(ആമിനുമ്മയുടെ ആത്മകഥ - 4)
ഉംബായിയും ഖാലിദ് മൂപ്പനും അബ്ദുറഹിമാന് മുസ്ലിയാരും നേരേ ഹസ്രത്തിന്റെ മുറിയിലേക്കാണ് പോയത്. ചാരു കസേരയില്‍ പക്ഷേ, അദ്ദേഹത്തെ കാണാനുണ്ടായിരുന്നില്ല. അടുക്കള ഭാഗത്തും കുളിമുറിയിലും ഉംബായി പരിശോധന നടത്തി. പുറത്ത് അദ്ദേഹം സമയം ചെലവഴിക്കാറുള്ള മരത്തണലിലും ഹസ്രത്ത് ഇല്ല. ഉംബായി പതുക്കെ പുറത്തേക്കിറങ്ങി വഴിയിലൊക്കെ രഹസ്യമായി അന്വേഷണം തുടങ്ങി. ഖാലിദ് മൂപ്പനും മുസ്ലിയാരും തിരിച്ചുവന്നു.
ഉംബായിക്ക് അപ്പോഴാണ് പുരുഷോത്തമ പൊതുവാളിനെ കുറിച്ച് ഓര്‍മവന്നത്. ഹസ്രത്ത് ചില നേരങ്ങളില്‍ പൊതുവാളിനെ അന്വേഷിച്ച് പോകാറുണ്ട്. പൊതുവാള് കുറേകാലം ദില്ലിയിലായിരുന്നു. ചെറുപ്പം മുതല്ക്കേ സംഗീതത്തോട് കമ്പമുണ്ട്. കൊച്ചി രാജാവ് കേരളവര്‍മയുടെ സില്ബന്ധികള്ക്ക് കണക്കെഴുത്തായിരുന്നു പിതാവിന് പണി. മകനും മികച്ച കണക്കെഴുത്തുകാരനാകുമെന്ന് സ്വഭാവികമായും അഛന് സ്വപ്നം കണ്ടു. പക്ഷേ, പരീക്ഷാകാലത്തും പാട്ടുകച്ചേരി അന്വേഷിച്ചു നടക്കുകയായിരുന്നു പൊതുവാള്. മൂന്നാം തരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും മൊട്ട കിട്ടി. പഠിക്കുന്ന കുട്ടികള്‍ക്ക് പരീക്ഷക്ക് മൊട്ട കിട്ടുന്നത് അക്കാലത്ത് വലിയ അപമാനമായിരുന്നു. പൊതുവാള് പതുക്കെ നാടുവിട്ടു. കള്ള വണ്ടികള്‍ മാറിക്കയറി എത്തിചേര്‍ന്നത് ദില്ലിയില്‍. ദില്ലിയാണെന്നൊന്നും അന്ന് പൊതുവാളിനറിയില്ലായിരുന്നു. തമിഴ് നാട്ടില്‍ നിന്നും കുടിയേറിയ ഒരു സത്രീയോടൊപ്പം ഭിക്ഷയാചിച്ചുള്ള ജീവിതം. ഭജനകളിലും കവാലികളിലും യഥേഷ്ടം പങ്കെടുത്തു. ഗുരുക്കന്മാരോടൊപ്പം നാടുതെണ്ടി. സംഗീതം സിരകളിലൂടെയൊഴുകി. അലച്ചില്‍ മടുത്തപ്പോള്‍ റിക്ഷാവാലയായി. ഹിന്ദി പച്ചവെള്ളം പോലെ സംസാരിക്കും. ഹസ്രത്തും പൊതുവാളും ചേര്‍ന്നാല്‍ ഹിന്ദിയുടെ മേളമായിരിക്കും. ദില്ലിയെകുറിച്ചുള്ള സംസാരമാണെപ്പോഴും. ഖവാലിയും മൂളും. ആവി പറക്കുന്ന സുലൈമാനി രണ്ടാളും മൊത്തി കുടിക്കും.
