(ആച്ചുട്ടിത്താളം 11)
ഒരമ്പരപ്പായിരുന്നു. വര്‍ണങ്ങളുടെ ലോകം. കോളേജിനകത്തേക്ക് കടന്നപ്പോള്‍ ആകെയൊരന്തംവിടല്. യതീംഖാനയുടെ മുറ്റത്തു നിന്ന് പലപ്പോഴും നോക്കിനിന്ന ലോകം. മുന്നില്‍ പല വേഷങ്ങള്‍, പല കോലങ്ങള്‍. സയന്‍സ് എടുക്കണമെങ്കില്‍ ആവാം. ജമീല ടീച്ചര്‍ മുന്നില്‍ നിന്ന് ചിരിച്ചു. യതീംഖാന കുട്ടികള്‍ക്കാണ് എല്ലാറ്റിനും മുന്‍ഗണന. വേണ്ട., തേഡ് ഗ്രൂപ്പ് മതി. തേഡ് ബി തന്നെ മതി. ഇക്കണോമിക്സില്‍ നിന്ന് രക്ഷപ്പെടാം. പകരം ഇസ്ലാമിക് ഹിസ്റ്ററി ടീച്ചര്‍ ട്രൈയിനിങാണ് ലക്ഷ്യം. പിന്നെ വെറുതെ റിസ്ക്ക് എടുക്കണ്ട. ജമീല ടീച്ചര്‍ ദേഷ്യപ്പെട്ടു. നിങ്ങള്‍ക്ക് ഈ തേഡ് ഗ്രൂപ്പല്ലാതെ ഒന്നും അറിയില്ലേ? ചിരിച്ചൊഴിഞ്ഞു. ആറുമാസത്തെ അധ്വാനമാണ് എന്റെ പഠനത്തിന്റെ അടിസ്ഥാനം. ആ ഉറപ്പില്‍ സെക്കന്റ് ഗ്രൂപ്പെടുത്താല്‍ പ്രീഡിഗ്രി കഴിഞ്ഞ് വീട്ടിലിരിക്കാം. ആദ്യത്തെ ദിവസം തന്നെ ലൈബ്രറി കാര്‍ഡ് ശരിയാക്കാന്‍ അറ്റന്‍ഡറുടെ അടുത്ത് ചെന്നു. കൂടെ ആസ്യയും റംലയും മറിയംബിയുമൊക്കെ മൊത്തം എട്ടുപേര്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജയിച്ച വര്‍ഷമാണ്. കോയാക്ക കട്ടിക്കണ്ണടക്കുള്ളിലൂടെ ചിരിച്ചു.
''പെണ്ണേ, ഈരണ്ട് പേര്‍ക്ക് ഓരോ പുസ്തകം വന്ന് വാങ്ങിക്കൊടുക്ക്''
ഇത്രയും മനോഹരമായ ചിരിയാണ് കോയാക്ക പിശുക്കി വെക്കുന്നതെന്ന് മനസ്സില്‍ ഓര്‍ത്തു.
