മക്കള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍

എന്‍.പി ഹാഫിസ് മുഹമ്മദ് /മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ No image

      ഈയിടെയൊരു സ്‌കൂളില്‍ രക്ഷാകര്‍തൃ സംഗമത്തില്‍ അതിഥിയായി പങ്കെടുക്കാന്‍ പോയി. പ്രഭാഷണത്തില്‍ ഫലവത്തായ രക്ഷാകര്‍തൃത്വത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. അധ്യാപകര്‍ക്ക് കുട്ടികളെ ഏല്‍പിച്ചുകൊടുത്ത് എല്ലാം ഇനി സ്‌കൂള്‍ ശരിയാക്കുമെന്ന ധാരണയില്‍ പെരുമാറുന്ന രക്ഷാകര്‍ത്താക്കളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. മാതാപിതാക്കള്‍ വേണ്ടവിധം ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ മക്കളുടെ പഠനവും സ്വഭാവരൂപീകരണവും നടക്കാതെ പോകുമെന്നും പറഞ്ഞു. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോള്‍ നാലഞ്ച് രക്ഷാകര്‍ത്താക്കള്‍ ചുറ്റും കൂടി. ഒരാള്‍ പറഞ്ഞു: 'സാറേ, മാഷമ്മാരും ടീച്ചര്‍മാരും ചെയ്യേണ്ട കാര്യം ചെയ്യേണ്ട വിധം ചെയ്തിെല്ലങ്കില്‍ നമ്മുടെ കുട്ട്യേള് നന്നാവോ? പകല് മുഴുവനും അവരല്ലേ കുട്ടികളെ കാണുന്നത്. അവര് നേരെയായാല്‍ കുട്ട്യോളും നേരെയാകും.'
മറ്റൊരാള്‍ പറഞ്ഞു: ''സാറെ, ഇവറ്റകള്‍ ഒരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങാ. ഇത്ര ഉത്തരവാദിത്വമില്ലാത്ത ഒരു വിഭാഗം വേറെ ഉണ്ടാവൂല. ദൈവത്തിന്റെ കാരുണ്യം കൊണ്ടാ കുറെ കുട്ടികളെങ്കിലും രക്ഷപ്പെട്ട് പോകുന്നത്.''
      മൂന്നാമന്‍ ഹെഡ്മാസ്റ്ററുടെ കൊളളരുതായ്മളെ കുറിച്ച് വിശദീകരിച്ചു. ആദ്യത്തെയാള്‍ അധ്യാപകരുടെ സംഘടനാ രാഷ്ട്രീയത്തെക്കുറിച്ച് പരാതിപ്പെട്ടു. മൂന്നാമന്‍ സര്‍ക്കാര്‍ അനാസ്ഥയെകുറിച്ച് പറഞ്ഞു. ആരും രക്ഷാകര്‍ത്താക്കളുടെ ഉത്തരവാദിത്വത്തെ കുറിച്ച് മിണ്ടിയതേയില്ല. മറ്റുളളവരെ പഴിചാരി സ്വയം രക്ഷാകവചം പണിയുകയായിരുന്നു. ഞാനപ്പോള്‍ ഓര്‍ത്തത് അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍.എഫ്.കെന്നഡിയുടെ വാക്കുകളായിരുന്നു. ''എനിക്കുവേണ്ടി രാഷ്ട്രം എന്തുചെയ്തു എന്ന് ആവലാതിപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ രാഷ്ട്രത്തിന് വേണ്ടി എന്ത് ചെയ്തുവെന്നാലോചിക്കുക.'' മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി അഡ്മിഷന്‍ നേടിയെടുക്കല്‍, പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും വാങ്ങിക്കൊടുക്കല്‍, ഭക്ഷണവും വസ്ത്രവും നല്‍കല്‍ എന്നിവക്കപ്പുറം എന്തുചെയ്യുന്നു, എന്താണ് ചെയ്യേണ്ടത് എന്നാലോചിക്കുന്നവര്‍ക്ക് മാത്രമേ തങ്ങളുടെ ധര്‍മ്മ നിര്‍വ്വഹണം നടത്താനാവൂ. രക്ഷാകര്‍തൃത്വത്തെ കുറിച്ചുളള പഴയ ധാരണകള്‍ മാറ്റാനും സ്വയംതിരുത്തലുകള്‍ വരുത്താനും സാധിക്കൂ.
      കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ മാതാപിതാക്കള്‍ തന്നെയാണ് മുഖ്യപങ്ക് വഹിക്കുന്നത്. സാമൂഹീകരണ പ്രക്രിയയില്‍ ഒരു കുട്ടിയെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്യുന്ന ആദ്യ സംഘവും കുടുംബമാണ്. കുടുംബമൊരുക്കുന്ന അന്തരീക്ഷവും നല്‍കുന്ന പരിശീലനവും കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന് അടിത്തറയിടുന്നു. കൗമാരപ്രായം പിന്നിടുന്നതുവരെയും മക്കളുടെ വ്യക്തിത്വവികസനത്തില്‍ മാതാപിതാക്കളും ചിലപ്പോള്‍ മറ്റ് കുടുംബങ്ങളും ശക്തമായ കണ്ണികളായി തീരുന്നുണ്ട്. സ്‌കൂളിലെത്തും മുമ്പെ അടിസ്ഥാന വ്യക്തിത്വത്തിന്റെ ആദ്യശിലകള്‍ പാകുന്നത് രക്ഷിതാക്കളിലൂടെയാണ്. ഫലപ്രദമായി ഇക്കാര്യം നടക്കാതെ വിദ്യാലയത്തെ മാത്രം ആശ്രയിച്ചതുകൊണ്ട് വിശേഷിച്ചൊരു കാര്യവുമില്ല.
      വിദ്യാലയത്തില്‍ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരു ത്രികോണത്തിലെന്നവിധം പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ തന്നെയാണീ പ്രക്രിയയില്‍ നിര്‍ണ്ണായക സ്ഥാനത്ത് നില്‍ക്കുന്നതും. വിദ്യാര്‍ത്ഥികളില്‍ അഭിപ്രേരണയും അഭിരുചിയും കഴിവുകളും ഉണ്ടാക്കിയെടുക്കുന്നതില്‍ അധ്യാപകര്‍ ചാലകശക്തിയായി മാറുന്നു. വിദ്യാലയം അതിന് ഒരു ചുറ്റുവട്ടമൊരുക്കുന്നു. അധ്യാപകര്‍ വ്യക്തികേന്ദ്രീകൃതമായ ഒരു ബോധനരീതി ധര്‍മ്മനിര്‍വ്വഹണമായി നടപ്പില്‍ വരുത്തുമ്പോള്‍ വിദ്യാര്‍ത്ഥി സ്വതസിദ്ധമായ വികാസം സ്വരൂപിക്കുന്നു. വിദ്യാര്‍ത്ഥിയെ മനസ്സിലാക്കുന്ന അധ്യാപകര്‍ക്ക് ഈ പ്രക്രിയയില്‍ ഫലവത്തായ ഇടപെടല്‍ നടത്താനുമാകുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ഈയൊരു ബന്ധത്തില്‍ അധ്യാപകരെ തന്റെ വളര്‍ച്ചക്ക് ഉപയോഗിക്കുവാനുളള ശ്രമം കുട്ടികളില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ ഈ പ്രക്രിയ പൂര്‍ണ്ണവും കൂടുതല്‍ ഫലവത്തുമായി തീരുന്നത് രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യവും ഇടപെടലും സജീവമാകുമ്പോഴാണ്. സ്‌കൂളില്‍ ചേര്‍ത്തിയല്ലോ, സ്‌കൂളില്‍ പറഞ്ഞയക്കുന്നുണ്ടല്ലോ, ഇനിയെല്ലാം അധ്യാപകരുടെ ചുമതല എന്ന് കരുതുന്ന രക്ഷാകര്‍ത്താക്കള്‍ മക്കളുടെ വ്യക്തിത്വ വികാസത്തിന് തടസ്സമായി മാറുകയാണ് ചെയ്യുന്നത്. പല സന്ദര്‍ഭങ്ങളിലും രക്ഷാകര്‍ത്താക്കള്‍ക്ക് മറ്റാരെക്കാളുമേറെ ചെയ്യാനുണ്ട്.
