സ്‌ക്വാഡ് വര്‍ക്കും മഞ്ജുളയും

എം ജമീല
ഏപ്രില്‍ 2024
റിട്ട.ചൈൽഡ് വെൽഫെയർ ഇൻസ്‌പെക്ടർ (സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്) സർവീസ് കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്നു

(സര്‍വീസ് ഡയറി)

ഓരോ വര്‍ഷവും ചില്‍ഡ്രന്‍സ് ഹോം കവാടത്തിനകത്തേക്ക് കയറ്റിവിടുന്ന കുഞ്ഞിക്കാലുകള്‍ നിരവധിയാണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് പുറത്തേക്ക് തള്ളപ്പെട്ടവര്‍. അവസാനിക്കാത്ത ദുരിതങ്ങളുമായി ഇവിടെ എത്തിപ്പെടുകയെന്നത് ഒരു നിയോഗമാണ്.
രാത്രി ഉറങ്ങാനുളള ബെല്ലടിച്ചു. ഞാനും ശാന്തേച്ചിയും വരാന്തയിലൂടെ നടന്ന് ഓരോ ഡോര്‍മിറ്ററിയിലേക്കും പാളിനോക്കി. ആരെയും ഡോര്‍മിറ്ററിയില്‍ കണ്ടില്ല. കുറച്ചു പേര്‍ മൈതാനത്ത് കൂട്ടം കൂടി സംസാരിക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്യുന്നു. കുറെ പേര്‍ കോണിക്കൂടിന് താഴെയിരുന്ന് കൊത്തങ്കല്ല് കളിക്കുന്നു. ശാന്തേച്ചി ഒച്ചയെടുത്ത് വടിവീശിയതോടെ ഓരോരുത്തരായി അവരവരുടെ ഡോര്‍മിറ്ററികളിലേക്ക് കയറിപ്പോയി.  ഞങ്ങള്‍ മുകളിലത്തെ വരാന്തയിലൂടെ നടന്നു.

ബേബി ഹൗസിലെ കുറച്ചു കുട്ടികള്‍ വരാന്തയില്‍ തലങ്ങും വിലങ്ങും കിടന്നുറങ്ങുന്നു. തൊട്ടപ്പുറത്ത് മൂന്നാല് കഞ്ഞിപ്പാത്രങ്ങളും കുട്ടികളെ നോക്കുന്ന കവിതയും. കവിതയുടെ മടിയില്‍ തലവെച്ച് ബേബി ഹൗസിലെ ഏറ്റവും ചെറിയ കുട്ടി സ്മിത ചാരി ഉറങ്ങുന്നു. ശാന്തേച്ചിയുടെ ഒച്ച കേട്ടതും മയങ്ങിപ്പോയ കവിത ചാടിപ്പിടഞ്ഞെഴുന്നേറ്റു.

'ഇവരാരും കഞ്ഞി കുടിച്ചില്ല ടീച്ചറേ....കഞ്ഞിക്ക് ബെല്ലടിച്ചപ്പോഴേക്കും ഇവരൊക്കെ ഒറങ്ങിയിട്ടുണ്ടായിരുന്നു.'...
കവിത കഞ്ഞിപ്ലേറ്റുകള്‍ എടുത്ത് താഴോട്ട് പോയി. കുട്ടികള്‍ വീണ്ടും വരാന്തയിലെ തറയില്‍ കിടന്നുറങ്ങാന്‍ തുടങ്ങി. ഞങ്ങള്‍ വീണ്ടും അവരെ വിളിച്ചുണര്‍ത്തി. അപ്പോഴേക്കും രത്നേച്ചിയും കാവേരിയും വന്ന് കുട്ടികളുടെ കൈപിടിച്ച് ബേബി ഹൗസിലേക്ക് കൊണ്ടുപോയി. പാവം കുട്ടികള്‍... രക്ഷിതാക്കളുടെ കൂടെ കിടന്നുറങ്ങേണ്ട പ്രായത്തില്‍ ഇവിടെ.
മുകളിലത്തെ ഡോര്‍മിറ്ററികള്‍ അടച്ചു താഴെയെത്തിയപ്പോഴേക്കും കുട്ടികളുടെ കൂട്ട ബഹളം. ഡൈനിംഗ് ഹാളിലേക്ക് പോകുന്ന ഡോറിനടുത്ത് ചൂലും പിടിച്ച് മഞ്ജു കലിതുള്ളി നില്‍ക്കുന്നു. തൊട്ടടുത്ത് നിലം തുടയ്ക്കാനുള്ള തുണിയും വെള്ളവുമായി ആതിരയും. രണ്ടു പേരും പൊരിഞ്ഞ യുദ്ധത്തിലാണ്. രണ്ട് ചേരിയിലായി കുട്ടികള്‍. മഞ്ജുള ചൂല് മൈതാനത്തേക്ക് വലിച്ചെറിഞ്ഞ് ആതിരയെ അടിക്കാനോങ്ങി. അപ്പോഴേക്കും ശാന്തേച്ചി ഓടിച്ചെന്ന് മഞ്ജുളയെ പിടിച്ചുമാറ്റി. അവള്‍ ഡൈനിംഗ് ഹാളിലെ തറയില്‍ തലയും കുമ്പിട്ടിരുന്ന് ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.

