മക്കയും മദീനയും സഫാ മര്‍വയും സഅ്‌യും സംസമും വിശ്വാസി മനസ്സിന്റെ സ്വപ്‌നമാണ്. ആ സ്വപ്‌നം പൂവണിഞ്ഞവരുടെ ആത്മീയാനുഭവങ്ങള്‍.
റമദാനില്‍ ഉംറ ചെയ്യാനുള്ള അവസരം ഒത്തുവന്നപ്പോഴേ വല്ലാത്തൊരു ആവേശത്തിലും ബേജാറിലുമായിരുന്നു. ഏറെ പറഞ്ഞുകേട്ട, പാടിപ്പുകഴ്ത്തിയ, ഏതൊരു വിശ്വാസിയുടെയും സുന്ദരസ്വപ്‌നമായ കഅ്ബ!
എന്റെ കുടുംബവും കൂടെയുണ്ട്, ഇഹ്‌റാമിന്റെ ഉദ്ദേശ്യത്തോടെ തന്നെ. വിശുദ്ധ ഹറമിലെത്തുമ്പോള്‍ ഉച്ചസമയം 12 മണി. പൊള്ളിക്കുന്ന ചൂട്. പൊടിക്കാറ്റ്, കൂട്ടമായൊഴുകുന്ന തീര്‍ത്ഥാടകരിലേക്ക് ഞങ്ങളും.
പ്രൗഡിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന ഹറംപള്ളിയും പരിസരങ്ങളും. ബാബല്‍ ഫഹദ് 74. അതാണ് നമ്മുടെ വാതില്‍ ഇമാം വീണ്ടും ഓര്‍മിപ്പിച്ചു.
ശീതീകരിച്ച പച്ചപ്പരവതാനി വിരിച്ച, വര്‍ണ്ണവിളക്കുകളാലും കൊത്തുപണികളാലും സര്‍വാലംകൃതമായ വിശുദ്ധഹറം ജനലക്ഷങ്ങളെ എതിരേല്‍ക്കുന്നു.
കറുപ്പ് കില്ലയില്‍ മൂടി ലാളിത്യത്തോടെ ഒതുങ്ങിനില്‍ക്കുന്ന കഅ്ബ. 'ബിസ്മില്ലാഹി അല്ലാഹുഅക്ബര്‍' ഭൂമിയില്‍ ഏകദൈവാരാധനക്കുണ്ടായ പ്രഥമഗേഹം. ഇബ്രാഹിം (അ) ഇസ്മാഈല്‍(അ) എന്നിവരുടെ വിയര്‍പ്പ്. ചുറ്റും പ്രദക്ഷിണം വെക്കുന്ന വിശ്വാസികള്‍. പെട്ടെന്ന് കരച്ചില്‍വന്നു. ത്വവാഫ് ചെയ്യാനായി ഞങ്ങളും അവരോടൊപ്പം കൂടി. പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി സര്‍വ്വ പാപങ്ങളും ഏറ്റുപറഞ്ഞു. കഅ്ബയുടെ നാഥനുമുമ്പില്‍ നിസ്വരായ്, ചകിതരായ് ഏഴുതവണ.
ഹജറുല്‍ അസ്‌വദ് മുത്താനുള്ള തിരക്കും കില്ലയില്‍ പിടിച്ചുള്ള പലരുടെയും വികാരപ്രകടനങ്ങളും മറ്റൊരു കാഴ്ചയായിരുന്നു.
തുടര്‍ന്ന് സഅ്‌യ്, സഫാ-മര്‍വക്കിടയില്‍ ഹാജറാബീവിയുടെ ഓട്ടത്തിന്റെ വിഹ്വലതയുടെ തേട്ടത്തിന്റെ പുനരാവിഷ്‌കരണം. നാഥാ! മാര്‍ബിള്‍ വിരിച്ച തറയിലൂടെ തണുത്ത് വിറച്ച് നടന്നുനീങ്ങുമ്പോള്‍ ഹാജറയുടെ കാഠിന്യം ഓര്‍ത്തു. കുഞ്ഞിന് ഇറ്റ് ദാഹജലത്തിനുവേണ്ടി കൂര്‍ത്ത കല്ലുകളും പാറക്കഷ്ണങ്ങള്‍ക്കുമിടയിലൂടെ മലകളിലേക്ക് മാറിമാറി ഓടിക്കിതച്ച ഉമ്മാ...! നിന്റെ ത്യാഗത്തിനും സമര്‍പ്പണത്തിനും നാഥന്‍ ഉചിതമായ സമ്മാനം തന്നു. നിലയ്ക്കാത്ത സംസം. വറ്റാത്ത അത്ഭുത ഉറവ. ശരീരം വിറകൊള്ളുന്നു, വീണ്ടും കണ്ണീരണിയുന്നു.
ഒരു നമസ്‌കാരത്തിന് ലക്ഷം ഇരട്ടി പ്രതിഫലമുള്ള ഹറം ഓഫറുമായി മുന്നില്‍ നില്‍ക്കുന്നു. കഴിയുന്നത്ര നമസ്‌കാരങ്ങള്‍ അവിടെത്തന്നെയാക്കി. എസ്‌കലേറ്ററില്‍ ചങ്കിടിപ്പോടെ മാത്രം കയറിയിരുന്ന എന്നെ ഹറം എസ്‌കലേറ്ററുകളിലൂടെ ഇട്ടോടിച്ചു. നോമ്പ് ആയതിനാല്‍ രാവിലെ പോയാല്‍ നോമ്പു തുറന്നേ ഹോട്ടലിലെത്താറുള്ളൂ. അടുത്തിരിക്കുന്ന അറബികള്‍ അറബിയില്‍ ധാരാളം സംസാരിക്കും. തിരിച്ചെന്തെങ്കിലും മിണ്ടാനാവുമോ?
പലപ്പോഴും പാക്കിസ്താനികള്‍ അടുത്തുണ്ടാവും. അവര്‍ ഏറെ സ്‌നേഹം കാണിക്കും. മുറി ഹിന്ദിയിലും ഇംഗ്ലീഷിലും ലോഹ്യം കൂടും. ഖുര്‍ആന്‍ പാരായണവും ഇത്തിരിമയക്കവുമൊക്കെയായി നോമ്പുതുറ സമയമടുക്കുന്നു. ഏവര്‍ക്കും ഈത്തപ്പഴവും സംസമും ഗോതമ്പു റൊട്ടിയും. ധാരാളം ആഫ്രിക്കക്കാര്‍ സേവന നിരതരായിരിക്കുന്നു.
ഒരു വെള്ളിയാഴ്ച, ജുമുഅയുടെ നേരമാവുന്നതേയുള്ളൂ. മതാഫില്‍ സ്ഥലം കിട്ടി. മുന്നില്‍ കഅ്ബാ. ത്വവാഫിനു പറ്റിയ സന്ദര്‍ഭം. എഴുന്നേറ്റാല്‍ സ്ഥലം പോകും. ഗതിയില്ലാതെ അടുത്തിരുന്ന അറബി സ്ത്രീയോട് പറഞ്ഞു. അന ഊരീദു ത്വവാഫ് മകാന്‍ പ്ലീസ്. എന്റേത് വിചിത്ര അറബിയാണെങ്കിലും അവര്‍ക്കു കാര്യംപിടികിട്ടി. ത്വവാഫ് കഴിഞ്ഞുവന്ന എന്നെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു.