      ശൈശവം തൊട്ട് യുവത്വം വരെയുളള ഘട്ടങ്ങളില്‍ പ്രായത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് രക്ഷാകര്‍ത്താക്കളുടെ ധര്‍മനിര്‍വഹണം മാറിക്കൊണ്ടിരിക്കുന്നുണ്ട്. മനശ്ശാസ്ത്രജ്ഞനായ മാസ്‌ലോ വിഭാഗീകരിക്കുകയും ശ്രേണീവല്‍ക്കരിക്കുകയും ചെയ്ത മനുഷ്യാവശ്യങ്ങളില്‍ പ്രാഥമികമായത് ശാരീരികവും ഭൗതികപരവുമാണ്. ശൈശവം ബാല്യകാലത്ത് എത്തുന്നതുവരെ ഈ ആവശ്യങ്ങള്‍ നിറവേറ്റപ്പെടേണ്ടത് നിലനില്‍പ്പിന് അനിവാര്യമാണ്. ഭക്ഷണവും വസ്ത്രവും നല്‍കപ്പെടുകയും സുരക്ഷിതമായ ഒരവസ്ഥയില്‍ വന്നെത്തുകയും ചെയ്യുമ്പോള്‍ മറ്റ് ആവശ്യങ്ങള്‍ ക്രമപ്രകാരം ഉയര്‍ന്നുവരുന്നു. വീട് സുരക്ഷിതത്വത്തിന്റെ പരിരക്ഷയായി മാറുന്നു. കുടുംബത്തില്‍ നിലകൊളളുമ്പോള്‍ തന്റെ അംഗത്വത്തിന്റെ അടിത്തറ കുട്ടിയറിയുന്നു. ഞാന്‍ ഒരു സംഘത്തില്‍ സുരക്ഷിതമാണന്നും അല്ലെന്നും കുട്ടികള്‍ അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് തിരിച്ചറിയുന്നു. അപ്പോഴാണ് കുട്ടി വിദ്യാലയത്തില്‍ എത്തുന്നത്. അതോടെ കുട്ടിയുടെ മാനസിക വികാസം ആരംഭിക്കുന്നു. ആത്മാഭിമാനത്തിന്റെ വളര്‍ച്ചയുടെ അടിത്തറ പാകപ്പെടുന്നത് രക്ഷിതാക്കളില്‍ നിന്നാണ്. ആത്മാഭിമാനവും ആത്മവിശ്വാസവും നേടിയെടുക്കുന്നതില്‍ കുടുംബം സാരമായ ഇടപെടലുകള്‍ നടത്തുകയും അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്‌കൂളില്‍ എത്തിയാലും രക്ഷിതാക്കളുടെ ധര്‍മ്മനിര്‍വ്വഹണം പ്രാധാന്യമുളളതായി നിലകൊളളുന്നത് ഇതുകൊണ്ടാണ്.

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
      കുട്ടിക്കാലത്ത് മക്കള്‍ പഠിക്കുന്ന നേരങ്ങളില്‍ അവര്‍ക്കൊപ്പം കൂടെയിരിക്കണം. ആവശ്യമുളള നേരം സഹായവും മാര്‍ഗനിര്‍ദ്ദേശവും നല്‍കേണ്ടതുണ്ട്. എഴുത്തിലും വായനയിലും വരയിലും മറ്റ് സര്‍ഗവാസനകള്‍ വളര്‍ത്തുന്നതിലും രക്ഷിതാക്കള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഹൈസ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥിക്ക് പ്രശ്‌നങ്ങളില്‍ പരിഹാരം കണാനും സംഘര്‍ഷങ്ങളില്‍ ആശ്വാസം കണ്ടെത്താനും സ്വയം സാധിക്കേണ്ടതുണ്ട്. എന്ത് ചെയ്താലും തൃപ്തി വരാതെ കുട്ടികളെ സഹായിക്കുന്ന രക്ഷിതാക്കള്‍ മക്കള്‍ക്ക് സ്വയം വളരാന്‍ അവസരം നല്‍കുന്നില്ല. കൗമാരക്കാരായ മക്കള്‍ക്ക് സൗഹാര്‍ദപൂര്‍വ്വം പെരുമാറുന്ന രക്ഷിതാക്കളെയാണ് കൂടുതലിഷ്ടം. അതുകൊണ്ടുതന്നെ കൗമാര കാലത്തോടെ മക്കള്‍ മാതാപിതാക്കളുടെ സ്വഭാവമനുസരിച്ച് സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നു. കൗമാരത്തിലെത്തുന്ന മക്കള്‍ക്ക് മാതാപിതാക്കള്‍ കൂടെ സഞ്ചരിക്കുന്ന ഒരു സുഹൃത്തായിരിക്കേണ്ടതുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നവരെ ആവശ്യത്തിന് ബന്ധിപ്പിക്കേണ്ടതും രക്ഷാകര്‍ത്തക്കളാണ്.