ഇംഗ്ലീഷിലെ ചറപറ ക്ലാസുകളൊന്നും മനസ്സിലായില്ല. റംലയുടെ കൈയിലെ കണ്ടം പറിഞ്ഞ ഡിക്ഷണറി വെച്ച് അര്‍ഥങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിച്ചു. ''പതുക്കെ തിരിഞ്ഞോളും'' പരസ്പരം ആശ്വസിപ്പിച്ചു. ഏഴ് ലൈബ്രറി കാര്‍ഡുകളും എന്റെ കൈയിലായി. ഇഷ്ടംപോലെ പുസ്തകം. കാറ്റലോഗുകള്‍ കൈയിലൂടെ മറിഞ്ഞു കൊണ്ടിരുന്നു. രാത്രി ഒരുപാട് നീളുന്ന വായനകള്‍. ദാഹിച്ചു വലഞ്ഞ മനുഷ്യന്റെ കൈയില്‍ പെട്ടെന്നു കിട്ടുന്ന കുളിര്‍ജലം പോലെ പുസ്തകങ്ങളുടെ ലോകത്ത് എല്ലാം മറന്നു. ലേഡീസ് റൂമിലെ മേശപ്പുറം മിക്ക അവറിലും അഭയസ്ഥാനമായി. വല്ലപ്പോഴും മാത്രം ക്ലാസില്‍ കയറി. സ്വാതന്ത്ര്യത്തിന്റെ വായു അടുത്ത മതില്ക്കെട്ടിനകത്തുകൂടി അനുവദിച്ചിരിക്കുന്നു. ഒഴിവു സമയങ്ങളില്‍ കോളേജ് സ്റ്റോറിന്റെ മുമ്പില്‍ പോയി നിന്നു. താഴെയും മുകളിലും സാധനങ്ങള്‍ വില്‍ക്കും. സ്റ്റോര്‍ കീപ്പര്‍ മിക്കപ്പോഴും താഴെയായിരിക്കും. മുകളില്‍ ജനാലക്കരികില്‍ ചെന്നു നിന്നാല്‍ പുതിയ പുസ്തകങ്ങളുടെ മത്തുപിടിപ്പിക്കുന്ന മണം. റംലയാണ് എന്റെ നിറുത്തം കണ്ടെത്തിയത്.
''പ്രാന്തുണ്ടോ അനക്ക്?'' ഉണ്ടെന്നു തലയാട്ടി. ഒരര്‍ഥത്തില്‍ പ്രാന്തുതന്നെയല്ലെ ജീവിതം. തനിക്കില്ലെന്നു ഓരോരുത്തരും സ്വയം സമാധാനിക്കുന്ന പ്രാന്ത്. ആച്ചുട്ടിക്ക് പ്രാന്തുണ്ടെന്ന് പറഞ്ഞവര്‍ക്ക് അതിനേക്കാള്‍ വലിയ നട്ടപ്പിരാന്തായിരുന്നില്ലെ. മനസ്സിലെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതായിരിക്കുന്നു. കൂടുതല്‍ പറഞ്ഞാല്‍ റംലക്ക് ദേഷ്യം വരും. അതുകൊണ്ട് മിണ്ടാതിരുന്നു. കൊമേഴ്സ് ബ്ലോക്കില്‍ മുഴുവന്‍ പരിപാടികള്‍ക്കും മുന്നില്‍ പോയി സീറ്റ് പിടിക്കുന്നത് മറ്റൊരു പ്രാന്തായി. അതിനപ്പുറത്തെ കാന്റീനില്‍ എപ്പോഴെങ്കിലും കയറി. ഒരു ചായക്കും പഴംപൊരിക്കും കാശുണ്ടാവുന്ന ഏതെങ്കിലും ഒരു ദിവസത്തില്‍ മാത്രം. ഒരു പഴംപൊരി സബുട്ടിക്ക് പൊതിഞ്ഞു വാങ്ങാനും.
കോളേജ് ഇലക്ഷന് വല്ലാത്ത കൗതുകമായിരുന്നു. നീണ്ട ഇടനാഴിയുടെ അറ്റത്തു നിന്നുമുള്ള മുദ്രവാക്യങ്ങള്‍ക്ക് ചെവിയും നട്ട് വെറുതെയിരുന്നു. ചൂടും ചൂരുമുള്ള യൗവ്വനം.. ഇനിയുള്ള ലോകത്തിന് വെളിച്ചമാകാന്‍ കഴിയുമോ ഇവര്‍ക്ക്?. പച്ചക്കൊടിയല്ലാതെ കോളേജങ്കണം വാണ ചരിത്രമില്ല. വേറിട്ട ചിന്ത മനസ്സിലുള്ളത് പുറത്തായപ്പോള്‍ എല്ലാവരും കണ്ണുരുട്ടി ചിരിച്ചു. പത്ത് വോട്ട് എന്റെ രഹസ്യമാണ്. ഇക്കാക്കയുടെ വെട്ടിയാല്‍ വരുന്ന പച്ചച്ചോരയുടെ ഉശിരിനൊപ്പം വോട്ട് ചെയ്യാന്‍ പോയി, ചായയും പലഹാരവും വാങ്ങിക്കൊടുത്തത് കഴിച്ച്, കോണിയല്ലാതെ സ്വപ്നം പോലും കാണരുതെന്ന് പറഞ്ഞാലും ''ഏതിനാമ്മാ ഇങ്ങള് വോട്ട് ചെയ്തത്'' എന്ന് ചോദിച്ചാല്‍ ഉമ്മ പറയും
''അതൊന്നും പറ്യാന്‍ പറ്റൂല. വോട്ടിന്റെ കാര്യം സ്വകാര്യാ.''
