''ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കൂ. എങ്കില്‍ നിങ്ങളൊരിക്കലും ജോലി ചെയ്യേണ്ടി വരില്ല...''
''ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കൂ. എങ്കില്‍ നിങ്ങളൊരിക്കലും ജോലി ചെയ്യേണ്ടി വരില്ല...'' കണ്‍ഫ്യൂഷ്യസ്. അമേരിക്കയില്‍ നൂറിലധികം വയസ്സു പിന്നിട്ട ഓള്‍ഡ് ഏജ് ഹോമിയില്‍ താമസിക്കുന്ന നാല് പേരോട് നിങ്ങളുടെ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് അവര്‍ നാല് പേരും ജോലികള്‍ ചെയ്തവരായിരുന്നു. ആ ജോലി അവര്‍ക്ക് അങ്ങേയറ്റത്തെ ആനന്ദം നല്‍കിയിരുന്നു. അതായിരിക്കാം ഈ ആയുസ്സിന്റെ രഹസ്യമെന്ന് അവര്‍ പറഞ്ഞു. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന പ്രവൃത്തി ചെയ്യാന്‍ ഒരിടം കണ്ടെത്തുക. പിന്നെ അതിന് ശമ്പളം നല്‍കാന്‍ ഒരാളെയും കണ്ടെത്തുക എന്നു പറയാറുണ്ട്. ആലോചനയുടെ ക്രമം ശമ്പളത്തില്‍ നിന്ന് ജോലിയിലേക്കല്ല; ജോലിയില്‍ നിന്ന് ശമ്പളത്തിലേക്ക് വേണമെന്നര്‍ത്ഥം. തൊഴിലിന്റെ പ്രഥമ ശമ്പളം ആത്മ സംതൃപ്തിയാണ്. അതുകൊണ്ട് ആത്മാവിന് ശമ്പളം നല്‍കുന്ന തൊഴില്‍ തെരഞ്ഞെടുക്കുക. അതിന് ഭൗതിക ശമ്പളം ഉറപ്പാക്കുകയും ചെയ്യുക. പ്രവൃത്തി ഭാരവും ബാധ്യതയുമല്ല. ആഹഌദത്തിന്റെ ഉറവിടമാണ്. അധ്വാനമാണ് സംതൃപ്തി. പുതിയ കാല മാനേജ്‌മെന്റ് പഠനങ്ങള്‍ പോലും ആവശ്യപ്പെടുന്നത് ഹാര്‍ഡ് വര്‍ക്കല്ല ഹേര്‍ട്ട് വര്‍ക്കാണ്. ലോകത്ത് വസ്തുക്കള്‍ വിലയുള്ളതായിത്തീരുന്നത് ആ വസ്തുവിന്റെ മേല്‍ അധ്വാനം പ്രയോഗിക്കപ്പെടുമ്പോഴാണ്. വ്യക്തി വിലയുള്ളവനായി/ യവളായി മാറുന്നത് അവനോ അവളോ വിനിയോഗിക്കുന്ന അധ്വാനത്തിലൂടെയാണ്. വൃക്ഷം അതിന്റെ ഫലങ്ങള്‍ കൊണ്ട് അറിയപ്പെടുന്നു. മനുഷ്യന്‍ അവന്റെ കര്‍മ്മങ്ങള്‍ കൊണ്ട് അറിയപ്പെടുന്നു എന്ന് പറയാറുണ്ടല്ലോ?
വെറുതെയിരിക്കാനും അലസനാവാനും ദൈവം ആര്‍ക്കും അനുവാദം തന്നിട്ടില്ല. പ്രവാചകന്മാര്‍ വ്യത്യസ്തങ്ങളായ തൊഴിലുകള്‍ ചെയ്തവരായിരുന്നു. ആദം (അ) ഉഴവുകാരാനായിരുന്നു. നൂഹ് നബി മരാശാരിയായിരുന്നു. ഇദ്‌രീസ് നബി തയ്യല്‍ക്കാരനായിരുന്നു. മൂസാ നബി ആട്ടിടയനായിരുന്നു. (ഹാകിം) മുഹമ്മദ് നബി ഇടയവൃത്തിയും കച്ചവടവും ചെയ്തിരുന്നു. ആടുകളെ മേച്ചിട്ടില്ലാത്ത ഒരു പ്രവാചകനെയും അല്ലാഹു നിയോഗിച്ചിട്ടില്ല. (ബുഖാരി)
അധ്വാനിക്കാതെ പണമുണ്ടാക്കലാണ് മിടുക്ക് എന്ന ഒരു ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ പൊതുബോധത്തില്‍ അധ്വാന വിരുദ്ധതയുടേതായ വലിയ ഒരു ഘടകമുണ്ട്. ജാതി സമ്പ്രായത്തില്‍ നിന്ന് ലഭിച്ചതാണത്. അധ്വാനിക്കുന്നവര്‍ മോശക്കാരാണ്. പ്രത്യേകിച്ച് ശാരീരികമായി അധ്വാനിക്കുന്നവര്‍, എന്ന മനോഭാവം ജാതിവ്യവസ്ഥ സംഭാവന ചെയ്ത മനോവ്യവസ്ഥയാണ്. വിയര്‍പ്പിനെ ബഹുമാനിക്കാത്ത സമൂഹമായി നാം മാറിയത് അങ്ങനെയാണ്. അധ്വാനത്തെ പൊതുവായി പുച്ഛിക്കുന്നതിനു പുറമെ ചില തൊഴിലുകള്‍ ഉയര്‍ന്നതും ചിലത് താഴ്ന്നതുമെന്ന മനോഭാവം സൃഷ്ടിച്ചതും ജാതിബാധ തന്നെയാണ്. മനുഷ്യര്‍ക്കുപകാരമുള്ള എല്ലാ തൊഴിലും മഹത്വമുള്ളതാണ്.
നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുമോ താല്‍പര്യമുണ്ടോ എന്നതുമാത്രമാണ് പ്രസക്തമായ ചോദ്യം. എന്റെ ഒരു മുതിര്‍ന്ന സുഹൃത്തിന്റെ മകന്‍ അമേരിക്കയില്‍ എഞ്ചിനീയറിംഗ് പഠനത്തിനു പോയി. നാട്ടില്‍ വളരെ പദവിയുള്ളയാളാണ് ഈ വിദ്യാര്‍ഥിയുടെ പിതാവ്. അവന്‍ അവിടെ ഒഴിവു സമയം ഹോട്ടലില്‍ ജോലി ചെയ്തായിരുന്നു പഠനത്തിനാവശ്യമായ ബാക്കി പണം കണ്ടെത്തിയിരുന്നത്. സാമാന്യം സൗകര്യമുള്ള രക്ഷിതാവിന്റെ മകനാണെങ്കിലും വീട്ടില്‍ നിന്നയക്കുന്ന പണം കൊണ്ട് അവന് അവിടെ പഠനം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമായിരുന്നില്ല. ഞാനവനോട് ഹോട്ടലില്‍ പണിയെടുക്കുന്നത് അവിടെ മോശമുള്ള കാര്യമല്ലേ എന്നു ചോദിച്ചപ്പോള്‍ ഒരുപണിയും ചെയ്യുന്നത് ഇവിടെ മോശമല്ല പണി ചെയ്യാതിരിക്കലാണ് മോശം എന്നായിരുന്നു അവന്റെ മറുപടി. സ്വന്തം ഷൂ സ്വയം പോളിഷ് ചെയ്യുന്ന ലിങ്കനോട് അമേരിക്കയില്‍ പ്രസിഡന്റിന്റെ ഷൂ പ്രസിഡന്റ് തന്നെയാണ് പോളിഷ് ചെയ്യാറ് എന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്നു ഒരു വിദേശ രാജ്യത്ത് വെച്ച് ചോദിച്ചപ്പോള്‍ അപ്പോള്‍ ഇവിടെ പ്രസിഡന്റ് പിന്നെ ആരുടെ ഷൂ ആണ് പോളിഷ് ചെയ്യാറ് എന്ന് തിരിച്ചു ചോദിച്ച കഥ പ്രസിദ്ധമാണല്ലോ? അധ്വാനം നല്‍കുന്ന ഒരു തൊഴില്‍ കണ്ടെത്തി അത് ആത്മാഭിമാനത്തോടെ ചെയ്യുക. അധ്വാനത്തിന്റെ മഹത്വമംഗീകരിക്കുന്ന എല്ലാ തൊഴിലിനെയും ആദരിക്കുന്ന ഒരു സാമൂഹ്യ മനോഘടന ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.
ന്യായമായ കാരണങ്ങള്‍ ഒന്നിമില്ലാതെ തൊഴില്‍ മാറിക്കൊണ്ടിരിക്കുന്നതിനെ പ്രവാചകന്‍ (സ) വിമര്‍ശിക്കുന്നുണ്ട്. നിങ്ങളില്‍ വല്ലവര്‍ക്കും വല്ല വഴിയിലൂടെയും ഉപജീവനത്തിന് വഴി ലഭിച്ചാല്‍ അതില്‍ മാറ്റമുണ്ടാകുന്നതു വരെ അവരതുപേക്ഷിക്കരുത്.( അഹമ്മദ,് ഇബ്‌നു മാജ) അകാരണമായ തൊഴില്‍ ചാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കരുതെന്നര്‍ഥം.
പലരില്‍ പല അഭിരുചികളും കഴിവുകളുമാണ് ദൈവം നിക്ഷേപിച്ചിരിക്കുന്നത്. സൂക്ഷ്മാര്‍ഥത്തില്‍ മനുഷ്യരെ വ്യത്യസ്തങ്ങളായ ഭൗത്യങ്ങള്‍ക്കു വേണ്ടിയാണ് നിയോഗിച്ചിരിക്കുന്നത്. തന്നെ ഏല്‍പ്പിക്കുന്ന ദൗത്യം കണ്ടെത്തി അത് ആത്മാര്‍ഥമായി നിര്‍വഹിക്കുന്നവനാണ് വിജയി. നിക്ഷിപ്തമായ കഴിവ് എന്നത് പ്രകൃതിപരമായിതന്നെ ഏല്‍പ്പിക്കപ്പെട്ട ചുമതലയുടെ മറ്റൊരു പേരാണ്. ഈ വ്യത്യസ്ത സമൂഹത്തിന്റെ വ്യത്യസ്ത ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടാന്‍ വേണ്ടിയുള്ളതാണ്. പ്രകൃതി വിരുദ്ധവും മനുഷ്യത്വവിരുദ്ധവും കൃത്യവുമായ വരേണ്യ നിര്‍മിതികളിലൂടെ ഈ വൈവിധ്യസ്വഭാവികതയെ നാം തകര്‍ക്കാതിരിക്കുകയാണ് വേണ്ടത്.