      അധ്യാപകര്‍ക്ക് എന്തുചെയ്യാനാകുമെന്നതിനെ കുറിച്ച് യാഥാര്‍ത്ഥ്യ ബോധം മാതാപിതാക്കള്‍ക്കുണ്ടാവണം. അധ്യാപകരില്‍ നിന്നോ വിദ്യാലയത്തില്‍ നിന്നോ പ്രതീക്ഷിക്കുന്നത് സുപ്രധാനമായ അഞ്ച് കാര്യങ്ങളാണ്:
1. ക്ലാസ്‌റൂം അധ്യാപനമാണ് ആദ്യത്തേത്. ഏതെങ്കിലുമൊരു വിഷയത്തില്‍ അടിസ്ഥാനപരമായ അറിവ് നല്‍കുന്നത് ക്ലാസ്‌റൂമില്‍ വെച്ചാണ്. സിലബസ് അനുശാസിക്കുന്ന പാഠപുസ്തകങ്ങള്‍ വഴിയാണ് ഈ വിവരങ്ങള്‍ അധ്യാപകര്‍ നല്‍കുന്നത്. കുട്ടികള്‍ നേരത്തെ മനസ്സിലാക്കാത്ത കാര്യങ്ങളായതു കാരണം പ്രാഥമികവും അതിനോട് ബന്ധപ്പെട്ടതുമായ ആശയങ്ങള്‍ അധ്യാപകര്‍ കൈമാറുന്നു. അവ മനസ്സിലാക്കി കൊടുക്കാനും ആവശ്യമുളളപ്പോള്‍ കുട്ടികളില്‍നിന്ന് അറിയാനുമാണ് അധ്യാപകരുടെ ശ്രമം. അത്തരം ആശയങ്ങള്‍ വിശകലനബോധം ചിന്താശേഷി, ആവിഷ്‌കാര സാമര്‍ഥ്യം എന്നിവ വളര്‍ത്താനുളള മാര്‍ഗങ്ങളാക്കി മാറ്റുന്നു.
2. കുട്ടികളുടെ സര്‍ഗവാസന, കഴിവുകള്‍ എന്നിവ വളര്‍ത്തിയെടുക്കുന്നതിന് പഠ്യേതര മേഖലകളില്‍ അധ്യാപകര്‍ വഴികാട്ടികളാവുന്നു. കലാ-സാഹിത്യ കായിക മേഖലകളില്‍ അധ്യാപകര്‍ മാര്‍ഗനിര്‍ദേശകരാകുന്നുണ്ട്. സര്‍ഗശേഷിയുളള കുട്ടികള്‍ക്ക് വളരാന്‍ അധ്യാപകര്‍ കൂട്ടുനില്‍ക്കുന്നു. സര്‍ഗശേഷിയെ വിദ്യാഭ്യാസ പ്രക്രിയയോട് ബന്ധിപ്പിക്കാനും സമര്‍ഥരായ അധ്യാപകര്‍ ശ്രമിക്കുന്നു.
