ഖലീഫ ഉമര്‍(റ) ഒരിക്കല്‍ ഒരു സദസ്സിനോട് ചോദിച്ചു. ഒരു സ്ഥലത്ത് ഭരണാധികാരിയായി നിശ്ചയിക്കാന്‍ ഒരാളെ വേണം.
ഖലീഫ ഉമര്‍(റ) ഒരിക്കല്‍ ഒരു സദസ്സിനോട് ചോദിച്ചു. ഒരു സ്ഥലത്ത് ഭരണാധികാരിയായി നിശ്ചയിക്കാന്‍ ഒരാളെ വേണം.
പേര് നിര്‍ദ്ദേശിക്കാമോ? സദസ്സ് പല പേരുകളും അഭിപ്രായപ്പെട്ടു. ഉമര്‍(റ) പറഞ്ഞു. അത്തരത്തിലുള്ള ആളെയല്ല എനിക്കാവശ്യം. ഞാനാവശ്യപ്പെടുന്ന ആള്‍ നേതാവാക്കിയില്ലെങ്കിലും അവര്‍ നേതാവായി പ്രവര്‍ത്തിക്കും. നേതാവാക്കിയാല്‍ നേതാവിനെക്കൊണ്ടുള്ള ഉപദ്രവം അവരെക്കൊണ്ട് ഉണ്ടാവുകയുമില്ല. നേതാവ് എന്നത് ഭാരവാഹിയുടെ പര്യായപദമല്ല. നേതൃത്വം എന്നത് ഒരു വ്യക്തിഗുണത്തിന്റെ പേരാണ്. എല്ലാ നേതാവും ഭാരവാഹി ആയിക്കൊള്ളണമെന്നില്ല. എല്ലാ ഭാരവാഹികളും നേതാക്കളായിക്കൊള്ളണമെന്നില്ല. ഇത് ഒത്തുവരിക എന്നത് ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം സൗഭാഗ്യമാണെന്നുമാത്രം. ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നവനാണ് നേതാവ്. നന്മയുള്ളതുകൊണ്ടു മാത്രം ഒരാള്‍ നേതാവ് ആവുകയില്ല. നേതൃത്വമെന്നത് ജന്മസിദ്ധവും ആര്‍ജിതവുമായ നിരവധി ഗുണങ്ങളുടെ സമാഹാരമാണ്. എന്നല്ല നന്മയെക്കാള്‍ കാര്യഗ്രഹണശേഷിയും കാര്യക്ഷമതയുമാണ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യം. അത്തരമൊരു നേതൃത്വത്തിനു നന്മയും ഉണ്ടായാല്‍ അത് ലക്ഷണമൊത്ത നേതൃത്വമായിത്തീരും. ഇമാം അഹമദ്ബ്‌നു ഹബ്ബലിനോട് ഒരാള്‍ ചോദിച്ചു. രണ്ട് നായകന്മാരുണ്ട്; ഒരാള്‍ വളരെ നല്ല ആളാണ്. പക്ഷെ പ്രാപ്തനല്ല. മറ്റൊരാള്‍ക്ക് നന്മ കുറവാണ്. പക്ഷെ വളരെ പ്രാപ്തനുമാണ്. ഞാന്‍ ആരുടെ കൂടെയാണ് ജിഹാദ് ചെയ്യേണ്ടത്. അഹമ്മദ്ബ്‌നു ഹബ്ബല്‍ നിര്‍ദ്ദേശിച്ചത് നന്മ കുറഞ്ഞ പ്രാപ്തന്റെ കൂടെ യുദ്ധം ചെയ്യാനാണ്.
ഒരു പ്രസ്ഥാനത്തിലോ സംരംഭത്തിലോ തന്റെ കീഴിലുള്ളവര്‍ക്ക് ഇത് അവരുടേതാണ് എന്ന വികാരം സൃഷ്ടിക്കാന്‍ കഴിയുന്ന ലീഡറാണ് ഏറ്റവും മികച്ച നേതാവ്. താന്‍ ചെയ്യുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അന്യവല്‍ക്കരണമാണ്. തന്റെതല്ല എന്ന ബോധത്തോടെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണിത്. ഓരോരുത്തര്‍ക്കും അടിസ്ഥാന തീരുമാനത്തിനെതിരാകാത്ത വിധം തങ്ങളുടെ പ്രവര്‍ത്തനത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ അധികാരം നല്‍കുക എന്നതാണ് അന്യവല്‍ക്കരണം ഒഴിവാക്കാനുളള ഒരു വഴി. ഓരോരുത്തരിലും ഇത് എന്റെത് കൂടിയാണ് എന്ന വികാരം സൃഷ്ടിക്കാന്‍ കഴിയുന്ന നേതാവാണ് മികച്ച നേതാവ്.