ഉറങ്ങാനുള്ള രണ്ടാമത്തെ ബെല്ലടിച്ചു. ഓരോ ഡോര്‍മിറ്ററിയിലെയും ലീഡര്‍മാര്‍ കുട്ടികളെ എണ്ണി ഡോര്‍മിറ്ററിയിലേക്ക് കയറ്റി. ഇതിനിടയില്‍ മൈതാനത്ത് കൊത്തങ്കല്ല് കളിച്ചുകൊണ്ടിരുന്ന കുറച്ചു പേര്‍ പിറുപിറുത്തുകൊണ്ട് കല്ലുകള്‍ മുകളിലേക്ക് എറിഞ്ഞ് പ്രതിഷേധം അറിയിച്ച് മുഖം വീര്‍പ്പിച്ച് ശബ്ദമുണ്ടാക്കി ഡോര്‍മിറ്ററികളിലേക്ക് കയറിപ്പോയി. ആതിര അപ്പോഴും ചൂലും പിടിച്ച് കരഞ്ഞുകൊണ്ട് സ്റ്റോര്‍ റൂമിന്റെ ചുമരും ചാരി ഇരിപ്പുണ്ടായിരുന്നു.
ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു. 'ടീച്ചറെ എനിക്ക് ഡൈനിംഗ് ഹാള്‍ അടിച്ചുവാരിയിട്ട് വേണം പഠിക്കാനിരിക്കാന്‍. നാളെ രണ്ട് ക്ലാസ്സ് പരീക്ഷയുണ്ട്.'

ഡൈനിംഗ് ഹാള്‍ അപ്പോഴും പൂട്ടിതന്നെ കിടക്കുകയായിരുന്നു.
ഞാന്‍ ജനല്‍ പാളിയിലൂടെ നോക്കുമ്പോള്‍ മഞ്ജുള ശാന്തേച്ചിയുമായി സംസാരത്തിലാണ്. വീറും വാശിയുമൊക്കെ ഒന്ന് അടങ്ങിയെന്ന് തോന്നുന്നു. ശാന്തേച്ചി അവളുടെ പാറിപ്പറന്ന മുടി ഒതുക്കി പിന്നിയിട്ടു കൊടുക്കുന്നു. മഞ്ജുള ഓടിവന്ന് ശാന്തതയോടെ എന്നോട് പറഞ്ഞു: 'ടീച്ചറെ, ആതിര പഠിച്ചോട്ടെ, ഞാന്‍ സ്വന്തക്ക് അടിച്ചുവാരി തുടയ്ക്കാം. എന്നെ ആരും സഹായിക്കേണ്ട.'
'ഇതെന്തൊരു കുട്ടിയാ.'
രത്നേച്ചി താടിക്ക് കൈകൊടുത്തു അതിശയപ്പെട്ടു.
ആതിരയോട് ചൂല് വാങ്ങി മഞ്ജുള തുള്ളി തുള്ളി മൂളിപ്പാട്ടും പാടി ശാന്തേച്ചിയുടെ കവിളില്‍ ഒരുമ്മയും കൊടുത്ത് ഡൈനിംഗ് ഹാള്‍ അടിച്ചുവാരാന്‍ തുടങ്ങി.