ഹസ്രത്താണ് പൊതുവാളിനെ ജനവാടിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ചത്. ചന്തയിലേക്കുള്ള വഴിയുടെ വലത്തുവശത്തു താമസിച്ചിരുന്നത് മുസ്ലിംകളായിരുന്നു. ഇടതുവശത്ത് ഹിന്ദുക്കളും മറ്റും. ജനവാടി ഒത്ത നടുക്കും. ജനവാടിയെ ചുറ്റിവേണം എല്ലാവര്ക്കും ചന്തയിലേക്കും ബസാറിലേക്കും നീങ്ങുവാന്‍. ഖാലിദ് മൂപ്പനോടും മുസ്ലിയാരോടും പറഞ്ഞു പൊതുവാളിന് ഒരു മുറി ജനവാടിയില്‍ ഹസ്രത്തിനു സമീപം ശരിയാക്കി കൊടുത്തു. ഹിന്ദുവും മുസ്ലിമും ഇതര മതസ്ഥരും ഈ മണ്ണില്‍ പിറന്ന കൂടപ്പിറപ്പുകളാണെന്നാണ് ഹസ്രത്തിന്റെ വാദം. ഓരോരുത്തരും വെവ്വേറെ മാറിത്താമസിക്കുന്നത് ശരിയല്ല. കൂട്ടംകൂടി കൂടിക്കലര്ന്നുവേണം ജീവിക്കാന്‍. പള്ളിമണിയും ബാങ്കൊലിയും ശംഖുവിളിയും ഒന്നിച്ചു മുഴങ്ങണം. പൊതുവാള് താമസമാക്കിയതിനു ശേഷം പിന്നീട് ജൈനരും ഗൗഡ സാരസ്വത ബ്രാഹ്മണരും രജപുത്രരും മറാഠികളും ധാരാളമായി ജനവാടിയില്‍ ചേക്കേറി. ക്രൈസ്തവരും ജൂതന്മാര് പോലും അവിടെ ജീവിച്ചു. ജോസഫൈനാണ് ജൂതന്മാരുടെ പ്രതിനിധിയായി അവസാനകാലം വരേ ജനവാടിയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം വാഗ്ദത്തഭൂമിയിലേക്ക് ചേക്കേറിയപ്പോഴും, ജോസഫൈന് മാത്രം ജനവാടി വിട്ടില്ല. ക്ഷണിക്കാന്‍ വന്ന ജൂതകുടംബാംഗങ്ങളോട് അദ്ദേഹം പറഞ്ഞു.
ഇതാണ് മക്കളെ എന്റെ വാഗ്ദത്തഭൂമി. കറുത്ത ജൂതന്മാരുടെ ഇവിടുത്തെ പള്ളിക്ക് സമീപമുള്ള ഈ ജനവാടി. ഈ പള്ളി സംരക്ഷിക്കാനും ഒരു ജൂതന് വേണ്ടേ.
പള്ളിയുടെ കാര്യം അവര്‍ക്ക് നന്നേ ബോധിച്ചു. അവരെല്ലാവരും ഇസ്രായേലിലേക്ക് യാത്രയായി. ജോസഫൈന് ആഗ്രഹം പോലെ അവിടെകിടന്നു അന്ത്യശ്വാസം വലിച്ചു. കറുത്ത ജൂതന്മാരുടെ പള്ളിയിലാണയാളെ അടക്കം ചെയ്തത്. കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അബ്ദുറഹിമാന് മുസ്ലിയാര്. ഇങ്ങിനെയുള്ള മനുഷ്യസ്നേഹം ജനവാടിക്കാരെ പഠിപ്പിച്ച പൊന്നടയാളങ്ങളായിരുന്നു ഹസ്രത്തും പൊതുവാളും.
