ഇന്ത്യാ ചരിത്രത്തില്‍ നിന്നും വിസ്മൃതിയില്‍ ആണ്ടുപോയ സുല്‍ത്താന ചാന്ദ് ബീവിയുടെ ജീവിതത്തിലൂടെ
മുഖ്യധാരാ ഇന്ത്യന്‍ ചരിത്രത്തിലെ വീര നാരീസാന്നിധ്യം മിക്കവാറും ഒരു ഝാന്‍സി റാണിയില്‍ പരിമിതമാണ്. നമ്മുടെ സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച മറ്റു നിരവധി സ്ത്രീ ജീവിതങ്ങള്‍ ഈ ദേശത്ത് ജീവിച്ച് മരിച്ചുപോയിട്ടുണ്ട്. എങ്ങനെയാണ് അവര്‍ ചരിത്രത്തില്‍ നിന്ന് നിര്‍ദയം ഇല്ലാതായത്? ഇതൊരു വിസ്മയം തന്നെയാണ്. ഇന്ത്യയിലെ മഹാചക്രവര്‍ത്തിയാണ് അക്ബര്‍ ബാദുഷാ. അക്ബര്‍ ചക്രവര്‍ത്തിയുടെ വന്‍ പടയോട് മുഖാമുഖം നിന്ന് നിരന്തരം പോരാടുകയും തന്റെ യുദ്ധവൈഭവംകൊണ്ട് അക്ബറിനെ സ്തബ്ധനാക്കി, തന്റെ കുഞ്ഞു സാമ്രാജ്യം നിലനിര്‍ത്തുകയും ചെയ്ത പോരാളിയാണ് ചാന്ദ് ബീവി. അതുകൊണ്ടാണ് ഇന്നും ഇന്ത്യയുടെ മധ്യ സംസ്ഥാനങ്ങളില്‍ ഇവരുടെ അപദാന കഥകള്‍ നമ്മുടെ വടക്കന്‍ പാട്ടുകള്‍ പോലെ അവിടുത്തെ ജനങ്ങള്‍ പാടി നടക്കുന്നത്. ദീര്‍ഘകാലം ഡക്കാന്‍ ദേശമായ ബീജാപൂരിലും അഹമ്മദ് നഗറിലും ഭരണം നടത്താന്‍ സാധിച്ച മഹതിയാണ് ചാന്ദ് ബീവി.
മധ്യേഷ്യയിലെ ഒരു ഇടപ്രഭുവായിരുന്ന മിര്‍സാ ക്വാജി വര്‍ത്തക പ്രമാണി കൂടിയായിരുന്നു. തന്റെ ഒരു കച്ചവടയാത്രയില്‍ കൊള്ളസംഘത്തില്‍ നിന്നും മീര്‍സാ ക്വാജിക്ക് തിരിച്ചു കിട്ടിയത് മീര്‍സാ മിയാന്‍ ജിയോ എന്ന മകനെ മാത്രം. ദുഃഖിതനും വിഭ്രാന്തനുമായിരുന്ന മീര്‍സാ ക്വാജിക്ക് ആധികള്‍ വ്യാധികളായി പടര്‍ന്നപ്പോള്‍ ജീവിതത്തില്‍നിന്നും പെടുന്നനെ തിരിച്ചുപോയി. ബാക്കിയായത് പ്രിയ മകന്‍ മാത്രം. മീര്‍സാ മിയാന്‍ വളര്‍ന്നു. ദരിദ്രാവസ്ഥയില്‍ കഴിഞ്ഞുപോന്ന മീര്‍സാ മിയാന്‍ ജിയോയാകട്ടെ ഒരു നാള്‍ തന്റെ ഭാര്യയെയും കൊച്ചു മകളെയും കൂട്ടി ജീവിതം തെഴുപ്പിക്കാനുള്ള മരുപ്പച്ചയും തേടി കിഴക്കോട്ട് യാത്രയായി. ഓര്‍ക്കാപ്പുറത്താണ് അശനിപാതം. പടര്‍ന്നു കയറിയ നടപ്പുദീനം പിടിച്ച് മിയാന്‍ ജിയുടെ ജീവിത സഖി മറുലോകത്തേക്ക് യാത്രയായി. അയാള്‍ക്ക് ശേഷിച്ചത് കൊച്ചു മകള്‍ മാത്രം. നിരാശനാവാതെ മീര്‍സാ മിയാന്‍ ജിയോ തന്റെ മകളുടെ കരവും ഗ്രഹിച്ച് ദുര്‍ഘടമായ ജീവിതയാത്ര തുടര്‍ന്നു. ഈ കുഞ്ഞാണ് കുന്‍സാ ഹുമയൂണ്‍. വിജന വിദൂരതയാര്‍ന്ന സഞ്ചാരത്തിനൊടുവില്‍ ആരോ പറഞ്ഞറിഞ്ഞ് അയാള്‍ അഹമ്മദ് നഗറിലെ രാജാവായ നൈസാം ഷായുടെ കൊട്ടാര മുറ്റത്തെത്തി. സമര്‍ഥനും പ്രസാദവാനുമായ മീര്‍സാ മിയാന്‍ജിയോക്ക് രാജ കൊട്ടാരത്തില്‍ ജോലി കിട്ടി. തൊഴിലില്‍ വൈഭവം തുളുമ്പിനിന്നിരുന്ന ഈ യുവാവിന് എളുപ്പത്തില്‍ തന്നെ ജോലിയില്‍ കയറ്റമായി. അയാള്‍ കൊട്ടാരത്തിന്റെ മുഖ്യ ചുമതലക്കാരനായി. ഇതോടൊപ്പം മകളും വളര്‍ന്നു യൗവനയുക്തയായി. അവളുടെ പേര് ഖുന്‍സാ ഹുമയൂണ്‍.
