കുഞ്ഞുങ്ങള്‍ ജനിച്ച് കഴിഞ്ഞാല്‍ പിന്നെ ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ്. സ്വന്തം പിഞ്ചോമനകള്‍ പുഞ്ചിരിച്ച് കാണാന്‍, 'അമ്മേ' എന്ന് വിളിക്കാന്‍, 'അച്ഛാ' എന്ന് വിളിക്കാന്‍ കൊതിക്കാത്ത രക്ഷിതാക്കളുണ്ടോ?
കുഞ്ഞുങ്ങള്‍ ജനിച്ച് കഴിഞ്ഞാല്‍ പിന്നെ ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ്. സ്വന്തം പിഞ്ചോമനകള്‍ പുഞ്ചിരിച്ച് കാണാന്‍, 'അമ്മേ' എന്ന് വിളിക്കാന്‍, 'അച്ഛാ' എന്ന് വിളിക്കാന്‍ കൊതിക്കാത്ത രക്ഷിതാക്കളുണ്ടോ? സമപ്രായക്കാരുമായി ഇടപഴകി കളിക്കുന്നതിനോ സംസാരിക്കുന്നതിനോ താല്‍പര്യം പ്രകടിപ്പിക്കാത്ത, സ്വന്തമായി ഇരുന്നു കളിക്കുകയും വ്യത്യസ്തങ്ങളായ ശബ്ദങ്ങളുണ്ടാക്കുകയും അര്‍ഥമില്ലാത്ത മുദ്രകളും ആംഗ്യങ്ങളും കാണിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങള്‍. തന്റെ ലോകത്ത് താന്‍ മാത്രമുളളൂ എന്നും കാണുന്നതെല്ലാം കാണാതെ, കേള്‍ക്കുന്നതെല്ലാം കേള്‍ക്കാതെ, ഒരു തരത്തിലുളള വൈകാരിക സ്വഭാവ മാറ്റങ്ങളോടും പ്രതികരിക്കാത്ത കുഞ്ഞുങ്ങള്‍. അവര്‍ അവരുടെ ലോകത്താണ്; ഓട്ടിസത്തിന്റെ ലോകത്ത്.
എന്താണ് ഓട്ടിസം?
ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. ഈ അവസ്ഥയെ കുറിച്ച് സമൂഹത്തില്‍ വളരെ ചെറിയ വിഭാഗത്തിനെ വിവരമുളളൂ. പലര്‍ക്കും തെറ്റായ പല ധാരണകളും ഉണ്ട്. 1943-ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധനാണ് 'ഓട്ടിസം' എന്നിതിനെ വിളിച്ചത്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലത്ത് ആ അവസ്ഥയില്‍ ജീവിതം നയിച്ച ആളുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം.
ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. ഇതാണ് ഓട്ടിസം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓട്ടിസം എന്നാല്‍ ബുദ്ധിപരിമിതിയല്ല. എന്നാല്‍ ഓട്ടിസം ബാധിച്ചവരില്‍ 70% പേരും ബുദ്ധിപരിമിതിയുളളവരാണ്. ലോകത്ത് പത്തായിരം കുട്ടികള്‍ ജനിക്കുമ്പോള്‍ പത്ത് പേര്‍ ഓട്ടിസമുളള അവസ്ഥയില്‍ കാണപ്പെടുന്നു. ഇതില്‍ നല്ലൊരു ശതമാനവും ആണ്‍കുട്ടികളുമാണ്. എന്നാല്‍ പെണ്‍കുട്ടികളില്‍ ഓട്ടിസം പിടിപെടുന്നത് കൂടുതല്‍ ഗുരുതരമാണ്.
