സിനിമയിലെ പെണ്‍കൂട്ടം
കലാ സാഹിത്യ സംസ്‌കാരികതയിലൂന്നിയ സര്‍ഗാവിഷ്‌കാരങ്ങള്‍ മനുഷ്യജീവിതത്തെ സംസ്‌കരിക്കുകയും ചിന്തകളിലും അഭിരുചികളിലുംം സ്വാധീനം ചെലുത്തുകയും ചെയ്യുന്നത് സ്വാഭാവികവും അനിവാര്യവുമാണ്.
കലാ സാഹിത്യ സംസ്‌കാരികതയിലൂന്നിയ സര്‍ഗാവിഷ്‌കാരങ്ങള്‍ മനുഷ്യജീവിതത്തെ സംസ്‌കരിക്കുകയും ചിന്തകളിലും അഭിരുചികളിലുംം സ്വാധീനം ചെലുത്തുകയും ചെയ്യുന്നത് സ്വാഭാവികവും അനിവാര്യവുമാണ്. സംസ്‌കാരത്തെയും നാഗരിതകളെയും രാഷ്ട്രീയസമസവാക്യങ്ങളെയും മാറ്റിമറിക്കാന്‍ ഇത്തരം ആവിഷ്‌കാരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഥയിലെയും കവിതയിലെയും നോവലിലെയും കഥാപാത്രങ്ങളെയും കഥാ തന്തുക്കളയും മാത്രമല്ല അതിന്റെ ആവിഷ്‌കര്‍ത്താക്കളെയും ജനം നെഞ്ചോടേറ്റി നടക്കുകയാണ്. അവരെയൊക്കെ താരാരാധനയോടെയും വീരാരാധനയോടുമാണ് അനുവാചകര്‍ സ്വീകരിക്കുന്നത്. അഭ്രപാളികള്‍ ആഷ്‌കരിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വെപ്പിക്കുന്ന ചലചിത്ര നടീ നടന്മാര്‍ക്കാണ് ഇതില്‍ ഏറ്റവും അധികവും സ്വാധീനവും സ്വീകാരികതയും. ജനപ്രിയ നടീനടന്മാരെ ചാണിന് ചാണ്‍ അനുകരിക്കുകയും അവരെ ദൈവത്തോളം ആരാധിക്കുകയും ചെയ്യുന്നവര്‍. അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ജീവിതത്തോടു ചേര്‍ത്തുവെച്ചുകൊണ്ട് അതുപോലെയാവാന്‍ ശ്രമിക്കുന്നവര്‍. വേഷവും ഭാഷയും നടത്തവും ഇരുത്തവും വസ്ത്രധാരണരീയും ഇഷ്ടപ്പെട്ട നടീനടന്മാരുടെത് തന്നെ. ആരാധ്യ നടീനടന്മാരുടെ സൗന്ദര്യത്തിന്റെ പളപളപ്പുമാത്രമല്ല അതിനവരെ പ്രേരിപ്പിക്കുന്നത്. തങ്ങള്‍ക്ക് കഴിയാത്തത് തങ്ങളുടെ ജീവിതത്തിനു മുമ്പാകെ അവതരിപ്പിച്ചുകാണിച്ചുകൊണ്ട് അഭ്രപാളികളില്‍ തിമര്‍ത്താടുകയാണവര്‍. വില്ലനോട് മല്ലിട്ട് വിജയം കൊയ്യുന്ന നടന്മാരെ അഭ്രപാളിക്കപ്പുറത്തുനിന്ന് കാണാനും തൊടാനും ആശിര്‍വാദം വാങ്ങാനും ക്യൂ നില്‍ക്കുകയാണ് ആരാധകര്‍. ചലചിത്രമെന്ന ആവിഷ്‌കാരം വെറും നേരം പോക്കിനുള്ളതല്ല. നേരുപറയുന്നതു കൂടിയാണ്. അതുകൊണ്ടാണ് തിയറ്റിലിരുന്ന് ആര്‍ത്തട്ടഹസിക്കുകയും അവര്‍ക്കായി ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ചുകൊണ്ട് പടം വിജയിപ്പിച്ചെടുക്കാനും ജനം ഓടുന്നത്.
