തിരുനബിയുടെ കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാം കടന്നുവന്ന ഭൂപ്രദേശമെന്ന
തിരുനബിയുടെ കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാം കടന്നുവന്ന ഭൂപ്രദേശമെന്ന നിലക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളവും അറബിനാടുകളും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ നിമിത്തവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ സുദൃഢമാണ്. സഞ്ചാരമാര്‍ഗങ്ങള്‍ സുതാര്യമായിരുന്നു. മുസ്‌ലിംകള്‍ നമസ്‌കാരങ്ങളില്‍ അഭിമുഖീകരിക്കുന്ന ഖിബ്‌ലയെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കൊതിക്കാത്തവര്‍ വളരെ അപൂര്‍വമായിരിക്കും. അതുകൊണ്ട് തന്നെ ഹജ്ജ് യാത്രകള്‍ എക്കാലത്തും തുടര്‍ന്നുകൊണ്ടിരുന്നു. പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ അറബിക്കടലില്‍ വെച്ച് ഹജ്ജ് കപ്പല്‍ വ്യൂഹത്തെ കൊള്ളയടിക്കുകയും എല്ലാവരെയും കൊല്ലുകയും ചെയ്ത സംഭവം ഒ.കെ.നമ്പ്യാര്‍ തന്റെ 'പോര്‍ച്ചുഗീസ് കടല്‍കൊള്ളക്കാരും കേരളവും' എന്ന പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. കോഴിക്കോട് ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ അറബിയിലുള്ള ''യാത്രാ ഡയറിയും' കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അറബി മലയാളത്തില്‍ കെ.എം. മൗലവിയും മറ്റും മനാസിക്കുകള്‍ എഴുതിയിട്ടുണ്ട്. പക്ഷെ മലയാളത്തില്‍ ഹജ്ജെഴുത്തുകള്‍ പുറത്ത് വന്ന് തുടങ്ങിയത് 1950കള്‍ക്കു ശേഷമാണ്. വയനാട് സ്വദേശി പള്ളിയാല്‍ മൊയ്തുഹാജിയുടെ ''ഹജ്ജ്പുസ്തകം'' പി.കെ.ബ്രദേഴ്‌സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നാണറിവ്. അമ്പതുകളുടെ പാതിയില്‍ ടി.അബ്ദുല്‍ അസീസ് എഴുതിയ ''ഹജ്ജ് യാത്രാ ഡയറി''യാണ് മറ്റൊന്ന്.
കേരളത്തില്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ഗ്രന്ഥമാണ് സി.എച്ച് മുഹമ്മദ് കോയയുടെ ''എന്റെ ഹജ്ജ്‌യാത്ര''. രാഷ്ട്രീയ നേതാവ്, സാമൂഹിക വിമര്‍ശകന്‍, ഫലിതരസപ്രധാനമായ എഴുത്തിനുടമ എന്നീ നിലകളില്‍ പ്രശസ്തനായ സി.എച്ചിന്റെ ഗ്രന്ഥത്തില്‍ ഇവയെല്ലാം നമുക്ക് കാണാവുന്നതാണ്. അക്കാലത്തെ മുസ്‌ലിം സ്ത്രീകളുടെ അവസ്ഥ സരസമായി സി.എച്ച് ഇങ്ങനെ വിവരിക്കുന്നു: ''മലബാറിന്നു പുറത്തുനിന്ന് വന്ന സ്ത്രീകള്‍ വളരെ ഉഷാറുള്ളവരായി കാണപ്പെട്ടു. കപ്പലിലും ഇതുതന്നെയായിരുന്നു സ്ഥിതി. മുസാഫര്‍ഖാനയില്‍ നമ്മുടെ സ്ത്രീകള്‍ അധികനേരവും മയങ്ങിക്കിടക്കുമ്പോള്‍ മറ്റുസ്ത്രീകള്‍ ചോറു വാങ്ങേണ്ടിടത്തുപോയി അതുവാങ്ങുന്നു. ചോറുണ്ടാക്കുന്നു. വെള്ളം സ്വയം എടുത്ത് നമസ്‌കരിക്കുന്നു. നമ്മുടെ ഇത്താത്തമാര്‍ക്ക് മൂത്രമൊഴിക്കാന്‍ പോകാന്‍പോലും കൂട്ടിന് ആണുങ്ങള്‍ വേണം. വസ്ത്രധാരണരീതിയില്‍ ഏറ്റവും മോശം മലബാര്‍ സ്ത്രീകളായിരുന്നു. കപ്പലില്‍ രണ്ടുകൈകൊണ്ടും കോണിപിടിച്ച് ജവനകെറ്റിലുമായി സ്ത്രീകള്‍ തട്ടിലേക്ക് കയറുമ്പോള്‍ ശക്തിയായടിക്കുന്ന കാറ്റുകൊണ്ട് കാച്ചിത്തുണി പൊങ്ങിപ്പോകുമ്പോള്‍ താഴെതട്ടിലുള്ള മര്യാദക്കാര്‍ കണ്ണുപൊത്തേണ്ടിവന്നു. അടിയിലെ പാവാട കൊണ്ട് വലിയ കാര്യമില്ല. ഹജ്ജിനു പോകുമ്പോഴെങ്കിലും നമ്മുടെ സഹോദരിമാര്‍ പൈജാമ ധരിക്കുന്നത് കൊള്ളാം''.
