ഒരു കാലത്തിന്റെ സ്‌നേഹമാണ് നാരങ്ങാമിഠായികള്‍. വാല്‍സല്യം കൂടി കൂട്ടിപ്പൊതിഞ്ഞായിരുന്നു വറുതിയുടെ കാലത്ത് മുതിര്‍ന്നവരത് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. തിന്നാനൊക്കാതെ ഉറുമ്പുകള്‍ കൊണ്ടുപോയ നാരങ്ങാമിഠായിയുടെ കഥ പറയുന്നുണ്ട് അമ്മ എന്നോട് പറഞ്ഞ നുണകള്‍ എന്ന കഥയില്‍ അഷിത. സ്‌കൂള്‍ വിട്ട് പിരിയുമ്പോള്‍ ചന്തമുക്കില്‍ വെച്ച് അഹമ്മദിക്ക കൊടുത്തതാണ് നാരങ്ങാമിഠായികള്‍. അത് പിടിച്ചു വാങ്ങി മുറ്റത്തേക്കെറിഞ്ഞ് കുഞ്ഞുമോളോട് അമ്മ കയര്‍ത്തു.
''അഹമ്മദ്ക്കയാത്രെ... ആരാ അയാള് നെന്റെ .. കണ്ടോരൊക്കെ വെച്ചു നീട്ടുന്നത് വാങ്ങിത്തിന്ന് നടന്നോ.. അഛനിങ്ങട്ട് വരട്ടെ...''.
ആരുമല്ലാത്തവര്‍ നീട്ടുന്ന നാരങ്ങാമിഠായികളാണ് ജീവിതത്തിന്റെ മധുരമെന്ന് അഷിത തുടര്‍ന്നെഴുതുന്നുണ്ട്.
യത്തീമിന്റെ നാരങ്ങാമിഠായിയെന്ന പി.ടി മുഹമ്മദ് സാദിഖിന്റെ പുസ്തകത്തെ പറ്റി എഴുതാനിരുന്നപ്പോഴാണ് അഷിതയുടെ നാരങ്ങാമിഠായിയിലേക്ക് വരി പടര്‍ന്നത്.
ഉപ്പ മരിച്ചവരെയാണ് യത്തീം എന്ന് പൊതുവെ വിളിക്കാറ്. അവര്‍ക്കുള്ളതാണ് യത്തീംഖാന. ഉപ്പയും ഉമ്മയും ഉണ്ടായിരുന്നിട്ടും യത്തീംഖാനയില്‍ അക്ഷരം പഠിക്കേണ്ടി വന്നവന്റെ ഓര്‍മ്മകള്‍ പറയുന്നു യത്തീമിന്റെ നാരങ്ങാമിഠായി.
വടി കുത്തിപ്പിടിച്ച് നടക്കുകയും പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുകയും ചെയ്യുന്ന വെല്യായിച്ചി(ബാപ്പയുടെ ബാപ്പ)യെ പ്പറ്റി അകം തൊടുന്ന ഭാഷയിലാണ് പി.ടി മുഹമ്മദ് സാദിഖ് എഴുതുന്നത്. ഒന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ആദ്യമായി ഗാന്ധിജിയുടെ ചിത്രം കണ്ടപ്പോള്‍ ഇതെന്റെ വെല്യായിച്ചിയാണല്ലോ എന്നാണവന്‍ ഓര്‍ത്തത്.
ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്ന ഒരു ജൂണ്‍ മാസ പുലര്‍ക്കാലത്ത് ശുഷ്‌കിച്ച വെല്യായിച്ചിയുടെ വിരലുകളില്‍ തൂങ്ങി ആദ്യമായി സ്‌കൂളിലേക്ക് പോയ ദിവസവും ഗ്രന്ഥകാരന്‍ ഓര്‍ത്ത് പറയുന്നു. ''ഒരു കൈയില്‍ ഊന്നുവടി, മറുകൈയിലെ വിരല്‍ത്തുമ്പില്‍ ഞാന്‍.. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ചിലപ്പോള്‍ മാസത്തിലോ വന്നുചേരുന്ന ബാപ്പയേക്കാള്‍ എന്റെ സ്‌നേഹങ്ങളില്‍ പൂത്തുനില്‍ക്കുന്നു വെല്യായിച്ചി. പൂളക്കമ്പിലോ പാണല്‍ വടിയിലോ പുളയുന്ന തുടയുടേയും ചന്തിയുടേയും തിണര്‍പ്പുകളാണ് ബാപ്പ''.