ആശയവിനിമയം
തന്റെ ആവശ്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും പ്രയാസങ്ങളും സ്വന്തം അമ്മയെപ്പോലും അറിയിക്കാന്‍ കുട്ടികള്‍ പലപ്പോഴും പ്രയാസപ്പെടുന്നു. ചില ആശയവിനിമയ രീതികള്‍ മാതാപിതാക്കള്‍ക്ക് മനസ്സിലായാല്‍ പോലും വീടിന് പുറത്തുളള ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഓട്ടിസമുളള കുട്ടികള്‍ക്ക് ആംഗ്യം ഉപയോഗിച്ചോ സംസാരിച്ചോ ആശയവിനിമയം പ്രയാസകരമാണ്. സംസാരിക്കുന്ന ശബ്ദത്തിലും ഉച്ചാരണത്തിലും സമപ്രായക്കാരില്‍ നിന്ന് വ്യത്യാസം കാണാം. ഉയര്‍ച്ച താഴ്ച്ച ഇല്ലാതെ ഒരേ സ്വരത്തില്‍ സംസാരിക്കുന്നതായും അര്‍ത്ഥമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും ആവര്‍ത്തിച്ച് പറയുന്നതായും കാണാം. കൂടാതെ ചോദ്യങ്ങള്‍ ചോദ്യരൂപേണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതും കേള്‍ക്കാം. മറ്റുളളവരുടെ കണ്ണില്‍ നോക്കി സംസാരിക്കാനും പേര് വിളിച്ചാലോ പുഞ്ചിരിച്ചാലോ അതിനോട് പ്രതികരിക്കാനുമുളള കഴിവ് കുറവായിരിക്കും. സംഭാഷണത്തില്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ കടന്നുവരുന്നത് മൂലം സംഭാഷണം തുടര്‍ന്നുപോകാന്‍ സാധ്യമല്ല. ഇത്തരം കുട്ടികളില്‍ ഭാവനാപരമായ പരിമിതികള്‍ കണ്ടുവരുന്നു.
സാമൂഹിക ഇടപെടല്‍
ചുറ്റുപാടുകളുമായി ഇടപെടുന്നതില്‍ ഓട്ടിസമുളള കുട്ടികള്‍ക്ക് പല പരിമിതികളും ഉണ്ട്. മറ്റുളളവരെ ഗൗനിക്കാതെയുളള സ്വഭാവപ്രതികരണങ്ങള്‍ കാണിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് തൊട്ടടുത്ത് നില്‍ക്കുന്ന മാതാപിതാക്കളെയോ സഹോദരങ്ങളെയോ അവരുടെ വികാരങ്ങളെയോ പരിഗണിക്കുകയും മാനിക്കുകയും ചെയ്യുന്നതിനും സ്വന്തം വൈകാരിക ആവശ്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനും പരിമിതികള്‍ ഉണ്ട്. സമപ്രായക്കാരുമായി സൗഹൃദങ്ങളില്‍ ഏര്‍പ്പെടാനും ഇത്തരം കുട്ടികള്‍ പ്രയാസം നേരിടുന്നു.
വൈകാരിക വ്യവഹാര
പരിമിതികള്‍
മറ്റുളളവരുടെ വൈകാരിക മാറ്റങ്ങളോട് പ്രതികരിക്കാന്‍ പ്രയാസമാണ്. മാതാപിതാക്കള്‍ ആശ്ലേഷിക്കുകയോ ചുംബിക്കുകയോ ചെയ്യുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ പലപ്പോഴും സാധ്യമല്ല. ഓട്ടിസം ബാധിച്ച കുട്ടികള്‍ അമിത ഭയം, ഉത്കണ്ഠ എന്നിവ അകാരണമായി പ്രകടിപ്പിക്കുന്നതായി കാണാം. ഉദാഹരണമായി വൈദ്യുതി വിച്ഛേദിച്ചാല്‍ വെപ്രാളം കാണിക്കുന്നതായി കാണാം. ദിനചര്യകളിലോ പരിമിതമായ പ്രവര്‍ത്തനങ്ങളിലോ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ കുട്ടികളില്‍ വിക്ഷോഭ പ്രകടനങ്ങള്‍ക്ക് കാരണമായേക്കാം.
ഓട്ടിസത്തിന്റെ വിവിധ തരങ്ങള്‍
1. ചൈല്‍ഡ്ഹുഡ് ഓട്ടിസം
ഇത്തരം കുട്ടികളില്‍ ആശയവിനിമയ ശേഷി, സാമൂഹിക ഇടപെടല്‍, ചിന്താശേഷിയിലുളള വൈകല്യം തുടങ്ങിയ ലക്ഷണങ്ങള്‍ ഏകദേശം മൂന്ന് വയസ്സ് പ്രായത്തില്‍ കാണപ്പെടുന്നു. ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ബുദ്ധിക്ക് പരിമിതികള്‍ കണ്ടെത്തിയിട്ടുണ്ട്.