മറ്റൊരിടത്ത് അദ്ദേഹം എഴുതുന്നു:''ഹിന്ദുസ്ഥാനി ഹാജിമാരില്‍ മിക്കവരും വൃദ്ധകളും വൃദ്ധന്മാരുമത്രെ. ചിലരുടെ പോക്കു കുടുംബസമേതമാണ്. മൂന്നുമാസം പ്രായമായിട്ടില്ലാത്ത ചോരപ്പൈതലിനേയും, ഇടങ്ങഴിയും, നാഴിയും, ഉഴക്കും വലിപ്പമുള്ള ഏതാനും കുഞ്ഞുങ്ങളേയും കൊണ്ട് കപ്പല്‍ തങ്ങളുടെ തറവാടാണെന്ന വിചാരത്തില്‍ ചുറ്റിനടക്കുന്ന ചില സ്ത്രീകളെ കണ്ടപ്പോള്‍ ഭര്‍ത്താവിനാല്‍ അനുഗൃഹീതയായാലും അത്തോളിയില്‍ നിന്ന് ഒരു കുഞ്ഞിനേയും തട്ടി കോഴിക്കോട്ടെത്താന്‍ എന്റെ ഭാര്യ പെടുന്ന പാട് ഓര്‍ത്തുപോയി. ഉത്തര്‍പ്രദേശില്‍ നിന്ന് ഏകനായി വന്ന ഒരു വൃദ്ധന്‍ തന്റെ കട്ടിലില്‍ എത്തിയ ഉടന്‍ തന്നെ വുളു എടുക്കാന്‍ വേണ്ടി കപ്പലിന്റെ മുകളില്‍ വന്നു. താഴോട്ടുള്ള വഴി മനസ്സിലാക്കാതെ അയാള്‍ നടുനിരത്തില്‍ നിന്ന് ചൂട്ട് കെട്ടവനെപ്പോലെ തിരച്ചിലായി. അന്നു വൈകുന്നേരം വരെ തിരഞ്ഞിട്ടും അങ്ങേരുടെ സീറ്റ് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അത്തും പിത്തുമായ ആ ഉപ്പയെ ഒറ്റക്ക് ഹജ്ജിന്നയച്ച ക്രൂരന്മാരാരാണോവോ?''
കപ്പലില്‍ താന്‍ കണ്ട കാര്യങ്ങള്‍ സരസമായി വിവരിക്കുന്ന സി.എച്ച് പരിശുദ്ധ മക്കയിലെത്തി ത്വവാഫും സഅ്‌യും മറ്റും നിര്‍വഹിച്ച ശേഷം ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് സഞ്ചരിച്ച് വികാരഭരിതനാകുന്നു. അദ്ദേഹം എഴുതുന്നു: ''ഞങ്ങള്‍ ചവിട്ടിപ്പോയ ആ മണല്‍തരികള്‍ ഒരുവേള ലോകാനുഗ്രഹിയായ മുഹമ്മദ് നബി(സ) ചവിട്ടിയ മണല്‍ തരികളായിരിക്കണം. അവിടുത്തെ സ്വഹാബികളായ അബൂബക്കറും ഉമറും ഉസ്മാനും ഹംസയും ഖാലിദും എല്ലാം ആ മണലില്‍ ചവിട്ടിയിരിക്കണം. എന്റെ കാലുകള്‍ക്ക് എന്തോ തരിപ്പ്. നബിയും സ്വഹാബികളും ഇവിടെ ചെയ്ത പ്രാര്‍ഥനകള്‍ എന്റെ ചെവികളില്‍ മുഴങ്ങിയതുപോലെ തോന്നി''. മദീന സന്ദര്‍ശനത്തിനെതിരെ ചിലര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ നിരത്തി അതിനെ നിരാകരിക്കുന്നതിങ്ങനെ:
''മസ്ജിദുന്നബവിയില്‍ നമസ്‌കരിക്കാനുദ്ദേശിച്ചേ മദീനക്കു പോകാന്‍ പാടുള്ളൂവെന്നും, റൗളാ സന്ദര്‍ശനം നിയ്യത്തില്‍ പെടുത്തരുതെന്നുമാണ് അവര്‍ ഇപ്പോള്‍ വാദിക്കുന്നത്. മസ്ജിദുന്നബവിയില്‍ നമസ്‌കരിച്ചാല്‍ പുണ്യമുണ്ട്. പക്ഷെ അതില്‍ കൂടുതല്‍ പുണ്യം മക്കത്തുതന്നെ താമസിച്ച് മസ്ജിദുല്‍ ഹറമില്‍ താമസിച്ചാലും കിട്ടുമല്ലോ. ആ നിലയില്‍ മദീന യാത്ര ഒരു ദുര്‍വ്യയമായും തീരും. ഇത്തരം യുക്തികളുടെ ഉരകല്ലിന്മേലുരച്ചിട്ടോ പുണ്യം തൂക്കിനോക്കിയിട്ടോ ഒന്നുമല്ല ഞാന്‍ മദീനയിലേക്ക് പോയത്.''
ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ അദ്ദേഹം നിശിത വിമര്‍ശനത്തിനു വിധേയമാക്കുന്നതിങ്ങനെ: ''അതല്ല തമാശ. ഹറം ശരീഫിന്റെ മുകളില്‍ നിന്ന് മഴയത്ത് ഒലിച്ചുവന്ന വെള്ളം ചില ബംഗാളികളും മറ്റും വായകാട്ടി കുടിക്കുകയും തലയിലൊഴിക്കുകയും ചെയ്തിരുന്നു. പ്രാവിന്‍ കാഷ്ഠത്തിന്റെ ഒരു രസായനമായിത്തീര്‍ന്ന ആ വെള്ളത്തില്‍ ആ പാവങ്ങള്‍ അനിസ്‌ലാമികമായ പുണ്യം കണ്ടു. വിവരക്കേടുതന്നെ. കഅ്ബയിലെ കഥ ഇതിലും ഭയങ്കരമാണ്. പ്രാക്കാഷ്ഠം മാത്രമല്ല കഅ്ബം മൂടിയ കില്ലക്കുമുണ്ട് കോളുകാര്‍. സൗദിന്റെ ഭരണമല്ലായിരുന്നുവെങ്കില്‍ കഅ്ബയും റൗദയും മാത്രമല്ല അവ നില്‍ക്കുന്ന സ്ഥലത്തെ മണ്ണുകൂടി ഭക്തന്മാര്‍ ആഹരിച്ചു കളയുകയുമായിരുന്നു.'
സാമൂഹിക വിമര്‍ശകബുദ്ധിയാ മക്കയിലേയും മദീനയിലേയും കാര്യങ്ങള്‍ നോക്കിക്കണ്ട സി.എച്ച്. ഒരു ചരിത്രകാരന്റെ അന്വേഷണ തൃഷ്ണയോടെ മക്കയിലെ മലയാളികളെക്കുറിച്ചും കേയിറുബാത്ത് അടക്കമുള്ള റുബാത്തുകളെക്കുറിച്ചും ഉന്നത വ്യക്തിത്വങ്ങളെക്കുറിച്ചും ചരിത്രസ്മാരകങ്ങളെക്കുറിച്ചും പലതും നശിപ്പിക്കപ്പെട്ടതിനെ കുറിച്ചും വിശദമായി പഠനം നടത്തി എഴുതിയിട്ടുണ്ട്.
1959-ല്‍ ഹജ്ജിനുപോയ സി.എച്ച് അക്കാലത്ത് തുടര്‍ച്ചയായി ചന്ദ്രികയിലെഴുതിയ ലേഖനം അറുപതുകളില്‍ പുസ്തകരൂപത്തിലാക്കുകയാണ് ചെയ്തത്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പുസ്തകം 1979-ല്‍ മാക്മില്ലന്‍ പബ്ലിഷിംഗ് ഹൗസും 1977-ല്‍ കറന്റ് ബുക്‌സും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.എം. സീതിസാഹിബിന്റെ അവതാരികയോടും വക്കം അബ്ദുല്‍ഖാദറിന്റെ പഠനത്തോടും കൂടിയാണ് ഒന്നാം പതിപ്പ് പുറത്തിറങ്ങിയത്. 2011-ല്‍ സി.എച്ചിന്റെ എല്ലാ യാത്രാവിവരണ ഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തി യാത്ര എന്ന പേരില്‍ ഒലീവ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിനു മുമ്പ് അറബി മലയാളത്തില്‍ കവിതാ രൂപത്തില്‍ മറ്റൊരു ഹജ്ജ് യാത്ര പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അക്കാലങ്ങളില്‍ ഇന്നത്തേതുപോലെ നേരത്തെ പണമടച്ച് അനുവദിച്ച് പോകുന്ന രീതിയല്ല നിലവിലുള്ളത്. ബോംബെയിലെത്തി ഹജ്ജ് ഹൗസില്‍ പണമടച്ചാല്‍ ആര്‍ക്കും ഹജ്ജിനു അനുമതി ലഭിക്കുന്ന കാലം. അങ്ങനെയുള്ള ഒരു കാലത്ത് 1956-ല്‍ കവി പി.