രാത്രിയിലെ ഡൈനിംഗ് ഹാള്‍ സ്‌ക്വാഡ് വര്‍ക്ക് മഞ്ജുളയും ആതിരയും കൂടിയാണ് ചെയ്യേണ്ടത്. മഞ്ജുള അടിച്ചുവാരുന്ന പണി തീര്‍ത്തിട്ട് വേണം ആതിരക്ക് ഡൈനിംഗ് ഹാള്‍ തുടയ്ക്കാന്‍. എന്നിട്ട് വേണം സ്‌കൂളില്‍ പോകുമ്പോള്‍ ധരിക്കുന്ന യൂണിഫോം അലക്കാനും ക്ലാസ്സ് ടെസ്റ്റിന് വേണ്ടി പഠിക്കാനും. അതിനായി മഞ്ജുളയോട് വേഗം ഡൈനിംഗ് ഹാള്‍ അടിച്ചുവാരാന്‍ പറഞ്ഞതിനാണ് അവള്‍ ബഹളമുണ്ടാക്കാന്‍ വന്നതും ആതിരയെ അടിക്കാന്‍ തുടങ്ങിയതും.
'ടിച്ചറേ, എനിക്ക് അടുത്ത മാസം മുതല്‍ മഞ്ജുളയുടെ കൂടെ സ്‌ക്വാഡ് ഇടേണ്ട. മറ്റാരുടെ കൂടെ ഇട്ടാലും എനിക്ക് പ്രശ്നമില്ല.' ആതിര എന്നോട് കേണു.

ഓരോ മാസവും സ്‌ക്വാഡ് ഡ്യൂട്ടി മാറ്റിയിടും. ഇല്ലെങ്കില്‍ ചില പോക്കിരി പെണ്‍കുട്ടികള്‍ പ്രശ്നമുണ്ടാക്കും; പ്രത്യേകിച്ച് മഞ്ജുള. സ്ഥാപനത്തിന് മുന്‍വശത്തുള്ള മുറ്റവും റോഡും അടിച്ചുവാരാനാണ് എല്ലാവര്‍ക്കും ഇഷ്ടം. അതാകുമ്പോള്‍ മാവിലും പുളിമരത്തിലും കയറാം. ബദാം മരത്തില്‍ കല്ലെറിഞ്ഞ് ബദാം കൊഴിച്ചിടാം. മൈലാഞ്ചി പറിക്കാം, സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്സ് മുറ്റത്ത് നിന്നും ഉണ്ടമുല്ലയും അരിമുല്ലയും പറിക്കാം. പിന്നെ, ആണ്‍കുട്ടികള്‍ മൈതാനത്ത് കളിക്കുമ്പോള്‍ അവരുടെ കൂടെ കളിക്കാം, സംസാരിക്കാം, അടികൂടാം.

