പെരുവഴിയിലുപേക്ഷിച്ച ട്രോഫി

എ.യു റഹീമ /സ്‌കൂള്‍ അനുഭവം No image

      പറവൂര്‍ സെന്റ് അലോഷ്യസ് ഗേള്‍സ് ഹൈസ്‌കൂളില്‍ യുവജനോത്സവം നടക്കുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന അവളെ എല്ലാ അധ്യാപകര്‍ക്കും വലിയ ഇഷ്ടമാണ്. ഒരധ്യാപിക അവളെ കവിളില്‍ നുള്ളി വിളിച്ചു, ''കാനനക്കുയിലെ....''. കാരണമുണ്ട്, അവള്‍ നന്നായി പാടും. കാട്ടുപൂവ് എന്നും അവളെ വിളിക്കാം. പ്രത്യേക പരിചരണമൊന്നും കിട്ടാതെ വിടര്‍ന്ന് പരിമളം പരത്തുന്ന ഒരു കാട്ടുപൂവ്. ആ സ്‌കൂളില്‍ വന്നിട്ട് മൂന്നു വര്‍ഷമായി. ഈ മൂന്നു വര്‍ഷവും കലാമത്സരങ്ങളില്‍ പങ്കെടുക്കുന്ന ഇനങ്ങള്‍ക്കെല്ലാം ഒന്നാം സ്ഥാനം അവള്‍ നേടാറുണ്ട്. ലളിതഗാനം, മാപ്പിളപ്പാട്ട്, കഥാപ്രസംഗം, പദ്യപാരായണം, നാടകഗാനം ഇവയൊക്കെ അവളുടെ ഇനമാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിലാണ് പഠനം. പള്ളിയുമായി ബന്ധപ്പെട്ട് മിക്കവാറും അവിടെ മറ്റുപരിപാടികളും നടക്കാറുണ്ട്. അപ്പോഴൊക്കെ അവളുടെ ഒരു പാട്ട്, പ്രാര്‍ഥന എന്നിവ നിര്‍ബന്ധമായും ഉണ്ടാകാറുണ്ട്. അതൊക്കെ ടേപ്പ് റിക്കാര്‍ഡില്‍ പകര്‍ത്തിക്കൊണ്ടുപോയി പള്ളിമേടയില്‍ വെച്ച് അച്ചന്‍ ആസ്വദിക്കാറുമുണ്ട്.
      ഇതൊന്നും ഇഷ്ടമില്ലാത്ത രണ്ടു പേര്‍ ഈ വിദ്യാലയത്തില്‍ ഉണ്ട്. രത്‌നമ്മ ടീച്ചറും മേരി ടീച്ചറും. രത്‌നമ്മടീച്ചര്‍ക്ക് സന്താന ഭാഗ്യമില്ല. എന്നാല്‍ കൂട്ടുകാരി മേരിട്ടീച്ചറുടെ മകള്‍ അവര്‍ക്കു മകളെപ്പോലെയാണ്. ആ കുട്ടിയും നന്നായി പാടും. പക്ഷെ, കഴിഞ്ഞ മൂന്നു വര്‍ഷമായി അവള്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിന്റെ അമര്‍ഷം മുഴുവനും രത്‌നമ്മ ടീച്ചര്‍ക്കാണ്. ''ഇത്തവണയും ആ ഉമ്മക്കുട്ടിക്കാണ് ഫസ്റ്റ്'' അവര്‍ അവരുടെ അരിശം വാക്കുകളാല്‍ പ്രകടിപ്പിച്ചു. രത്‌നമ്മ ടീച്ചര്‍ ക്ലാസില്‍ വന്നാല്‍ കുട്ടികള്‍ക്ക് വിറയല്‍ ബാധിച്ചു തുടങ്ങും. നെഞ്ചിടിപ്പും കൂടും. ഒരുവിധം കാണാപാഠം പഠിച്ചതൊക്കെ തൊണ്ടക്കുഴിയില്‍ തന്നെ തങ്ങിക്കിടക്കും. ഉത്തരം പുറത്തേക്കു വരില്ല. അപ്പോള്‍ ടീച്ചര്‍ക്കായിരിക്കും വിറയല്‍ വരിക. വര്‍ധിച്ച ദേഷ്യത്തോടെ കുട്ടികളെ നിരത്തി നിര്‍ത്തി അടിതുടങ്ങും. രണ്ടാമത്തെ അടിവാങ്ങാന്‍ താണുപോയ കൈ ഉയര്‍ത്താന്‍ കഴിയാതെ വന്നാല്‍ ടീച്ചര്‍ തന്നെ കൈ പിടിച്ചുയര്‍ത്തി വീണ്ടും അടിക്കും. അവള്‍ ഉമ്മക്കുട്ടിയായതിനാല്‍ 'ഉസ്താദുമാരുടെ അടികൊണ്ട കൈകള്‍ സ്വര്‍ഗത്തിലായിരിക്കുമെന്ന്' വിശ്വസിച്ച് ആശ്വസിക്കും!
