സ്ത്രീ എന്നും ഒരു ചര്‍ച്ചാവിഷയമാണ്. ചരിത്രത്തില്‍ വിവിധ ഘട്ടങ്ങളില്‍ സ്ത്രീയോട് കാണിച്ച ക്രൂരതകള്‍ വിവരണാതീതമാണ്.
സ്ത്രീ എന്നും ഒരു ചര്‍ച്ചാവിഷയമാണ്. ചരിത്രത്തില്‍ വിവിധ ഘട്ടങ്ങളില്‍ സ്ത്രീയോട് കാണിച്ച ക്രൂരതകള്‍ വിവരണാതീതമാണ്.
ഭാരതീയ നാഗരികതയില്‍ സ്ത്രീകളോട് കടുത്ത വിവേചനം പലരീതിയില്‍ കാണിച്ചിരുന്നു. ഇന്നും അതിന്റെ അവശിഷ്ടങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും നിലകൊള്ളുന്നുണ്ട്. ആര്‍ത്തവ നാളുകളില്‍ സ്ത്രീയെ വീടിന് വെളിയില്‍ അകറ്റി നിര്‍ത്തുന്ന ദുഷിച്ച സമ്പ്രദായം ഇന്നും ചിലയിടങ്ങളിലായി ഉണ്ട്.
വിധവകളെ ദുശ്ശകുനമായിട്ടാണ് ഹിന്ദുസമൂഹങ്ങളില്‍ ഗണ്യവിഭാഗം ഇന്നും കാണുന്നത്. സതി ഉള്‍പ്പെടെയുള്ള ദുരാചാരങ്ങളെ മഹത്വവല്‍കരിക്കുന്നവര്‍ ഇന്ത്യഭരിക്കുന്ന പാര്‍ട്ടിയുടെ പിന്നാമ്പുറ ചാലകശക്തികളാണ്. സതിയെന്ന പ്രാകൃത ദുരാചാരത്തിന് സത്യവിരുദ്ധവും തനി വര്‍ഗീയവുമായ വ്യാഖ്യാനങ്ങള്‍ നല്‍കിയും മറ്റും ആധുനികവനിതകളുടെ മുമ്പില്‍ മേനിനടിക്കാനുള്ള വൃഥാവ്യായാമം നടത്തുകയാണവര്‍. കുടുംബസ്വത്തില്‍ സ്ത്രീക്ക് ന്യായമായ അവകാശം കിട്ടാത്ത ചുറ്റുപാടിലാണ് സ്ത്രീധനമെന്ന ദുരാചാരം കടന്നുവന്നത്. ഇത്തരം ഘട്ടത്തില്‍ സ്ത്രീയെ ഒരു ബാധ്യതയായി പലരും ഗണിക്കുന്നു. പലതരം പോരായ്മകള്‍ കാലത്തിന്റെ കറക്കത്തില്‍ മുസ്ലിം സമൂഹത്തില്‍ വന്നിട്ടുണ്ട്. പലതും അന്യസംസ്കാരത്തില്‍ നിന്ന് കടന്ന് കൂടിയതാണ്. എന്നാല്‍ ഇന്നും അറബ് മുസ്ലിം നാടുകളില്‍ സ്ത്രീധനമെന്ന ദുരാചാരം ഇല്ലെന്നതാണ് വസ്തുത. കേരളമുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ മുസ്ലിംകളില് സ്ത്രീധനമെന്ന സമ്പ്രദായം അന്യസംസ്കാരങ്ങളില്‍ നിന്ന് കടന്നുകൂടിയതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടാണ് അതിനെതിരെ മുസ്ലിംകളിലെ ഉല്പതിഷ്ണുക്കള് നിലകൊള്ളുന്നതും. ഇസ്ലാം സ്ത്രീക്ക് സ്വത്തവകാശം, മഹ്ര്, പുരുഷന്റെ ഭാഗത്തുനിന്നുള്ള മാന്യമായ സംരക്ഷണവും ചിലവും വിവാഹമോചനം സംഭവിക്കുന്ന അനിവാര്യഘട്ടങ്ങളില്‍ മാന്യമായ മതാഅ്, ഇദ്ദാകാല ചെലവ്, കുട്ടികള്‍ക്കുള്ള ചെലവ് തുടങ്ങിയവയും ഉറപ്പ് വരുത്തിയിട്ടുണ്ട്.
