ഗന്ധങ്ങള്‍
മണങ്ങള്‍ ഒരു തരം ലഹരിയാണെന്ന് ജീവിതാനുഭവത്തില്‍ ഞാന്‍ നേരത്തെ തന്നെ മനസ്സിലാക്കിവെച്ചിരുന്നു. മണമില്ലെങ്കില്‍ ജീവിതം എത്ര നന്നായേനെ എന്ന് എന്റെ കൂട്ടുകാരി എന്നോട് പറഞ്ഞിരുന്നു
മണങ്ങള്‍ ഒരു തരം ലഹരിയാണെന്ന് ജീവിതാനുഭവത്തില്‍ ഞാന്‍ നേരത്തെ തന്നെ മനസ്സിലാക്കിവെച്ചിരുന്നു. മണമില്ലെങ്കില്‍ ജീവിതം എത്ര നന്നായേനെ എന്ന് എന്റെ കൂട്ടുകാരി എന്നോട് പറഞ്ഞിരുന്നു. കാരണം ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ദുര്‍ഗന്ധങ്ങളെ കുറിച്ചാണ്. പക്ഷെ, എനിക്കു തോന്നുന്നത് ഗന്ധമില്ലെങ്കില്‍ നമ്മുടെ മനസ്സില്‍ അഗാധമായി കിടക്കുന്ന ഭാവനയെ നമുക്ക് ഉണര്‍ത്താന്‍ കഴിയില്ല എന്നാണ്. എന്റെ ജീവിതത്തിലും പല ഗന്ധങ്ങളും കടന്നുപോയിട്ടുണ്ട്; ദുര്‍ഗന്ധങ്ങളും സുഗന്ധങ്ങളും. മണങ്ങള്‍ കൂടുതലായി എനിക്ക് അനുഭവിക്കാന്‍ സാധിച്ചത് പൂങ്കാവനങ്ങളില്‍നിന്നും അടുക്കളയില്‍ നിന്നുമാണ്. പല പൂങ്കാവനങ്ങളും നിരീക്ഷിച്ചാല്‍ അതിന് പലതരം ഗന്ധമുളളതായി നമ്മള്‍ മനസ്സിലാക്കുന്നു. എന്നാല്‍ അടുക്കളക്ക് ഒറ്റ ഗന്ധമുളളതായെ നാം മനസ്സിലാക്കൂ. അടുക്കളയുടെ ഭരണാധികാരി ഒരു സ്ത്രീ ആയ നിലക്ക് അവള്‍ക്കും ആ മണമായിരിക്കും'' തന്റെ പുതിയ 'ഓര്‍മക്കുറിപ്പ്' എന്ന തന്റെ പുതിയ പുസ്തകത്തിലെ അധ്യായം അയാള്‍ നിര്‍ത്തി. പക്ഷെ ഇനിയും എന്തൊക്കെയോ എഴുതാനുളളതായി അയാള്‍ക്ക് തോന്നി. അയാള്‍ ആ പുസ്തകം അടച്ചുവെച്ചു. അര്‍ധരാത്രിയായിട്ടും ഉറക്കംവരാത്തതില്‍ അയാള്‍ക്ക് ചെറുതായി ഒരു മനംപിരട്ടലുണ്ടായിരുന്നു. ജനാല തുറന്ന് പൂര്‍ണ്ണചന്ദ്രനെ നോക്കിയിരുന്നു.