      പ്യൂണ്‍ ഒരു കുറിപ്പുമായി ക്ലാസുകള്‍ തോറും കയറിയിറങ്ങി. ജില്ലാതല മത്സരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ ഓഫീസ്മുറിയിലേക്കു ചെല്ലാനുളള കല്‍പനയാണ് കുറിപ്പില്‍. കുട്ടികള്‍ ഓഫീസ് മുറിയുടെ വരാന്തയില്‍ വന്നു ലൈനായി നിന്നു. ജില്ലാ യുവജനോത്സവത്തിനു കൊണ്ടുപോകുന്ന ടീമിന്റെ ചാര്‍ജ് രത്‌നമ്മ ടീച്ചര്‍ക്കാണ്. അവര്‍ ഓരോ കുട്ടികളുടെയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. അവളുടെ അടുത്തെത്തി. ഇനങ്ങള്‍ എന്തെന്നു ചോദിക്കുകയോ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്തില്ല. പകരം അവളുടെ കുപ്പായത്തിന്റെ കീറലില്‍ ശക്തമായി പിടിച്ചുലച്ചുകൊണ്ട് ആക്രോഷിച്ചു. ''ഇമ്മാതിരി കീറിയ കുപ്പായമിട്ടുകൊണ്ട് അങ്ങോട്ട് വന്നേക്കരുത്!'' കുട്ടികള്‍ വാ പൊത്തി ചിരിയടക്കി. അവളുടെ ഉള്ളില്‍നിന്നുയര്‍ന്ന ഗദ്ഗദങ്ങള്‍ തിരമാലകളായി ഹൃദയഭിത്തിയില്‍ തട്ടിത്തകര്‍ന്ന് കണ്‍തടങ്ങളുടെ തീരം തകര്‍ത്ത് താഴെ വീണു ചിതറി. കണ്ഠത്തില്‍ മുറുകി ആ കാനനക്കുയില്‍ ശ്വാസം നിലച്ചപോലെ നിന്നു. എന്നിട്ട് തലയും താഴ്ത്തി ക്ലാസിലേക്ക് നടന്നുപോയി.
      നാളെ കഴിഞ്ഞ് മറ്റന്നാള്‍ രാവിലെ എട്ടുമണിക്ക് സ്‌കൂള്‍ ബസ്സില്‍ സംഘം പുറപ്പെടും. ഏഴരക്ക് എല്ലാവരും എത്തിയിരിക്കണം. അങ്ങനെ നിര്‍ദേശങ്ങള്‍ പലതുമുണ്ട്. ഒന്നും അവളുടെ മനോമുകുരത്തിലിപ്പോള്‍ ഇല്ല. ഒന്നുമാത്രം അവളുടെ മനസ്സില്‍ ഒരു ചോദ്യചിഹ്നമായി നിന്നു, ഒരു കുപ്പായം? യൂണിഫോം പച്ചയും വെളളയുമാണ്. പലപ്പോഴും വെളളക്കുപ്പായം അവള്‍ ഒപ്പിച്ചെടുക്കുകയാണ് പതിവ്. അമ്മാവന്മാരുടെ വെള്ള ഷര്‍ട്ട് അല്‍പം പഴകിയാല്‍ അവള്‍ക്കു കൊടുക്കും. അത് തയ്യല്‍ കടയില്‍ കൊണ്ടുപോയാല്‍ അവള്‍ക്കൊരു കുപ്പായം തയ്ച്ചു കിട്ടും. പക്ഷെ ഇനിയൊരു പഴയ ഷര്‍ട്ട് മാമ തരുമോ? ചോദിക്കുമ്പോള്‍ തന്നെ ലത്തീഫ് മാമ തന്റെ ഉണ്ടക്കണ്ണ് ഉരുട്ടാന്‍ തുടങ്ങും. ദഹിപ്പിക്കുന്ന നോട്ടമാണ്. മാമയാണ് അവളുടെ ലോക്കല്‍ ഗാര്‍ഡിയന്‍. ആണ്ടില്‍ ഒരിക്കല്‍ മാത്രമേ മാമ അവളെ നോക്കി ചിരിക്കാറുള്ളൂ. അപ്പോള്‍ മാത്രമേ പേടിയില്ലാതെ അവള്‍ മാമനെ ഒന്നു നോക്കാറുള്ളൂ. അവള്‍ക്ക് മുസ്‌ലിം പെണ്‍കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് കിട്ടുമ്പോള്‍ മാത്രം! എന്നാല്‍ ആ പൈസകൊണ്ട് പഠിക്കാനുളള പുസ്തകമോ ആവശ്യമായ യൂണിഫോമോ ഒന്നും വാങ്ങിക്കൊടുക്കാറില്ല.