ടി.ബീരാന്‍ കുട്ടി മൗലവി ആരോടും പറയാതെ തന്റെ ഒരു സുഹൃത്തിനെ യാത്രയയക്കുന്നതിനായി ബോംബെയിലെത്തുന്നു. കപ്പലില്‍ സീറ്റ് ഒഴിവുണ്ടെന്നറിഞ്ഞ് കെ.സി.അബ്ദുല്ല മൗലവിയടക്കമുള്ളവര്‍ ഹജ്ജിനു പുറപ്പെടാന്‍ പി.ടി.യെ നിര്‍ബന്ധിക്കുന്നു. ആ വര്‍ഷം പി.ടി. ഹജ്ജിന് പുറപ്പെട്ട വാര്‍ത്ത കവിയും സുഹൃത്തുമായ പുലിക്കോട്ടില്‍ ഹൈദര്‍ അറിയുന്നു. പുലിക്കോട്ടില്‍ പരിഭവരൂപത്തില്‍ പി.ടിക്കയച്ച മാപ്പിളപ്പാട്ടിനു മറുപടിയായി പി.ടി. എഴുതിയ മാപ്പിളപ്പാട്ട് രീതിയിലുള്ള ഹജ്ജ് യാത്രക്കുറിപ്പുകളാണ് പി.ടി.യുടെ ഹജ്ജ് യാത്ര. തീവണ്ടിമാര്‍ഗവും കപ്പല്‍ മാര്‍ഗേണയും ഉള്ള യാത്രാവിവരങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളായ മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലെ ബദര്‍, ഉഹ്ദ്, ഖന്തക് ജന്നത്തുല്‍ ബഖീഅ്, പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബി തുടങ്ങിയ സ്ഥലവര്‍ണ്ണനങ്ങളും ഹജ്ജ് കര്‍മ്മങ്ങളും അവക്കാധാരമായ ചരിത്രങ്ങളുടെയും വിവരങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ കൃതി. വിശദപഠനങ്ങളോടെ ഈ കൃതി ഇപ്പോള്‍ മോയിന്‍ കുട്ടിവൈദ്യര്‍ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് രൂപത്തില്‍ മറ്റു രണ്ടു കൃതികള്‍ കൂടിയുണ്ട് മലയാളത്തില്‍. ഒന്ന്, പ്രസിദ്ധ പണ്ഡിതനും എഴുത്തുകാരനും സമസ്ത നേതാവുമായിരുന്ന കെ.ടി. മാനു മുസ്‌ല്യാരുടെതും മറ്റൊന്ന് പ്രസിദ്ധ വിവര്‍ത്തകനായ കെ.വി.എം പന്താവൂരും രചിച്ചിട്ടുള്ളവയാണ്.
കപ്പലില്‍ യാത്ര ചെയ്ത് ഹജ്ജനുഭവങ്ങള്‍ പകര്‍ന്ന് മലയാളിക്കു നല്‍കിയ അവസാന കൃതിയാണ് നീലാമ്പ്ര മരക്കാര്‍ ഹാജി എഴുതി 1972-ല്‍ ചന്ദ്രിക പ്രസിദ്ദീകരണ വിഭാഗം അവരുടെ പത്താമത്തെ ഗ്രന്ഥമായി പ്രസിദ്ദീകരിച്ച 'ഹജ്ജ് യാത്ര'. നാലു മാസക്കാലം മക്കയിലും മദീനയിലുമായി താമസിച്ച് അവിടെ നടക്കുന്ന ഓരോ ചലനവും വളരെ സൂക്ഷ്മമായി മനസ്സിലാക്കി രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥമാണ് ഹാജിയുടേത്. സി.എച്ചിന്റെ യാത്രക്കു ശേഷണുള്ള പത്ത് വര്‍ഷത്തിനിടക്ക് സൗദി കൈവരിച്ചിട്ടുള്ള സാമ്പത്തിക നേട്ടങ്ങളും തദനുസൃതമായി ഹറമുകളില്‍ വന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനനങ്ങളും പ്രസ്തുത കൃതി അക്കമിട്ട് നിരത്തുന്നുണ്ട്.
