ഓര്‍മകളുടെ അപ്പത്തരങ്ങള്‍കൊണ്ട് മലയാളവായനയെ വിരുന്നൂട്ടിയവരാണ് വൈക്കം മുഹമ്മദ് ബഷീറും മാധവിക്കുട്ടിയും. പ്രതിഭകളുടെ അനുഭവങ്ങളെ ഓര്‍മയെന്ന് വിളിച്ചൂകൂടാ. മാധവിക്കുട്ടിയുടെ
ഓര്‍മകളുടെ അപ്പത്തരങ്ങള്‍കൊണ്ട് മലയാളവായനയെ വിരുന്നൂട്ടിയവരാണ് വൈക്കം മുഹമ്മദ് ബഷീറും മാധവിക്കുട്ടിയും. പ്രതിഭകളുടെ അനുഭവങ്ങളെ ഓര്‍മയെന്ന് വിളിച്ചൂകൂടാ. മാധവിക്കുട്ടിയുടെ അനുഭവങ്ങളടങ്ങിയ പുസ്തകങ്ങള്‍ അര ഡസനിലധികം വരും. ബാല്യകാലസ്മരണകള്‍, നീര്‍മാതളം പൂത്തകാലം, എന്റെ കഥ, ഡയറിക്കുറിപ്പുകള്‍, വിഷാദം പൂക്കുന്ന മരങ്ങള്‍, സസ്‌നേഹം എന്നിവയാണ് അവയില്‍ ഏറെ പ്രസിദ്ധങ്ങള്‍. മാത്രമല്ല, അവരെഴുതിയ ഏതിലും പൂര്‍വകാലസ്മരണകള്‍ ഒരു പശ്ചാത്തലസംഗീതംപോലെ ഒഴുകിനടക്കുന്നതു കേള്‍ക്കാം.
ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം (കുപ്രസിദ്ധവും) 'എന്റെ കഥ'യാണ്. വായിക്കുന്ന കുട്ടികള്‍ വഴിതെറ്റിപ്പോകുമെന്ന് ഭയന്ന് സ്‌കൂളുകളിലെ ലൈബ്രറികളില്‍ നിന്ന് മലയാളത്തിലെ രണ്ടു രചനകളാണ് മുമ്പൊക്കെ പുറത്തുനിര്‍ത്തപ്പെട്ടിരുന്നത്. മാധവിക്കുട്ടിയുടെ 'എന്റെ കഥ'യും വൈക്കം മുഹമ്മദ് ബഷീറിന്റെ 'ശബ്ദങ്ങ'ളുമായിരുന്നു അവ. ഇവര്‍ക്കു രണ്ടുപേര്‍ക്കുമെതിരെ ധാര്‍മികരോഷം പൂണ്ട വിമര്‍ശകര്‍ 'സദാചാരവിരുദ്ധര്‍' എന്ന് അലറിവിളിക്കുകയും ചെയ്തിരുന്നു. അത്രയും സദാചാരവിരുദ്ധമായ രചനകളെ കുളിപ്പിച്ചുതോര്‍ത്തി കിടപ്പറയില്‍ കയറ്റണമെന്നു വാദിക്കണമെന്നില്ല. അശ്ലീലം സാഹിത്യത്തിന് വേണ്ടത്ര ഗുണകരവുമല്ല. പക്ഷേ, രണ്ടു മറുവശങ്ങള്‍ ഈ സദാചാരനിലവിളിക്കു പിന്നിലില്ലേ എന്നു സംശയിക്കാം. ഒന്ന്, ഇതിനക്കാള്‍ അശ്ലീലംനിറഞ്ഞ മലയാള രചനകളെ ഇതേ വിമര്‍ശകര്‍ പൂവിട്ടുപൂജിക്കുകയും ചെയ്തിട്ടില്ലേ എന്നതാണ്. രണ്ടാമതായി ഈ രചനകളിലെങ്ങും അശ്ലീലത്തിനപ്പുറം മറ്റെന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാന്‍ മിനക്കെട്ടുവോ എന്നാണ്.