      അവള്‍ വല്ലവിധേനയും അങ്ങനെയൊരു ഷര്‍ട്ട് സംഘടിപ്പിച്ചു. തയ്യല്‍കടയില്‍ കൊടുത്ത് തയ്ച്ചു വാങ്ങി. കവിടിപ്പിഞ്ഞാണത്തില്‍ തീക്കനല്‍ കോരിയിട്ട് തുണി കൂട്ടിപ്പിടിച്ച് ആ പുത്തന്‍ കുപ്പായവും പാവാടയും തട്ടവും ഇസ്തിരിയിട്ടുവെച്ചു. വെളുപ്പിനെ ഉണര്‍ന്ന് ജോലിയെല്ലാം തീര്‍ത്തുവച്ചു. ആ വീട്ടില്‍ അമ്മായിമാര്‍ ഉണരുന്നതിന് മുമ്പേ എല്ലാ പണിയും തീര്‍ക്കണം. അവള്‍ അവളുടെ ഉമ്മയുടെ വീട്ടില്‍നിന്നാണ് പഠിക്കുന്നത്. പണിയൊക്കെ തീര്‍ത്ത് കുളിച്ച് ഒരുക്കിവെച്ച വസ്ത്രമണിഞ്ഞ് അവള്‍ ഓട്ടം തുടങ്ങി, അഞ്ചു കിലോമീറ്റര്‍ ദൂരെയുളള സ്‌കൂളിലേക്ക്. സമയമെന്തായി എന്നറിയാന്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നു വീടിന്റെ നിഴല്‍ മുറ്റത്തിന്റെ ഓരത്ത് എത്തണം. അതിന് കാത്തുനില്‍ക്കാന്‍ സമയമില്ല. കൃത്യം എട്ടുമണിക്ക് ബസ്സ് പുറപ്പെടുമെന്നും അതുകഴിഞ്ഞ് എത്തുന്നവരെ കൊണ്ടുപോകില്ലെന്നും രത്‌നമ്മ ടീച്ചര്‍ പറഞ്ഞത് തന്റെ മുഖത്ത് ഉറ്റുനോക്കിയിട്ടാണ്. അകലെ നിന്നേ ബസ്സു കണ്ടു. ഹൊ! ആശ്വാസമായി! ഓടിത്തളര്‍ന്ന കാലുകള്‍ക്ക് ഒരിളവു നല്‍കാന്‍ ഓട്ടമൊന്നു സാവധാനമാക്കി. പക്ഷെ, അവള്‍ ഓടിയെത്തുമ്പോഴേക്കും ബസ്സ് നീങ്ങിത്തുടങ്ങിയിരുന്നു. അവള്‍ വരുന്നതും കാത്ത് പുറത്തേക്കു നോക്കിയിരുന്ന കൂട്ടുകാരികള്‍ ബസ്സിനിടിച്ചും ബഹളംവെച്ചും ബസ്സ് നിര്‍ത്തി. പക്ഷെ ടീച്ചറുടെ ആജ്ഞപ്രകാരം ആ ബസ്സ് ഓടിത്തുടങ്ങുകയായിരുന്നു. രത്‌നമ്മ ടീച്ചറുടെയും മേരി ടീച്ചറുടെയും പേടിസ്വപ്നമായ യഥാര്‍ഥ കലയെ അവര്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു കളഞ്ഞു-നിഷ്‌കരുണം!!
