ഔറംഗസീബിന്റെ ഇളയ മകളായി സൈബുന്നിസ 1638 ഫെബ്രുവരി 13-ന് ഡക്കാനിലെ ദൗലത്താബാദില്‍ ജനിച്ചു. ഔറംഗസീബിന്റെ പ്രഥമ ഭാര്യയും ഉപദേഷ്ടാവുമായിരുന്ന ദില്റസ് ബാനു ബീഗമാണ് മാതാവ്.
ആറാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ഇസ്ലാമിലെ ആദ്യകാല ഖലീഫമാരെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള നീതിമാനായ മുസ്ലിം ഭരണാധികാരിയായിരുന്നു. ചില മുസ്ലിം ചരിത്രകാരന്മാര് അദ്ദേഹത്തെ ഖലീഫമാരുടെ കൂട്ടത്തില്‍ എണ്ണിയിട്ടുണ്ട്. ലൗകിക സുഖസൗകര്യങ്ങളോടും ആഢംബരത്തോടും വൈമുഖ്യം കാണിച്ച അദ്ദേഹം പരിത്യാഗിയുടെ ജീവിതമാണ് നയിച്ചിരുന്നത്. ഖുര്‍ആന്‍ പകര്‍ത്തി എഴുതി അതില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നുവത്രെ അദ്ദേഹം നിത്യചെലവിന് മാര്‍ഗം കണ്ടത്.
വിജ്ഞാനത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും പ്രാധാന്യം കല്‍പ്പിച്ച ഔറംഗസീബ് മകള്‍ സൈബുന്നിസയെ ഇസ്ലാമിക ചിട്ടയിലും ശിക്ഷണത്തിലും വളര്‍ത്താന്‍ ശ്രദ്ധ ചെലുത്തി. നന്നേ ചെറുപ്പത്തില്‍ തന്നെ, സൈബുന്നിസക്ക് 4 വയസ്സുള്ളപ്പോള്‍ വിദ്യഭ്യാസ പ്രക്രിയക്ക് തുടക്കം കുറിച്ചു. ദീനി വിജ്ഞാനം പകര്‍ന്ന് നല്‍കുന്നതിന്റെ ഭാഗമായി അവള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഇനായത്തുള്ളാ കാശ്മീരിയുടെ മാതാവ് ഹാഫിള മര്‍യമിനെ ചുമതലപ്പെടുത്തി. മൂന്ന് വര്‍ഷം കൊണ്ട് ഏഴാം വയസ്സില്‍ സൈബുന്നിസാ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. കുശാഗ്ര ബുദ്ധിശാലിയും വിജ്ഞാന കുതുകിയുമായ പിതാവിന്റെ മകളാണ് താനെന്ന് ഇതിലൂടെ അവര്‍ തെളിയിച്ചു. മകളെ ഹാഫിളാക്കിയതിന് പ്രത്യുപകാരമായി മുപ്പതിനായിരം സ്വര്‍ണ്ണ നാണയങ്ങള്‍ നല്കി ഔറംഗസീബ് ഗുരുനാഥയെ ആദരിച്ചു.
പ്രാഥമിക വിദ്യാഭ്യാസം നേടിയത് ശൈഖ് അഹ്മദ് സഈദിയില്‍ നിന്നും മറ്റ് പ്രഗല്ഭരായ പണ്ഡിതന്മാരില് നിന്നുമാണ്. സയന്‍സ്, ഫിലോസഫി, ഗണിതം, ഗോളശാസ്ത്രം, സാഹിത്യം തുടങ്ങിയവ പഠിപ്പിക്കാന്‍ ചുമതലപ്പെടുത്തിയത് പേര്‍ഷ്യന്‍ കവി കൂടിയായ ശൈഖ് മുഹമ്മദ് അശ്റഫ് എന്ന ഗുരുവിനെയാണ്. മിയാഭായിയില് നിന്ന് അറബിക്, ഉര്‍ദു, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ അവഗാഹം നേടിയ അവര്‍ അറബി കാലിഗ്രഫിയിലും പ്രാവീണ്യം നേടി.
മറ്റേത് ലൈബ്രറികളെയും വെല്ലുന്ന തരത്തിലുള്ള ബൃഹത്തായ ഒരു ലൈബ്രറി സൈബുന്നിസാക്ക് ഉണ്ടായിരുന്നു. പിതാമഹന് അക്ബര്‍ ചക്രവര്‍ത്തിയുടെ ഗ്രന്ഥശേഖരം മാതൃകയാക്കിയാണ് അതിന് രൂപകല്‍പ്പന ചെയ്തത്. ഇസ്ലാമിക ഗ്രന്ഥങ്ങള്‍, ഹിന്ദു - ജൈന പുരാണങ്ങള്‍, ഗ്രീക്ക് മിത്തോളജി, പേര്‍ഷ്യന്‍ ക്ലാസിക്ക് കൃതികള്‍, തന്റെ പൂര്‍വ്വികരുടെ കൈയെഴുത്ത് പ്രതികള്‍, തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന അപൂര്‍വ്വ സുന്ദര ശേഖരമായിരുന്നു അത്. ചരിത്രം സാഹിത്യം, കവിത, തഫ്സീര്‍, ഹദീസ്, ഫിഖ്ഹ്, വിശ്വാസ ശാസ്ത്രം എന്നിങ്ങനെ വിഷയ ക്രമത്തിലായിരുന്നു അതിന്റെ സംവിധാനം. പണ്ഡിതന്മാരും സാഹിത്യകാരന്മാരും കവികളുമെല്ലാം നിത്യസന്ദര്‍ശകരായി അവിടെ കയറിയിറങ്ങി.