1979-ലാണ് 'എന്റെ കഥ'യുടെ ആദ്യ പതിപ്പിറങ്ങുന്നത്. മലയാള വായനവേദിയില്‍ മാത്രമല്ല ലോകസാഹിത്യത്തിലെത്തന്നെ അപൂര്‍വസംഭവമായിരുന്നു ആ രചന. അതുകൊണ്ടാണ് പതിനഞ്ചിലേറെ ലോകഭാഷകളിലേക്ക് 'എന്റെ കഥ' തര്‍ജമ ചെയ്യപ്പെട്ടത്. പ്രസിദ്ധീകരണത്തിന്റെ മുപ്പത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും വായനക്കാരില്‍ ആ കൃതിയുളവാക്കുന്ന അലോസരം ചെറുതല്ല. ആധുനികതയില്‍ നിന്ന് ഉത്തരാധുനികതയും കടന്ന നമ്മുടെ സദാചാരസങ്കല്‍പങ്ങള്‍ ഏറെ നഗ്നമായിട്ടും ഈ കൃതിയുണ്ടാക്കുന്ന ഞെട്ടല്‍ ഇന്നും ചെറുതായിട്ടില്ല. പലരും ഈ 'ആത്മകഥ'യുടെ സത്യസന്ധതയെക്കുറിച്ച് അന്നേ സംശയിച്ചിരുന്നു. 'ഉന്നതകുലജാത'യായ ഒരു സ്ത്രീ ഇങ്ങനെയൊക്കെ എഴുതുമോ എന്നായിരുന്നു ഒരു സംശയം. പിന്നീട് പലപ്പോഴും മാധവിക്കുട്ടിതന്നെയും ആ അനുഭവങ്ങള്‍ അത്രയും യാഥാര്‍ഥ്യമല്ലെന്ന് തുറന്നു പറഞ്ഞു. എന്നിട്ടും അതിലെ ആത്മകഥയെന്ന തലക്കുറിയും ആമുഖാധ്യായങ്ങളിലെ പ്രസ്താവനകളും അവര്‍ മാറ്റിയെഴുതിയില്ല. ഇതത്രയും സത്യമല്ലെന്ന സത്യം അവര്‍ അടിക്കുറിപ്പിലറിയിച്ചതുമില്ല.
പെണ്ണിന്റെ ലൈംഗികാനുഭവങ്ങള്‍ പെണ്ണുതന്നെ തുറന്നു പറയുന്നതാണ് പെണ്ണെഴുത്ത് എന്ന ധാരണ മലയാള സാഹിത്യത്തിലെ പെണ്‍ഭാവുകത്വത്തില്‍ നിറയുന്നത് തൊണ്ണൂറുകള്‍ക്കു ശേഷമാണ്. ആ നിറവ് ഒട്ടേറെ യുവതികളായ എഴുത്തുകാരികള്‍ ഏറെ ആഘോഷിക്കുകയും ചെയ്തു. ലൈംഗികാനുഭവമെഴുത്തില്‍ മാത്രം പ്രസിദ്ധരായ മലയാള ചെറുകഥാകാരികള്‍ ഇന്ന് നമുക്കുണ്ട്. ഈ ലാഭക്കച്ചവടത്തെ മലയാളത്തിന് പരിചയപ്പെടുത്തിയത് മാധവിക്കുട്ടിയാണ് എന്നതും ചരിത്രസത്യമാണ്.
അതുപക്ഷേ, ഒരിക്കലും ഈ രചനയുടെ ഉള്ളുലക്കുന്ന വായനാനുഭവത്തെ മറികടക്കുന്നില്ല എന്നതാണ് വസ്തുത. ആധുനികാനന്തര പെണ്ണെഴുത്തുകളിലെ തുറന്നുപറച്ചിലുകള്‍ പലപ്പോഴും ലൈംഗികാനുഭവമായി മാത്രം നില്‍ക്കുമ്പോള്‍ 'എന്റെ കഥ' ചിന്താശേഷിയുള്ള മനുഷ്യന്റെ ജീവിതംമുഴുവന്‍ തുടരുന്ന സത്യാന്വേഷണത്തിന്റെ തെളിവുകളായി അവശേഷിക്കുന്നു. ലോകരഹസ്യം കണ്ടെത്താന്‍ വെമ്പുന്ന ഏതുമനുഷ്യനും പിന്നിടേണ്ട കടുത്ത യാത്രകളുടെ ദൈന്യമായ അനുഭവങ്ങളെ കാട്ടിത്തരുന്നു. രക്തവും ചലവും സമൃദ്ധിയും നഗ്നതയും രോഗവും മരണവും തെറ്റും ശരിയും കൂട്ടിപ്പിണഞ്ഞുകിടക്കുന്ന ജീവിതത്തെ നമുക്കുമുന്നില്‍ തുറന്നിടുന്നു. അവ പല്ലിളിച്ചു നില്‍ക്കുന്ന നിലങ്ങളിലൂടെ നടന്നുനടന്നല്ലാതെ പ്രവാചകന്‍മാര്‍ വെളിച്ചത്തിന്റെ മരം കണ്ടെത്തുന്നില്ല. ഋഷികള്‍ ബോധം നേടുന്നില്ല, അവതാരങ്ങള്‍ മഹാപ്രസ്ഥാനം കടന്നുപോകുന്നില്ല. സ്വൂഫികള്‍ രഹസ്യജ്ഞാനത്തിന്റെ അറകള്‍ തുറക്കുന്നില്ല.
