പവിത്രവും പരിശുദ്ധവുമായ ഉടമ്പടിയാണ് വിവാഹം. ബലിഷ്ഠമായ കരാര്‍ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
പവിത്രവും പരിശുദ്ധവുമായ ഉടമ്പടിയാണ് വിവാഹം. ബലിഷ്ഠമായ കരാര്‍ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ''അവര്‍ നിങ്ങളില്‍ നിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്.''(അന്നിസാഅ് : 21)
ദൈവം ആണിനെയും പെണ്ണിനെയും പരസ്പരം ഇണകളാക്കി സൃഷ്ടിച്ചിരിക്കുന്നു. അന്യോനം സുഖവും സന്തോഷവും സന്താപവും പങ്കിടാന്‍. കൂടിയാലോചകളിലൂടെ നല്ലൊരു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍.. ഭാര്യാ ഭര്‍ത്താക്കന്മാരുടെ പരസ്പര സ്‌നേഹത്തില്‍ നിന്നും വിട്ടുവീഴ്ചകളില്‍ നിന്നും ഒരു നല്ല കുടുംബം ഉണ്ടായിത്തീരുന്നു. അതുവഴി നാളെ നല്ലൊരു സമൂഹവും.
ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും കടമകള്‍ ഇസ്‌ലാം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഭാര്യ-ഭര്‍ത്താക്കന്മാര്‍ പരസ്പരം വസ്ത്രങ്ങളാണെന്ന് പറയുന്നതില്‍ നിന്നും ഇണകള്‍ തമ്മിലുളള ബന്ധത്തിന്റെ ഊഷ്മളത മനസ്സിലാക്കുവാന്‍ കഴിയും. വിവാഹത്തിനും വിവാഹാനന്തരജീവിതത്തിനും ഇത്രയധികം പ്രാധാന്യം നല്‍കുന്ന ഇസ്‌ലാം ഏറെ വെറുത്തുകൊണ്ട് അനുവദിച്ചിരിക്കുന്ന കാര്യമാണ് വിവാഹമോചനം. ഘട്ടങ്ങളായുളള അനുരഞ്ജന ശ്രമങ്ങളിലൂടെ പോലും ഒരു നിലക്കും ജീവിതം ശാന്തിയോടെയും സമാധാനത്തോടയും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവര്‍ക്ക് മാത്രമാണ് വിവാഹമോചനം അനുവദിക്കപ്പെട്ടിട്ടുളളത്. എന്നാല്‍ ഇന്ന് വിവാഹമോചനങ്ങളുടെ അളവ് ഏറെയാണ്. ഇപ്പോള്‍ കൂടുതലായും കാണപ്പെടുന്ന ഒരു രീതിയാണ് ഏറെക്കാലം വിവാഹം നിശ്ചയിച്ചുവെക്കലും നിക്കാഹ് മാത്രം കഴിച്ചുവെച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകല്‍ നീട്ടിവെക്കുകയും ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തിലും പരസ്പരം വേര്‍പിരിയലും സര്‍വ്വ സാധാരണമായി നടക്കുന്നു. ചുരുക്കി പറഞ്ഞാല്‍ വിവാഹത്തിനു മുമ്പേ തന്നെ വിവാഹമോചനം നടക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കോഴിക്കാട് പാളയം മുഹിയുദ്ധീന്‍ പളളിയെ ആസ്ഥാനമാക്കി പളളിക്കമ്മറ്റിയുടെ സഹകരണത്തോടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റി ലൈഫ് എന്ന വിവാഹ പൂര്‍വ്വ പഠന പരിശീലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് തുടക്കം കുറിച്ചത്.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റി ലൈഫ് (IQAL)
വിവാഹത്തെക്കുറിച്ചും അതിന്റെ അനുബന്ധങ്ങളിലും ഉളള അജ്ഞതയും യാഥാര്‍ഥ്യങ്ങളെക്കാള്‍ കൂടുതല്‍ വിവാഹവും വൈവാഹിക ജീവിതത്തെയും സ്വപ്‌നങ്ങളിലൂടെ കാണാന്‍ ശ്രമിക്കുകയും ചെയ്യുന്ന അവസരത്തിലാണ് വിവാഹമോചനങ്ങള്‍ കൂടുതലായി നടക്കുന്നത്.
