ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങള്‍ അഭിമുഖീകരിക്കുന്ന ക്ലേശങ്ങളെയും
അവര്‍ നിര്‍വഹിക്കുന്ന പോരാട്ടങ്ങളെയും അനുസ്മരിക്കുന്നതിലൂടെ നമുക്ക് ഈദിന്റെ
യഥാര്‍ഥ സത്തയെ ഉയര്‍ത്തിപ്പിടിക്കാനാവണം. പീഡിതരോടുള്ള ഐക്യദാര്‍ഢ്യവും അവര്‍ക്ക് വേണ്ടിയുള്ള പ്രാര്ഥനയുമാവട്ടെ ഈ റമദാനിലും ഈദിലും നാം പുതുക്കേണ്ട പ്രതിജ്ഞ
പ്രയത്നങ്ങള്‍ക്ക് ദൈവം നല്കുന്ന അംഗീകാരമാണ് ഈദ്. ഇസ്ലാമിന്റെ ശബ്ദാവലിയിലെ പദങ്ങളെല്ലാം തന്നെ സവിശേഷങ്ങളാണ്. പദാര്‍ഥങ്ങള്‍ പരിശോധിച്ചാല്‍ സ്വലാത്ത് എന്നതിന് പ്രാര്‍ഥന എന്നോ സകാത്ത് എന്നതിന് ദാനം എന്നോ അര്‍ഥമില്ല. തഖ് വയുടെ അര്‍ഥം ഭക്തി എന്നല്ലാത്തത് പോലെ, ഈമാന്‍ എന്ന പദം നേര്‍ക്കുനേരെ വിശ്വാസത്തെ അര്‍ഥമാക്കുന്നില്ല. ദീന് എന്നതുകൊണ്ട് മതം എന്നര്ഥമാക്കാത്തത് പോലെ, ആരാധന എന്നതില്‍ വരുന്ന എല്ലാ സങ്കല്പങ്ങള്ക്കും അപ്പുറത്ത് നില്‍ക്കുന്നതാണ് ഇബാദത്ത് എന്ന പ്രയോഗം. എന്തിനധികം, തൗബ എന്ന, ആത്മശുദ്ധീകരണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പദത്തിന് പോലും, വിവര്‍ത്തനം ചെയ്യപ്പെടുന്ന തരത്തില്‍ പശ്ചാത്താപം എന്നര്‍ഥമില്ല.
പ്രാര്‍ഥനയെ സ്വലാത്താക്കുന്ന അതിമഹത്തായ ഒരു യുക്തിയുണ്ട്. ആ യുക്തിയുടെ പേരാണ് ഇസ്ലാം എന്നത്. ആ യുക്തിയാണ് ദാനത്തെ സകാത്താക്കുന്നതും ഉപാസനയെ ഇബാദത്താക്കുന്നതും. പശ്ചാത്താപത്തെ തൗബയാക്കുന്നതും അതേ യുക്തി തന്നെ. വിശ്വാസം എന്ന ബോധ്യമില്ലായ്മക്കപ്പുറം ഈമാന്‍ എന്നത് അനുഭവവും അനുഭൂതിയുമാണ്. ദൈവഭക്തിയോ ഭയമോ അല്ല, മറിച്ച് ജീവിതത്തിലെ വിശുദ്ധിയും സൂക്ഷ്മതയുമാണ് തഖ് വ. ഏത് ഭക്തനും ഒട്ടും മനസ്സാക്ഷിക്കുത്തില്ലാതെ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവരുടെ മുതലുകള്‍ കവര്‍ന്നെടുക്കുകയും ചെയ്യാറുണ്ട്. കേവല മതകാഴ്ചപ്പാടില്‍ ഭയത്തെ, മനസ്സാക്ഷിക്കുത്തിനെ മറികടക്കാനുള്ള ചെപ്പടിവിദ്യയാണ് പശ്ചാത്താപം. എന്നാല്‍, ഖുര്‍ആനിലെ തഖ് വ അത്തരത്തിലൊരു ദൈവഭയം (fear of God) അല്ല, മറിച്ച് അത് ജീവിതത്തെ നയിക്കേണ്ടുന്ന ദൈവബോധം (God-consciousness) ആണ്.