ഇനിയും കണ്ടെത്താത്ത ഭൂഖണ്ഡങ്ങള്‍
ഒരാളുടെ യഥാര്‍ഥ ലോകം അയാളുടെ പുറത്തുകാണുന്ന ലോകമല്ല. അയാളുടെ അകത്തുള്ളതും തികച്ചും അനന്തവുമായ ലോകമാണ് അത്. അവനവനില്‍ക്കൂടി സഞ്ചരിക്കുവാന്‍ പുറപ്പെട്ട ഒരാള്‍ക്കേ മനസ്സിലാവുകയുള്ളൂ, താനെടുത്ത പാന്ഥാവിന് അറ്റമില്ലായെന്ന്' (എന്റെ കഥ, പുറം - 84)
എഴുതിയ കാലത്ത് മാധവിക്കുട്ടി അനുഭവിച്ച ആന്തരികവിഹ്വലതകള്‍ വായിച്ചെടുക്കാന്‍ കഴിയുക എന്നതാണ് 'എന്റെ കഥ' വായിക്കുന്ന ഒരാള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ പുസ്തകത്തിലെ ലൈംഗികാനുഭവങ്ങളില്‍ മുഴുകിപ്പോയി അതിനുമപ്പുറത്ത് തുടിക്കുന്ന മഹാകാശത്തെ കാണാതെ വായന മുഴുമിച്ചവര്‍ക്കുള്ള ചില സൂചനകള്‍ ഇവിടെ നിരത്തുകയാണ്. ഈ സൂചനകളിലൂടെ ചെന്നാല്‍ നാം എത്തിച്ചേരുക മാധവിക്കുട്ടി കമലസുറയ്യ ആയതിനുശേഷം എഴുതിയ 'സസ്‌നേഹം' എന്ന മറ്റൊരു ആത്മകഥയിലേക്കാണ്. ആ രചനയാകട്ടെ എഴുതിയത് കമലാസുറയ്യ എന്ന പേരിലായതുകൊണ്ടുമാത്രം അറിയപ്പെടാതെയും ആഘോഷിക്കപ്പെടാതെയും പോയി എന്നുമാത്രം. ഒരര്‍ഥത്തില്‍ 'എന്റെ കഥ'യുടെ രണ്ടാംഭാഗം എന്നുപോലും പറയാവുന്ന കൃതിയാണ് 'സസ്‌നേഹം'. ഇതിലെ അനുഭവങ്ങളെ ഒരിക്കലും മാധവിക്കുട്ടിക്ക് തള്ളിക്കളയേണ്ടിവന്നിട്ടില്ല. പക്ഷേ, പല നിരൂപകപ്പരിഷകളും മാധവിക്കുട്ടിയെ സത്യപ്പെടുത്തുകയും കമലാസുറയ്യയെ തള്ളിപ്പറയുകയും ചെയ്തുവെന്നുമാത്രം. അതിനാല്‍ 'എന്റെ കഥ'യില്‍നിന്ന് 'സസ്‌നേഹ'ത്തിലേക്കുള്ള സൂചനകള്‍ കണ്ടെത്തുക എന്ന കര്‍മത്തിന് ഏറെ പ്രസക്തിയുമുണ്ട്. 2002-ലാണ് സസ്‌നേഹം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഒരു വര്‍ഷത്തിനകംതന്നെ മൂന്നു പതിപ്പുകള്‍ അതിനുണ്ടായി. 'ഓരോ വാക്കും ഒരു അനുരഞ്ജനമാക്കി' 'എന്റെ കഥ' എഴുതിയ മാധവിക്കുട്ടി 'സസ്‌നേഹം' തന്റെ രണ്ടാമൂഴമാണെന്ന് അതിന്റെ ആമുഖത്തില്‍ തുറന്നു പറയുന്നുമുണ്ട്.