അടിച്ചുവാരല്‍ കഴിഞ്ഞ് പുറത്തുനിന്ന് വരുമ്പോള്‍ പാവാട നിറയെ പല പല വസ്തുക്കളുമായിട്ടായിരിക്കും അവര്‍ തിരിച്ചെത്തുക.
ചില നേരങ്ങളില്‍ അവള്‍ നല്ല സ്നേഹവും കരുതലും ഉള്ള പെണ്ണായിരിക്കും. ചില നേരങ്ങളില്‍ കലമ്പിപ്പെണ്ണുങ്ങളെ പോലെ പെരുമാറും- എന്നാല്‍, കുറച്ചു സമയം കഴിഞ്ഞാല്‍ അതെല്ലാം മാറും. അപ്പോള്‍ സ്നേഹനിധിയായ ഒരു ചേച്ചിയെപ്പോലെ, കരുതലുള്ള അമ്മയെപ്പോലെ, കൊഞ്ചിക്കുഴയുന്ന കൊച്ചനിയത്തിയെപ്പോലെ അവള്‍ മാറും. മറ്റു കുട്ടികള്‍ക്കെല്ലാം മഞ്ജുളയെ പേടിയുണ്ട്. എന്നാല്‍, നല്ല സ്നേഹവുമാണ്.
ശാന്തേച്ചി അവളുടെ കഥ പറയാന്‍ തുടങ്ങി: തമിഴ്നാട്ടിലെ ഏതോ ഒരമ്മയ്ക്ക് ജനിച്ച അവളെ സ്നേഹിക്കാനും തലോടാനും ഒരു കൈയും ഉണ്ടായിരുന്നില്ല. പേരറിയാത്ത ആരുടെയൊക്കെയോ കൂടെ തെരുവിലൂടെ നടന്നു. ഭിക്ഷയെടുത്തു. കടത്തിണ്ണയില്‍ കിടന്നുറങ്ങി. ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് കോഴിക്കോട് ബസ്സ് സ്റ്റാന്‍ഡില്‍നിന്ന് ഭിക്ഷയെടുക്കന്നതിനിടയില്‍ പോലീസുകാര്‍ക്ക് അവളെ കിട്ടുന്നത്. ശൈശവവും ബാല്യത്തിന്റെ പകുതിയും തെരുവില്‍ ജീവിച്ചുതീര്‍ത്ത അവള്‍ക്ക് ഇങ്ങനെയല്ലാതെ പെരുമാറാനാവില്ല. ഇവിടുത്തെ ജീവിതം അവളെ കുറെയേറെ നല്ല വ്യക്തിയാവാന്‍ സഹായിച്ചിട്ടുണ്ട്. അത് അവള്‍ തന്നെ ഇടയ്ക്കിടെ പറയും: 'ഈ ഹോമില്‍ വന്നതോണ്ടാ ഞാന്‍ നല്ല കുട്ടിയായത്. അല്ലേല്‍ ചീത്തയായേനെ.' 

വന്ന സമയത്ത് ഏകദേശം എട്ട് വയസ്സ് കാണും മഞ്ജുവിന്. മെലിഞ്ഞ് എല്ലും തോലുമായ ഒരു കുട്ടി. മുടിയെല്ലാം ജട പിടിച്ച്, അഴുക്ക് പുരണ്ട പാകമല്ലാത്ത മുഷിഞ്ഞു നാറിയ ഒരു ഉടുപ്പിട്ട് പോലീസുകാരെ പേടിച്ച് അടക്കിപ്പിടിച്ച് കരയുന്ന പാവം ബാലിക. പിറ്റേ ദിവസം മൂന്നാല് തമിഴ് സ്ത്രീകളും ഒരു പുരുഷനും മഞ്ജുവിനെ കൊണ്ടുപോകാന്‍ വന്നെങ്കിലും സൂപ്രണ്ട് അവളെ വിട്ടുകൊടുത്തില്ല. 
ആദ്യമെല്ലാം അവര്‍ കാണാന്‍ വന്നിരുന്നെങ്കിലും കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ വരവും നിലച്ചു. പിന്നീട് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍ അമ്മയാണെന്ന് പറഞ്ഞ് ഒരു സ്ത്രീയും കൂടെ ഒരു യുവാവും വന്നു; മഞ്ജുളയെ കൊണ്ടുപോകാന്‍. അവര്‍ സൂപ്രണ്ടിനോട് കേണപേക്ഷിച്ചെങ്കിലും സൂപ്രണ്ട് അവളെ വിട്ടുകൊടുത്തില്ല. മഞ്ജുളക്ക് അവരെ യാതൊരുവിധ പരിചയവും ഉണ്ടായിരുന്നില്ല. അവരുടെ കൂടെ വിട്ടയക്കരുതെന്ന് അവളും അപേക്ഷിച്ചു: 'അവരെന്നെ ആര്‍ക്കെങ്കിലും വില്‍ക്കും. ഞാന്‍ പോവില്ല.'

കൗമാരത്തിലെത്തിയതോടെ കലഹസ്വഭാവത്തിന് ഒരു മാറ്റവുമില്ലെങ്കിലും അല്‍പം വൃത്തിയും അച്ചടക്കവും ഉണ്ടായി. എന്നും കുളിക്കാനും മുടി ഭംഗിയായി കെട്ടി പൗഡറും കണ്‍മഷിയുമിട്ട് സുന്ദരിയാവാനും ശ്രമിച്ചു. കലഹസ്വഭാവം മാറിയില്ലെങ്കിലും കാരുണ്യവും സ്നേഹവും വളര്‍ന്നു. സ്‌കാബീസ് വന്ന കുട്ടികള്‍ക്ക് മരുന്ന് പുരട്ടിക്കൊടുക്കാനും വെള്ളം ചൂടാക്കി കുളിപ്പിച്ചു കൊടുക്കാനും സിക്ക് റൂമിലേക്ക് അസുഖക്കാര്‍ക്ക് സമയത്തിന് ഭക്ഷണം എത്തിച്ചുകൊടുക്കാനും സുഖമില്ലാത്ത കൊച്ചുകുട്ടികള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കാനും അവളാണ് മുന്നില്‍.