സുന്ദരിയായിരുന്ന ഖുന്‍സാ ഹുമയൂണില്‍ രാജാവ് നൈസാം ഷായുടെ മകന്‍ സുല്‍ത്താന്‍ ഹുസൈന്‍ അനുരക്തനായി. രാജകുമാരന്‍ അവളെ വിവാഹം ചെയ്തു യുവ റാണിയാക്കി. ഈ ദമ്പതികളുടെ മകളാണ് ചാന്ദ് ബീവി. ഇത് 1579-ല്‍. ഹുസൈന്‍ സുല്‍ത്താന്റെയും ഖുന്‍സാ ഹുമയൂണിന്റെയും കൊട്ടാര ജീവിതം ഉല്ലാസഭരിതമായിരുന്നു; മകള്‍ ചാന്ദ് ബീവിയുടെയും. അവള്‍ അമ്മയെപ്പോലെ സുന്ദരിയായിരുന്നു; കുലീനയും. കൊട്ടാരത്തില്‍ നിന്നുതന്നെ അവളുടെ വിദ്യാരംഭവും പഠന പ്രവര്‍ത്തനങ്ങളും മുന്നോട്ടു പോയി. മത പാഠങ്ങള്‍ മാത്രമല്ല, ഗണിതവും കവിതയും വ്യാകരണ നിയമങ്ങളും അവള്‍ പഠിച്ചെടുത്തു. ആയുധ ശാസ്ത്രത്തിലും കുതിര സവാരിയിലും അവള്‍ സാമര്‍ഥ്യം തെളിയിച്ചു. പതിനാലാമത്തെ വയസ്സില്‍ തൊട്ടടുത്ത രാജ്യമായ ബീജാപൂരിലെ സുല്‍ത്താന്‍ ആദില്‍ ഷാ, ചാന്ദ്ബീവിയെ മംഗലം ചെയ്തു പട്ടമഹിഷിയാക്കി. ഇത് 1593-ല്‍.
സമര്‍ഥനും ബുദ്ധിമാനുമായിരുന്നു ആദില്‍ഷാ രാജാവ്. അദ്ദേഹമാണ് ഡക്കാന്‍ ദേശ സംഖ്യം രൂപീകരിച്ചത്. ആദില്‍ ഷാ രാജാവ് ആയിരത്തി അറുനൂറ്റി നാലില്‍ അന്തരിച്ചു. അപ്പോള്‍ ഇദ്ദേഹത്തിനും ചാന്ദ് ബീവിക്കും സന്താന സൗഭാഗ്യമുണ്ടായിരുന്നില്ല. അതുകൊണ്ട് സഹോദര പുത്രന്‍ ഒമ്പത് വയസ്സു മാത്രം പ്രായമുള്ള ഇബ്രാഹിം ആദില്‍ ഷാ യുവ രാജാവായി വാഴിക്കപ്പെട്ടു. പക്ഷേ, രാജ്യഭാരങ്ങള്‍ നിര്‍വഹിച്ചത് ചാന്ദ് ബീവിയായിരുന്നു.
