മുപ്പത്തി ഏഴാം വയസ്സില്‍ ഹജ്ജ് ചെയ്യാന്‍ ദൈവാനുഗ്രഹമുണ്ടായവനാണ് ഞാന്‍,
മുപ്പത്തി ഏഴാം വയസ്സില്‍ ഹജ്ജ് ചെയ്യാന്‍ ദൈവാനുഗ്രഹമുണ്ടായവനാണ് ഞാന്‍, അതും മാതാപിതാക്കളോടൊപ്പം. 2002-ലെ ഹജ്ജായിരുന്നു. ഓഫീസും സാമൂഹ്യപ്രവര്‍ത്തനങ്ങളും സജീവമായി കൊണ്ടുപോയിരുന്ന കാലം. പ്രായമായ ഉമ്മക്കും ഉപ്പാക്കുമൊപ്പം ഹജ്ജിന് എന്നെയും കൂടെക്കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. കൂടെ നാട്ടുകാരായ ഏഴ് സ്ത്രീകളുമുണ്ട്. എല്ലാവരും പ്രായമായവര്‍തന്നെ. അതുകൊണ്ട് തന്നെ എന്റെ ഉത്തരവാദിത്വവും കൂടുതലായിരുന്നു. എന്റെ കൂട്ടുകാര്‍ക്കിടയില്‍ ആ പ്രായത്തില്‍ ആ പുണ്യകര്‍മ്മം നിര്‍വഹിച്ചവര്‍ അധികം പേരുണ്ടായിരുന്നില്ല. യാത്രപുറപ്പെടുന്ന അന്ന് രാവിലെയും നാട്ടിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു മോട്ടിവേഷന്‍ ക്ലാസ്സ് ഉണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് തന്നെ ഞങ്ങളുടെ മൂന്നുപേരുടെയും യാത്രാ ബാഗുകള്‍ തയ്യാറായിരുന്നു. ബാപ്പയുടെ ഹജ്ജ് ഒരുക്കം ഒന്ന് കാണേണ്ടത് തന്നെയാണ്. ഒന്നിനും കുറവോ കൂടുതലോ ഉണ്ടാവില്ല. ഓരോ ബാഗിലും വെച്ചിട്ടുള്ള സാധനങ്ങളുടെ പേര് വിവരം മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലും എഴുതിവെക്കും. ഉപ്പയുടെ കൈയക്ഷരം മനോഹരമാണ്, ബാഗിന് പുറത്തെഴുതിയ അഡ്രസ്സ് കണ്ടാല്‍ പ്രിന്റ് ചെയ്തതാണെന്നേ തോന്നൂ. അരീക്കോട് മേത്തലയങ്ങാടി പള്ളിയില്‍ നിന്ന് അസര്‍ നമസ്‌കാരശേഷമാണ് ഇറങ്ങിയത്. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. EMEA കോളേജിനടുത്താണ് ക്യാമ്പ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ക്യാമ്പില്‍ വരെ വന്നിരുന്നു. ഞങ്ങള്‍ക്ക് നിശ്ചയിച്ച റൂമുകളില്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയും വിശ്രമവുമായി കഴിച്ചുകൂട്ടി. പ്രായമായ ആ മനുഷ്യനെ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. നേരത്തെ ഞങ്ങളുടെ റൂമില്‍ വെച്ച് അദ്ദേഹത്തെ കണ്ടതാണ്. വളരെ അസ്വസ്ഥനായ ഒരു മനുഷ്യന്‍. നമസ്‌കാരത്തിലും ശ്രദ്ധയില്ലാത്തപോലെ. നമസ്‌കാരശേഷം പള്ളിയില്‍ തന്നെ കിടക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. കൂടെയുള്ള ചെറുപ്പക്കാരന്‍ (മകനാണെന്ന് പിന്നീട് മനസ്സിലായി) എണീപ്പിച്ചു കൊണ്ടുപോയി. ഹജ്ജ് ക്യാമ്പിലെ വളണ്ടിയര്‍മാരുടെ സേവനം എടുത്തുപറയേണ്ടത് തന്നെയാണ്. ഭൗതികമായ ഒരു പ്രതിഫലവും ആഗ്രഹിക്കാതെയാണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്.
