എല്ലാ മൃഗങ്ങള്‍ക്കുമെന്ന പോലെ കന്നുകാലികള്‍ക്കും ശരീരവളര്‍ച്ചക്കും നിലനില്‍പ്പിന്നും ഒഴിച്ചുകൂടാനാവാത്ത പോഷകങ്ങളാണ് ജീവകങ്ങള്‍. കന്നുകാലികളുടെ ഭക്ഷണത്തില്‍ ഏറ്റവും ആവശ്യമായ ജീവകം വിറ്റമിന്‍ എയാ ണ്, രണ്ടാമത് വിറ്റാമിന്‍ ഡി.യും വിറ്റമിന്‍ ബി, സി, കെ എന്നിവ ജന്തുശരീരത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു.
വിറ്റമിന്‍ എ
ഇതിന്റെ കമ്മി പൊതുവെ എല്ലാ സ്ഥലത്തേയും മൃഗങ്ങളില്‍ കാണുന്നുണ്ട്. ഭക്ഷണത്തില്‍ ആവശ്യത്തിന് ഇത് ഇല്ലാതിരിക്കുകയോ ദഹനപഥത്തില്‍ നിന്ന് ശരിയായരീതിയില്‍ ആഗിരണം ചെയ്യപ്പെടാതിരിക്കുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥ ഉണ്ടാകുന്നത്. പച്ചപ്പുല്ലില്‍ നിന്ന് ലഭിക്കുന്ന കാരോട്ടിനെ വിറ്റാമിന്‍ എ ആയി രൂപാന്തരപ്പെടുത്തുന്നത് കുടലില്‍ വെച്ചാണ്. രക്തത്തിലാണ് ഈ വിറ്റാമിന്‍ പ്രധാനമായി നിക്ഷേപിച്ചിരിക്കുന്നത്. കമ്മി ഗുരുതരമാക്കുന്നത് മൃഗങ്ങളുടെ വളര്‍ച്ചാകാലത്താകുന്നു. ജീവകത്തിന്റെ അഭാവം മൂലം കന്നുകാലികളില്‍ കാണുന്ന പ്രധാന രോഗലക്ഷണം മാലക്കണ്ണാണ്. മങ്ങിയപ്രകാശത്തില്‍ കാഴ്ചക്കുള്ള ബുദ്ധിമുട്ടാണ് ഇത്.
കൂടാതെ പശുക്കളിലും കാളകളിലും പ്രത്യുല്‍പ്പാദനക്കുറവും ഉണ്ടാകുന്നു. ചിലഅവസരത്തില്‍ മൃതരോ ദുല്‍ബലരോ ആയ കുട്ടികളുടെ ജനനം ഉണ്ടാക്കുന്നു. പ്ലാസന്റാ പോവാതിരിക്കുക സാധാരണമാണ്. വിറ്റമിന്‍ എയുടെ അഭാവത്തില്‍ മൃഗങ്ങളുടെ രോഗപ്രതിരോധശക്തി ഗണ്യമായി കുറയുന്നു.
വിറ്റമിന്‍ ഇ
മോശപ്പെട്ട ഉണക്കപ്പുല്ലും വൈക്കോലും കിഴങ്ങുവര്‍ഗങ്ങളും ധാരാളം തിന്ന് വളരുന്ന മൃഗങ്ങളിലാണ് ഈ ജീവകത്തിന്റെ കുറവ് കണ്ട് വരിക. ധാന്യങ്ങള്‍, പച്ചപ്പുല്ല്, നന്നായി ഉണക്കിയെടുത്ത പുല്ല് എന്നിവയില്‍ ഈ ജീവകം ധാരാളം ഉണ്ടാകും. കന്നുകുട്ടികളില്‍ കാണുന്ന പ്രധാന ലക്ഷണം മാംസപേശികളുടെ തളര്‍ച്ച, ശ്വാസം മുട്ടല്‍ എന്നിവയാണ്. ശരീരതാപനിലയില്‍ ഏറ്റക്കുറച്ചില്‍ കാണും. മേഞ്ഞുനടക്കുന്ന മൃഗങ്ങള്‍ കൈകാലുകളുടെ ദുര്‍ബലത നിമിത്തം പെട്ടെന്ന് വീഴുവാനിടയാകുന്നു. ഇത് മൂലം് ശരിയായ തീറ്റ എടുക്കുവാന്‍ സാധിക്കാതെ വരും. തല ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രയാസം, ഭക്ഷണം ഇറക്കുവാനുള്ള വിമ്മിഷ്ടം, നാക്കിന്റെ പ്രവര്‍ത്തനക്ഷയം, ഉദരമാംസപേശികളുടെ ബലക്ഷയം എന്നീ ലക്ഷണങ്ങളും കാണാം.
വിറ്റമിന്‍ ഡി
സൂര്യപ്രകാശത്തിന്റെ അഭാവം കൊണ്ടാണ് വിറ്റാമിന്‍ ഡിയുടെ കമ്മി ഉണ്ടാക്കുന്നത്. വിശപ്പില്ലായ്മ, മുരടിച്ച, വളര്‍ച്ച, അസ്ഥിക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വിറ്റമിന്‍ ഡി കാല്‍സ്യത്തിന്റേയും ഫോസ്ഫറസിന്റെയും ആഗിരണത്തെ പോഷിപ്പിക്കുകയും അസ്ഥികളില്‍ അവയുടെ സംഭരണത്തെ സഹായിക്കുകയും ചെയ്യുന്നു. വിശപ്പില്ലായ്മ മൂലം പോഷകങ്ങളുടെ ഉപയോഗ്യത കുറയുകയും തല്‍ഫലമായി ശരീരത്തിന്റെ തൂക്കവും ഉല്‍പ്പാദനവും കുറയുകയും ചെയ്യുന്നു. രോഗബാധയേറ്റവയില്‍ മുടന്തും കാണാം.