വിവാഹത്തിനു മുമ്പ് ക്രിസ്ത്യന്‍ സമുദായത്തില്‍ നിര്‍ബന്ധമാക്കിയ പ്രീക്കാന കോഴ്‌സിന് സാമ്യതയുളള 18 വയസ്സിനും 30 വയസ്സിനും ഇടയിലുളള അവിവാഹിതര്‍ക്കുളള വിദ്യഭ്യാസ കോഴ്‌സ് ആണ് IQAL .വൈവാഹിക ജീവിതത്തില്‍ യുവതി യുവാക്കള്‍ ബോധവാന്മരാണ് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
ലക്ഷ്യം
ഏറെ പേരും വൈവാഹിക ജീവിതത്തെ ഒരു സ്വപ്‌നലോകമായി കണ്ട് സ്വപ്‌നതുല്യരായി ജീവിക്കുന്നവരാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം വേറെയും. ഈ സാഹചര്യത്തില്‍ വൈവാഹിക ജീവിതത്തോട് ഒരു യാഥാര്‍ത്ഥ്യ ബോധം ഉണ്ടാക്കുക എന്നതാണ് കോഴ്‌സിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലൊന്ന്.
ഭാര്യാ ഭര്‍ത്താക്കന്മാാരുടെ ബന്ധം ഒരിക്കലും സാഹോദര്യപൂര്‍വമോ സൗഹൃദപരമോ അല്ല. അതിന് മറ്റനേകം തലങ്ങളുണ്ട്. ഈ ബന്ധത്തിന്റെ കടമകളെയും പ്രതീക്ഷകളെയും കുറിച്ച് അറിവ് നല്‍കുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. ദാമ്പത്യബന്ധം തകരുന്നതില്‍ ഏറെ പങ്ക് വഹിക്കുന്ന ഒന്നാണ് ശാരീരിക ബന്ധത്തെക്കുറിച്ചുളള അറിവില്ലായ്മയും തെറ്റിദ്ധാരണകളും. പരസ്പരം ഇണകളായുളള ആണിന്റെയും പെണ്ണിന്റെയും ദാമ്പത്യത്തില്‍ ശാരീരിക ബന്ധം മുഖ്യമാണ്. സ്ത്രീക്ക് പുരുഷനിലും പുരുഷന് സ്ത്രീയിലുമുണ്ടാകുന്ന അറിവില്ലായ്മകള്‍ നികത്തി ആരോഗ്യകരമായ ശാരീരിക ബന്ധത്തെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള ശ്രമങ്ങള്‍ കോഴ്‌സ് മുഖേന ചെയ്യുന്നു.
വിവാഹം കഴിഞ്ഞയുടനെയുളള പ്രേമസുരഭിലമായ കാലഘട്ടം, ആദ്യ കുഞ്ഞ് ജനിക്കുന്ന ഘട്ടം, പത്ത് വര്‍ഷങ്ങള്‍ക്കുശേഷമുളള കാലം എന്നിങ്ങനെ വൈവാഹിക ജീവിതത്തെ മൂന്നു ഘട്ടങ്ങളാക്കി തിരിച്ചാല്‍ മൂന്നാം ഘട്ടമെത്തുമ്പോഴേക്കും ശാരീരിക ബന്ധത്തിലും മറ്റും കുറവുകള്‍ സംഭവിക്കുന്നു. ഇണകള്‍ തമ്മില്‍ ഒരു പ്രത്യേകതരം അകലവും രൂപപ്പെടുന്നു. ഇവയിലെല്ലാം പരിഹാരമുണ്ടാക്കുവാനും കോഴ്‌സ് ലക്ഷ്യം വെക്കുന്നു.
ജീവിതം തുടരുമ്പോഴണ്ടാകുന്ന ചില മാനസിക സംഘര്‍ഷങ്ങളെ സ്വയം നിയന്തിക്കുന്നതെങ്ങനെയെന്നും ആവശ്യമെങ്കില്‍ വ്യക്തിഗത കൗണ്‍സിലിങ്ങും നല്‍കുന്നു.
പാഠ്യപദ്ധതി
സ്വതന്ത്ര പാഠ്യപദ്ധതിയാണ് ഈ കോഴ്‌സിനുളളത്. ആര്‍ക്കും എവിടെയും പഠിപ്പിക്കാനാവും. കണ്ണൂര്‍ പോലെയുളള ജില്ലയില്‍ ഈ പാഠ്യപദ്ധതിയനുസരിച്ച് പഠനം നടക്കുന്നുണ്ട്. ഇസാലാമികമായി രണ്ടു വിഷയങ്ങളും ബാക്കി നിലവിലെ സാമൂഹി ശാസ്ത്രപരമായും നടക്കുന്നു.