അണികളെ നയിക്കുക മാത്രമല്ല അവരില്‍ നിന്ന് പുതിയ നേതാക്കളെ വളര്‍ത്തിയെടുക്കുക എന്നതും നേതൃത്വത്തിന്റെ ചുമതലയാണ്. പ്രവാചകന്‍ ബോധപൂര്‍വം വളര്‍ത്തിയെടുത്ത നേതാക്കളാണ് പില്‍ക്കാലത്ത് ഇസ്‌ലാമിക സമൂഹത്തിന്റെ സാരഥികളായി മാറിയത്. പ്രവാചകന്‍ തന്റെ പിന്‍ഗാമിയെ നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല എന്നത് ശരിയാണ്. പക്ഷെ പ്രവാചകന്‍ അവസാനമായി പങ്കെടുത്ത സംഘടിത നമസ്‌കാരത്തില്‍ അബൂബക്കര്‍(റ)വിനെയാണ് അദ്ദേഹം ഇമാമായി (നായകനായി) നിശ്ചയിച്ചത്. അതൊരംഗീകാരമായിരുന്നു. വളരെ ചെറുപ്പമായിരുന്ന അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) വിന് തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന അപരനാമം നല്‍കി ആദരിച്ചു. സിദ്ദീഖ് (അങ്ങേയറ്റത്തെ വിശ്വാസ്തന്‍) ഫാറൂഖ് (സത്യാസത്യവിവേചകന്‍) എന്നീ അപരനാമങ്ങള്‍ യഥാക്രമം അബൂബക്കര്‍ (റ)വിനും ഉമര്‍(റ)വിനും പ്രവാചകന്‍ നല്‍കിയ അംഗീകാരമുദ്രകളായിരുന്നു. ഖാലിദ്ബ്‌നു വലീദിനെ അല്ലാഹുവിന്റെ വാളെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചു. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേര്‍ എന്നതുതന്നെ ആ പത്തു പേര്‍ക്കും നല്‍കപ്പെട്ട അംഗീകാരമാണല്ലോ? അല്ലാതെ അവര്‍ക്ക് മാത്രമാണ് സ്വര്‍ഗം ലഭിക്കുക എന്നതല്ലല്ലോ അതിന്റെ സാരം. ഉമര്‍(റ)വിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന സന്ദര്‍ഭത്തില്‍ ഈ പ്രവാചകാംഗീകാരം മുസ്‌ലിം സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാവുകയും ചെയ്തു. പുതിയ ഖലീഫയെ തെരഞ്ഞെടുക്കാനുള്ള ഇലക്ട്രല്‍ കോളേജായി ഉമര്‍(റ) നിശ്ചയിച്ചത് സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവരില്‍ ജീവിച്ചിരിക്കുന്ന ആറു പേരെയായിരുന്നു. അംഗീകരിക്കുന്നതില്‍ ലുബ്ദ് കാണിക്കുന്നത് നേതൃത്വപരമായ മൂലധനം രൂപീകരിക്കുന്നതിന് വലിയ തടസ്സമായിത്തീരും. വലിയ നേതൃമൂലധനമുള്ള സമൂഹത്തിനേ ലോകത്ത് വിജയിക്കാന്‍ കഴിയുകയുള്ളു.
ചില നേതാക്കള്‍ മരിച്ചാല്‍ നാം പറയാറുണ്ട് അദ്ദേഹം നികത്താനാവാത്ത നഷ്ടമാണെന്ന്. ആ പ്രസ്താവനയുടെ ആലങ്കാരികത അംഗീകരിച്ചുകൊണ്ട് തന്നെ, ചില നേതാക്കള്‍ യഥാര്‍ഥത്തില്‍ തന്നെ നികത്താനാവാത്ത നഷ്ടമായിരിക്കും. കാരണം അദ്ദേഹത്തിന്റെ ഒഴിവിനെ നികത്താന്‍ കഴിയുന്ന ഒരാളെയും ഒരു സംഘത്തെയും വിടവാങ്ങിയ നേതാവ് വളര്‍ത്തിയിട്ടുണ്ടാവില്ല. വളരാന്‍ സമ്മതിച്ചിട്ടുണ്ടാവില്ല. നേതാക്കള്‍ നികത്താനാവാത്ത നഷ്ടങ്ങളാവരുത്. നികത്താവുന്ന നഷ്ടങ്ങളേ ആകാവൂ. നികത്താനാവാത്ത നഷ്ടമാവുന്നത് ഒരു നേതാവിന്റെ പരാജയമാണ്.
