മുആദ്ബ്‌നു ജബല്‍ (റ) ജ്ഞാനിയായ പ്രവാചകാനുചരന്‍

സഈദ് മുത്തനൂര്‍
ആഗസ്റ്റ് 2017

ഹസ്രത്ത് സഊദ്ബ്‌നു മുസയ്യിബ് പറയുന്നു. ഖലീഫ ഉമര്‍ബ്‌നു ഖത്താബ് ഗവര്‍ണറായ മുആദ്ബ്‌നു ജബലിനെ ബനൂ കിലാബ് ഗോത്രത്തിലേക്ക് സകാത്ത് പിരിച്ചെടുക്കാന്‍ നിശ്ചയിച്ചു. മുആദ് സ്ഥലത്തെത്തി സകാത്ത് ശേഖരിച്ചു. അതെല്ലാം അവിടെതന്നെ അര്‍ഹര്‍ക്ക് വിതരണം ചെയ്തു. തനിക്കായി ഒന്നും ബാക്കിവെച്ചില്ല. നേരത്തെ കയ്യില്‍ കരുതിയിരുന്ന കാലി സഞ്ചി അതേപോലെ മടക്കികൊണ്ടുവന്നു. ''സകാത്ത് വിതരണക്കാര്‍ വല്ല ഉപഹാരവും കൊണ്ട് വരാറുണ്ടല്ലോ. താങ്കള്‍ക്കെന്തോ ഒന്നും കിട്ടിയില്ലെ?''

ഭാര്യ കണ്ടപാടെ ചോദിച്ചു. ''മുആദിന്റെ മറുപടി എന്റെ കൂടെ നിരീക്ഷകന്‍ ഉണ്ടായിരുന്നു!''

ഭാര്യ: പ്രവാചകന്‍ (സ)യുടെയും അബൂബക്കര്‍ സിദ്ദീഖിന്റെയും (റ) കാലത്ത് താങ്കള്‍ വലിയ വിശ്വസ്തനായിരുന്നല്ലോ. ഇപ്പോള്‍ ഉമറിന്റെ കാലമായപ്പോഴേക്ക് താങ്കളെ നിരീക്ഷിക്കാന്‍ മേല്‍നോട്ടക്കാരന്‍ നിശ്ചയിക്കപ്പെട്ടോ! ഓഹോ

മുആദിന്റെ ഭാര്യ തന്റെ കുടുംബക്കാരായ സ്ത്രീകള്‍ക്കിടയില്‍ പ്രതിഷേധ സ്വരമുയര്‍ത്തി. ഉമര്‍ (റ)ന്റെ അടുക്കല്‍ പരാതിയെത്തി. ഈ വിവരം കിട്ടിയപ്പോള്‍ ഖലീഫാ ഉമര്‍, മുആദ്ബ്‌നു ജബലിനെ വിളിപ്പിച്ചു. എന്താണ് കേള്‍ക്കുന്നത് ഞാന്‍ താങ്കളുടെ മേല്‍ നിരീക്ഷകനെ നിശ്ചയിച്ചിരുന്നോ?!

മുആദ് : ഭാര്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഉപായം പറഞ്ഞൊപ്പിച്ചതാണ്. ഇത് കേട്ട് ഹസ്രത്ത് ഉമര്‍ (റ) ചിരിച്ചു. തുടര്‍ന്ന് ചില വസ്തുക്കള്‍ മുആദിന് നല്‍കിയിട്ട് ഇവകൊണ്ട് പോയി പ്രിയപ്പെട്ടവളെ സന്തോഷിപ്പിക്കുക എന്ന് നിര്‍ദ്ദേശിച്ചു. അല്ലാഹു മേല്‍നോട്ടക്കാരനായുണ്ട് എന്നാണ് എന്റെ മേല്‍ ഒരു നിരീക്ഷകനുണ്ടായിരുന്നു എന്ന് മുആദ്ബ്‌നു ജബല്‍ പറഞ്ഞതുകൊണ്ടുദ്ദേശ്യം- ഇബ്‌നു ജരീര്‍ വിശദീകരിച്ചു.

