സാമാന്യ ബോധമുളള വിദ്യാഭ്യാസമില്ലായ്മ
സാമാന്യബോധം ലഭിക്കാത്ത വിദ്യാഭ്യാസത്തെക്കാള്‍ ആയിരം മടങ്ങ് നല്ലതാണ് സാമാന്യബോധമുള്ള വിദ്യാഭ്യാസമില്ലായ്മ' എന്ന റോബര്‍ട്ട് ഗ്രീനിന്റെ വരികള്‍ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പറയുമ്പോള്‍ അക്ഷരംപ്രതി
സാമാന്യബോധം ലഭിക്കാത്ത വിദ്യാഭ്യാസത്തെക്കാള്‍ ആയിരം മടങ്ങ് നല്ലതാണ് സാമാന്യബോധമുള്ള വിദ്യാഭ്യാസമില്ലായ്മ' എന്ന റോബര്‍ട്ട് ഗ്രീനിന്റെ വരികള്‍ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പറയുമ്പോള്‍ അക്ഷരംപ്രതി ശരിയാണ്. സാമാന്യബുദ്ധിക്കോ ബോധത്തിനോ നിരക്കാത്ത ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് നമ്മുടെ കുട്ടികള്‍ ഇന്ന് കടന്നു പോകുന്നത്. ഇത്തരം വിദ്യാഭ്യാസ രീതി നല്‍കുന്ന മാനസികവും ശാരീരികവുമായ ആഘാതം ഏറെ അനുഭവിക്കേണ്ടി വരുന്നത് പ്രവാസി കുട്ടികളാണ്.
വേരുകള്‍ നഷ്ടപ്പെട്ട് പോകുന്ന പ്രവാസം പോലെ തന്നെയാണ് ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസവും. യാതൊരു അടിസ്ഥാനവും ഇല്ലാതെ 'തത്തമേ പൂച്ച പൂച്ച' എന്ന് ഇവര്‍ പഠിച്ചുകൊണ്ടിരിക്കുന്നു. പാഠപുസ്തകങ്ങള്‍, ട്യൂഷന്‍, കമ്പ്യൂട്ടര്‍ എന്നിവക്കപ്പുറത്തേക്ക് കളികളുടെയോ സര്‍ഗാത്മകതയുടെയോ ലോകം അവര്‍ക്ക് മുമ്പില്‍ അടച്ചു കഴിഞ്ഞു. നമ്മുടെ നാട്ടിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ വിദ്യാഭ്യാസ സമ്പ്രദായവും ഏതാണ്ട് ഇതേ രീതിയില്‍ തന്നെയാണെങ്കിലും സ്‌കൂള്‍ സമയം, സാമൂഹികമായ ഇടപെടലുകള്‍, ബന്ധുക്കളുടെ സംരക്ഷണം എന്നിവ കൊണ്ട് കുട്ടികള്‍ക്ക് കുറച്ചുകൂടി നല്ല അന്തരീക്ഷം ലഭ്യമാകുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ അതിരാവിലെ തന്നെ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തയാറെടുക്കുന്നു. നാല് മണിക്കും നാലരക്കും യാത്ര തുടങ്ങി മണിക്കൂറുകളോളം ബസ്സിലിരുന്ന് സ്‌കൂളില്‍ എത്തുമ്പോഴേക്കും അവരുടെ കുഞ്ഞുമനസ്സും ശരീരവും പകുതി തളര്‍ന്നു കഴിഞ്ഞിരിക്കും. സ്‌കൂള്‍ അഡ്മിഷന്റെ ബുദ്ധിമുട്ടും ഉയര്‍ന്ന ഫീസും കുട്ടികളുടെ ഇത്തരം ബുദ്ധിമുട്ടുകള്‍ കണ്ടില്ല എന്ന് നടിക്കാനേ രക്ഷിതാക്കള്‍ക്ക് സാധിക്കുന്നുള്ളൂ. പിന്നീടങ്ങോട്ട് ഉച്ച വരെയുള്ള ഒമ്പത് പിരീഡുകളില്‍ സിലബസിന്റെ അമിത ഭാരം കൊണ്ടും മന്ത്‌ലി പ്ലാനും ലെസ്സന്‍ പ്ലാനും തീര്‍ക്കാന്‍ പരക്കംപായുന്ന ടീച്ചര്‍മാര്‍ക്കിടയില്‍ ചേതനയറ്റ കണ്ണുകളുമായിരിക്കുന്ന കുഞ്ഞുങ്ങളെ കാണാം. സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികള്‍ കൊണ്ട് കളിക്കാനുള്ള ഇടവേളകള്‍ അവര്‍ക്ക് കുറവാണ്. സൗഹൃദങ്ങള്‍ ഇല്ലാത്ത ഏകാന്തതയുടെ ലോകത്തേക്ക് പതുക്കെ പതുക്കെ പലരും ഉള്‍വലിഞ്ഞു പോകുന്നു. വീട്ടില്‍ തിരിച്ചെത്തിയാലും സ്ഥിതി വ്യത്യസ്തമല്ല. രക്ഷിതാക്കളുടെ ജോലിത്തിരക്കുകള്‍ കൊണ്ടും അടച്ചിട്ട ഫ്‌ളാറ്റുകളിലെ സാമൂഹികമായ ഒറ്റപ്പെടലുകള്‍ കൊണ്ടും അവിടെയും അവര്‍ക്ക് കൂട്ടായുള്ളത് വീഡിയോ ഗെയിമുകളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമാണ്. മുത്തശ്ശിക്കഥകള്‍ ഇല്ലാത്ത, മൂല്യങ്ങള്‍ പകര്‍ന്നുകാടുക്കാന്‍ വഴികാട്ടികള്‍ ഇല്ലാത്ത അരക്ഷിതാവസ്ഥയുടെ ലോകത്ത് അവര്‍ ഒറ്റപ്പെട്ടുപോകുന്നു. പാഠപുസ്തകത്തിനപ്പുറത്തേക്ക് പത്രങ്ങളോ മറ്റു പുസ്തകങ്ങളോ വായിക്കാനുള്ള താല്‍പര്യവും സമയവും ഇവര്‍ക്കില്ല.