ഉംബായിക്ക് പക്ഷേ, പൊതുവാളിന്റെ മുറിയിലും ഹസ്രത്തിനെ കാണാന്‍ കഴിഞ്ഞില്ല. പൊതുവാളും അവിടെയുണ്ടായിരുന്നില്ല. ഇനി രണ്ടും പേരും കൂടി എങ്ങോടെങ്കിലും യാത്രയായതാണോയെന്നും സംശയമായി.
എന്നോടോ ആയിഷുവിനോടോ പറയാതെ ഹസ്രത്ത് എങ്ങും പോകില്ല.
മൂപ്പന് തറപ്പിച്ചു പറഞ്ഞു.
ഏതുനേരവും ആയിഷു ഹസ്രത്തിനു ഏലക്കയിട്ട കട്ടന്‍ ചായ തയ്യാറാക്കികൊടുക്കും. ചൂടോടെ അത് കുടിക്കുന്നതാണ് ഹസ്രത്തിനിഷ്ടം. അതുകൊണ്ട് ആയിഷ അറിയാതെ ഹസ്രത്ത് എങ്ങും പോകില്ല.
ഖാലിദിക്കാ ഇന്ന് ബോട്ടു പോയെങ്കിലും മീനൊന്നും കേറീല്ല. ഇടക്കുവെച്ചു കടല്‍ കോലം മാറുകേം ചെയ്തു. ഞങ്ങയിങ്ങ് തിരിച്ചുകേറി. ഡീസല്‍ കാഷും വെള്ളത്തിന്റേം ചെലവിന്റേം കാഷും തരകനെ ഏല്‍പ്പിച്ചിട്ടുണ്ട്.
ബോട്ടിന്റെ സ്രാങ്കാണ് വന്നു പറഞ്ഞത്.
പോട്ടെടോ നാളെ നോക്കാം... അല്ലാഹു വലിയവനല്ലേ. അവന്റെ ഖസാന വിശാലമാണ്.
കോലായിയില്‍ തന്നെ മുളകുവെള്ളം തയാറാക്കി കാത്തിരിക്കുകയായിരുന്നു ഹസീനയും കൂട്ടരും. മുളകുവെള്ളത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ മുസ്ലിയാരോട് പങ്കുവെച്ചു ജാസ്മിനും മുംതാസും.. മുസ് ലിയാര്‍ ഉടന്‍ തന്നെ എല്ലാവരോടും ഓരോ കോപ്പ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഹസീനയോട് മുളകുവെള്ളം കോപ്പയിലേക്കൊഴിക്കുവാനും. ശേഷം അതെല്ലാം അവരോടു തന്നെ കുടിക്കാനും പറഞ്ഞു. ഹസീനയൊഴിച്ചുള്ള പെണ്‍കുട്ടികളെല്ലാം കരച്ചിലിന്റെ വക്കിലായി.
ഹസീന, നിന്റെ ബുദ്ധി കൊള്ളാം. നീ ഇവിടെയൊന്നും ജനിക്കേണ്ടവളല്ല. നിനക്ക് നല്ല ഭാവിയുണ്ട്. ഇതെല്ലാം നമുക്ക് ആവശ്യം വരുമ്പം ഉപയോഗിക്കാം. തല്ക്കാലം ഇതെല്ലാം അടുക്കളയില്‍ തന്നെ വച്ചിട്ട് എല്ലാരും കുടുംബത്ത് പോകാന്‍ നോക്ക്.
മുസ്ലിയാര് എല്ലാ പെണ്സൈന്യത്തേയും പിരിച്ചുവിടുന്ന സമയത്താണ് പോലീസ് വീണ്ടുമെത്തിയത്.
ആരാണ് ഉംബായി?
പോലീസ് ഓഫീസര്‍ ചോദിച്ചതും ഖദീശു വലിയ വായില്‍ കരയാന്‍ തുടങ്ങി.