അതാണ് വോട്ട്.
ഉപ്പയുടെ ജ്യേഷ്ഠന്റെ മകനാണ് ഇക്കാക്ക. മരിക്കുവോളം കോണിയല്ലാതെ വേറൊന്നും ആ മനസ്സിലുണ്ടായിരുന്നില്ല. എന്നിട്ടും ഉമ്മയുടെ രഹസ്യത്തിന്റെ കാരണം അന്നൊന്നും പിടുത്തം കിട്ടീല. ഏതായാലും പത്തും ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കാം. വ്യത്യസ്തതകളിലേക്കും വേറിട്ട ചിന്തകളിലേക്കും മനസ്സുപാഞ്ഞു. ചെയര്മാന് പച്ചയിലേക്കു കൂടുമാറിയവനാണ്. തീപ്പൊരി പ്രസംഗകന് അയാള്ക്കുകൊടുക്കാം. യതീംഖാനയില്‍ നിന്ന് പച്ചയെ അവഗണിച്ചു എന്ന് പറഞ്ഞവര്‍ക്കു നേരെ ചിരിച്ചു തന്നെ നിന്നു.
ചെയര്മാന് കാഴ്ചപ്പാടുള്ള ആളായിരുന്നു. ചെയര്മാന് കസേര സ്വപ്നം കാണുന്നത് ഒരു തെറ്റൊന്നും അല്ലല്ലോ. വാഗ് പടുത്വം വേണ്ടുവോളം. സാംസ്കാരിക സമ്മേളന വേദിയില്‍ പ്രമുഖ സാഹിത്യകാരന്മാരെ ഇരുത്തി പരിപാടി നടക്കാന്‍ തുടങ്ങുമ്പോള്‍ കൂവാനൊരുങ്ങിയ കൂവല്‍പ്പടയെ വാക്കുകളുടെ ഒഴുക്കുകൊണ്ട് പ്രതിരോധിച്ചവന്.
''ഞങ്ങള്‍ അതിഥികളെ കൂവാറില്ല. കൈയടിച്ച് സന്തോഷത്തോടെ സ്വീകരിക്കുന്ന സംസ് കാരമേ ഈ കാമ്പസിനുള്ളൂ.'' നിര്‍ത്താതെ കയ്യടി.
