ഫ്‌ളാഷ് ബാക്ക്-5
എന്റെ പിതാവിന്റെ അനിയന്‍ വര്‍ഷങ്ങളായി ബാംഗ്ലൂരില്‍ സ്ഥിര താമസമാണ്. പേര് ഡി.എ. സേട്ട്. എഴുത്തുകാരനും പല ഇംഗ്ലീഷ് പത്രങ്ങളുടെയും കോളമിസ്റ്റുമാണ്. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് പറയാന്‍ കാരണം, അദ്ദേഹം ഒരു ദിവസം പൊടുന്നനെ കൊച്ചിയില്‍ അവതരിച്ചു. കുവൈത്തില്‍ നിന്നും പിതാവിന്റെ പണം മാസാമാസം കൃത്യമായി വന്നിരുന്നതു കൊണ്ട്, ഞങ്ങളുടെ ജീവിതം അല്ലലില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. അനര്‍ഗള സുന്ദരമായി ഒഴുകിക്കൊണ്ടിരുന്ന എന്റെ കുടുംബത്തിന്റെ ജീവിത യാത്രയെ വഴി തിരിച്ചു വിടാനുള്ള ഒരു സന്ദര്‍ശനമായിരുന്നു അത്. കൊച്ചിക്കും കുവൈത്തിനും ബംഗ്ലൂരിനുമിടയില്‍ എന്തെല്ലാം കത്തിടപാടുകള്‍ നടന്നു എന്നറിയില്ല. അന്ന് ഫോണ്‍ വിളികള്‍ അപൂര്‍വമായിരുന്നത് കൊണ്ട്, കത്തുകള്‍ തന്നെയായിരുന്നു പ്രധാന ആശയ വിനിമയോപാധി. പോസ്റ്റ്മാന്‍ തന്നെ ആയിരുന്നു പ്രധാന സന്ദേശവാഹകന്‍. പോസ്റ്റ്മാന്‍ രണ്ട് മൂന്നു പ്രാവശ്യം വന്നു പോയപ്പോഴേക്കും കാര്യങ്ങള്‍ക്ക് ഏതാണ്ട് തീരുമാനമായി. ആറു കൊച്ചു കുട്ടികളെ ഒറ്റക്ക് മാനേജ് ചെയ്യാന്‍ ഉമ്മക്ക് കഴിയില്ല. പ്രത്യേകിച്ച് വളര്‍ന്നു വരുന്ന രണ്ട് ആണ്‍കുട്ടികള്‍ ഈ പ്രായത്തില്‍, ശരിയായ നിയന്ത്രണം ഇല്ലെങ്കില്‍ വഴി തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഞങ്ങളെ വേരോടെ പിഴുത് ബാംഗ്ലൂരില്‍ നടണം. അവിടെ കൊച്ചാപ്പയുടെ നിയന്ത്രണത്തില്‍ ഞങ്ങള്‍ക്ക് ആവശ്യമായ ശിക്ഷണം ലഭിക്കും. പക്ഷെ ഈ ഗൂഢാലോചനയെക്കുറിച്ച് ഞങ്ങള്‍ കുട്ടികള്‍ അറിയുന്നത് വളരെ വൈകിയാണ്. നേരത്തേ അറിഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. ചുരുങ്ങിയ പക്ഷം കൂട്ടുകാരോട് യാത്രയെങ്കിലും പറയാമായിരുന്നു.