സ്റ്റേഷന് വരെ ചെല്ലാന്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. കൂട്ടിെക്കാണ്ടു പോകാനാണ് ഞാന്‍ വന്നത്.
ഉംബായിയെ തനിച്ചു വിടാനുള്ള ധൈര്യം മൂപ്പനുണ്ടായിരുന്നില്ല. ഹസ്രത്തിനെ അന്വേഷിക്കുകയും വേണം. മൂപ്പന് വിഷമത്തിലായി.
മുസ്ലിയാര് പറഞ്ഞു.
മൂപ്പാ... നീയും ഉംബായിയുടെ കൂടെ സ്റ്റേഷനിലേക്ക് ചെല്ല്. ഞാന്‍ ഹസ്രത്തിനെ അന്വേഷിക്കാം. എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ എന്നെ അറിയിക്കാനായി ആളെ അയക്കണം. ഞാന്‍ ഉടനെ എത്താം.
ഖാലിദും ഉംബായിയും സ്റ്റേഷനിലെത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്.
ഇന്സ്പെകറുടെ മുറിയില്‍ ഹസ്രത്തിരിക്കുന്നു. ചുറ്റും പോലീസുകാരും. ഹസ്രത്ത് എന്തൊക്കെയോ പറയുന്നുണ്ട്. പോലീസുകര്‍ക്ക് പക്ഷേ, ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ഹസ്രത്ത് പറഞ്ഞതനുസരിച്ചാണ് അവര്‍ ഉംബായിയെ കൂട്ടിക്കൊണ്ടുവന്നത്. കാര്യങ്ങള്‍ പോലീസുകാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍.
വളരെ പതിയെ ഹസ്രത്ത് പറഞ്ഞു തുടങ്ങി.
മകളെ അന്വേഷിച്ചലഞ്ഞു നടക്കുകയാണ്. മഴയും വെയിലും കൊണ്ട്. തണുപ്പും ചൂടും അനുഭവിച്ച്. വിശപ്പും ദാഹവും സഹിച്ച്. വര്‍ഷങ്ങളായി ഈ നാടു ചുറ്റല് തുടങ്ങിയിട്ട്. നിസാമുദ്ദീനിലാണ് വീട്. ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയുടെ അടുത്ത്. ചിശ്തിയ തരീഖത്തിലെ സൂഫീവര്യന്മാരില്പെട്ട ശൈഖ് ബഹാവുദ്ദീന്‍ സകരിയ്യയുടെ താവഴിയില്‍ പെട്ടതാണ് കുടുംബം. ജമാഅത്ത് ഖാന എന്നറിയപ്പെട്ടിരുന്ന സൂഫീ പണ്ഡിതന്മാര് രാജകുടുംബാംഗങ്ങള്‍ക്കായി നടത്തിയിരുന്ന പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പുരാതന കുംടുംബം. കുടംബത്തില്‍പ്പെട്ട പുരുഷന്മാരെ ബഹുമാനപുരസരം എല്ലാവരും ഉസ്താദ് എന്നാണ് വിളിച്ചിരുന്നത്.
ദര്‍ഗയുടെ മുറ്റത്ത് വ്യാഴാഴ് ച വൈകുന്നേരങ്ങളില്‍ കവാലി സംഘടിപ്പിക്കാറുണ്ട്. ഹസ്രത്ത് കവാലിയിലെ എല്ലാവര്ക്കും ഇഷ്ടമുള്ള പാട്ടുകാരനായിരുന്നു. മകള്‍ മെഹറുന്നീസാ ബീഗവും ചിലപ്പോള്‍ ഹസ്രത്തിന്റെ കൂടെ ദര്‍ഗയിലെത്തും. അമീര്‍ കുസ്രുവിന്റെ പാട്ടുകള്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. പെണ്സദസ്സുകളില് അവളും പാട്ടുകള്‍ മൂളും. ഹിന്ദുക്കളും മുസ്ലിംങ്ങളുമടങ്ങുന്ന വന്‍ ജനാവലി എന്നും ദര്‍ഗയിലെത്തും. പാട്ടും പ്രാര്‍ഥനയുമായി സമയം ചെലവഴിക്കും. മസ്ജിദിന്റേയും മന്ദിറിന്റേയും ദര്ഗയുടേയും മുറ്റത്ത് കുട്ടികള്‍ കളിച്ചുല്ലസിക്കും. ഭജനയും കവാലിയും ആസ്വദിച്ചു മാതാപിതാക്കള്‍ താളം പിടിക്കും. ചുട്ട ഇറച്ചിയും ബിരിയാണിയും ചപ്പാത്തിയും പാകം ചെയ്യുന്ന കടകളില്‍ നിന്നുള്ള പുകയും ഗന്ധവും മത്തുപിടിപ്പിക്കും.