അഡ്വക്കറ്റ് വി.എം എ കരീംഖാന്റെ 'അതുല്യ തീര്‍ഥാടനം' പ്രഫസര്‍ കെ.എ റഹ്മാന്റെ 'ധന്യതീര്‍ഥാടനം' (1992 അല്‍ഹുദ ബുക്സ്റ്റാള്‍) ടി.പി. കുട്ട്യാമു സാഹിബിന്റെ 'ഹജ്ജ് യാത്രയിലെ സാമൂഹിക ചിന്തകള്‍' എന്നിവയും ഈ വിഷത്തിലുള്ള ശ്രദ്ദേയ കൃതികളാണ്. ഭാഷയുടെ ലാളിത്യവും വശ്യതയും കൊണ്ട് വേറിട്ടു നില്‍ക്കുന്നതാണ് ധന്യ തീര്‍ഥാടനം. അലീ ശരീഅത്തി മുഹമ്മദ് അസദ്, മുഹമ്മദലി അല്‍ബാര്‍ തുടങ്ങിയവരുടെ ഉദ്ദരണികള്‍ പുസ്തകത്തെ മികവുറ്റതാക്കി മാറ്റുന്നു. തവാഫിനെകുറിച്ച് വിശദീകരിക്കുന്ന ഭാഗത്ത് അദ്ദേഹമെഴുതുന്നു. പരമാണുവിലെ (ആറ്റം) ഇലക്‌ട്രോണുകള്‍ അതിന്റെ ന്യൂക്ലിയസിനു ചുറ്റം ചലിക്കുന്നതും തീര്‍ഥാടകര്‍ തവാഫ് ചെയ്യുന്നതും ഒരേ രൂപത്തില്‍ തന്നെ. ഗര്‍ഭാശയത്തില്‍ ബീജസങ്കലനം നടക്കും മുമ്പ് അണ്ഡത്തിനു ചുറ്റും ബീജങ്ങളുടെ സങ്കലനവും തീര്‍ഥാടകരുടെ ചലനം പോലെ ആന്റീ ക്ലോക് വെയ്‌സായിട്ടാണെന്ന് ശാസ്ത്രസത്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സുഊദി അറേബ്യയിലെ ഡോ. മുഹമ്മദലി അല്‍ബാര്‍ ചൂണ്ടിക്കാണിക്കുന്നു.
ചുരുക്കത്തില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ പ്രപഞ്ചത്തിലെ ചലനഗതി തന്നെയാണ് തവാഫിന് തീര്‍ഥാടകരും അനുകരിക്കുന്നത്. ബിസ്മില്ലാഹി വല്ലാഹു അക്ബര്‍ എന്ന് പ്രപഞ്ച നാഥനെ സ്മരിച്ചുകൊണ്ട് ത്വവാഫ് ആരംഭിക്കുമ്പോള്‍, നമ്മുടെ ശരീരത്തിലെ ഓരോ അംശവും ആറ്റം മുതല്‍ ഗാലക്‌സി വരെയുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളും പ്രദക്ഷിണത്തില്‍ പങ്കു ചേരുകയാണ്. പ്രകൃതിയില്‍ പ്രതിഭാസങ്ങള്‍ക്കൊന്നും ഇടതടവില്ലാത്തത് പോലെ കഅ്ബാ പ്രദക്ഷിണവും രാപ്പകല്‍ ഭേദമന്യേ അവിരാമം തുടരുന്നു.
മലയാളത്തില്‍ വേറെയും ധാരാളം ഹജ്ജെഴുത്തുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വി.എ.സമീനയുടെ 'ഹജ്ജ് ഒരു അനുഭവ സാക്ഷ്യം' (വചനം ബുക്‌സ് കോഴിക്കോട്) കല്ലടി മുംതാസ് ഹമീദിന്റെ 'ഒരു തീര്‍ത്ഥാടകയുടെ നിനവുകള്‍' യു.എ.ഖാദറിന്റെ നിയോഗ വിസ്മയങ്ങള്‍ ഒരു ഹജ്ജ് യാത്രയുടെ ഓര്‍മ്മകള്‍ (ഡി.സി. ബുക്‌സ്) കെ.പി.കുഞ്ഞിമൂസയുടെ 'ഒരു പത്രപ്രവര്‍ത്തകന്റെ തീര്‍ത്ഥാടകസ്മൃതികള്‍' (മൈത്രിഫോറം കോഴിക്കോട്) യുസുഫലി കേച്ചേരിയുടെ 'ഹജ്ജിന്റെ മതേതരദര്‍ശനം' (മാതൃഭൂമി) ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ 'ഹജ്ജ് കര്‍മ്മവും ചൈതന്യവും'. അബ്ദു ചെറുവാടിയുടെ 'ഹജ്ജ് യാത്രയിലെ സുകൃതപ്പൂക്കള്‍' (ഐ.പി.എച്ച് 2012) 'ഹജ്ജ് ഉംറ മക്കയും മലയാളിപ്പെരുമയും' (വചനം ബുക്‌സ്) കെ.ബാഹിറിന്റെ 'ഹജ്ജിന്റെ നിര്‍വൃതിയി' (എന്‍.ബി.എസ്) പ്രൊഫസര്‍ മങ്കട അബ്ദുല്‍ അസീസിന്റെ 'എന്റെ സുഊദി കാഴ്ചകള്‍' (യുവത) അമീര്‍ അഹ്മദ് അലവിയുടെ 'ഹജ്ജ് യാത്രയുടെ പുണ്യപാതയില്‍' (വിവര്‍ത്തനം) എ.എം. ബഷീറിന്റെ'ജംറ', പ്രൊഫസര്‍ എ.പി.സുബൈറിന്റെ 'വിളിക്കുത്തരം', ഇസ്ഹാഖലി കല്ലിക്കണ്ടിയുടെ 'റസൂലിന്റെ നാട്ടിലൂടെ' തുടങ്ങിയവ ഹജ്ജെഴുത്തുകളില്‍ ചിലതുമാത്രം.