ഏതായാലും, ആറാം ക്ലാസ്സില്‍ നിന്ന് ജയിച്ച എന്നെ, ഏഴാം ക്ലാസ്സിലും, അനിയനെ ആറാം ക്ലാസ്സിലും, ബാംഗ്ലൂരിലെ ഉര്‍ദു മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. അനിയത്തിമാരെയും, യഥാവിധി അവരുടെ ക്ലാസുകളില്‍ ചേര്‍ത്തു. പിതാവിന്റെ അനിയനെ (കൊച്ചാപ്പയെ) ഞങ്ങള്‍ ചാച്ച എന്നാണ് വിളിക്കാറ്. അദ്ദേഹത്തിന്റെ ഭാര്യയെ ചാച്ചി എന്നും. അവരുടെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ഒരു വീട് വാടകക്കെടുത്ത് ഞങ്ങള്‍ താമസം തുടങ്ങി. റഹീമ ബീഗം എന്ന ചാച്ചി ഒരു ഗേള്‍സ് ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്നു. അവരുടെ വീട്ടില്‍ ധാരാളം കുട്ടികള്‍ ട്യൂഷന് വന്നിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ചാച്ച ആണ്. മറ്റു വിഷയങ്ങള്‍ ചാച്ചിയും. ഉര്‍ദുവില്‍ ഒരു വാക്ക് പോലും ഉച്ചരിക്കാന്‍ അറിയാത്ത ഞാന്‍, ഉര്‍ദു ഭാഷയും വ്യാകരണവും കൂടാതെ, സാമൂഹ്യ പാഠവും, സയന്‍സും മറ്റെല്ലാ വിഷയങ്ങളും ഉര്‍ദുവില്‍ തന്നെയാണ് പഠിക്കേണ്ടത്.
അവിടെ താമസമായതിന്റെ പിറ്റേന്ന് തന്നെ ഞാന്‍ ചാച്ചയുടെ വീട് സന്ദര്‍ശിക്കാന്‍ പോയി. ഒഴിവു ദിവസമായത് കൊണ്ട് ട്യൂഷന് ഒരു പാട് കുട്ടികള്‍ ഉണ്ടായിരുന്നു. എല്ലാം മുതിര്‍ന്ന ക്ലാസുകളിലെ പെണ്‍്കുട്ടികള്‍. ഞാന്‍ കേറിച്ചെന്നപ്പോള്‍, ചാച്ചി പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഉപചാരപൂര്‍വ്വം ചോദിച്ചു
''ഉമ്മ എന്ത് ചെയ്യുന്നു ?''.
ചോദിച്ചത് ഉര്‍ദുവില്‍ ആണെങ്കിലും എനിക്ക് മനസിലായി. ഞാന്‍ ഒട്ടും മടി കൂടാതെ പറഞ്ഞു-:
''ചുപ് ബൈഠോ''
എന്റെ മറുപടി കേട്ടു അവര്‍ സ്തംഭിച്ചു പോയി. പെണ്‍കുട്ടികളും അത്ഭുതത്തോടെ എന്നെയും ചാച്ചിയെയും മാറി മാറി നോക്കി. പിന്നെ, തൃശ്ശൂര്‍ പൂരത്തില്‍ അമിട്ട് പൊട്ടുന്നത് പോലുള്ള പൊട്ടിച്ചിരിയുടെ പൂരമായിരുന്നു. ഭൂമി പിളര്‍ന്നു താഴേക്കു പോയാല്‍ മതിയായിരുന്നു എന്നെനിക്കു തോന്നി. ഉമ്മ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് ഞാന്‍ പറഞ്ഞ മറുപടി ''മിണ്ടാതിരിക്ക്'' എന്നായിരുന്നു. പറയാന്‍ ഉദ്ദേശിച്ചത് ''വെറുതെ ഇരിക്കുന്നു''എന്നാണ്.