3. മൂല്യാധിഷ്ഠിതമായ ജീവിതത്തിന് അധ്യാപകര്‍ പ്രേരണചെലുത്തുന്നു. മാനുഷികത, കാരുണ്യം, ദയ, സഹജാവബോധം തുടങ്ങിയ ഉന്നതമൂല്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറുന്നതിന് അധ്യാപകരും ശ്രമിക്കുക. സ്വഭാവരൂപീകരണത്തില്‍ അധ്യാപകര്‍ക്കുളള പങ്ക് നിസ്സീമമാണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അധ്യാപകര്‍ റോള്‍മോഡലാവണമെന്ന് കരുതപ്പെടുന്നു.
4. കുട്ടികള്‍ക്ക് വളരാനും വലിയവരാകാനും അഭിപ്രേരണ നല്‍കുന്നു. സ്വപ്നങ്ങള്‍ കാണാനും ലക്ഷ്യബോധമുളളവരാകാനും അധ്യാപകര്‍ മാര്‍ഗനിര്‍ദേശകരാവണമെന്നും കരുതപ്പെടുന്നു. പഠനത്തിലും വിജയങ്ങളിലും തുടര്‍വിദ്യാഭ്യാസത്തിലും സമര്‍ഥരായ അധ്യാപകര്‍ അനന്തതയിലേക്കുളള കിളിവാതിലുകളാണ് തുറന്നിടുന്നതെന്ന് രക്ഷിതാക്കള്‍ വിചാരിക്കുന്നു, ആഗ്രഹിക്കുന്നു.
5. രക്ഷാകര്‍ത്താക്കളും വിദ്യാലയവുമായുളള ബന്ധം അധ്യാപകര്‍ സജീവമാക്കി നിര്‍ത്തേണ്ടതുണ്ട്. കുട്ടികളുടെ പഠന കാര്യങ്ങള്‍ രക്ഷിതാക്കളെ നേരാനേരങ്ങളില്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. രക്ഷിതാക്കള്‍ക്ക് ആവശ്യമായ മാര്‍ഗദര്‍ശനം നല്‍കേണ്ടതും അധ്യാപകരാണെന്ന് കരുതുന്നു. വിദ്യാഭ്യാസസ്ഥാപനത്തേയും രക്ഷാകര്‍ത്താക്കളെയും ബന്ധിപ്പിക്കുന്ന കണ്ണിയായാണ് അധ്യാപകരെ കാണുന്നത്.
      ഇതൊക്കെ മാതാപിതാക്കളുടെ പ്രതീക്ഷകളാണ്. എന്നാല്‍ കുട്ടികള്‍ക്ക് ബോധ്യപ്പെടുംവിധം ആശയവിനിമയം ചെയ്യാന്‍ കഴിയാത്ത അധ്യാപകരാണെങ്കില്‍ ക്ലാസ്മുറിയിലെ അധ്യാപനം പരാജയപ്പെടുന്നു. എല്ലാ അധ്യാപകരും ഒരുപോലെ ക്ലാസ്‌റൂം അധ്യാപനത്തില്‍ സമര്‍ഥരല്ലതാനും. സര്‍ഗശേഷി കണ്ടെത്താനും വളര്‍ത്താനും എമ്പാടും അധ്യാപകര്‍ക്ക് സാധിക്കാറില്ല. കലാപരമായ കഴിവിന് ഒട്ടും പ്രാധാന്യം കൊടുക്കാത്തവര്‍ പോലുമുണ്ടാകും. മൂല്യങ്ങളുടെ ആന്തരികവല്‍ക്കരണം സാധ്യമാകാന്‍ അധ്യാപകരുടെ വ്യക്തിത്വം കാരണമായിത്തീരുന്നു. മൂല്യനിവാരണത്തിനും അധ്യാപകര്‍തന്നെ നിമിത്തമായി തീരുന്നു. അധ്യാപകരുടെ ജീവിത വീക്ഷണം ഇക്കാര്യത്തില്‍ പ്രധാനപ്പെട്ടതാണ്. അസാധാരണമായ അധ്യാപന പ്രതിഭയുളളവര്‍ക്കാണ് വിദ്യാര്‍ഥികളെ ഉന്നതശിഖരങ്ങളിലേക്ക് എത്തിക്കാന്‍ മാര്‍ഗദര്‍ശനം നല്‍കാനാവുന്നത്. വിദ്യാര്‍ഥികളുടെ ആന്തരികഭേദങ്ങള്‍ തിരിച്ചറിയാനുളള ശേഷിയാണ് ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് ഉണ്ടാവേണ്ടത്. അധ്യാപകരില്‍ ചിലര്‍ രക്ഷാകര്‍ത്താക്കളുമായി നിരന്തരബന്ധം വെച്ചുപുലര്‍ത്തുന്നു. വിദ്യാര്‍ഥികളുടെ കഴിവും കഴിവുകേടുമറിഞ്ഞ് രക്ഷാകര്‍ത്താക്കള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നു. എന്നാല്‍ വര്‍ഷങ്ങളായി പഠിപ്പിക്കുന്ന വിദ്യാര്‍ഥിയുടെ മാതാപിതാക്കളാരാണെന്ന് അറിയാത്ത അധ്യാപകരും ധാരാളമുണ്ട്. അവരില്‍നിന്ന് രക്ഷാകര്‍ത്താക്കള്‍ തങ്ങളെ വിദ്യാലയവുമായി ബന്ധിപ്പിക്കുമെന്ന് കരുതിയിട്ട് കാര്യമേതുമില്ല.
      മാതാപിതാക്കള്‍ വെച്ചുപുലര്‍ത്തുന്ന ഈ പ്രതീക്ഷകള്‍ അധ്യാപകരുടെ കഴിവുകള്‍, ആത്മാര്‍ഥത, ജോലിയോടുളള ഉത്തരവാദിത്തബോധം, അധ്വാനം തുടങ്ങിയ ഘടകങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നു. എല്ലാ വിശേഷഘടകങ്ങളും ചേര്‍ന്ന ഒരധ്യാപകനോ അധ്യാപികയോ സ്‌കൂളുകളിലോ കോളേജുകളിലോ ഒരപൂര്‍വ്വ സാന്നിധ്യമായിരിക്കും. ചിലര്‍ അധ്യാപനത്തില്‍ ക്ലാസ്മുറിയെ കോരിത്തരിപ്പിക്കുന്നു. ചിലര്‍ കുട്ടികളെ മൂല്യബോധമുളളവരാക്കാന്‍ സമര്‍ഥരായിരിക്കും. സര്‍ഗശേഷിയുടെ സ്ഫുരണം കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ അപൂര്‍വം ചിലര്‍ക്കായേക്കും. എന്നാല്‍ രക്ഷാകര്‍ത്താക്കളുടെ പ്രതീക്ഷകളൊക്കെയും നിറവേറ്റുന്ന അധ്യാപകലോകം നമ്മുടെ മണ്ണില്‍ ഉണ്ടാവണമെന്നില്ല. അങ്ങനെ വരുമ്പോള്‍ അധ്യാപകര്‍ ആ യാഥാര്‍ഥ്യം മനസ്സിലാക്കുകയെന്നതാണ് പ്രധാനം. രക്ഷാകര്‍ത്താക്കളോട് അടുപ്പം വെച്ചുപുലര്‍ത്തുന്ന അധ്യാപകരുമായി ബന്ധപ്പെടണം. സര്‍ഗശേഷി വളര്‍ത്തിയെടുക്കാനോ ക്ലാസ്‌റൂം അധ്യാപനം ഫലവത്തായി നടത്താനോ സാധിക്കുന്നവരോട് നന്ദിയുളളവരായിരിക്കുകയും വേണം. അധ്യാപകരെയെല്ലാം പിരിച്ചുവിടാനോ അവരെ നന്നാക്കിയെടുക്കാനോ അച്ഛനമ്മമാര്‍ക്ക് ഒരിക്കലും സാധ്യമല്ല. പരിമിതികളും പരാധീനതകളും അറിഞ്ഞ് കുട്ടികളുടെ വളര്‍ച്ചക്ക് പരമാവധി വിദ്യാഭ്യാസ സ്ഥാപനത്തേയും അധ്യാപകരേയും ആശ്രയിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.
