ഐ.സി.യുവിലെ തണുപ്പിനൊപ്പം മരവിച്ചുപോയ ഓര്‍മകള്‍ക്ക് കൂട്ടിരുന്നത് അവളായിരുന്നു.
ഐ.സി.യുവിലെ തണുപ്പിനൊപ്പം മരവിച്ചുപോയ ഓര്‍മകള്‍ക്ക് കൂട്ടിരുന്നത് അവളായിരുന്നു. ആഴ്ചകളോളം ഉറങ്ങാതെ, ഡോക്ടര്‍ കുറിച്ചുതന്ന മുപ്പതോളം മരുന്നുകള്‍ മുറതെറ്റാതെ സമയാസമയങ്ങളില്‍ എടുത്തുതരുമ്പോള്‍ ഞാന്‍ വിചാരിക്കുമായിരുന്നു അവള്‍ വൈദ്യുതിയി പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രമാണെന്ന്.
നാല് സഹോദരിമാര്‍ക്കും രണ്ട് ചേട്ടന്മാര്‍ക്കുമൊടുവില്‍ ഏഴാമത്തെ സന്തതിയായിട്ടായിരുന്നു ജനനം. കുടുംബത്തില്‍ ഇളയവന്‍ എന്ന ലാളനയൊന്നുമില്ലാതെയാണ് വളര്‍ന്നത്. എങ്കിലും ഞങ്ങളെ ഏഴുപേരെയും ഉരുക്കുകമ്പികൊണ്ട് വിളക്കിചേര്‍ക്കുന്ന ഒന്നുണ്ട്. സ്‌നേഹം. അച്ഛനുമമ്മയും പഠിപ്പിച്ചതാണോ അതോ മുന്‍തലമുറ തന്ന പാരമ്പര്യ സമ്പാദ്യമായിരുന്നോ അതെന്ന് അറിയില്ല. ആ സ്‌നേഹത്തിന്റെ കണ്ണിപൊട്ടിച്ച് പുറത്തുപോകാന്‍ ഞങ്ങള്‍ക്ക് കഴിയുകയില്ല.
സഹോദരികളെല്ലാം എന്നേക്കാള്‍ ഒരുപാട് പ്രായവ്യത്യാസത്തില്‍ ആണെങ്കിലും ഞങ്ങളിലെ അടുപ്പം, ആ പ്രായത്തെ അതിജീവിച്ചിരുന്നു. ബഹുമാനക്കുറവുകൊണ്ടല്ല. നീ എന്നാണ് ഞങ്ങള്‍ പരസ്പരം സംബോധന ചെയ്യാറുള്ളത്. മൂത്തചേച്ചി - രാഗിണി; അവള്‍ക്ക് ഞാന്‍ മകനെപ്പോലെയാണ്, മറ്റുചിലപ്പോള്‍ നല്ല കൂട്ടുകാരനെ പോലെയും. അവളുടെ വിവാഹസമയത്ത് എനിക്ക് രണ്ടോ മൂന്നോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. വീട്ടുകാര്‍ കുഞ്ഞിമ്മോളേ എന്ന് വിളിക്കുന്ന അവളെ ഞാന്‍ ആനിചേച്ചി - അല്ലെങ്കില്‍ ആന്‍ച്ചി എന്നാണ് വിളിക്കാറുള്ളത്. സുനന്ദയും ജീജയും ഷീബയുമാണ് മറ്റ് മൂന്നുപേര്‍. വിവാഹജീവിതം നയിക്കുമ്പോഴും ഏതൊരാപത്തിലും ഓടിയെത്തും എല്ലാവരും.
ഇന്ന് പല കുടുംബത്തിലും കാണാത്ത ഐക്യബോധം അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞങ്ങള്‍ക്ക് മുമ്പില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. കൂട്ടുകുടുംബത്തില്‍ വളര്‍ന്നതിന്റെതാവാം, കൂട്ടം പിരിഞ്ഞിട്ടും ആഴ്ചയില്‍ രണ്ട് തവണയെങ്കിലും പരസ്പരം കാണുകയോ, ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാന്‍ കഴിയാതെ വന്നാല്‍, വീര്‍പ്പുമുട്ടും ഈ ഹൃദയങ്ങള്‍.
ഒരാളെ നമ്മള്‍ ഏറ്റവും മനസ്സിലാക്കുന്നത് നമ്മുടെ ആപല്‍ഘട്ടങ്ങളിലാണെന്ന് പറയാറില്ലേ. മനസ്സിലാക്കാന്‍ അങ്ങനെ ഒരവസരം എല്ലാവര്‍ക്കും ഉണ്ടാവും. അത് പ്രകൃതി നിയമമാണ്.
2011 ഏപ്രില്‍ 26 എന്റെ ജീവിതത്തിലെ നാഴികക്കല്ലാണ്. (ഒരു പക്ഷേ എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിവസം) അന്നായിരുന്നു വൃക്കരോഗം ബാധിച്ച എനിക്ക് ഏട്ടന്‍ - ബിനുകുമാര്‍ അവന്റെ ഒരു കിഡ്‌നി ദാനമായി തന്നത്. ഏട്ടന്‍ മുരുകേഷും (മുരുകേഷ് കാക്കൂര്‍), നാല് സഹോദരികളും അവരുടെ മക്കളും സുഹൃത്തുക്കളുമടങ്ങുന്ന ഒരു വലിയ സ്‌നേഹവലയം കൂട്ടായി ഉണ്ടായിരുന്നു.