ഇവിടെ നാം അന്വേഷിക്കുന്നത് ആഘോഷത്തെ ഈദ് ആക്കുന്ന യുക്തിയാണ്. ആ യുക്തിയോട് സമകാലിക സാഹചര്യത്തില്‍ നാം എങ്ങനെ പ്രതികരിക്കണം എന്നുമാണ്. വര്‍ജനം എന്നര്‍ഥമുള്ള സൗ ം എന്ന ആശയമാക്കി വ്രതാനുഷ്ഠാനത്തെ പരിവര്‍ത്തിപ്പിക്കുന്ന യുക്തിയോട് തന്നെയാണല്ലോ ഇതും ചേര്‍ക്കേണ്ടത്. മടക്കം എന്നര്‍ഥമുള്ള പദമാണ് ഈദ്. ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളില്‍ ഈദുല്‍ ഫിത്വ്ർ നോമ്പുമായും ഈദുല്‍ അദ്ഹാ ബലിയുമായും ബന്ധപ്പെട്ടിരിക്കുന്നുവല്ലോ. റമദാനിലെ ത്യാഗപരിശീലനം ഒരു മുഅ്മിനിനെ ആഘോഷത്തിന് പ്രാപ്തനാക്കുന്നു. പ്രലോഭനങ്ങളെ ജയിച്ചയാളാണ് മുഅ്മിന്. അയാള്‍ പൈദാഹങ്ങളെ വരുതിക്ക് കൊണ്ടുവന്നയാളാണ്. അതിലൂടെ സ്വന്തം കാമത്തെയും ക്രോധത്തെയും നിയന്ത്രിക്കാന്‍ അയാള്‍ ശീലിച്ചുകഴിഞ്ഞു. അതിനുമപ്പുറം, റമദാനില്‍ വര്‍ധിപ്പിക്കുന്ന ദാനധര്‍മങ്ങളിലൂടെയും ജീവകാരുണ്യ ചിന്തകളിലൂടെയും അയാള്‍ സഹജീവികളോടുള്ള അന്പും അലിവും തെളിയിച്ചിട്ടുണ്ട്. ഇതിലൂടെയൊക്കെയാണ് മുഅ്മിന് ആഘോഷിക്കാനുള്ള അര്‍ഹത നേടുന്നത്. സമാന സ്വഭാവത്തില്‍, സമര്‍പ്പണ സന്നദ്ധതയാണ് ഈദുല്‍ അദ്ഹാ ആഘോഷിക്കാനും അയാള്‍ക്ക് അര്‍ഹത നല്‍കുന്നത്. നമ്മുടെ പ്രയത്നങ്ങള്‍ക്ക് അല്ലാഹു തരുന്ന അംഗീകാരമായി ഈ സന്ദര്‍ഭങ്ങള്‍ മാറുന്നതങ്ങനെയാണ്.
എന്തായാലും നാം ഈദുല്‍ ഫിത്വ്റിന്റെ ആനന്ദകരമായ നിമിഷങ്ങളിലേക്കടുക്കുകയാണ്. ലോകമെമ്പാടുമുള്ള മുസ്ലിംകള് ഉപവാസത്തിന്റെയും കാരുണ്യത്തിന്റെയും ദാനത്തിന്റെയും മാസമായ റമദാനിന്റെ സമാപനത്തില്‍ കര്‍മങ്ങളുടെ ആധ്യാത്മിക പ്രതിഫലനങ്ങള്ക്കായി ആകാംക്ഷയോടെ പ്രതീക്ഷിക്കുന്നു. എന്നാല്‍, ആഡംബരാഘോഷങ്ങള്ക്കുള്ള ആവേശത്തിനും ഒരുക്കങ്ങള്ക്കുമിടയില് ഈ പവിത്ര സന്ദര്‍ഭത്തിന്റെ യഥാര്‍ഥ സത്തയെക്കുറിച്ച വിചിന്തനം അനിവാര്യമാണ്. ഈ വര്‍ഷം ഈദ് ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍, നമുക്ക് സങ്കല്പിക്കാന് പോലും പറ്റാത്ത ക്ലേശങ്ങള്‍ സഹിക്കുന്നവരോട്, നോമ്പിനെക്കാള്‍ വലിയ നോവ് നോല്‍ക്കുന്നവരോട്, പ്രത്യേകിച്ചും സംഘര്‍ഷങ്ങള്‍ക്കും പ്രക്ഷുബ്ധതകള്ക്കുമിടയില് മരണത്തോടും പട്ടിണിയോടും പോരാടുന്ന ഗസ്സയിലെ കുഞ്ഞുങ്ങളടക്കമുള്ള മനുഷ്യരോട് ഐക്യദാര്‍ഢ്യപ്പെടാന്‍ കൂടി നാം ഒരുങ്ങേണ്ടതുണ്ട്. നാമവരെ മറക്കരുത്, നമ്മുടെ ആഘോഷങ്ങള്‍ അവരുടെ ദുരവസ്ഥയെ മറയ്ക്കുകയുമരുത്. പീഡിതരോട് ഐക്യദാര്‍ഢ്യപ്പെടാനുള്ള നമ്മുടെ കടമയുടെ ഓര്മപ്പെടലായി മാറണം നമ്മുടെ ഈദ്.