കരുണാമയമായ മനസ്സിന്റെ ഉടമയായ സൈബുന്നിസ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിച്ചു. വിധവകളെയും അനാഥകളെയും അഗതികളെയും സംരക്ഷിച്ചു. വര്‍ഷംതോറും സ്വന്തം ചിലവില്‍ അനേകം ആളുകളെ മക്കയിലേക്കും മദീനയിലേക്കും യാത്രക്ക് അയക്കുകയും ചെയ്തു.
ബൗദ്ധിക വിജ്ഞാനങ്ങളിലെന്ന പോലെ ആയോധന കലയിലും കായികഭ്യാസങ്ങളിലും സൈബുന്നിസാ മികച്ചുനിന്നു. നീണ്ട് മെലിഞ്ഞ ശരീര പ്രകൃതി അതിന് വഴങ്ങുന്നതായിരുന്നു. മുഗള്‍ യുഗത്തിലെ സ്ത്രീകള്‍ ബൗദ്ധിക വിജ്ഞാനത്തോടൊപ്പം കായിക വിജ്ഞാനവും പരിശീലിച്ചിരുന്നു. അസ്ത്രവിദ്യയില്‍ വൈദഗ്ധ്യം തെളിയിച്ച സൈബുന്നിസ മുഗള്‍ കാലത്തെ പല യുദ്ധങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.
കവിതയില്‍ അനല്പമായ അഭിരുചി പ്രകടിപ്പിച്ച സൈബുന്നിസയുടെ കാവ്യഭാവനക്ക് ചിറക് മുളച്ചത് പതിനാല് വയസ്സുള്ളപ്പോഴാണ്. അത് വരെ അറബിക് പേര്‍ഷ്യന്‍ കവിതകള്‍ ചൊല്ലി രസിക്കുകയായിരുന്നു അവര്‍. പിന്നീട് സ്വന്തം കവിതകള്‍ രചിക്കാന്‍ തുടങ്ങി.
ഒരിക്കല്‍ ഒരു യുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതനായി ഔറംഗസീബ് തിരിച്ചെത്തിയപ്പോള്‍ കൊട്ടാര കവികള്‍ ചക്രവര്‍ത്തിയെ അനുമോദിച്ച് കൊണ്ട് കവിതകള്‍ എഴുതി. കൊട്ടാര സ്ത്രീകളുടെ നിര്‍ബന്ധത്തിന് വഴങ്ങി സൈബുന്നിസായും ഒരു കവിത രചിച്ചു. ആ കവിത വായിച്ച് ചക്രവര്‍ത്തി അത്യന്തം സന്തോഷിക്കുകയും കടലാസിന് പിന്നാപ്പുറത്ത് ഇപ്രകാരം കുറിമാനം ചേര്‍ത്ത് മകള്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്തു.
'പ്രിയപ്പെട്ട മകളേ, എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു. നിന്റെ ഭാഷ ലളിതമനോഹരവും ഏറ്റക്കുറച്ചിലില്ലാത്തതും ആകര്‍ഷകവുമാണ്. കവിത ദൈവവരദാനമാണ്. അഭിമാനിക്കാവുന്ന കലയാണത്. വാളുകള്‍ക്ക് സാധിക്കാത്ത വിജയവും ശ്രേയസ്സും കൈവരിക്കാന്‍ മാത്രം ശക്തമാണ്. എന്നാലും ഈ രംഗം ഉപേക്ഷിക്കുകയാകും കരണീയമെന്ന് തോന്നുന്നു. ആദരണീയര്‍ക്ക് അത് ഭൂഷണമല്ല. കവിതയുമായി ബന്ധപ്പെടുന്നവര്‍ പൊതുവെ അതിന്റെ ആകര്‍ഷക വലയത്തില്‍ കുരുങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്. അനിവാര്യമായവയെ അവഗണിച്ച് രാപ്പകല്‍ അതിലായി ജീവിതം ഹോമിക്കുകയാണ് പതിവ്. അതിനാല്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മകള്‍ക്ക് നല്ലത്.'
ഷാജഹാന്റെ കാലശേഷം ഔറംഗസീബ് ഭരണത്തിലേറിയപ്പോള്‍ സൈബുന്നിസക്ക് 21 വയസ്സാണ് പ്രായം. മകളുടെ കഴിവും യോഗ്യതയും മനസ്സിലാക്കി ഔറംഗസീബ് രാഷ്ട്രീയ പ്രശ്നങ്ങളില്‍ മകളുമായി കൂടിയാലോചന നടത്തുകയും മകളുടെ അഭിപ്രായം അംഗീകരിക്കുകയും ചെയ്തിരുന്നു.
