ഫ്‌ളാഷ് ബാക്ക്-8
''ചരിത്രം കപ്പലിറങ്ങിയ മട്ടാഞ്ചേരി മുതല്‍, സംസ്‌കാരം വില്ലുവണ്ടിയേറിയ വെങ്ങാനൂര്‍ വരെ''.
തനിമ കലാ സാഹിത്യ വേദിയുടെ സാംസ് കാരിക സഞ്ചാരത്തിന്റെ മൂന്നാം ഘട്ടത്തിന്റെ സഞ്ചാര പഥം വ്യക്തമാക്കുന്ന സംഗ്രഹ വാക്യമാണിത്. 2016 നവംബര്‍ ഒന്നാം തീയതി, മട്ടാഞ്ചേരിയിലെ പുരാതനമായ ചെംബിട്ട പള്ളിയുടെ മുന്നില്‍നിന്നാണ് ഈ യാത്രയുടെ പ്രാരംഭം കുറിച്ചത്. തുടര്‍ന്ന് ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത് മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ ജൂത ദേവാലയമാണ് ( JEWISH SYNUGAGOE). 1568-ല്‍ കൊച്ചി മഹാരാജാവ് തന്റെ കൊട്ടാരത്തിന് സമീപത്ത് നല്‍കിയ ഭൂമിയിലാണ് ജൂതന്മാര്‍ ഈ ദേവാലയം പണിതത്. 1662-ല്‍ പോര്‍ച്ചുഗീസുകാര്‍ ഇത് തകര്‍ത്തു കളഞ്ഞു. പിന്നീട് 1664-ല്‍ ഡച്ചുകാരാണ് ഇത് പുതുക്കി പണിതത്. ഈ ജൂതപ്പള്ളി ഇന്ന് മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ചരിത്ര സ്മാരകങ്ങളില്‍ ഒന്നാണ്. എപ്പോഴും സ്വദേശികളും വിദേശികളുമായ സന്ദര്‍ശകരുടെ തിരക്കാണ്.
ഇന്ന് മട്ടാഞ്ചേരിയിലെ ജൂ ടൗണില്‍ അവശേഷിക്കുന്ന വിരലില്‍ എണ്ണാവുന്ന ജൂതന്മാരില്‍ ഏറ്റവും പ്രായം കൂടിയ ജൂത വനിതയായ സാറാ കോഹനെയും സഞ്ചാരത്തിന്റെ തുടക്കത്തില്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. അറുപതുകളുടെ മധ്യത്തില്‍ ഇരുന്നൂറ്റി അമ്പതോളം ഉണ്ടായിരുന്ന മട്ടാഞ്ചേരിയിലെ ജൂത സമൂഹം വാഗ്ദത്ത ഭൂമി തേടി ഇസ്രായേലിലേക്ക് പോയപ്പോള്‍ സാറ മാത്രം തന്റെ ജീവിതവും മരണവും ഇവിടെത്തന്നെ എന്ന് തീരുമാനിച്ചു. കരകൗശല വസ്തുക്കള്‍ നിര്‍മിച്ചും തൊപ്പികള്‍ നെയ്തും സാറ തന്റെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നു.