തെരേസ ഹൗസില്‍ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ മാത്രമാണ്- രാവിലെ പ്രെയറിനുള്ള ബെല്ലടിച്ചാല്‍ ഡോര്‍മിറ്ററി തുറക്കാന്‍ പോകാന്‍ ഡ്യൂട്ടിക്കാര്‍ക്ക് മടിയാണ്. വാതില്‍ തുറന്നയുടനെ മൂത്രത്തിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറി ഛര്‍ദിക്കാന്‍ വരും. ഹോം ലീഡര്‍ തെരേസ ഹൗസിലെ കുട്ടികളെ മനസ്സില്‍ പ്രാകിക്കൊണ്ടാണ് ഡോര്‍മിറ്ററിയുടെ ഡോര്‍ തുറക്കാന്‍ പോവുക. പലരും പയുന്നത് കേട്ട് രാത്രി ഭക്ഷണം കൊടുക്കുമ്പേള്‍ വെള്ളം കൊടുക്കാതെയും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് അവില്‍ തീറ്റിച്ചും പരീക്ഷണങ്ങള്‍ നടത്തി ശാന്തേച്ചി പിന്‍വാങ്ങി. മാസത്തില്‍ ഒരിക്കല്‍ വരുന്ന കുട്ടികളുടെ ഡോക്ടറും മരുന്ന് കൊടുത്തുനോക്കി. മൂത്രമൊഴിക്കുന്ന കുട്ടികള്‍ താഴെ പായ വിരിച്ച് കിടന്നാല്‍ മതിയെന്ന് സൂപ്രണ്ട് നിര്‍ദേശം കൊടുത്തു. എന്നാല്‍, കുട്ടികള്‍ക്കത് വളരെ സന്തോഷമായിരുന്നു. അവര്‍ പായ വരിയായി വിരിച്ചു സുഖായിട്ട് കിടക്കും. നേരം വെളുത്താല്‍ പായയും ഷീറ്റുകളും അലക്കേണ്ട ചുമതലയും മഞ്ജുവിനും കാവേരിക്കും തന്നെ. പത്ത് മണിയാകുമ്പോഴേക്കും അലക്കലും റൂം വൃത്തിയാക്കലും കഴിഞ്ഞേ മഞ്ജു രാവിലത്തെ ഭക്ഷണം കഴിക്കുകയുള്ളൂ. അപ്പോഴേക്കും സ്‌കൂളിലേക്ക് പോകാനുള്ള സമയമാകും.

തെരേസ ഹൗസിലെ സ്‌കൂളില്‍ പോകാനുള്ള കുട്ടികളെ ഒരുക്കി വരിയായി അവള്‍ അവരെയും കൊണ്ട് നമ്പര്‍ എഴുതാന്‍ എത്തും. എല്ലാ കുട്ടികളുടെ നമ്പറും അവര്‍ക്ക് അറിയാം. ഓരോരുത്തരെയും എണ്ണി ഗ്രില്ലിന് പുറത്ത് നിര്‍ത്തി എല്ലാവരും തികഞ്ഞാല്‍ അവരെയും കൊണ്ട് സി.എസ്.യു.പി സ്‌കൂളിലേക്ക് യാത്രയാകും. പുറത്തേക്കിറങ്ങിയാല്‍ അവള്‍ മറ്റു കുട്ടികളെ നന്നായി ശ്രദ്ധിക്കും. കുട്ടികള്‍ മാവിലും പുളിമരത്തിലും വലിഞ്ഞു കയറുന്നുണ്ടോയെന്ന് നിരീക്ഷിക്കും. സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്സിന് താഴെയുള്ള പൊക്കമുള്ള ചതുരനെല്ലി മരത്തില്‍ വലിഞ്ഞുകയറി നെല്ലി പറിക്കുന്നവര്‍ക്കിട്ട് നല്ല അടിവെച്ചുകൊടുക്കും. കാവേരിയും കൂട്ടുണ്ടാകും. മഞ്ജുള എല്ലാ മരത്തിലും കയറും. എന്നാല്‍ മറ്റു കുട്ടികള്‍ മരത്തില്‍ കയറുന്നതിന് അവള്‍ സമ്മതിക്കില്ല. ഒരിക്കല്‍ ബോയ്സ് ഹോമിലെ മൂസ മാവില്‍ കയറി വീണ് കൈ ഒടിഞ്ഞത് അവള്‍ നേരിട്ട് കണ്ടതാണ്.