പലപ്പോഴും, ലോകത്തിന്റെ പല ഭാഗങ്ങളിലും അതിരുകടന്ന ഉപഭോഗത്വരയും ആഡംബര പ്രകടനങ്ങളും ഈദാഘോഷങ്ങളുടെ പര്യായമായി മാറാറുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന ചൈതന്യത്തെത്തന്നെ തകര്‍ക്കും വിധം പലപ്പോഴും അത് മാരകമായിത്തീരുന്നു. ഉപഭോഗസംസ്കാരത്തോടുള്ള വിധേയത്വവും കവിഞ്ഞ ആഡംബരാസക്തിയും ഭൗതിക പ്രമത്തതയും പൊങ്ങച്ചവും ചേര്‍ന്ന് ഇസ്ലാമിന്റെ ശാശ്വതവും കേന്ദ്രസ്ഥാനീയവുമായ മൂല്യങ്ങളായ വിനയം, അന്പ്, അനുകമ്പ തുടങ്ങിയവയോടുള്ള പ്രതിബദ്ധതയില്‍ നിന്ന് നമ്മെ തടയുന്നു. അമിതമായ ചെലവിന്റെയും അതിരുവിട്ട ആഹ്ലാദത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ, മിതത്വവും ലാളിത്യവും നമ്മുടെ ഈദ് ആഘോഷങ്ങളുടെ മാര്‍ഗദര്‍ശക തത്ത്വങ്ങളായി സ്വീകരിക്കാം.
അതായത്, ഇസ്ലാമികാധ്യാപനങ്ങളില് പ്രാധാന്യപൂര്‍വം മുന്നോട്ടുവെക്കപ്പെടുന്ന രണ്ട് അതിപ്രധാന മൂല്യങ്ങള്‍ ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങളുടെ അടിത്തറയായി മാറേണ്ടതുണ്ട്. അതാകട്ടെ, ആഘോഷം എന്നതില്‍ സമകാലീന മനുഷ്യന് വെച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടുകളെ ഒന്നാകെ അട്ടിമറിക്കുന്ന ഒരു നിലപാടായിത്തീരും. ഓരോ കാലഘട്ടത്തിലെയും സാംസ്കാരിക ബോധങ്ങളെ അട്ടിമറിച്ചും പുനര്‍നിര്‍വചിച്ചും പുനര്നിര്ണയിച്ചുമല്ലാതെ പ്രവാചകരുടെയോ പരിഷ്കര്‍ത്താക്കളുടെയോ കാലത്ത് ഇസ്ലാം മുന്നോട്ട് പോയിട്ടില്ല. ഇത്തരം നിര്‍വചനങ്ങളിലും നിര്‍ണയങ്ങളിലുമെല്ലാം ഏറ്റവും പ്രാധാന്യപൂര്‍വം പ്രകാശിതമായിട്ടുള്ളത് ചുറ്റുപാടുകളെയും സമൂഹത്തെയും കുറിച്ച വിചാരപ്പെടല്‍ എന്ന ഇസ്ലാമിക നിലപാട് തന്നെയാണ്.
