മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ ഒലിപ്പുഴ - മനഴി എന്ന കൊച്ചുഗ്രാമം ഏറെ അദ്ഭുതത്തോടെയും
മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ ഒലിപ്പുഴ - മനഴി എന്ന കൊച്ചുഗ്രാമം ഏറെ അദ്ഭുതത്തോടെയും അതിലേറെ ആഹ്‌ളാദത്തോടെയുമാണു ഈ വര്‍ഷത്തെ നീറ്റ്പരീക്ഷാഫലം അറിഞ്ഞത്. മനഴി ജുമാ മസ്ജിദിനടുത്തുള്ള നാരങ്ങാമുള്ളില്‍ വീട്ടിലാണെങ്കില്‍ പരീക്ഷാഫലം ഈ വര്‍ഷത്തെ പെരുന്നാളാഘോഷത്തിനു ഇരട്ടിമധുരമാണു നല്‍കിയത്, ഒ.ബി.സി വിഭാഗത്തില്‍ ഒന്നാം റാങ്ക്, കേരള തലത്തില്‍ രണ്ടാം റാങ്ക്, അഖിലേന്ത്യാതലത്തില്‍ പതിനെട്ടാം റാങ്ക് എന്ന സ്വപ്നതുല്യമായ നേട്ടം കരസ്ഥമാക്കിയ നദ ഫാത്വിമ എന്ന കൊച്ചു മിടുക്കി കേരളത്തില്‍ തന്നെ ചര്‍ച്ചാവിഷയമാവുകയാണ്. സാധാരണ കര്‍ഷകനായ ചെട്ടിയാന്‍ തൊടിക ഷാഫിയുടേയും വീട്ടമ്മയായ ആനപ്പട്ടത്ത് റസിയയുടേയും മകളായ നിദു എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന നദ ഫാത്വിമ ആഹ്‌ളാദം ഉള്ളിലൊതുക്കി തികഞ്ഞ വിനയത്തോടെയാണു തന്റെ വിജയത്തോട് പ്രതികരിച്ചത്. ഈശ്വരാനുഗ്രഹവും കുടുംബത്തിന്റെ പിന്തുണയുമാണു വിജയത്തിനു സഹായകമായതെന്ന് പറയുമ്പോഴും അവളുടെ കഠിനാധ്വാനമാണു ഈ സ്വപ്ന സാഫല്യത്തിലേക്ക് നയിച്ചതെന്ന് വീട്ടുകാരും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു, എല്‍ കെ ജി മുതല്‍ പത്താം തരം വരെ പഠിച്ച മേലാറ്റൂരിലെ ഇര്‍ഷാദ് ഇംഗ്‌ളീഷ് സ്‌കൂളിലും പ്ലസ് ടുവിനു പഠിച്ച മേലാറ്റൂരിലെ ആര്‍ എം എച്ച് എസ് എസ് സ്‌കൂളിലും ഓരോ ക്ലാസുകളിലും ഒന്നാമതായി വിജയിച്ച് മുന്നേറിയ നദ പാഠ്യേതര വിഷയങ്ങ ളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രസംഗ മല്‍സരങ്ങളിലും ക്വിസ് മല്‍സരങ്ങളിലും നിരവധി സമ്മാനങ്ങളും ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. മാത്‌സ് ഒളിംബ്യാഡില്‍ രണ്ടാം സ്ഥാനം, സി ബി എസ് ഇ മാത്‌സ് ക്വിസില്‍ ജില്ലാ തലത്തില്‍ മൂന്നാം സ്ഥാനം, 2013-ല്‍ മജ്‌ലിസിനു കീഴില്‍ നടന്ന ക്വിസ് മല്‍സരത്തില്‍ രണ്ടാം സ്ഥാനം എന്നിവ അവയില്‍ ചിലതു മാത്രമാണ്.