ഒരു ദിവസം അസര്‍ നിസ്‌കരിച്ച് പള്ളിയില്‍ നിന്നിറങ്ങി അഹ്മദ് കുട്ടിക്കയുടെ മക്കാനിയിലേക്ക് വടിയും കുത്തി പതുക്കെ റോഡ് മുറിച്ച് കടക്കുമ്പോള്‍ വാടകക്കെടുത്ത സൈക്കിള്‍ ചവിട്ടിപ്പഠിക്കുകയായിരുന്ന മൊയ്തീന്‍ മൊല്ലാക്കയുടെ മോന്‍ വെല്യായിച്ചിയെ തട്ടിവീഴ്ത്തി. മുട്ടുകുത്തി വീണ വെല്യായിച്ചിയെ മക്കാനിയിലുണ്ടായിരുന്നവര്‍ ഓടി വന്ന് എടുത്ത് കൊണ്ട് പോയി. സ്‌കൂള്‍ വിട്ട് വരികയായിരുന്നു അവനന്നേരം. കൈയില്‍ കിട്ടിയ കരിങ്കല്ലെടുത്ത് മൊയ്തീന്‍ മൊല്ലാക്കയുടെ മോനെ ആഞ്ഞെറിഞ്ഞു. മൊല്ലാക്കയുടെ മോന്റെ നെറ്റിപൊട്ടി ചോര ചീറ്റി.
പിന്നീടൊരിക്കല്‍ യത്തീംഖാനയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ കുണ്ടനിടവഴി കയറി തറവാട്ടില്‍ വെല്യായിച്ചിയുടെ അടുത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അവന്‍. പിന്നില്‍ നിന്ന് ചെറിയമ്മായിയാണ് വിളിച്ച് ചോദിച്ചത്. ''യ്യ് എങ്ങട്ടാ ?''
''വെല്യായിച്ചിന്റെ അടുത്ത്.. വെല്യായിച്ചി നാരങ്ങാ മിഠായിയും വെച്ച് ന്നെ കാത്ത് നിക്ക്ണുണ്ടാവും''.
അപ്പോള്‍ ആദ്യം നിലവിളിച്ചത് ആരാണ്?
വല്യമ്മായിയോ ചെറ്യമ്മായിയോ..? തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടുപേരും പൊട്ടിക്കരയുകയായിരുന്നു. രണ്ടുപേരും ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു.
എല്ലാവരെയും വിട്ട് വെല്യായിച്ചി പോകുമ്പോള്‍ യത്തീംഖാനയിലെ കുട്ടിയെ ആരും വിവരമറിയിച്ചില്ല.
ചെറിയ പെരുന്നാളിന് നമസ്‌കാരം കഴിഞ്ഞ് ബാപ്പയും എളാപ്പയും നേരെ പള്ളിപ്പറമ്പിലേക്ക് നടന്നു. മീസാന്‍ കല്ലുകള്‍ക്കിടയിലൂടെ മുന്നോട്ട് നീങ്ങിയപ്പോള്‍ വല്ലാതെ പേടി തോന്നി. ഖബ്‌റിന്റെ തലക്കല്‍ പച്ച പിടിച്ചും ഉണങ്ങിക്കരിഞ്ഞും നില്‍ക്കുന്ന കള്ളിച്ചെടികള്‍. ഖബ്‌റടക്കം കഴിഞ്ഞ് ഖബ്‌റിന്റെ തലക്കല്‍ കുത്തിവെക്കുന്ന ചെടികള്‍ കിളിര്‍ത്തു വന്നാല്‍ ആ ഖബ്‌റില്‍ കിടക്കുന്നയാള്‍ സ്വര്‍ഗത്തിലായിരിക്കുമത്രെ! ഖബ്‌റിന്റെ തലക്കല്‍ കുത്തിയ കള്ളിച്ചെടികള്‍ കിളിര്‍ത്ത് പച്ചച്ചു നില്‍ക്കുന്നതവന്‍ കണ്ടു.. അവനില്‍ സന്തോഷം നിറഞ്ഞു.