എപ്പോഴും എല്ലാ കാര്യങ്ങളിലും ഇസ്ലാം നിഷ്കര്‍ഷിക്കുന്ന മിതത്വമാണ് ഇതില്‍ ഒന്നാമത്തെ മൂല്യം. മധ്യമം എന്ന ആശയത്തോട് പ്രതിബദ്ധമാണ് ഇസ്ലാം. മുസ്ലിം സമുദായത്തോടുള്ള അതിന്റെ നിര്‍ദേശവും അതുതന്നെ. 'പ്രവാചകനാല്‍ സാക്ഷ്യം വഹിക്കപ്പെടുന്ന, മനുഷ്യ സമൂഹത്തിനൊന്നടങ്കം സാക്ഷ്യമായിത്തീരുന്ന മധ്യമ സമുദായമായാണ് നിങ്ങളെ നാം നിശ്ചയിച്ചിട്ടുള്ളത്' എന്ന് അല്ലാഹു അറിയിക്കുന്നു. സൂറ: അല്‍ഫുര്‍ഖാന്‍ കാരുണ്യവാന്റെ ദാസരുടെ ഗുണങ്ങള്‍ വിവരിക്കുന്നിടത്ത്, 'ചെലവഴിക്കുമ്പോള്‍ ധൂര്‍ത്തരോ പിശുക്കരോ ആവാതെ രണ്ടിനുമിടയില്‍ നിലകൊള്ളുന്നവര്‍' എന്ന് പ്രഖ്യാപിക്കുന്നു.
ഉപഭോഗത്തിലും ആഘോഷത്തിലുമുള്ള മിതത്വം എന്നത് അവകാശങ്ങള്‍ തടയപ്പെടുന്നവരോടുള്ള ഐക്യദാര്‍ഢ്യപ്പെടലും കൂടിയാണ്. മേല്‍ സൂചിപ്പിച്ച തത്ത്വങ്ങളില്‍ രണ്ടാമത്തേത് അതാണ്- ഐക്യദാര്‍ഢ്യത്തിന്റെ തത്ത്വം. ഖുര്‍ആന്‍ നമ്മോട് ചോദിക്കുന്നു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം, അടിച്ചമര്‍ത്തപ്പെട്ട പുരുഷര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി? ആ ആളുകളോ, നിരന്തരം പ്രാര്‍ഥിക്കുന്നു: ഞങ്ങളുടെ നാഥാ, ഞങ്ങളെ വിമുക്തരാക്കണേ, മര്‍ദ്ദകരായ ആളുകളുടെ ഈ ദേശത്ത് നിന്ന്, നിന്നില്‍ നിന്നും ഒരു നേതാവിനെ, നിന്നില്‍ നിന്നും ഒരു സഹായിയെഞങ്ങള്ക്കേകുകയും ചെയ്യണേ' (അന്നിസാഅ് 75).
ഒരു മുഅ്മിന് എല്ലായ്പ്പോഴും അനുവര്‍ത്തിക്കേണ്ട ഗുണവും നിലപാടുമായി ഖുര്‍ആന്‍ ഊന്നിപ്പറയുന്ന കാര്യമാണ് നിസ്സഹായരോടും അവകാശങ്ങള്‍ തടയപ്പെട്ടവരോടുമുള്ള ഐക്യദാര്‍ഢ്യം. ഒട്ടും ഇളവില്ലാത്ത വിധം ഇസ്ലാം കല്പിക്കുന്ന നീതിയുടെ താത്പര്യം കൂടിയാണ് ഇപ്പറഞ്ഞ രണ്ട് തത്വങ്ങളും. സൂറ: അന്നഹ് ലില്‍ ഇങ്ങനെയൊരു പ്രഖ്യാപനം കാണാം.
'നിശ്ചയം, അല്ലാഹു നിങ്ങളോട് കല്പിക്കുന്നു: (സാമൂഹിക)നീതി, ഉത്തമമായ പ്രവര്‍ത്തനങ്ങള്‍, പിന്നെ സഹവര്‍ത്തികളോടുള്ള ഉദാരതയും' (അന്നഹ്ൽ 90).