'എന്റെ കഥ'യുടെ ആത്മഭാവം സത്യാന്വേഷണമാണ്. മാധവിക്കുട്ടിയായതുകൊണ്ട് അത് പ്രണയത്തിലൂടെ കണ്ടെത്താമെന്ന് വ്യാമോഹിച്ചുപോയെന്നുമാത്രം. അനന്തമായ ശൂന്യതയില്‍ ഏകാകിയായിപ്പോയ ഒരുവള്‍ ദാഹിച്ചുഴറിനടക്കുന്ന ഭീകരാനുഭവം അതിലെ ഓരോ പ്രകരണത്തിലും തുടിക്കുന്നുണ്ട്. ''മൂന്നു കാലങ്ങളെപ്പറ്റിയും ബോധമുണ്ടാകുമ്പോഴാണ് നാം ത്രികാലജ്ഞാനികളാകുന്നത്. മൂന്നു സത്യങ്ങള്‍ മാത്രമേ നമുക്കു മനസ്സിലാകേണ്ടതുള്ളൂ. ഭൂതകാലത്തില്‍ ജനനം, വര്‍ത്തമാനത്തില്‍ ജീവിതം, ഭാവിയില്‍ മരണം. ഈ സത്യങ്ങള്‍ക്കപ്പുറത്ത് അനന്തമായ ശൂന്യതയാണ്. അവിടെ മിഥ്യകള്‍ പ്രേതരൂപങ്ങളെപ്പോലെ അലഞ്ഞുനടക്കുന്നു'' എന്ന് ഈ ഉഴറിച്ചയെ അവര്‍ കൃത്യമായി സൂചിപ്പിക്കുന്നുമുണ്ട്. (എന്റെ കഥ, പുറം - 15) ചലിച്ചുകൊണ്ടിരിക്കുന്ന ഒരു കളിപ്പാട്ടംപോലെ കാമനകളില്‍ അലഞ്ഞുനടന്ന മാധവിക്കുട്ടി 'സസ്‌നേഹ'ത്തിലെത്തുമ്പോള്‍ പ്രാപിക്കുന്ന അടക്കം ശ്രദ്ധേയമാണ്. അവിടെ ശരീരത്തിന്റെ ആട്ടം നിലക്കുകയും ആത്മാവ് ആനന്ദത്താല്‍ ആടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ''നിശ്ചലതയിലും ആത്മാവ് ചലിക്കാറുണ്ട്. ധ്യാനം ചലനരഹിതമല്ല. ആത്മാവിന്റെ ഇതളുകള്‍ അനവധിയാണ്. അവ ചലിക്കുന്നു - കാറ്റില്‍ പെട്ട പുഷ്പംപോലെ. ഞാനെത്രതവണ പ്രാര്‍ഥിച്ചിരിക്കുന്നു, എന്റെ ആഹാരം എടുത്തുമാറ്റിയാലും ഞാന്‍ തോല്‍ക്കുകയില്ല. പക്ഷേ, ജഗദീശാ, എന്റെ വിശപ്പ് എനിക്ക് നിഷേധിക്കരുത്'' (സസ്‌നേഹം, പുറം- 33)
നാലപ്പാട്ടുമുതല്‍ ഇന്ത്യയിലെ പല നഗരങ്ങളിലേക്കും കൂടുമാറി സഞ്ചരിച്ച ഭൂതകാലമാണ് 'എന്റെ കഥ'യില്‍ നിറഞ്ഞുനില്‍ക്കുന്നത്. കല്‍ക്കത്തയിലെ കൊളോണിയല്‍നിറമുള്ള ഇടത്തരക്കാരുടെ തെരുവുകളും ബോംബെയിലെ ഫ്‌ളാറ്റുകളും ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങളും പല ഭാവത്തില്‍ സമൃദ്ധമായി ഈ അധ്യായങ്ങളിലുണ്ട്. പക്ഷേ അവിടെയെല്ലാം