സാറയെ കണ്ടപ്പോള്‍ ഓര്‍മ്മകളെന്നെ വീണ്ടും സ്‌കൂള്‍ ജീവിതത്തിലേക്ക് കൊണ്ടുപോയി. സാറയുടെ ചുളിവുകള്‍ വീണ മുഖത്ത് നിന്ന് റശീഹൈ്‌ല ചെയ്യുമ്പോള്‍ തിളക്കമുള്ള കണ്ണുകളും ചുരുണ്ട സ്വര്‍ണ്ണ മുടിയും വെളുത്ത നിറവുമുള്ള രണ്ടു ജൂത പെണ്‍കുട്ടികളുടെ ചിരിക്കുന്ന മുഖങ്ങളാണ് നമ്മള്‍ കാണുന്നത്. കൊച്ചി കായലിലൂടെ ഓടുന്ന, ''ഹിമാലയ'' എന്ന സര്‍ക്കാര്‍ ബോട്ടിന്റെ അപ്പര്‍ ഡെക്കിലുള്ള ഫസ്റ്റ് ക്ലാസ്സിലാണ് ഞങ്ങള്‍. ഞങ്ങള്‍ എന്ന് വെച്ചാല്‍, ഒരു പാട് സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍. ഏഴാം ക്ലാസ് മുതല്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് വരെ ഞാന്‍ എറണാകുളത്താണ് പഠിച്ചത്. മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളം വരെയുള്ള യാത്ര എന്നും ബോട്ടിലാണ്. അതിനു കാരണം വിദ്യാര്‍ഥികള്‍ക്ക് ബോട്ടില്‍ യാത്ര സൗജന്യമാണ്. പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളത്തു പോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഒരു പ്രോത്സാഹനമാണ് സര്‍ക്കാരിന്റെ ഈ സൗജന്യ പാസ്. യാത്ര സൗജന്യമാക്കി തന്നത് പോരാഞ്ഞിട്ട്, ഞങ്ങള്‍ എല്ലാവരും ഫസ്റ്റ് ക്ലാസ്സിലേ യാത്ര ചെയ്യൂ. വിദ്യാര്‍ഥികളുടെ എണ്ണം കൂടുതല്‍ ആയതിനാലും പൊതുവേ ഫസ്റ്റ് ക്ലാസ്സില്‍ യാത്രക്കാര്‍ കുറവായതിനാലും മിക്ക ബോട്ട് മാഷമ്മാരും (ടിക്കറ്റ് ചെക്കര്‍മാര്‍) ഞങ്ങളുടെ ഈ ധിക്കാരം അവഗണിക്കുകയാണ് പതിവ്.
പറഞ്ഞു വന്നത് ജൂതന്മാരെ കുറിച്ചാണ്. 'വെള്ളക്കാരായ രണ്ടു ജൂത പെണ്‍കുട്ടികളാണ് ''ഇന്ത്യക്കാരായ'' ഞങ്ങളില്‍ നിന്നും എന്നും വേറിട്ട് നിന്നിരുന്നത്. ഇടയ്‌ക്കൊക്കെ ബോട്ടില്‍ കയറുന്ന വിദേശി ടൂറിസ്റ്റുകളെപോലെ ഞങ്ങളോടൊപ്പം ദിവസേന യാത്ര ചെയ്യുന്ന സ്വദേശി ''വെള്ളക്കാര്‍'' ആയിരുന്നു അവര്‍. എന്നാല്‍ കൊച്ചിയിലെ ജൂതന്മാര്‍ എല്ലാം വെള്ളക്കാര്‍ ആയിരുന്നില്ല. ജൂതന്മാരില്‍ വെളുത്തവരും കറുത്തവരും ഉണ്ടായിരുന്നു. കൊല്ലത്ത് നിന്നും കൊച്ചിയിലേക്ക് വന്നവരാണ് കറുത്ത ജൂതര്‍. വെളുത്ത ജൂതര്‍ യൂറോപ്പില്‍ നിന്ന് കുടിയേറിയവരും. അവരെ പരദേശി ജൂതന്മാര്‍ എന്നാണ് വിളിച്ചിരുന്നത്. കൂടാതെ ഇറാക്കില്‍ നിന്ന് കുടിയേറിയ ബാഗ്ദാദി ജൂതന്മാരും ഉണ്ടായിരുന്നു.