ഹറമിലെ തിരക്കുപരിഗണിച്ച് ഞങ്ങള്‍ വീട്ടുകാര്‍ ഒരു തീരുമാനമെടുത്തു. ആരും ആരേയും കാത്തുനില്‍ക്കേണ്ട. വഴി മനസ്സിലാക്കി റൂമിലേക്ക് എത്തിയാല്‍ മതി. അല്ലെങ്കില്‍ തന്നെ നാനാഭാഷ വേഷഭൂഷാദി ശരീരപ്രകൃതങ്ങളുള്ള മിനി മഅ്ശറയില്‍ യാനഫ്‌സീ എന്നതുതന്നെ പ്രമാണം.
രാപ്പകല്‍ ഭേദമില്ലാതെ ഏതുനേരത്തും ആര്‍ക്കും പ്രാര്‍ത്ഥിക്കാവുന്ന വിധത്തില്‍ ആ മന്ദിരത്തേയും പരിസരത്തേയും മാറ്റിയത് ഇബ്രാഹിം (അ)മിന്റെ പ്രാര്‍ത്ഥനയുടെ ഫലമല്ലാതെന്ത്? നട്ടപ്പാതിരകളില്‍ ജനക്കൂട്ടത്തിലൊരാളായി ഓരം ചേര്‍ന്നു നടക്കുമ്പോള്‍ ദൈവമഹത്വവും ഗാംഭീര്യവും മനം നിറയ്ക്കുന്നു.
ആയിശ പള്ളിയില്‍പോയി ദിനംപ്രതി ഇഹ്‌റാം കെട്ടി ഉംറ നിര്‍വഹിക്കുന്നവരേയും കണ്ടു. ക്ഷീണിച്ചവശരായ അവര്‍ക്ക് ഹറമില്‍ അധികം നില്‍ക്കാന്‍ കഴിയുന്നില്ല. ഇത്തരം ഉംറകളുടെ സാധുത പണ്ഡിതര്‍ ചിന്തിക്കേണ്ടതുണ്ട്.
മസ്ജിദുന്നബവി; നിശ്ശബ്ദസുന്ദരലോകം. പള്ളിക്കുള്‍വശം നിറയെ കമാനങ്ങള്‍. ഖലീഫമാരുടെ പേരില്‍ വാതിലുകള്‍. നോമ്പുതുറ ഏറെ ജനകീയമായാണ്. കാവയും ഈത്തപ്പഴവും റൊട്ടിയും കട്ടത്തൈരും. എല്ലാവരും ഒരുമിച്ചിരുന്ന്. ഒറ്റപ്പെടലിന്റെ ആധി അറിയില്ല.
റൗളയിലേക്കുള്ള പ്രവേശനം കാത്തിരിക്കുകയാണ്. നിയമപാലകരുടെ ശബ്ദം പാകിസ്താന്‍, തുനീഷ്യ, കേരള (അവര്‍ നമ്മെ രാജ്യമായംഗീകരിച്ചിരിക്കുന്നു) ഇജ്‌ലിസ് വലിയൊരു തള്ളലില്‍ റൗളയില്‍ എത്തി. കുനിയാന്‍ ഇടമില്ല. റുകൂഉം സുജൂദും എല്ലാം നിന്നുതന്നെ. നിന്ന് സലാം വീട്ടിയ ഞാന്‍ പിറ്റേന്നൊരു ശ്രമത്തിലൂടെ റൗളയിലെത്തി. മുതുകത്തു രണ്ടുപേരുണ്ടെങ്കിലും സുജൂദ് ചെയ്തു. അല്ലാഹ്. ഞെക്കി ഞെരുങ്ങി പുറത്തേക്ക്.
ഓരോ നമസ്‌കാരശേഷവും ജനാസ നമസ്‌കാരം. ജനത്തുല്‍ ബഖീഅയിലേക്ക് മയ്യിത്തുമായുള്ള ഓട്ടം. മനുഷ്യന്റെ നിസ്സാരത നിസ്സഹായത.
ഒടുവില്‍ മദീനയോടും വിട. നബിയുടെ കരചരണങ്ങള്‍ പതിഞ്ഞ, പ്രഭാഷണങ്ങള്‍ ജ്വലിച്ച, ചരിത്രം വിജ്രംഭിച്ച പുണ്യ - ധര്‍മ്മഭൂമിയോട്... വിട....
**********************************************
ഹജ്ജ് യാത്ര
ശരീഫ
വളരെ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പരിശുദ്ധമായ ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാന്‍ ഞാനും ഭര്‍ത്താവും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും 30-08-16 ന് ഉച്ചക്ക് ഒരു മണിക്ക് സൗദി എയര്‍ലൈന്‍സില്‍ യാത്ര പുറപ്പൈട്ടു.
ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും എല്ലാ കസ്റ്റംസ് ക്ലിയറന്‍സും കഴിഞ്ഞ് ഞങ്ങള്‍ ബസ് കയറാന്‍ ഇന്ത്യന്‍ എംബസിയിലെത്തി. അവിടെ കെ.എം.സി.സി. യുടെ വളണ്ടിയര്‍മാര്‍ ഞങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കി.
ബസ് സ്റ്റാര്‍ട്ട് ചെയ്ത് കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഒരുതരം മണം വന്നുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ മുന്നിലുള്ള ഡോര്‍ ശരിക്ക് അടഞ്ഞിരുന്നില്ല. വല്ല കമ്പനികളും പ്രവര്‍ത്തിക്കുന്ന ഏരിയയായിരിക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ വാസന കൂടിക്കൂടി വന്നു. ഉടനെ ഡ്രൈവര്‍ ഇറങ്ങിക്കോളാന്‍ വിളിച്ചുപറഞ്ഞു. എല്ലാവരും ബദ്ധപ്പെട്ട് ഇറങ്ങി നോക്കിയപ്പോള്‍ ബസ്സിന്റെ അടിയില്‍ നിന്നും പുകച്ചുരുള്‍ ഉയരുന്നത് കണ്ടു. ബസ്സിന് തീ പിടിച്ചതാണ്. പിറകില്‍ വന്ന ഡ്രൈവര്‍ അറിയിച്ചതാണ്. ഡ്രൈവര്‍ പെട്ടെന്ന് തീ അണച്ചെങ്കിലും ഇടക്കിടക്ക് പുക ഉയരുന്നത് കാണാമായിരുന്നു. ഏതായാലും ആ യാത്രയില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തി. പിന്നീട് ഫയര്‍ ഫോഴ്‌സും പോലീസും എത്തി ഞങ്ങളെ മറ്റൊരു ബസ്സില്‍ കയറ്റി റൂമില്‍ എത്തിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പിറ്റെ ദിവസം രാവിലെ 8 മണിക്ക് ഞങ്ങളുടെ റൂമായ 55-ാം ബില്‍ഡിംഗിലെ 5-ാം നിലയിലുള്ള 517-ാം നമ്പര്‍ റൂമിലെത്തി.
ഞങ്ങളുടെ കൂടെ താമസിക്കാനുള്ള ആലുവക്കാരായ ബീരാന്‍-ഐഷ ദമ്പതികളും, വളാഞ്ചേരി മവണ്ടിയൂര്‍ സ്വദേശികളായ സൈതാലിക്കുട്ടി-ആമിന ദമ്പതികളും എത്തിയിരുന്നു.
റൂമില്‍ നിന്നും ഹറമിലേക്ക് എത്താന്‍ ഇരുപത് മിനുട്ട് നടക്കണം. ഖദീജ(റ)യുടെ ഖബറിടം സ്ഥിതിചെയ്യുന്ന ജന്നത്തുല്‍ മുഹല്ല. മസ്ജിദുല്‍ ജിന്ന് എന്നീ ചരിത്രമുള്‍ക്കൊള്ളുന്ന പ്രദേശം. ഞങ്ങള്‍ എത്തിയ സമയത്ത് 45-48 ഡിഗ്രി ചൂടുള്ള കാലാവസ്ഥയായിരുന്നു.