മാധവിക്കുട്ടി അനുഭവിക്കുന്ന സംയമനത്തിന്റെ ശാസനകള്‍ ഈ ഭാവങ്ങളില്‍നിന്നെല്ലാം എഴുത്തുകാരിയെ തടഞ്ഞുനിറുത്തകുയും ചെയ്യുന്നു. അമ്മ, അമ്മമ്മ, അമ്മാവന്‍, അച്ഛന്‍, ചെറിയമ്മ, ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അമ്മ, മക്കള്‍ തുടങ്ങി ഒരു സ്ത്രീ സവിശേഷമായി സ്വീകരിക്കുന്ന ജീവിതഭാവങ്ങള്‍ മുഴുവന്‍ മാധവിക്കുട്ടിയുടെ അസ്വാസതന്ത്ര്യത്തിന്റെ കാരണങ്ങളായി എഴുതപ്പെടുകയാണ്. നിറമുള്ള വസ്ത്രങ്ങള്‍, സമൃദ്ധമായ ഭക്ഷണം, സ്വച്ഛമായ ജീവിതം എന്നിവയെല്ലാം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന് ഓരോ അധ്യായത്തിലും അവര്‍ ആധികൊള്ളുന്നു.
ഈ ആധി ശരീരത്തെക്കുറിച്ചാണ്
ആരാധനയുടെ നിമിഷത്തില്‍ ഏതൊരു കല്ലും ദൈവവിഗ്രഹമായി ചമയും. എന്റെ സ്വപ്ന ജലാശയത്തില്‍ നീലത്താമരപോലെ ഇടക്കിടക്കു പ്രത്യക്ഷപ്പെടുന്ന ഒരു പരിചിതമുഖം ഞാനെങ്ങും തേടിക്കൊണ്ടിരുന്നു' (എന്റെ കഥ, പുറം - 92)
നാലപ്പാട്ടു തറവാട് സ്വീകരിച്ച സംയമനം ദേശീയമായ സംയമനമായിരുന്നു. ഗാന്ധിജിയുടെ വഴിയായിരുന്നു അത്. ഇന്ത്യ മുഴുവന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ്‌കോളനി വാഴ്ചക്കെതിരെ പൊരുതുന്ന കാലത്തെ ഓര്‍മകളാണ് 'എന്റെ കഥ'യിലെ മുഖ്യഭാഗങ്ങള്‍. കല്‍ക്കത്ത, ബോംബെ, ഡല്‍ഹി നഗരങ്ങളാകട്ടെ സ്വാതന്ത്ര്യസമരത്തിന്റെ നീറുന്ന ചൂളകളും. പക്ഷേ, ഈ ആത്മകഥയിലൊരിടത്തും രാഷ്ട്രീയമായ പ്രേരണകളോ അഭിപ്രായങ്ങളോ പരാമര്‍ശിക്കപ്പെടുന്നില്ല എന്നു കാണാം. മാധവിക്കുട്ടിയുടെ ശരീരത്തെ ഒരു രാഷ്ട്രമായും അതിനുമേലെ കുടുംബവും സമുദായവും നടത്തുന്ന അധിനിവേശങ്ങള്‍ മറ്റൊരു സാമ്രാജ്യാധികാരവുമായാണ് നാം മനസ്സിലാക്കേണ്ടത്. മാധവിക്കുട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ത്യാമഹാരാജ്യം നേരിടുന്ന അടിച്ചമര്‍ത്തലിനെക്കാള്‍ വലുതായിരുന്നു സ്വശരീരം സഹിക്കുന്ന ദമനങ്ങള്‍.