ഇതിലെ 'ദുല്ഖുര്ബാ' എന്ന പദത്തിന് ബന്ധുജനം (kinsfolk) എന്ന് ഭാഷാര്‍ഥം. സാധാരണഗതിയില്‍ രക്തം വഴിയോ വിവാഹം വഴിയോ ഉള്ള ബന്ധുക്കള്‍ (relatives) എന്ന അര്‍ഥത്തിലാണ് ഈ വാക്ക് ഉപയോഗിക്കാറുള്ളത്. അതേസമയം പദപരമായി ദുല്ഖുര്ബാ എന്നാല്‍ സമീപസ്ഥര്‍ ആണ്. മനുഷ്യ ബന്ധങ്ങളുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ ധാര്‍മികാധ്യാപനങ്ങളുടെ സമഗ്രതയില്‍ പരിശോധിക്കുമ്പോള്‍ ഇവിടെ kinsfolk എന്നാല്‍ സഹചരര്‍ (fellow-men) ആണ്. സഹചരബന്ധമാകട്ടെ, സാഹചര്യബന്ധിതമായി മാറുന്ന ഒരു ഫ്രെയിം ആണു താനും. ബന്ധവും ഉദാരതയും അത്രയും വിശാലമായ ഒരു പ്രതലത്തിലേക്ക് ഖുര്‍ആന്‍ വികസിപ്പിക്കുന്നുവെന്ന് സാരം. അതേ വചനത്തില്‍ തുടര്‍ന്ന് പറയുന്നത് ശ്രദ്ധിക്കുക: 'അവന് നിരോധിക്കുന്നു: തെറ്റുകളും തിന്മകളും അക്രമങ്ങളും'.
ഇവിടെ ഉപയോഗിച്ച പദങ്ങള്‍ ഫഹ്ശാഅ്, മുന്കര്, ബഗ് യ് എന്നിവയാണ്. ലജ്ജാകരമായ പ്രവര്‍ത്തനങ്ങളെയാണ് ഫഹ്ശാഅ് എന്ന് പറയുക. മാനുഷികമായ യുക്തിക്കും സാമൂഹികബോധത്തിനും എതിരായ പ്രവൃത്തികളാണ് മുന്കര്. ബഗ് യ് എന്നാല്‍ മനുഷ്യസമൂഹത്തിന്മേലുള്ള അക്രമവും. എന്നുവെച്ചാല്‍, വൈയക്തികവും എന്നാല്‍ അന്തസ്സിന് ചേരാത്തതുമായ തെറ്റുകളെയാണ് ഒന്നാമത്തെ പദം അര്‍ഥമാക്കുന്നത്. രണ്ടാമത്തേത് സാമൂഹികബന്ധങ്ങളെയും പാരസ്പര്യത്തെയും ദുര്‍ബലമാക്കുന്ന തിന്മകള്. അധിനിവേശം, അടിച്ചമര്‍ത്തല്‍ തുടങ്ങിയവ മൂന്നാമത്തേതും.
നീതിയും സഹാനുഭൂതിയുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ കല്പനകള് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ഇതിത്രയും വിശദീകരിച്ചത്. അല്ലാഹു പറയുന്നു: 'ബന്ധുജനങ്ങള്ക്കെല്ലാം അവരുടെ അവകാശങ്ങള്‍ നല്‍കുക. ഒപ്പം അഗതികള്‍ക്കും യാത്രികര്‍ക്കും. അല്ലാഹുവിന്റെ വദനമാഗ്രഹിക്കുന്നവരാരോ അവര്ക്കതാണുത്തമം. അവര്‍ തന്നെയാണ് വിജയം വരിക്കുക.' -(സൂറഃ അര്‍റൂം 38).
ഇത്തരം വചനങ്ങളില്‍ ഖുര്‍ആന്‍ പ്രയോഗിക്കുന്നത് ഹഖ് എന്ന പദമാണ്. അതായത്, ഇത്തരം നിര്‍ദേശങ്ങളെ അല്ലാഹു സ്ഥാപിക്കുന്നത് ബാധ്യതയുടെയും അവകാശത്തിന്റെയും തലത്തിലാണ്. നാം മനസ്സിലാക്കുന്ന ഔദാര്യമല്ല അത്. വ്യക്തികളുടെ പാരസ്പര്യം തൊട്ട് രാഷ്ട്രീയമായ ബന്ധങ്ങളില്‍ വരെ ഖുര്‍ആന്‍ ഉപയോഗിക്കുന്നത് അവകാശങ്ങളുമായി ബന്ധപ്പെട്ട പദാവലികളാണ്.