പരീക്ഷകളെ കൊണ്ട് പരീക്ഷണം നടത്തുകയാണ് ഇന്നത്തെ വിദ്യാഭ്യാസം. ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌കൂള്‍ തുറക്കുന്നതു മുതല്‍ അടക്കുന്നതു വരെ പല തരത്തിലുള്ള പരീക്ഷകളും നടത്തി വരുന്നു. അവധിക്കാലം കഴിഞ്ഞാണ് ഇവിടത്തെ പരീക്ഷകള്‍ എന്നതുകൊണ്ട് തന്നെ നാട്ടിലെ കുട്ടികളെ പോലെ അവധിക്കാലം ആസ്വദിക്കാനുള്ള ഭാഗ്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇതിനു പുറമേ എക്‌സ്‌റ്റേണല്‍ എക്‌സാം എന്ന പേരില്‍ ഡല്‍ഹിയില്‍ നിന്നുവരുന്ന പരീക്ഷാതട്ടിപ്പുകള്‍ വേറെയുമുണ്ട്. അംഗീകൃതമാണോ എന്നുപോലും അറിയാത്ത, ഡല്‍ഹി കേന്ദ്രമാക്കിയ പല ഏജന്‍സികളും ഇവിടെ ഉയര്‍ന്ന ഫീസ് വാങ്ങി നടത്തുന്ന പരീക്ഷകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. മലയാളം കുട്ടികള്‍ക്ക് രണ്ടാം ഭാഷയോ മൂന്നാം ഭാഷയോ ആയി തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. പല രക്ഷിതാക്കളും കുട്ടികള്‍ മലയാളം പഠിക്കുന്നത് മോശമാണെന്ന് കരുതുന്നതുകൊണ്ട് മൂന്നാം ഭാഷയായിപ്പോലും മലയാളം തിരഞ്ഞെടുക്കുന്നില്ല. എന്നാല്‍ മലയാളം പഠിക്കാന്‍ തയ്യാറായി വരുന്ന കുട്ടികളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്ന തരത്തിലാണ് മലയാളം പാഠപുസ്തകങ്ങള്‍. മലയാളം പഠിച്ചു പരാജയപ്പെടേണ്ടി വരുന്ന അവസ്ഥയിലാണ് പാവം കുട്ടികള്‍. ഉദാഹരണമായി ഇവിടെ ലഭ്യമാകുന്ന ഒന്നാം ക്ലാസ്സിലെ മലയാള ഭാഷാ പാഠാവലിയെ കുറിച്ച് പറയാം. മുപ്പത്തിയേഴ് പാഠങ്ങളില്‍ കുത്തിനിറച്ച വാക്കുകളും വരികളും കൊണ്ട് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് ഈ പാഠപുസ്തകം . വ്യക്തിത്വവികാസം ലക്ഷ്യമാക്കിക്കൊണ്ട് വിദഗ്ധ സമിതി തയ്യാറാക്കിയ പുസ്തകമാണെന്ന് ആമുഖമായി പറയുന്നുണ്ടെങ്കിലും ഒന്നാം ക്ലാസ്സിലെ കുട്ടി ഇതില്‍ പഠിക്കുന്ന വാക്കുകളില്‍ എത്ര വാക്കുകള്‍ ഓര്‍ത്തിരിക്കും എന്ന് ഈ സമിതി ചിന്തിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഈ പുസ്തകത്തിനോടൊപ്പം വര്‍ക്ക് ബുക്ക്, കോപ്പി ബുക്ക് എന്ന പേരില്‍ വേറെയും പുസ്തകങ്ങള്‍ ഉണ്ടെന്നറിയുമ്പോള്‍ നമ്മുടെ ശ്രേഷ്ഠ ഭാഷയായ മലയാളം പഠിക്കാന്‍ ആരംഭിക്കുന്ന കുട്ടികള്‍ സ്‌നേഹിക്കണം എന്ന് പറയാന്‍ നമുക്ക് സാധിക്കുമോ? മലയാളം ഐച്ഛിക ഭാഷയായി എടുത്തില്ലെങ്കിലും നമ്മള്‍ പലരും നമ്മുടെ ഭാഷയെ സ്‌നേഹിക്കുന്നത് അത് നമ്മുടെ മാതൃഭാഷ ആയതുകൊണ്ട് മാത്രമല്ല, അന്ന് പഠിച്ച ലളിതമായ പാഠപുസ്തകങ്ങള്‍കൊണ്ട് കൂടിയാണ്. നമ്മുടെ നാട്ടില്‍നിന്ന് വരുന്ന പുസ്തകങ്ങളെങ്കിലും അമിതഭാരം കുട്ടികളില്‍ ഉണ്ടാക്കാതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നതും അതുകൊണ്ട് തന്നെയാണ്.
