ഇത്തവണത്തെ പെരുന്നാള്‍ സവിഷേമാണ് അലിസാ കിമ്മിന്. കഴിഞ്ഞ ഏതാനും മാസമായി അലിസ മാധ്യമങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ടെലിവിഷന്‍ ചാനലുകളില്‍നിന്ന് ബോധപൂര്‍വ്വം വിട്ടുനില്‍ക്കുകയാണ്.
ഇതത്ര എളുപ്പവുമല്ല.
തായലന്‍ഡ് വംശജയായ അലിസാകിം ജനിച്ചത് യു.എസിലെ ഓക്‌ലഹോമയില്‍ എനിഡ് എന്ന കൊച്ചുപട്ടണത്തിലാണ്. അതിവേഗം കുതിക്കുന്ന ലോകവും പ്രശാന്തമായ ജീവിതത്തോടുള്ള മോഹവും തമ്മില്‍ എന്നും നടക്കുന്ന സംഘര്‍ഷം സ്വയം അനുഭവിച്ചയാളാണ് അലിസാകിം.
എനിഡില്‍ നിന്ന് വിവിധ സ്ഥലങ്ങളില്‍ മാറിത്താമസിക്കേണ്ടിവന്നു. കടുത്ത പട്ടിണിയും ഉയര്‍ന്ന ജീവിതവും മാറിമാറി അനുഭവിച്ചു. സ്വയം കണ്ടെത്താനും തന്റേതായ മുദ്ര ലോകത്ത് പതിപ്പിക്കാനും ആഗ്രഹിച്ച ഒരു ഗ്രാമീണ പെണ്‍കുട്ടി.
പ്രാഥമിക സ്‌കൂളില്‍ നാണം കുണുങ്ങിയും നിശ്ശബ്ദയുമായിരുന്നു. ക്രിസ്ത്യന്‍ കുടുംബത്തിലെ ആചാരങ്ങള്‍ അനുഷ്ഠിച്ചുവന്നു. സ്‌കൂളില്‍ 12-ാം വയസ്സുവരെ വാ തുറന്നൊരു വാക്ക് ഉറക്കെ ഉരിയാടിയിരുന്നില്ലെന്ന് അലീസ ഓര്‍ക്കുന്നു.
പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ചിരുന്ന അലീസ ഡേയ്ല്‍ കാര്‍ണറിയുടെ പ്രചോദനാത്മക രചനകളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടു. ഉത്തേജകമായ പ്രസംഗങ്ങള്‍ കേട്ടു. പതുക്കെ പതുക്കെ സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞുതുടങ്ങി.
മൗനിയായിരുന്ന പെണ്‍കുട്ടി പെട്ടെന്നുതന്നെ പൊതുവേദികള്‍ കൈയടക്കിത്തുടങ്ങി. വിദ്യാര്‍ത്ഥി നേതാവായി. കാംപസ് ആക്ടിവിസ്റ്റായി. പെന്റഗണില്‍ നിന്നടക്കം അംഗീകാരങ്ങള്‍ നേടി. സാമ്പത്തിക ശാസ്ത്രത്തിലും സമൂഹശാസ്ത്രത്തിലുമായി രണ്ട് ബിരുദങ്ങളെടുത്തു. അന്താരാഷ്ട്ര വ്യാപാരത്തില്‍ എം.ബി.എയും.
ഒരു സ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് ഡയറക്ടറായി ജോലിയി്ല്‍ ചേരുമ്പോള്‍ അലിസ, ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു.
തായ്‌ലന്റില്‍ പഠിച്ചുകൊണ്ടിരിക്കെ അവിടത്തെ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തു. പരസ്യങ്ങളില്‍ മോഡലായും പ്രവര്‍ത്തിച്ചു. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. അതിന്റെ ഭാഗമായി മലേഷ്യയില്‍ എത്തി. ഇങ്ങനെ പഠനകാലത്തും പിന്നീടും വിവിധ രാജ്യങ്ങളില്‍ വിവിധ രംഗങ്ങളില്‍, വിവിധ സാഹചര്യങ്ങളില്‍ ജോലിചെയ്തു. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ഉന്നത മാനേജ്‌മെന്റ് തസ്തികയില്‍ സൈന്യത്തില്‍ വിവര്‍ത്തകയായിട്ട്, പരസ്യമോഡലെന്നനിലക്ക്, പലതരം മാഗസിനുകളുടെ മുഖചിത്രമായിട്ടും പ്രത്യക്ഷപ്പെട്ടു.
ഒരു കൊല്ലം മുമ്പുവരെ അങ്ങനെയായിരുന്നു. ഇതെല്ലാം ചെയ്യുമ്പോഴും അലിസയുടെ മനസ്സ് അശാന്തമായിരുന്നു. അവര്‍ പൊതുരംഗങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞു.