കറുത്ത ജൂതരില്‍പ്പെട്ടവനായിരുന്നു, ബോട്ട് മാസ്റ്റര്‍ ആയ ''കോച്ച''. കൊച്ചിയുടെ സ്വതസിദ്ധമായ ശൈലിയില്‍ മലയാളം സംസാരിക്കുന്ന കോച്ചാ മാഷ് വിദ്യാര്‍ഥികളുടെയും പ്രിയങ്കരനായിരുന്നു. ജോലിയില്‍ നിന്നും റിട്ടയര്‍ ആയതിനു ശേഷം അദ്ദേഹവും ഇസ്രായേലിലേക്ക് പോയി. ബാഗ്ദാദി ജൂതനായ എസ്. കോടര്‍ ആയിരുന്നു കൊച്ചിയിലെ ജൂതന്മാരില്‍ പ്രമാണി. അദ്ദേഹം കൊച്ചിയിലെ വ്യവസായ പ്രമുഖന്‍ ആയിരുന്നു. മട്ടാഞ്ചേരിയിലെ വൈദ്യുതി വിതരണം പോലും നടത്തിയിരുന്നത് സാമുവേല്‍ കോടറിന്റെ കൊച്ചിന് ഇലക്ട്രിക്ക് കമ്പനി എന്ന സ്വകാര്യ സ്ഥാപനമായിരുന്നു. ഇന്നത്തെ വന്‍കിട മാളുകളോട് ഉപമിക്കാവുന്ന കൊച്ചിയിലെ ആദ്യത്തെ വലിയ ഡിപാര്‍ടുമെന്റല്‍ സ്റ്റോര്‍ തോപ്പുംപടിയിലെയും എറണാകുളത്തെയും എസ്.കോടര്‍ ആന്റ് കമ്പനി ആയിരുന്നു. എസ്. കോടര്‍ നെതര്‍ലാണ്ട്‌സിന്റെ ഓണററി കോണ്‍സല്‍ ആയിരുന്നു. കൊച്ചിയില്‍ ആദ്യമായി ഫ്രീമാസണ്‍ സൊസൈറ്റി രൂപീകരിച്ചതും കോടര്‍ ആയിരുന്നു.
ജൂതപുരാണത്തില്‍ നിന്നും നമുക്ക് നമ്മുടെ ഫ്‌ളാഷ് ബാക്കിലേക്ക് തിരിച്ചു വരാം.
ബാംഗ്ലൂരിലെ ഒരു വര്‍ഷത്തെ പ്രവാസത്തിനു ശേഷം മട്ടാഞ്ചേരിയില്‍ തിരിച്ചെത്തിയപ്പോഴാണ് എനിക്ക് സ്വന്തം നാടിനെക്കുറിച്ച് വല്ലാത്ത അഭിമാനവും സ്‌നേഹവും തോന്നിയത്. ഒരു വര്‍ഷം നാട്ടില്‍ നിന്നും അകന്നു നിന്നപ്പോള്‍ എന്റെ നാടിന്റെ സൗന്ദര്യവും മഹത്വവും എനിക്ക് ബോധ്യമായി. മട്ടാഞ്ചേരിക്ക് മഹത്തായ ഒരു ചരിത്ര പാരമ്പര്യമുണ്ട്. ഇന്ത്യയിലെ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാനില്ലാത്ത പൈതൃകമുണ്ട്. എത്രയെത്ര വിദേശ രാജ്യങ്ങളുമായി മട്ടാഞ്ചേരിക്ക് വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അറബികള്‍, ചൈനാക്കാര്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍ അങ്ങനെ എത്രയെത്ര വിദേശികള്‍ ഇവിടെ വന്നു പോയി. അതിന്റെയെല്ലാം ശേഷിപ്പുകള്‍ ഇന്നും മട്ടാഞ്ചേരിയുടെ വിരിമാറില്‍ തെളിഞ്ഞു കിടപ്പുണ്ട്. എത്രയെത്ര സംസ് കാരങ്ങളുടെ സമ്മേളന