കോളേജിന്റെ പരിപാടികളില്‍ വായിച്ചറിഞ്ഞ പല പ്രമുഖരുമെത്തി. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് മതില് തകര്‍ന്ന പുകിലായിരുന്നു നാടാകെ. ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും നാട്ടിന്‍പുറത്ത് കൂടി ചായക്കൊപ്പം വിളമ്പി. ഗോര്‍ബച്ചേവിന്റെ സ്വാതന്ത്ര്യ ജാലകങ്ങളെ ലോകം കൗതുകത്തോടെയും ചര്‍ച്ചകളിലൂടെയും വരവേല്ക്കുമ്പോഴാണ് നോട്ടീസ് ബോര്‍ഡില്‍ പിറ്റേന്നത്തെ പ്രഭാഷണ വിവരം കണ്ടത്. അറിയപ്പെടുന്ന പണ്ഡിതന്. പ്രമുഖ പ്രസിദ്ധീകരാണലയത്തിന്റെ ഡിറക്ടര്‍. മനസ്സുകൊണ്ട് ഞാനേറെ ആദരിക്കുന്ന ആള്. റംലയെ തോണ്ടി പോകാം. കൊമേഴ്സ് ബ്ലോക്കില്‍ പതിവില്ലാത്ത തിരക്ക്. വേഗം പോയി സീറ്റ് പിടിച്ചു. പരിപാടി തുടങ്ങുന്നതിനു മുമ്പേ സദസ്സ് നിറഞ്ഞു. വരാന്തയും നിറഞ്ഞിരിക്കുന്നു.
ചിരിയോടെ അദ്ദേഹം വന്നു. വാക്കുകളുടെ മാസ്മരികത. ഓരോന്നിലും ഊന്നി തെളിവുകള്‍ നിരത്തുമ്പോള്‍ ശ്വാസമടക്കിപ്പിടിച്ച ശ്രോതാക്കള്‍. എല്ലാം കഴിഞ്ഞ് സീറ്റിലേക്ക് മടങ്ങുമ്പോള്‍ അറിയപ്പെടുന്ന മാര്‍ക്സിസ്റ്റ് പ്രൊഫസര്‍ എഴുന്നേറ്റു. വിമര്‍ശനത്തിന്റെ തീക്കാറ്റ്. ചിരിമായാതെ പ്രസംഗം കേള്‍ക്കുന്ന പ്രതിയോഗി. അതിഥിക്ക് അഞ്ചുമിനിട്ട് മറുപടിക്ക് അനുവദിക്കണമെന്ന ചെയര്‍മാന്റെ വാദം എല്ലാവരും അംഗീകരിച്ചു. പ്രൊഫസറുടെ അര മണിക്കൂര്‍ ആക്ഷേപങ്ങള്‍ക്ക് അഞ്ചു മിനുട്ടിന്റെ മാന്യമായ മറുപടി. അവസാനം കൈ പിടിച്ച് സലാം പറഞ്ഞ് കെട്ടിപ്പിടിച്ച് രണ്ടുപേരും പിരിയുമ്പോള്‍ അറിയാതെ കൈയടിച്ചു പോയി. വിമര്‍ശനങ്ങള്‍ മാന്യതയോടെ കേള്‍ക്കണമെന്ന് പഠിപ്പിച്ച ആ കുറിയ മനുഷ്യന്റെ മകനെ ക്ലാസിലിരുത്തി പഠിപ്പിക്കാനുള്ള ഭാഗ്യം. പിന്നെ പടച്ചവന്റെ കൃപ.
ഓര്‍മ്മകള്‍ക്ക് എവിടെയൊക്കെയോ ഇടര്‍ച്ചകള്‍ സംഭവിക്കുന്നുണ്ട്. കാലം എന്നിലേല്പിച്ച പരിക്കുകള്‍
''ഉമ്മാ ഇന്ന് സ്കൂളി പോണില്ലേ'' സെന്തിലിന്റെ അന്വേഷണത്തിന് ചിരിച്ചുകൊണ്ട് ഉവ്വെന്ന് തലയാട്ടി. അവനും പോവാനുള്ള തയ്യാറെടുപ്പിലാണ്. പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്തു പെറണോ മകനാകാന്‍. ഇത്താത്ത എന്ന് വിളിച്ച നാവില്‍ നിന്ന് ഉമ്മ എന്ന വിളിയിലേക്കുള്ള ദൂരം എത്ര ചെറുതായിരുന്നു എന്ന് കൗതുകത്തോടെ ഓര്‍ത്തു. കാരുണ്യത്തിന്റെ പൊരുളേ നന്ദി. ഒരു നോവുമറിയാതെ എനിക്കു മക്കളെ തന്നതിന്ന്. എന്റെ ജീവിതത്തില്‍ എനിക്ക് ലഭിച്ചതൊക്കെ ഇങ്ങനെ അപ്രതീക്ഷിതമായിരുന്നു. നഷ്ടങ്ങളും, ഓര്‍മ്മകള്‍ കുളിരാകുന്നു.
