന്നുള്ളി: ഒരു ഏകവര്‍ഷ ഔഷധിയാണ് ചുവന്നുള്ളി. പ്രധാനപ്പെട്ട പച്ചക്കറിവിളയാണിത്. വളരെ പോഷക മൂല്യമുള്ളതാണിത്. ശരീരത്തില്‍ അധികമായുള്ള കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനുള്ള കഴിവ് ഉള്ളിക്കുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഉള്ളി അര്‍ശസിന്റെ രോഗാവസ്ഥ കുറക്കും. അര്‍ശസ് രോഗികള്‍ നെയ്യില്‍ ഉള്ളി അരിഞ്ഞിട്ട് ചൂടാക്കി സേവിക്കുന്നത് രക്താര്‍ശ്ശസിന് ഏറ്റവും നല്ലതാണ്. ദുര്‍മേദസ് കുറച്ച് ശരീരം മെലിയുന്നതിന് ഉള്ളി സഹായിക്കും. ഉള്ളി അരിഞ്ഞ് അല്‍പം നാരങ്ങനീര് ചേര്‍ത്ത് ആഹാരത്തോടുകൂടി പതിവായി കുറച്ചുനാള്‍ കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും. പച്ചവെളിച്ചെണ്ണയില്‍ ഉള്ളിചതച്ചിട്ട് കാച്ചിയത് ചൊറി, വ്രണം, വിഷജന്തുക്കള്‍ കടിച്ചഭാഗം എന്നിവിടങ്ങളില്‍ തേക്കുന്നത് ഉത്തമമാണ്.

വെളുത്തുള്ളി : വെളുത്തുള്ളി വാതവികാരങ്ങള്‍ ശമിപ്പിക്കും. ഉദരകൃമിയെ നശിപ്പിക്കും. ഇത് ഉത്തേജകശക്തി പ്രദാനം ചെയ്യുന്നു. വയറുവേദന, വയറുപെരുക്കം, വായുക്ഷോഭം, ഗുല്‍മം എന്നീ അസുഖങ്ങള്‍ക്ക് വെളുത്തുള്ളി, ശതകുപ്പ, കായം ഇവ സമം ചേര്‍ത്ത് നല്ലതുപോലെ പൊടിച്ച് ഒരുഗ്രാം ഗുളികകളാക്കി ദിവസേന മൂന്ന് നേരം ചൂടുവെള്ളത്തില്‍ സേവിച്ചാല്‍ ശമനമുണ്ടാകും. വെളുത്തുള്ളി നീരോ തൈലമോ കടുകെണ്ണയില്‍ ചേര്‍ത്ത് പുറത്തും നെഞ്ചത്തും തേക്കുകയും വെളുത്തുള്ളിയുടെ നീര് 2 മില്ലിവീതം പാലില്‍ ചേര്‍ത്ത് സേവിക്കുകയും ചെയ്താല്‍ കഫം പുറത്തേക്ക് പോകുകയും അതിലൂടെ ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങള്‍ക്ക് ശമനമുണ്ടാവുകയും ചെയ്യുന്നു. ചെറുതും വലുതുമായ ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വെളുത്തുള്ളിക്ക് അസാമാന്യമായ ശക്തിയുണ്ട്.

കുടമ്പുളി: കുടമ്പുളി കഫവികാരങ്ങള്‍ ഇല്ലാതാക്കുന്നു. പക്വാശയത്തിലെ വായുകോപത്തെ തടയാന്‍ കരിമീനില്‍ കുടമ്പുളി കറിവച്ച് പതിവായി കഴിക്കുന്നത് അഷ്ടാംഗഹൃദയത്തില്‍ പരാമര്‍ശിച്ചുകാണുന്നുണ്ട്. പൊള്ളല്‍ അകറ്റുന്നതിനും കുടമ്പുളി സഹായിക്കുന്നു. കുടമ്പുളി കാടിവെള്ളം അരച്ചുതേച്ചാല്‍ പൊള്ളലിന് വളരെനല്ലതാണ്. 

ഏലയ്ക്ക : ആയുര്‍വേദപ്രകാരം ഏലത്തിന്റെ തരിയാണ് പ്രധാനമായും ഔഷധയോഗ്യമായ ഭാഗം. ഏലത്തിന്റെ വിത്തില്‍ സ്ഥിരതൈലം, ബാഷ്പ ശീലതൈലം, സ്റ്റാര്‍ച്ച്, പൊട്ടാഷ്, വഴുതനവലുപ്പമുള്ള ദ്രവ്യം, രഞ്ജകവസ്തു എന്നിങ്ങനെയുള്ള രാസഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏലയ്ക്ക വാതപിത്ത കഫരോഗങ്ങള്‍ക്ക് ഉത്തമനിവാരിണിയായി വര്‍ത്തിക്കുന്നു. വായ്‌നാറ്റം താല്‍ക്കാലികമായി മാറാന്‍ ഏലയ്ക്ക വായിലിട്ട് ചവക്കുക. പല്‍പ്പൊടിയില്‍ ഏലയ്ക്ക കൂട്ടിപ്പൊടിച്ച് ചേര്‍ത്താല്‍ പല ദന്തരോഗങ്ങളെയും തടയാം.

ഗ്രാമ്പു : വായുസംബന്ധമായ തകരാറുകള്‍ ഇല്ലാതാക്കാന്‍ പറ്റിയ ഒന്നാണിത്. ഗ്രാമ്പുവില്‍ നിന്നെടുക്കുന്ന എണ്ണയാണ് പല്ല് വേദന മാറ്റാനുള്ള സിദ്ധൗഷധം. ചര്‍മരോഗങ്ങള്‍ക്കും ഫലപ്രദമാണിത്.

കറുവപ്പട്ട :ഔഷധവും ഉത്തേജക വസ്തുവും അണുനാശിനിയും കൂടിയാണിത്. വായുക്ഷോഭം തടയാനും ഓക്കാനം ശമിപ്പിക്കാനും വയറിളക്കത്തിനും ഔഷധമാണ് കറുവപ്പട്ട.

കായം : ആഹാരസാധനങ്ങള്‍ക്ക് രുചിയും മണവും ഗുണവും വര്‍ധിപ്പിക്കാന്‍ കായം നിത്യജീവിതത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഔഷധമായും മസാലയായും കായം ഉപയോഗിക്കുന്നു. കായത്തിന് വിഷഹരശക്തിയുണ്ട്. കായത്തിന്റെ ഉപയോഗം ആര്‍ത്തവത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ചുമയും ശ്വാസവൈഷമ്യവും കുറക്കും. കായവും അയമോദകവും ഇന്തുപ്പും കടുക്കത്തോടും സമാസമം എടുത്തുപൊടിച്ച് 1-3 ഗ്രാം ആഹാരത്തിന് മുമ്പ് കഴിച്ചാല്‍ വിശപ്പുണ്ടാകുകയും വയറുവേദന മാറുകയും ചെയ്യും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media