2. ആസ്‌പെര്‍യേസ് സിന്‍ഡ്രം
ആശയ വിനിമയ ശേഷിക്കും സാമൂഹിക ഇടപെടലിനും ഇവര്‍ക്ക് പരിമിതിയുണ്ടെങ്കിലും ഭാഷാശേഷി പൊതുവേ നല്ലതായിരിക്കും. ഇവരില്‍ ബുദ്ധിപരിമിതികള്‍ കാണപ്പെടുന്നില്ലെങ്കിലും വളരെ പരിമിതമായ താല്‍പര്യം മാത്രമേ പ്രകടിപ്പിക്കുന്നുളളൂ.
3. റെറ്റ്‌സ് സിന്‍ഡ്രം
പെണ്‍കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക അവസ്ഥയാണിത്. ഒരു വയസ്സ് മുതല്‍ നാല് വയസ്സ് വരെ ലക്ഷണങ്ങള്‍ പ്രകടമാകാം. ഈ തകരാറ് കാണപ്പെടുന്നതുവരെ സാധാരണ കുട്ടികളെ പോലെ കാണപ്പെടുമെങ്കിലും അതിന് ശേഷം കഴിവുകള്‍ നഷ്ടപ്പെടുന്നു. ഭാഷാ വൈകല്യം, ദൃഷ്ടി കേന്ദ്രീകരിക്കാനും നടക്കാനുമുളള ബുദ്ധിമുട്ട് എന്നിവ ചില ലക്ഷണങ്ങള്‍ ആണ്.
4. ചൈല്‍ഡ്ഹുഡ്
ഡിസിന്റെഗ്രേറ്റീവ് ഡിസോര്‍ഡര്‍
രണ്ട് വയസ്സ് വരെ സാധാരണ വളര്‍ച്ച ഉണ്ടാവുമെങ്കിലും അതിനുശേഷം ഭാഷയിലും സാമൂഹിക ശേഷിയിലും ചലനപരമായ കഴിവുകള്‍ കുറഞ്ഞുവരുന്നതായി കാണാം. ഇതിനോടൊപ്പം ബുദ്ധിപരമായ പരിമിതികള്‍ ഒരളവോളം കാണപ്പെടാം.
പൊതു സ്വഭാവ സവിശേഷതകള്‍
1. ഒറ്റക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.
2. മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.
3. യാതൊരു പ്രകോപനവുമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കുക.
4. ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും
കുറെ നേരം നോക്കിനില്‍ക്കുക.
5. കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക.
6. പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക.
7. അലക്ഷ്യമായി ഇറങ്ങി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ കുറെ നേരം നോക്കിനില്‍ക്കുക.
8. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.
9. ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ട
പ്പെടാതിരിക്കുക.
10. കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ മണത്ത് നോക്കുക (ഉദാ: ചെരുപ്പ്, ഭക്ഷണ പദാര്‍ത്ഥം, ചൂടിപ്പായ).
ഓട്ടിസത്തിന്റെ കാരണങ്ങള്‍
ഇതിന്റെ കാരണങ്ങള്‍ വൈദ്യശാസ്ത്രത്തിനു പോലും അവ്യക്തമാണ്. തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുളള അസാധാരണത്വം മൂലമാണ് ഓട്ടിസം ഉണ്ടാകുന്നത് എന്ന് കരുതപ്പെടുന്നു. നാഡീപരമായ തകരാറുകള്‍ കൊണ്ട് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന, ജീവിതകാലം മുഴുവന്‍ നീണ്ടുനിന്നേക്കാവുന്ന പരിമിതിയാണ് ഓട്ടിസം എന്ന് മനസ്സിലാക്കാം. ഓട്ടിസം ബാധിച്ച ചെറിയ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ തലച്ചോറിന്റെ പരേറ്റല്‍ ഭാഗം അടഞ്ഞ് കോര്‍പ്പസ് കലോസത്തിലും പ്രവര്‍ത്തന സജീവത കുറവുളളതായി കണ്ടെത്തി. മേല്‍പറഞ്ഞ വ്യതിയാനങ്ങള്‍ പലരിലും കണ്ടെത്തിയെങ്കിലും എല്ലാവര്‍ക്കും അങ്ങനെയല്ലായിരുന്നു. അതുകൊണ്ട് തന്നെ ഓട്ടിസത്തെ കുറിച്ച് കൂടുതല്‍ പഠന ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. ഇത്തരം പഠനങ്ങള്‍ ഓട്ടിസം തടയുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും അനുയോജ്യമായ പരിശീലന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കും. ഭക്ഷണപദാര്‍ത്ഥങ്ങളും അന്തരീക്ഷത്തിലെ പലതരത്തിലുളള വിഷാംശങ്ങളും ഓട്ടിസത്തിന് കാരണമായേക്കാമെന്ന് പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നു.
ഓട്ടിസവും കുടുംബവും
ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പ്രയാസകരമാണ്. ഇവരുടെ മാതാപിതാക്കള്‍ പ്രത്യേകമായ പരിഗണനയും സാന്ത്വനവും അര്‍ഹിക്കുന്നവരാണ്. ദൈനംദിന കാര്യങ്ങളുടെ നിര്‍വ്വഹണം മുതല്‍ ജോലി, സാമൂഹിക കുടുംബനിര്‍വഹണ കാര്യങ്ങളെ വരെ സാരമായി ബാധിച്ച് ഇരുട്ടിന്റെ മാറാപ്പുമായി ജീവിതം തളളിനീക്കുന്ന മതാപിതാക്കളെ നമുക്ക് കാണാം. ഒരിക്കല്‍ ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ അമ്മ ''എന്റെ മകന്‍ ഒരിക്കലെങ്കിലും 'അമ്മേ' എന്ന് വിളിക്കുന്നത് കേട്ട് മരിച്ചാല്‍ മതി'' എന്ന് വിതുമ്പിയപ്പോള്‍ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഒരു നിമിഷം പകച്ച് നിന്നുപോയി. ഇതുപോലുളള എത്രയെത്ര അമ്മമാര്‍...
ബിഹേവിയര്‍ തെറാപ്പിയില്‍ വീട്ടില്‍ പരിശീലിപ്പിക്കേണ്ട കാര്യങ്ങള്‍ (Home based management) പറഞ്ഞുകൊടുക്കുമ്പോള്‍ ഒരോ ദിവസവും അമ്മമാര്‍ ചോദിക്കും, ''എങ്ങനെയുണ്ടായിരുന്നു സാര്‍?' പ്രതീക്ഷയോടെ ഒരോ ചെറിയ മാറ്റവും വലിയ മനസ്സോടെ കാത്തിരിക്കുന്ന മാതാക്കളുടെ മുഖങ്ങള്‍ പാരന്റല്‍ കൗണ്‍സലിങ്ങ് നടത്തുമ്പോള്‍ കാണാറുണ്ട്. ഒരിക്കല്‍ ഒരമ്മ പറയുകയുണ്ടായി ''ഈ കുട്ടി ജനിച്ചതിന് ശേഷം സമാധാനമായി ഒന്ന് ഉറങ്ങീട്ടില്ല'' എന്ന്. ഒരോ സെഷന്‍ കഴിയുമ്പോഴും അറിയാതെ ദൈവത്തെ സ്തുതിച്ചുപോകും. ഇത്തരം മാതാപിതാക്കള്‍ കുടുംബത്തിനകത്തും പുറത്തുമുളള ആളുകളില്‍നിന്ന് കുത്തുവാക്കുകള്‍ക്കും നിരുല്‍സാഹപ്പെടുത്തലുകള്‍ക്കും വിധേയമാകുന്നു. നമ്മുടെ നാട്ടില്‍ എല്ലാ വിദഗ്ധരും അടങ്ങുന്ന സ്ഥാപനങ്ങളുടെ കുറവ് ഓട്ടിസം ബാധിച്ച അച്ഛനമ്മമാരെ കൂടുതല്‍ കഷ്ടപ്പെടുത്തുന്നു.