യു.എ.ഖാദറിന്റെ നിയോഗവിസ്മയങ്ങള്‍ വിസ്മയരംഗങ്ങളിലൂടെയാണ് വായനക്കാരനെ മുന്നോട്ട് നയിക്കുന്നത്. ഹജ്ജിന്നപേക്ഷിക്കുന്നതും അനുമതി ലഭിക്കുന്നതും മുതല്‍ വിസ്മയപരമ്പര ആരംഭിക്കുന്നു. വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്നു സംസാരിക്കുന്ന പട്ടാമ്പിക്കാരനിലൂടെ ഇഹ്‌റാം വസ്ത്രം ലഭിച്ച അനുഭവ വിശദീകരണം ഇങ്ങനെ. ''വിമാനം ഭൂവിതാനത്തില്‍ നിന്നുപൊങ്ങി വെണ്‍മേഘങ്ങളെ കീഴിലാക്കി പറന്നു മുന്നേറുകയായിരുന്നു. അപ്പോഴദ്ദേഹം ചോദിച്ചു. ബോംബെ എയര്‍പോര്‍ട്ടില്‍ കുളിക്കാനും സുന്നത്ത് നിസ്‌കരിക്കാനും ഒക്കെ സൗകര്യമുണ്ടാകും. അല്ലാ, അവിടുന്നാണല്ലോ നമ്മള്‍ ഇഹ്‌റാം കെട്ടി ഹജ്ജ് നിയ്യത്ത് ചെയ്യേണ്ടത്. അങ്ങനെയാണ് ക്ലാസില്‍ പറഞ്ഞതും കമ്മറ്റിക്കാര്‍ പറഞ്ഞതും അല്ലേ?
ശരിയാണല്ലോ. വിമാനം ബോംബെയിലെത്തിയാല്‍ അതിനു തക്കവണ്ണം സമയവും സൗകര്യവുമുണ്ടല്ലോ. കുളിച്ച് ദേഹശുദ്ധി വരുത്തി ഇഹ്‌റാമില്‍ പ്രവേശിക്കണം. എന്റെ ഹജ്ജ് വസ്ത്രം എവിടെ? ഭാര്യയോട് ചോദിച്ചു. ഇഹ്‌റാം ചുറ്റാനുള്ള തുണി നിന്റെ ഉപ്പ തന്നത് എവിടെ?
അത് പെട്ടീല് ഏറ്റവും മോളില്. തൊറന്നാ എളുപ്പം കാണണം എന്ന് പറഞ്ഞ് അനിയന്‍ നല്ലോണം വെച്ചിട്ടുണ്ട്. ഭാര്യപറഞ്ഞു.
വിമാനത്തിലെ സുന്ദരി ഞങ്ങള്‍ക്ക് മധുരനീര്‍ തന്നു. അത് മൊത്തിക്കുടിക്കുന്നതിനിടയില്‍ അതേ വിമാനത്തില്‍ ഞങ്ങളുടെ ഇരിപ്പിടത്തിന്റെ കുറച്ചപ്പുറത്തെ സീറ്റില്‍ ഇരിപ്പുണ്ടായിരുന്ന സഹോദരീ ഭര്‍ത്താവ് എന്റെയരികെ വന്നു. ബോംബെയില്‍ നിന്ന് ഹജ്ജ് പ്രവര്‍ത്തകന്മാര്‍ ഹാജിമാര്‍ക്കുള്ള കുടയും മുസല്ലയും മറ്റും തരുമെന്ന് പറഞ്ഞു. കൂട്ടത്തില്‍ ചോദിച്ചു. 'ഇഹ്‌റാം ചുറ്റാനുള്ള തുണി കയ്യിലെ ബാഗിലല്ലേ?'
ഇല്ല അത് പെട്ടിയിലാ, എന്റെ സഞ്ചിയില്‍ ഹജ്ജിന്റെ കടലാസുകളും മറ്റുമേയുള്ളൂ.
പെട്ടി നമുക്ക് ജിദ്ദയില്‍ നിന്നേ കിട്ടൂ. ജിദ്ദ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞേ ബാഗേജ് കയ്യില്‍ കിട്ടൂ. കരിപ്പൂരില്‍ നിന്ന് വിമാനത്തില്‍ കയറ്റിയ പെട്ടി ബോംബെയില്‍ കിട്ടില്ല. അത് ജംബോ ജറ്റിലേക്ക് മാറ്റും. ബോംബെയില്‍ അത് നമുക്ക് തരേണ്ടതില്ലല്ലോ?