രാത്രി ബാപ്പക്കടുത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ നേരെ എതിര്‍ദിശയില്‍ കിടക്കുന്ന ആ വൃദ്ധനായ ഹാജിയെ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അസ്വസ്ഥനാണിപ്പോഴും, എണീറ്റിരിക്കുകയും കിടക്കുകയും ചെയ്യുന്നു. ഉറക്കത്തില്‍ പ്ലാസ്റ്റിക് കവര്‍ തുറക്കുകയും മാറ്റിവെക്കുകയും ചെയ്യുമ്പോഴുള്ള ശബ്ദം കേട്ട് ഞാനുണര്‍ന്ന് നോക്കിയപ്പോള്‍ ആ വൃദ്ധനാണ് അത് ചെയ്യുന്നതെന്ന് മനസ്സിലായി. എന്തോ തിരയുന്നു. പിന്നെ കവര്‍ അവിടെ വെക്കുന്നു. രാത്രിയുടെ നിശബ്ദതയില്‍ ആ ശബ്ദം കാരണം പലര്‍ക്കും ഉറങ്ങാന്‍ കഴിയാത്ത പോലെ. മകന്‍ ഉപ്പാനെ ഉറങ്ങാന്‍ നിര്‍ബ്ബന്ധിക്കുന്നുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ അദ്ദേഹം ആ മുറിയിലുണ്ടായിരുന്നവരെ മുഴുവന്‍ എണീപ്പിച്ചു പോയി കുളിച്ചു ഇഹ്‌റാമിന് ഒരുങ്ങാന്‍ നിര്‍ബ്ബന്ധിച്ചു. സമയം ഇനിയും ഒരുപാടുണ്ടായിരുന്നു. എന്താണ് പ്രശ്‌നമെന്ന് മകനോട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ കുറെ ബോധ്യപ്പെട്ടത്.
കുറ്റിയാടി ഭാഗത്ത് നിന്നുള്ളവരാണ് അവര്‍. തനി നാട്ടിന്‍പുറത്തുകാരനാണ് ഉപ്പ. മകന്‍ വിദേശത്ത് ജോലിചെയ്യുന്നു. ഉമ്മ നേരത്തെ മരിച്ചു. ഈ വര്‍ഷത്തെ ഹജ്ജിന് മകനും മരുമകള്‍ക്കുമൊപ്പം ഉപ്പയേയും കൂട്ടിയതാ. ഉപ്പാക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. ഹജ്ജ് യാത്രക്കുള്ള അറിയിപ്പ് കിട്ടിയ നാള്‍ തൊട്ട് അദ്ദേഹത്തിന്റെ ഉപ്പ വല്ലാത്ത സന്തോഷത്തിലായിരുന്നു. ഒരാഴ്ചയായി യാത്രപറച്ചിലുകളിലും ഒരുക്കങ്ങളിലുമാണ് ആ വൃദ്ധന്‍. കഴിഞ്ഞ കുറച്ച് ദിവസമായി ഉറങ്ങിയിട്ടേയില്ല. തന്റെ ഗ്രാമം വിട്ട് ഒരു നഗരത്തില്‍പോലും പോയിട്ടില്ലാത്ത ആ ഗ്രാമീണന്‍ വലിയ ആശങ്കയും പ്രതീക്ഷയും ഒരുക്കവുമായാണ് ഹജ്ജിന് വന്നിരിക്കുന്നത്. ഈ ഹജ്ജ് ക്യാമ്പിലെത്തിയത് മുതല്‍ എന്തോ ഒരു വിഭ്രാന്തിയിലായിപ്പോയി. മകനും മരുമകളും വല്ലാത്ത സങ്കടത്തിലാണ്. ദീര്‍ഘമായ ദിവസങ്ങള്‍ ഉറക്കമൊഴിച്ചാല്‍ ആര്‍ക്കും ഇത്തരം അവസ്ഥയുണ്ടാകുമെന്ന് പറഞ്ഞ് ആ സുഹൃത്തിനെ ആശ്വസിപ്പിച്ചു.
