മാധ്യമപ്രവർത്തകയും യാത്രികയുമായ ലേഖികയുടെ സഞ്ചാര വിശേഷങ്ങൾ
(ഭാഗം-2)
എടുത്തു പറയാവുന്ന യാത്ര തുടങ്ങുന്നത് 23 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 2001ല്‍. ബോംബെയിലേക്കായിരുന്നു വളരെ യാദൃഛികമായ ആ യാത്ര. ആത്മസുഹൃത്ത് ബിന്ദുവിനു ഒരു ഇന്റര്‍വ്യൂവിന് കൂട്ടുപോയതാണ്. ട്രെയിന്‍ യാത്രയായിരുന്നു. കേരളം വിട്ട് ദീര്‍ഘയാത്ര ചെയ്യുന്നതും അന്നാദ്യം. നരിമാന് പോയന്റില്‍ ആയിരുന്നു താമസം.
എന്നെ വല്ലാതെ മാറ്റിമറിച്ച നഗരമാണ് മുംബൈ. രണ്ടുമൂന്ന് ദിവസങ്ങള്‍ കൊണ്ട് മുംബൈയിലെ പല സ്ഥലങ്ങളും കണ്ടു. മറൈന്‍ ഡ്രൈവും ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറിയും ഗേറ്റ് വേ ഓഫ് ഇന്ത്യയും നെഹ്റു പ്ലാനറ്റോറിയവും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പക്ഷേ, മറ്റിടങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഉറക്കമില്ലാത്ത, തിരക്കേറിയ മഹാ നഗരം. വമ്പന്‍ കെട്ടിടങ്ങള്‍, ചേരികള്‍, മനുഷ്യര്‍. നഗരത്തെക്കുറിച്ച്, മനുഷ്യജീവിതത്തെക്കുറിച്ച് അതുവരെ ഉണ്ടായിരുന്ന സങ്കല്പങ്ങളും കാഴ്ചപ്പാടുകളും മാറിമറിഞ്ഞു. സ്വന്തമായി കിടപ്പാടവും ഉടുതുണിയും ഭക്ഷണവുമില്ലാത്ത, എന്തിനോ വേണ്ടി പരക്കം പായുന്നവര്‍, ജീവിക്കാന്‍ വേണ്ടി ശരീരം വില്ക്കുന്നവര് അവരുടേതു കൂടിയാണീ ലോകമെന്ന തിരിച്ചറിവ് വല്ലാതെ അമ്പരപ്പിച്ചു.
മുംബൈയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ഹാജി അലിയിലേക്കുള്ള വഴിയില്‍ തിരകളില്‍ നീന്തിത്തുടിക്കുന്ന നൂല്‍ബന്ധമില്ലാത്ത പെണ്‍കുട്ടികളും ആണ്‍കുട്ടികളും. അവര്‍ യാത്രികരുടെ മുന്നില്‍ കൈനീട്ടുന്നു. ഹൃദയം തകര്‍ന്ന കാഴ്ചകളില്‍ ഒന്ന്! അവിടെവെച്ച് മനസ്സ് നോവിച്ച മറ്റൊരു സംഭവമുണ്ടായി. വേലിയേറ്റമായതിനാല്‍ ഹാജി അലിയിലേക്കുള്ള വഴി തിരകളാല്‍ മൂടിയിരുന്നു. അവ മുറിച്ചുനീങ്ങുമ്പോള് ഒരു കുഞ്ഞോമനയുടെ കൈയില്‍ അറിയാതെ ചവിട്ടി. കനമുള്ള ചെരുപ്പിനടിയില്പെട്ട ആ കുഞ്ഞിക്കൈ അമര്ന്നുഞെരിഞ്ഞോ, അവന് കരയുമോ, എന്തായിരിക്കും പ്രതികരണമെന്നോര്ത്തു ഞാന്‍ തരിച്ചുനിന്നു. എന്റെ നേരെ അവന് കൈനീട്ടി. ഞാന്‍ കൈയിലിരുന്ന മിഠായി കൊടുത്തു. അതുവാങ്ങി അവന് സന്തോഷത്തോടെ ആ തിരകള്ക്കിടയിലേക്ക് നീങ്ങി. ആ ദയനീയ മുഖം ഇപ്പോഴും എന്റെയുള്ളില്‍ ഒരു നീറ്റലായുണ്ട്.