ഈ ഞാനാണ് എഴാം ക്ലാസില്‍ എല്ലാ വിഷയങ്ങളും ഉര്‍ദുവില്‍ പഠിക്കാന്‍ പോകുന്നത്! അന്ന് ചാച്ചി ഒരു തീരുമാനം എടുത്തു. എന്നെ ഇങ്ങനെ വിട്ടാല്‍ ഞാന്‍ ഒരു പക്ഷെ ഉര്‍ദു സ്‌കൂളിലെ അധ്യാപകരെയൊക്കെ നിശബ്ദരാക്കും. അതുകൊണ്ട് അവര്‍ എനിക്ക് ഉര്‍ദുവില്‍ പ്രത്യേകം ട്യൂഷന്‍ എടുക്കാന്‍ തീരുമാനിച്ചു. മറ്റെല്ലാ കുട്ടികളും പോയതിനു ശേഷം രാത്രിയായിരുന്നു എന്റെ ക്ലാസ്. രാത്രി ക്ലാസ് കഴിഞ്ഞ്, സ്വെറ്ററും മഫ്‌ലറും ധരിച്ച്, ബാംഗ്ലൂരിലെ തണുത്ത രാത്രികളില്‍, ഞാന്‍ വീട്ടിലേക്കു ഒറ്റക്ക് നടക്കുമ്പോള്‍, വഴിയില്‍ ഒരു പടുകൂറ്റന്‍ ബംഗ്ലാവുണ്ട്. അവിടെ രണ്ട് പടുകൂറ്റന്‍ അള്‍സേഷ്യന്‍ പട്ടികളുമുണ്ട്. മണ്ണിന്റെ മക്കള്‍ വാദികളും കന്നഡ ഭാഷാ പ്രേമികളുമായ, കന്നഡ ചാലുവാലി സംഘടനയുടെ നേതാവിന്റെ വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പട്ടികളും കന്നഡ പ്രേമികള്‍ ആയിരുന്നു. രാത്രി ഉര്‍ദു പഠിക്കാന്‍ പോകുന്ന എന്നെ അവര്‍ക്കിഷ്ടമായിരുന്നില്ല. രാത്രിയാവുമ്പോള്‍ നേതാവ് പട്ടികളെ അഴിച്ചുവിടും. ആ സമയത്ത് ആ റോഡ് പൊതുവേ വിജനമായിരുന്നു. വാഹനങ്ങളും വിരളം. ആദ്യ ദിവസം തന്നെ, ഞാന്‍ വരുന്നത് കാത്ത് നിന്ന പട്ടികള്‍ കന്നടയില്‍ കുരച്ചുകൊണ്ട് എന്റെ മേല്‍ ചാടിവീണു. ഉര്‍ദുവില്‍ നിലവിളിച്ചു കൊണ്ട് ഞാന്‍ പിന്തിരിഞ്ഞോടി. ഭാഗ്യത്തിന് പട്ടികളുടെ യജമാനന്‍ ഗേറ്റിനടുത്തു തന്നെ ഉണ്ടായിരുന്നത് കൊണ്ട്, അദ്ദേഹം അവരെ കന്നടയില്‍ തിരിച്ചു വിളിച്ചു. ''നിന്നെ കാണിച്ചു തരാം'' എന്ന് കന്നടയില്‍ മുരണ്ടു കൊണ്ട് പട്ടികള്‍ തിരിച്ചു പോയി. പിറ്റേ ദിവസം മുതല്‍ ഞാന്‍ റോഡിന്റെ ഒരറ്റത്ത് കാത്ത് നില്‍ക്കും, ഏതെങ്കിലും വഴിയാത്രക്കാരന്‍ വരുന്നത് വരെ. എന്നിട്ട് അയാളോടൊപ്പം സുരക്ഷിതമായി മറുകരയെത്തും. എന്നെ കാണുമ്പോള്‍ പട്ടികള്‍ കുരയ്ക്കുമെങ്കിലും കൂടെയുള്ള ആള്‍ കല്ലെടുക്കാന്‍ കുനിയുമ്പോള്‍ അവ പിന്തിരിയും.