പുതിയ നേതാക്കളെ വളര്‍ത്തിയെടുക്കണമെങ്കിലും എല്ലാ അണികളെയും ഉള്‍ക്കൊള്ളാന്‍ കഴിയണമെങ്കിലും സംഘടനയുടെ വാതിലുകള്‍ വിശാലമാക്കാന്‍ സാധിക്കണമെങ്കിലും മനുഷ്യ പ്രകൃതത്തിന്റെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി നേതൃത്വത്തിനുണ്ടാവണം. പ്രതിജന ഭിന്ന വിചിത്രമാണ് ലോകം. ജനങ്ങള്‍ പലതരമാണ് (അന്നാസു അജന്നാസുന്‍) എന്നൊരു ചൊല്ലുണ്ട് അറബിയില്‍. പല പ്രസ്ഥാനങ്ങള്‍ക്കും പല നേതൃത്വങ്ങള്‍ക്കും സംഭവിക്കുന്ന ഒരു അപാകത മനുഷ്യപ്രകൃതങ്ങളില്‍ ചില പ്രത്യേക പ്രകൃതമുള്ളവരെ മാത്രമേ അവര്‍ അംഗീകരിക്കുകയുള്ളൂ എന്നതാണ്. പ്രവാചകന്റെ അനുചരസമൂഹം പ്രകൃത വൈവിധ്യത്തിന്റെ മനോഹാരിതയായിരുന്നു. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. പ്രവാചകന്റെ അംഗീകാരത്തോടെ വളര്‍ന്നു വന്നതാണ്.
ബദര്‍ യുദ്ധത്തിലെ ബന്ധികളെ എന്തുചെയ്യണമെന്ന കാര്യത്തില്‍ പ്രവാചകന്‍ അനുചരന്മാരുമായി കൂടിയാലോചിച്ചു. അബൂബക്കര്‍ (റ) പറഞ്ഞു. അവരെ വിട്ടയക്കുക, പശ്ചാത്തപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക. അവര്‍ താങ്കളുടെ ബന്ധുക്കളും നാട്ടുകാരുമല്ലേ, ഉമര്‍ (റ) വിനോട് ചോദിച്ചു. 'താങ്കളെ നാട്ടില്‍ നിന്ന് പുറത്താക്കിയവരും കളവാക്കിയവരുമാണവര്‍ അതുകൊണ്ട് അവരുടെ കഴുത്ത് വെട്ടുക.' നബി(സ) പറഞ്ഞു. അബൂബക്കറേ, താങ്കള്‍ 'എന്റെ മാര്‍ഗത്തില്‍ ചരിക്കകുന്നവരാരോ അവന്‍ എന്റെതാകുന്നു. ആരെങ്കിലും എനിക്കെതിരായ മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍ നിശ്ചയം നീ മാപ്പരുളുന്നവനും ദയാപരനുമല്ലോ' എന്നു പറഞ്ഞ ഇബ്‌റാഹീമിനെപ്പോലെയാണ്. ഉമറേ താങ്കള്‍ ' നാഥാ, അവരുടെ സമ്പത്ത് നശിപ്പിച്ച് കളയേണമേ. നോവുന്ന ശിക്ഷയെ കാണും വരെ വിശ്വസിക്കാതിരിക്കും വണ്ണം അവരുടെ ഹൃദയങ്ങള്‍ക്ക് നീ താഴിയേണമേ എന്നു പ്രാര്‍ഥിച്ച മൂസയെപ്പോലെയാണ്. തന്റെ അനുചരന്മാരുടെ പ്രകൃത വൈവിധ്യത്തെ പ്രവാചകന്മാരുടെ പ്രകൃത വൈവിധ്യത്തോട് ചേര്‍ത്ത് വെച്ച് അംഗീകരിക്കുകയും മഹത്വപ്പെടുത്തുകയുമാണ് നബി ചെയ്തത്.
നേതാവ് ഒരു എഞ്ചിനീയറാണ്. വ്യത്യസ്ത ഘടകങ്ങളെ വേണ്ട അളവില്‍ ഒരുമിച്ചുകൂട്ടി ഒന്ന് രൂപപ്പെടുത്താനുള്ള കഴിവാണ് എഞ്ചിനീയറിംഗ്. പല പ്രകൃതങ്ങളെ ഇണക്കിച്ചേര്‍ക്കാനും ഉപയോഗപ്പെടുത്താനും നേതാവിനു കഴിയണം. സംഘടന നേതാവ് ഒരു സ്ഥാപന മേലധികാരിയല്ല. സ്ഥാപന മേലധികാരിക്ക് പലപ്പോഴും സ്ഥാപനത്തിലെ ജോലിക്കാര്‍ അല്ലെങ്കില്‍ അതുമായി ഇടപാട് നടത്തുന്നവര്‍ മുതലായവരെയാണ് നയിക്കേണ്ടി വരിക. അവരുമായാണ് ആശയ വിനിമയങ്ങള്‍ നടത്തേണ്ടി വരിക. എന്നാല്‍ പ്രസ്ഥാന നേതാവിന്റെ ദൗത്യം വ്യത്യസ്തമാണ്. തന്റെ സംഘടനക്ക് പുറത്തുള്ളവരുടെ സാധ്യതകളെയും തങ്ങള്‍ മുന്നോട്ടുവെക്കുന്ന ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നവരാണ് മികച്ച നേതാക്കന്മാര്‍.