ആലുവക്കാരായ ദമ്പതികള്‍ രോഗികളായിരുന്നു. ഐഷത്താക്ക് വാള്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. ബീരാന്‍ സാഹിബ് രണ്ട് തവണ അറ്റാക്ക് കഴിഞ്ഞ വ്യക്തിയാണ്. ഐഷത്താക്ക് വയസ്സ് 56, ഞാനും ആമിനതാത്തയും അവര്‍ക്ക് താങ്ങും തണലുമായി നിന്നപ്പോള്‍ എല്ലാ കര്‍മവും യാതൊരു പ്രയാസവും കൂടാതെ ചെയ്യാന്‍ അവര്‍ക്ക് സാധിച്ചു. ഹറമില്‍ കഅ്ബ കണ്ടിരിക്കാന്‍ പറ്റുന്ന സ്ഥലത്താണ് ഞങ്ങളിരിക്കാറ്.
ഒരു ദിവസം രാത്രി അലക്കിയിട്ട വസ്ത്രം എടുക്കാന്‍ 9-ാം നിലയില്‍ കയറി. ഹറമില്‍ നിന്നും പരിസരത്തുനിന്നുമുള്ള വെളിച്ചം ഉണ്ടെങ്കിലും ഒരു ഭാഗം ഭയങ്കര കൂരിരുട്ട്. മനസ്സില്‍ വല്ലാത്ത ഭയം. നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം ഇബ്രാഹീം നബി(അ) ഭാര്യ ഹാജറ(റ) യെയും കൈകുഞ്ഞിനെയും ഈ കരിമ്പാറക്കൂട്ടങ്ങള്‍ക്കുള്ളില്‍ തനിച്ചാക്കിയതോര്‍ത്ത് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. അന്ന് രാത്രി ഉറക്കവും കിട്ടിയില്ല. ആ ഒരൊറ്റ കാരണം മതി ആ മഹതിയെ ഖിയാമത്ത് നാള്‍ വരെ സ്മരിക്കാന്‍. എല്ലാ തൃപ്തിയും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ത്യജിച്ച ആ മഹാന്‍, അവരെ അല്ലാഹുവിന്റെ ആജ്ഞപ്രകാരം അവന്റ കൈകളിലേല്‍പ്പിച്ച് തിരിച്ചുപോരുകയായിരുന്നു.
ദുല്‍ഹിജ്ജ 7 ന് ഞങ്ങള്‍ മിനയിലേക്ക് പുറപ്പെട്ടു. 28-ാം നമ്പര്‍ ടെന്റിലായിരുന്നു ഞങ്ങള്‍. ഒരു ടെന്റിന്റെ പകുതി ഭാഗം പുരുഷന്‍മാരും മറയുടെ മറ്റൊരു ഭാഗം സ്ത്രീകളും. ഞങ്ങള്‍ 32 സ്ത്രീകള്‍ ഉണ്ടായിരുന്നു. രണ്ടടി വീതിയില്‍ ഓരോരുത്തര്‍ക്കും ബെഡ്ഡ്, തലയിണ, പുതപ്പ്, ഖബറിനെ ഓര്‍മ്മപ്പെടുത്തുന്ന അവസ്ഥ.
പ്രവാസി സംഘടനകളായ തനിമ, കെ.എം.സി.സി യില്‍ നിന്നുള്ള വളണ്ടിയര്‍മാരുടെ സേവനവും നിസ്തുലമാണ്. അവര്‍ നല്‍കുന്ന കഞ്ഞി, മറ്റു ഭക്ഷണങ്ങള്‍ മലയാളികള്‍ക്ക് വലിയൊരു അനുഗ്രഹമാണ്. അതേപോലെ വഴിതെറ്റി റൂമിലെത്താന്‍ വിഷമിക്കുന്ന വൃദ്ധരായ ഹാജിമാരെ വീല്‍ചെയറില്‍ ഇരുത്തി പൊരിവെയിലത്ത് കൊണ്ടുപോകുന്നതും കാണാമായിരുന്നു.
എന്റെ ബെഡ്ഡിന്റെ അല്‍പം അകലെ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കോട്ടയത്തുകാരി ഉമ്മ നമസ്‌കരിക്കാന്‍ പോലും എഴുന്നേല്‍ക്കാതിരുന്നത് കണ്ടപ്പോള്‍ കാര്യം അന്വേഷിച്ചു. അവര്‍ ഭര്‍ത്താവിന്റെ കൂടെ വന്നതാണ്. മിനയിലേക്ക് വരുന്നവഴി രണ്ടുപേരും വഴിതെറ്റി, 12 മണിക്കൂറിനു ശേഷമാണ് അവര്‍ ടെന്റിലെത്തിയത്. ശരിക്ക് ഭക്ഷണം കിട്ടാത്തതുകാരണം ആകെ അവശയായിരിക്കുന്നു. കയ്യിലുണ്ടായിരുന്ന കഞ്ഞി അപ്പോള്‍തന്നെ അവരെ കുടിപ്പിച്ചു. ഞങ്ങള്‍ അവരെ കുളിപ്പിക്കാന്‍ കൊണ്ടുപോയി. കുളിപ്പിച്ച് കൊടുക്കുമ്പോള്‍ അവര്‍ പറയുന്നുണ്ടായിരുന്നു; നിങ്ങള്‍ക്ക് സ്വര്‍ഗം കിട്ടുമെന്ന്. മറ്റുള്ള ദിവസങ്ങളിലും പരിചരണം കിട്ടിയപ്പോള്‍ അവര്‍ ഉഷാറായി.
ഞങ്ങള്‍ അറഫയിലേക്ക് ബസ്സ് വഴി പുറപ്പെട്ടു. എന്റെ മനസ്സില്‍ അറഫയെന്നാല്‍ വിശാലമായ ഒരു പ്രദേശമായിരുന്നു. തുണികൊണ്ട് നിര്‍മ്മിച്ച ഒരു ടെന്റിലാണ് ഞങ്ങളെ എത്തിച്ചത്. ഉച്ച കഴിഞ്ഞ ശേഷം ഞങ്ങളുടെ വളണ്ടിയര്‍ ടെന്റില്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു, ഇനി എപ്പഴാണ് അറഫയിലേക്ക് പോകുക. അദ്ദേഹം പറഞ്ഞു, ഇതുതന്നെയാണ് അറഫ. ഇത് അറഫയുടെ ഒരു ഭാഗമാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ പുറത്ത്‌പോയി പ്രാര്‍ത്ഥിക്കണമെങ്കില്‍ അങ്ങനെ ചെയ്യാം. അങ്ങനെ ഞങ്ങള്‍ രണ്ട് മൂന്നുപേര്‍ പുറത്തുപോയി കുറേ നേരം പ്രാര്‍ത്ഥിച്ചു. ജീവിതത്തില്‍ വന്നുപോയ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തുതരുവാനും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും പാപങ്ങളെ കഴുകി ശുദ്ധിയാക്കുവാനും വെള്ള വസ്ത്രം അഴുക്കില്‍ നിന്നും ശുദ്ധിയാക്കുന്നതുപോലെ പരിശുദ്ധമാക്കുവാനും മശ്‌രിക്കിന്റെയും മഗ്‌രിബിന്റെയും വിദൂരതയില്‍ മനസ്സിനേയും പാപത്തേയും അകറ്റുവാനും പ്രാര്‍ത്ഥിച്ചു.