ക്രൈസ്തവ യൂറോപ്പില്‍ സ്ത്രീക്ക് ആത്മാവ് ഉണ്ടോ എന്നത് ദീര്‍ഘകാലം ചര്‍ച്ചാവിഷയമായിരുന്നു. സ്ത്രീക്ക് ആത്മാവില്ലെന്ന് കുറെകാലം വാദിച്ചവര്‍ ദീര്‍ഘകാലശേഷം എത്തിച്ചേര്‍ന്ന ഒത്തുതീര്‍പ്പ് പുരുഷന്റെ ഉത്തമ അര്‍ദ്ധാംശം എന്നതായിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്വത്തവകാശം നിഷേധിക്കപ്പെടുകയും ഏത് ഗതികെട്ട സാഹചര്യത്തിലും വിവാഹമോചനം സാധിക്കാതെ ദുരന്തത്തിന്റെ കുരിശ് ചുമന്ന് കഴിയുകയുമായിരുന്നു അവര്‍. ഇന്നും പലേടങ്ങളിലും സ്ഥിതി അങ്ങനെതന്നെ. മതവിരുദ്ധരായ കമ്യൂണിസ്റ്റുകളിലും സ്ത്രീ അവഗണന തന്നെയാണ് അനുഭവിച്ചത്. ആധുനിക മുതലാളിത്തം സ്ത്രീയെ നല്ലൊരു ഉപഭോഗവസ്തുവായി ഗണിച്ച് ചൂഷണം ചെയ്യുകയാണ്.
എന്നാല്‍ ഇസ്ലാമില്‍ സ്ത്രീക്ക് ഉള്ള പദവി ഗ്രഹിക്കുന്നതിന് ഏറെ സഹായകമാണ് 'ഖുര്‍ആനിലെ സ്ത്രീ' എന്ന ലഘുകൃതി. എഴുപതോളം കൃതികളുടെ കര്‍ത്താവായ ശൈഖ്മുഹമ്മദ് കാരകുന്ന് ഏതൊരു സാധാരണക്കാരനും ഗ്രഹിക്കാനാകും വിധം ലളിത ശൈലിയില്‍ രചിച്ച ഈ കൃതി വളരെ പഠനാര്‍ഹമാണ്. പത്തൊമ്പത് അധ്യായങ്ങളിലൂടെ ചിന്താപൂര്‍വ്വം കടന്നുപോകുന്ന ഒരു വായനക്കാരന് ഒരുപാട് തിരിച്ചറിവുകള്‍ ഈ കൃതി നല്‍കുന്നുണ്ട്. ഇബ്രാഹീം, ഹാജര്‍, മൂസാനബി (അ)യുടെ മാതാവ്, അദ്ദേഹത്തിന്റെ പത്നി സഫൂറ, ഫിര്‍ഔനിന്റെ പത്നി ആസിയ (റ), സബഅ് രാജ്ഞിയായിരുന്ന ബില്‍ഖീസ്, ഈസാ നബിയുടെ മാതാവ് മര്‍യം, ഖസ്റജ് ഗോത്രക്കാരിയായ ഖൗല ബിന്ത് സഅ്ലബ(റ), ഉമവി ഗോത്രക്കാരിയായ ഉമ്മുകുല്‍സൂം(റ)എന്നിങ്ങനെ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പത്ത് വനിതകളെ വസ്തുനിഷ്ഠമായും സംക്ഷിപ്തമായും പരിചയപ്പെടുത്തുന്നുണ്ട്. ഇതില്‍ ആറ്പേര്‍ സഹധര്‍മ്മിണി എന്ന നിലയിലും രണ്ട് പേര് മാതാവ് എന്ന നിലയിലും ബില്‍ഖീസ് ഭരണാധികാരി എന്ന നിലയിലും ഉമ്മുകുല്‍സൂം ആദര്‍ശവതിയായ പുത്രി, സഹോദരി എന്നീ നിലകളിലും സവിശേഷ വിശകലനത്തിന് വിധേയമാകുന്നുണ്ട്.