രക്ഷിതാക്കള്‍ക്ക് ചെയ്യാനാവുന്നത്
കുട്ടിയുടെ ശരീരികവും ബുദ്ധിപരവും ഭാഷാ-സംസാരപരവുമായ വളര്‍ച്ചാഘട്ടങ്ങളെ കുറിച്ച് രക്ഷിതാക്കള്‍ക്ക് ശരിയായ അറിവില്ലാതാകുമ്പോള്‍ അത് നേരത്തെ ചികില്‍സ തുടങ്ങുന്നതിന് തടസ്സമാകുന്നു. ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്നറിയുമ്പോള്‍ തന്നെ കുഞ്ഞിന്റെ വളര്‍ച്ചയും വികാസവും എങ്ങനെയെന്ന് പഠിക്കാന്‍ ശ്രമിക്കുക. ശിശുരോഗവിദഗ്ധര്‍, ഗൈനക്കോളജിസ്റ്റ്, ഇന്റര്‍നെറ്റുകള്‍ എന്നിവയെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ഗൈനക്കോളജിസ്റ്റിനെ കാണുമ്പോള്‍ ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഗര്‍ഭാവസ്ഥയിലും തുടര്‍ന്നുമുളള വളര്‍ച്ചാ ഘട്ടങ്ങള്‍ എന്നിവയെ പറ്റിയുളള ലഘുലേഖകള്‍ ലഭ്യമാണോ എന്ന് അന്വേഷിക്കുക. ഇല്ലെങ്കില്‍ ഈ കാര്യങ്ങള്‍ വിശദമായി ചോദിച്ച് മനസ്സിലാക്കുക. കുട്ടികള്‍ ജനിച്ചതിന് ശേഷം വളര്‍ച്ചയുടെ പടവുകളില്‍ ചെറിയ വ്യതിയാനങ്ങള്‍ കണ്ടാല്‍ ഉടനെ പരിഭ്രാന്തരാകാതെ അതിന്റെ സാധ്യതകള്‍ അന്വേഷിച്ച് മനസ്സിലാക്കണം. എന്തെങ്കിലും അസ്വാഭാവികത തോന്നുമ്പോള്‍ ഈ മേഖലയിലെ വിദഗ്ധരെ സമീപിച്ച് വിശദമായ പരിശോധനങ്ങള്‍ക്ക് വിധേയമാക്കി ഓട്ടിസമെന്ന അവസ്ഥ തന്നെയാണോ എന്ന സ്ഥിരീകരിക്കുകയാണ് നല്ലത്.
വ്യക്തിഗത പരിശീലനം
ഒരോ കുട്ടിയുടെയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണയം നടത്തി എന്തൊക്കെ കഴിവുകള്‍ കുട്ടികളില്‍ പരിശീലിപ്പിക്കണമെന്ന് തീരുമാനിച്ച് വിദഗ്ധര്‍ പരിശീലിപ്പിക്കുന്നു. മനശ്ശാസ്ത്രവിദഗ്ധര്‍ പെരുമാറ്റങ്ങള്‍ കണ്ടെത്തി ആവശ്യമായ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.
സംഘ പരിശീലനം
മനശ്ശാസ്ത്രജ്ഞന്‍, സംസാരഭാഷാ വിദഗധന്‍, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്‌പെഷല്‍ എജുക്കേറ്റര്‍ എന്നീ വിദഗ്ധ പരിശീലകര്‍ അടങ്ങുന്ന സമിതി കുട്ടിയുടെ കഴിവിന്റെയും വയസ്സിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് അവര്‍ക്കാവശ്യമായ കഴിവുകള്‍ പരിശീലപ്പിക്കുന്നു. ഇതിലൂടെ വ്യക്തിഗത കഴിവുകള്‍ വര്‍ധിക്കുന്നതിലുപരി സാമൂഹീകരണവും വളരാന്‍ സാധിക്കുന്നു.
വ്യത്യസ്തങ്ങളായ പരിശീലന വിഭാഗങ്ങള്‍
1. ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്
ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് എല്ലാ പ്രായത്തിലുളളവര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയിലുളള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അവര്‍ക്ക് കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഇന്ദ്രിയ സമന്വീകരണം, പരിശീലനം, ഗ്രേസ്‌മോട്ടോര്‍, ഫൈന്‍ മോട്ടാറര്‍, കോ-ഓര്‍ഡിനേഷന്‍, സാമൂഹിക കഴിവുകള്‍, സ്വയം സഹായ കഴിവുകള്‍ എന്നിവക്കുകൂടി പരിശീലനം നല്‍കുന്നു.