രാത്രി 10 മണിക്ക് ശേഷമാണ് മുസ്ദലിഫയിലേക്ക് പുറപ്പെട്ടത്. മെട്രോ ട്രെയിന്‍ സൗകര്യം ലഭിച്ചവരില്‍ ഞങ്ങളും ഉള്‍പെട്ടിരുന്നു. മക്കയിലെ റൂമില്‍ നിന്നുതന്നെ ഞങ്ങള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് കയ്യില്‍ തന്നിരുന്നു. രാവിലെ മുസ്ദലിഫയില്‍ നിന്ന് കല്ലെറിയാന്‍ പോയി. ട്രെയിന്‍ വഴി കല്ലെറിയുന്നവര്‍ക്ക് മുകള്‍ഭാഗത്താണ് എറിയേണ്ടത്. മുസ്ദലിഫയില്‍ വെച്ച് പിറ്റെ ദിവസത്തെ ബലിയെക്കുറിച്ചും കല്ലേറിനെകുറിച്ചും ചിന്തിച്ചു. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഇഛകള്‍ക്കതീതമായി എന്റെ മനസ്സില്‍ വല്ല ഇഛകളും ഉണ്ടെങ്കില്‍ ഞാനിതാ അല്ലാഹുവിനുവേണ്ടി ആ ഇഛയെ ബലികഴിക്കുന്നു. അല്ലാഹു ഇഷ്ടപ്പെടാത്ത വല്ല പൈശാചിക ശക്തിയും എന്റെ ഹൃദയത്തിലോ ശരീരത്തിലോ ഉണ്ടെങ്കില്‍ ആ പിശാചിനെ ഞാനിതാ അല്ലാഹുവിന്റെ നാമം മുന്‍നിര്‍ത്തി ആട്ടിയോടിക്കുന്നു. അതായിരുന്നു കല്ലേറും ബലിയും നല്‍കുന്ന സന്ദേശം.
ഞങ്ങള്‍ മക്കയില്‍ എത്തിയപ്പോള്‍ ഏഴ് മണിയോടടുത്തിരുന്നു. എല്ലാവരും റോഡിലും മറ്റും നമസ്‌കരിക്കുന്നു. ഇവരെന്താണ് ഇപ്പോള്‍ നമസ്‌കരിക്കുന്നതെന്ന് ചോദിച്ചപ്പോഴാണ് പെരുന്നാള്‍ നമസ്‌കാരമാണെന്നറിഞ്ഞത്. ത്വവാഫും സഅ്‌യും കഴിഞ്ഞപ്പോഴേക്കും ആകെ ക്ഷീണിച്ചിരുന്നു. കടയില്‍ നിന്നും ജ്യൂസ് വാങ്ങി കഴിച്ചു. ഞങ്ങളുടെ കൂടെയുള്ള പുരുഷന്‍മാര്‍ തലവടിച്ചും ഞങ്ങള്‍ റൂമില്‍ പോയി മുടി മുറിച്ചും തഹല്ലുലായി.
ളുഹര്‍ നമസ്‌കാരത്തിനുവേണ്ടി പെട്ടെന്ന് റൂമില്‍നിന്നിറങ്ങി. ടാക്‌സി വിളിച്ച് മിനയിലേക്കെന്ന് പറഞ്ഞു. ഞങ്ങള്‍ വിചാരിച്ചത് ടെന്റില്‍ കൊണ്ടുപോയി ഇറക്കുമെന്നാണ്. പക്ഷേ, ഭാഷ അറിയാത്തതുകൊണ്ട് മനസ്സിലാക്കി കൊടുക്കാന്‍ കഴിഞ്ഞില്ല. ഒരുപാട് ദൂരം പോയതിനു ശേഷമാണ് ഞങ്ങള്‍ ഉദ്ദേശിച്ച സ്ഥലമല്ല എന്നു മനസ്സിലായത്. ഞങ്ങള്‍ ഹാജിമാരാണ്, ടെന്റിലാണ് ഞങ്ങള്‍ക്ക് എത്തേണ്ടത് എന്ന് ആംഗ്യഭാഷയിലൂടെ ധരിപ്പിച്ചപ്പോള്‍ ഒരു ചെക്ക്‌പോസ്റ്റിന്റെ അടുത്ത് ഇറക്കി. ഇനി അങ്ങോട്ട് പ്രവേശനമില്ല എന്ന് പറഞ്ഞു. ഞങ്ങള്‍ ഇറങ്ങി. സമയം ഒരു മണി. നല്ല വെയില്‍. 50,000 ത്തോളം വരുന്ന ടെന്റില്‍ നിന്നും ഞങ്ങളുടെ ടെന്റ് കണ്ടുപിടിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. അവിടത്തെ ട്രാഫിക് പോലീസിനോട് പറഞ്ഞപ്പോള്‍ ഭാഷ അറിയാത്തതുകൊണ്ട് അവര്‍ കൈ മലര്‍ത്തി. അവസാനം ഒരു മലയാളി വളണ്ടിയറെ കണ്ടെത്തി. അവരെല്ലാം മാപ്പ് കയ്യില്‍ പിടിച്ചാണ് നടക്കുന്നത്. അതില്‍ നോക്കി 2 മണിക്കൂര്‍ നടന്നതിനു ശേഷം ടെന്റിലെത്തി. തനിമ പ്രവര്‍ത്തകരുടെ കഞ്ഞി കുടിച്ച് ക്ഷീണം തീര്‍ത്തു.
രണ്ടാം ദിവസമാണ് ഞങ്ങള്‍ക്ക് കല്ലെറിയാന്‍ നിര്‍ദ്ദേശം കിട്ടിയത്. കടുത്ത വെയില്‍, കഴിഞ്ഞ ദിവസത്തെ ക്ഷീണം തീര്‍ന്നിട്ടില്ല. റെയില്‍വെ സ്‌റ്റേഷനിലെത്താനും 1/2 കി. മീറ്റര്‍ നടക്കണം. ളുഹര്‍ നമസ്‌കരിക്കുമ്പോള്‍ അല്ലാഹുവിനോട് നന്നായി പ്രാര്‍ത്ഥിച്ചു. കല്ലെറിഞ്ഞ് തിരിച്ചുവരുന്നത് വരെ മേഘം കൊണ്ട് ഞങ്ങള്‍ക്ക് തണലിട്ടു തരേണമേ എന്ന്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ആ തണലില്‍ അന്ന് ഞങ്ങള്‍ കല്ലെറിഞ്ഞു. കല്ലെറിയാന്‍ പോകുന്നവര്‍ക്ക് ചൂടില്‍ നിന്നും ആശ്വാസമേകാന്‍ വെള്ളം മുഖത്ത് തെളിക്കാനും, വീശിത്തരുവാനും, വെള്ളക്കുപ്പികളും ജ്യൂസുകളും വിതരണം ചെയ്യുന്നവര്‍ നിരയായി സേവനം ചെയ്യുന്നത് കാണാമായിരുന്നു. ഓരോ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അല്ലാഹുവേ ഇത് നീ ഞങ്ങളില്‍ നിന്നും സ്വീകരിക്കേണമേ എന്ന നിരന്തരമായ പ്രാര്‍ത്ഥന മാത്രമായിരുന്നു.