- വിവാഹം ഇസ്ലാമികമായ കാഴ്ചപ്പാട്
- വിവാഹം എന്ത് എന്തിന്
- കുടുംബം ഇസ്ലാമികമായ കാഴ്ചപ്പാട്
- മുസ്ലീം വിവാഹത്തിന്റെ നിയമവശങ്ങള്‍
- വിവാഹം വ്യക്തിപരമായ ആഗ്രഹങ്ങളും ആവശ്യങ്ങളും
- വിവാഹം പ്രതീക്ഷകളും കടമകളും
- ശരീര ശാസ്ത്രം പ്രാഥമിക പാഠങ്ങള്‍
- ആരോഗ്യകരമായ ശാരീരിക ബന്ധം
- വിവാഹജീവിതത്തിലെ ആശയവിനിമയം
- ഗര്‍ഭധാരണം പ്രസവം ശിശുപരിപാലനം
- വിവാഹജീവിതത്തിലെ സാമ്പത്തികതലം
- ഭാര്യ ഭര്‍ത്താക്കന്മാരുടെ കുടുംബങ്ങള്‍
- വിവാഹജീവിതവും ലഹരി പദാര്‍ത്ഥദുരുപയോഗവും
- വിവാഹജീവിതവും മറ്റു ബന്ധങ്ങളും
- വിവാഹജീവിതവും സാമൂഹിക മാധ്യമങ്ങളും സാങ്കേതിക വിദ്യകളും
- വൈവാഹിക ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ പരിഹാരം
- വിവാഹത്തിനുളള മാനസികമായ ഒരുക്കം ആത്മപരിശോധന
കോഴ്‌സിനെക്കുറിച്ചുളള പ്രതികരണം
ഇവയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള വിഷയങ്ങള്‍. വൈവാഹിക ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട എല്ലാ തലങ്ങളില്‍ നിന്നുമുളള വിഷയങ്ങള്‍ ഇതില്‍ ഉള്‍കൊളളിച്ചിരിക്കുന്നു. പൂര്‍ത്തികരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. മാതൃഭാഷയിലാണ് ക്ലാസുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
പി എം എ ഗഫൂര്‍, ഡോ.എന്‍.പി ഹാഫിസ് മുഹമ്മദ്, ഗഫൂര്‍ തിക്കോടി, ഡോ.ആരതി കൃഷ്ണന്‍, ഡോ.ടി.പി ജവാദ്, ടി.പി ഹുസ്സൈന്‍ കോയ, നബീസ വാഴക്കാട്, അബ്ദുല്‍ നാസര്‍ ടി, സിന്ധു അനൂപ് തുടങ്ങി പരിശീലകര്‍, കൗണ്‍സിലര്‍മാര്‍, മനശാസ്ത്രജ്ഞര്‍ ഡോക്ടര്‍മാര്‍ പണ്ഡിതര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ അദ്ധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്.
കോഴ്‌സിന്റെ രീതി
ഇലക്ട്രോണിക് മീഡിയയുടെ സഹായത്തോടെയാണ് ക്ലാസ്സുകള്‍ നടത്തുന്നത്. 20 സെക്ഷനുകളായി 60 മണിക്കൂര്‍ ആണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ആദ്യം രണ്ട് ഏകദിന ശില്‍പ ശാലകളും പിന്നീടുളള സെക്ഷനുകള്‍ ഞായറാഴ്ചകളില്‍ 8 മണിമുതല്‍ 11 മണിവരെയുമാണ്. എന്നാല്‍ മൂന്ന് സെക്ഷനുകളിലധികം വിട്ടുപോയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമല്ല. പരിഹാരമായി അടുത്ത ബാച്ചില്‍ വിട്ടുപോയ വിഷയങ്ങള്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങാവുന്നതുമാണ്.
അനേകം പേരും ഇന്ന് ഒരറിവുമില്ലാതെയാണല്ലോ വിവാഹത്തിലേക്ക് കാലെടുത്തുെവക്കുന്നത്. മദ്രസ്സകളില്‍ നിന്നോ സ്‌ക്കൂളുകളില്‍ നിന്നോ ഒരറിവും ലഭിക്കുന്നില്ല. അതുകെണ്ട് തന്നെ വൈവാഹിക ജീവിതത്തോടുളള കാഴ്ചപ്പാടുകള്‍ അറിയാന്‍ കോഴ്‌സിന്റെ ആരംഭത്തില്‍തന്നെ പ്രീ വര്‍ക്ക് ഷോപ്പ് ചോദ്യാവലി നല്‍കും. പൂരിപ്പിച്ചുകിട്ടുന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തരെയും മനസ്സിലാക്കുവാനാകും. കോഴ്‌സിന്റെ അവസാനവും പോസ്റ്റ് വര്‍ക്ക് ഷോപ്പ് ചോദ്യാവലിയും നല്‍കുന്നു. തുടര്‍ന്ന് ഇവ രണ്ടും താരതമ്യപ്പെടുത്തി ഓരോരുത്തരുടെയും കാഴ്ചപ്പാടുകളിലും അറിവിലും വന്ന മാറ്റങ്ങളെ വിലയിരുത്താനും മനസ്സിലാക്കാനുമാകുന്നു.