ഭൂമിയായിരുന്നു ഇത്. അതിന്റെയെല്ലാം ചരിത്ര സ്മാരകങ്ങള്‍ ഇന്നും ഇവിടെ തല ഉയര്‍ത്തി നില്‍ക്കുന്നു. ഇന്നും ഈ കൊച്ചു പ്രദേശത്ത് എത്ര വ്യത്യസ്തരായ സമൂഹങ്ങളാണ് അധിവസിക്കുന്നത്! അറബി പൈതൃകമുള്ള മുസ്‌ലിം കുടുംബങ്ങള്‍, ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തില്‍ നിന്നും ആംഗ്ലോ ഇന്ത്യന്‍സ്, പോര്‍ച്ചുഗീസുകാരുടെ പൈതൃകം പേറുന്ന പറങ്കികള്‍, ഗുജറാത്തികള്‍, കൊങ്കണികള്‍, ജൂതന്മാര്‍, ഗുജറാത്തിലെ കച്ചില്‍ നിന്നും കുടിയേറിപ്പാര്‍ത്ത കച്ചിക്കാര്‍, ഉര്‍ദു സംസാരിക്കുന്ന പട്ടാണികള്‍, പഞ്ചാബി സംസാരിക്കുന്ന സിഖുകാര്‍, ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യക്കാര്‍....എത്ര വൈജാത്യമുള്ള ഭാഷകളാണ് ഇവിടെ സംസാരിക്കപ്പെടുന്നത് ! മലയാളം കൂടാതെ ഇവിടെ ഇന്നും സംസാരിക്കപ്പെടുന്ന ഭാഷകള്‍, ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, തമിഴ്, കച്ചി, ഹീബ്രു, അറബി, ഉര്‍ദു,.....ഇത് അന്യ സംസ്ഥാന തൊഴിലാളികള്‍ കുടിയേറുന്നതിനു മുമ്പേയുള്ള സ്ഥിതിയാണ്. ഇന്ന് കേരളം മുഴുവന്‍ ഒരു കൊച്ചു ഭാരതമാണല്ലോ. ഹിന്ദി അറിയാതെ ഇന്ന് കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
ഭാഷയുടെ വൈവിധ്യത്തെകുറിച്ച് പറഞ്ഞപ്പോ ഒരു സംഭവം ഓര്‍മ്മ വരുന്നു. എന്റെ സുഹൃത്തും ബന്ധുവുമായ അന്‍വര്‍ എന്നോടൊപ്പം ദിവസേന ബോട്ടിലാണ് സ് കൂളിലേക്ക് പോകുന്നത്. പക്ഷെ അന്‍വര്‍ പഠിക്കുന്നത്, എറണാകുളത്തെ ദാറുല്‍ ഉലൂം സ്‌കൂളിലാണ്. ഒരു ദിവസം കാറ്റും മഴയും കാരണം, ബോട്ട് കരക്കടുക്കാന്‍ വളരെ വൈകി. അന്‍വര്‍ ഓടിപ്പിടഞ്ഞു സ്‌കൂളില്‍ എത്തിയപ്പോഴേക്കും ക്ലാസ് തുടങ്ങിയിരുന്നു. ഒന്നാമത്തെ പീരിയഡ് അറബി ആണ്. ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഭാഷ തന്നെ സംസാരിക്കണം എന്നാണ് അവിടത്തെ നിയമം. ക്ലാസ്സിനു മുന്നില്‍ ഓടിയെത്തിയ അന്‍വറിനോട് അധ്യാപകന്‍ ചോദിച്ചു, 'ലിമാസാ ത അഖര്ത്ത' അന്‍വര്‍ ഒരു കൂസലും കൂടാതെ മറുപടി പറഞ്ഞു, 'അല്‍ ബോട്ട് വല്‍ ലെയ്റ്റ'.
