കാരുണ്യത്തിന്റെ ഒറ്റത്തുരുത്തുകള്‍

ധന്യ ഇന്ദു
ഏപ്രില്‍ 2024
ജീവിതത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ എപ്പോഴോ വേദനയുടെ, സ്നേഹത്തിന്റെ, കരുതലിന്റെ, ആശ്വാസത്തിന്റെ, രോഷത്തിന്റെ... പാടുണ്ടാക്കി കടന്നുപോയ മുഖങ്ങള്‍ നിങ്ങളുടെ മനസ്സിലുണ്ടോ? എങ്കില്‍ ആരാമത്തിലേക്കയക്കൂ

(മായാത്ത മുഖങ്ങള്‍)

2010-ലെ പനിക്കാലത്ത് മനോരമ ന്യൂസിന്റെ കോഴിക്കോട്  ബ്യൂറോയിലിരുന്ന് വാര്‍ത്ത തയ്യാറാക്കുകയാണ് ഞാന്‍. ഇതൊന്നു കൊടുത്തിട്ട് വേണം പനിക്കോളുള്ള എനിക്ക് ഡോക്ടറെ കാണാന്‍ പോകാന്‍. ഇടയ്ക്കിടെ വീട്ടില്‍നിന്ന് വിളിക്കുന്നുണ്ട്. ഒന്നുമാലോചിക്കാതെ കട്ട് ചെയ്യുന്നുമുണ്ട്. കല്യാണനിശ്ചയം കഴിഞ്ഞു രണ്ടു ദിവസമായിട്ടെയുള്ളൂ തിരിച്ചുവന്നിട്ട്.  രാവിലെ ഉറക്കത്തില്‍നിന്ന് എണീപ്പിക്കുന്നത് വീട്ടിന്നുള്ള വിളികളാണ്. അന്നും രാവിലെ വിളിച്ചതാണ്, ഇപ്പോ രണ്ടു മണിക്കൂറുപോലുമായില്ലല്ലോ, വാര്‍ത്ത കൊടുത്തിട്ട് തിരിച്ചുവിളിക്കാം എന്ന് വിചാരിക്കുകയും ചെയ്തു. തിരക്കൊന്നടങ്ങിയപ്പോള്‍ തിരിച്ചുവിളിച്ചു:

'മോളേ... ചിറ്റയുടെ ശബ്ദം. അച്ഛന് സുഖമില്ലാതായി. രാവിലെ മുരിങ്ങയില പറിക്കാന്‍ പോയതാ. കാണാഞ്ഞിട്ട് പോയി നോക്കിയപ്പോ മുരിങ്ങച്ചോട്ടില്‍ കിടക്കണു. അപ്പത്തന്നെ ആശുപത്രില് കൊണ്ടുപോയി.

പിന്നൊന്നും ഞാന്‍ കേട്ടില്ല. അപ്പോത്തന്നെ ഓഫീസില്‍ നിന്നിറങ്ങി. ആശുപത്രീലുണ്ടായിരുന്ന അങ്കിളിനെ വിളിച്ചപ്പോ, കുഴപ്പമൊന്നുമില്ല എന്നറിയിച്ചതോടെ ആശങ്ക മാറി. ഞാനങ്ങോട്ട് ചെല്ലട്ടെ, ചുമ്മാ മനുഷ്യനെ പേടിപ്പിച്ചതിന് മൂക്കിനിട്ടിടിക്കണം, ഞാന്‍ ഉറപ്പിച്ചു.
ബസ് ചുരം കയറുമ്പോ ദാ കൂട്ടുകാരന്‍ ഇച്ചു വിളിക്കുന്നു.
'ഡാ ഞാനേ അങ്ങോട്ട് വന്നോണ്ടിരിക്കുവാ. നീ ലിയോ ആശുപത്രിയിലേക്ക് വാ.. അച്ഛനെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.'
ഫോണ്‍ എടുത്ത്  ഞാനൊരൊറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു. അവനൊന്നും മിണ്ടുന്നില്ല.
'ഹലോ ഹലോ'
റേഞ്ച് പോയെന്നു വിചാരിച്ച് ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എവിടെ നിന്നെന്നോ പോലെ അവന്റെ മറുപടി ഞാന്‍ കേട്ടു.
'നീ ആശുപത്രിലേക്ക് വരണ്ട, വീട്ടിലേക്ക് പൊക്കോ.'
ഞാന്‍ മൊത്തം തമാശമൂഡിലായി. എന്നോട് വരണ്ടാന്നോ? പിന്നെങ്ങനെ അച്ഛനെ കാണും? മനുഷ്യനെ പേടിപ്പിച്ചതിന് മൂക്കിനിടിക്കും?
'അച്ഛന്‍ പോയെടാ.. 'എന്നവന്‍ പറഞ്ഞ നിമിഷം എനി എനിക്കു ചുറ്റും ലോകം അനങ്ങാതായി. ഞാന്‍ നിര്‍വികാരയായി. ഫോണെടുത്ത് സുനിലിനെ വിളിച്ചു ഒന്നും മിണ്ടാതിരുന്നു. മനസ്സില്‍ നിറയെ അച്ഛനാണ്.