പത്താംക്ലാസ് ജയിച്ച് കോളേജില്‍ ചേര്‍ന്നപ്പോള്‍ പുതിയ ലോകവും പുതിയ ചിന്തയും. അലിഫ്ലൈല വലൈല കൈയില്‍ തന്ന് മജീദ് സാര്‍ ചിരിച്ചു. ഞാന്‍ വഴക്കു പറഞ്ഞതിന്. ചിരിച്ചു തന്നെ വാങ്ങി. എത്രയോ മാസമായിരുന്നു സാറിന്റെ കൈയ്യീന്ന് പുസ്തകം വാങ്ങിയിട്ട്. പുസ്തകങ്ങള്‍ക്ക് ഇപ്പോള്‍ ഒട്ടും ക്ഷാമമില്ല. ''എഴുത്ത് ഒന്നൂടി ശരിയാക്കണം''. ''ഉവ്വെന്ന് തലയാട്ടി.'' പാര്‍ട്ടിക്ക് ബെല്ലടിക്കുന്നത് കേട്ടപ്പോള്‍ പതുക്കെ ആണ്‍കുട്ടികളുടെ മുറ്റത്തേക്കു നടന്നു.
''കൈ നെറച്ച് വാങ്ങാനുള്ളതല്ലെ. വേഗം നടക്ക്,'' റംലയുടെ കൂടെ എത്താന്‍ പണിപെട്ടു. വാര്‍ഷികം കഴിഞ്ഞുള്ള ആദ്യ പാര്‍ട്ടിയാണ്. മത്സരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് കിട്ടിയ വകയില്‍ കാഷ് അവാര്‍ഡ് ഇന്നു കിട്ടുമായിരിക്കും. പേരുവിളിച്ചപ്പോള്‍ ആകെയൊരു പേടി. വരാന്തയില്‍ ഒരുപാടാളുകള്‍. ആയിരത്തോളം കുട്ടികളുടെ നിര്‍ത്താത്ത കൈയടി.
''ഒന്നു വേഗം ചെല്ല്''. ഫാത്തിമ ടീച്ചര്‍ ധൃതികൂട്ടി. വരാന്തയിലൂടെ നടക്കുമ്പോള്‍ കാലുകള്‍ക്ക് വിറയല്‍പോലെ
''ഒന്നു വേഗം വാ'' മജീദ് സാറിന്റെ കണ്ണില്‍ പൂത്തിരി. ഒരു ഹൗസിലുമില്ലാതെ നിഷ്പക്ഷനായി നിന്നതാണദ്ദേഹം. എല്ലാവരെയും സഹായിക്കാലോ. അദ്ദേഹത്തിന്റെയും ഫാത്തിമ ടീച്ചറുടെയും പ്രോത്സാഹനമാണ് എല്ലാം.
അവാര്‍ഡ് കൈയില്‍ തരുമ്പോഴാണ് തന്ന ആളെ ശ്രദ്ധിക്കുന്നത്. നരച്ച മുഖത്ത് നിറയെ ചിരി. കണ്ണുകളില്‍ അതിരറ്റ വാത്സല്യം. പ്രൊഫസര്‍ ഷാഹുല്‍ ഹമീദ്.
അറബിക്കോളേജിനോടു ചേര്‍ന്ന വിശാലമായ ലൈബ്രറിയില്‍ എപ്പോഴും ഏതോ പുസ്തകത്തില്‍ തലതാഴ്ത്തി അദ്ദേഹം ഇരിക്കുന്നത് കണ്ടിട്ടുണ്ട്. പരിചയപ്പെട്ടിട്ടില്ല. കാണുമ്പോള്‍ എന്തോ ബഹുമാനം തോന്നിയിട്ടുണ്ട്.