      ഒപ്പംതന്നെ രക്ഷാകര്‍ത്താക്കള്‍ വിദ്യാഭ്യാസ സ്ഥാപനത്തെ മക്കളുടെ വളര്‍ച്ചക്ക് പരമാവധി പ്രയോജനപ്പെടുത്താന്‍ തങ്ങളുടെ ഭാഗത്തുനിന്നുളള കാര്യനിര്‍വഹണങ്ങള്‍ നടത്തേണ്ടതുണ്ട്.

സ്‌കൂളുമായോ കോളേജുമായോ മാതാപിതാക്കള്‍ വെച്ചുപുലര്‍ത്തേണ്ട മനോഭാവവും പ്രവര്‍ത്തന രീതികളും
1. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയില്‍ തങ്ങള്‍ക്കാണ് മുഖ്യപങ്ക് എന്ന വിചാരത്തോടെ വിദ്യാലയത്തെ ബന്ധപ്പെടുക.
2. പഠനം രസകരമാക്കാനും ഫലപ്രദമാക്കാനും ശൈശവ കാലത്ത് തന്നെ കഥകളും മറ്റും പറഞ്ഞ് കൊടുത്തും പാട്ട്പഠിപ്പിച്ചും വിദ്യാലയ പഠനത്തിന് ഒരുക്കിയെടുക്കുക.
3. സ്‌കൂളുമായി നിരന്തരം ബന്ധപ്പെടുക. രക്ഷാകര്‍തൃയോഗങ്ങളില്‍ പിതാവും മാതാവും ഒന്നിച്ച് പങ്കെടുക്കുക. ഓരോ ക്ലാസിലേയും ക്ലാസ് ടീച്ചര്‍മാരോട് മാതാപിതാക്കള്‍ ബന്ധപ്പെടണം.
4. അധ്യാപക - രക്ഷാകര്‍തൃ സമിതിയില്‍ രക്ഷിതാക്കള്‍ സജീവമായി പ്രവര്‍ത്തിക്കുക. സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് കഴിയാവുന്ന സഹായസഹകരണങ്ങള്‍ നല്‍കുക.
5. മക്കളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നല്ല വശങ്ങള്‍ ശ്രദ്ധിക്കുക, മനസ്സിലാക്കുക. വിദ്യാലയത്തിന്റെ നേട്ടങ്ങളും വിജയങ്ങളും കുടുംബത്തിന്റെ ആഘോഷമാക്കി മാറ്റുക.

മക്കള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തോട് ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ രക്ഷിതാക്കള്‍ ചെയ്യാതിരിക്കേണ്ടത്.
1. സ്‌കൂളിനെ/കോളേജിനെ കുറിച്ച് പരസ്യമായി കുട്ടികളുടെ മുമ്പില്‍ വെച്ച് കുറ്റം പറയരുത്.
2. രക്ഷാകര്‍തൃയോഗങ്ങളില്‍ സ്ഥാപനത്തേയും അധ്യാപകരേയും അംഗീകാരവും ആദരവും അറിയിക്കാതെ, നല്ല വശങ്ങള്‍ പറയാതെ വിമര്‍ശനം മാത്രം നടത്തരുത്.
3. കുട്ടികളുടെ പരാജയങ്ങളില്‍ അധ്യാപകരെ ചോദ്യംചെയ്യുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്.
4. അധ്യാപകരുടെ മുമ്പില്‍ വെച്ചോ മറ്റ് രക്ഷിതാക്കളോടോ മക്കളുടെ തെറ്റുകുറ്റങ്ങള്‍ പരസ്യമായി അറിയിക്കരുത്.
5. എല്ലാ പ്രശ്‌നങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനത്തിന് പരിഹാരം കാണാനാകുമെന്ന് കരുതരുത്.
6. മക്കള്‍ പഠിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ സഹായിക്കാതിരിക്കരുത്.
7. എല്ലാ കാര്യങ്ങളിലും മറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടിരിക്കരുത്.