ഹജ്ജ് കഴിഞ്ഞതിനു ശേഷം ഒരു മാസത്തോളം ഞങ്ങള്‍ക്ക് ബാക്കി ദിവസങ്ങളുണ്ടായിരുന്നു. ആ സമയങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നുദ്ദേശിച്ചു. അടുത്ത റൂമിലുള്ള ഒരാള്‍ മക്കയുടെ ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ കാണാന്‍ പോകുന്നുണ്ടെന്നു പറഞു. ഐഷാത്തയും ബീരാന്‍ ഹാജിയും സുഖമില്ലാത്തതിനാല്‍ യാത്രകള്‍ ചെയ്യാറില്ല. രാവിലെ 7 മണിക്ക് പുറപ്പെടണം. 11 മണിയാകുമ്പോഴേക്ക് തിരിച്ചുവരാമെന്ന് പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ നാലു പേര്‍ യാത്രയായി.
ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി, മസ്ജിദുന്നമിറ, അറഫ, ജബലുറഹ്മ മുതലായ സ്ഥലങ്ങള്‍ കണ്ടു. എടപ്പാള്‍ സ്വദേശിയായിരുന്നു ഞങ്ങളുടെ ഡ്രൈവര്‍. താഇഫ് കൂടി കാണാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചു.് കരിമ്പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ചുരത്തിന് മുകളിലൂടെയുള്ള ആ യാത്ര അല്‍പം ഭീതി ജനിപ്പിക്കുന്നതായിരുന്നു. ത്വാഇഫിലെത്തിയപ്പോള്‍ നല്ല കാലാവസ്ഥ. ഇടക്കിടക്ക് മഴ, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. വഴിയില്‍ ഒരു മലയാളി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി.
വീണ്ടും യാത്ര. ത്വാഇഫില്‍ പ്രവാചകന്‍ ശത്രുക്കളില്‍ നിന്നും അഭയം തേടിയ ആ തോട്ടം നിന്നിരുന്ന സ്ഥലം, ഇന്നവിടെ തോട്ടമില്ല. നമസ്‌കരിക്കാനുള്ള ചെറിയ ഒരു പഴയ ഷെഡ്ഡ്. അവിടെ ആളുകള്‍ നമസ്‌കരിക്കുന്നു. പൊട്ടിക്കരയുന്നു. മുകളിലേക്ക് നോക്കിയാല്‍ ഒരു വലിയ പാറക്കല്ലിനെ ഒരു ചെറിയ കല്ല് താങ്ങി നിര്‍ത്തിയതായി കാണാം. പ്രവാചകന്റെ തലയില്‍ കല്ലുരുട്ടി കൊല്ലാന്‍ ശ്രമിച്ചതിന്റെ അടയാളമാണത്രെ. പ്രവാചകന്‍ ചെറുപ്പത്തില്‍ ആടുമേക്കാന്‍ പോയപ്പോള്‍ നെഞ്ച് പിളര്‍ത്തി ഹൃദയം പുറത്തെടുത്ത് മലക്കുകള്‍ കഴുകി ശുദ്ധിയാക്കിയത് ഒരു മരച്ചുവട്ടിലാണത്രേ. ആ സ്ഥലത്തും ആളുകള്‍ നമസ്‌കരിക്കുന്നത് കണ്ടു. കൂടാതെ ഹലീമ ബീവിയുടെ വീട് സ്ഥിതിചെയ്തിരുന്ന മലഞ്ചെരുവ്, ആദ്യമായി ബാങ്ക് നടപ്പിലാക്കിയതിനു ശേഷം സ്വഹാബികള്‍ താഇഫില്‍ പണിത ഒരു കുബ്ബ, അതിനു മുകളില്‍ കയറി ബാങ്ക് വിളിക്കാന്‍ സ്റ്റെപ്പുകളുണ്ട്. ആ പഴയ രീതിയില്‍ തന്നെ ഇന്നും അത് നിലനില്‍ക്കുന്നുണ്ട്. കൂടാതെ പ്രകൃതിരമണീയമായ കുറേ സ്ഥലങ്ങള്‍.
പിന്നെ ജബലുന്നൂര്‍ (ഹിറാഗുഹ) കാണാന്‍ പോയി. എന്റെ കൂടെയുള്ളവര്‍ ഹിറ മലയിലേക്ക് കയറി. കുറച്ചു കയറിയപ്പോള്‍ പറ്റില്ല എന്ന് വിചാരിച്ച് ഒരു കല്ലില്‍ ഞാന്‍ ഇരുന്നു. കയറുന്നവരൊക്കെ പല ഭാഷയില്‍ എന്നോട് എന്താണ് കയറാത്തതെന്ന് ചോദിക്കുന്നുണ്ട്. വയനാട്ടുകാരനായ ഒരു ഹാജിയും ഉമ്മയും ഭാര്യയും കൂടി കയറുമ്പോള്‍ എന്നോട് ചോദിച്ചു, നിങ്ങള്‍ എന്താണ് കയറാത്തത്? വയ്യാത്തതുകൊണ്ടാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു എന്റെ ഉമ്മയാണ് ഈ കയറുന്നത്, എന്നിട്ടാണോ നിങ്ങള്‍. ഞാനും കയറാന്‍ തീരുമാനിച്ചു. മുകളിലേക്ക് നോക്കിയപ്പോള്‍ എന്റെ കൂടെയുള്ള ആരെയും കണ്ടില്ല. ഞാന്‍ കയറിത്തുടങ്ങി. 25, 30 പടവുകള്‍ കയറിയാല്‍ പിന്നെ ശ്വാസം കിട്ടാന്‍ പ്രയാസം, അപ്പോള്‍ ഒരു കല്ലില്‍ 5 മിനുട്ട് ഇരിക്കും. കൈവരി പിടിക്കാനുണ്ടായത് വളരെ ആശ്വാസം. ഓരോ സ്‌റ്റെപ്പിലും അല്ലാഹു അക്ബര്‍ എന്നുരുവിട്ടുകൊണ്ട് ഞാന്‍ അതിന്റെ നെറുകയിലെത്തി.
എന്റെ കൂടെയുള്ള ആരെയും കാണാനില്ല. കുറച്ചു മുന്നോട്ടുപോയി. താഴോട്ട് നോക്കുമ്പോള്‍ അവിടെ കുറച്ചാളുകള്‍ തടിച്ചുകൂടിയിരിക്കുന്നു. നേരിയ കനം കുറഞ്ഞ കരിങ്കല്ലുകൊണ്ട് തീര്‍ത്ത മേല്‍ക്കൂര, ഉള്ളില്‍ രണ്ടോ മൂന്നോ പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന കരിങ്കല്‍ എനിക്ക് മനസ്സിലായി ഇതുതന്നെ ഹിറാ. പ്രവാചകന്‍ 40 ദിവസം ഭജനമിരുന്ന ആ പരിശുദ്ധ സ്ഥലം. പക്ഷേ, അവിടേക്ക് എത്താന്‍ 20 അടിയോളം താഴ്ച്ചയുണ്ട്. നേരിട്ട് ഇറങ്ങാന്‍ കഴിയില്ല. എന്റെ കൂടെയുള്ളവരെയും കാണുന്നില്ല. ഞാന്‍ ഇടതുഭാഗത്തേക്ക് നീങ്ങി. അതിന്റെ സൈഡില്‍ കൂടി താഴേക്ക് ഇറങ്ങാന്‍ സ്‌റ്റെപ്പുകള്‍ കണ്ടു. സുബ്ഹാനല്ലാഹ് എന്ന് ഉരുവിട്ട് ഞാന്‍ ഇറങ്ങി. കുറച്ച് മുന്നിലേക്ക് പോയപ്പോള്‍ ഒരു വലിയ പാറക്കല്ല്. ആ പാറക്കല്ലിനുള്ളില്‍കൂടി പാളി നോക്കിയപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ കയ്യിലുണ്ടായിരുന്ന ചെരുപ്പിന്റെ കവര്‍ കണ്ടു. ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ഞാനിവിടെ എത്തിയെന്ന്. എന്റെ ഭര്‍ത്താവും കൂടെയുള്ളവരും അത്ഭുതപ്പെട്ടു. അത് ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരാളുടെ പകുതി പൊക്കത്തിലുള്ള ആ വലിയ പാറക്കല്ലിന്റെ ഉള്ളില്‍ വേറെ ഒരു കല്ല്. അതിന്റെ ഇടുങ്ങിയ സൈഡിലൂടെ വേണം മേല്‍പ്പറഞ്ഞ ധ്യാനസ്ഥലത്തെത്താന്‍. ഒരാള്‍ക്ക് മാത്രം ഞെരുങ്ങി വയറ് പാറയില്‍ ഉരസി വേണം പോകാന്‍. അതേപോലെ മറ്റേ സൈഡിലൂടെ ഇങ്ങോട്ടും. അവിടെയൊന്ന് കാണാന്‍ ആംഗ്യഭാഷയില്‍ അവിടെയുള്ള ഒരു യുവാവിനോട് ആവശ്യപ്പെട്ടു. അദ്ദേഹം ആളുകളെ മാറ്റിനിര്‍ത്തി അതിന് സൗകര്യം ചെയ്തുതന്നു. പ്രവാചകനും കുടുംബവും ദീനിനുവേണ്ടി സഹിച്ച ത്യാഗത്തെക്കുറിച്ച് ആലോചിച്ച് കുറെ കരഞ്ഞു. അവിടെ നിന്നും ഇറങ്ങുമ്പോള്‍ അത്ര പ്രയാസം തോന്നിയില്ല. മനസ്സിന് വല്ലാത്തൊരു സന്തോഷവും ഉന്മേഷവും തോന്നി.