അവിടെ വേറൊരു സംഭവവും നടന്നു. വലിയ ക്യാരിബാഗുകളിലും കൂടുകളിലും ബിസ്ക്കറ്റും പലഹാരങ്ങളുമടങ്ങിയ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നു. പലരും വാങ്ങുന്നു. ഹാജി അലിയിലെ നേര്ച്ചയാകാം എന്ന് കരുതി ഞാനും കൈനീട്ടി. പക്ഷേ, ആരും മൈന്‍ഡ് ചെയ്തില്ല. ഉള്ളില്‍ നാണക്കേട് തോന്നി. ഒടുവിലാണ് കാര്യമറിഞ്ഞത്. അതവിടുത്തെ പാവങ്ങള്‍ക്കുള്ളതാണ്. അങ്ങനെ പലരും ദാനം ചെയ്യുന്ന ഭക്ഷണവും വസ്ത്രവുമാണ് അവരുടെ ആശ്രയം, വിശപ്പിനുത്തരം.
ജീവിതത്തിനു മുന്നില്‍ നിസ്സഹായരായ, നിരാശരായ ഒരുപാട് ചെറുപ്പക്കാര്‍, നഗ്നരായ കുഞ്ഞുങ്ങള്‍, അവശതയനുഭവിക്കുന്ന വൃദ്ധര്‍, പാതിരാത്രിയില്‍ റോഡുവക്കില്‍ കസ്റ്റമേഴ്സിന്റെ വണ്ടി കാത്തുനില്ക്കുന്ന അതിസുന്ദരികളായ സ്ത്രീകള്‍... ഇവരെയെല്ലാം മുംബൈ നഗരം എനിക്ക് കാട്ടിത്തന്നു.
അതുവരെയുണ്ടായിരുന്ന എന്റെ സങ്കല്പങ്ങളെയും സ്വപ്നങ്ങളെയും അറിവുകളെയും തകിടംമറിച്ച ഒരു യാത്രയായി അത്. ഒരു കൂട്ടുകുടുംബത്തിന്റെ എല്ലാ നന്മകളും വഷളത്തരങ്ങളും അനുഭവിച്ചു വളര്‍ന്ന എനിക്ക് അതെല്ലാം തിരിച്ചറിവുകള്‍ നല്കി. ഇഷ്ടഭക്ഷണം മാത്രം കഴിച്ചിരുന്ന, ആളുകളോട് കൂടുതല്‍ ഇടപഴകാതിരുന്ന ഞാന്‍, എന്റെ നിര്‍ബന്ധബുദ്ധികളെ ഓരോന്നായി തളച്ചിടാന്‍ തുടങ്ങി. സുഖലോലുപതയുടെ നടുവിലല്ല യഥാര്‍ഥ ജീവിതമെന്ന് തിരിച്ചറിഞ്ഞു. തിരികെയുള്ള ട്രെയിന്‍ യാത്രയില്‍ മൂന്നുദിവസം തുടര്‍ച്ചയായി, നാട്ടിലെത്തുന്നതുവരെ ഉണ്ടായ വയറിളക്കം. ഓരോ അഞ്ചും പത്തും മിനിറ്റുകള്‍ കൂടുമ്പോള്‍ ടോയ്ലറ്റിലേക്കുള്ള ഓട്ടം. അതും മറ്റൊരനുഭവമായി മാറി.
ആ സഞ്ചാരാനുഭവങ്ങള്‍ തന്നെയാണ് പിന്നീടുള്ള യാത്രകള്‍ക്ക് പ്രേരണ. അന്നു മുതല്‍ ഇന്നു വരെ കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി മുന്നൂറില്‍ പരം യാത്രകള്‍ ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലേക്കുള്ള സഞ്ചാരമായിരുന്നു ആദ്യ കാലങ്ങളില്‍. പിന്നെ അത് പതുക്കെ വടക്കും തെക്കും കിഴക്കും വടക്കുകിഴക്കുമൊക്കെ ആയി. ഇന്ത്യയില്‍ നാലഞ്ച് സംസ്ഥാനത്തു കൂടി ഇനിയും പോകാനുണ്ട്.