ഹസ്രത്ത് ഇബ്‌നു അബ്ബാസ് പറയുന്നു. ഉമര്‍ബ്‌നു ഖത്താബ് ഒരിക്കല്‍ ജാബിയ എന്നിടത്ത് ജനങ്ങളെ അഭിമുഖീകരിച്ച് പ്രസ്താവിച്ചു. ''ജനങ്ങളെ, നിങ്ങൡ ആര്‍ക്കെങ്കിലും ഖുര്‍ആനുമായി ബന്ധപ്പെട്ട വല്ല സംശയവുമുണ്ടെങ്കില്‍ നിങ്ങള്‍ അത് ഉബയ്യബ്‌നു കഅ്ബിനോടു ചോദിക്കുക. അനന്തരാവകാശ നിയമം അറിയണമെങ്കില്‍ സൈദ്ബ്‌നു സാബിത്തിനോട് അന്വേഷിക്കുക. കര്‍മശാസ്ത്ര വിഷയങ്ങളാണ് നിങ്ങള്‍ക്കറിയേണ്ടതെങ്കില്‍ അതിന് മുആദ്ബ്‌നു ജബലിനെ സമീപിക്കുക. സാമ്പത്തിക പ്രശ്‌നമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങള്‍ എന്നെ സമീപിക്കുക. എന്നെ അല്ലാഹു സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടക്കാരനായി നിശ്ചയിച്ചിരിക്കുകയാണ്.

ഹസ്രത്ത് അനസ്ബ്‌നു മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിക്കല്‍ മുആദ്ബ്‌നു ജബല്‍ നബിതിരുമേനിയുടെ സവിധത്തില്‍ വന്നു. തിരുമേനി (സ) ചോദിച്ചു. താങ്കള്‍  പ്രഭാതത്തെ എങ്ങനെ കണ്ടുമുട്ടി. 

മുആദ്: താങ്കളില്‍ വിശ്വസിച്ച് കൊണ്ടാണ് എന്റെ പ്രഭാതം ഉണര്‍ന്നത്. തിരുമേനി (സ) ഓരോ കാര്യത്തിന്റെയും സത്യസന്ധതക്ക് ഒരു തെളിവു കാണും. ഓരോ നല്ല കാര്യത്തിനും ഒരു യാഥാര്‍ത്ഥ്യമുണ്ടാകും. താങ്കള്‍ പറഞ്ഞത് നേരാണെന്നതിന് തെളിവ്? മുആദ്: അല്ലാഹുവിന്റെ പ്രവാചകരെ, പ്രഭാതം പൊട്ടിവിടരുമ്പോഴെല്ലാം ഞാന്‍ കരുതുന്നു ഇന്നത്തെ പ്രദോശം ഞാന്‍ കണ്ടുമുട്ടില്ലായെന്ന്. പ്രദോശമാവുമ്പോള്‍ ഞാന്‍ വിചാരിക്കുക നാളെ പ്രഭാതത്തില്‍ ഞാനുണ്ടാവില്ലെന്നാണ്. ഒരു കാലെടുത്ത് വെക്കുമ്പോള്‍ ഞാന്‍ അടുത്ത കാലടി എടുത്ത് വെക്കാനാവില്ലെന്നാണ് വിചാരിക്കുക.

സമുദായത്തെ ഞാന്‍ കാണുന്നു. സമുദായം അവരുടെ കര്‍മരേഖ ഏറ്റ് വാങ്ങാനായി എത്തിയിരിക്കുന്നു. അവര്‍ക്കിടയില്‍ പ്രവാചകന്‍ തിരുമേനിയുണ്ട്. അല്ലാഹുവിനെ കൂടാതെ ആരാധിച്ച വസ്തുക്കളെല്ലാം ഹാജരാക്കിയിട്ടുണ്ട്. നരകത്തിലെ ശിക്ഷയും സ്വര്‍ഗത്തിലെ പ്രതിഫലവും ഞാന്‍ കാണുന്നു.

പ്രവാചകന്റെ പ്രതികരണം: താങ്കള്‍ വിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു അതില്‍ അടിയുറച്ച് നില്‍ക്കുക.