മറ്റൊരിക്കല്‍ ഞാന്‍ സ്‌കൂളിലേക്ക് വന്ന ബോട്ടിന്റെ എഞ്ചിന്‍ നടുക്കായലില്‍ വെച്ച് തകരാറിലായി. നല്ല കാറ്റും മഴയും ഉണ്ടായിരുന്നു. ബോട്ട് നിയന്ത്രിക്കാന്‍ സ്രാങ്ക് വല്ലാതെ പണിപ്പെട്ടിട്ടും, നിലച്ചു പോയ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആക്കാന്‍ കഴിയാത്തത് കൊണ്ട്, ബോട്ട് ഒഴുക്കില്‍ പെട്ട് അഴിമുഖത്ത് കൂടെ കടലിലേക്ക് ഒഴുകാന്‍ തുടങ്ങി. ബോട്ടില്‍ കൂട്ടനിലവിളി ഉയര്‍ന്നു. സ്രാങ്കും ലാസര്‍മാരും അപായ സന്ദേശം നല്‍കിയതിനാലാവണം പോര്‍ട്ട് ട്രസ്റ്റിന്റെ ബാര്‍ജ് ഓടിയെത്തി, കെട്ടിവലിച്ച് ഞങ്ങളെ കരക്കടുപ്പിച്ചു.
ഞാന്‍ സ്‌കൂളില്‍ എത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. ഞാന്‍ ഇംഗ്ലീഷ് മീഡിയം ആയതു കൊണ്ട്, ആംഗ്ലോ ഇന്ത്യന്‍ ആയ ഡയാന ടീച്ചര്‍ സ്‌പെഷ്യല്‍ ഇംഗ്ലീഷ് ക്ലാസ് എടുക്കുകയായിരുന്നു. ഞാന്‍ ക്ലാസ്സിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍, ടീച്ചര്‍ ചോദിച്ചു:-
""what took you so long Adam ?""
“The boat took me to Arabian sea, Madam'' ഞാന്‍ പറഞ്ഞു.
"" Ne´t time, try the pacific ocean, get in”
പെസഫിക് ഓഷ്യന്‍ സന്ദര്‍ശിക്കാനുള്ള ടീച്ചറുടെ ഉപദേശം നടപ്പാക്കാന്‍ കഴിഞ്ഞില്ല. എത്ര ഒഴുകിയാലും കൊച്ചി കായലിലെ വെള്ളം അറബിക്കടലില്‍ അല്ലേ പോയിചേരൂ.
എന്തായാലും അറബിക്കടലിന്റെ റാണിയായ മട്ടാഞ്ചേരിക്ക് ഇന്ന് ഒരു ദുഷ്‌പേരുണ്ട്. ഇന്ന് നാടെവിടെയാണ് എന്ന് ചോദിച്ചാല്‍ 'മട്ടാഞ്ചേരി' എന്ന് പറയാന്‍ മട്ടാഞ്ചേരിക്കാര്‍ക്ക് നാണക്കേടാണ്. എല്ലാവരും പറയുന്നത് ഫോര്‍ട്ട്‌കൊച്ചി എന്നാണ്. കാരണം എന്താണെന്നോ? മലയാള സിനിമ വരുത്തിവെച്ച ഒരു വിനയാണത്. മട്ടാഞ്ചേരി കള്ളന്മാരുടെയും കള്ളക്കടത്തുകാരുടെയും ഗുണ്ടകളുടെയും നാടാണ് എന്നാണ് മലയാള സിനിമ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ് കൊണ്ടിരിക്കുന്നത്. ''മട്ടാഞ്ചേരിയില്‍ നിന്നും ഗുണ്ടകളെ ഇറക്കുമതി ചെയ്യും'', 'മട്ടാഞ്ചേരിയിലെ മാഫിയ''... ഇതൊക്കെ മലയാള സിനിമയിലെ സ്ഥിരം ഡയലോഗുകളാണ്. സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയായ, സഹോദര്യത്തിന്റെ സര്‍വ്വോത്തമ മാതൃകയായ മട്ടാഞ്ചേരിയെ എത്ര നികൃഷ്ടമായാണ് സിനിമാക്കാര്‍ അവതരിപ്പിക്കുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് പോലും ആ നാടിന്റെ പേര് പറയാന്‍ നാണക്കേടായി. പക്ഷെ ഞാന്‍ എന്റെ മട്ടാഞ്ചേരിയെ സ്‌നേഹിക്കുന്നു. ഞാന്‍ എവിടെയും അഭിമാനത്തോടെ പറയും, ഞാന്‍ മട്ടാഞ്ചേരിക്കാരനാണെന്ന്.