പൈതൃകക്കാഴ്ചകള്‍
ലോക പൈതൃകസ്മാരകങ്ങളായ ഹംപി, ബദാമി, പട്ടടക്കല്, ഐഹോള്‍, ചിത്രദുര്‍ഗ, ലെപാക്ഷി, എല്ലോറ, ബീബി കാ മക്ബറ, ബിജാപ്പൂര്‍, ബറാക്കമാന്, ഗോള്‍ഗുംബാസ്, ജുമാ മസ്ജിദ്, ഖജുരാഹോ ക്ഷേത്രങ്ങള്‍... തുടങ്ങിയ ഇടങ്ങളില്‍ പോയിട്ടുണ്ട്. ഹംപി ഏറെ ആകര്‍ഷിക്കപ്പെടുന്ന, കല്ലുകള്‍ കഥ പറയുന്ന, ചരിത്രവിസ്മയമാണ്. വാസ്തുകലയുടെ രാജകീയ പ്രൗഢി തകര്‍ന്നടിഞ്ഞ ഹംപിയില്‍ കാണാം. കൂടുതല്‍ തവണ പോയിട്ടുള്ളതും തമിഴ്നാട്ടിലേക്കാണ്. ചെന്നൈ, തഞ്ചാവൂര്‍, ചിദംബരം, ശ്രീരംഗം, തിരുച്ചെന്തൂര്‍, ധാരാസുരം, തിരുവയ്യാര്‍, ഗംഗയ്കൊണ്ടചോലപുരം, ട്രിച്ചി... തുടങ്ങിയ സ്ഥലങ്ങളും ആരാധനാലയങ്ങളും സ്മൃതിയിടങ്ങളും കാണാനായി. നമ്മുടെ പൂര്‍വികര്‍ എത്രയോ മിടുക്കന്മാര് ആയിരുന്നു, കലയും അധ്വാനവും അവര്‍ ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു എന്നതിനുള്ള തെളിവുകള്‍ ഇവിടെ നിന്നെല്ലാം നമുക്ക് കിട്ടും.
കര്‍ണാടകയിലെ ഉടുപ്പി, സെന്റ് മേരീസ് ഐലന്‍ഡ്, വറങ്ക ജൈനക്ഷേത്രങ്ങള്‍, ചിത്രദുര്‍ഗ, അഗുംബെ മഴക്കാടുകള്‍, ചിക്കമംഗ്ലൂര്‍, ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടങ്ങള്‍... എന്നിവിടങ്ങളിലും പോയിട്ടുണ്ട്. മൂകാംബികയിലെ രഥോത്സവ നാളുകള്‍, അവയുടെ ഒരുക്കങ്ങള്‍, റോസാദളങ്ങള്‍ മെത്തവിരിച്ച വീഥിയിലൂടെ അലങ്കരിച്ച തേരുകള്‍ നീങ്ങുമ്പോള്‍ അതൊരുഗ്രന്‍ കാഴ്ചയാണ്. അതിലെ നടന്നു നീങ്ങുമ്പോള്‍ ചതഞ്ഞെരിയുന്ന റോസാപ്പൂവുകള്‍ കാലിലും വസ്ത്രങ്ങളിലും ചെഞ്ചായം നിറയ്ക്കും. മഞ്ഞവിരിഞ്ഞ കടുകിന് പാടങ്ങളും ഊതനിറമുള്ള പൂക്കളുമായി നില്ക്കുന്ന ജീരകപ്പാടങ്ങളും ഉപ്പുപാടങ്ങളും ഗുജറാത്തിലെ രസക്കാഴ്ചകളാണ്. ഒരിക്കല്‍ അഹ്മദാബാദില്‍ വലിയ വെള്ളപ്പൊക്കത്തില്‍ രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഇരുപത് പേര് ഒലിച്ചുപോയി. അന്ന് സുഹൃത്ത് സേതുലക്ഷ്മിയുടെ ഫ്ളാറ്റിലായിരുന്നു താമസം. രണ്ട് മൂന്ന് ദിവസം പുറത്തിറങ്ങിയില്ല. ബോംബെ റെയില്‍വേ ട്രാക്കില്‍ വെള്ളമായതിനാല്‍ തിരിച്ചുള്ള ട്രെയിന്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു. 2006ലാണ് ഈ സംഭവം. വീടുകള്‍ക്ക് മുന്നിലും വഴിവക്കിലും കട്ടില് ഇട്ട് കാറ്റുകൊള്ളുന്നവര്‍ അവിടങ്ങളില്‍ ധാരാളം ഉണ്ട്. അവരില്‍ ചിലര്‍ക്കാണ് ദുരന്തം സംഭവിച്ചത്.
ഗോവയിലെ നഗരജീവിതവും ഗ്രാമജീവിതവും ഗോവന്‍ മാര്‍ക്കറ്റും മണ്ഡോവി നദിയുമെല്ലാം നമ്മെ മാടിവിളിക്കും. സുന്ദരമായ പത്തൊമ്പത് പ്രധാന ബീച്ചുകളും അനേകം ചെറു ബീച്ചുകളും കൊണ്ട് സമൃദ്ധമായ ഗോവ, ലോക വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനമാണ്. ടൂറിസവും ജൈവകൃഷിയും മത്സ്യവിപണനവും നടത്തി ജീവിക്കുന്നവരുടെ നാടാണ് ഗോവ.