കുട്ടികള്‍ക്കൊപ്പം അധ്യാപകരും ജോലിഭാരം കൊണ്ട് സമര്‍ദം അനുഭവിക്കുന്നവരാണ്. പണ്ട് കുട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍ അവരെ ശാസിക്കാനും നേര്‍വഴിക്ക് നടത്താനുമുള്ള അധികാരം അധ്യാപകര്‍ക്കുണ്ടായിരുന്നു. അന്നത്തെ അദ്ധ്യാപകരെ നമ്മള്‍ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും നോക്കിക്കാണുന്നു. ഇന്ന് സ്ഥിതി മാറി. വിദ്യാഭാസം കച്ചവടവല്‍ക്കരിക്കപ്പെട്ടതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് കുട്ടികളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ഒരേ വിഷയങ്ങളില്‍ ഒരു കൊല്ലം കൊണ്ട് അധ്യാപകര്‍ മാറി മാറി വന്നുതുടങ്ങി. ക്ലാസ്സ് മുറികളിലെ പഠനത്തിനപ്പുറത്തേക്ക് ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴവും ഊഷ്മളതയും നഷ്ടമായി. മാതാ പിതാ -ഗുരു ദൈവം എന്ന് നാം മനസ്സിലക്കിയത് ഇന്ന് ഓര്‍മ്മ മാത്രമായി.
ഇംഗ്ലീഷ് ഭാഷാ പ്രവീണ്യത്തിനപ്പുറത്തേക്ക് മറ്റുള്ള അറിവുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ കുട്ടികള്‍ പരാജയപ്പെടുന്നു എന്നത് ഗള്‍ഫിലെ വിദ്യാഭ്യാസത്തിന്റെ പോരായ്മയാണ്. പാഠപുസ്തകത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് നാട്ടിലെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടത്തെ കുട്ടികള്‍ മറ്റുകാര്യങ്ങളില്‍ പിറകിലായി പോകുന്നത്തിനു കാരണം. ഷോപ്പിംഗ് മാളുകള്‍ക്കും പാര്‍ട്ടികള്‍ക്കും അപ്പുറത്തേക്ക് മറ്റൊരു ലോകം ഉണ്ടെന്ന റിയാതെ പോകുന്ന ഈ കുട്ടികള്‍ പ്രതിസന്ധികളെ നേരിടാന്‍ സാധിക്കാതെ തളര്‍ന്നുപോകുന്നു. ഭാവിയില്‍ രക്ഷിതാക്കള്‍ പണം കൊടുത്തു വാങ്ങുന്ന പ്രൊഫഷണല്‍ കോളേജുകള്‍ മാത്രമാണ് ഇവര്‍ക്ക് ഏക ആശ്രയം. അതുകൊണ്ടുതന്നെ ഗള്‍ഫ് വിദ്യാഭ്യാസത്തിന്റെ ദോഷഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കും എന്നതും വാസ്തവമാണ്.
സിലബസിന്റെ അമിതഭാരം കുറച്ചും ക്ലാസ്സ്മുറികളില്‍ കുട്ടികളുടെ എണ്ണം കുറച്ചും മൂല്യബോധമുള്ള പാഠ്യപദ്ധതികള്‍ കൊണ്ടും കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാന്‍ സാധിക്കും. ഉയര്‍ന്ന വില കൊടുത്ത് വാങ്ങുന്നതോ ഇംഗ്ലീഷ് പഠിക്കുന്നതോ അല്ല വിദ്യാഭ്യാസത്തിന്റെ അന്തിമ ലക്ഷ്യമെന്ന് മനസ്സിലാക്കിയാല്‍ വ്യക്തിത്വം നഷ്ടപ്പെടാത്ത ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.