എന്നാല്‍ ഒരു കാര്യം സമ്മതിക്കാം. ഒരു കാലത്ത് മട്ടാഞ്ചേരി കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നു. അത് പക്ഷെ ഇന്ത്യയിലെ എല്ലാ തുറമുഖ നഗരങ്ങളും അങ്ങനെ തന്നെ ആയിരുന്നു. ഭരണ നേതൃത്വം സ്വയം അഴിമതിക്കാരായപ്പോള്‍, കള്ളക്കടത്ത് ഒരു വ്യവസായമായി തഴച്ചു വളര്‍ന്നു. എന്റെ ചെറുപ്പത്തില്‍, എന്റെ സഹപാഠികളോട്, 'ബാപ്പാക്ക് എന്താ ജോലി?'' എന്ന് ചോദിച്ചാല്‍ പല കുട്ടികളും അഭിമാനത്തോടെ പറയും ''സ്മഗ്ലിംഗ്'' എന്ന്. അവരുടെ കൈത്തണ്ടയില്‍, തിളങ്ങുന്ന വിദേശ നിര്‍മിത വാച്ചുണ്ടായിരിക്കും.
അത് മട്ടാഞ്ചേരിയുടെ സുവര്‍ണ്ണ കാലമായിരുന്നു. തിരക്കുള്ള ഒരു തുറമുഖം എന്ന നിലയില്‍ മട്ടാഞ്ചേരി എന്നും സജീവമായിരുന്നു, സമ്പന്നവുമായിരുന്നു. വിദേശ നിര്‍മിത വസ്തുക്കള്‍ എല്ലായിടത്തും എപ്പോഴും സുലഭമായിരുന്നു. നിയമം നടപ്പാക്കേണ്ടവര്‍ കണ്ണടച്ചതിനാലാവണം, കള്ളക്കടത്ത് തഴച്ചു വളര്‍ന്നത്. നിയമ നിര്‍വ്വഹണ സംവിധാനങ്ങള്‍ കാര്യക്ഷമമായതോടെ, കള്ളക്കടത്ത്, മട്ടാഞ്ചേരിയില്‍ നിന്ന് മാത്രമല്ല, ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നെല്ലാം അപ്രത്യക്ഷമായി. വിമാന സര്‍വ്വീസുകള്‍ സാര്‍വ്വത്രികമായതോടെ, കള്ളക്കടത്തിനു പുതിയ വാതായനങ്ങള്‍ തുറന്നു. മട്ടാഞ്ചേരി അതില്‍ നിന്നും മുക്തമായെങ്കിലും, സിനിമാക്കാര്‍ കനിഞ്ഞു നല്‍കിയ ദുഷ്‌പേര് എന്റെ പാവം മട്ടാഞ്ചേരി ഇന്നും പേറാന്‍ വിധിക്കപ്പെട്ടിരിക്കുന്നു..
എന്നാല്‍ മട്ടാഞ്ചേരിയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന ഒരുപാട് കലാകാരന്മാര്‍ക്കും മട്ടാഞ്ചേരി ജന്മം ന ല്‍കിയിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, മെഹബൂബ് മുതല്‍ പുതിയ തലമുറയിലെ പല കലാകാരന്മാര്‍ വരെ.
എന്റെ മട്ടാഞ്ചേരിക്കു ഒരു എളിയ മട്ടാഞ്ചേരിക്കാരന്റെ അഭിവാദ്യങ്ങള്‍!