ക്രിസ്തുമതവിശ്വാസികളാണ് അവരുടെ കുടുബം. ജീവിതത്തില്‍ ദാരിദ്രമനുഭവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വക സൗജന്യ ഭക്ഷണത്തെ ആശ്രയിക്കേണ്ടിവന്ന ഘട്ടങ്ങള്‍. അഭയമില്ലാതിരുന്ന ഘട്ടങ്ങള്‍. കുടുംബത്തോടൊപ്പം ഒറ്റക്കും ഇത്തരം ഘട്ടങ്ങളെ നേരിട്ട അലീസ പിന്നീട് സുഖസൗകര്യങ്ങളുള്ള ജീവിതവും അനുഭവിച്ചു. അപ്പോഴെല്ലാം ആത്മീയമായ ഒരന്വേഷണവും അവര്‍ക്കുള്ളില്‍ നടക്കുന്നുണ്ടായിരുന്നു.
മതങ്ങളില്‍ അവര്‍ ആശ്വാസം കണ്ടെത്തി. എന്നാല്‍ ക്രിസ്തുമതത്തെപ്പറ്റിയുള്ള കൂടുതല്‍ പഠനം ഇസ്‌ലാമിലേക്കാണ് അവരെ നയിച്ചത്. ''ബൈബിള്‍ പഠനത്തിനിടെ കേട്ട പേരുകള്‍- ആദം, നോവ, മോശേ, അബ്രഹാം, ഡേവിഡ്, യേശു - ഇസ്‌ലാമിലും ഞാന്‍ കേട്ടു.'' ഒരേ മാനവികതയെപ്പറ്റി, ഒരേ ദൈവത്തെപ്പറ്റിയുള്ള ചിന്തകള്‍ അവരില്‍ ഉണര്‍ന്നു.
ഒരു ഭാഗത്ത് ശീലങ്ങളും പാരമ്പര്യങ്ങളും സൗകര്യങ്ങള്‍ നിറഞ്ഞ ജീവിതവും മറുഭാഗത്ത് ശാന്തിതേടിയുള്ള തീക്ഷ്ണമായ ആത്മീയാന്വേഷണം. ക്രിസുതമത്തിലെ ഉദാത്തമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെ കൂടുതല്‍ വ്യക്തതയുള്ള ദര്‍ശനം അന്വേഷിക്കുകയായിരുന്നു അലീസയുടെ മനസ്സ്. ഒരു ഘട്ടത്തില്‍ തീവ്രമായ വിഷാദത്തിലേക്ക് അവര്‍ കൂപ്പുകുത്തി.
ഈശോസഭയിലെ ശീലങ്ങളും വിശ്വാസങ്ങളും ഒരു പരിധിവരെ മാത്രമേ തനിക്ക് സ്വീകാര്യമാകുന്നുള്ളൂ എന്ന് അവര്‍ തിരിച്ചറിഞ്ഞു. അവരെഴുതി. ക്രിസ്ത്യന്‍ അധ്യാപനങ്ങളില്‍ നന്മ ഏറെയുണ്ട്. ക്രിസ്ത്യന്‍ വിദ്യാഭ്യാസം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. യേശുവിന്റെ മാതൃകകള്‍ എന്നും എന്നെ പ്രചോദിപ്പിക്കുന്നു. എന്നാല്‍ ബൈബിളിലെ വൈരൂധ്യങ്ങള്‍ എന്നെ ചിന്തിപ്പിച്ചു. ഒരാള്‍, അല്ലെങ്കില്‍ ഒരു കൂട്ടം ആള്‍ക്കാര്‍, പില്‍ക്കാലത്ത് എഴുതിയുണ്ടാക്കിയതില്‍ പൊരുത്തക്കേടുകള്‍ സ്വാഭാവികം. പക്ഷേ ഇത് മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നില്ലേ?
അന്വേഷണങ്ങളുടെ ഒടുവില്‍ അലിസകിം ഇസ്‌ലാം സ്വീകരിച്ചു. ക്രിസ്തുമത്തിലെയും ഇതരമതങ്ങളിലെയും നന്മകള്‍ അംഗീകരിക്കുന്ന മതമെന്ന നിലക്ക് അവരതില്‍ ശാന്തി കണ്ടെത്തുന്നു.
'അതിന് ശേഷമുള്ള ഈദ് എന്റെ ആദ്യപെരുന്നാള്‍ ഇതെനിക്ക് ഏറെ ഹൃദ്യമാണ്.'
കാമറകള്‍ക്കു മുമ്പില്‍ ജീവിച്ചിരുന്ന താന്‍ ഇപ്പോള്‍ മനുഷ്യര്‍ക്കിടയില്‍ തന്റെ ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു. 'ഞാന്‍ കണ്ടെത്തിയ ആദര്‍ശം എനിക്ക് പൂര്‍ണ്ണ മനശാന്തി നല്‍കുന്നു. അതെ, ഇതെനിക്ക് സവിശേഷമായ പെരുന്നാല്‍ തന്നെ.'