      അവളുടെ ശ്വാസം നിലച്ചപോലെയായി. അഴലിന്റെ നിഴല്‍ വീണ വഴിയില്‍ അവള്‍ തനിച്ചായി. തുടര്‍ന്നുളള വഴിയാത്രക്കാകാതെ അവളുടെ കാലാകെ കുഴഞ്ഞുപോയി. ഒരു നിമിഷം. അവള്‍ സര്‍വശക്തിയുമെടുത്തുകൊണ്ട് ആ ബസ്സിന്റെ പിന്നാലെ പാഞ്ഞു. കുറെ ദൂരത്തോളം അവള്‍ ബസ്സ് കണ്ടോടി. പിന്നെ അതും കണ്‍കളില്‍ നിന്നു മറഞ്ഞു. കിതച്ചും വഴിചോദിച്ചും അവള്‍ അങ്ങനെ ഓടുകയാണ്. പത്തുകിലോമീറ്റര്‍ ദൂരത്തോളം അവള്‍ ഓടി. ഒടുവില്‍ യുവജനോത്സവ വേദിക്കരികെയെത്തി അവള്‍ ഇരുന്നു. അല്‍പ നിമിഷത്തിനുളളില്‍ അവള്‍ സര്‍വ്വാംഗം തളര്‍ന്ന് കുഴഞ്ഞുവീണു. ആരൊക്കെയോ മുഖത്ത് വെളളം തളിച്ച് എടുത്തു ബെഞ്ചില്‍ കിടത്തി വീശി. എന്തൊക്കെയോ ചോദിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. അവള്‍ അവിടെ എത്തിയിട്ടേയുള്ളൂ. ചെസ്റ്റ് നമ്പര്‍ കിട്ടിയിട്ടില്ല. ദൂരെ നിന്ന് ലളിതഗാനം അവള്‍ ശ്രവിച്ചിരുന്നു. ചെസ്റ്റ് നമ്പര്‍ 28. സെക്കന്റ് കോളും കഴിഞ്ഞു. സംസാരിക്കാറായപ്പോള്‍ അവള്‍ അവളുടെ ഇനവും പേരും പറഞ്ഞു. അങ്ങനെ ലാസ്റ്റ്‌കോളും വിളിച്ചു. ''ലളിതഗാന മത്സരം തുടരുന്നു. ചെസ്റ്റ് നമ്പര്‍ 28 വിറയാര്‍ന്ന വിരലുകളാല്‍ അവള്‍ അവളുടെ പുത്തന്‍ കുപ്പായത്തില്‍ ചെസ്റ്റ് നമ്പര്‍ കുത്തി. കുറച്ചുകൂടി വെള്ളം വാങ്ങിക്കുടിച്ച് സ്റ്റേജില്‍ കയറി. വിറക്കുന്ന ശരീരത്തിന് ഒരു ഊന്നുവടി പോലെ ആ മൈക്കിന്റെ കഴുത്തില്‍ മുറുകെപ്പിടിച്ച് അവള്‍ പാടി.