മനശ്ശാസ്ത്രം സമൂഹശാസ്ത്രം എന്നീ ശാഖകളുടെ പിന്‍ബലത്തോടുകൂടിയാണ് വിഷയങ്ങളുടെ പഠനം. പ്രഗത്ഭരായ അദ്ധ്യാപകരാണ് ഓരോ വിയങ്ങളും കൈകാര്യം ചെയ്യുന്നത്. അവതരണം, ചര്‍ച്ച, ദൃശ്യാവതരണം, അസൈന്‍മെന്റ് തുടങ്ങിയവയും ഈ കോഴ്‌സിന്റെ പഠനരീതിയാണ്. ഇതുമൂലം ആളുകളുമായി ഇടപ്പെടാന്‍ മടിക്കുന്നവരില്‍ വ്യക്തിത്വ വികാസവും ഉണ്ടാകുന്നു.
നിമിത്തമായി മുഹിയുദ്ധീന്‍ പളളി
ഏറെക്കാലമായി സംഘാടകരില്‍ ഇങ്ങനെ ഒരു ആശയം ഉടലെടുത്തിട്ട്. എന്നാല്‍ തടസ്സങ്ങള്‍ ഏറെയായിരുന്നു. അങ്ങനെയാണ് പാളയം മുഹ്‌യുദ്ധീന്‍ പളളിയുടെ ഒരു ഒഴിഞ്ഞമുറി ലഭിക്കുന്നത്.
പളളികള്‍ വെറും ആരാധനാലയങ്ങള്‍ മാത്രമാക്കേണ്ടവയല്ല, മറിച്ച് അത് ഒരു സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. സമൂഹത്തിന് വേണ്ടുന്ന എല്ലാ അറിവുകളും പകരുന്ന ഒന്നുകൂടിയാവണം പളളികള്‍ എന്ന ചിന്ത ഈ ഒരു ആശയം പ്രാവര്‍ത്തികമാക്കി.
കോഴ്‌സുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍
പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസ്സൈന്‍ മടവൂര്‍ ആണ് ചെയര്‍മാന്‍.കോഴ്‌സിന്റെ ഡയറക്ടര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗം പ്രാഫസര്‍ ഡോ.എന്‍ പി ഹാഫിസ് മുഹമ്മദ്. സക്കീര്‍ കോവൂര്‍ (പ്രൊജക്ട് കോഡിനേറ്റര്‍) ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി മുന്‍ ഡിവിഷണല്‍ മാനേജര്‍ പി എന്‍ ഫസല്‍ മുഹമ്മദ് ബഷീര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നവര്‍.
കൗമാരക്കാരുടെ രക്ഷാകര്‍ത്താക്കള്‍ക്കും അതുപോലെ രക്ഷാകര്‍ത്തത്തെ കുറിച്ചുളള ഹ്രസ്വകാല കോഴ്‌സുകളെക്കുറിച്ചും തീരുമാനമുണ്ട്. ഫലവത്തായ രക്ഷാകര്‍തൃത്വം, സ്ത്രീ ശാക്തീകരണം, ലൈഫ് സ്‌കില്‍ മാനേജ്‌മെന്റ് ഫലവത്തായ നേതൃത്വം തുടങ്ങിയവയും IQAL നടത്തുന്ന മറ്റു കോഴ്‌സുകളാണ്.പ്രാതല്‍ കൂടി ഉള്‍കൊളളിച്ച് 3000 രൂപയാണ് ഫീസ് ഈടാക്കുന്നത്.
ആരോഗ്യ കുടുംബം ആഹ്ലാദകുടുംബം എന്ന തലങ്ങളില്‍ കുടുംബജീവിതത്തിന്റെ സുരക്ഷിതത്വം പ്രായോഗികമാക്കാന്‍ രൂപകല്‍പന ചെയ്തിട്ടുളള വിവാഹപൂര്‍വ്വ പഠന പരിശീലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, കാലത്തിന്റെ ആവശ്യമാണ്. നല്ലൊരു സമൂഹം കെട്ടിപ്പപടുക്കാന്‍, വരും കാലത്തിലേക്കുളള മുന്നൊരുക്കം കൂടിയാണ് ഈ ഉദ്യമം.