ഏകനായി കിടക്കുന്ന ആ ചന്ദ്രനും ഒരു ഗന്ധമില്ലേ? പൊരിച്ച ഒരു അപ്പത്തിന്റെ മണം അയാളുടെ മൂക്കിലേക്ക് ഇരച്ചുകയറി. കളളപ്പം വേണമെന്ന് വാശിപിടിച്ചിരുന്ന തന്നോട് അമ്മ ഈ ചന്ദ്രനെ നോക്കി പറഞ്ഞതെന്താണ്? ''കളളപ്പം അതാ നില്‍ക്കുന്നു.'' എന്നിട്ട് അമ്പിളിമാമന്‍ അപ്പമാണെന്ന് കരുതി അത് വേണമെന്ന് വാശിപിടിച്ച കുട്ടിയുടെ കഥ അമ്മ തന്നോട് പറഞ്ഞുതന്നു. കുഞ്ഞനിയനെ പാലൂട്ടുന്ന നേരത്ത് അമ്മിഞ്ഞപ്പാലിന്റെ ഗന്ധം ആ മുറിയാകെ പടരും. അപ്പോള്‍ താനും പാല് കുടിക്കണമെന്ന് ആശിച്ച് പോകും. അയാള്‍ പെട്ടെന്ന് ചിരിച്ചു. ആവി പാറിപ്പറക്കുന്ന ചായ അമ്മ അച്ഛനെ ഏല്‍പ്പിക്കുമ്പോള്‍ അച്ഛന്‍ പറയും: ''മാറി നിന്നേ, നിന്റെ വിയര്‍പ്പിന്റെ മണം എന്നെ ശല്യപ്പെടുത്തുന്നു.'' പക്ഷെ അപ്പോള്‍ താന്‍ അമ്മയെ കെട്ടിപ്പിടിച്ച് പറയും: ''എന്റെ അമ്മക്ക് മുല്ലപ്പൂവിന്റെ മണാ.'' അപ്പോള്‍ അമ്മ തന്നെ വാത്സല്യത്തോടെ കെട്ടിപ്പിടിക്കും. ഗ്രാമവരമ്പിലൂടെ നടക്കുമ്പോഴുണ്ടാവുന്ന മണം എനിക്ക് വല്ലാതെ ഇഷ്ടമായിരുന്നല്ലോ- അയാള്‍ ഓര്‍ത്തു. നെല്ല് കൊത്തി പാറിവരുന്ന കിളികള്‍ക്ക് നെല്ലിന്റെ മണമായിരിക്കും. പച്ച വിരിപ്പുളള പാടത്തിന് ചേറിന്റെ മണവും. അതില്‍ വിത്ത് വിതക്കുന്ന കര്‍ഷകരും ചേറിന്റെ ഗന്ധം അണിഞ്ഞിരിക്കും. അതിനിടയില്‍ വളര്‍ന്നിരിക്കുന്ന പൂക്കള്‍ക്ക് ഒരു തരം ചേറിന്റെയും നെല്ലിന്റെയും സൗന്ദര്യം കലര്‍ന്ന മണമായിരിക്കും. ആ മണമായിരുന്നു താന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. അതിലൂടെ പോകുന്ന ആളുകള്‍ക്ക് ഒരു വൃത്തികെട്ട ഗന്ധമായിരിക്കും. പക്ഷെ, അച്ഛനെപ്പോലെ മുതിര്‍ന്നവര്‍ക്ക് ലഹരി പിടിപ്പിക്കുന്ന സ്‌പ്രേകളുടെ മണമായിരിക്കും.
ഒരോ മണവും ഓരോ ഓര്‍മ്മകളാണ്. പണ്ട് തറവാട്ട് മുറ്റത്ത് തങ്ങിനിന്നിരുന്ന ഒരു പ്രത്യേക മണമുണ്ടായിരുന്നല്ലോ? ആരുടെതായിരുന്നു അത്. കറവക്കാരന്‍ വേലായുധേട്ടന്‍ വലിച്ചുവിടുന്ന ബീഡിപ്പുകയുടേതോ? അതോ മുത്തശ്ശി മുറുക്കി തുപ്പിയതിന്റെയോ? ഇന്നും അറിയില്ല. പക്ഷെ ഒന്നറിയാം. ലോകത്ത് എവിടെ പോയിട്ടും ആ മണം പിന്നീട് അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ന് ആ തറവാടും മണവും എനിക്ക് അന്യമായിരിക്കുന്നു. ഉറക്കം ഒരു തെന്നലായി തഴുകിയപ്പോള്‍ പോയി കിടന്നു. പാറിപ്പറക്കുന്ന തന്റെ ഓര്‍മക്കുറിപ്പിന്റെ താളുകള്‍ തന്റെ അടുത്ത വാക്യങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുകയാണെന്ന് തോന്നി.
