രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ കാണാന്‍ സാധ്യതയുള്ളത്, കവര്‍ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോള്‍ മീനാക്ഷിയും ഉണ്ടാകും. 'ആ അഗ്‌നിപരീക്ഷ ഞങ്ങള്‍ അതിജീവിച്ചു' എന്നായിരിക്കും തലക്കെട്ട്. 'ആരോടും പരാതിയില്ല ആരോടും വിദ്വേഷവുമില്ല എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ചിലപ്പോള്‍ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേര് ഉള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാം ഞങ്ങള്‍ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നിറഞ്ഞ നന്ദി. ഇപ്പോള്‍ എന്റെ ശ്രദ്ധ മുഴുവന്‍ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോള്‍ സിനിമയെ കുറിച്ച് ആലോചിക്കാം. ഇപ്പോള്‍ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടല്‍ കൂടി തുറക്കുന്നുണ്ട്'. ദിലീപ് പറഞ്ഞു നിര്‍ത്തി. അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മുറ്റത്തെ തുളസിത്തറയില്‍ കാവ്യ തെളിയിച്ച ചെരാത് കെട്ടിരുന്നില്ല. ഒരിക്കലും അണഞ്ഞുപോകാത്ത പ്രതീക്ഷയുടെ നാളം പോലെ...
അഴിമതിക്കാരെയും കൊലപാതകികളെയും ഒറ്റ രാത്രി കൊണ്ട് വെള്ള പൂശിയാലും നമ്മള്‍ അതങ്ങട് സഹിക്കും. നമ്മള്‍ അറിയാതെ അവരെ ന്യായീകരിക്കും. സംഘം ചേര്‍ന്ന ന്യായീകരിക്കല്‍ ഒരു സൈക്കോളജിക്കല്‍ പ്രക്രിയ കൂടിയാണ്. അവര്‍ ചെയ്യുമ്പോള്‍ ഞാനും കൂടെ ന്യായീകരിച്ചില്ലെങ്കില്‍ എന്തോ ഒരു കുറവ് പോലെ. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയും ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ശേഷം നരേന്ദ്ര മോദിയും വനവാസത്തിനൊന്നും പോയില്ലല്ലോ. അഴിമതിക്കാരന്‍ മാണിയെ എങ്ങനെ വിശുദ്ധനാക്കാമെന്ന ഗവേഷണപ്രവര്‍ത്തനങ്ങളും നടക്കുന്നു. പിന്നെയാണ് ദിലീപ്! പുതിയ മാധ്യമതന്ത്രങ്ങള്‍ അങ്ങനെയാണ്. കൂട്ടമായ മസ്തിഷ്‌ക്കപ്രക്ഷാളനത്തില്‍ നമ്മള്‍ ആണ്ടുപോകും., അത് നമ്മള്‍ അറിയുക പോലുമില്ല.