* * * * *
ആന കളിപ്പിക്കുന്ന അച്ഛന്‍, സ്വര്‍ണ മുടിയുള്ള പാവക്കുട്ടിയേം മാമൂട്ടണം എന്ന വാശിക്ക് കൂട്ടുനില്‍ക്കുന്ന അച്ഛന്‍, പെറ്റിക്കോട്ടുകാരിയെ മടിയിലിരുത്തി കാബൂളിവാലയുടെ, തെനാലിരാമന്റെ, ആന്റന്‍ ചെക്കോവിന്റെ കഥ പറഞ്ഞുതരുന്ന അച്ഛന്‍, എനിക്ക് സ്‌കൂളില്‍ പോണ്ട, കല്യാണം കഴിച്ചാ മതീന്ന് പറഞ്ഞ് കരയുന്ന ഒന്നാം ക്ളാസുകാരിയോട് മോള് ഇന്നൂടി മാത്രം പോയാ മതീ, നാളെ മുതല്‍ പോകണ്ടാന്നു പറയുന്ന അച്ഛന്‍, വെന്ത വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കുന്ന അച്ഛന്‍, പനി വരുമ്പോ രാത്രിയിലും ഉറങ്ങാതിരുന്ന് മരുന്ന് തരുകയും നെറ്റിയില്‍ തുണി നനച്ചിടുന്ന, നിറയെ തേങ്ങാക്കൊത്തിട്ട കടലത്തോരന്‍ ഉണ്ടാക്കിത്തരുന്ന അച്ഛന്‍, ഞായറാഴ്ചകളില്‍ കിടന്നുറങ്ങുന്ന അച്ഛന്റെ മുഖത്ത് കണ്മഷി കോലങ്ങള്‍ വരച്ചിരുന്ന ഞാനും നിത്യയും, ആറാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠത്തില്‍ ബാംഗിള്‍ സെല്ലര്‍ എന്ന കഥ പഠിപ്പിച്ചപ്പോ കരഞ്ഞ എന്നെ ഇത് കഥയല്ലേടാ കുട്ടാ എന്ന് പറഞ്ഞു ആശ്വസിപ്പിച്ച അച്ഛന്‍, ഞാന്‍ വഴിയരികില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന പട്ടിക്കുഞ്ഞിനെ ഇറക്കിവിട്ടതിനെ തുടര്‍ന്ന് എനിക്ക് കരഞ്ഞ് പനി വന്നപ്പോ സോറി പറഞ്ഞ അച്ഛന്‍, സൈക്കിളോടിക്കാന്‍ പഠിപ്പിക്കുന്ന, ലളിതാസഹസ്രനാമം ചൊല്ലിത്തരുന്ന, അമ്മയുടെ പിരീഡ്സ് ദിവസങ്ങളില്‍ വയറ്റില്‍ ചൂടുപിടിച്ചു കൊടുക്കുന്ന അച്ഛന്‍, എനിക്ക് കിട്ടുന്ന റാങ്കുകളിലും സമ്മാനങ്ങളിലും അഭിമാനിച്ചിരുന്ന, കിട്ടാത്ത സമ്മാനങ്ങളാണ് ജീവിതത്തെ പരുവപ്പെടുത്തുന്നത് എന്ന് പറയുന്ന അച്ഛന്‍, ഓണക്കാലത്ത് പൂക്കളം ഇടണമെന്നും പൂ പറിക്കാന്‍ പോകണമെന്നും അത് കഴിഞ്ഞുള്ള മാര്‍ക്ക് മതി പരീക്ഷകള്‍ക്കെന്നും പറഞ്ഞ അച്ഛന്‍, പ്രീ ഡിഗ്രിക്ക് ഹോസ്റ്റലില്‍ കൊണ്ടുപോയാക്കിയ അന്ന്, ഇനി മുതല്‍ മോള് ചെറിയ കുട്ടിയല്ല  എന്ന് പറഞ്ഞ, ആഴ്ചയവസാനങ്ങളില്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വരുമ്പോ എന്റെ ബാഗ് കണ്ട് നീയിവിടെ കുളീം നനേമൊന്നുമില്ലേ എന്ന് കളിയാക്കിയിരുന്ന അച്ഛന്‍, ആദ്യമായി കല്യാണാലോചന വന്ന ദിവസം നീയിത്ര വല്യ പെണ്ണായോ എന്ന് ചോദിച്ച അച്ഛന്‍, സാമ്പത്തികമായി തകര്‍ന്നൊരു കാലത്ത് എന്റെ വിദ്യാഭ്യാസ വായ്പയുടെ തുക ചോദിക്കാനായി തളര്‍ന്ന മുഖത്തോടെ ഹോസ്റ്റലിലേക്ക് വന്ന അച്ഛന്‍, എന്റെ മുട്ടന്‍ വഴക്കുകളില്‍ പിണക്കങ്ങളില്‍ എങ്ങോട്ടോ നോക്കിയിരിക്കുന്ന അച്ഛന്‍,  അച്ഛന്റെ  കമ്പനികളോടുള്ള അനിഷ്ടം പ്രകടിപ്പിക്കുമ്പോള്‍ കാണിച്ചിരുന്ന നിസ്സംഗത, അതിന്റെ പേരില്‍ ഉണ്ടായിട്ടുള്ള മിണ്ടാതിരിക്കലുകള്‍,  പറമ്പില്‍ പണിക്കാരോടൊപ്പം പണിയെടുത്ത് അവരോടൊപ്പം പൊട്ടിച്ചിരിക്കുന്ന അച്ഛന്‍, കൃഷിയിറക്കിയ പാടം മുഴുവന്‍ വരണ്ടുണങ്ങി പോയപ്പോള്‍ എത്ര പേരുടെ എത്ര നേരത്തെ അധ്വാനമാണിങ്ങനെ നശിച്ചുകിടക്കുന്നത് എന്നോര്‍ത്ത് സങ്കടപ്പെടുന്ന, ചോദിക്കുന്നവര്‍ക്കെല്ലാം ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം കൊടുക്കുന്ന, കൂട്ടുകാരന്റെ മകന്റെ വീട്ടുകാരറിയാത്ത പ്രണയകല്യാണത്തിന് സമ്മാനമായി എന്റെയമ്മയുടെ കരിമണിമാല എടുത്തുകൊണ്ടുപോയ അച്ഛന്‍ (അതിന് വീട്ടിലുണ്ടായ പുകിലുകള്‍...) മമ്മി പറഞ്ഞിട്ടുണ്ട്, എന്റെ കാത് കുത്തിയപ്പോള്‍ എന്നേക്കാള്‍ മുന്നേ കരഞ്ഞത് അച്ഛനാണെന്ന്. ഞാനതു പറഞ്ഞ് എത്ര കളിയാക്കിയിരിക്കുന്നു.