അതോടെ കൊട്ടാരത്തില്‍ ഗൂഢാലോചനകളും അധികാര മത്സരങ്ങളും കനത്തു. ബന്ധുക്കളും സില്‍ബന്ധികളുമായ നിരവധി പ്രഭുക്കന്‍മാര്‍ കലാപത്തിന് ശ്രമം തുടങ്ങി. പക്ഷേ, ഇതൊക്കെയും ചാന്ദ് ബീവി അതിജീവിച്ചു. ഇബ്രാഹിം കുമാരനെ സംരക്ഷിച്ചു നിര്‍ത്താന്‍ ചാന്ദ് ബീവി മാത്രമായിരുന്നു അന്ന് കൊട്ടാരത്തിലുണ്ടായിരുന്നത്. അപ്പോഴും ഖാന്‍മാര്‍ ഗൂഢാലോചന പെരുപ്പിച്ചുകൊണ്ടിരുന്നു. ഒരു ഇടവേളയില്‍ നിവൃത്തിയില്ലാതെ അവര്‍ക്ക് തൊട്ടടുത്തുള്ള സത്താറായിലേക്ക് ജീവനുംകൊണ്ട് പലായനം ചെയ്യേണ്ടി വന്നു. തന്റെ അവശ കാലത്ത് തനിക്ക് ഭരണത്തിന് തുണയായത് ഈ ഉപ മാതാവിന്റെ സഹകരണം മാത്രമായിരുന്നെന്ന് സ്ഥാനാരോഹണ ചടങ്ങില്‍ ഇബ്രാഹിം രാജാവ് പ്രത്യേകം അനുസ്മരിച്ചത് ചരിത്രത്തിലുണ്ട്. രാജ്ഞിയായും ഇബ്രാഹിം രാജാവിന്റെ റീജന്റായും ചാന്ദ് ബീവി ഇരുപത്തിമൂന്ന് വര്‍ഷം രാജ്യഭാരം നടത്തി.
അക്കാലത്ത് അഹമ്മദ് നഗര്‍ ദേശത്തെ ആക്രമിക്കാന്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ വന്‍ സൈന്യം പടകൂട്ടിയെത്തി. അക്ബറിന്റെ മകന്‍ മുറാദ് തന്നെയായിരുന്നു സൈനിക നായകന്‍. അഹമ്മദ് നഗറിന്റെ തകര്‍ച്ചയായിരുന്നു അക്ബറിന്റെ ലക്ഷ്യം. തന്റെ അധീശത്വം അംഗീകരിക്കാത്ത ഒരു കൊച്ചു ദേശം സാമ്രാജ്യാതൃത്തിയില്‍ നിലനില്‍ക്കുന്നത് അക്ബര്‍ ബാദുഷാക്ക് അപമാനമായിരുന്നു. വന്‍ പടയാണ് അഹമ്മദ് നഗര്‍ അതിര്‍ത്തിയില്‍ മുറാദ് വിന്യസിച്ചത്. കൊട്ടാരം പക്ഷേ, ബലിഷ്ഠമായ കോട്ടയാല്‍ സുരക്ഷിതമായിരുന്നു. പുറത്ത് യുദ്ധത്തിന്റെ പെരുമ്പറ. ഈ സമയത്ത് പോലും ചാന്ദ് ബീവി ഭയന്നിരുന്നതേയില്ല. അവര്‍ക്കറിയാമായിരുന്നു ഒരു നാള്‍ മുഗളപ്പട വന്നെത്തുമെന്ന്. പക്ഷേ, ചാന്ദ് ബീവി സന്ധി ചോദിച്ചില്ല, കീഴടങ്ങാന്‍ ദൂതരെ അയച്ചില്ല. ബീവിക്കറിയാം അക്ബര്‍ രാജന്റെ സേനാ ശേഷി. എന്നിട്ടും പക്ഷേ, ചാന്ദ്ബീവി പടകൂട്ടി നിന്നു. ശത്രുക്കള്‍ കോട്ടകള്‍ തുരന്ന് അതിലൊക്കെയും വെടിമരുന്ന് നിറക്കുന്നതില്‍ വ്യാപൃതരായി. രാത്രിയുടെ മൂന്നാം യാമത്തില്‍ പതുങ്ങിയെത്തി കോട്ട പിളര്‍ത്തി കൊട്ടാരം പിടിക്കുകയായിരുന്നു അവരുടെ തന്ത്രം. ചാന്ദ് ബീവിയും വെറുതേയിരുന്നില്ല. അവര്‍ പുരുഷവേഷം ധരിച്ച് വിശ്വസ്തരായ പടയാളികളെയും കൂട്ടി പുറത്തിറങ്ങി. കോട്ട മതിലുകളില്‍ വെടിമരുന്ന് നിറക്കാനായി ശത്രുക്കള്‍ കുഴിച്ച തുളകള്‍ കണ്ടുപിടിച്ചു. എന്നിട്ട് അതിലെ വെടിമരുന്നുകള്‍ മൊത്തം വാരിക്കളഞ്ഞു. തീ പന്തങ്ങളുമായി പതുങ്ങിയെത്തിയ അക്ബര്‍പ്പട