സുബ്ഹി നമസ്‌കാരം കഴിഞ്ഞ് ഇഹ്‌റാം വേഷത്തോടെ എല്ലാവരും യാത്രക്ക് ഒരുങ്ങി നിന്നു. യാത്രാരേഖകളും അവിടെ ചെലവഴിക്കാനുള്ള സൗദി റിയാലും കൈപ്പറ്റി തങ്ങള്‍ക്കുള്ള ഇരിപ്പിടങ്ങളില്‍ കാത്തിരുന്നു. ഞങ്ങളുടെ തൊട്ടടുത്ത് തന്നെയായിരുന്നു ആ വൃദ്ധനും മകനും മരുമകളും. എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ വാഹനത്തിലെത്തിയപ്പോഴേക്ക് അദ്ദേഹം വണ്ടിയില്‍ കയറാന്‍ വിസമ്മതിക്കുന്നത് പോലെ, മകന്‍ കരഞ്ഞ് പറഞ്ഞപ്പോള്‍ വണ്ടിയില്‍ കയറി. എല്ലാവരും തല്‍ബിയത്ത് ചൊല്ലുമ്പോള്‍ വൃദ്ധന്‍ മറ്റെന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇടക്ക് മകന്‍ തല്‍ബിയത്ത് ഓര്‍മപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കൈ എവിടെയും വെക്കാനാവുന്നില്ല, എല്ലാം പിടിച്ചുപറിച്ചുകൊണ്ടിരിക്കുന്നു. തല്‍ബിയത്ത് ചൊല്ലുമ്പോഴും മകന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. എയര്‍പ്പോര്‍ട്ടില്‍ കാത്തിരിക്കുമ്പോഴും ഉപ്പാനെ കസേരയില്‍ പിടിച്ചിരുത്താന്‍ ആ മകനും മരുമകളും പാടുപെടുന്നുണ്ടായിരുന്നു. ഹാജിമാര്‍ക്കുള്ള വിമാനത്തിലേക്ക് കയറുവാന്‍ എല്ലാവരും അവരെ സഹായിക്കുകയായിരുന്നു. വിമാനത്തിനകം ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്... എന്ന തല്‍ബിയത്തില്‍ മുഖരിതമായപ്പോഴും ആ വൃദ്ധന്‍ വിമാനത്തിനകത്തെ അലങ്കാരങ്ങളിലും ഹാജിമാരുടെ ഇഹ്‌റാം വേഷങ്ങളിലും അത്ഭുതപ്പെട്ട് നോക്കുന്നുണ്ടായിരുന്നു.
ജിദ്ദ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴാണ് എനിക്കുള്ള പണി തുടങ്ങുന്നത്. കൂടെ വന്നവരുടെ ലഗ്ഗേജുകള്‍ വേര്‍തിരിച്ചെടുക്കാനും പരിശോധന ടേബിളിലേക്ക് വെക്കാനും തുടങ്ങിയതോടെ ഞാന്‍ ആ വൃദ്ധനെ അല്‍പനേരം മറന്നു. എതാണ്ടെല്ലാ ബാഗുകളും തുറന്ന് കാണിച്ചുകൊടുക്കേണ്ടിവന്നു. പോസ്റ്റുമോര്‍ട്ടം ടേബിളില്‍ എന്നപോലെ അവസാനം എല്ലാം വാരിയിട്ട് ബാഗുകള്‍ അടക്കാന്‍ ശരിക്കും പ്രയാസപ്പെട്ടു. പുറത്തിറങ്ങി മക്കത്തേക്കുള്ള ബസ്സ് കാത്തിരിക്കുന്നിടത്തേക്ക് ഞങ്ങള്‍ നടന്നു. അപ്പോഴാണ് ആ വൃദ്ധനെ ഓര്‍മ്മവന്നത്. അയാളുടെ മകന്‍ വല്ലാതെ ബേജാറായി