യാത്രക്കിടയിലെ മാനസിക സംഘര്‍ഷങ്ങളും പ്രയാസങ്ങളും മനോഹരമായി വര്‍ണ്ണിച്ച ശേഷം അദ്ദേഹം തുടരുന്നു. വിമാനം ബോംബെ നഗരിയെ വലംവെക്കാന്‍ തുടങ്ങി. ബെല്‍റ്റുകള്‍ കെട്ടാന്‍ വിമാനസുന്ദരി പറയുന്നുണ്ട്. അപ്പോഴാണ് തൊട്ടരികെയിരിക്കുന്ന പട്ടാമ്പിക്കാരന്‍ പതുക്കെ പറയുന്നത്. എന്റെ കൈയിലെ പെട്ടിയില്‍ ഒരുജോഡി ഇഹ്‌റാമിന്റെ തുണി ഞാന്‍ കരുതീക്ക്ണ്. ഒന്നു ഞാന്‍ തരാം. എനിക്ക് ഒന്ന് മതിയല്ലോ. ഞാന്‍ കൈയില്‍ ഒന്നുകൂടി കരുതീന്. അത് നെങ്ങള്‍ക്ക്് വിധിച്ചതാണെന്ന് ഇപ്പം എന്റെ മനസ്സില്‍ തോന്നുന്നു. അത് പോരെ? ഞാനന്നേരമാണ് പൊട്ടിക്കരഞ്ഞത്. തൊട്ടരികെയിരിക്കുന്നവളും കരയുന്നു. അവളുടെ കണ്ണീര്‍ കണങ്ങള്‍ മുഖത്താകെ പരക്കുന്നുണ്ട്. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്നതാണ്. ഖാദറിന്റെ പുസ്തകം.
കവി യൂസുഫലിയുടെ ഹജ്ജിന്റെ മതേതരദര്‍ശനം എന്ന കൃതി പേരുപോലെ ഹജ്ജിനെയും ഇസ്‌ലാമിനെയും മതേതരവല്‍ക്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഉമ്മഹാതുല്‍ മുഅ്മിനീങ്ങളായ നബി പത്‌നിമാരെയും, ഇമാം ബുഖാരി ഇമാം ശാഫിഇ തുടങ്ങി മുസ്‌ലിം ലോകം അംഗീകരിച്ചാദരിക്കുന്ന പൂര്‍വ്വകാലപണ്ഡിതന്മാരെയും അവമതിക്കാനും അപമാനിക്കാനും അദ്ദേഹം നിരന്തരം ശ്രമിക്കുന്നുണ്ട് പ്രസ്തുത കൃതിയില്‍. ചുരുക്കത്തില്‍ ഒരു മോഡേണേിസ്റ്റ് ഇസ്‌ലാം വായനയാണ് പ്രസ്തുത ഗ്രന്ഥം.
പതിറ്റാണ്ടുകളോളം മക്കയിലും മദീനയിലും ജീവിച്ച ഒരു പത്രപ്രവര്‍ത്തകനായ ഹസന്‍ ചെറൂപ്പയുടെ ''ഹജ്ജ് ഉംറ'' എന്ന കൃതിയിലെ മക്കയും മലയാളിപ്പെരുമയും, സൗലത്തിയ മദ്രസയും ആര്‍ദ്രമായ ഇന്ത്യന്‍ മുദ്രകളും, മാപ്പിള ഖലാസി, ഒരു മക്ക വീരഗാഥ എന്നീ അധ്യായങ്ങള്‍ ഓരോ ഹജ്ജ് യാത്രികനും മനസ്സിലാക്കേണ്ട ചരിത്ര സത്യങ്ങളാണ്. അദ്ദേഹം എഴുതുന്നു. ''അറേബ്യന്‍ ഉപദ്വീപന്‍ പാഠ്യപദ്ധതിയുമായി വ്യവസ്ഥാപിതമായി ആരംഭിച്ച ആദ്യത്തെ സ്‌കൂളാണ് സൗലത്തിയ''. ഇസ്‌ലാമിക പഠനത്തോടൊപ്പം ഭൗതികപഠനവും ലഭ്യമാക്കിയ ഈ വിദ്യാലയം തുടങ്ങിയത് മക്കയില്‍ താമസമാക്കിയ ഇന്ത്യക്കാരനായ വിഖ്യാത ഇസ്‌ലാമിക പണ്ഡിതന്‍ റഹ്മതുല്ലാഹില്‍ കൈരാനവി - ഇതിനുള്ള പണം നല്‍കിയതാവട്ടെ ധനാഢ്യയായ ഇന്ത്യന്‍ തീര്‍ത്ഥാടക സൗലതുന്നിസാബിഗവും ആ കഥകള്‍ വളരെ വിശദമായിത്തന്നെ ഈ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ഇവിടത്തെ വിദ്യാര്‍ത്ഥികളില്‍ മുസ്‌ലിം ലീഗ് നേതാവായിരുന്ന സയ്യിദ് ഉമര്‍ ബാഖഫി തങ്ങളും ഉള്‍പ്പെടുന്ന കാര്യം ഗ്രന്ഥകാരന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മക്കയിലെ ക്ലോക് ടവറില്‍ ഘടിപ്പിച്ച ഘടികാരം യഥാസ്ഥലത്ത് എത്തിക്കുന്നതില്‍ ലോക എന്‍ജിനീയര്‍മാര്‍ പരാജയപ്പെട്ടിടത്ത് ചാലിയത്തെ ഖലാസിമാര്‍ വിജയിച്ച കഥയും വിശദമാക്കുന്നുണ്ട്.