പഞ്ചാബിലെ ജാലിയന്‍ വാലാബാഗ് കാണുമ്പോള്‍ ഹൃദയം പിടയും. വെടിയുണ്ടകളുടെ പാടുകള്‍ നിറഞ്ഞ ഭിത്തികളും കിണറും ദുരന്തകഥയുടെ ശേഷിപ്പുകളാണ്. അമൃത്സറിലെ സുവര്‍ണക്ഷേത്രം മറ്റൊരു വിസ്മയമാണ്. ഇന്ത്യയുടെ വിഖ്യാതമായ ഗുരുദ്വാര. ഒരു മാതൃകാ ആരാധനാലയം. അവിടെ ചെന്നാല്‍ ആരും അനുസരണയുള്ള മര്യാദക്കാരാകും. ഇത്രയേറെ അച്ചടക്കം പാലിക്കപ്പെടുന്ന ഒരിടം ഇന്ത്യയില്‍ വേറെയുണ്ടെന്ന് കരുതുന്നില്ല. തിരിച്ചിറങ്ങവെ ഉണങ്ങിയ ഇലക്കീറിലുള്ള കേസരിമധുരം വാങ്ങി വായിലിടുമ്പോള്‍ അത് അത്രവേഗം നാവിലലിയും. സുവര്‍ണക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ക്ക് ഭക്ഷണമുണ്ട്. കോടിപതികളും പ്രശസ്തരും സാധാരണക്കാരും അവിടെ പാത്രം കഴുകാനും ഭക്ഷണമുണ്ടാക്കാനും ചെരിപ്പ് സൂക്ഷിക്കാനുമുള്ള വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നു. രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയും തമിഴ്നാട്ടിലെ വേളാങ്കണ്ണിയും മതസൗഹാര്‍ദത്തിന്റെ ഇടങ്ങള്‍ തന്നെ. ദല്‍ഹിയിലെ ലോട്ടസ് ടെമ്പിളും അതുപോലെ തന്നെ. തിരുവണ്ണാമല രമണാശ്രമത്തില്‍ ആരോരുമില്ലാത്ത അന്തേവാസികള്‍ക്കൊപ്പം ഭക്ഷിക്കുമ്പോള്‍ ഉള്ളിലെ അഹന്തകളുടെ കെട്ടഴിയും. സാരിയുടുത്തു സൈക്കിള്‍ ചവിട്ടിപ്പോകുന്ന ധാരാളം സ്ത്രീകളെ കൊല്‍ക്കത്തയില്‍ കാണാം. നാടന്‍ കലകളെ ചേര്‍ത്തുപിടിക്കുന്ന, ബാവുല്‍ ഗായകര്‍ വിരാജിക്കുന്ന മണ്ണാണ് കൊല്‍ക്കത്ത. ടാഗോറും മദര്‍ തെരേസയും വിവേകാനന്ദനും നടന്നു നീങ്ങിയ മണ്ണ്. എപ്പോഴും പോകണമെന്ന് മനസ്സ് പറയുന്ന മറ്റൊരിടം.
പ്രകൃതിക്കൊപ്പം
അതിമനോഹരങ്ങളായ അനേകം പുഴകളും അരുവികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സമൃദ്ധമാണ് ഇന്ത്യ. പ്രകൃതിയുടെ നീരുറവകളായ അവ നമ്മുടെ ഹരിതസമൃദ്ധിക്ക് അലങ്കാരങ്ങളാണ്. മധ്യപ്രദേശിലെ റണേ ഫാള്‍സ്, കര്‍ണാടകയിലെ ഷിരുമണി, ദൂത് സാഗര്‍, അതിരപ്പള്ളി, വാഴച്ചാല്‍, അരീക്ക, തൊമ്മന്‍കുത്ത്, പാലരുവി, മരോട്ടിച്ചാല്‍, വാഴ്വാന്തോള്, തെന്മല, കീഴാര്‍കുത്ത്, വാല്‍പ്പാറ, ഏഴാറ്റുമുഖം, ഭൂതത്താന്‍കെട്ട്, പാണിയേലി പോര് തുടങ്ങിയ ജലധാരകള്‍ ഏറെ മനോഹരങ്ങളാണ്. അവിടങ്ങളിലും പോയിട്ടുണ്ട്.