ഉമ്മയോട് വിവരം പറഞ്ഞപ്പോള്‍, ഉമ്മ പഠിപ്പിച്ചു തന്നത്, ഖുര്‍ആനിലെ, സൂറത്തുല്‍ കഹ്ഫിലെ ആയത്തായിരുന്നു. ''കല്‍ബഹും ബാസിതുന്‍.....'' എന്ന് തുടങ്ങുന്ന ആയത്ത്. പട്ടികള്‍ക്ക് അറബി അറിയില്ലെങ്കിലും, ഈ ആയത്തിനെ അവര്‍ അനുസരിച്ചു. ആ ആയത്ത് സൃഷ്ടിച്ച സുരക്ഷയും, അജ്ഞാതനായ ഏതോ ഒരു സഹയാത്രികന്റെ സാമീപ്യവും കൊണ്ട് പട്ടികളുടെ ഭീഷണി അതിജീവിച്ച് ഞാന്‍ ഉര്‍ദു പഠനം തുടര്‍ന്നു. ഒരു രാത്രിയില്‍ അപകടം പിടിച്ച പട്ടി മേഖല സുരക്ഷിതമായി കടക്കാന്‍ ഞാന്‍ ഒരു സഹയാത്രികനേയും കാത്തുനില്‍ക്കുമ്പോള്‍ അതിലെ വന്ന ഒരാള്‍ ഒരു ''ശ്വാന വിദഗ്ധന്‍'' ആയിരുന്നു. അയാള്‍ പട്ടികളെ കുറിച്ച് വാചാലനായി. നേതാവിന്റെ പട്ടികള്‍ ജര്‍മന്‍ ഷെപ്പേട് വിഭാഗത്തില്‍ പെട്ടവയാണന്നും അവയുടെ ദൃഢമായ മാംസപേശികള്‍ക്ക് വ്യായാമം ആവശ്യമുള്ളതു കൊണ്ടാണ് അവ ഓടുന്നതെന്നും, പകല്‍ മുഴുവന്‍ കെട്ടിയിടുന്നത് കൊണ്ട്, രാത്രി അവ വ്യായാമത്തിന് വേണ്ടി ഓടുന്നതാണെന്നും, അത് നമ്മളെ കടിക്കാന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് പട്ടിയെ കാണുമ്പോള്‍ ഓടിയാല്‍ മതി, അവ കടിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ബംഗ്ലാവിനു മുന്നിലെത്തിയപ്പോള്‍, പട്ടികള്‍ സാധാരണ പോലെ കുരച്ചുകൊണ്ട് ഓടി വന്നു. ''ഓടിക്കോ'' എന്ന് പറഞ്ഞുകൊണ്ട്, ''ശ്വാന വിദഗ്ധന്‍'' ഓടി, പുറകെ പട്ടികളും. ഞാന്‍ ''കല്‍ബഹും ബാസിതുന്‍'' ഓതിക്കൊണ്ട് പതുക്കെ നടന്നു. ''അക്കരെ'' എത്തിയപ്പോള്‍, ശ്വാന വിദഗ്ധന്‍ പട്ടിയുടെ കടിയേറ്റ് ചോര ഒലിക്കുന്ന കാലുമായി നിന്ന് നിലവിളിക്കുന്നത് കണ്ടു. പട്ടികള്‍ അന്നത്തെ വ്യായാമം മതിയാക്കി ബംഗ്ലാവിലേക്ക് തിരിച്ചുപോയിരുന്നു. ഞാന്‍ സുരക്ഷിതമായി വീട്ടിലും എത്തി.
ഇതിനിടെ ഞാന്‍ ഉര്‍ദു പഠനത്തില്‍ നല്ല പുരോഗതി നേടിയിരുന്നു. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോഴാണ് മറ്റൊരു ഇടിത്തീ വീണത്! ഒരു ദിവസം ഹെഡ്മാസ്റ്റര്‍ ക്ലാസ്സില്‍ വന്ന്, എന്നെ വിളിച്ചു. പുസ്തകങ്ങളും എടുത്തുവരാന്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം എന്നെ മിഡില്‍ സ്‌കൂളിലെ ഏഴാം ക്ലാസില്‍ കൊണ്ടുപോയി ഇരുത്തി. എനിക്കൊന്നും മനസ്സിലായില്ല. ചാച്ചയോടു വിവരം പറഞ്ഞപ്പോള്‍, അദ്ദേഹം സ്‌കൂളില്‍ വന്നു അന്വേഷിച്ചു. കാര്യം ഇതാണ്. കേരളത്തില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ പത്തു വര്‍ഷം പഠിക്കണമെങ്കില്‍, കര്‍ണാടകയില്‍ (അന്ന്) പതിനൊന്നു വര്‍ഷം പഠിക്കണം. അതായത് അവിടെ ഹൈ സ്‌കൂളില്‍ നാല് ക്ലാസുകള്‍ ഉണ്ട്. അതില്‍ ഒന്നാം വര്‍ഷത്തിലാണ് ആദ്യം എന്നെ ചേര്‍ത്തത്. എന്നാല്‍ പിന്നീടാണ് കേരളത്തിലെ ആറാം ക്ലാസ് പാസ്സായാല്‍ അവിടത്തെ മിഡില്‍ സ്‌കൂളിലെ ഏഴാം ക്ലാസിലാണ് ചേര്‍ക്കേണ്ടത് എന്ന് ബോധ്യമായത്. അങ്ങനെയാണ് എന്നെ തരം താഴ്ത്തിയത്. കണ്ണീരോടെയാണ് ഞാന്‍ ആ ക്ലാസില്‍ പോയി ഇരുന്നത്. പാഠങ്ങള്‍ എല്ലാം വീണ്ടും ആദ്യം മുതല്‍ പഠിച്ചു തുടങ്ങി. ചാച്ചിയുടെ വിദഗ്ദ്ധമായ ഉര്‍ദു ശിക്ഷണവും, അള്‍സേഷ്യന്‍ പട്ടികളുടെ ഭീകരമായ കന്നഡ ഭീഷണിയും എന്നെ ഒരു ഉര്‍ദു പണ്ഡിതന്‍ ആക്കിയില്ലെങ്കിലും, ഒരു വര്‍ഷം കൊണ്ട് ഞാന്‍ ഉര്‍ദു വെള്ളം പോലെ പഠിച്ചു. സ്‌കൂള്‍ പുസ്തകങ്ങള്‍ കൂടാതെ, ഞാന്‍ ഉര്‍ദുവില്‍ മറ്റു മാസികകളും കഥകളും ഒക്കെ വായിക്കാന്‍ തുടങ്ങി. ക്ലാസ്സില്‍ എല്ലാ പരീക്ഷകളിലും ഞാന്‍ ഒന്നാമനായി. സ്വതവേ പുതിയ ഭാഷകള്‍ സ്വായത്തമാക്കാനുള്ള എന്റെ അഭിവാഞ്ചയും തുണയായി. വാര്‍ഷിക പരീക്ഷ ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചപ്പോഴാണ് അടുത്ത ബോംബ് വീണത്.
ചാച്ചിക്ക് അകലെയുള്ള നന്‍ജന്‍ഗുഡ് എന്ന പട്ടണത്തിലേക്ക് സ്ഥലം മാറ്റമായി. എഴുത്തല്ലാതെ മറ്റു സ്ഥിരം ജോലി ഒന്നുമില്ലാതിരുന്ന ചാച്ചായും കുടുംബവും ഞങ്ങളെ അനാഥരാക്കി നന്‍ജന്‍ഗുഡിലേക്ക് പോയി. ആറു കൊച്ചു കുട്ടികളും ഉമ്മയും ആ അപരിചിതമായ പട്ടണത്തില്‍ തനിച്ചായി. പ്രാദേശിക ഭാഷ പോലും നന്നായി അറിയാത്ത ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല. ഒടുവില്‍ കുവൈറ്റിലുള്ള പിതാവിന്റെ നിര്‍ദേശ പ്രകാരം ഞങ്ങള്‍ എല്ലാം കെട്ടിപ്പെറുക്കി വീണ്ടും കൊച്ചിയിലേക്ക് യാത്രയായി. മട്ടാഞ്ചേരിയിലെ പഴയ ഹാജീ ഇസാ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോഴാണ് പുതിയ പാര! ബംഗ്ലൂരിലെ മിഡില്‍ സ്‌കൂളിലെ എഴാം ക്ലാസ് പാസായ എന്നെ ഇവിടെ എട്ടാം ക്ലാസ്സില്‍ എടുക്കാന്‍ കഴിയില്ല, ഞാന്‍ വീണ്ടും ഏഴാം ക്ലാസ്സില്‍ ചേര്‍ന്നു പഠിക്കണം.! എന്റെ ഹൃദയം തകര്‍ന്നു പോയി. ഞാന്‍ ഒരു പാട് കരഞ്ഞു. ഇത്രയും ബുദ്ധിമുട്ടി പഠിച്ച്, ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായിട്ടും, എന്റെ വിലപ്പെട്ട ഒരു വര്‍ഷം നഷ്ടമായി. മാത്രമല്ല ഞാനും അനിയനും ഒരേ ക്ലാസ്സിലായി. എന്നോടോപ്പം പഠിച്ച കൂട്ടുകാരൊക്കെ എന്നേക്കാളും ഉയര്‍ന്ന ക്ലാസ്സിലായി. ആ അപമാനം എനിക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല. ഒരു കാര്യത്തില്‍ ഞാന്‍ വാശി പിടിച്ചു. ഹാജി ഇസാ സ്‌കൂളില്‍ ഇനി ഞാന്‍ പഠിക്കില്ല. അങ്ങനെ എന്നെ എറണാകുളത്തുള്ള എസ്.ആര്‍.വി.ഹൈസ് കൂളില്‍ ഏഴാം ക്ലാസ്സില്‍ ചേര്‍ത്തു .