''നാളെ കാന്റീനില്‍ നിന്ന് ചായേം പഴംപൊരീം'' റംല വെള്ളമിറക്കി.
സമ്മതിച്ചു''.
രണ്ട് നൂറുരൂപാ നോട്ടുകള്‍... ഉമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. എത്ര മാസത്തെ റേഷന്‍ വാങ്ങാം? ഉമ്മ ഇതു വാങ്ങുമോ? എത്രയോ തവണ റേഷനരിക്ക് വെച്ച കാശ് എനിക്ക് തന്നിട്ടുണ്ട്. കുറച്ച് കാലത്തേക്ക് ഉമ്മയെ ബുദ്ധിമുട്ടിക്കേണ്ടെന്നു വെച്ചു. എന്തായാലും കുറച്ച് പുസ്തകങ്ങള്‍ വാങ്ങണം. നൂറുരൂപാ മജീദ് സാറിനെ ഏല്പിക്കണം. റംലക്ക് ചായ വാങ്ങികൊടുക്കാന്‍ നാലു രൂപ മതി.
കോളേജില്‍ നിന്നു വരുമ്പോള്‍ റംല മൂളിപ്പാട്ടു പാടി. ''എന്നും കലാപരിപാടിയായാ മതിയായിരുന്നു. നെനക്ക് പൈസ കിട്ടും. എനിക്ക് ചായേം''.
ക്ലാസില്‍ നിന്ന് കാന്റീനിലേക്കുള്ള നടത്തം പോലും ഒരു വലിയ ലോകത്തേക്കുള്ള നടത്തമായിരുന്നു. മടുപ്പിന്റെ പാട നീക്കിയൊരു വെളിച്ചം കാണല്‍. ആകാശവും ഭൂമിയും പുതുതായ പോലെ ഒരവസ്ഥ.
വരാന്തയില്‍ നിന്ന് മജീദ് സാറിന്റെ കൈയില്‍ കാശ് ഏല്പിച്ചു.
''ഏതെങ്കിലും പുതിയ പുസ്തകം''
''ആവാലോ''
സാറിന്റെ മുഖത്ത് സമ്മതം.
''നാളെ കിട്ടൂലെ?''
''നോക്കട്ടെ, ഏതാ കാറ്റഗറി''
''ഏതും''
''കൂട്ടുകാരിക്കെന്തു കിട്ടി?'' റംല ചായയെന്ന് ആംഗ്യം കാണിച്ചു.
''അതുശരി അപ്പൊ എനിക്കൊന്നൂല്ലെ''
''വാങ്ങുന്നതും കൊണ്ടത്തരണതും ഒക്കെ സാറെന്നെ. അപ്പൊ ഇഷ്ടമുള്ളത് വാങ്ങാലൊ''
''അതിലെന്താ രസം?''
''സാറ് സമ്മതിച്ചാ ഞാന്‍ പോകാം''
റംല പോകാനൊരുങ്ങുകയാണെന്നു തോന്നിയതുകൊണ്ടാവാം ''കുട്ട്യേ എനിക്കൊന്നും വേണ്ടെന്ന് '' അദ്ദേഹം തലകുലുക്കി.
പെണ്‍കുട്ടികളുടെ വരാന്തയിലേക്കു കയറുമ്പോള്‍ എന്തോ വല്ലാത്ത സന്തോഷം തോന്നി. സ്വന്തമായി പുസ്തകം വാങ്ങുന്നതു കൊണ്ടാവാം ഉറക്കെ ചിരിക്കണമെന്ന് ഒരു തോന്നല്‍.
''ഇത്താത്താ'' സബുട്ടിയുടെ ശബ്ദമാണ് പിറകില്‍.
