മനസ്സില്‍ സന്തോഷം പെയ്തിറങ്ങുകയും കൂട്ടുകുടുംബവും ബന്ധുമിത്രാദികളും സുഹൃദ്‌വലയവും കൂടിച്ചേരുകയും ചെയ്യുന്ന ദിനങ്ങളാണ് ആഘോഷ വേളകള്‍. ആഹ്ലാദത്തിന്റെ ദിനങ്ങളാണത്. മനുഷ്യമനസ്സിനെ നിര്‍മലമായ സ്‌നേഹത്തോടെ എതിരേല്‍ക്കാന്‍ പഠിപ്പിക്കുന്ന ആഘോഷ ദിനങ്ങള്‍ എല്ലാ പ്രത്യയശാസ്ത്ര മത ജീവിതങ്ങളിലുമുണ്ട്. എന്നാല്‍, ഈദ് ഇതില്‍നിന്നെല്ലാം വ്യതിരിക്തമാകുന്നത് ആത്മീയാനുഭൂതിയുടെ ആഘോഷമെന്ന നിലക്കാണ്. മനുഷ്യനെന്ന ജീവിയാണ് ഭൂമിയില്‍ ഏറ്റം ആദരിക്കപ്പെട്ട സൃഷ്ടി. ആദരവോടെയും പവിത്രതയോടെയും കാണേണ്ടതാണ് മനുഷ്യര്‍ തമ്മിലെ ബന്ധങ്ങള്‍. മാനവികമായ കോണിലൂടെയാണ് ഓരോ ബന്ധങ്ങളെയും കാണാന്‍ പഠിപ്പിക്കപ്പെട്ടത്. ബന്ധുമിത്രാദികളെയും കൂട്ടുകുടുംബത്തെയും സന്ദര്‍ശിക്കലും സൗഹൃദങ്ങള്‍ പുതുക്കലും പെരുന്നാളിലെ ആഘോഷങ്ങളില്‍ ഉള്‍ച്ചേര്‍ന്ന ആരാധനയുടെ മഹനീയതയാണ്. അതുകൊണ്ടാണ് നാം ഓരോരുത്തരും ഈദ് ഗാഹുകളില്‍ നിന്നും ബന്ധുത്വത്തെ അന്വേഷിച്ച് ചെന്ന് സന്തോഷം പങ്കുവെക്കുന്നത്.
മാനവികതയുടെ അംശങ്ങള്‍ ജീവിത പരിസരത്തുനിന്ന് അകറ്റി വെറുപ്പിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മാനവിക മൂല്യങ്ങളോട് ബലാല്‍ക്കാരം പ്രവര്‍ത്തിക്കുന്നവരാണവര്‍. ചോറുണ്ണാന്‍ വീടും നോമ്പു തുറക്കാന്‍ പള്ളിയുമില്ലാതെ, മാതാവിന്റെ ലാളനയും പിതാവിന്റെ കരുതലുമില്ലാതെ, നോമ്പ് നോറ്റ ഫലസ്തീനിലെ കുഞ്ഞു മക്കള്‍... അവരും ഈദ് ആഘോഷിക്കുകയാണ്. ഫാഷിസത്തിന്റെയും സയണിസത്തിന്റെയും ക്രൂരതക്കിടയിലും തഖ്‌വയുടെ കരുത്തിനാല്‍ പെരുന്നാളിനെ ആഘോഷമാക്കുകയാണവര്‍. വെറുപ്പിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയ കാലാവസ്ഥയില്‍ വിശ്വാസി ആചരിക്കുന്ന പെരുന്നാളാഘോഷത്തിന് വലിയ മാനമുണ്ട്. സഹജീവി സ്‌നേഹമെന്ന ആദര്‍ശക്കരുത്താണ് നമ്മുടെ പെരുന്നാളാഘോഷത്തിന്റെ ഗരിമ. മത- ജാതി- വര്‍ഗ- വര്‍ണ വ്യത്യാസമില്ലാതെ ധനിക ദരിദ്ര ഭേദമന്യേ അയല്‍പ്പക്കത്തെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ചു വേണം പെരുന്നാള്‍ ആഘോഷിക്കാന്‍. മതമെന്ന വേര്‍തിരിവില്ലാതെ മനുഷ്യരെന്ന ഐക്യപ്പെടലാണ് പെരുന്നാള്‍ ദിനത്തിലെ സന്ദേശം.
നാം ആഘോഷിക്കുന്ന വഴികളില്‍ നമ്മോടൊപ്പം കൂട്ടുചേരാനാകാത്ത മറ്റൊരു കൂട്ടര്‍ കൂടി നമ്മുടെ ഇടയിലുണ്ട്. രോഗക്കിടക്കയിലുള്ളവരും ശാരീരിക -മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും അവരെ പരിചരിക്കുന്നവരും. ആഗ്രഹത്തോടൊപ്പം സഞ്ചരിക്കാനാവാതെ ആനന്ദകരമായ ബഹളങ്ങളിനിന്നും സ്വയം ഒഴിഞ്ഞു നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. ഇവരെയൊക്കെ പരിഗണിച്ചും, ആശ്വാസത്തിന്റെ കൈകള്‍ അവര്‍ക്കായി നീട്ടിയും വേണം പെരുന്നാളാഘോഷിക്കാന്‍. എന്നാലേ ആരാധനയോളമെത്തുന്ന ആഘോഷത്തിന്റെ നിര്‍വൃതി നുകരാനാവൂ. ഈദാശംസകള്‍.