1929-ല്‍ അമീര്‍ അഹ്മദ് അലവി എന്ന ഐ.സി.എസ്സുകാരന്‍ ഹജ്ജ് യാത്രയുടെ സ്മൃതിരേഖയായി എഴുതിയ 'സഫരേസാദതി'ന്റെ മൊഴിമാറ്റമാണ് എ.വി യാസിര്‍ വിവര്‍ത്തനം ചെയ്ത് ഡി.സി.പ്രസിദ്ധീകരിച്ച 'ഹജ്ജ് യാത്രയുടെ പുണ്യപാതയില്‍' എന്ന കൃതി. ഏതാണ്ട് നൂറ് വര്‍ഷം മുമ്പത്തെ സൗദി അറേബ്യയുടെയും മക്കയുടെയും പച്ചയായ വിവരണമാണ് ഈ കൃതിയുടെ പ്രത്യേകത. മസ്ജിദുന്നബവിയുടെയും റൗദയുടെയും അവസ്ഥ വിവരിക്കുന്ന ഭാഗം ഇങ്ങനെ വായിക്കാം.
തിരക്കുകാരണം പള്ളിയുടെ പുറത്തും പായ വിരിച്ചിട്ടുണ്ട്. റൗദയുടെ ഭാഗത്ത് പഴയ പായയാണ് വിരിച്ചിരിക്കുന്നത്. സങ്കടം തോന്നി. ആളുകള്‍ അധികരിക്കുന്നതിനനുസരിച്ച് പായകളില്ല. തുര്‍ക്കികളുടെ കാലത്ത് മുന്തിയ പട്ടിനാല്‍ നിലം പാകിയിരുന്ന അതേ പള്ളിയാണിത്. താഴികക്കുടങ്ങളുമായി വെളിച്ചം വെട്ടിത്തിളങ്ങിയിരുന്ന സ്ഥലമായിരുന്നു ഇത്. ശരീഫ് ഹുസൈന്റെ നെറികേടുകളാല്‍ ഇന്നിപ്പോള്‍ മദീന ഞെരുക്കത്തിലാണ്. തുര്‍ക്കികള്‍ ഇസ്തംബൂളില്‍ നിന്നുള്ള സ്വര്‍ണ്ണച്ചങ്ങല വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്നു. മദീനയില്‍ ഹുസൈന് ആധിപത്യം കിട്ടിയപ്പോള്‍ ഇവയൊക്കെയും തന്റെ കൊട്ടാരം അലങ്കരിക്കുവാന്‍ കടത്തിക്കൊണ്ടുപോയി. നജ്ദികള്‍ ശേഷിച്ച കാര്‍പെറ്റുകള്‍ നശിപ്പിച്ചു. ഇപ്പോള്‍ പ്രവാചകന്റെ പള്ളിയില്‍ കീറിപ്പറിഞ്ഞ ചാക്ക് തുണികളാണ് പലയിടത്തും നിലത്തു വിരിച്ചിരിക്കുന്നത്.
ഭോപ്പാല്‍ രാജ്ഞി സിക്കന്ദര്‍ ബീഗത്തിന്റെ (ഭരണം 1860 - 1868) ആയിരക്കണക്കിനു പ്രജകളോടൊത്തുള്ള ഹജ്ജ് യാത്രയും അവര്‍ നടത്തിയ നിര്‍മ്മാണ പ്രവൃത്തികളുമെല്ലാം തന്റെ ഹജ്ജ്ഡയറിയില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാതയില്‍ ഹജ്ജിനെകുറിച്ച ചേതോഹരമായ വിവരണങ്ങളുണ്ട്. മാല്‍കം എക്‌സിന്റെ ആത്മകഥ. മുറാദ് ഹോപ്മാന്റെ 'തീര്‍ത്ഥാടകന്റെ കനവുകള്‍' എന്നിവയിലും ഹജ്ജ് വര്‍ണ്ണനകളുണ്ട്.
ഹജ്ജ് യാത്രാ വിവരണങ്ങളല്ലായെങ്കിലും ഹജ്ജിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അലി ശരീഅത്തിയുടെ 'ഹജ്ജ്' (ഐ.പി.എച്ച്) റഫീഖ് റഹ്മാന്‍ മൂഴിക്കലിന്റെ മക്ക മദീന (ഐ.പി.എച്ച്) ഇ.എന്‍. ഇബ്‌റാഹീം മൗലവിയുടെ 'പുണ്യകേന്ദ്രങ്ങളിലൂടെ' എം.എസ്.എ റസാഖിന്റെ 'ഹജ്ജ് മാര്‍ഗദര്‍ശി' എന്നീ ഗ്രന്ഥങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ല.