വിറ്റമിന്‍ സി
ഈ ജീവകം മൃഗങ്ങളുടെ ശരീരത്തില്‍ വേണ്ടത്ര ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനാല്‍ ഭക്ഷണത്തില്‍ പ്രത്യേകം ചേര്‍ത്ത് കൊടുക്കേണ്ട ആവശ്യമില്ല. ചെറിയ കന്നുകുട്ടികളില്‍ കാണുന്ന ഒരുതരം പുഴുക്കടി ഈ ജീവകത്തിന്റെ അഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ബി വിറ്റാമിനുകള്‍
കന്നുകാലികളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം വഴി ബി വിറ്റമിന്റെ ഉല്‍പ്പാദനം ശരീരത്തില്‍ നടക്കുന്നു. എന്നാല്‍ കന്നുകുട്ടികളുടെ ഇളം പ്രായത്തില്‍ വളര്‍ച്ച പ്രാപിക്കുന്നതിന് മുമ്പ് ഈ ജീവകങ്ങള്‍ ഭക്ഷണത്തില്‍ ഉണ്ടായിരിക്കണം.
തയാമിന്‍
തയാമിന്റെ അഭാവത്തില്‍ കന്നുകുട്ടികളില്‍ കാണുന്ന പ്രധാന രോഗലക്ഷണങ്ങള്‍ ക്ഷീണം, നടത്തത്തില്‍ പൊരുത്തമില്ലായ്മ, തലചുറ്റല്‍, ചിലപ്പോള്‍ ശക്തമായ വയറിളക്കം എന്നിവയാണ്
റിബോഫ്‌ളേവിന്‍
കന്നുകുട്ടികള്‍ക്ക് വളര്‍ച്ച പ്രാപിക്കുന്നത് വരെ ഭക്ഷണത്തില്‍ ഇത് വേണ്ടത്ര ഉണ്ടായിരിക്കണം. റിബോഫ്‌ളേവിന്റെ അഭാവം മൂലം കന്നുകുട്ടികളില്‍ വിശപ്പില്ലായ്മ, വളര്‍ച്ചനിരക്കില്‍ കുറവ്, വയറിളക്കം രോമംകൊഴിച്ചില്‍ എന്നീ ലക്ഷണങ്ങള്‍ കാണാം.
പൈറിഡോക്‌സിന്‍
കന്നുകുട്ടികളില്‍ ഈ ജീവകത്തിന്റെ അഭാവത്തില്‍ വിശപ്പില്ലായ്മ, കുറഞ്ഞ വൃദ്ധിനിരക്ക്, ചര്‍മ്മത്തിന് പരുപരുപ്പ്, രോമം കൊഴിച്ചില്‍, രക്തക്കുറവ് എന്നീലക്ഷണങ്ങള്‍ കാണാം.
പാന്റോതെനിക് അമ്ലം വളര്‍ച്ച പ്രാപിക്കാത്ത കന്നുകുട്ടികള്‍ക്ക് ഈ ജീവകം തീറ്റയിലൂടെ ലഭ്യമായിരിക്കണം. ജീവകത്തിന്റെ അഭാവത്തില്‍ ചര്‍മ്മത്തിന് പരുപരുപ്പ്, പുഴുക്കടി, നാസാസ്രവണം, വിശപ്പില്ലായ്മ, കുറഞ്ഞ വൃദ്ധിനിരക്ക് എന്നീ ലക്ഷണങ്ങള്‍ കാണാം.
ബയോട്ടിന്‍
കന്നുകുട്ടികളില്‍ ബയോട്ടിന്റെ അഭാവത്തില്‍ പക്ഷാഘാതം കാണാറുണ്ട്.
കോളിന്‍
കോളിന്‍ അടങ്ങിയിട്ടില്ലാത്ത ഭക്ഷണം കന്നുകുട്ടികള്‍ക്ക് തുടരെ കൊടുത്താല്‍ അമിതമായ ക്ഷീണം എഴുന്നേല്‍ക്കാന്‍ പ്രയാസം, ശ്വാസതടസ്സം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ കാണാം.
വിറ്റമിന്‍ ബി 12
കന്നുകുട്ടികള്‍ക്ക് ഈ ജീവകം തീറ്റയില്‍ ആവശ്യമാണ്. തീറ്റയില്‍ കോബാള്‍ട്ടിന്റെ അഭാവം ഉണ്ടെങ്കില്‍ അത് ഈ ജീവകത്തിന്റെ ഉല്‍പ്പാദനത്തെ ഗണ്യമായി കുറക്കുന്നു. ജീവകത്തിന്റെ അഭാവത്തില്‍ കന്നുകുട്ടികളില്‍ വിശപ്പില്ലായ്മ, വളര്‍ച്ച നിലക്കല്‍, ക്ഷീണം, മാംസപേശികള്‍ക്ക് ബലക്ഷയം എന്നീ ലക്ഷണങ്ങള്‍ കാണുന്നു.