സൂര്യന്റെ കടുത്ത രശ്മികളേറ്റ് അയാള്‍ ഉണര്‍ന്നു. പൂക്കളുടെ മനോഹരമായ ഗന്ധം അയാളെ തന്റെ പൂര്‍ത്തീകരിക്കാത്ത ഓര്‍മ്മക്കുറിപ്പിന്റെ അധ്യായത്തെ ഓര്‍മ്മിപ്പിച്ചു. ചാടിയെണീറ്റ് പ്രഭാത കൃത്യങ്ങളെല്ലാം ചെയ്തു. അടുക്കളയിലോട്ട് ചെന്നു. ഈ അധ്യായം പൂര്‍ത്തിയാവുന്നതുവരെ ഇതു തുടരണമെന്നു തീരുമാനിച്ചു. അടുക്കളയിലേക്ക് കാല്‍ വെക്കുന്നതിന് മുമ്പേ ആ മണം എന്നെ പിടികൂടി. പിന്നെ ഞാന്‍ നടക്കുന്നതു തന്നെ മനസ്സിലാവാത്ത അവസ്ഥ. ആ മണം തന്നെ സഞ്ചരിപ്പിക്കുകയാെണന്നു മനസ്സിലാക്കി. അടുക്കളയിലോട്ട് കയറുന്തോറും ആ മണം എന്നെ ലഹരി പിടിപ്പിച്ചു കൊണ്ടിരുന്നു. ആവി പറക്കുന്ന ചായയുടെ മണം, രുചിയേറുന്ന സാമ്പാറിന്റെ മണം. അങ്ങനെ പലതും. ''ഗോവിന്ദാ, നീ എന്താടാ ചെയ്യുന്നത്?'' അമ്മയുടെ വിറങ്ങലിച്ച ശബ്ദം അല്ല, മണം എന്റെ ചെവിയോട് ചോദിച്ചു. ഞാനതിന് മറുപടി പറഞ്ഞോ? എന്റെ തല അറിയാതെ അനങ്ങുന്നതായി തോന്നി. ഭക്ഷണമാണോ അതോ അതിന്റെ മണമാണോ താന്‍ ഭക്ഷിച്ചത് എന്ന് അയാള്‍ സംശയിച്ചു.
ഇപ്പോള്‍ താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഒരു വയല്‍വരമ്പിലൂടെയാണ്. തന്റെ ബാല്യത്തില്‍ താന്‍ കളിച്ച് നടന്നുകണ്ടിരുന്ന ഈ വയല്‍വരമ്പില്‍ നിന്നും ഇന്നുയരുന്നത് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും സിമന്റിന്റെയും ഗന്ധങ്ങളാണ്. ആ മണം അനുഭവിക്കാത്തതില്‍ ഭ്രാന്ത് വരുന്നതായി തോന്നി. കരിഞ്ഞുണങ്ങിയ ചില്ലുകളുള്ള ആ ആല്‍മരത്തിന്റെ മണമിന്ന് എവിടെ പോയി? തന്റെ അധ്യായങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമോ എന്നയാള്‍ ഭയപ്പെട്ടു. ഇത്രയും കാലം ഒരുപാട് മണങ്ങള്‍ അതായത് ഓര്‍മകള്‍ തന്നെ ഒഴുക്കിക്കൊണ്ടുവന്നു. ഇപ്പോള്‍ ഞാന്‍ ഈ തീരത്തെത്തി. ഇനി എങ്ങോട്ട്? തന്നെ ആര് നയിക്കും? വീട്ടിലെ അടുക്കളയില്‍നിന്നും പുറപ്പെട്ട അമ്മയുടെ ഗന്ധം; സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും രുചിയുടേയും സുന്ദരമായ ഗന്ധം, ആ ഗന്ധമായിരുന്നു തനിക്കേറ്റവും പ്രിയപ്പെട്ടത്.. ആ സുഗന്ധം തന്നെ നയിക്കട്ടെ.