''ഇത്താത്താനെ കൂട്ടി ചെല്ലാന്‍ പറഞ്ഞ്''
''ആരാ സബുട്ടി?''
''പ്രൊഫസറ്''
''ഞാനീ പുസ്തകങ്ങള്‍ റൂമില്‍ വെച്ചിട്ട് വരാം. ജ് ഇവടെത്തന്നെ നില്ക്ക് ''
സബുട്ടിക്ക് പൊതിഞ്ഞു കൊണ്ടുവന്ന പഴംപൊരി അവന്റെ കൈയില്‍ വച്ചു കൊടുത്തു.
''ഞാന്‍ വരുമ്പോഴേക്ക് ഇത് തിന്നൊ, ഒരു പണ്യാവട്ടെ''
അവന്റെ കണ്ണുകളില്‍ സന്തോഷം
''ഇത്താത്ത കഴിച്ചോ''
''ഉം''
റൂമില്‍ പുസ്തകം വെച്ച് വരുമ്പോള്‍ സബുട്ടി അവിടെത്തന്നെയുണ്ട്.
''സബുട്ടീ, കോയാക്കണ്ടോന്ന് നോക്ക്''
''ഇല്ല വാതിലടച്ച്ക്ക്ണ് ''
കോയാക്കയുടെ മുറിയുടെ മുമ്പിലൂടെ വേണം പ്രൊഫസറുടെ ലൈബ്രറിയിലേക്കു പോകാന്‍. പെണ്‍കുട്ടികള്‍ സമ്മതം വാങ്ങാതെ പോകരുതെന്നാണ് നിയമം.
സബുട്ടിയുടെ കൂടെ ധൃതിയില്‍ നടന്നു.
സലാം പറഞ്ഞ് വാതില്ക്കല് നില്ക്കുമ്പോള് കസേരയില്‍ കണ്ണടച്ച് ഇരിക്കുകയാണ്. നീണ്ട പ്രത്യഭിവാദ്യം. ''വരൂ'' കണ്ണു തുറന്നിട്ടില്ല. അകത്തേക്കു കടന്നു. മുമ്പില്‍ തുറന്നു വെച്ച കോളേജ് മാഗസിനില്‍ എന്റെ കവിത. പടച്ചോനെ എന്നൊരു വിളി നെഞ്ചില്‍ തങ്ങി. സബുട്ടിയെ തോണ്ടി. കാര്യം മനസ്സിലാവാതെ അവന് കണ്ണു മിഴിച്ചു. എന്റെ നോട്ടം മാഗസിനില്‍ പതിഞ്ഞപ്പോള്‍ അവനു കാര്യം പിടികിട്ടി. അവന്റെ മുഖത്ത് ചിരി പടര്‍ന്നു. ''ഇരിക്കൂ രണ്ടുപേരും'' വീണ്ടും ആഴങ്ങളില്‍ നിന്നാ ശബ്ദം. മുമ്പിലെ കസേരയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ വിറക്കുന്നുണ്ടെന്നു തോന്നി.
''കവിത നന്നായിട്ടുണ്ട്''.
ചിരി വിടരുകയാണ്. നരച്ച മുഖത്തെ തെളിഞ്ഞ ചിരി.
''ഇന്നലെ കാഷ് അവാര്‍ഡ് തരുമ്പോഴാണ് ഇങ്ങനെ ഒരാളെ അറിയിണത്''.
''എപ്പോഴെങ്കിലും ഒരെഴുത്തേള്ളൂ''
കേട്ടില്ലെന്നു തോന്നി.
''വായന?''
''കുറച്ചൊക്കെണ്ട്''
''പുസ്തകം എവിടുന്നാ ?''
''കോളേജിന്ന് എടുക്കാം. പിന്നെ മജീദ് സാറ് ഇവിടുന്ന് കൊണ്ടുത്തരും''.