വനയാത്രകളാണ് പിന്നെയുള്ള ആവേശം. കേരളത്തിന്റെ തെക്കെയറ്റത്തുള്ള ബൊണെക്കാട്, ജഡ്ജിക്കുന്ന്, ഇടുക്കിയിലെ പാല്‍ക്കുളമേട്, തൊണ്ടമാന്‍ കോട്ട, വട്ടവട കോവിലൂര്‍, ഇലവീഴാ പൂഞ്ചിറ, അഗുംബേ, ചിക്കമംഗളൂര്‍, എലഫന്റ് വാലി, നെല്ലിയാമ്പതി, സൈലന്റ് വാലി, വയനാട്ടിലെ ചൊക്രമുടി, ചെമ്പ്രമുടി, 900 കണ്ടി, തിരുനെല്ലി, കാരാപ്പുഴ, വണ്ടര്‍ കേവ്സ്, ബാണാസുര സാഗര്‍, പൂക്കോട്, പീച്ചി, കണ്ണൂര്‍ പൈതല്‍ മല തുടങ്ങിയ ഇടങ്ങളില്‍ വനയാത്രകള്‍ ചെയ്തിട്ടുണ്ട്.
കന്യാകുമാരി, കോവളം, ശംഖുമുഖം, വര്‍ക്കല, ആലപ്പുഴ, അന്ധകാരനഴി, ഫോര്‍ട്ട് കൊച്ചി, മുനമ്പം, ചെറായി, കുഴുപ്പിള്ളി, കോഴിക്കോട്, കാപ്പാട്, മുഴപ്പിലങ്ങാട്, പയ്യാമ്പലം, ഉഡുപ്പി, പോണ്ടിച്ചേരി, സാന്‍സിബാര്‍, ഗോവന്‍ ബീച്ചുകളായ കലാങ്ങുട്, ഡോണപൗള, മിരാമീര്‍, മുംബൈ ജൂഹു, ചെന്നൈ മറീന, നാഗപ്പട്ടണം, വേളാങ്കണ്ണി, പോണ്ടിച്ചേരി തുടങ്ങിയ കടല്‍ തീരങ്ങളിലും പോയിട്ടുണ്ട്. കുമരകം, കുമ്പളങ്ങി, കാക്കത്തുരുത്ത്, വേമ്പനാട്ട് കായല്‍, വൈക്കം കായല്‍, പാതിരാമണല്‍, വെള്ളായണിക്കായല്‍, കൊച്ചിക്കായല്‍, മുഹമ്മ, പൂത്തോട്ടക്കായല്, മുരുക്കുംപാടം തുടങ്ങിയ ജലയാത്രകളും നടത്തിയിട്ടുണ്ട്.
വിദേശ യാത്രകള്‍, വികസനക്കാഴ്ചകള്‍
വിദേശ യാത്രകളോട് മുമ്പ് തീരെ താല്പര്യം ഇല്ലായിരുന്നു. 2017 ഒക്ടോബറില്‍ സുഹൃത്തുക്കളായ ആസ്ത്രേലിയന്‍ ദമ്പതികളുടെ ക്ഷണപ്രകാരം വിസക്ക് അപ്ലൈ ചെയ്തു കാത്തിരുന്നു. അവിടെ പോകുമ്പോള്‍ കൊവാലയെ നേരിട്ട് കാണുക എന്നതായിരുന്നു ഏറ്റവും വലിയ മോഹം. അങ്ങനെ ദിവസവും കമ്പ്യൂട്ടറില്‍ കൊവാലച്ചിത്രങ്ങളെ നോക്കിയിരിക്കുമായിരുന്നു. ഒടുവില്‍ വിസ റിജക്റ്റ് ചെയ്തു. സങ്കടമായി. പിന്നെ അതൊരു വാശിയായി, ആറുമാസത്തിനകം ഏതെങ്കിലും ഒരു വിദേശ രാജ്യത്ത് പോയിരിക്കുമെന്ന്. അങ്ങനെ 2018ല്‍ ഉറ്റ ചങ്ങാതി ശ്യാമയുമൊത്ത് മലേഷ്യയ്ക്കു പോയി.
