സാങ്കേതികവിദ്യയുടെ കുതിച്ചുകയറ്റം ഏറ്റവും ബാധിച്ചത് പ്രണയത്തെയാണ് എന്ന് തോന്നുന്നു. യുവാക്കള്‍ക്കിടയില്‍ മാത്രമല്ല മധ്യവയസ്‌കരുടെ ഇടയിലും പ്രണയം അലയടിച്ചു വരികയും അതിനേക്കാള്‍ വേഗത്തില്‍ ഉള്‍വലിഞ്ഞുപോകുകയും ചെയ്യുന്നതായാണ് കൂടുതലായും കാണുന്നത്. കൂടിയാല്‍ മൂന്നുമാസത്തെ ആയുസ്സേ പ്രണയങ്ങള്‍ക്കുള്ളൂ എന്നാണ് പൊതുവെ പറയപ്പെടുന്നത്. പഴയതലമുറയുടെ അഭിപ്രായത്തില്‍, നിഷ്‌കളങ്കമോ കൗതുകമോ സ്‌നേഹമോ ഒന്നും തന്നെ ഇപ്പോള്‍ പ്രണയങ്ങള്‍ക്ക് ഇല്ല എന്നാണ്. കാരണം പ്രണയം എന്തെന്ന് അറിയാതെയാണ് പലരും പ്രണയത്തില്‍ ചെന്ന് ചാടുന്നത്. ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട് കുറച്ചു സമയത്തെ ചാറ്റിംഗിലൂടെ പ്രണയത്തിലേക്ക് എത്തുകയും കൂടിയാല്‍ മൂന്നുമാസം കൊണ്ട് അത് തെറ്റിപ്പിരിയുകയും അടുത്തതിലേക്ക് എത്തിപ്പെടുകയും അങ്ങനെ പ്രണയങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിമാറി പോയിക്കൊണ്ടിരിക്കുന്ന അവസ്ഥ ഇന്ന് യുവജനങ്ങള്‍ക്കിടയില്‍ ഹരമായി മാറിക്കൊണ്ടിരിക്കുന്നു. ചതിയും വഞ്ചനയും നിറഞ്ഞ പ്രണയലോകമാണ് ഇന്നുള്ളത്. പീഡനവും ഇന്ന് ഓരോ ദിവസത്തെയും വാര്‍ത്തകളില്‍ സാധാരണ കണ്ടുവരുന്നത്.
ഭൂമി ഉണ്ടായ കാലം മുതല്‍ തന്നെ പ്രണയവും ഉടലെടുത്തിട്ടുണ്ട്. ഇതിഹാസങ്ങളില്‍ പോലും പ്രണയത്തെയും നഷ്ടപ്രണയത്തെയും കുറിച്ച് വളരെയേറെ കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പ്രണയം നടിച്ച് ചതിച്ച കഥകള്‍ കേട്ടിട്ടില്ല. കുറെ കാലങ്ങള്‍ക്ക് ശേഷം മലയാള മനസ്സിനെ വളരെയേറെ നൊമ്പരപ്പെടുത്തിയ ഒരു പ്രണയനഷ്ടം ആയിരുന്നു ''രമണന്‍'' എന്ന കഥാപാത്രം. അതുപോലെ ഒരുപാട് കഥകള്‍, കവിതകള്‍, സിനിമകള്‍ എല്ലാം നമ്മള്‍ കണ്ടും കേട്ടും സങ്കടപ്പെട്ടും സന്തോഷിച്ചും കടന്നുപോകുന്നു.
എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി വല്ലാതെ വേവലാതി പിടിപ്പിക്കുന്ന കഥകളാണ് നമ്മള്‍ വാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും കണ്ടുവരുന്നത്. ജീവിതത്തിനു പ്രാധാന്യം കൊടുക്കാതെയോ അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍കൊണ്ടോ പ്രണയം മറ്റു പലതിനും ഉപയോഗിക്കുന്ന രീതി കണ്ടുവരുന്നു. അതിനെ പ്രണയം എന്ന് പറയാന്‍ കഴിയുമോ? സാധാരണ രീതിയില്‍ ചതി എന്ന് പറഞ്ഞാല്‍ അത് പുരുഷനില്‍ നിന്ന് സ്ത്രീക്ക് എന്നാണ്. സ്ത്രീകളാണ് കൂടുതലായും പ്രണയം മൂലം ചതിയില്‍ പെടുന്നതും പീഡനത്തിനിരയായി കേസും കോടതിയും ചിലപ്പോള്‍ ആത്മഹത്യകളില്‍ വരെയും എത്തിച്ചേരുന്നതും. എന്നാല്‍ ചതിയോ തമാശയോ എന്നറിയാതെ നിഷ്‌കളങ്ക പ്രണയത്തില്‍ അകപ്പെട്ട് മാനസികമായി തകര്‍ന്ന പുരുഷന്മാരും ഉണ്ട്. തന്റെ പൗരുഷത്തിന് കളങ്കമേല്‍ക്കാതിരിക്കാന്‍ പലരും തങ്ങള്‍ക്കുപറ്റിയ ചതിയും വഞ്ചനയും മാനസികവേദനയും ഒളിച്ചുവെക്കുന്നു. സത്യം പറഞ്ഞാല്‍ സ്ത്രീകളെക്കാള്‍ ഏറെ പീഡനങ്ങളും ചതിയും അനുഭവിക്കുന്നത് പുരുഷന്മാര്‍ അല്ലെ? സമൂഹത്തില്‍ പുരുഷന് പൗരുഷം അടിയറവയ്ക്കാതിരിക്കാന്‍ ഏറെ സഹിച്ചേ പറ്റൂ.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ആത്മഹത്യാ കണക്കുകള്‍ എടുത്തപ്പോള്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെട്ടത്. 3 വര്‍ഷത്തിനിടയ്ക്ക് 15-ഓളം ചെറുപ്പക്കാരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഫെയ്‌സ് ബുക്കിന്റെ പിടിയില്‍ അമര്‍ന്ന് ഫെയ്ക്ക് പ്രണയത്തില്‍ പെടുകയും അതിലൂടെ ചതിയില്‍ പെടുകയും ചെയ്തവരും ഉണ്ട്. വിവാഹ ആലോചന വരെ എത്തുകയും ചതിക്കപ്പെട്ട് പിന്നീടത് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ വരെ എത്തിപ്പെടേണ്ടി വരികയും ചെയ്ത ഒരു സംഭവത്തെക്കുറിച്ച് പറയാം.
നല്ല വിദ്യാഭ്യാസവും സൗന്ദര്യവും ഐടി മേഖലയില്‍ നല്ലൊരു ജോലിയും ഉള്ള സുന്ദരനായ ഒരു ചെറുപ്പക്കാരന് ഫെയ്‌സ് ബുക്കില്‍ വന്ന ഒരു ''ഹായ്'' ആയിരുന്നു ജീവിതത്തെ തന്നെ മാറ്റി മറിച്ചത്. ഒരു കുഞ്ഞു പൂച്ചക്കുട്ടി, ഭംഗിയുള്ള റോസ് അത്തരത്തില്‍ പല തരത്തിലുള്ള ഭംഗിയുള്ള പ്രൊഫൈല്‍ പിക്ചര്‍ മാത്രമായിരുന്നു അതില്‍ എങ്കിലും ആ ഹായ് എന്ന മെസ്സേജ് ആ ചെറുപ്പക്കാരന് തന്റെ ജീവിതത്തില്‍ വിലയേറിയ എന്തൊക്കെയോ ആയിത്തീര്‍ന്നു. പതുക്കെ ഒരു പരിചയപ്പെടലും ഇടയ്ക്കുള്ള സുഖവിവരങ്ങളും അവരെ തമ്മില്‍ കൂടുതല്‍ അടുപ്പിച്ചു. പിന്നീട് ആ ബന്ധം വളരെ മനോഹരമായി മുന്നോട്ടുപോയി. മോശമായ സംസാരമോ ചര്‍ച്ചയോ ഒന്നും ഉണ്ടായിരുന്നില്ല. അതു മതിയായിരുന്നു ആ ചെറുപ്പക്കാരന് ആ പെണ്‍കുട്ടിയെ തന്റെ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍. വീട്ടുകാരുടെ ഓരോ വിവരങ്ങളും അന്വേഷിക്കുകയും ശ്രദ്ധിക്കുകയും ചെറുപ്പക്കാരനോട് മര്യാദയോടെയും സ്‌നേഹത്തോടെയും സംസ്‌കാരത്തോടെയും പെരുമാറുകയും സംസാരിക്കുകയും ചെയ്ത ആ പെണ്‍കുട്ടിയുടെ ഇടയ്ക്കിടെയുള്ള ഫോണ്‍വിളികള്‍ ആ ചെറുപ്പക്കാരന് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ജോലി ചെയ്യുന്നതിനും ജീവിതത്തിന് ഒരു സന്തോഷവും അടുക്കും ചിട്ടയും കൈവരിക്കാനും സാധിച്ചു.
തമ്മില്‍ കാണുവാന്‍ ഏറെ ആഗ്രഹിച്ചുവെങ്കിലും വളരെയേറെ ദൂരെ ആയിരുന്നു രണ്ടുപേരും. മാസങ്ങള്‍ കടന്നുപോയപ്പോള്‍ തനിക്ക് അവളെ നഷ്ടപ്പെടാന്‍ പാടില്ല എന്ന ആഗ്രഹത്തോടെ ചെറുപ്പക്കാരന്‍ തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും വിവരം അറിയിക്കുകയും അവളെ കല്യാണം കഴിക്കാന്‍ അവരുടെ സമ്മതം വാങ്ങിക്കുകയും ചെയ്തു. അവളെ കാണുവാനും സംസാരിക്കുവാനും ഉള്ള ഒരു അവസരം അവളോട് ആവശ്യപ്പെട്ടതനുസരിച്ച് അവളുടെ നാട്ടിലെ ഒരു നല്ല റസ്റ്റോറന്റില്‍ വച്ച് മാതാപിതാക്കളെ കാണാമെന്നും സംസാരിക്കാമെന്നും അവള്‍ സമ്മതിച്ചു.
ചെറുപ്പക്കാരന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. കാരണം ലോകത്തില്‍ ഇതിനെക്കാള്‍ നല്ല ഒരു പെണ്‍കുട്ടിയെ അവന് ലഭിക്കില്ലായിരുന്നു. വളരെ സന്തോഷത്തോടെയും സ്‌നേഹത്തോടെയും ഒരുമയോടെയും ജീവിച്ചിരുന്ന ആ കുടുംബത്തിലേക്ക് വരാന്‍ പോകുന്ന നല്ല മനസ്സും അടക്കവും ഒതുക്കവും ഉള്ള ആ പെണ്‍കുട്ടിയെകുറിച്ചായിരുന്നു പിന്നീടുള്ള അവരുടെ ചര്‍ച്ചകള്‍. എല്ലാവരും വളരെ സന്തോഷത്തോടെ അവളെ കാണുന്ന ദിവസം എത്തുവാനായി ആകാംക്ഷയോടെ കാത്തിരുന്നു. പെണ്‍കുട്ടി പറഞ്ഞ ദിവസം വന്നെത്തി. സന്തോഷത്തോടെ അവളെ കാണുവാന്‍ പുറപ്പെടുന്ന മാതാപിതാക്കളുടെ പിന്നാലെ വല്ലാത്തൊരു ആകാംക്ഷയോടെ ഒരോ കാര്യങ്ങള്‍ പറഞ്ഞ് ചെറുപ്പക്കാരന്‍ നിന്നപ്പോള്‍ എല്ലാവരും സ്‌നേഹത്തോടെ അവനെ കളിയാക്കി.