സ്‌കൂളിലെ ടീച്ചര്‍മാര്‍ ലീവാകുമ്പോള്‍ അവിടെയും മേല്‍നോട്ടം അവള്‍ക്ക് തന്നെയാണ്. എന്നുവെച്ച് ഹെഡ്മാസ്റ്ററോടും ടീച്ചര്‍മാരോടുപോലും കലഹിക്കാന്‍ കിട്ടുന്ന അവസരം അവള്‍ പാഴാക്കാറില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അവളെ ടീച്ചര്‍മാര്‍ക്കും വലിയ കാര്യമാണ്.
***   ***   ***
പ്രശ്നങ്ങളെല്ലാം ഒന്നൊതുക്കി സ്റ്റാഫ് റൂമിലേക്ക് കടക്കുമ്പോഴാണ് ഒരിരമ്പലോടെ പോലീസ് ജീപ്പ് പുറത്തുവന്നു നിന്നത്. അതില്‍നിന്ന് രണ്ട് വനിതാപോലീസുകാരും ഒരു എസ്.ഐയും പുറത്തിറങ്ങി. ചെമ്പന്‍ മുടിയുള്ള വെളുത്തു തുടുത്ത പത്ത് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. കൈയില്‍ ഒരു കൊച്ചു ഭാണ്ഡക്കെട്ട്. പോലീസുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ മനമില്ലാ മനസ്സോടെ ഗ്രില്ലിനകത്തേക്ക് കാലെടുത്ത് വെച്ചെങ്കിലും കുട്ടി ഗ്രില്ലില്‍ മുറുകെ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു.
പോലീസുകാരെ ഓഫീസ് റൂമിലേക്കിരുത്തി അവര്‍ കൊണ്ടുവന്ന പേപ്പറുകള്‍ പരിശോധിച്ചു. കുട്ടിയെ മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടറുടെ റിപ്പോര്‍ട്ടും. മനസ്സില്‍ വല്ലാത്തൊരു നൊമ്പരം. കുട്ടിയുടെ ദേഹപരിശോധന നടത്തണം. ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ മുറിവോ ചതവോ പാടുകളോ ഉണ്ടോന്ന് നോക്കണം.