ക്വലാലംപൂരിലെ ട്വിന്‍ ടവര്‍, പെട്രോണാസ് ടവര്‍, ജന്റിങ് ഹൈലാന്‍ഡ്, കാസിനോ, ബാട്ടു കേവ്സ് തുടങ്ങിയവയെല്ലാം കണ്ടു. വൃത്തിയും വെടിപ്പുമുള്ള റോഡുകളും നടപ്പാതകളും. ഔദ്യോഗിക പുഷ്പമായ ചെമ്പരത്തിപ്പൂവുകള്‍ വിരിഞ്ഞ വഴിവിളക്കുകള്‍, സൈക്കിള്‍ ട്രാക്കുകള്‍ ഒക്കെ കാണുമ്പോള്‍ വികസനത്തില്‍ എത്രയോ മുന്നിലാണ് ഈ നാടെന്നു തോന്നി. മതസൗഹാര്‍ദത്തിനും സ്വാതന്ത്ര്യത്തിനും മുന്‍തൂക്കം കൊടുക്കുന്ന രാജ്യമാണ് മലേഷ്യ.
2022ലായിരുന്നു അബുദാബി-ദുബായ് യാത്ര. 22 ദിവസം.
കൂറ്റന്‍ കെട്ടിടങ്ങളും അതിവേഗ പാതകളും നിറഞ്ഞ ഒരു വിസ്മയഭൂമിയാണ് യു.എ.ഇ. നിയമങ്ങള്‍ കൃത്യമായി അനുസരിക്കുന്ന ആളുകളാണ് അവിടെയുള്ളത്. ഏത് കുറ്റത്തിനും ശിക്ഷയുണ്ട്. മിറാക്കിള്‍ ഗാര്ഡന്, ഗ്ലോബല്‍ വില്ലേജ്, പാല്‍മിറ ഐലന്‍ഡ്, ജുമൈറ ബീച്ച്, ക്രൂയിസ്, ഡോള്ഫിനോറിയം, ദുബായ് ഫ്രെയിം, ബുര്‍ജ് ദുബായ് എന്നിവിടങ്ങളെല്ലാം മാസ്മരികത നിറഞ്ഞ, ഉല്ലാസം കിട്ടുന്ന ഇടങ്ങളാണ്. ജുമൈറ ബീച്ച് സൈഡില്‍ ഓപ്പണ്‍ ലൈബ്രറിയുണ്ട്. പുസ്തകങ്ങളെടുത്തു വായിച്ചശേഷം തിരിച്ചുവക്കാം.
മാളുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും എല്ലാം മോടിയും വൃത്തിയുമുള്ള ഇടങ്ങള്‍. വേസ്റ്റ് എടുക്കുന്ന വണ്ടിയുടെ ശബ്ദം പോലും കേള്‍ക്കില്ല. ഒറ്റ കാക്കയെപ്പോലും കണ്ടില്ല. വീതിയുള്ള നടപ്പാതകളും ലെയ്നിംഗ് സിസ്റ്റവുമാണവിടെ. പബ്ലിക് സ്പേസുകളും ധാരാളമുണ്ട്. മൈതാനങ്ങളും റോഡുവക്കും ഇരിപ്പിടങ്ങള്‍ കൊണ്ട് സമൃദ്ധമാണ്. സ്ത്രീകളും കുട്ടികളും റോഡ് ക്രോസ്സ് ചെയ്യാന്‍ നിന്നാല്‍ ഏത് കോടീശ്വരന് ആണേലും വണ്ടി സ്ലോ ചെയ്യും. മനുഷ്യരെ ആദരിക്കുന്ന പതിവുണ്ടവര്‍ക്ക്.
അബുദാബിയില്‍ ബന്ധുക്കളായ വില്‍സ ണ് ജോസ്ലി ദമ്പതികള്‍ക്കൊപ്പമായിരുന്നു താമസവും യാത്രകളും. അവസാന മൂന്ന് ദിവസം ദുബായില്‍ സുമംഗല എന്ന സുഹൃത്തിനൊപ്പം കഴിഞ്ഞു. അവിടുന്ന് തിരിക്കുമ്പോള്‍ വഴിയില്‍ ഫോണ്‍ നഷ്ടപ്പെട്ടു. ആ അവസ്ഥ പറഞ്ഞറിയിക്കാന്‍ വയ്യ. അത്രക്ക് സങ്കടപ്പെടുത്തി. ഫോണ്‍ പോയത് എവിടെയെന്നറിയില്ല. മെട്രോയിലും ടാക്സിയിലും യാത്ര ചെയ്തിരുന്നു. മെട്രോ സ്റ്റേഷനില്‍ കംപ്ലയിന്റ് കൊടുത്തു. രണ്ട് ദിവസം അവിടെ കയറി ഇറങ്ങി. എന്റെ കഷ്ടത കണ്ട പോലീസുകാര്‍ക്കും വിഷമമായി. ഇന്‍ശാ അല്ലാ അത് കിട്ടിയാല്‍ ഉറപ്പായും ഞങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് പറഞ്ഞു ടോള്‍ ഫ്രീ നമ്പര്‍ എഴുതിയ രണ്ട് ബാഡ്ജുകള്‍ അവര്‍ എനിക്ക് തന്നു. ഞാന്‍ അതും വാങ്ങി കണ്ണീരോടെ തിരിച്ച് ബന്ധുക്കളുടെ അടുത്തെത്തി. അവര്‍ക്കും വിഷമമായി.