ഒരാഴ്ച്ച കഴിഞ്ഞതിനു ശേഷം സൗര്‍ ഗുഹ കയറാനുദ്ദേശിച്ച് പോയി. സൗര്‍ പര്‍വ്വതത്തില്‍ കയറാന്‍ സ്റ്റെപ്പുകളില്ല, കൈവരികളുമില്ല. ജബലുന്നൂറിനേക്കാള്‍ പ്രയാസകരമാണ്. നല്ല ആരോഗ്യമുള്ള യുവാക്കള്‍ പോലും നിന്ന് കിതക്കുന്നത് കാണാം. ഒന്നര മണിക്കൂര്‍ സമയമെടുത്തു അതിന്റെ മുകളിലെത്താന്‍. അങ്ങിങ്ങായി വലിയ വലിയ പാറക്കല്ലുകള്‍ കിടക്കുന്നത് കാണാം. അല്‍പ്പം മുന്നോട്ട് നീങ്ങിയപ്പോള്‍ 10 അടി താഴ്ച്ചയില്‍ ഒരു ഗുഹാ കവാടം. അവിടെയും നേരിട്ട് ഇറങ്ങാന്‍ പറ്റില്ല. ഇടത് ഭാഗത്ത്കൂടി നടന്നാല്‍ അതിന്റെ പിന്‍ഭാഗത്തായി ഗുഹയോട് ചേര്‍ന്ന് രണ്ട് പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഒരു തറയുണ്ട്. അവിടെയാണ് പ്രവാചകനും അബൂബക്കര്‍ സിദ്ധീഖ് (റ)വും മൂന്ന് ദിവസം താമസിച്ച സ്ഥലം.
മുകളിലേക്ക് കയറി വലതുഭാഗത്തേക്ക് നോക്കിയാല്‍ വളരെ താഴ്ച്ചയില്‍ കഅ്ബ കാണാം. പ്രവാചകന്റെ ഇത്രയും പ്രയാസമേറിയ ഹിജ്‌റ എന്ന ദൗത്യത്തെക്കുറിച്ച് ആലോചിച്ചു. അവിടെവെച്ച് ഇസ്‌ലാമിന്റെ ഇന്നത്തെ അവസ്ഥയോര്‍ത്ത് ഹൃദയ വേദനയോടെ കൂറേ പ്രാര്‍ത്ഥിച്ച് തിരിച്ചുപോന്നു. ഞങ്ങളുടെ തിരിച്ചുവരവ് മദീനയില്‍ നിന്നായതിനാല്‍ ലഗേജുകളെല്ലാം സെപ്തംബര്‍ 30-ന് രാവിലെ 8 മണിക്ക് മദീനയിലേക്ക് പുറപ്പെട്ടു. മദീന എയര്‍പോര്‍ട്ടില്‍ നിന്നും ഉച്ചക്ക് ഒന്നര മണിക്ക് വിമാനത്തില്‍ കയറി. ഇന്ത്യന്‍ സമയം പത്ത് മണി ആയപ്പോഴേക്കും സുഖമായി നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ ഇറങ്ങി.
****************************************************
സഫലമീ യാത്ര
സക്കീന അബ്ദുല്‍ അസീസ്
മനസ്സില്‍ കൊണ്ട് നടന്ന ആ സ്വപ്‌നം ഇതാ പൂവണിയാന്‍ പോവുകയാണ്. വീട്ടില്‍ നിന്ന് ഭര്‍ത്താവിനോടും മക്കളോടും മറ്റു ബന്ധുക്കളോടും ഒപ്പം കുറച്ചുനേരത്തെ തന്നെ കോഴിക്കോടേക്ക് പുറപ്പെട്ടു.
വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നായതിനാല്‍ രാത്രി 9.30-ഓടു കൂടി ബസില്‍ ആലുവയിലേക്ക് പുറപ്പെട്ടു. പാതി മയക്കത്തിലാണ് യാത്രയെങ്കിലും ഉള്ളില്‍ ആ പുണ്യമക്ക പൂത്തുലഞ്ഞുനില്‍ക്കുകയായിരുന്നു. ആലുവയിലെ അന്‍സാര്‍ പള്ളിയില്‍ നിന്നും ഇഹ്‌റാമില്‍ പ്രവേശിച്ചു. ആദ്യമായി ഇഹ്‌റാമില്‍ പ്രവേശിച്ചതുകൊണ്ടാവാം മനസ്സ് സത്യത്തില്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. യാത്രനിര്‍ദ്ദേശങ്ങള്‍ കിട്ടിയതിന് ശേഷം എമിഗ്രേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കലും ഐഡന്റിറ്റി കാര്‍ഡ് നല്‍കലും ഷാഇര്‍ ടൂര്‍ ഡെവലപ്‌മെന്റ് കൈയില്‍ ധരിക്കാന്‍ നല്‍കിയ വള കൈമാറലും പൂര്‍ത്തിയാക്കി. പ്രഭാതഭക്ഷണം കഴിച്ച് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് ഒന്നാം നമ്പര്‍ ബസില്‍ കയറി യാത്ര തിരിച്ചു. എയര്‍പോര്‍ട്ടിലെ ചെക്കിംഗും മറ്റും വേഗം പൂര്‍ത്തിയാക്കി ബോര്‍ഡിംഗ് പാസും കിട്ടി വിമാനം പ്രതീക്ഷിച്ച് ഒരു സുഖമുള്ള കാത്തിരിപ്പ്. മിനിട്ടുകള്‍ക്ക് ശേഷം 12.50 ന് ഞങ്ങള്‍ ഗ്രൂപ്പിലെ 150 പേരും വിമാനത്തില്‍ കയറി. ഇഹ്‌റാമില്‍ പ്രവേശിച്ചതിന് ശേഷം ലബ്ബൈക്കിന്റെ ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ഏകദേശം സന്ധ്യയോടുകൂടി അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചുകൊണ്ട് വിമാനം ജിദ്ദ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ നിന്ന് ബസില്‍ കയറി ഞങ്ങളുടെ മക്കയിലെ താമസസ്ഥലം ലക്ഷ്യമാക്കിയുള്ള യാത്രയായിരുന്നു. അപ്പോഴെല്ലാം മനസ്സ് സന്തോഷം കൊണ്ട് കോരിത്തരിക്കുകയായിരുന്നു. ഹറമിന്റെ അടുത്ത് താമസം എന്നൊക്കെ നിങ്ങള്‍ പത്രത്തില്‍ പരസ്യം കണ്ടിട്ടുണ്ടാവും. പക്ഷെ അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അതൊക്കെ വെറുതെയാണ്. റൂമിലും വിചാരിക്കുന്ന സൗകര്യമൊന്നും കിട്ടിയെന്ന് വരില്ല. വെള്ളം കുറവായിരിക്കാന്‍ സാധ്യതയുമുണ്ട്. ബക്കറ്റ്, പാട്ട എന്നിവയൊന്നും ഉണ്ടാവണമെന്നില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കേരള ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി റഫീഖ് റഹ്മാന്‍ സാഹിബ് ക്ലാസ്സില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി ഹോട്ടല്‍ വാഹത്തുദ്ദിയാഫയിലെ സൗകര്യങ്ങളും ഹറമിലേക്കുള്ള ആ ചെറിയ അകലവും ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. രാത്രി ഇഹ്‌റാമില്‍ ആയിരിക്കെ തന്നെ എല്ലാവരും വിശ്രമിക്കാന്‍ കിടന്നു. പക്ഷെ സന്തോഷം കൂടിപ്പോയതുകൊണ്ടാവാം തീരെ ഉറക്കം വന്നില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ച് കഅ്ബായും ഹജറുല്‍ അസ്‌വദും സഫയും മര്‍വയും കാണാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഏഴ് മണിക്ക് ഹറമിലേക്ക് പുറപ്പെട്ടു. വഴിയില്‍ ഒരു സ്ഥലത്ത് നില്‍പ്പിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നു. അജിയാദ് സ്വദ്ദില്‍ നിന്നു തുടങ്ങി. ഹറമിന്റെ അജിയാദ് ഗേറ്റില്‍ തന്നെ എത്തുന്ന ഒരു വഴി കാണിച്ചുതന്നു.
4-ാം തീയതി ആദ്യ ഉംറ വളരെ പെട്ടെന്ന് നിര്‍വഹിക്കാന്‍ കഴിഞ്ഞു. ഉംറക്ക് പോകുന്ന വഴിയില്‍ വെച്ച് നടത്തിയ ക്ലാസില്‍ ദുആക്ക് ഉത്തരം കിട്ടുന്ന ഏറ്റവും പവിത്രമായ അഞ്ചിടങ്ങള്‍ പരിചയപ്പെടുത്തി. ഒന്ന് കഅ്ബക്ക് അകത്ത്, രണ്ട് മുന്‍തസമിനും ഹജറിനും ഇടക്ക്, സംസം കിണറിനു സമീപം മഖാം ഇബ്‌റാഹീം, സഅ്‌യ് ചെയ്യുന്ന ഇടം പിന്നെയുള്ള ദിവസങ്ങളില്‍ ഇവിടെങ്ങളിലായിരുന്നു മനസ്സും ശരീരവും മുഴുവനും.
അഞ്ചാം തീയതി വീണ്ടും മക്കയുടെ ചരിത്രത്തില്‍ നിന്ന് റഫീഖ് സാഹിബിന്റെ ക്ലാസുണ്ടായിരുന്നു. അതില്‍ കുഞ്ഞിളം പ്രായം തൊട്ടേ കേട്ട മക്കക്ക് വേറെ അമ്പതോളം പേരുണ്ടെന്നും 14 മീറ്റര്‍ ഉയരത്തിനും ഏകദേശം 12 മീറ്റര്‍ വീതിയിലുമാണ് കഅ്ബ നിര്‍മ്മിക്കപ്പെട്ടതെന്നു അറിഞ്ഞു. പിന്നെ ആ സദസ്സില്‍ ഓരോരുത്തരേയും പരിചയപ്പെടാനും ദുആകൊണ്ട് വസിയത്ത് ചെയ്യാനും അവസരം നല്‍കി. വൈകുന്നേരം ഹറമിന്റെ പരിസരപ്രദേശങ്ങള്‍ നടന്നുകണ്ടു.
പിറ്റേദിവസം യാത്ര അസിസ്റ്റന്റ് അമീര്‍ കെ. നജാത്തുള്ള സാഹിബിന്റെ വളരെ ഉപകാരപ്രദമായ ക്ലാസ്സുണ്ടായിരുന്നു. കുടുംബജീവിതത്തിന്റെ ഒരു നല്ല മാതൃക കുറഞ്ഞ സമയത്തിനുള്ളില്‍ അദ്ദേഹം വരച്ചുകാട്ടി. ശേഷം അബ്ദുറഹിമാന്‍ ഫാറൂഖി സാഹിബിന്റെ പ്രാര്‍ഥനയോടെ സെഷന്‍ സമാപനമായി. ആ പ്രാര്‍ത്ഥന അക്ഷരാര്‍ത്ഥത്തില്‍ കണ്ണുകളെ ഈറനണിയിച്ചു. തന്റെ പരിചയപ്പെടുത്തലില്‍ അദ്ദേഹത്തിന്റെ സ്വദേശമായ പൊന്നാനി എന്ന കൊച്ചുമക്കയില്‍ ചെല്ലാന്‍ ഓരോരുത്തരേയും പ്രത്യേകം ക്ഷണിച്ചിരുന്നു. ഖദീജ(റ)യുടെ ഖബ്ര്‍ ഉള്‍പ്പടെയുള്ള മക്കയിലെ പ്രസിദ്ധമായ ഖബ്‌റിസ്ഥാനായ അസ്വര്‍ നമസ്‌കാരത്തിനും ശേഷം പുറപ്പെട്ടു. അവ കണ്ടതിനു ശേഷം ഹറമിലെത്തി. പനിയും കഫക്കെട്ടും ചുമയും തൊണ്ടവേദനയുമെല്ലാം ഉണ്ടെങ്കിലും ഇബ്‌ലീസിന് വിട്ടുകൊടുക്കില്ല എന്ന വാശിയോടെ എല്ലാ നമസ്‌കാരത്തിനും ഹറമിലെത്താനും ത്വവാഫ് വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു. വെള്ളിയാഴ്ച ജുമുഅ ആയത് കൊണ്ട് സ്ഥലം സന്ദര്‍ശനവും ക്ലാസുകളും എല്ലാം നിര്‍ത്തിവെച്ചിരുന്നു. എല്ലാവരും രാവിലെ തന്നെ പള്ളികളിലേക്ക് പുറപ്പെട്ടു. ഹറമിലെ ജുമുഅ ഹൃദയ സ്പര്‍ശിയായ അനുഭവമായിരുന്നു.