2. സംസാര ഭാഷാ വിദഗ്ധര്‍
ഓട്ടിസം ബാധിച്ച 90ശതമാനത്തിലധികം കുട്ടികളിലും സംസാര പരിശീലനം അത്യാവശ്യമാണ്. ഇത്തരം തെറാപ്പിയിലൂടെ കാര്യഗ്രഹണശേഷിയും വര്‍ധിക്കുന്നു. ഇത്തരം കുട്ടികള്‍ ചില വാക്കുകളും പ്രയോഗങ്ങളും ഉച്ചരിക്കാന്‍ പ്രയാസപ്പെടുന്നു. അതിനാവശ്യമായ നാവിന്റെ ചലനങ്ങള്‍ ശരിപ്പെടുന്നുന്നു. ശരീരഭാഷ ഉപയോഗിച്ചുളള ആവശ്യങ്ങള്‍ അറിയിക്കാനുളള വിദഗ്ധ പരിശീലനം നല്‍കുന്നു.
3. മനശ്ശാസ്ത്രജ്ഞന്‍
ബുദ്ധിയുടെ തോത് കണ്ടുപിടിച്ച് അതിനനുയോജ്യമായ കഴിവുകള്‍ പരിശീലിപ്പിക്കുന്നു. തുടക്കത്തിലേ പെരുമാറ്റ പ്രശ്‌നങ്ങള്‍ കണ്ടെത്തി അതിനുളള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസപരവും ബുദ്ധിപരവും സാമൂഹികപരമവുമായ ശേഷി വര്‍ധിപ്പിക്കാനാവശ്യമായ പരിശീലനങ്ങള്‍ ആസൂത്രണം ചെയ്യുന്നു. വീട്ടില്‍ നിന്ന് കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ മതാപിതാക്കള്‍ക്ക് മനശ്ശാസ്ത്ര സേവനങ്ങളും ലഭ്യമാക്കുന്നു.
സവിശേഷ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
സമഗ്ര പുരോഗതിയെ ലക്ഷ്യമാക്കിയുളള ബോധന പരിപാടികള്‍ ആസൂത്രണം ചെയ്യുകയും നടപ്പില്‍ വരുത്തുകയും ചെയ്യുക. വായന, എഴുത്ത, കണക്ക് കൂട്ടല്‍ എന്നിവയില്‍ പരിശീലനം നല്‍കുക, പഠനത്തിന് മുന്നോടിയായി കൈവരിക്കേണ്ട കഴിവുകള്‍ വളര്‍ത്തി പഠനത്തിന് സജ്ഞമാക്കുക.
മാനസികരോഗ വിദഗ്ധന്‍
പരിശോധനകള്‍ക്ക് ശേഷം വൈകാരികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ആവശ്യമാണെങ്കില്‍ മരുന്ന് നിര്‍ദ്ദേശിക്കുന്നു. അമിത വികൃതിയും ശ്രദ്ധക്കുറവും എടുത്തുചാട്ടവുമൊക്കെ കുറക്കാന്‍ സഹായിക്കും. മരുന്നുകള്‍ പെരുമാറ്റ പരിശീലനത്തിലൂടെ മാറ്റം വരാതിരിക്കുമ്പോള്‍ ഔഷധ ചികിത്സ നടത്താന്‍ നിര്‍ബന്ധിതരാകുന്നു.
കുട്ടിയും സാമൂഹിക ഉത്തരവാദിത്വവും
ഓട്ടിസത്തെ ഗൗരവതരമായ ഒരു ശിശു മാനസികാരോഗ്യ പ്രശ്‌നമായി തിരിച്ചറിഞ്ഞ് ഇത്തരം കുട്ടികള്‍ക്ക് പ്രത്യേകമായ സേവനവും പരിഗണനയും നല്‍കുന്നതിന് സമൂഹം മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ഇത്തരം രോഗങ്ങള്‍ പാവപ്പെട്ട ജനവിഭാഗങ്ങളില്‍ വരുമ്പോള്‍ അവരുടെ സ്ഥിതി വളരെ മോശമാകും. ഒന്നുകില്‍ ചികിത്സയുടെ ഭാഗമായി നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരായി കൂടുതല്‍ പിന്നാക്കം പോകും. അല്ലെങ്കില്‍ യാതൊരുവിധ സേവനവും കൂടാതെ മന്ദബുദ്ധിയെന്നോ മാനസികരോഗിയെന്നോ മുദ്രകുത്തപ്പെടും. ജീവിതകാലം മുഴുവന്‍ വീട്ടില്‍ തന്നെ കഴിയേണ്ടിവരും. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടികള്‍ക്കായി മാതാപിതാക്കള്‍ സമയവും പണവും ചിലവഴിക്കുമ്പോള്‍ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ട് വരേണ്ടതാണ്.