ആയിടക്കാണ് ചില ഘോഷയാത്രകളും പ്രകടനങ്ങളും ദര്‍ഗയുടെ വഴിത്താരയിലൂടെ തുടര്‍ച്ചയായി ആരവമുയര്‍ത്തി കടന്നുപോകുന്നത്. ചിലര്‍ ദര്‍ഗയുടെ അടുത്തെത്തുമ്പോള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. ചിലരതിനെ എതിര്‍ത്തു. മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ നോക്കുന്നവര്‍ നാടുവിടണമെന്ന് പറഞ്ഞ് ബഹളം തുടങ്ങി. തൊട്ടടുത്ത് താമസിക്കുന്ന രാംമാധവും കൂട്ടരും അതും പറഞ്ഞു ബിരിയാണി കടകള്‍ക്ക് നേരേ കല്ലെറിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് ഹസ്രത്തിന് ഓര്‍മയില്ല. ആരോ പുറകെ ഓടി വന്ന് തലയില്‍ വെട്ടിയതോര്മയുണ്ട്. ഏറെ കാലം ആശുപത്രിയില്‍ കഴിഞ്ഞു. തിരിച്ചെത്തിയതും ഭാര്യയുടെ ഖബറിടം സുഹൃത്ത് പര്വീന് ആലം കാണിച്ചു തന്നു. മകളെ കുറിച്ചുള്ള ചോദ്യത്തിന് ആരും ഉത്തരം തന്നില്ല. അന്നും ഇന്നും.
ഹസ്രത്ത് പറഞ്ഞത് വള്ളിപുള്ളി വിടാതെ ഉംബായി വിവരിച്ചു. പോലീസുകാരെല്ലാം തരിച്ചിരുന്നാണ് ഉംബായിയുടെ വാക്കുകള്‍ ശ്രദ്ധിച്ചത്.
"ഇന്‍സ്പെക്ടര്‍ ആപ് ജാന്താ ഹൈ, മോരീ ബേട്ടി കിദര്‍ ഹൈ?"
ഇന്‍സ്പെക്ടര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഇത് ഏതു കാലത്തു നടന്ന സംഭവമാണെന്നു പോലും അദ്ദേഹത്തിനു മനസ്സിലായിരുന്നില്ല.
ഖാലിദ് മൂപ്പന് പറഞ്ഞു.
"മെഹറുന്നീസാ ബീഗം"
ആ പേരുള്ള ഒരു സ്ത്രീ കാരപ്പാലത്തിനടുത്ത് താമസിക്കുന്നുണ്ടല്ലോ. ഞാന്‍ മീന്‍ കൊടുക്കാറുണ്ട്. ഹിന്ദി മാത്രമേ സംസാരിക്കൂ. ഒരു പത്തമ്പത് വയസ്സുകാണും.
അതുകേട്ടതും പോലീസ് ജീപ്പ് ഉടന്‍ തന്നെ കാരപ്പാലത്തിനു സമീപത്തേക്കു പറന്നു.
(തുടരും)
വര: തമന്ന സിത്താര വാഹിദ്