** ** **
നീതിയുടെയും മാനവിക സഹവര്‍ത്തിത്വത്തിന്റെയും വക്താക്കളായിത്തീരേണ്ട മുസ്ലിം സമൂഹത്തിന് ഈ ദൗത്യനിര്‍വഹണത്തില്‍ കരുത്ത് പകരേണ്ട അവരുടെ ഗുണവും കൂടിയാണ് മിതത്വം. സന്തോഷിക്കാന്‍ നമുക്കവകാശമുണ്ട്. എന്തെന്നാല്‍ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ നമ്മുടെ യത്നങ്ങള്‍ക്ക് പടച്ച തമ്പുരാന് തരുന്ന അംഗീകാരമാണ് നമ്മുടെ ആഘോഷ വേളകള്‍. അതിനാല്‍ ആഘോഷം യത്നങ്ങളെ പാഴാക്കിക്കളയുന്ന അവസ്ഥ സൃഷ്ടിക്കപ്പെടരുത്. അസമത്വവും ദാരിദ്ര്യവും അനീതിയും അക്രമവും പൂണ്ടുവിളയാടുന്ന ഒരു ലോകത്ത് ഐക്യദാര്‍ഢ്യത്തിന്റെയും മിതത്വത്തിന്റെയും ഇസ്ലാമിക മൂല്യങ്ങളോടുള്ള നമ്മുടെ കൂറിന് അത്യധികം പ്രാധാന്യമുണ്ട്. അങ്ങനെ വരുമ്പോള്‍ മറ്റ് മനുഷ്യരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിനായി നാം നമ്മുടെ ചെലവുകളില്‍ മിതത്വം പാലിച്ചേ മതിയാകൂ. ഈദിന്റെ യഥാര്‍ഥ ചൈതന്യം ഉള്‍ക്കൊള്ളുക എന്നുവെച്ചാല്‍ അതാണ്. 'ആദമിന്റെ മക്കളേ, ഉപാസനാവേളകളിലെല്ലാം നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക (നിങ്ങള്‍ സ്വയം അലംകൃതരാവുക). നിങ്ങള്‍ (നിങ്ങള്‍ക്കുള്ള) ഭക്ഷ്യ പേയങ്ങള് ആസ്വദിക്കുക. എന്നാല്‍, ഒട്ടും അമിതമാകരുത്. അമിതത്വം കൈക്കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല' (അല്‍അഅ്റാഫ് 31).
ഇവിടെ വിശദീകരിച്ച തത്ത്വങ്ങളെയും മൂല്യങ്ങളെയും കല്പനകളെയും മുന്‍നിര്‍ത്തിക്കൊണ്ട് നാം ഈദിനെ പുനര്‍നിര്‍വചിക്കുകയും മുന്‍ഗണനകള്‍ ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഉദാരത, അനുകമ്പ, സഹവര്‍ത്തിത്വം എന്നിവയുടെ തത്ത്വങ്ങളില്‍ നമ്മളെത്തന്നെ പുനര്‍നിര്‍മിക്കുകയും ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായി ജീവിതത്തെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യണം. സ്വാഭാവികമായും ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങള്‍ അഭിമുഖീകരിക്കുന്ന ക്ലേശങ്ങളെയും അവര്‍ നിര്‍വഹിക്കുന്ന പോരാട്ടങ്ങളെയും അനുസ്മരിച്ചുകൊണ്ടേയിരിക്കണം. അതിലൂടെ നാം നമ്മുടെ ഈദിന്റെ യഥാര്‍ഥ സത്തയെ ഉയര്‍ത്തിപ്പിടിക്കുന്നു, നമ്മുടെ വിശ്വാസത്തിന്റെ കാലാതീത മൂല്യങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
** ** **
ഏറ്റവും മൂല്യവത്തായ ജീവിതമെന്നത് മറ്റുള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്ന ജീവിതമാണെന്നാണ് നബിവചനങ്ങളില്‍ പറയുന്നത്. സമകാലിക ലോകത്ത് ഒരു മുസ്ലിം തന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിന് ആധാരമായി ഈ ഹദീസ് എടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും ലോകത്തിന്റെ അവസ്ഥകള്‍ ശരിയായി ഗ്രഹിക്കാനും അവന് നിര്‍ബന്ധിതനാവും. ഇന്നത്തെ ലോകത്ത് ജീവിതത്തിലും സംസ്കാരത്തിലും ആധിപത്യം പുലര്‍ത്തുന്നത് ലൈസൈ-ഫെയര്‍ മുതലാളിത്തത്തിന്റെ തത്ത്വങ്ങളാണ്. സാമ്പത്തിക രംഗത്ത് ലിബറല്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ലൈസൈ-ഫെയര്‍ മുതലാളിത്തം സ്വതന്ത്രവിപണി എന്ന ആശയത്തിന് ഊന്നല്‍ നല്‍കുകയും സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും മതത്തിന്റെയും പൊതു ധാര്‍മികമൂല്യങ്ങളുടെയും ഇടപെടലുകളെ നിരാകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട സാമ്പത്തിക വ്യവസ്ഥ നൂതനവും അഭൂതപൂര്‍വവുമായ അഭിവൃദ്ധികളിലേക്ക് ലോകത്തെ നയിച്ചെങ്കിലും ഇസ്ലാമിക അധ്യാപനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഐക്യദാര്‍ഢ്യത്തിന്റെയും മിതത്വത്തിന്റെയും തത്ത്വങ്ങളെ അത് വെല്ലുവിളിക്കുന്നുണ്ട്. ലോകത്ത് അത് ആഴത്തില്‍ അസമത്വം സൃഷ്ടിക്കുകയും സാമൂഹിക അനീതികള്‍ക്ക് കാരണമാവുകയും ചെയ്തു. പലപ്പോഴും ധാര്‍മിക പരിഗണനകളുടെയും സാമൂഹിക ക്ഷേമത്തിന്റെയും മറവില്‍പോലും ലാഭത്തിനും സമ്പത്തിന്റെ ശേഖരണത്തിനും വേണ്ടിയുള്ള അശ്രാന്ത പരിശ്രമമാണ് ലൈസൈ-ഫെയര്‍ മുതലാളിത്തത്തിന്റെ കാതല്‍. പ്രതിബദ്ധതാ രാഹിത്യവും പ്രത്യയശാസ്ത്രങ്ങളോടുള്ള വൈമുഖ്യവുമാണ് അതിന്റെ മുഖമുദ്ര. അങ്ങനെ അത് അനിയന്ത്രിതമായ സ്വാര്‍ഥ താല്പര്യങ്ങളെ കെട്ടഴിച്ചുവിട്ടു. ഇസ്ലാമില്‍ അന്തര്‍ലീനമായ മൂല്യങ്ങളെ; മിതത്വം, ഉദാരത, വിട്ടുവീഴ്ച തുടങ്ങിയവയെ തകര്‍ക്കുകയും മനുഷ്യര്‍ക്കിടയിലെ വിടവുകള്‍ വര്‍ധിപ്പിക്കുകയും മനുഷ്യാധ്വാനത്തെയും പ്രകൃതിവിഭവങ്ങളെയും നീചമായി ചൂഷണം ചെയ്യുകയും മാരകമായ പാരിസ്ഥിതികത്തകര്ച്ചക്ക് കാരണമാവുകയും ചെയ്തു.
ലോകത്ത് സയണിസം, ഹിന്ദുത്വ ഫാഷിസം തുടങ്ങിയ വംശീയ-രാഷ്ട്രീയ പ്രവണതകളെ ശക്തിപ്പെടുത്തുന്നതില്‍ മുതലാളിത്തത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും മാരകമായ സയണിസ്റ്റ് വംശീയതയോടുള്ള ചെറുത്തുനില്പില് ബഹിഷ്കരണ പ്രസ്ഥാനങ്ങള്‍ ഏറെ പ്രധാനമാകുന്നതിന്റെ പശ്ചാത്തലവും അതുതന്നെ. അതേസമയം ഉപഭോഗത്തില്‍ മിതത്വം കൈക്കൊള്ളാന്‍ പറ്റാത്ത, ഉപഭോഗ സംസ്കാരത്തിന് കീഴ്പെട്ടുകഴിഞ്ഞ ഒരു സമൂഹത്തിന് ഇങ്ങനെയൊരു പ്രതിരോധം തീര്‍ക്കാന്‍ സാധിക്കില്ല. നോമ്പ് പരിചയാണ് എന്ന നബിവചനത്തിന് ആഴവും അര്‍ഥവും ഒരുപാടുണ്ട്. പുതിയ കാലത്ത് ഈ വചനത്തിന്റെ രാഷ്ട്രീയ പ്രയോഗമെന്ന് പറയുന്നത് ഉപഭോഗ സംസ്കാരത്തിനെതിരായ ചെറുത്തുനില്പാകുന്നു. സമ്പദ് ശേഖരണത്തോടും ഉപഭോഗത്തോടും സന്തുലിതമായ സമീപനം സ്വീകരിക്കാന്‍ ശീലിച്ചിട്ടില്ലാത്ത സമൂഹത്തിന് യാതൊരു തരത്തിലുള്ള ചെറുത്തുനില്പും സാധ്യമാകുന്നതല്ല.