സൗഹൃദവും വായനയും സൈക്ലിംഗും ഏറെ ഇഷ്ടപ്പെടുന്ന നദ എല്ലാം സര്‍വ്വേശ്വരനായ അല്ലാഹുവില്‍ സമര്‍പ്പിച്ച് തന്റെ മനസ് തുറക്കുന്നു. പഠന വിഷയങ്ങളില്‍ കണക്കും ബയോളജിയുമാണു ഏറെ ഇഷ്ടപ്പെട്ടത്. രണ്ടു പ്രാവശ്യം കാന്‍സര്‍ പിടിപെട്ട് മന:ശക്തികൊണ്ട് അതിനെ അതിജീവിച്ച ദേവിയുടെ ജീവിത പോരാട്ടത്തിന്റെ കഥ മനസിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ജീവിത വഴിയില്‍ നിറഞ്ഞ പ്രോത്‌സാഹനം നല്‍കി ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സഹായിച്ച അധ്യാപകരെ നിറഞ്ഞ നന്ദിയോടെ നദ ഓര്‍ക്കുന്നു, പ്രൈമറി ക്ലാസുകളിലെ അയിഷ ടീച്ചര്‍, സമീറ ടീച്ചര്‍, ലത്തീഫ് സര്‍, എന്നും പ്രചോദനവും ആവേശവും നല്‍കിയ ശിഹാബ് സര്‍, ധാര്‍മ്മിക ശിക്ഷണത്തില്‍ ഊന്നി ജീവിത പാതയില്‍ വെളിച്ചം പകര്‍ന്ന സമീര്‍ സര്‍ തുടങ്ങിയ അധ്യാപകര്‍ നല്‍കിയ ശിക്ഷണം ഏറെ വിലപ്പെട്ടതായിരുന്നു. അതുപോലെ പാലയിലെ ബ്രില്ല്യന്റ് കോളേജും വിജയ വഴിയില്‍ ഏറെ സഹായിച്ചിട്ടുണ്ട്.
കുട്ടികളുടെ ചികില്‍സയില്‍ ബിരുദാനന്തര ബിരുദമെടുത്ത് കേരളത്തിലെ അറിയപ്പെടുന്ന ഒരു ഡോക്ടറാവണമെന്നും അതുവഴി ധാരാളം കുഞ്ഞുങ്ങള്‍ക്ക് ആശ്വാസവും സാന്ത്വനവും നല്‍കണമെന്നുമാണു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ. യഥാര്‍ഥത്തില്‍ പത്താം ക്ലാസിനുശേഷമാണു ഡോക്ടറാവണമെന്ന കുടുംബത്തിന്റെ ചിന്തയെ നദ ഗൗരവത്തിലെടുത്തത്. അതിനു പിന്നില്‍ വേദനയുടെ ഒരു കഥയുണ്ട്. ഉപ്പയുടെ അനുജന്‍ ബാബു ആപ്പയുടെ രണ്ടാമത്തെ മോള്‍ 'മന്‍ഹ' ജനിതകവൈകല്യം കൊണ്ട് നടക്കാനും സംസാരിക്കാനുമാവാതെ നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന കാഴ്ച. ആശുപത്രികള്‍ കയറിയിറങ്ങി മരുന്നും ഫിസിയോതെറാപ്പിയും എല്ലാം ചെയ്തിട്ടും ചിരിക്കാനും കരയാനും മാത്രമറിയുന്ന മോളുടെ ഒരുമാറ്റവുമില്ലാത്ത അവസ്ഥ. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിനൊരു പരിഹാരം സാധ്യമോ എന്ന ചിന്ത. ഒരു ഡോക്ടറായാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാമല്ലോ എന്ന വിശ്വാസം. ഒരു പക്ഷെ ഈ വിഷയത്തില്‍ ഗവേഷണം നടത്തി ജനിതക വൈകല്യം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കാന്‍ കഴിയുമെന്ന തോന്നല്‍, ഇവയെല്ലാമാണു വൈദ്യശാസ്ത്ര പഠനത്തിലേക്ക് നദയെ നയിച്ചത്. പ്ലസ്ടു വിനു പഠിക്കുന്ന ഹനാന്‍, എട്ടാം തരത്തില്‍ പഠിക്കുന്ന യാസിന്‍, ഉപ്പ, ഉമ്മ, ഉമ്മുമ്മ എന്നിവരടങ്ങുന്നതാണു നദയുടെ കുടുംബം. വിജയത്തിനു കുറുക്കുവഴികളോ എളുപ്പവഴികളോ ഇല്ലെന്നും ആത്മവിശ്വാസത്തോടെ കഠിനാധ്വാനം ചെയ്താല്‍ ആര്‍ക്കും ഉന്നതവിജയം സാധ്യമാണ് എന്നും നദ തന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.