പറഞ്ഞതുപോലെ കൃത്യസമയത്തിനു മുന്‍പെ അവള്‍ പറഞ്ഞ ഹോട്ടലില്‍ മാതാപിതാക്കള്‍ എത്തി കാത്തിരുന്നു. സമയം കുറെ ആയിട്ടും അവള്‍ വന്നില്ല. അവളുടെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച്ഡ് ഓഫ് എന്ന് മറുപടി. എങ്കിലും മകന്‍ അത്രയേറെ സ്‌നേഹിക്കുന്ന ആ പെണ്‍കുട്ടിയുടെ മൊബൈല്‍ ഓഫ് ആയിപ്പോയതായിരിക്കും എന്ന ചിന്തയാല്‍ വൈകുന്നേരം വരെ അവര്‍ അവളെ കാത്തിരുന്നു. ഓരോ നിമിഷവും അവര്‍ വിളിച്ചുകൊണ്ടിരുന്നു. അവള്‍ വരില്ല എന്ന് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു.
തിരികെ വീട്ടില്‍ എത്തി സംഭവിച്ചതെല്ലാം അവര്‍ മകനോടും മറ്റു മക്കളോടും പറഞ്ഞു. എന്നാല്‍ ആ ചെറുപ്പക്കാരന്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല. മാതാപിതാക്കള്‍ അവളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടാകും എന്നും അവരെ തമ്മില്‍ പിരിക്കാന്‍ വേണ്ടി എന്തൊക്കെയോ ചെയ്തു എന്നും അതാണ് അവള്‍ ഫോണ്‍ ഓഫ് ചെയ്ത് മാറിപ്പോയത് എന്നുമായിരുന്നു അവന്റെ പ്രതികരണം. പിന്നീട് നടന്നതെല്ലാം സിനിമാ സ്റ്റൈലില്‍ ആയിരുന്നു. അവന്റെ മനസ്സാകെ മാറിപ്പോയി. എല്ലാവരോടും ദേഷ്യവും വാശിയും, തന്റെ പ്രാണനായിരുന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ തന്നില്‍ നിന്ന് അകറ്റി എന്ന് അവന്റെ മനസ്സ് വിശ്വസിച്ചുപോവുകയും അവന്‍ അവരുടെ ശത്രുവായി മാറുകയും ചെയ്തു. കൊച്ചുസ്വര്‍ഗ്ഗമായിരുന്ന ആ വീട് നരകമായി മാറാന്‍ മണിക്കൂറുകള്‍ മാത്രം മതിയായിരുന്നു. ജോലിക്കു പോകാതെ ആരോടും മിണ്ടാതെ അവന്‍ വല്ലാത്തൊരു മനസ്സിനു ഉടമയായി മാറി.