ജീവിതത്തിലെ ഒരു വര്‍ഷം നഷ്ടപ്പെട്ടതിലെ നിരാശയും വേദനയും എന്നെ കുറെ വര്‍ഷങ്ങളോളം വേട്ടയാടിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ ഉര്‍ദു പഠനം കൊണ്ടുണ്ടായ നേട്ടം ഞാന്‍ തിരിച്ചറിഞ്ഞത്, സിനിമയിലും ടെലിവിഷനിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ്. മലയാളവും ഉര്‍ദുവും അറിയാവുന്ന ഒരാള്‍ക്ക് ഹിന്ദി അനായാസം വഴങ്ങും. ഏഴാം ക്ലാസ് മുതല്‍ കോളേജ് വിദ്യാഭാസം പൂര്‍ത്തിയാക്കുന്നത് വരെ ഞാന്‍ ഹിന്ദിയില്‍ എപ്പോഴും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. മാത്രമല്ല എന്റെ ആദ്യത്തെ സര്‍ഗ സൃഷ്ടി ഹിന്ദിയിലായിരുന്നു. തേവര കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കോളേജ് മാഗസിനില്‍ ഒരു കഥ എഴുതിയത്. അത് ഹിന്ദിയില്‍ ആയിരുന്നു. പക്ഷേ ഉര്‍ദു പഠനത്തിന്റെ നേട്ടം ഞാന്‍ ശരിക്കും പ്രയോജനപ്പെടുത്തിയത് ദൃശ്യ മാധ്യമത്തിലാണ്. നിരവധി ഹിന്ദി സീരിയലുകള്‍ ഞാന്‍ പല ചാനലുകള്‍ക്ക് വേണ്ടി മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത്, ഡബ്ബ് ചെയ്തു. ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ നിന്ന് ചില സിനിമകള്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും, ഏറ്റവും കൂടുതല്‍ സീരിയലുകള്‍ മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തിയത് ഹിന്ദിയില്‍ നിന്നാണ്. ''ചാണക്യ'', ''മാല്‍ഗുഡി ഡെയ്‌സ'', ''ടിപ്പു സുല്‍ത്താന്‍'', ''ക്യാ ഹുവ തേരാ വാദാ'' ''ഗണേഷ് ലീല'' എന്നിവ അവയില്‍ ചിലത് മാത്രം.
അങ്ങനെ എന്റെ ഒരു വര്‍ഷത്തെ ബാംഗ്ലൂര്‍ വാസവും, ഉര്‍ദു പഠിക്കാനുള്ള കഠിനാധ്വാനവും പാഴായില്ല. ജീവിതത്തില്‍ നഷ്ടപ്പെട്ട ഒരു വര്‍ഷം എനിക്ക് പില്‍ക്കാലത്ത് പലതും നേടിത്തന്നു. കഥാപാത്രങ്ങളുടെ അധര ചലനങ്ങള്‍ക്കനുസരിച്ച്, കൃത്യമായ വാക്കുകള്‍, അര്‍ത്ഥവും ഭാഷാ സൗന്ദര്യവും നഷ്ടപ്പെടുത്താതെ ഡബ്ബ് ചെയ്ത്, ആ മേഖലയില്‍ പ്രാഗത്ഭ്യം നേടാന്‍ എന്നെ സഹായിച്ച എന്റെ ചാച്ചിയോടുള്ള നന്ദി ഞാന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. എന്നെ വിരട്ടി പിന്തിരിപ്പിക്കാന്‍ ശ്രമിച്ച കന്നഡ പ്രേമികളായ അള്‍സേഷ്യന്‍ പട്ടികളെയും ഞാന്‍ വെറുതേ ഓര്‍ക്കുന്നു.