അദ്ദേഹത്തിന്റെ മുഖത്ത് വിസ്മയം. മജീദ് സാറിന്റെ രജിസ്റ്റര്‍ പേജുകള്‍ വേഗം നിറയുന്നതിന്റെ അര്‍ഥം അദ്ദേഹത്തിന് അപ്പോഴാണ് മനസ്സിലായത്.
കൈയില്‍ കിട്ടുന്നത് മുഴുവന്‍ വായിക്കാന്‍ പഠിപ്പിച്ചത് സുഹറയാണ്. അവളാണ് അക്ഷരങ്ങളുടെ ഗുരു. ആഴ്ചയിലൊരിക്കല്‍ തറവാട്ടിലെ ഇത്താത്തമാര് പങ്കിട്ടെടുക്കുന്ന കാശ് കൊണ്ട് മംഗളവും മനോരമയും വാങ്ങുന്നത് ഞാനും സുഹറയും. പഞ്ചായത്തോഫീസിനു സൈഡിലെ മുറ്റത്ത് കൂട്ടിയിട്ട മണലിലിരുന്ന് മുഴുവന്‍ വായിച്ചിട്ടാണു വീട്ടിലെത്തുക.
യതീംഖാനയിലെത്തിയപ്പോള് വായനയുടെ ദുര്‍ബലമായ ആ തിരിയും കെട്ടു. പ്രിയപ്പെട്ടതു മുഴുവന്‍ ഉപേക്ഷിച്ചു പോന്നതിന്റെ സങ്കടവും ആവര്‍ത്തനങ്ങളുടെ മടുപ്പും കൂടിക്കുഴഞ്ഞ് നിറംകെട്ട ദിവസങ്ങളായിരുന്നു പിന്നെ. പിടിച്ചു നില്‍ക്കുകയല്ലാതെ വേറെ വഴിയില്ല. വളര്‍ച്ച മുരടിച്ച് നിന്ന പാഴ്ച്ചെടി പോലെ ആയിപ്പോകുന്ന എന്റെ ചുറ്റുപാടുകളിലേക്ക് എനിക്കു തിരിച്ചു ചെല്ലാന്‍ ഒരു വഴിയുമില്ലായിരുന്നു.
പിന്നെയെപ്പോഴോ മജീദ് സാറിന്റെ പുഞ്ചിരിക്കുന്ന മുഖം തുണയായി. വായനയുടെ ലോകത്തേക്കുള്ള വെളിച്ചമായി.
''നന്നായി വായിക്കണം. പുസ്തകം മജീദിന്റെ അടുത്തു തന്നെ കൊടുത്തയക്കാം''.
ചിന്തയില്‍ നിന്നുണര്‍ന്നു. ഉവ്വെന്നു തലയാട്ടി. പോരുമ്പോള്‍ സബുട്ടിയുടെ ചുമലില്‍ തട്ടി അദ്ദേഹം ഗൗരവം പൂണ്ടു. ''നിന്നോടുകൂടിയാണ്''. സബുട്ടിയുടെ മുഖത്ത് നാണം.
പുതിയ വാതിലുകള്‍ തുറക്കുകയാണ്. ഇരുട്ടു മൂടിയ ആകാശത്തിനു കീഴെ ഇത്തിരി വെളിച്ചം. എല്ലാം വിധിയാണ്. ഖദ്റും ഖദായും തന്നെ ജീവിതം.
''ഇത്താത്ത തന്നത് തീര്‍ന്നു. ഇനി വേറെല്ലെ?'' ''തരാം സബുട്ടി'' അവന്റെ വായനയില്‍ സന്തോഷം തോന്നി. മിടുക്കനാണവന്‍. വെളിച്ചത്തിന്റെ വഴികളിലൂടെ വെളിച്ചത്തിലെത്തേണ്ടവന്. വരാന്തയില്‍ നിന്ന് അവനോട് യാത്ര പറയുമ്പോള്‍ അവന്റെ ചുണ്ടിലേതോ പാട്ടിന്റെ ഇശലുകള്‍ വിരിയുന്നത് കണ്ടു.