കുറെ നാള്‍ കഴിഞ്ഞിട്ടും മകന് മാറ്റം ഒട്ടും ഇല്ലാതെ വരികയും സംഗതി വഷളായിക്കൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ആ പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ ആരാണ് എവിടെയാണ് എന്നൊന്നും ഒരു അന്വേഷണത്തിലൂടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം അവളുടെ സ്വിച്ച് ഓഫ് ആയ നമ്പര്‍ നിലവിലില്ല എന്ന വിവരമാണ് അതിലേക്ക് വിളിക്കുമ്പോള്‍ ലഭിച്ചിരുന്നത്. ആ നമ്പറില്‍ കൂടെ അവളുടെ അഡ്രസ്സും അവളെയും കണ്ടെത്താനും സത്യാവസ്ഥ അറിയുന്നതിനും മാതാപിതാക്കള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അന്വേഷണം എത്തിനിന്നത് ശരിക്കും ആ കുടുംബത്തെ മുഴുവന്‍ ഞെട്ടിക്കുന്ന ഒരിടത്തേക്ക് ആയിരുന്നു. അവരുടെ ഹൗസിങ്ങ് കോളനിയില്‍ തെന്നയുള്ള ഒരു വീട്ടിലേതായിരുന്നു ആ നമ്പര്‍. ആ ചെറുപ്പക്കാരന്റെ സുഹൃത്തിന്റെ വീടായിരുന്നു അത്. ആ നമ്പര്‍ ഉപയോഗിച്ചിരുന്നത് സുഹൃത്തിന്റെ അമ്മയും. മധ്യവയസ്‌കയായ ആ സ്ത്രീ ഒരു തമാശരൂപേണ തുടങ്ങിയ ബന്ധം, അവസാനം അത് കൈവിട്ടുപോകുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ നമ്പര്‍ കട്ട് ചെയ്ത് ഒഴിഞ്ഞുമാറിപ്പോയതായിരുന്നു. എന്നാല്‍ അത് ഒരു ചെറുപ്പക്കാരന്റെ ജീവിതവും കുടുംബത്തിന്റെ സമാധാനവും സന്തോഷവും എന്നന്നേക്കുമായി നഷ്ടമാക്കുകയാണ് ഉണ്ടായത്.
ഇത്തരത്തില്‍ ചെറിയ ആണ്‍കുട്ടികളെയും യുവാക്കളെയും വളരെ തന്ത്രപൂര്‍വ്വം ചതിയില്‍ പെടുത്തുന്ന സ്ത്രീകള്‍ (പലരും മധ്യവയസ് കരായ സ്ത്രീകള്‍ ആയിരിക്കും) ഇപ്പോഴും ഉണ്ട്. അതില്‍ പലരും അവരെ അറിയാവുന്ന പെണ്‍കുട്ടികളും സ്ത്രീകളും ആയിരിക്കുമെന്നു മാത്രം. പണവും സമ്മാനങ്ങളും ഏറെ തട്ടിയെടുക്കുക മാത്രമല്ല, അശ്ലീലത നിറഞ്ഞ രീതിയില്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മെസ്സേജ്, ഫോട്ടോസ് എന്നിവ അയക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന രീതികളും വളരെയേറെ ഉണ്ട്. അവസാനം കാര്യങ്ങള്‍ സീരിയസ്സായി നീങ്ങുന്നു എന്ന് മനസ്സിലാകുമ്പോള്‍ ഇപ്പോഴത്തെ രീതിയില്‍ പറഞ്ഞാല്‍ ''തേച്ചിട്ട്'' പോവുകയും ചെയ്യുന്ന ഒരുപാട് പ്രണയങ്ങള്‍ ഇപ്പോഴും നമുക്കു ചുറ്റും നടക്കുന്നുണ്ട്. ഫെയ്‌സ് ബുക്ക് ഒരു ഫെയ്ക്ക് ബുക്ക് ആണെന്നും അതില്‍ ഉള്ള പ്രണയങ്ങള്‍, കൂട്ടുകെട്ട് പലതും യഥാര്‍ത്ഥമല്ല എന്നും തിരിച്ചറിയാന്‍ ശ്രമിക്കുക, ഒന്നോ രണ്ടോ ഫോ ട്ടോ കണ്ടതുകൊണ്ടു മാത്രം വിശ്വസിക്കാതെ ലൈവ് ആയി കാണാനോ സംസാരിക്കാനോ ശ്രമിക്കുകയും അവര്‍ വ്യാജമല്ല എന്ന് കണ്ടെത്തുവാന്‍ ഒന്നു ശ്രമിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ ഇത്തരത്തില്‍ ഉള്ള വളരെയേറെ സംഭവങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കും.