മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ മോയ്‌സ്ച്ചറൈസര്‍ ഉപയോഗിക്കണമെന്ന് നിങ്ങളോട് പലരും ഉപദേശിച്ചിട്ടുണ്ടാവാം. സൗന്ദര്യസംരക്ഷണത്തില്‍ വളരെ പ്രധാനമാണ് ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുകയെന്നത്
എന്താണീ മോയ്‌സ്ച്ചറൈസ്? അതുപയോഗിക്കേണ്ട വിധമെന്ത്. എന്നിങ്ങനെയുള്ള സംശയങ്ങള്‍ തീര്‍ക്കാനായി മോയ്‌സ്ച്ചറൈസുകളെപ്പറ്റി കൂടുതലറിയാന്‍ ശ്രമിക്കാം.
ചര്‍മ്മത്തിലെ ജലാംശം അഥവാ ഈര്‍പ്പം ചര്‍മ്മത്തിന്റെ മിനു മിനുപ്പും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുകയും ചര്‍മ്മം യുവത്വമുള്ളതായി തോന്നിക്കുകയും ചെയ്യുന്നു. സാധാരണയായി ചര്‍മ്മത്തിലെ വിവിധ പാളികളിലൂടെ ജലം പുറത്തേക്കുവന്നു ബാഷ്പീകരിച്ചുപോകും. പക്ഷേ മൃതകോശങ്ങള്‍ നിറഞ്ഞ ചര്‍മ്മത്തിലെ സ്‌നേഹഗ്രന്ഥികളില്‍ നിന്ന് വരുന്ന എണ്ണയും ശരീരത്തില്‍ നിന്നു ജലം നഷ്ടപ്പെടുന്നതു തടയുന്നു. ചര്‍മ്മത്തിലെ എണ്ണമയം കൂടുന്നതും കുറയുന്നതുമനുസരിച്ച് ചര്‍മ്മത്തെ സാധാരണ ചര്‍മ്മം, വരണ്ട ചര്‍മ്മം, എണ്ണമയമുള്ള ചര്‍മ്മം എന്നിങ്ങനെ വേര്‍തിരിക്കാം. ഈ മൂന്നു വിഭാഗങ്ങളുടെയും മിശ്രിതമായിട്ടുള്ള ചര്‍മ്മവും കാണപ്പെടുന്നു.
ചര്‍മ്മത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുന്നതെപ്പോള്‍?
മഞ്ഞുകാലത്തും തണുത്ത കാറ്റുള്ളപ്പോഴും എയര്‍കണ്ടീഷണര്‍ ഉപയോഗിക്കുന്ന മുറിയിലിരിക്കുമ്പോഴുമാണ് ചര്‍മ്മത്തിലെ ജലാംശം കൂടുതല്‍ നഷ്ടപ്പെടുന്നത്. അധികം സൂര്യപ്രകാശമേല്‍ക്കുമ്പോഴും ജലാംശം നഷ്ടപ്പെടാം. വീര്യം കൂടിയ സോപ്പും ഡിറ്റര്‍ജന്റ് പൗഡറും ഉപയോഗിക്കുമ്പോഴും ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെട്ട് ചര്‍മ്മം വരണ്ടതായി തീരുന്നു.
ഏതുതരം മോയ്ച്ചറൈസര്‍ ഉപയോഗിക്കണം?
ചര്‍മ്മത്തിന്റെ രീതിക്കനുയോജ്യമായ മോയ്‌സ്ച്ചറൈസറാണ് തെരഞ്ഞെടുക്കേണ്ടത്. സാധാരണചര്‍മ്മമോ എണ്ണമയം കുറഞ്ഞ ചര്‍മ്മമോ ഉള്ളവര്‍ കൂടുതല്‍ ജലാംശവും കുറവ് എണ്ണയുമടങ്ങിയ മോയ്‌സ്ച്ചറൈസര്‍ ഉപയോഗിക്കാം. പക്ഷേ വരണ്ട ചര്‍മ്മമുള്ളവര്‍ കൂടുതല്‍ എണ്ണയടങ്ങിയ മോയ്‌സ്ച്ചറൈസറാണ് ഉപയോഗിക്കേണ്ടത്. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മോയ്‌സ്ച്ചറൈസര്‍ ഉപയോഗിക്കേണ്ട കാര്യമില്ല എന്നു കരുതുന്നത് തെറ്റാണ്. അവര്‍ക്കുംഭ മോയ്‌സ്ച്ചറൈസര്‍ (കൂടുതല്‍ ജലാംശമുള്ള) ആവശ്യമാണ്.
എപ്പോഴാണ് ഉപയോഗിക്കേണ്ടത്?
മോയ്‌സ്ച്ചറൈസര്‍ ദിവസേന രണ്ടുനേരം ഉപയോഗിക്കാം. രാവിലെയും രാത്രിയും മുഖവും കഴുത്തും കഴുകിവൃത്തിയാക്കിയശേഷം മോയ്‌സ്ച്ചറൈസര്‍ പുരട്ടാം. മേയ്ക്കപ്പ് ചെയ്യുന്നതിനുമുമ്പ് മോയ്‌സ്ച്ചറൈസര്‍ പുരുട്ടുന്നതു നല്ലതാണ്. മുഖം കഴുകിയശേഷം പുരട്ടുമ്പോള്‍ ചര്‍മ്മത്തില്‍ നേര്‍ത്ത ഈര്‍പ്പമുള്ളതുകൊണ്ട് ജലാംശനഷ്ടം തടയാന്‍ സഹായിക്കും.
മോയ്ച്ചറൈസര്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
പ്രതികൂല കാലാവസ്ഥയനുസരിച്ച് ജലാംശം കൂടുതല്‍ നഷ്ടപ്പെട്ട് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു.
ചര്‍മ്മം മിനുസമുള്ളതായിത്തീരുന്നു.
പ്രായംകൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുണ്ടാകുന്നതു കുറയ്ക്കുന്നതുകൊണ്ട് ചര്‍മ്മം വലിയുന്നതു തടയുന്നു. മേക്കപ്പ് എളുപ്പത്തില്‍ തുടച്ചുമാറ്റാനും കഴിയും.
തുണികളും പാത്രങ്ങളും കഴുകുമ്പോള്‍ വീര്യം കൂടിയ രാസവസ്തുക്കള്‍ കലര്‍ന്ന സോപ്പും സോപ്പുപൊടിയും കൊണ്ട് കൈകളിലെ ചര്‍മ്മത്തിലെ എണ്ണയുടെ അംശം നഷ്ടപ്പെട്ട് വരണ്ടതായിത്തീരും. അതുകൊണ്ട് കൂടുതല്‍ എണ്ണമയമുള്ള മോയ്‌സ്ച്ചറൈസര്‍ കൈകളില്‍ പുരട്ടുന്നത് (തുണികളും പാത്രങ്ങളും കഴുകിയശേഷം) ചര്‍മ്മത്തിന്റെ മൃദുത്വം നിലനിര്‍ത്താന്‍ നല്ലതാണ്.
കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താന്‍ മോയ്‌സ്ച്ചറൈസര്‍ സഹായിക്കുന്നു.