''പാടുമോ രാഗം കുയിലെ, പാടുമോ രാഗം
രാഗലോലെ, നീയുണര്‍ന്നു പാടുമോ രാഗം''
      സദസ്സ് വീണ്ടും നിശബ്ദമായി. എങ്ങോ അലസമായി നിന്നിരുന്ന അവളുടെ കൂട്ടുകാരികള്‍ ആ രാഗ വീചികള്‍ കേട്ടുണര്‍ന്ന് ഓടിയടുത്തു. അവളെ പെരുവഴില്‍ ഇട്ടുപോയവരൊക്കെയും വന്ന് വാ പൊളിച്ചു നിന്നു. അവള്‍ മതിമറന്നു പാടുകയാണ്. ഒടുവില്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങിയ കരഘോഷത്തിന്റെ അകമ്പടിയോടെ അവളിറങ്ങി. കൂട്ടുകാരികള്‍ വന്ന് അവളെ പുണര്‍ന്നു. ഭക്ഷണമൊന്നും കരുതാതിരുന്ന അവള്‍ ഇടക്കിടെ പച്ചവെള്ളം കുടിച്ചുകൊണ്ട് സ്റ്റേജില്‍ കയറിയിറങ്ങി. മാപ്പിളപ്പാട്ടും പദ്യപാരായണവും കഥാപ്രസംഗവുമൊക്കെ അങ്ങനെ കഴിഞ്ഞു. അതിനിടയില്‍ ആരൊക്കെയോ വന്ന് അവളുടെ ഗുരു ആരാണെന്നു ചോദിച്ചു. വീട്ടിലെ പഴയ റേഡിയോ ആണ് അവളുടെ ഗുരു. മജീദ് മാമ പാടുന്ന മാപ്പിളപ്പാട്ടും അവള്‍ക്കറിയാം. റേഡിയോയില്‍ നിന്നുകേള്‍ക്കുന്ന കഥാപ്രസംഗങ്ങള്‍ അവള്‍ വേഗത്തില്‍ എഴുതിവെക്കും. വിട്ടുപോയതൊക്കെ അവളുടെ ഭാവനയനുസരിച്ച് ചേര്‍ക്കും.
      ആദ്യത്തെ മത്സരഫലം ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. ലളിതഗാനം ഫസ്റ്റ് എ.യു റഹീമ, സെന്റ് അലോഷ്യസ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്‍. പറവൂര്‍. മണിക്കൂറുകള്‍ ഇടവിട്ട് അങ്ങനെ ഫലങ്ങള്‍ വന്നുകൊണ്ടിരുന്നു. ചേര്‍ന്ന ഇനങ്ങളില്‍ ഒന്നിനുമാത്രം രണ്ടാം സ്ഥാനം, കഥാപ്രസംഗത്തിന്. ബാക്കിയെല്ലാത്തിനും ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയന്റ് നേടി എ.യു റഹീമ ട്രോഫി കരസ്ഥമാക്കി. വ്യക്തിഗത ട്രോഫി സ്‌കൂള്‍ അലമാരയിലിരുന്ന് തിളങ്ങുന്നതായും തന്നെ നോക്കി ചിരിക്കുന്നതായും പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിലും ഓരോ ഇനത്തിലും വാങ്ങുന്ന ട്രോഫികള്‍ വെക്കാന്‍ വീട്ടില്‍ ഒരു അലമാര പോലും അന്നുണ്ടായിരുന്നില്ല. അടക്കിപ്പിടിച്ച തന്റെ തേങ്ങലുകള്‍ പോലെ അതൊക്കെയും കണ്‍വെട്ടത്തു കാണാതെ ഒരു പീഞ്ഞപ്പെട്ടിയില്‍ ഒളിച്ചിരുന്നു.
ഇന്നിപ്പോള്‍ എന്റെ മക്കള്‍ വാങ്ങിക്കൂട്ടിയ സമ്മാനങ്ങള്‍ക്കൊപ്പം എന്റെ പേരക്കുട്ടികള്‍ പഠനത്തില്‍ മികവാര്‍ന്ന് വാങ്ങുന്ന ട്രോഫികളും ഷോകേസില്‍ അഭിമാനത്തോടെ ചിരിച്ചിരിക്കുന്നു. ഇപ്പോഴും ഞാന്‍ ട്രോഫികള്‍ വാങ്ങുന്നുണ്ട് കേട്ടോ! അതുപക്ഷെ, അറുപത് വയസ്സിനു ശേഷമാണ്. ഐ.ആര്‍.ഡബ്ല്യു സംസ്ഥാന തലത്തില്‍ നടത്തിയ മത്സരങ്ങളിലും പെന്‍ഷനേഴ്‌സ് യൂണിയന്റെ മത്സരങ്ങളിലും ആ പാട്ടുകാരിയുണര്‍ന്ന് വീണ്ടും പാടുന്നു......
പുത്തനാം ഒരു ജീവിതത്തില്‍
തേന്‍കനി നേടാന്‍ കുയിലേ,
ജീവിതാശ തന്‍ കിനാക്കള്‍ മാഞ്ഞു
പോകുമ്പോള്‍ കുയിലേ,
പാടുമോ രാഗം കുയിലേ പാടുമോ രാഗം.........Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top