അംറ്ബ്‌നു മൈമൂന്‍ (റ) പറയുന്നു. ഞങ്ങള്‍ യമനില്‍ താമസിക്കവെ അവിടെ പ്രവാചകന്‍ തിരുമേനി (സ)യുടെ പ്രതിനിധിയായി മുആദ് എത്തി. നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. യമന്‍ നിവാസികളെ! ഇസ്‌ലാം സ്വീകരിക്കുക. രക്ഷാസരണിയതത്രെ. ഞാന്‍ ദൈവദൂതന്‍ മുഹമ്മദ് നബി(സ)യുടെ അടുക്കല്‍ നിന്ന് നിങ്ങളെ ലക്ഷ്യമാക്കി വന്ന ദൂതനത്രെ. 

ഹസ്രത്ത് അംറ് പറയുന്നു. എനിക്ക് അന്നുതൊട്ട് അദ്ദേഹത്തോട് വലിയ സ്‌നേഹം തോന്നിത്തുടങ്ങി. പിന്നീട് മരണം വരെ പിരിയാതെ ഒപ്പം നടന്നു. അദ്ദേഹത്തിന്റെ മരണവേളയില്‍ ഞാന്‍ വല്ലാതെ വിതുമ്പി. അപ്പോള്‍ മുആദ് ചോദിച്ചു. എന്തിനാണ് കരയുന്നത്. താങ്കളോട് കൂടെ ആ വിജ്ഞാനം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്താണ് വിഷമം! മുആദിന്റെ പ്രതികരണം: വിജ്ഞാനവും വിശ്വാസവും അന്ത്യനാള്‍വരെ ലോകത്ത് നിലനില്‍ക്കും.

സത്യം കണ്ടെത്തിയാല്‍ അത് സ്വീകരിക്കുക എന്ന പ്രകൃതക്കാരനായിരുന്നു മഹാനായ സ്വഹാബി മുആദ്ബ്‌നു ജബല്‍ (റ). മദീനാ നിവാസിയായിരുന്ന മുആദ് നുബുവ്വത്തിന്റെ 12-ാം വര്‍ഷം തന്നെ ഇസ്‌ലാമിന്റെ സന്ദേശം ശ്രവിക്കുകയും അംഗീകരിക്കുകയും ചെയ്തു. ചെറുപ്പത്തിലേ ബുദ്ധിയും തന്റേടവും പ്രകടിപ്പിച്ച മുആദ് വലിയവരുടെ പക്വത പ്രകടിപ്പിച്ചുപോന്നു. പ്രവാചകനെ അംഗീകരിക്കുന്നതില്‍ മുആദ് ഒരു മാതൃകാ പുരുഷന്‍ തന്നെയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രധാന സ്വഹാബികളില്‍ ഒരാളായി അദ്ദേഹം മാറി. എന്റെ സമുദായത്തില്‍ ഹലാലും ഹറാമും തിരിച്ചറിയുന്ന ആള്‍ മുആദ്ബ്‌നു ജബലാണെന്ന നബിതിരുമേനി (സ)യുടെ അംഗീകാരപത്രം, മദീന മുനവ്വറയിലെ പാഠശാലയില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മുആദിന് തിരുമേനിയില്‍ നിന്ന് പല മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിച്ചു. ഒരിക്കല്‍ തിരുമേനി(സ) അദ്ദേഹത്തോട് അഞ്ചു കാര്യങ്ങള്‍ പറഞ്ഞു. ഇവയില്‍ ഒന്ന് ആരാലും പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ അവന് ജാമ്യം ലഭിക്കും. ഒന്ന് രോഗിയെ സന്ദര്‍ശിക്കുക, രണ്ട് ജനാസയെ അനുഗമിക്കുക. മൂന്ന് സമരസജ്ജനാവുക. നാല് ഭരണാധികാരിയെ സ്വീകരിക്കുക. അഞ്ച് അപരന് ശല്യം ചെയ്യാതെ മറ്റുള്ളവരില്‍ നിന്ന് സുരക്ഷിതരായി വീട്ടില്‍ തനിച്ച് കഴിയുക.

യമനില്‍ ഗവര്‍ണറായി മുആദിനെ അയച്ചപ്പോള്‍ നബി(സ) ഉപദേശിച്ചു. മുആദ് സുഖഭോഗങ്ങള്‍ വെടിയുക. കാരണം, ദൈവത്തിന്റെ അടിമകള്‍ സുഖാസ്വാദകനും ലഹരി പിടിച്ചവരുമാകരുത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media