ഓടിവരുന്നു. ഉപ്പാനെ എവിടെയെങ്കിലും കണ്ടോയെന്ന ചോദ്യം കേട്ടപ്പോള്‍ പേടിച്ചുപോയി. ബാഗേജ് ചെക്കിംഗ് കഴിഞ്ഞപ്പോള്‍ ഉപ്പാനെ കാണാതായതാണ്. പിന്നെ ആ ഹജ്ജ് ടെര്‍മിനല്‍ മുഴുവന്‍ തെരച്ചിലായിരുന്നു ഞങ്ങള്‍. വളരെ ദൂരെ സ്ത്രീകള്‍ നമസ്‌കരിക്കുന്ന ഭാഗത്ത് ആ വൃദ്ധനെ ഞാന്‍ കണ്ടു. നമസ്‌കരിക്കുന്ന സ്ത്രീകള്‍ക്കിടയില്‍ അയാള്‍ ആരെയോ തിരയുകയാണ്. അദ്ദേഹത്തെ പിടിച്ച് തിരികെ കൊണ്ടുവരുമ്പോഴും ആരുടെയോ പേര് പറഞ്ഞ് കരയുന്നുണ്ടായിരുന്നു അയാള്‍. ഉമ്മയെ തെരഞ്ഞതാ ഉപ്പ എന്ന് മകന്‍ പറഞ്ഞപ്പോള്‍ വല്ലാതെ സങ്കടം വന്നുപോയി. ലഗേജ് സ്ഥലത്ത് ഞങ്ങളെത്തിയപ്പോഴേക്കും ഞങ്ങള്‍ക്കുള്ള ബസ്സ് എത്തിയിരുന്നു. ബസ്സില്‍ ഞങ്ങളുടെ സീറ്റിനു പിറകിലായിരുന്നു അദ്ദേഹവും മകനും ഇരുന്നത്. ബസ് നീങ്ങിയപ്പോള്‍ തല്‍ബിയത്തിന് ശബ്ദം കൂടുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കകം ആ പുണ്യഗേഹം കാണാനാവും. ഓര്‍മ്മവെച്ച കാലം മുതല്‍ ദിവസേന നമസ്‌കരിക്കുന്ന ഖിബ്‌ല കാണാന്‍ അവസരം വന്നിരിക്കുകയാണ്. വഴി നീളെ എഴുതിവെച്ചിരിക്കുന്ന ദിക്‌റ് ബോര്‍ഡുകള്‍ വായിച്ച് അത് ചൊല്ലിയുള്ള യാത്ര. ഇടക്കാണ് അത് ശ്രദ്ധിച്ചത്, തൊട്ടടുത്തിരിക്കുന്ന ബാപ്പ എന്തോ വേദനിച്ച് തല വെട്ടിക്കുന്നത് പോലെ, പിന്നിലിരുന്ന ആ വൃദ്ധന്‍ തന്റെ കൈകൊണ്ട് ബാപ്പയുടെ കഴുത്തിന് അമര്‍ത്തിപ്പിടിച്ചിരിക്കയാണ്, നഖം കൊണ്ട് ചോരപൊടിയുന്നു. ഒരുവിധം കൈകള്‍ വേര്‍പെടുത്തി. ഇഹ്‌റാം വേഷത്തിലായതിനാല്‍ ബാപ്പയോട് ദേഷ്യപ്പെടരുതെന്ന് ആ മകന്‍ പറയുന്നുണ്ടായിരുന്നു. രാത്രി എട്ട് മണിയോടെ മക്കത്ത് ഞങ്ങളുടെ താമസസ്ഥലത്തിന് മുന്നില്‍ ബസ് നിര്‍ത്തി. ഞങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട മുറിയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. അടുത്ത നിലയിലായിരുന്ന ആ വൃദ്ധനും മറ്റും ഉംറ നിര്‍വഹിക്കാനായി ഹറമിലേക്ക് പോയി. രാവിലെയാണ് ഞാന്‍ ആ മകനെ കാണുന്നത്. കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ആ വിവരം അറിഞ്ഞത്. തലേന്ന് ബസില്‍ നിന്നിറങ്ങി റൂമില്‍ എത്തിയ ഉടനെ ആ വൃദ്ധന്‍ വളരെ വയലന്റായി. ബാഗിലുള്ള