ഓപ്പറേഷന്‍ കഴിഞ്ഞുള്ള ആറുമാസങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇരുപത്തിനാല് മണിക്കൂറും മരുന്ന്. എല്ലാറ്റിനും കൃത്യമായ സമയം ഡോക്ടര്‍ കുറിച്ചുതന്നിരുന്നു. പിന്നെ ദിവസവും പത്ത് ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിക്കണം. രണ്ടാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍. രോഗിക്ക് കൂട്ടിരിക്കാന്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. മറ്റാര്‍ക്കും റൂമിലേക്ക് പ്രവേശനമില്ല. അണുബാധ ഏല്‍ക്കാതിരിക്കാന്‍ രണ്ടുപേരും സദാസമയം മാസ്‌ക് ധരിക്കണം. ഒരു ചെറിയ ജലദോഷം പോലും വരാന്‍ പാടില്ല. ഈ അവസ്ഥയില്‍ എന്റെ കൂടെനിന്നത് മൂത്ത സഹോദരി, ആനി ചേച്ചിയായിരുന്നു.
ഓരോ മരുന്നുകളുടെയും പേരുകള്‍ നോക്കി അലാറം പോലും ഇല്ലാതെയാണ് അന്ന് അവള്‍ എനിക്ക് മരുന്നുകള്‍ എടുത്തുതന്നിരുന്നത്. ചിലപ്പോള്‍ അടിവയര്‍ മുതല്‍ പെരുത്തുകയറുന്ന വേദനയില്‍ ഞാന്‍ നിലവിളിച്ചു പോകും. അപ്പോള്‍ എനിക്കവള് അമ്മയാകും. ഞാന്‍ കാണാതെ കരയും. പണ്ടത്തെ കഥകള്‍ പറഞ്ഞ് മനസ്സിനെ മറ്റൊരു വഴിക്ക് തിരിച്ചുവിടുന്ന മനശാസ്ത്രജ്ഞയാവും ചിലപ്പോള്‍.
ആശുപത്രിയില്‍, അവസാന നിമിഷങ്ങളെപ്പോലെ കഴിയുമ്പോള്‍ കൂട്ടിന് അവള്‍ വേണമെന്നത് എന്റെ ഇഷ്ടമായിരുന്നു. അവള്‍ എന്നെ കുളിപ്പിക്കും. ചിലപ്പോള്‍ പല്ല് തേപ്പിക്കുന്നതുപോലും അവളായിരുന്നു. മുറിവില്‍ മരുന്ന് വെക്കും, മുറതെറ്റാതെ മരുന്നും വെള്ളവും തന്നുകൊണ്ടിരിക്കും. കെടുരക്തമൊഴുക്കുന്നതിന്റെയും മൂത്രത്തിന്റെയും അളവുകള്‍ കൃത്യമായി രേഖപ്പെടുത്തി വെക്കും, ചിലപ്പോള്‍ ശരീരം മൊത്തമായി ചൂടുകൊണ്ട് വിയര്‍ക്കും. മണിക്കൂറുകളോളം വിശറികൊണ്ട് എന്നെ വീശികൊണ്ടിരിക്കും. ചിലപ്പോള്‍ വീശികൊണ്ടിരിക്കെ അവള്‍ ഉറങ്ങിപ്പോകും, ഗുളികയുമായി നടന്നുവരുംവഴി മയക്കം പിടിച്ച് കാലിടറും. ഡോക്ടര്‍ വന്ന് പരിശോധിക്കുന്നതിനിടയിലാവും ചിലപ്പോള്‍ നോക്കിനില്‍ക്കേ അവള്‍ ഉറങ്ങിപ്പോകുന്നത്. ആ നേരങ്ങളല്ലാതെ അവള്‍ക്ക് ഉറങ്ങാന്‍ കിട്ടില്ലല്ലോ... മറ്റ് മൂന്നു സഹോദരികളും അടുക്കളയില്‍ എനിക്ക് വേണ്ട ഭക്ഷണങ്ങള്‍ ചിട്ടയനുസരിച്ച് പാകപ്പെടുത്തിയും ആശുപത്രിയിലെത്താന്‍ വ്യഗ്രത കൂട്ടിയും അപ്പോഴൊക്കെ കൂട്ടുനിന്നു.
രക്തബന്ധത്തിനപ്പുറം ഒരു ബന്ധമുണ്ടെങ്കില്‍ അതായിരിക്കണം എന്റെ സാഹോദര്യബന്ധം, അസുഖം മാറി, അവരവരുടെ വീടുകളിലേക്ക് എല്ലാവരും തിരിച്ചുപോയെങ്കിലും നീ ഗുളിക കഴിച്ചോ...? മരുന്നൊക്കെ ഇല്ലേ....? ഡോക്ടറെ കാണിച്ചോ...? തുടങ്ങിയ ചോദ്യങ്ങളുമായുള്ള ഫോണ്‍വിളികള്‍ നാല് വീടുകളില്‍ നിന്നും വന്നുകൊണ്ടിരിക്കും. ആ വിളികള്‍ക്ക് വേണ്ടി പ്രത്യേകം ചെവികൊടുക്കേണ്ട കാര്യമില്ല. ഔപചാരികതയുടെ പേരിലുള്ളതല്ല, ആ ഫോണ്‍ കോളുകള്‍, ആധിയുടേതാണ്. സ്‌നേഹവും ബന്ധവുമെന്തെന്ന് തിരിച്ചറിയുന്നവര്‍ക്ക് മാത്രം മനസ്സിലാവുന്ന ആധിയുടേത്....
തയ്യാറാക്കിയത് / ശശികുമാര്‍ ചേളന്നൂര്‍