മുടിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കാതിരുന്നാല്‍ മുടികൊഴിച്ചില്‍ ഉണ്ടാവും. അതിനുപുറമെ പോഷകാഹാരക്കുറവ്, തലയോട്ടിയിലെ ചര്‍മ്മരോഗങ്ങള്‍, താരന്‍, ഹോര്‍മോണ്‍ തകരാറുകള്‍, ചില ദീര്‍ഘകാലരോഗങ്ങള്‍, മാനസിക സംഘര്‍ഷം എന്നിവകൊണ്ടും മുടി കൂടുതലായി കൊഴിഞ്ഞുപോകാറുണ്ട്. മുടി കൊഴിച്ചില്‍ കൊണ്ട് പെണ്‍കുട്ടികള്‍ക്ക്, മനോവിഷമം ഉണ്ടാവാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുടി പലതരത്തിലുണ്ട് (വരണ്ടത്, സാധാരണം എണ്ണമയം ഉള്ളത് എന്നിവ). നിങ്ങളുടെ മുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ വീര്യം കുറഞ്ഞ ഷാമ്പൂ ആഴ്ചയിലൊരിക്കല്‍ മാത്രം ഉപയോഗിക്കുക. ഷാമ്പൂ തേച്ചശേഷം ധാരാളം വെള്ളമൊഴിച്ച് നന്നായി കഴുകിക്കളയണം. അതിനുശേഷം കണ്ടീഷണര്‍ മുടിയില്‍ മാത്രം (തലയോട്ടിയിലല്ല) പുരട്ടണം. കൂടുതല്‍ പ്രാവശ്യം മുടി കഴുകിയാല്‍ (ക്ലോറിനധികമുള്ള വെള്ളത്തില്‍) മുടിയില്‍ സ്വാഭാവികമായുള്ള എണ്ണയുടെ അംശം കുറയാനിടയുണ്ട്.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മുടിയില്‍ എണ്ണ തേക്കുന്നതില്‍ തെറ്റില്ല. പക്ഷേ കൂടുതല്‍ എണ്ണമയമുണ്ടായാല്‍ തല വിയര്‍ക്കുമ്പോള്‍ അഴുക്കും രോഗാണുക്കളും മുടിയിലടിഞ്ഞുകൂടി മുടികൊഴിയാനും ചര്‍മരോഗങ്ങള്‍ വരാനും സാധ്യതയുണ്ട്. അതുകൊണ്ട് മേല്‍പറഞ്ഞതുപോലെ യോജിച്ച ഷാമ്പൂ ഉപയോഗിച്ചു മുടിവൃത്തിയാക്കുക. നന്നായി ഉണങ്ങിയ ശേഷം മാത്രം മുടി ചീകുകയോ കെട്ടുകയോ ചെയ്യുക.
മുടി ചീകുന്ന ബ്രഷും ചീര്‍പ്പും ഇടക്കിടെ കഴുകി വൃത്തിയാക്കി ഉണക്കുക. മറ്റുള്ളവരുടെ ചീര്‍പ്പും ബ്രഷും ഉപയോഗിക്കുന്നതു ശരിയല്ല, ചര്‍മരോഗങ്ങള്‍ പകരാനിടയുണ്ട്.
വെയിലത്ത് പോകുമ്പോള്‍ തലയില്‍ സ്‌കാര്‍ഫു കെട്ടുകയോ തൊപ്പിയിടുകയോ ചെയ്ത് സൂര്യതാപത്തില്‍ നിന്നു മുടിയെ സംരക്ഷിക്കുക.
മുടിക്ക് നിറം കൊടുക്കുന്ന ഡ്രൈ ക്ലീനര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. ഇതിലുള്ള രാസവസ്തുക്കള്‍ അലര്‍ജിയുണ്ടാക്കാം. മുടി പൊട്ടിപ്പോകാനും കൊഴിഞ്ഞുപോകാനും സാധ്യതയുണ്ട്.
ഉപകരണമുപയോഗിച്ച് മുടിയുണക്കുക, ചുരുട്ടുക, നീട്ടുക, നേരെയാക്കുക എന്നിവ മുടിക്ക് ദോഷം ചെയ്യാനിടയുണ്ട്. മുടി പരുപരുത്തതാവാനും പൊട്ടിപ്പോകാനും സാധ്യത കൂടുന്നു. ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് മുടിയുണക്കുന്നതിനുപകരം മുടി അഴിച്ചിട്ടുകൊണ്ട് കാറ്റിലുണക്കുക.
മുടിയില്‍ വെളുത്ത പൊടികളോ തോളുകൡ വെളുത്ത പൊടി വീണുകിടക്കുന്നതോ കണ്ടാല്‍ അത് മിക്കവാറും താരന്‍ കൊണ്ടായിരിക്കും. തണുപ്പുകാലങ്ങളില്‍ താരന്‍ സ്വാഭാവികമാണ്. എണ്ണ അധികം ഉപയോഗിക്കാതിരിക്കുകയും താരന്‍ മാറ്റാനായി ഉപയോഗിക്കുന്ന ഷാമ്പൂകൊണ്ട് മുടി കഴുകുകയും ചെയ്യുക. തലയോട്ടിയില്‍ വെളുത്ത പൊറ്റകള്‍ കൂടുതലാവുകയോ ചൊറിച്ചിലുണ്ടാവുകയോ ചെയ്താല്‍ അതിനു കാരണം ചര്‍മ്മരോഗമാവാം. ഒരു ചര്‍മ്മരോഗവിദഗ്ദനായ ഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങുക.
നീന്തല്‍ക്കുളത്തിലെ വെള്ളത്തിലടങ്ങിയ ക്ലോറിന്‍ മുടിക്ക് ഹാനികരമായേക്കാം. നീന്തുമ്പോള്‍ തലയില്‍ സിം ക്യാപ്പ് ധരിക്കുക. നീന്തുന്നതിനു മുമ്പും നീന്തിക്കഴിഞ്ഞശേഷവും ബാത്ത് റൂമില്‍ വെച്ച് തലമുടി വെള്ളത്തില്‍ നന്നായി കഴുകണം.
ഒരു വ്യക്തിയുടെ സൗന്ദര്യം നിര്‍ണ്ണയിക്കുന്നത് ചര്‍മത്തിന്റെ നിറമോ രൂപഭംഗിയോ അല്ല. പുഞ്ചിരിക്കുന്ന മുഖം, ഹൃദയത്തെ ആകര്‍ഷിക്കുന്ന വ്യക്തിത്വം, സൗഹൃദബന്ധങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യം, ജീവിതത്തെക്കുറിച്ച ശുഭാപ്തിവിശ്വാസം, സര്‍വോപരി സത്യസന്ധമായ ഒരു നല്ല മനസ്സ് ഇതെല്ലാമുള്ള ഒരു വ്യക്തിക്ക് തീര്‍ച്ചയായും സൗന്ദര്യമുണ്ടെന്നു പറയാം. നിങ്ങളുടെ ശരീരത്തില്‍ എന്താണ് ഇഷ്ടമില്ലാത്തത് എന്നോര്‍ത്തു വിഷമിക്കാതെ നിങ്ങള്‍ക്ക് പ്രത്യേകത നല്‍കുന്ന കാര്യങ്ങള്‍ (ചിരി, കണ്ണുകള്‍, നര്‍മഭാഷണം, ദയ തുടങ്ങിയവ) ഇഷ്ടപ്പെടാന്‍ ശ്രമിക്കുക.