കണ്ടത് വെടിമരുന്ന് വാരിക്കളഞ്ഞ ശൂന്യമായ പോടുകള്‍ മാത്രം. മുഗള സേനാനായകന്‍ മുറാദിനോട് വിവരം പറഞ്ഞു. അദ്ദേഹം ക്ഷുഭിതനായി. കോട്ടയില്‍ സ്ഫോടനം നടത്താന്‍ ഉത്തരവിട്ടു. മുഗളപ്പട കോട്ട മതിലുകളില്‍ സ്ഫോടനം നടത്തി. അവര്‍ കോട്ട പൊളിച്ച് അകത്തെത്തി. പിന്നീട് നടന്നത് പൊരിഞ്ഞ പോരാട്ടമായിരുന്നു. ഈ യുദ്ധത്തിലാണ് ചാന്ദ് ബീവി നേരിട്ട് പടക്കളത്തില്‍ സായുധയായി പൊരുതിയത്. ജയിച്ചത് സ്വാഭാവികമായും അക്ബറിന്റെ സൈന്യം തന്നെ.
യുദ്ധാനന്തരം അക്ബര്‍ പക്ഷേ, പെരുമാറിയത് മറ്റൊരു വഴിയിലാണ്. കോട്ടയിലെ കൊട്ടാരത്തില്‍ അക്ബര്‍ അപ്രതീക്ഷിതമായൊരു ദര്‍ബാര്‍ വിളിച്ചു. അവിടെ ചാന്ദ് ബീവിയെയും പ്രായപൂര്‍ത്തിയാകാത്ത ഇബ്രാഹിം രാജകുമാരനെയും ആദരപൂര്‍വം വിളിച്ചുവരുത്തി. എന്നിട്ട് ഏകപക്ഷീയമായി സന്ധി പ്രഖ്യാപിച്ചു. ജയിച്ച രാജാവ് സന്ധി പ്രഖ്യാപിക്കുകയോ? അല്‍ഭുതമാണത്. മാത്രമല്ല, അക്ബര്‍ ബാദുഷാ അവിടെവെച്ച് ചാന്ദ് ബീവിയെ സുല്‍ത്താന എന്ന പദവി നല്‍കി ആദരിച്ചു.
അക്ബറിന്റെ പട തിരിച്ചുപോയി. അഹമ്മദ് നഗര്‍ സ്വസ്ഥതയിലേക്കും. അക്ബറിന്റെ പിന്തുണയോടെ ചാന്ദ് ബീവി രാജ്യത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ശീഘ്രത്തില്‍ നടപ്പാക്കിക്കൊണ്ടിരുന്നു. സുല്‍ത്താന ചാന്ദ് ബീവി പക്ഷേ, അപ്പോഴും ഏറെ വിവേകത്തോടെ മാത്രം പെരുമാറി. അവര്‍ റീജന്റായി തന്നെ തുടര്‍ന്നു. നിയമപ്രകാരം രാജാവ് ഇബ്രാഹിം ഷാ ആണെങ്കിലും ഭരണം നടത്തിയിരുന്നത് ചാന്ദ് ബീവി ആയിരുന്നു. സുല്‍ത്താന് പ്രായപൂര്‍ത്തിയായതോടെ ഇബ്രാഹിം ഷാ യഥാര്‍ഥത്തില്‍ തന്നെ രാജാവായി അധികാരമേറ്റു. അധികാരങ്ങളൊക്കെയും പുതിയ രാജാവില്‍ നിക്ഷിപ്തമായതോടെ അദ്ദേഹത്തെ ഉപദേശിമാര്‍ പൊതിഞ്ഞു. അവര്‍ ചാന്ദ് ബീവിയെ പ്രതി സുല്‍ത്താന് മുന്നില്‍ അപവാദം പറഞ്ഞുപരത്തി. ചാന്ദ്ബീവി സത്യത്തില്‍ ഇബ്രാഹിം സുല്‍ത്താന് എതിരാണെന്നും സ്വന്തം അധികാരമാണ് അവരുടെ മുന്‍ഗണനയെന്നും വിദൂഷകന്‍മാര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. അതുകൊണ്ടാണ് അക്ബര്‍ ചക്രവര്‍ത്തിയുമായി സന്ധി എഴുതിയതെന്നവര്‍ സാക്ഷ്യവും പറഞ്ഞു. ഈ പരദൂഷണ പ്രചാരണക്കൊടുങ്കാറ്റിന്റെ ഫലം ഭീകരമായിരുന്നു. തന്റെ വളര്‍ത്തമ്മയായ ചാന്ദ് ബീവിയുടെ ഉപദേശങ്ങള്‍ ശ്രദ്ധിക്കാതെ ഇബ്രാഹിം നൈസാം പൊടുന്നനെ തന്നെ അക്ബറുമായി യുദ്ധത്തിന് ഒരുങ്ങിപ്പുറപ്പെട്ടു. അക്ബറുമായുള്ള യുദ്ധത്തില്‍ ഇബ്രാഹിം ഷാ ദയനീയമായി തോല്‍പ്പിക്കപ്പെട്ടു.