സാധനങ്ങളെല്ലാം എടുത്ത് എറിയാന്‍ തുടങ്ങി. അവര്‍ വളരെ പണിപ്പെട്ട് അടക്കിനിര്‍ത്തി. രാത്രി വളരെ വൈകി ഉംറക്കായി ഉപ്പയെയും കൊണ്ട് ഇറങ്ങി. ഉംറ നിര്‍വ്വഹിക്കുന്നതിനിടയിലും ഇടക്ക് ഇറങ്ങി ഓടാന്‍ ശ്രമിച്ചു. ഉംറ കഴിഞ്ഞതോടെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വക ക്ലിനിക്കില്‍ എത്തിച്ചു. അവിടെ ഇഞ്ചക്ഷന്‍ എടുത്ത് കിടത്തിയിരിക്കയാണ്. കടുത്ത വിഭ്രാന്തിയാണെന്നും ഓര്‍മയെല്ലാം മറഞ്ഞെന്നും ഡോക്ടര്‍ പറഞ്ഞതായി ആ മകന്‍ കണ്ണീരോടെ പറഞ്ഞു. പിന്നെയുള്ള ദിവസങ്ങളിലെ ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ആ കുടുംബമുണ്ടായിരുന്നു.
സ്ഥിരം യാത്രികനായതിനാല്‍ മക്കയിലുള്ള കൗതുകകാഴ്ചകളെകുറിച്ച് ഞാന്‍ തിരക്കിയിരുന്നു. ഒരു മ്യൂസിയത്തെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നറിഞ്ഞു. അതൊരു വല്ലാത്തൊരു അനുഭവമായിരുന്നു. പ്രവാചകന്റെ കാലത്തെ അത്യപൂര്‍വ്വ ശേഖരങ്ങള്‍ അവിടെയുണ്ടായിരുന്നു. പഴയകാല ഹറമിലെ ഉപകരണങ്ങള്‍ വിവരങ്ങള്‍ സഹിതം അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഉമ്മക്കായിരുന്നു ആ കാഴ്ച ഏറെ ഇഷ്ടപ്പെട്ടത്. തിരിച്ച് വന്ന് താഴെ ഫ്‌ളോറിലെ ആ മകനെയും മകളെയും തിരക്കിച്ചെന്നു. ഉപ്പ വളരെ സീരിയസായി ക്ലിനിക്കിലാണെന്നറിഞ്ഞ് രണ്ട്‌പേരും അങ്ങോട്ട് പോയതായിരുന്നു. പിറ്റേന്ന് രാവിലെ 12 മണിയോടെ ആ ഹാജി ഹജ്ജ് പൂര്‍ത്തിയാക്കാനാവാതെ അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി. ഉച്ച നമസ്‌കാര സമയത്ത് തന്നെ മയ്യിത്ത് ഹറമില്‍ കൊണ്ടു വന്നു. ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനയോടെ മയ്യിത്ത് നമസ്‌കാരം നടന്നു. ഉടന്‍ തന്നെ ഖബര്‍സ്ഥാനിലേക്കെടുത്തു. സ്വന്തം മകനുപോലും തൊടാനാവാതെ മയ്യിത്ത് കട്ടില്‍ പലരും തോളിലേറ്റി ഓടുകയായിരുന്നു. മൂന്ന് പിടി മണ്ണ് വാരിയിട്ട് മടങ്ങുമ്പോഴും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിട്ടുപോയ പ്രിയതമയെ നമസ്‌കരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കിടയില്‍ തിരഞ്ഞ ആ വൃദ്ധന്റെ മുഖം മനസ്സില്‍ നിറയുകയായിരുന്നു.