കുട്ടി പക്ഷേ, ഗ്രില്ലില്‍ വിടാതെ മുറുകെ പിടിച്ചിരിക്കുന്നു. ഒരിഞ്ച് പോലും അനങ്ങുന്നില്ല. അടുത്തേക്ക് ചെല്ലുമ്പോള്‍ അവള്‍ വല്ലാത്തൊരു വാശിയോടെ നെറ്റി ഗ്രില്ലിനിട്ട് കുത്താന്‍ തുടങ്ങി. കൊണ്ടുവന്ന പോലീസുകാര്‍ വിളിച്ചിട്ടും ഒരേ നില്‍പ്പ് തുടര്‍ന്നു.
ഇതിനിടയില്‍ ശാന്തേച്ചി മഞ്ജുവിനെയും കാവേരിയെയും കൂട്ടി വന്നു. ഏതോ ഒരു ഹിന്ദി പാട്ടിന്റെ വരികള്‍ കുറച്ചുറക്കെ പാടിക്കൊണ്ടായിരുന്നു അവര്‍ വന്നത്. പാട്ട് കേട്ടതും കുട്ടി പെട്ടെന്ന് ഗ്രില്ലിലെ പിടിവിട്ട് തല തിരിച്ചു നോക്കി. പിന്നെ വീണ്ടും പുറത്തേക്ക് തന്നെ. മഞ്ജുളയും കാവേരിയും കുട്ടിയുടെ രണ്ട് സൈഡിലുമായി ഒരല്‍പം വിട്ടുനിന്നു. വീണ്ടും അവര്‍ പാടാന്‍ തുടങ്ങി. ഇടയ്ക്ക് അവര്‍ പാട്ട് നിര്‍ത്തി കന്നടയില്‍ എന്തെല്ലാമോ അവളോട് ചോദിച്ചുകൊണ്ടിരുന്നു. വളരെ സാവധാനം കുട്ടി അവരോട് സംസാരിക്കാന്‍ തുടങ്ങി. കാവേരി അവളുടെ കൈയിലെ ഭാണ്ഡക്കെട്ട് വാങ്ങി തുറന്നുനോക്കി. അതില്‍ വൃത്തിയില്ലാത്ത രണ്ട് ഉടുപ്പും ഒരു കീറിയ തുണിയും ചതുങ്ങിയ ഒരു സ്റ്റീല്‍ പ്ലേറ്റുമായിരുന്നു. കുറച്ച് ചില്ലറത്തുട്ടുകളും ചുളുങ്ങിയ ഒന്നിന്റെയും രണ്ടിന്റെയും നോട്ടുകളും.
പൈസ എണ്ണി തിട്ടപ്പെടുത്തി കുട്ടിയെ കൊണ്ടുവന്ന പോലീസുകാരെ കാണിച്ചു ഒരു കവറില്‍ ഇട്ട് കുട്ടിയുടെ പേരെഴുതി ഷെല്‍ഫില്‍ വെച്ചു പൂട്ടി. രത്നേച്ചി അപ്പോഴേക്കും കുട്ടിക്ക് പാകത്തിലുള്ള ഉടുപ്പ് തെരഞ്ഞെടുത്ത് ഒരു പുതിയ തോര്‍ത്തും സോപ്പും എണ്ണയുടെ കുപ്പിയുമായി വന്നു മഞ്ജുവിനെ ഏല്‍പിച്ചു.  അല്‍പ സമയത്തിനുള്ളില്‍ തന്നെ അവര്‍ കുട്ടിയെ കുളിപ്പിച്ച് തല നന്നായി തുടച്ച് ഉടുപ്പെല്ലാം മാറ്റിച്ച് കൊണ്ടുവന്നു. തലയില്‍ എണ്ണ തേച്ച് കുളിച്ച് നല്ല ഉടുപ്പും ധരിച്ചപ്പോള്‍ അവളാകെ മാറിപ്പോയി. ഇതിനകം കുട്ടി കാവേരിയുമായും മഞ്ജുവുമായും നന്നായി അടുത്തു.

പോലീസുകാര്‍ക്ക് പോകാന്‍ ധൃതിയായി. കുട്ടിയുടെ ദേഹപരിശോന നടത്താന്‍ വിസമ്മതിച്ചെങ്കിലും വനിതാ പോലീസ് കന്നടയില്‍ കുട്ടിയുടെ ചെവിയില്‍ എന്തോ പറഞ്ഞു. കുട്ടി തല കുലുക്കിക്കൊണ്ട് എന്റെ പിന്നാലെ വന്നു. ദേഹപരിശോധന കഴിഞ്ഞു കുട്ടിയെ സ്വീകരിച്ചു എന്ന റസീപ്റ്റ് ഒപ്പിട്ടു  അവര്‍ക്ക്  നല്‍കി.
ഒരിക്കല്‍ കൂടി ഞങ്ങള്‍ മൂന്നുപേരും വരാന്തയിലൂടെ നടന്ന് ഓരോ ഡോര്‍മിറ്ററിയിലും കയറിയിറങ്ങി. എല്ലാവരും നല്ല ഉറക്കത്തിലാണ്. പുതിയ കുട്ടി മഞ്ജുവിന്റെയും കാവേരിയുടെയും നടുക്ക് സുരക്ഷിതമായി ഉറങ്ങുന്നു. ഇത്രയും സ്നേഹവും കരുതലും സുരക്ഷയും ഇതിന് മുമ്പൊരിക്കലും കുട്ടിക്ക് കിട്ടിയിട്ടുണ്ടാവില്ലെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.