അങ്ങനെ വര്‍ഷങ്ങളായി ചാന്ദ് ബീവി തന്റെ കഠിന ശ്രമത്തിലൂടെ വികസിപ്പിച്ചു വളര്‍ത്തിയ അഹമ്മദ് നഗര്‍ തകര്‍ന്നു തരിപ്പണമാവുകയും അത് മുഗള സാമ്രാജ്യത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. കൊട്ടാരം കൈയേറിയ ശത്രുക്കള്‍ അവിടെയൊക്കെയും ചാന്ദ് ബീവിയെ അന്വേഷിച്ചിറങ്ങി. ബീവി ജീവനോടെ ബാക്കിയായാല്‍ അത് മുഗള ഭരണത്തിനും ഒപ്പം ഇബ്രാഹിം ഷായുടെ ഉപദേശികള്‍ക്കും ഭീഷണിയാണ്. ഒടുവിലവര്‍ ചാന്ദ് ബീവിയുടെ അറവാതിലുകള്‍ തള്ളിത്തുറന്നു. ശത്രുക്കള്‍ അവരെ കടന്നുപിടിച്ചു. ആ കശ്മലര്‍ ചാന്ദ് ബീവിയെ നിര്‍ദയം വധിച്ചു. ദേഹമെടുത്ത് കൊട്ടാരത്തിലെ ഒരു കിണറ്റില്‍ കൊണ്ടിട്ടു. ദിവസങ്ങള്‍ക്ക് ശേഷം ബീവിയുടെ അനുചാരികള്‍ വീര്‍ത്ത് വികൃതമായ ദേഹം പൊക്കിയെടുത്ത് ഗുല്‍ബര്‍ഗയിലേക്ക് കൊണ്ടുപോയി. ആരുമറിയാതെ ആചാര വിധിപ്രകാരം സംസ്‌കരിച്ചു. ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ദേശം പണിത് ആ ദേശവാസികളുടെ സുല്‍ത്താനയായി വളര്‍ന്നുവന്ന ഒരാളാണ് ചാന്ദ് ബീവി. ഇവരുടെ ജീവിതമാസകലം സങ്കടങ്ങളുടെയും അന്തഃസംഘര്‍ഷങ്ങളുടെയും ഒരു പെരുങ്കടല്‍ കുതികുത്തിയിരുന്നു. വെട്ടിപ്പിടിച്ചും പൊരുതി ജയിച്ചും സ്വന്തമാക്കിയതാണ് അവരുടെ വിജയങ്ങളൊക്കെയും. ആണ്‍വേഷം ധരിച്ചാണ് അവര്‍ കുതിരപ്പുറത്ത് പടക്കളം നിറഞ്ഞത്. ചതിയും വഞ്ചനയും ജീവിതത്തിലെവിടെയും പ്രകടിപ്പിക്കാതെ നിയോഗമപ്പാടെ പൂര്‍ത്തിയാക്കിയാണവര്‍ ഭൂമിയില്‍നിന്ന് തിരിച്ചുപോയത്. ഇന്ത്യാ രാജ്യത്ത് പ്രജാക്ഷേമത്തിന് ജീവിതം ബലിയാക്കിയ ചാന്ദ് ബീവി പക്ഷേ, ചരിത്രത്തില്‍നിന്നും തിരസ്‌കൃതയാണ്.