പിറ്റേദിവസം ഫാറൂഖ് സാഹിബിന്റെ ഹറമിലെ ജുമുഅയുടെ പരിഭാഷയുണ്ടായിരുന്നു. തലേദിവസം ഖുതുബ കേട്ട് ഒന്നും മനസ്സിലാവാതെ മിഴിച്ചിരുന്ന ഞങ്ങള്‍ക്ക് അതൊരു അനുഗ്രഹമായി. ഞായറാഴ്ച രാവിലെ മക്കയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും മറ്റൊരു ഉംറക്ക് കൂടി ഇഹ്‌റാമില്‍ പ്രവേശിക്കാനും വേണ്ടി പുറപ്പെട്ടു. ജബലു ഥൗറും, അറഫാ സംഗമവും നടക്കുന്ന സ്ഥലവും മുസ്ദലിഫയും, മിനയും, ജംറയും കണ്ടു തിരിച്ചുപോകുമ്പോള്‍ ത്വാഇഫ് റോഡിനടുത്തു ജിഅ്‌നാ പള്ളിയില്‍ വച്ചു ഇഹ്‌റാമില്‍ പ്രവേശിച്ചു. തിരിച്ചുപോരുമ്പോള്‍ ഹിറാഗുഹ കാണിച്ചുതന്നു. അവിടെ കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാളെ ടാക്‌സിയില്‍ പോയിവരാന്‍ ഏര്‍പ്പാട് ചെയ്യാമെന്നും ഉറപ്പ് നല്‍കി. ഒരു മണിയോടെ റൂമില്‍ തിരിച്ചെത്തി. രണ്ടുമണിയോടു കൂടി വീണ്ടും ഉംറ ഭംഗിയായി നിര്‍വ്വഹിച്ചു. പിന്നീട് മക്ക മ്യൂസിയം കാണാന്‍ പോയി. അവസാനം വിടവാങ്ങല്‍ ത്വവാഫ് ചെയ്യുമ്പോള്‍ മനസ്സ് വിങ്ങിപ്പൊട്ടുകയായിരുന്നു. ഒരു ഇളം പൈതലിന്റെ മനസ്സായിരുന്നു ആ സമയത്ത്.
അടുത്ത ദിവസം പത്ത് മണിയോടെ ബസ്സ് നമ്പര്‍ ഒന്നില്‍ കയറി മദീനയിലേക്ക് യാത്രതിരിച്ചു. റസൂലുള്ളയോട് സലാം പറയാനും റൗദ കാണാനുമുള്ള ആവേശം കൊണ്ടാവാം ബസ്സില്‍ സമയം പോയതറിഞ്ഞതേയില്ല. ഇശാഅ് മദീന ഹറമില്‍ നിര്‍വഹിച്ച ശേഷം ഞങ്ങള്‍ റസൂലിന്റെ റൗള കാണാന്‍ പോയി. തിരക്ക് കൂടുതലുണ്ടെങ്കിലും ആ അനുഭവം രോമാഞ്ചമുണ്ടാക്കി.
വ്യാഴാഴ്ച മൂന്ന് ബസ്സുകളിലായി ഞങ്ങള്‍ ഉഹ്ദിലേക്കും ഖന്ദഖിലേക്കും പുറപ്പെട്ടു. ഉഹ്ദിന്റെയും ഖന്ദഖിന്റെയും ചരിത്രങ്ങളും, റസൂലും സ്വഹാബിമാരും, സഹിച്ച വിശപ്പും യാതനകളും വേദനകളും കേട്ടപ്പോള്‍ മുത്ത് റസൂലിനെയും കൂട്ടരെയും ഓര്‍ത്ത് കണ്ണ് നിറഞ്ഞു. ഉഹ്ദില്‍ വഹ്ഷി ചാട്ടുളി ഉപയോഗിച്ച് ഹംസ(റ)യെ വധിച്ച രംഗവും ഹംസ (റ) വിനെയും സഹോദരി പുത്രനെയും ഒരേ ഖബറില്‍ ഖബറടക്കിയതും, പിന്നെ മിസ്അബ് ബിനു ഉമൈറിന്റെ (റ) കഫന്‍ പുടവ തികയാതെ വന്നതും ഉഹ്ദില്‍ വഫാത്തായ മറ്റുള്ള സ്വഹാബികളെ ഖബറടക്കം ചെയ്ത സ്ഥലവുമൊക്കെ വല്ലാതെ ഹൃദസ്പര്‍ശിയായി തോന്നി. ജഅ്ഫര്‍ എളമ്പിലാക്കോട് ആയിരുന്നു പശ്ചാത്തല വിവരണം നല്‍കിയത്.
ഹന്ദക്കിന്റെ സൂത്രധാരന്‍ സല്‍മാനുല്‍ ഫാരിസി (റ) എന്ന പേര്‍ഷ്യക്കാരനായിരുന്നെന്നും ആ കിടങ്ങിന്റെ നീളം രണ്ടേമുക്കാല്‍ കിലോ മീറ്ററും വീതി ആറ് മീറ്ററും താഴ്ച 45 മീറ്ററും ആയിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. ഇത്രയും വലിയ കിടങ്ങിന്റെ പണി പൂര്‍ത്തിയാക്കിയത് 6 ദിവസം കൊണ്ടാണ്. ഈ സമയത്ത് റസൂലും സ്വഹാബത്തും കൊടുംപട്ടിണിയിലായിരുന്നു. വിശപ്പ് സഹിക്കാന്‍ വയ്യാതെ വയറ്റത്ത് കല്ല് വെച്ച് കെട്ടുമായിരുന്നു.
അങ്ങനെ ഒരു ദിവസം ജാബിര്‍ (റ) ഭാര്യയോട് പറഞ്ഞു. റസൂലും സ്വഹാബിമാരും പട്ടിണിയിലാണ്. റസൂലിനെ വീട്ടിലേക്ക് ക്ഷണിക്കണം. ഇവിടെ എന്തെങ്കിലും ഇരിപ്പുണ്ടോ. റസൂലിനെയും രണ്ട് സ്വഹാബിമാരെയും വിളിച്ചോളൂ. കുറച്ചു ഗോതമ്പ് മാവ് ഇരിപ്പുണ്ട്. അതുകൊണ്ട് റൊട്ടിയുണ്ടാക്കാം. ഒരാട്ടിന്‍ കുട്ടി ഉണ്ട്. അതിനെ കറിയും വെക്കാം. അങ്ങനെ നബിയെ ജാഫര്‍ (റ) ക്ഷണിച്ചു. റസൂലും മുഴുവന്‍ സ്വഹാബിമാരും കഴിച്ചിട്ടും ഭക്ഷണം മിച്ചം വന്നതുകണ്ട് ജാഫര്‍(റ)വും ഭാര്യയും അന്ധാളിച്ചുപോയി. അല്ലാഹു റസൂലിനു നല്‍കിയ വല്ലാത്ത മുഅ്ജിസത്ത്. അടുത്ത ദിവസം അബൂബക്ര്‍ (റ)വിനെ ഖലീഫ ആയി തെരഞ്ഞെടുത്തതുള്‍പ്പടെയുള്ള ഹറം പരിസരത്തെ ചരിത്ര സ്ഥല സന്ദര്‍ശനവും നടന്നു. അവസാനം പുണ്യമക്കയോടും മദീനയോടും വിടപറയേണ്ടുന്ന വിഷമത്തിലായിരുന്നു എല്ലാവരും. 14 ദിവസം എത്രപെട്ടെന്നാണ് തീര്‍ന്നുപോയത്. ഇന്ന് ഒരുപാടൊരുപാട് ആഗ്രഹിച്ചു പോവുകയാണ്; കഅ്ബയേയും റൗളയെയും വട്ടമിട്ട് പറക്കുന്ന അസംഖ്യം പ്രാവുകളുണ്ടല്ലോ അവിടെ, അതില്‍ ഒന്ന് ഞാനായിരുന്നെങ്കില്‍ എന്ന.് ആ നിഷ്‌ക്കളങ്കത എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന്.