ഇതിനകം പലരെയും ഞാന്‍ വിവരമറിയിച്ചു. പ്രവാസിമലയാളികളായ മൊയ്തീനും അബൂബക്കറും ഞാന്‍ കണ്ടിട്ടില്ലാത്ത അവരുടെ സുഹൃത്തുക്കളും എന്റെ നാട്ടുകാരും അവരുടെ സുഹൃത്തുക്കളും സുമംഗലേച്ചിയും ബന്ധുക്കളും അവരുടെ സുഹൃത്തുക്കളുമെല്ലാം രാപകലില്ലാതെ ആ അന്വേഷണത്തില്‍ പങ്കാളികളായി. ഒടുവില്‍ തകര്‍ന്ന മനസ്സോടെ ഞാന്‍ നാട്ടിലേക്ക് തിരിച്ചു. കാരണം, കാല് നൂറ്റാണ്ടായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന എന്റെ ഫോണായിരുന്നു എന്റെ ബലം. ഒരുപാട് നമ്പറുകള്‍, ബന്ധങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു. മാധ്യമം ആഴ്ചപ്പതിപ്പില്‍ 15 ലക്കങ്ങളിലായി പ്രസിദ്ധീകരിക്കാനിരുന്ന യാത്രയുടെ എഴുത്തും ചിത്രങ്ങളും ആറ് ലക്കം കഴിഞ്ഞുള്ളതെല്ലാം ആ ഫോണിലാണ്. കാറ്റുപോയ ബലൂണ്‍ പോലെയായി ഞാന്‍.
അത്ഭുതമെന്ന് പറയട്ടെ, പതിനഞ്ചാം ദിവസം ഫോണ്‍ എന്റെ കൈയിലെത്തി. സുമംഗലേച്ചിയും കുടുംബവും അതിനായി ഒരുപാട് കഷ്ടപ്പെട്ടു. ടാക്സിയില്‍ നിന്നാണ് കിട്ടിയതെന്ന് മാത്രം എനിക്കറിയാം. എനിക്ക് യു.എ.ഇയോട് ഒരുപാട് നന്ദി തോന്നുന്നു, ആദരവ് തോന്നുന്നു. അവിടുത്തെ അധികാരികളോട്, നിയമങ്ങളോട്, ജനങ്ങളോട് എല്ലാം... ഫോണ്‍ പോയപ്പോള്‍ മുതല്‍ അതറിഞ്ഞ എല്ലാവരും എന്നെ ആശ്വസിപ്പിച്ചിരുന്നു. ഇന്നാട്ടില് ഒരാളും മറ്റുള്ളവരുടെ സാധനങ്ങള്‍ കിട്ടിയാല്‍ എടുക്കില്ല, അത് വേണ്ടിടത്ത് എത്തിക്കുമെന്നും അതല്ലെങ്കില്‍ അവര്‍ക്ക് ശിക്ഷ കിട്ടുമെന്നും. അത് സത്യമായിരുന്നു. ബുര്‍ജ്മാന്‍ മെട്രോസ്റ്റേഷനിലെ പോലീസുകാരന് തന്ന ടോള്നമ്പര് അടങ്ങിയ ബാഡ്ജ് ഞാന്‍ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ദിവസത്തില്‍ രണ്ടുവട്ടമെങ്കിലും അതെടുത്തുനോക്കും. ജീവിതം ഏതു നിമിഷവും മാറിമാറിഞ്ഞേക്കാം എന്ന് പൗലോ കൊയ്ലോ ആല്‍ക്കമിസ്റ്റിലൂടെ പറഞ്ഞത് ഞാന്‍ നേരിട്ടനുഭവിച്ചു. എന്നെ സഹായിച്ചവര്‍ക്ക് വേണ്ടി ഞാന്‍ എന്നും പ്രാര്‍ഥിക്കും.