എനിക്ക് കല്യാണമായപ്പോള്‍ അച്ഛന്‍ പറഞ്ഞു: 'എന്റെ മോള്‍ക്ക് ഒരു ഭര്‍ത്താവിനെ വേണംന്ന് അച്ഛനാഗ്രഹമില്ല. എന്റെ മോള്‍ക്കൊരു കൂട്ട് വേണമെന്നേ ആഗ്രഹമുള്ളൂ. എന്നുവെച്ച് ഒന്നും മാറുന്നില്ല. ഈ വീടും ഞങ്ങളും എന്നും നിന്റെയാണ്. നിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും സമ്മതിക്കരുത്'- എന്തൊരു വാക്കുകളായിരുന്നു അത്!
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പെട്ടെന്ന് അടുത്തിരുന്ന ചേച്ചി എന്റെ കൈയെടുത്ത് തെരുപിടിച്ചു, എന്നെ ചേര്‍ത്ത് പിടിച്ചു, എന്റെ സങ്കടം അവരുടെ ചുമലുകള്‍ ഏറ്റുവാങ്ങി. അവരൊന്നും മിണ്ടാതെ എന്റെ കണ്ണുകള്‍ തുടച്ചു തന്നുകൊണ്ടേയിരുന്നു. മീനങ്ങാടിയില്‍ ഞാനിറങ്ങിയപ്പോ അവരും കൂടെയിറങ്ങി. വീട്ടില്‍നിന്ന് എന്നെ കൂട്ടാനെത്തിയവരെ കണ്ട് ഞാന്‍ പൊട്ടിപ്പിളര്‍ന്നു. ഇതിനിടയില്‍ അവരെ പറ്റി ഞാന്‍ ഓര്‍ത്തതേയില്ല..

അന്നോര്‍ത്തില്ലെങ്കിലും കാപ്പിക്കളര്‍ സാരിയുടുത്ത, കണ്ണട വച്ച, മൂക്കിന്റെ തുമ്പത്ത് ചുവന്ന കുരുവുണ്ടായിരുന്ന, അതിനു മുമ്പൊരിക്കലും കാണാത്ത ചേച്ചീ നിങ്ങളെയെനിക്ക് ഒരുപാടിഷ്ടമാണ്. അന്നത്തെ കാരുണ്യവും കരുതലും മറക്കില്ല ഒരിക്കലും.
ചില കാര്യങ്ങള്‍ അങ്ങനെയാണ്, പകരമായി നല്‍കാന്‍ ഒന്നുമുണ്ടാവില്ല, അല്ലെങ്കില്‍ എന്തു നല്‍കിയാലും പകരമാവില്ല. അച്ഛന്‍ എനിക്ക് നിറഞ്ഞ തണല്‍ തന്നിരുന്ന ഒറ്റമരമായിരുന്നു.

അതുപോലെയാ ചേച്ചി...ഒരിക്കല്‍പോലും അതിനു മുമ്പു കാണാത്ത, ഇനിയെന്നെങ്കിലും കാണുമോ എന്നറിയാത്ത കാരുണ്യക്കടല്‍.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media