പ്രത്യക്ഷത്തില്‍ ദാമ്പത്യപരാജയം വിവാഹമോചനം തുടങ്ങിയ കടുത്ത അനുഭവങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് എന്നാല്‍ മൂഢസമ്പ്രദായങ്ങളെ തിരുത്താന്‍ റബ്ബ് ഉപാധിയാക്കിയ അല്ലാഹുവിന്റെയും റസൂലിന്റെയും തീരുമാനങ്ങളെ അംഗീകരിച്ച് പിന്നീട് നബി പത്നിയായ സൈനബു (റ) മായി ബന്ധപ്പെട്ട അധ്യായമാണ് ഈ കൃതിയിലെ ഒടുവിലത്തെ അധ്യായം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ റബ്ബിന്റെ ഇഷ്ടത്തിന് വിധേയമാക്കണമെന്ന പാഠം സൈനബി (റ)ന്റെ ചരിത്രത്തില്‍ നിന്ന് നമുക്ക് ലഭ്യമാകുന്നുണ്ട്. സൈനബല്ല, മറിച്ച് സൈദാണ് പ്രവാചകനോട് ദാമ്പത്യത്തിന്റെ അതൃപ്തി പരാതിയുമായി ആവര്‍ത്തിച്ചുന്നയിച്ചത് എന്നത് ശ്രദ്ധേയമാണ്.
പതിനേഴാമത്തെ അധ്യായത്തില്‍ (ദൈവവിധി ചോദിച്ചുവാങ്ങിയ ഖൗല) ഖൗല(റ) നബിയോട് സങ്കടപൂര്‍വ്വം ആവര്‍ത്തിച്ചുണര്‍ത്തുന്ന ആവലാതിയില്‍, ഭര്‍ത്താവിന്റെ ക്ഷിപ്രകോപം മൂലം അദ്ദേഹം നടത്തിയ ളിഹാറിലൂടെ ഉണ്ടായ പ്രയാസത്തിലും പ്രതിസന്ധിയിലും തന്റെയും മക്കളുടെയും പ്രശ്നം മാത്രമല്ല, ഇത് വഴി തന്റെ പ്രിയതമനുള്ള പലവിധ പ്രയാസങ്ങളും പരിഗണിച്ചതായിട്ടാണ് തല്‍സംബന്ധമായ വിവരണങ്ങളില്‍ നിന്ന് ഗ്രഹിക്കാനാവുന്നത്. പ്രിയതമനുവേണ്ടി നബിയോട് തര്‍ക്കിക്കുകയും അല്ലാഹുവിന്റെ മുമ്പാകെ സങ്കടഹരജി ബോധിപ്പിക്കുകയും ചെയ്യുന്നതില്‍ വിവേകമതിയും പക്വമതിയുമായ നാരീമണിയുടെ നന്മ വായനക്കിടയില്‍ മനസ്സിലേക്കോടിവന്ന ചിന്താ സ്ഫുലിംഗമാണ്. ദാമ്പത്യത്തില്‍ മവദ്ദത്തി (പ്രേമം, അനുരാഗം) നോടൊപ്പം റഹ്മത്തിന്റെ ഔഷധം കൂടി ചേരുമ്പോഴുള്ള ഈ മനസ്സ് ദാമ്പത്യത്തിന്റെ ഇഴയടുപ്പത്തിനുതകുന്നു. ഖൗലയുടെ ഈ മാനസിക വിശാലതയും നന്മയുമാണ് സപ്താകാശത്തിനുമപ്പുറത്ത് നിന്ന് സര്‍വ്വജ്ഞനായ അല്ലാഹു വിളംബം വിനാ ഉത്തരമേകാന്‍ നിമിത്തമായത് എന്നത് ന്യായമായും ശ്രദ്ധിക്കാവുന്നതാണ്.