പള്ളിപ്പറമ്പിലെങ്ങും പൊടുന്നനെ നാരങ്ങാമിഠായിയുടെ മണം പടര്‍ന്നതായി അവന് തോന്നി. വെള്ളായിച്ചിയുടെ ഖബ്‌റിടത്തില്‍ നട്ട കള്ളിച്ചെടികളില്‍ നിറയെ പച്ചനിറങ്ങളിലുള്ള നാരങ്ങാ മിഠായികള്‍ കായ്ച്ചു നില്‍ക്കുന്നു!
പുസ്തകത്തിലിപ്പോള്‍ അവന്റെ ഓലപ്പുര ചോര്‍ന്നൊലിക്കുകയാണ്. ഓലപ്പുരയുടെ ചുമര്‍പ്പൊത്തിലൂടെ വേഗം വരുന്ന മിന്നല്‍പ്പിണരുകള്‍. അത് അകത്തെ ഇരുട്ടിനെ ഭീതിയിലാക്കുകയാണ്. അന്നേരം നിലത്തു വിരിച്ച വക്കുകള്‍ കീറിയ പായ മഴവെള്ളമെത്താത്ത മൂലയിലേക്ക് മാറ്റിയിടുന്നു ഉമ്മ. പായയുടെ ഒരറ്റവും പുതക്കുന്ന പഴന്തുണിയും അപ്പോഴേക്കും നനഞ്ഞിരിക്കും. വെള്ളം ചോരുന്ന ഭാഗത്ത് വട്ടപ്പാത്രമെടുത്ത് വെക്കും. ഓലമേഞ്ഞ മേല്‍ക്കൂരയില്‍ ശക്തിയില്‍ വന്ന് പതിക്കുന്ന മഴയുടെ സംഗീതവും മേല്‍ക്കൂര തുളച്ച് പാത്രങ്ങളില്‍ വന്ന് വീഴുന്ന വെള്ളത്തുള്ളിയുടെ താളവും താരാട്ടുപാട്ടാകും. ചോര്‍ന്നൊലിക്കുന്ന വീടിനെ വായിക്കുമ്പോള്‍ അറിയാതെ നമ്മളും നനയുന്നു, അകങ്ങളില്‍ ഈര്‍പ്പം നിറയുന്നു.
പുരകെട്ട് ഒരു കല്യാണം പോലെയായിരുന്ന കാലത്തെപ്പറ്റി ഓര്‍മ്മപ്പുസ്തകം പറയുന്നു. എല്ലാ കൊല്ലവും പുര കെട്ടി മേയണം. അടുത്തുള്ളവരെയൊക്കെ പ്രത്യേകം ക്ഷണിക്കും. അന്ന് പപ്പടമടക്കം ചോറും നല്ല കറികളുമുണ്ടാകും. വയറ് നിറയുന്ന അപൂര്‍വ്വ ദിവസങ്ങള്‍. കോയാമുക്കയാണ് പ്രധാന പുരകെട്ടുകാരന്‍. ആദ്യം മൂപ്പരുടെ കോള്‍ ഷീറ്റ് ഒപ്പിക്കണം. നാട്ടില്‍ മിക്കവാറും ഓലപ്പുരകളാണ്. വലിയ ജന്‍മിമാരായ ചിലര്‍ക്കേ ഓടുമേഞ്ഞ വീടുകളുള്ളൂ.. കോണ്‍ക്രീറ്റ് വീടുകളില്ലെന്ന് തന്നെ പറയാം.