രക്ഷാകര്‍ത്താക്കളുടെ മനോഭാവം ക്രിയാത്മകമാകുമ്പോഴേ തങ്ങളുടെ കുട്ടികള്‍ക്കും ആരോഗ്യപരമായ വളര്‍ച്ച സ്വരൂപിക്കാനാവൂ. മക്കളുടെ വിദ്യാഭ്യാസ സ്ഥാപനത്തേയും അധ്യാപകരെയും ശത്രുക്കളായി കാണാതെ, പരിമിതികളറിഞ്ഞ് ഫലപ്രദമായി ഇടപെടല്‍ നടത്തുമ്പോഴേ വിദ്യാലയത്തിന് തങ്ങളുടെ മക്കളുടെ വളര്‍ച്ച സഫലീകരിക്കാനും സാധിക്കൂ.

ശേഷക്രിയ
1. കുട്ടികളെ വിദ്യാഭ്യാസസ്ഥാപനത്തില്‍ ചേര്‍ക്കുംമുമ്പെ ആ സ്ഥാപനത്തിന്റെ നല്ല വശങ്ങള്‍ പഠിച്ച് മക്കളെ അറിയിക്കുക.
2. കുട്ടിക്ക് അഡ്മിഷന്‍ കിട്ടുംമുമ്പെ സ്‌കൂളുമായി ബന്ധപ്പെടുക.വിദ്യാര്‍ഥികളുമായി സംസാരിച്ച് സ്ഥാപനത്തെക്കുറിച്ച് മനസ്സിലാക്കുക.
3. നേരായ മാര്‍ഗത്തിലൂടെ മക്കള്‍ക്ക് അഡ്മിഷന്‍ കരസ്ഥമാക്കുക.
4. കുട്ടി സ്‌കൂളില്‍ ചേരുന്ന ദിവസം രക്ഷാകര്‍ത്താക്കളും കൂടെ പോകുക. അധ്യാപകരെ പരിചയപ്പെടുക.
5. രക്ഷാകര്‍തൃയോഗങ്ങളില്‍ ലീവെടുത്തും പങ്കെടുക്കുക. രക്ഷാകര്‍തൃ സമ്മേളനങ്ങളില്‍ അമ്മമാര്‍ മാത്രമല്ല പങ്കെടുക്കേണ്ടത്. പിതാക്കന്മാരുടെ അസാന്നിധ്യം പല യോഗങ്ങളിലും ഫലപ്രദമായ അന്തരീക്ഷമോ അഭിമുഖീകരണമോ ഉണ്ടാക്കുന്നില്ല.
6. ക്ലാസ് ടീച്ചര്‍മാരില്‍നിന്നും മറ്റുളളവരില്‍നിന്നും മക്കളെ കുറിച്ചുളള അഭിപ്രായം അറിയുക. കുട്ടികളുടെ പഠനത്തെ കുറിച്ച് അറിയുക. അവരെ മക്കളുടെ പരാജയത്തിനോ പിന്‍പറ്റലിനോ പഴിചാരരുത്.
7. അധ്യാപകര്‍ മകനോ മകള്‍ക്കോ തരുന്ന നെഗറ്റീവ് അഭിപ്രായങ്ങളോ റിപ്പോര്‍ട്ടുകളോ കിട്ടുമ്പോള്‍ അതിവൈകാരികത കാണിച്ച് സംഗതി വഷളാക്കരുത്.
8. അധ്യാപകരില്‍നിന്ന് വീഴ്ചയോ കുറവുകളോ ഉണ്ടാകുമ്പോള്‍ അവരോട് മാത്രം സംസാരിക്കുക. അതില്‍ രക്ഷിതാവെന്ന നിലയില്‍ ഉണ്ടായ വിഷമങ്ങള്‍ അറിയിക്കുക.
9. സ്‌കൂള്‍ അധികൃതരുടെ വിശദീകരണം കുറ്റപ്പെടുത്താതെ ശ്രദ്ധിച്ചറിയുക.
10. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എപ്പോഴും പരിഹാരത്തിന് ശ്രമിക്കുക. പരിഹാരം കണ്ടുപിടിക്കാനും നടപ്പില്‍ വരുത്താനും നേതൃത്വം നല്‍കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top