ആസിയ ബീവിയുടെ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം ഗ്രന്ഥകാരന് സാമാന്യം നന്നായും ചിന്തോദ്ദീപകമായും ഖുര്‍ആനിന്റെ പിന്‍ബലത്തോടെ വിവരിച്ചിട്ടുണ്ട്. (അദ്ധ്യായം 14) എന്നാല്‍ അതിന്നും മുമ്പ് അവര്‍ നടത്തിയ രചനാത്മകമായ ഇടപെടല്‍ പ്രത്യേകം പഠിക്കപ്പെടേണ്ടതാണ്. ആ മഹതിയുടെ സമയോചിതമായ ഇടപെടലാണ് ചരിത്രം തിരുത്തിക്കുറിച്ച വിപ്ലവകാരിക്ക് ഫലത്തില്‍ വേദിയൊരുക്കിയത്. (വി.ഖു. 28:9)
ഒരു കുടുംബിനി രചനാത്മകമായ രീതിയില്‍ നടത്തിയ ആ ഇടപെടല്‍, മാറ്റത്തിന്റെ ചാലകശക്തിയായി അണിയറയില്‍ അതിവിദഗ്ദമായി പ്രവര്‍ത്തിക്കാനുള്ള നാരികള്‍ക്കുള്ള സാധ്യതകളെയാണ് നമ്മുടെ മുമ്പില്‍ തുറന്നു തരുന്നത്. കുടുംബിനി എന്ന നിലക്കുള്ള സ്വാധീനത്തെ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ള പ്രചോദനം ആസിയാബീവി നല്‍കുന്നുണ്ട്. അരങ്ങത്തല്ല, അണിയറയിലാണ് സ്ത്രീ സ്വാധീന സല്ഫലങ്ങള് കൂടുതല്‍ പുലരുക. പ്രവാചക പത്നി ഖദീജ (റ) നബിക്ക് നല്കിയ പിന്തുണയും അവ്വിധമാണ്.
തന്റേടവും ലജ്ജാശീലവും ഒത്തിണങ്ങിയ സഫൂറ എന്ന അധ്യായത്തില്‍ കാമ്പസുകളിലും മറ്റും ഇടകലര്‍ന്നു കഴിയുന്ന യുവതീയുവാക്കളുടെ മനനത്തിന് വിധേയമാകേണ്ട കാര്യങ്ങളുണ്ട്. മദ്യനിലെ ജലാശയത്തിനടുത്തെത്തിയപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ ആണുങ്ങളുടെ ബഹളത്തില്‍ നിന്നും മാറി മാന്യമായി വിട്ടുനില്‍ക്കുന്നത് കാണുന്നു. മൂസ(അ) അവരിരുവരോടും ആവശ്യത്തിനേ സംസാരിച്ചുള്ളൂ. പെണ്‍കുട്ടികളുമായി സല്ലപിക്കാന്‍ തക്കം പാര്‍ത്തു കഴിയുന്ന പൂവാലന്മാരെ പോലെ നീട്ടിപ്പരത്തി സംസാരിച്ചില്ല. പിന്നീട് പിതാവിന്റെ നിര്‍ദ്ദേശപ്രകാശം വീട്ടിലേക്ക് വിളിക്കാനായി വന്നപ്പോള്‍ പെണ്‍കുട്ടി പുലര്‍ത്തിയ അടക്കവും ഒതുക്കവും ഖുര്‍ആന്‍ അടയാളപ്പെടുത്തുന്നുണ്ട്. അങ്ങനെ അവളോടൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍ പെണ്‍കുട്ടിക്ക് മുന്നിലായിട്ടാണ് മൂസ നടന്നതെന്ന് ചില ചരിത്രവിവരണങ്ങളില്‍ വായിച്ചതായിട്ടോര്ക്കുന്നു. അതായത് പെണ്‍കുട്ടിക്ക് പിറകില്‍ നടക്കുമ്പോള്‍ അവളറിയാതെ അവളെ നോക്കി രസിക്കുന്ന ദുഷ്പ്രവണതക്ക് സാധ്യതയുണ്ട്. മൂസ ഈ ദുഷ്പ്രവണതകള്‍ ലവലേശമില്ലാത്ത ഉത്തമ വ്യക്തിയാണെന്ന് ബുദ്ധിമതിയായ സഫൂറ മനസ്സിലാക്കി. തദടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വേലക്ക് നിശ്ചയിക്കാന്‍ മകള്‍ പിതാവിനോട് ശുപാര്‍ശ ചെയ്തത്. അങ്ങിനെ ശുപാര്‍ശ ചെയ്യുമ്പോള്‍ മൂസ(അ)യുടെ ഖുവ്വത്തും അമാനത്തും അവള് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. (28:26) ആട്ടിടയന്മാരുടെ ബഹളത്തിലേക്ക് സധൈര്യം കടന്നുചെന്ന് വേഗം വെള്ളമെടുത്തു കൊടുത്തതിലൂടെ മൂസയുടെ പ്രാപ്തിയും കരുത്തും ഗ്രഹിച്ചു. കൂടെ വീട്ടിലേക്ക് പോകുമ്പോള്‍ മൂസ ദീക്ഷിച്ച മാന്യതയും മര്യാദയും വഴി മൂസയുടെ അമാനത്തും ഗ്രഹിച്ചു.
ഇസ്മാഈല്‍ (അ)ന്റെ മാതാവ് ഹാജറയെ പഠനവിധേയമാക്കുമ്പോഴും ഇത്തരം കുറെ ചിന്തകള്‍ കടന്നുവരുന്നുണ്ട്. മര്‍യം ബീവിയുടെ ചരിത്രവും കുറെ സന്ദേശങ്ങള്‍ നല്കുന്നു.
ബഹുമാന്യ ഗ്രന്ഥകാരന് മുഖ്യമായും ഖുര്‍ആനിനെ മാത്രമേ ചരിത്രം പറയാന്‍ അവലംബിച്ചിട്ടുള്ളൂ. വിശുദ്ധഖുര്ആന് വളരെ സംക്ഷിപ്തമായി, എന്നാല്‍ ഗുണപാഠപ്രധാനമായിട്ടാണ് ചരിത്രങ്ങള്‍ പറയുന്നത്. ഖുര്‍ആനിന് വിരുദ്ധമല്ലാത്ത ചരിത്രങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കുമ്പോള്‍ ഈ കൃതി വളരെ ഹൃദ്യമായനുഭവപ്പെടുന്നുണ്ട്. ഗ്രന്ഥകാരന് പരമാവധി വസ്തുനിഷ്ഠത പുലര്‍ത്തിയിട്ടുണ്ട്. ഏതായാലും എളുപ്പം വായിച്ചുപോകാവുന്ന എന്നാല്‍ ചിന്തോദ്ദീപകമായ ഈ കൊച്ചുകൃതി പലനിലക്കും അടിച്ചമര്‍ത്തപ്പെട്ട് കഴിയുന്ന സ്ത്രീകള്‍ക്കും അങ്ങനെ അവരെ അടിച്ചമര്‍ത്തുന്ന പുരുഷന്മാര്ക്കും സ്ത്രീത്വത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ ഏറെ ഉപകരിക്കുമെന്ന് തീര്‍ച്ച.