''ചെറിയ വീടുകളില്‍ വലിയ കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന കാലമാണത്. ഇന്ന് വലിയ വീടുകളില്‍ ചെറിയ കുടുംബങ്ങള്‍ കഴിയുന്നു. വലിയ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് വലിയ ആരവങ്ങളുമായി വരുന്ന വര്‍ഷകാലത്തെക്കുറിച്ച് ആശങ്കയില്ല. പുരകെട്ടി മേയാന്‍ പനയോലയും തെങ്ങോലകളും തിരഞ്ഞു നടക്കേണ്ട. കോയാമുക്കായുടെ കോള്‍ഷീറ്റ് ആര്‍ക്കും വേണ്ട. കോയാമുക്ക എന്നോ മരിച്ചുപോയി. ഓലപ്പുരകളില്ലാത്ത നാട്ടില്‍ കോയാമുക്കായുടെ ആയുസിന് എന്തര്‍ഥം?''
ജാനുവും തനിയനും ഓണസദ്യക്ക് വിളിച്ച മനോഹരമായൊരു ഓര്‍മ്മയെഴുത്തുണ്ട് പുസ്തകത്തില്‍. തിരുവോണ ദിവസം രാവിലെ അവരുടെ വീട്ടിലെ ചെറിയ മോന്‍ വന്ന് വിളിക്കുന്നു. ''അമ്മ വരാന്‍ പറഞ്ഞു.''
'സദ്യ ഉച്ചക്കല്ലേ.. അപ്പൊ വന്നാ പോരെ'.
ഇപ്പോള്‍ തന്നെ വരാന്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് അവന്‍ ഓടിപ്പോയി. അവിടെ ചെല്ലുമ്പോള്‍ ഒരു കൈയിലൊരു പൂവന്‍ കോഴിയും മറു കൈയിലൊരു കത്തിയുമായി നില്‍ക്കുന്നു തനിയന്‍.
എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ തനിയന്‍ പറഞ്ഞു: ''ഈ കോഴീനെ ങ്ങള് തന്നെ അറുക്കണം. ബിസ്മി ചൊല്ലി അറുത്താലല്ലേ ങ്ങക്ക് തിന്നാന്‍ പറ്റൂ..''
തനിയന്റെ കൈയില്‍ നിന്ന് കത്തിവാങ്ങി ജാനു അമ്മിയുരച്ച് ഒന്നുകൂടി മൂര്‍ച്ച കൂട്ടി. തനിയന്‍ കോഴിയുടെ കാലുകളും ചിറകും കൂട്ടിപ്പിടിച്ചു. കഴുത്ത് വലിച്ചുപിടിച്ച് ജാനു കൊടുത്ത കത്തി ബിസ്മി ചൊല്ലി കോഴിയുടെ കഴുത്തിലേക്ക് അമര്‍ത്തി. അന്ന് ഉച്ചക്ക് വിളമ്പിയ ഓണസദ്യയില്‍ പ്രത്യേക വിഭവമായി ബിസ്മി ചൊല്ലിയറുത്ത ആ കോഴിയുടെ കറിയുണ്ടായിരുന്നു.
വെല്യായിച്ചിയും വെല്യായിച്ചി തരുന്ന സ്‌നേഹം പൊതിഞ്ഞ നാരങ്ങാ മിഠായിയും കോയാമുക്കയും മൊയ്തീന്‍ മൊല്ലാക്കയുടെ മോനും ചോര്‍ന്നൊലിക്കുന്ന പുരയും വീട്ടുകാരെ കടക്കാരാക്കുന്ന പുരകെട്ടും ബിസ്മി ചൊല്ലിയറുത്ത ജാനുവിന്റെ കോഴിയും, ടോംസോയറും ഹക്കിള്‍ബെറി ഫിന്നും സാഹസങ്ങള്‍ കാട്ടിയ 'ഇരുവഴിഞ്ഞി പുഴ'യും എല്ലാം കലര്‍ന്നൊഴുകുന്നു യത്തീമിന്റെ നാരങ്ങാമിഠായിയെന്ന പുസ്തകത്തില്‍. പുസ്തകത്തിലെ ഓരോ അക്ഷരങ്ങളിലും ഓര്‍മ്മകളുടെ തണുപ്പും തലോടലും തങ്ങി നില്‍ക്കുന്നു.