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ഭൂട്ടാന് യാത്ര. ഭൂട്ടാന് ബുദ്ധമത വിശ്വാസികളുടെ രാജ്യമാണ്. അവിടത്തെ വന്‍ മലകളും പച്ചപ്പും പുഴകളും മലമ്പാതകളും മലകളെ ബന്ധിപ്പിക്കുന്ന പാലങ്ങളുമെല്ലാം സുന്ദരമാണ്. രാജഭരണം നിലനില്‍ക്കുന്ന രാജ്യമാണ് ഭൂട്ടാന്. കൃഷിയും ടൂറിസവും കച്ചവടവുമായി ജീവിക്കുന്നവര്‍. കരിങ്കല്ലുകള്‍ക്കിടയില്‍ പോലും സ്തൂപങ്ങള്‍ വെച്ച് ആരാധിക്കുന്നവര്‍. അന്ധവിശ്വാസവും ദൈവവിശ്വാസവും ഒരേപോലെ ഇവിടത്തുകാര്ക്കുണ്ടെന്ന് ഗൈഡ് പറഞ്ഞു. പ്രകൃതിദുരന്തങ്ങളെ അകറ്റാനുള്ള പ്രയര്ഫ്ളാഗുകളും ബുദ്ധസ്തൂപങ്ങളും. വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തില്‍ മറ്റൊരു മാതൃകാ രാജ്യം. പെട്രോളിനും ഡീസലിനും 74/75 രൂപ. അവിടെയുള്ളതും നമ്മുടെ ഇന്ത്യന്‍ പെട്രോള്‍ തന്നെ. ഭൂട്ടാനിലെ പാറോ മാര്‍ക്കറ്റും കള്‍ച്ചറല്‍ മ്യൂസിയവും ടൈഗേര്‍സ് നെസ്റ്റും മലനിരകളും എല്ലാം സുന്ദരമാണ്. നെല്ലും ഗോതമ്പും പഴംപച്ചക്കറികളും ജൈവിക രീതിയില്‍ വിളയുന്ന നാട്. കുന്നും മലയും കയറിയിറങ്ങി ചുരങ്ങളിലൂടെയുള്ള ആ സഞ്ചാരം ആരും ഇഷ്ടപ്പെടും. മൊണാസ്ട്രികള്‍ കണ്ട് മനം നിറയും.
യാത്രകള്‍ തുടങ്ങുന്നത് ബോംബെ കണ്ടതിനു ശേഷമാണ്. അവസാനമായി യാത്ര ചെയ്തതും അവിടേക്കാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യ വാരം. അന്നത്തെ ബോംബെ ഇന്ന് മുംബൈ ആയി. ആ മഹാനഗരം വികസിച്ച് മുകളിലേക്ക് ഒരുപാട് ഉയര്‍ന്നിട്ടുണ്ട്. അന്ന് കണ്ട ഹാജി അലിയിലെ വഴികള്‍ക്ക് തടസ്സമുണ്ട്. ഗേറ്റ് വേ ഓഫ് ഇന്ത്യയിലും താജിന്റെ മുന്നിലും മാര്‍ക്കറ്റുകളിലും ശിവാജി നഗറിലും ജനപ്പെരുപ്പം കൂടിയിട്ടുണ്ട്. പിന്നെ തിരിച്ചറിയാന്‍ പറ്റാത്ത വിധം എന്തൊക്കെയോ മാറ്റങ്ങള്‍. ജൂഹുവും മറൈൻ ഡ്രൈവും മാളുകളും കച്ചവട കേന്ദ്രങ്ങളും മനുഷ്യരെ മാടിവിളിക്കുന്നു. അവിടേക്ക് പായുന്നവര്‍ക്കിടയില്‍ ഒരാള്‍ മാത്രമാണ് ഞാനെന്ന തിരിച്ചറിവാണ് ഇപ്പോള്‍ എനിക്കുള്ളത്.
സഞ്ചാരം ഇഷ്ടമെങ്കിലും വ്യക്തിപരമായ ചില ആവശ്യങ്ങള്‍ക്കൊഴിച്ചുള്ള യാത്രകളില്‍ ഒറ്റക്ക് പോകാനിഷ്ടമില്ല. ഞാന്‍ കൂട്ടുകുടുംബത്തില്‍ വളര്‍ന്നതിനാല്‍ കൂട്ട് ചേര്‍ന്നുള്ള യാത്രകളാണിഷ്ടം. ആത്യന്തികമായി പറയട്ടെ, യാത്ര ഹരമാണെങ്കിലും ജീവിതത്തിന്റെ ലക്ഷ്യം അത് മാത്രമാവരുത് എന്ന ബോധ്യവും എനിക്കുണ്ട്.