കിടന്നിട്ടും ഉറക്കം വന്നില്ല. പുതിയ കുട്ടിയുടെ കാര്യങ്ങള്‍ നോവിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളോടുള്ള ക്രൂരതകള്‍ അതിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടിരിക്കുന്നു, മാനസികവും ശാരീരികവും വൈകാരികവുമായ പീഡനങ്ങള്‍ക്ക് ഒരിടത്തും മാറ്റമില്ല. കര്‍ണാടകയിലെ ഏതോ ഒരു കുഗ്രാമത്തിലാണ് വീട്. അമ്മയും അഛനും ജീവിച്ചിരിപ്പില്ല. അടച്ചുറപ്പില്ലാത്ത ആ വീട്ടില്‍  അമ്മൂമ്മയുണ്ടെങ്കിലും അവര്‍ക്ക് സുഖമില്ല. അമ്മയുടെ ചേച്ചിയുടെ കൂടെയാണ് താമസം. അവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. പെണ്‍കുട്ടികളുടെ അഛന് കാര്യമായ ജോലിയൊന്നുമില്ല. ജീവിച്ചുപോകാന്‍ നന്നേ പാടുപെടുന്ന ഒരു കുടുംബം. രാവിലെ നേരത്തെ എഴുന്നേറ്റ് വല്യമ്മയും പെണ്‍കുട്ടികളും മാര്‍ക്കറ്റിലേക്ക് പോകുമ്പോള്‍ കുട്ടിയെ കൂടി കൊണ്ടുപോകും. മാര്‍ക്കറ്റില്‍നിന്ന് പച്ചക്കറികളും പൂക്കളും കൊണ്ടുവന്ന് വീടുകള്‍ തോറും നടന്ന് വില്‍ക്കും. ഉച്ചവരെ കച്ചവടം നടക്കും. കിട്ടിയ പണം കൊണ്ട് അന്നത്തേക്കുള്ള സാധനങ്ങള്‍ വാങ്ങിച്ച് ഉച്ചയ്ക്ക് നാലുപേരും വീട്ടിലേക്ക് വരും. അമ്മൂമ്മ കിടക്കുന്ന ഒരു ചെറിയ മുറിയിലാണ് കുട്ടിയും രണ്ടു ചേച്ചിമാരും കിടക്കുന്നത്. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വീടിനകത്തേക്ക് കയറി വരാം.

ഒരു ദിവസം നേരം വെളുത്തപ്പോള്‍ വീടിന്  കുറച്ചകലെയുള്ള കല്‍തുറുങ്കിനിടയില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു കുട്ടി. ശരീരത്തില്‍  പോറലുകള്‍. ചോര പൊടിയുന്നുണ്ടായിരുന്നു. അവശയായ കുട്ടിയെ പോലീസുകാര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. കുറേ നാള്‍ കുട്ടിക്ക് നടക്കാന്‍പോലും കഴിഞ്ഞിരുന്നില്ലത്രേ. കുറച്ചു ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് കര്‍ണാടകയിലെ സ്ത്രീകളുടെ സ്ഥാപനത്തില്‍ പാര്‍പ്പിച്ചു. അവിടെ നിന്നാണ് പോലീസുകാര്‍ ഇവിടേക്ക് കൊണ്ടുവന്നത്.
കൂട്ടബലാല്‍സംഗം. ഒരു പിഞ്ചുകുഞ്ഞിനെ നിഷ്‌കരുണം ചതച്ചരച്ചവര്‍ കാട്ടുമൃഗങ്ങള്‍.
ഒരുപോള കണ്ണടയ്ക്കാന്‍ പറ്റിയില്ല.
സമയം 4 മണി.

അരവിനുള്ള കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ശാന്തേച്ചി ഡോര്‍മിറ്ററി തുറക്കാന്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റുപോയി. ഞാന്‍ എഴുന്നേറ്റു മൈതാനത്തേക്ക് നോക്കി. ആകാശത്തിന്റെ ഇരുണ്ട നീലവെളിച്ചവും ഡോര്‍മിറ്ററികളിലെ ശാന്തതയും എന്നിലെ അന്നോളമുള്ള അറിവുകളെ,...കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media