ചരിത്രം ഇന്നുവരെ കണ്ടതില്‍ ഏറ്റവും ഭീകരമായ വംശീയോന്മൂലനമാണ് ഇപ്പോള്‍ ഗസ്സയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ ലേഖനത്തില്‍ പൊതുവായി വിവരിച്ചിട്ടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും മിതത്വത്തിന്റെയും തത്ത്വങ്ങള്‍ക്ക് പുറമെ, ഫലസ്തീനി സ്വത്വത്തിന്റെയും ഫലസ്തീന് ദേശത്തിന്റെയും സംരക്ഷണം ബൈത്തുല്‍ മുഖദ്ദിസിന്റെ സംരക്ഷണം കൂടിയാണെന്ന വികാരവും ഇതുമായി ബന്ധപ്പെട്ട പ്രതിരോധത്തില്‍ നമ്മില്‍ പ്രകാശിതമാകേണ്ടതാണ്. ഇസ്ലാമിലെ നീതിസങ്കല്പത്തെ തകര്‍ക്കുക എന്നത് മുതലാളിത്തത്തിന്റെയും വംശീയതയുടെയും താല്പര്യമായി മാറുന്നത് സ്വാഭാവികമാണ്. അങ്ങനെ വരുമ്പോള്‍ ആഘോഷങ്ങളില്‍ മിതത്വം കൈക്കൊള്ളുക എന്നത് ഇസ്ലാമിന്റെ പക്ഷത്തുള്ള പ്രതിരോധവുമാണ്. അല്ലെങ്കിലും വ്യോമാക്രമണ ഭീഷണിയില്‍ അന്നപാനീയങ്ങള്‍ പോലും തടയപ്പെട്ട്, ഹറമുകളിലൊന്നായ ഖുദ്സിന്റെയും മസ്ജിദുല്അഖ്സയുടെയും പരിപാലകരാകേണ്ടവര് അനിശ്ചിതത്വത്തില്‍ കഴിയുമ്പോള്‍, മിതത്വം കൈക്കൊള്ളാതിരിക്കുന്നതിന് നമുക്കെന്ത് ന്യായമാണുള്ളത്? സയണിസത്തിനെതിരായ പ്രതിരോധത്തില്‍ ഏറ്റവും ക്രിയാത്മകമായ പങ്കാളിത്തം വഹിക്കുന്ന BDS പ്രസ്ഥാനങ്ങളോട് ഐക്യപ്പെടാന്‍ നമുക്ക് സാധിക്കണം. അക്കാദമികവും സാംസ്കാരികവുമായ ബഹിഷ്കരണം പോലെ വലിയ കാര്യങ്ങള്‍ BDS മൂവ്മെന്റുകള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നുണ്ട്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അതില്‍ പങ്കുചേരാന്‍ സാധിക്കുക ഉത്പന്നങ്ങളുടെ ബഹിഷ്കരണത്തിലൂടെയാണ്. ധൂര്‍ത്തും പൊങ്ങച്ചവും നമ്മളെ കണ്‍സ്യൂമറിസത്തിന് അടിമയാക്കും. ആ അടിമത്തമാകട്ടെ, നമ്മളെ നിസ്സഹായരുമാക്കും. നിസ്സഹായത പലപ്പോഴും പുറമെ നിന്ന് അടിച്ചേല്പിക്കപ്പെടുന്നതല്ല.
ഈദിന്റെയും സൗമിന്റെയും തഖ് വയുടെയും അര്ഥമറിയുകയും പൊരുള്‍ ഗ്രഹിക്കുകയും ചെയ്യുക. ആ അര്‍ഥങ്ങളോട് നീതി പുലര്‍ത്തുകയും ചെയ്യുക. ജീവിതം പീഡിതരോടുള്ള ഐക്യദാര്‍ഢ്യവും അവര്‍ക്ക് വേണ്ടിയുള്ള പ്രാര്ഥനയുമാകണം. ഈ റമദാനിലും ഈദിലും നാം പുതുക്കേണ്ട പ്രതിജ്ഞയുമത്രേ അത്.