പക്ഷേ ഇങ്ങനെ ആര്‍പ്പുവിളിച്ചവര്‍ തന്നെ കൂക്കിവിളിച്ചും അപഹസിച്ചും ഒരു നടനു പിന്നാലെ പായുകയാണിന്ന്. ഒരു പ്രമുഖ നടിക്കുനേരെ നടന്ന പീഡനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടനുനേരെയാണ് പൊതുവികാരം ഉണര്‍ന്നത്. കോടതി തെറ്റുകാരനാണെന്ന് വിധിക്കുന്നതുവരെ ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ ആവില്ല എന്നത് ഏത് കാര്യത്തിലെന്നപോലെ ഇതിലും ബാധകമാണ്. പക്ഷേ കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത പ്രമുഖ നടനെ ചൂണ്ടി നമുക്ക് ഇന്നത്തെ സിനിമാ ലോകം എത്തിപ്പെട്ട അപഹാസ്യതയെ വിലയിരുത്തണം. കല കലക്കുവേണ്ടിയാണോ അല്ലയോ എന്ന ചോദ്യം ഏതു കാലത്തും ചോദിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ സര്‍ഗാവിഷ്‌കാരങ്ങളെ പച്ചയായി വ്യഭിചരിക്കുന്ന ഇടമായി ചലചിത്ര മേഖല മാറിയിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍ കാണിക്കുന്നത്. ആത്മാവിഷ്‌കാരത്തിനു വേണ്ടിയുള്ള നടനമല്ല ഇന്ന് ഓരോ അഭിനേതാവിനെ സംബന്ധിച്ചിടത്തോളവും ചലചിത്രമെന്ന മാധ്യമം. അത് ബിനാമി ഇടപാടാണ്, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ്, പെണ്ണിനുമേല്‍ അധീശത്വം ഉറപ്പിക്കാനുള്ള വേദിയാണ്. അപരന് പാര പണിയാനുള്ളതാണ്. അതുകൊണ്ടാണ് അഭിനയിക്കുന്നവന്‍ പ്രൊഡൂസറും നിര്‍മാതാവും ഡയറക്ടറും കാമറാമാനും എല്ലാമായി സിനിമാ സാമ്രാജ്യത്തെ അടക്കിവാഴാന്‍ വരുന്നത്.
മറ്റൊന്ന്, എവിടെയും സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനമേയുള്ളൂ. എന്നാല്‍ അത് സിനിമാ മേഖലയിലാകുമ്പോള്‍ പൂര്‍ണാര്‍ഥത്തില്‍ അടിമത്വമനുഭവിക്കുന്നവരാണെന്ന് ആ മേഖലയിലുള്ളവര്‍ ഒറ്റക്കെട്ടായി തെളിയിച്ചു എന്ന സത്യമാണ്. മേക്കപ്പിട്ട് സൗന്ദര്യത്തിടമ്പായി പറയുന്ന വേഷം കെട്ടിയാടാനുള്ളതല്ലാതെ സ്ത്രീസമൂഹത്തിനോ പൊതുസമൂഹത്തിനോ തങ്ങളക്കൊണ്ട് യാതൊന്നും ചെയ്യാനാവില്ലെന്ന് 'ചങ്കുറപ്പോടെ' തെളിയിച്ച കൂട്ടരാണിവര്‍. തങ്ങളൊരു തൊഴില്‍ ശക്തിയാണെന്നും സ്ത്രീസമൂഹം പതുക്കെ നേടിക്കൊണ്ടിരിക്കുന്ന ശാക്തീകരണത്തിന്‍ തങ്ങള്‍ക്കും അര്‍ഹതയുണ്ടന്നു പോലും തിരിച്ചറിവില്ലാതെ പോയ ഒരുപാട് പെണ്‍കൂട്ടത്തെയാണ് നാം അവിടെ കണ്ടത്. തങ്ങളിലൊരാള്‍ക്കുണ്ടായ വേദനിപ്പിക്കുന്ന അക്രമത്തെ ലാഘവത്തോടെ നോക്കിയിരുന്ന സഹനടിമാര്‍ തങ്ങള്‍ ചിന്താശേഷിയും പ്രതികരണശേഷിയും ഇല്ലാത്തവരാണെന്ന് ഉറപ്പിക്കുകയാണ് ചെയ്തത്. ആര്‍പ്പുവിളിക്കാന്‍ മാത്രമല്ല കൂകിവിളിക്കാനും അറിയുന്ന പ്രബുന്ധ ജനമാണ് പുറത്തുള്ളത് എന്നും തങ്ങള്‍ക്കുവേണ്ടത് തങ്ങള്‍ തന്നെ നേടിയെടുക്കണമെന്നും അതിനാരും വരികയില്ലെന്നും ഇനിയെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍ താരങ്ങള്‍ക്കുബോധ്യമുണ്ടായെങ്കില്‍ അത്രയും അവര്‍ക്ക് നന്ന്. ആണ്‍കോയ്മയില്‍ രൂപം കൊണ്ട സംഘടനകള്‍ക്കിടയില്‍ മറ്റൊരു പെണ്‍സംഘടന രൂപീകരിക്കാനുള്ള ചെറിയൊരു ശ്രമം ഇക്കൂട്ടര്‍ നടത്തിനോക്കിയിട്ടുണ്ട്. അത് സ്വയം ആത്മാഭിമാനം ഉയര്‍ത്തുന്നതിനുള്ളതായിത്തീരട്ടെ.