ഏതാണ്ട് 2000-ല്‍ പരം സസ്യങ്ങള്‍ ഭാരതത്തില്‍ ഔഷധങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്നു. ഒട്ടേറെ ഔഷധസസ്യങ്ങള്‍ മൃഗങ്ങളിലെ രോഗചികിത്സക്കായി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.
ഏതാണ്ട് 2000-ല്‍ പരം സസ്യങ്ങള്‍ ഭാരതത്തില്‍ ഔഷധങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്നു. ഒട്ടേറെ ഔഷധസസ്യങ്ങള്‍ മൃഗങ്ങളിലെ രോഗചികിത്സക്കായി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.
ഇഞ്ചി: പച്ചയായോ (ഇഞ്ചി) ഉണക്കിയോ (ചുക്ക്) ഉപയോഗിക്കാം. ഉണക്കിയ ഇഞ്ചി പൊടിയായോ ആല്‍ക്കഹോളില്‍ തയ്യാറാക്കിയ സത്തായോ ആണ് മൃഗചികിത്സക്ക് ഉപയോഗിക്കുന്നത്. ദഹനശക്തി വര്‍ധിപ്പിക്കാനുള്ള ഒരു ഔഷധമായാണ് ഇഞ്ചി ഉപയോഗിക്കുന്നത്. വയറുവേദനയുടെ ശമനത്തിനും ആമാശയത്തിന്റെയും കുടലിന്റെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുവാനും ഇത് ഉപയോഗിക്കുന്നു. ഇഞ്ചിയുടെ ബാഷ്പീകൃത എണ്ണ സന്ധിസംബന്ധമായ രോഗങ്ങള്‍ക്ക് പുറമെ പുരട്ടാന്‍ ഉപയോഗിക്കാം.
കാഞ്ഞിരക്കുരു: ഇത് ഒരു ഔഷധിയെന്ന പോലെ വിഷസസ്യവും ആണ്. കാഞ്ഞിരത്തിന്റെ കുരുവും മരുന്നായി ഉപയോഗിക്കുന്നു. കാഞ്ഞിരക്കുരു പൊടിച്ചത് ശക്തമായ ഒരു ദഹനസഹായിയാണ്. വിശപ്പ് കൂട്ടാനായി ആടുമാടുകളില്‍ ഇത് ഉപയോഗിക്കുന്നു.
ഇരട്ടിമധുരം: വടക്കേ ഇന്ത്യയില്‍ കാണുന്ന ഒരു സസ്യമാണ് ഇത്. ഇതിന്റെ ഭൂകാണ്ഡമോ വേരോ ഉണക്കിയെടുത്ത് ഉപയോഗിക്കാം. ആടുമാടുകളില്‍ ചുമയ്ക്കുള്ള ഔഷധകൂട്ടില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഇരട്ടി മധുരം. ശരീരകലകളുടെ വീക്കം കുറയ്ക്കാനും നല്ല ശോധനയുണ്ടാക്കാനും ഇത് ഉപയോഗിക്കാം.
കരിയാത്ത: ചെറുതെങ്കിലും വേപ്പിന്റെ കൈപ്പും ആകാരസാദൃശ്യവുമാണ് ഇതിനുള്ളത്. അതിനാല്‍ നീല വേപ്പ് എന്നും ഇതിനെ വിളിക്കുന്നു. കരള്‍ സംബന്ധമായ അസുഖങ്ങള്‍ കുറക്കുന്നതിനും വിശപ്പുണ്ടാകാനും പനി കുറക്കാനും വിരകളെ നശിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.
ആടലോടകം: ആടലോടകം രണ്ടിനങ്ങളുണ്ട്. വലിയ ആടലോടകവും ചെറിയ ആടലോടകവും. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രത്യേകിച്ച് ചുമക്ക് നല്ല ഔഷധമാണ് ഇത്. ഇതില്‍ അടങ്ങിയിരിക്കുന്ന വസിഡിന്, ആഡത്തോഡിക്ക് ആസിഡ്, എന്നീ ഘടകങ്ങളാണ് ഔഷധഗുണത്തിനാധാരം. വസിഡിന് രക്തത്തിലെ പ്ലേറ്റ്ലൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു.
കായം: കായം വെളുത്തതും കറുത്തതുമായി രണ്ടിനമുണ്ട്. ആമാശയത്തില്‍ വായുവിന്റെ അധികരണം (ടിംപനി) തടയാന്‍ ഇത് ഉപയോഗിക്കുന്നു. ചിലയിനം വയറുവേദന ശമിപ്പിക്കുവാനും കൃമികളെ നശിപ്പിക്കാനും കായത്തിന് കഴിവുണ്ട്.
കര്‍പ്പൂരം: ഇത് കൂടുതലായും ലേപനമായിട്ടാണ് ഉപയോഗിക്കുന്നത്. കര്‍പ്പൂരം ചേര്‍ത്ത ലേപനങ്ങള്‍ വാതം, ഉളുക്ക്, ചതവ്, സന്ധിവേദന, മാംസപേശി വേദന എന്നിവക്ക് പ്രതിവിധിയായി ഉപയോഗിക്കാം.
ആവണക്ക്: ഇതിന്റെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണയാണ് മൃഗചികിത്സയില്‍ ഉപയോഗിക്കുന്നത്. എണ്ണയില്‍ അടങ്ങിയിരിക്കുന്ന റിസിനോളിന് അമ്ലമാണ് വയറിളക്കാന്‍ സഹായിക്കുന്നത്.
കീഴാര്‍നെല്ലി: മഞ്ഞപ്പിത്തത്തിന് പ്രയോജനകരമായ ഒരു ഔഷധമാണ് ഇത്. ഇത് സമൂലം അരച്ച് മൃഗങ്ങള്‍ക്ക് നല്‍കാം. കരളിന്റെ പ്രവര്‍ത്തനത്തെ ഇത് ത്വരിതപ്പെടുത്തുന്നു.
ഉങ്ങ: ഈ വൃക്ഷത്തിന്റെ വിത്തില്‍ നിന്നും എടുക്കുന്ന തവിട്ട് നിറവും കയ്പ് രസവുമുള്ള എണ്ണ തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ലേപനമായി ഉപയോഗിക്കാം.
തഴുതാമ: ഇതില്‍ ധാരാളം പൊട്ടാസിയം നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. തന്മൂലം ഇത് മൂത്രവിസര്‍ജനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറക്കുകയും ചെയ്യുന്നു.