നിലത്ത് വിരിച്ച ലിറ്ററില്‍ ഒരേ പ്രായത്തിലുള്ള കോഴികളെ ഒന്നിച്ച് വളര്‍ത്തുന്ന സമ്പ്രദായത്തെയാണ് ഡീപ്പ് ലിറ്റര്‍ സമ്പ്രദായം എന്ന് പറയുന്നത്. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ മുട്ടക്കോഴികളെ വളര്‍ത്തല്‍ വര്‍ധിച്ച തീറ്റച്ചെലവും മറ്റ് കൂലിച്ചെലവും കാരണം കേരളത്തില്‍ അത്ര ലാഭകരമല്ല.
നമ്മുടെ മുട്ട ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള എളുപ്പവഴി പരമ്പരാഗതമായ അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ പരിപോഷിപ്പിക്കുക എന്നതാണ്. കോഴികളെ രാത്രികാലങ്ങളില്‍ ഒരു കൂട്ടില്‍ അടച്ച് വെക്കുകയും പകല്‍ സമയം മുഴുവന്‍ തുറന്നുവിട്ട്, യഥേഷ്ടം വിഹരിക്കാന്‍ അനുവദിക്കുന്നതുമാണ് ഈ സമ്പ്രദായം.
ഈ കോഴികള്‍ക്ക് പ്രത്യേകം തീറ്റ നല്‍കാറില്ല. വീട്ടിലെ അവശിഷ്ടങ്ങള്‍, സസ്യ ഇലകള്‍, പ്രാണികള്‍ എന്നിവയെ ഇവ ഭക്ഷിക്കുന്നു. കുടിക്കുന്ന വെള്ളത്തിനും പ്രത്യേകം സംവിധാനം ആവശ്യമില്ല. ഈ സമ്പ്രദായത്തില്‍ നാടന്‍ കോഴികളെ വളര്‍ത്തുമ്പോള്‍ ഉല്‍പ്പാദനക്ഷമത വളരെ കുറവായിരിക്കും. കിട്ടുന്ന മുട്ടകളാവട്ടെ വലിപ്പം കുറഞ്ഞവയും.
ശാസ്ത്രീയ സമീപനം സ്വീകരിച്ചാല്‍ ഈ രീതി കൂടുതല്‍ ലാഭകരമാക്കാം. സാധാരണ ലഭിക്കുന്ന തീറ്റ സാധനങ്ങള്‍ക്ക് പുറമെ ഒരു കോഴിക്ക് 2.5 ഗ്രാം വീതം സമീകൃത കോഴിത്തീറ്റ കൂടി നല്‍കുകയാണ് ചെയ്യേണ്ടത്.
കൂടാതെ നാടന്‍ ഇനങ്ങളെ സങ്കര ഇനമാക്കണം. ഇതിനായി വൈറ്റ് ലഗോണ്‍, റോഡ് ഐലന്റ്‌റെഡ്, ബ്ലാക്ക് മൈനോര്‍ക്ക എന്നീ ഇനത്തില്‍പ്പെട്ട പൂവന്മാരെ ഉപയോഗിക്കാം. ഇപ്രകാരം ഉണ്ടാകുന്ന സങ്കരയിനം കോഴികള്‍ കൂടുതല്‍ വലിപ്പമുള്ള മുട്ടകളിടുന്നു.
കോഴികള്‍ക്ക് മാസംതോറും വിര മരുന്ന് കൊടുക്കാനും കോഴിവസന്ത, കോഴിവസൂരി എന്നീ രോഗങ്ങള്‍ക്കെതിരെ പ്രതിരോധകുത്തിവെപ്പ് എടുക്കാനും ശ്രദ്ധിക്കണം. രാത്രിയില്‍ അടച്ചിടുന്ന കൂട് കൂടുതല്‍ വായുവും വെളിച്ചവും കിട്ടുന്നതായിരിക്കണം.