അവര്‍ നടത്തിയ പ്രൗഢഗംഭീരമായ രചനയാണ് സൈബു തഫ്സീര്‍ എന്ന വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാനം. ഇമാം റാസിയുടെ വിശ്വവിഖ്യാതമായ തഫ്സീര്‍ കബീറിന്റെ പേര്‍ഷ്യന്‍ വിവര്‍ത്തനമാണിത്. സ്വന്തം പേര് ചേര്‍ത്ത് സൈനുതഫാസീര് എന്ന് തന്നെ അതിന് നാമകരണം നല്‍കുകയായിരുന്നു. സൈനുല്‍ മുശആത്ത് എന്ന ഒരു ലേഖന സമാഹാരവും അവരുടേതായി നിലവിലുണ്ട്. വൈജ്ഞാനിക സേവനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച സൈബുന്നിസ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഒരു പുരുഷന്റെ കൂടെയുള്ള ജീവിതം തന്റെ വ്യക്തി സ്വാതന്ത്ര്യത്തിനും പഠന സപര്യക്കും വിഘാതം സൃഷ്ടിക്കുമെന്ന് അവര്‍ നിരീക്ഷിച്ചു.
വൈജ്ഞാനിക നഭോമണ്ഡലങ്ങളില്‍ പ്രശോഭിച്ച പോലെ സ്വഭാവ മഹിമയിലും സൈബുന്നിസാ അക്കാലത്തെ മഹിളകളില്‍ വിളങ്ങി നിന്നു. തഹജ്ജുദ് നമസ്കാരത്തിലും മറ്റ് ആരാധന മുറകളിലും കൃത്യനിഷ്ഠ പുലര്‍ത്തി. സുഭിക്ഷതയുടെ ശീതളഛായയില്‍ പിറന്നവളായിട്ടും ലാളിത്യജീവിതമാണ് അവര്‍ നയിച്ചിരുന്നത്. ആഢംബരവും ധൂര്‍ത്തും നിര്‍ലജ്ജതയും പ്രകടനപരതയും അസാന്മാര്ഗികതയും അവര്‍ വെറുത്തു. ലളിതവും പരുത്തതുമായ വസ്ത്രമാണ് ധരിച്ചിരുന്നത്. അവസാന കാലത്ത് സ്ഥിരമായി വെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. അവര്‍ അണിഞ്ഞിരുന്ന വേഷവിധാനത്തെ ആംഗ്യകുര്ത്തി എന്ന പേരില്‍ ആളുകള്‍ വിളിച്ചിരുന്നത്. തുര്‍ക്കിസ്ഥാനിലെ സ്ത്രീകള്‍ അണിഞ്ഞിരുന്ന വേഷവിധാനത്തിന് ഇന്ത്യന്‍ ടച്ച് നല്‍കിയതിന്റെ പരിഷ്കരിച്ച രൂപമായിരുന്നു ആംഗ്യകര്ത്തി. അത് സൈബുന്നിസയുടെ കണ്ടുപിടുത്തമായിരുന്നു എന്ന് വേണം പറയാന്‍.
വഴിഞ്ഞൊഴുകുന്ന വിചാരവികാരങ്ങളുടെ വന്‍പ്രവാഹമാണ് കവിത, അത് തടുത്തുനിര്‍ത്തുക ശ്രമകരമായിരിക്കും. ഔറംഗസീബിന്റെ കാലത്ത് കവിയത്രികളില്‍ ആശയസ്ഫുടതയിലും ഭാവനയിലും മികച്ച് നിന്നത് സൈബുന്നിസ ആയിരുന്നുവെന്ന് നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്. ഹൃദയഭിത്തികളെ ഭേദിച്ച് തന്റെ കാവ്യനിര്ദ്ധരി ചാലിട്ടൊഴുകിയപ്പോള്‍ സൈബുന്നിസാ അത് കടലാസില്‍ കുറിച്ചിടുകയുണ്ടായി. ആധ്യാത്മികതയില്‍ മുഴുകിയ ഔറംഗസീബിന് അത് ഇഷ്ടമല്ലെന്ന് മനസ്സിലാക്കിയ സൈബുന്നിസാ മഖ്ഫീ (അജ്ഞാത) എന്ന തൂലിക നാമത്തിലാണ് അത് പ്രകാശനം ചെയ്തത്. പ്രേമവും ശൃംഗാരവുമാണ് കവിതയുടെ പ്രമേയം. പക്ഷേ, അത് കേവലം ജഡികമായ പ്രേമമായിരുന്നില്ല. അഭൗമികമായ പ്രണയമായിരുന്നു.
64-ാം വയസ്സില്‍ 1702 മെയ് 26-ന് സൈബുന്നിസ ഈ ലോകത്ത് നിന്ന് വിടവാങ്ങി. താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആഗ്രയിലെ സികന്ദ്രയില്‍ തേര്‍ട്ടി തൗസന്റ് ട്രീസ് എന്ന പൂങ്കാവനത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.