അത്തരമൊരു താരതമ്യം 'സ്ഥിരവും ഭദ്രവുമായ ഒരു സ്‌നേഹത്തിനുവേണ്ടി' എന്ന അധ്യായത്തിലെ അവസാനത്തില്‍ കാണാം. ശ്രീകൃഷ്ണന്‍ ലോകത്തിലെ എല്ലാ പെണ്ണുങ്ങളുടെയും കാമുകനാണോ എന്ന ചോദ്യം കമല ഉന്നയിക്കുന്നു. വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാര്‍ക്കും അതിന്റെ ഉത്തരം അറിഞ്ഞുകൂടാത്തതില്‍ അവര്‍ രോഷംകൊള്ളുന്നതിങ്ങനെയാണ്. 'ഈവക ചോദ്യങ്ങള്‍ക്കൊന്നും മുത്തശ്ശിമാര്‍ ഒരിക്കലും മറുപടി പറഞ്ഞില്ല. മഹാത്മജി അനുരാഗത്തിന്റെ വിഭാഗത്തില്‍ ഒരിക്കലും അഭിജ്ഞത പ്രകടിപ്പിക്കുകയുണ്ടായിട്ടില്ലല്ലോ' (പുറം 51). രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കാള്‍ വലുതാണ് പ്രണയത്തിലേക്കുള്ള സ്വാതന്ത്ര്യം എന്നുതന്നെ മാധവിക്കുട്ടി വിശ്വസിച്ചു. അങ്ങനെ ശരീരത്തിനുമേലുള്ള അസ്വാതന്ത്ര്യങ്ങളെ മുറിച്ചു മുന്നേറുവാന്‍ അവര്‍ ഉത്സാഹിച്ചു. ''സംയമനമെന്ന മാര്‍ഗത്തില്‍ സമവൃത്തിയെന്ന സന്ധിയില്‍ മാത്രമെ തങ്ങള്‍ക്കു രക്ഷയുള്ളൂ എന്ന് എന്റെ മാതാപിതാക്കള്‍ വിശ്വസിച്ചു. ആ വിശ്വാസം എനിക്കില്ലാത്തതുകൊണ്ട് എന്റെ കാലടികള്‍ നിലംവിട്ടു പൊങ്ങി. ആകാശത്തില്‍ മേഘങ്ങളുടെയൊപ്പം അലയുവാനും പാതാളച്ചെളിയില്‍ തളര്‍ന്നുവന്നു വീഴുവാനും എനിക്കു കഴിഞ്ഞു'' ('എന്റെ കഥ' പുറം 16).
ഈ സ്വാതന്ത്ര്യപ്രഖ്യാപനം അവരെ നടത്തിച്ച വഴികള്‍ വിചിത്രങ്ങളായിരുന്നു. സ്വപ്നത്തിലും യാഥാര്‍ഥ്യത്തിലും ലൈംഗികപ്രണയത്തിന്റ മരുപ്പച്ചകള്‍ തേടി മാധവിക്കുട്ടി ദാഹാര്‍ത്തയായി ഓടി. മദ്യത്തിന്റെ ആഴങ്ങളില്‍ അവര്‍ അഭയംതേടി. യഥാര്‍ഥ പുരുഷനെ തേടിയുള്ള പെണ്‍പ്രയാണങ്ങളായിരുന്നു അവ. നശ്വരമായ മനുഷ്യശരീരത്തെ ആശ്രയിച്ചുനില്‍ക്കുന്ന സാമുദായിക സദാചാര സങ്കല്‍പങ്ങളെക്കാള്‍ വലുതാണ് ആത്മാവിനെ ആശ്രയിച്ചുനില്‍ക്കുന്ന സദാചാരം എന്ന് ബോധത്തിലുണ്ടെങ്കില്‍ കൂടി വീണ്ടുംവീണ്ടും ശരീരത്തിന്റെ കാമനകളിലേക്ക് കമല ഇടറിവീണുകൊണ്ടിരുന്നു. ഭിക്ഷ ഭിക്ഷാപാത്രത്തെ അന്വേഷിക്കുന്നതുപോലെ പ്രണയാതുരമായ മനസ്സുമായി പുരുഷശരീരം തേടി അവര്‍ അലഞ്ഞു. ഈ അലച്ചില്‍ അവസാനിക്കാതെയാണ് 'എന്റെ കഥ' അവസാനിക്കുന്നതെങ്കില്‍, 'സസ്‌നേഹ'ത്തില്‍ മറ്റൊരു കമലയെ നാം കണ്ടെത്തുന്നു.
'എന്റെ കഥ'യില്‍ നിന്ന് ഭിന്നമായി, എഴുതുന്ന കാലത്തെ കലുഷമായ സമകാലികാവസ്ഥകളുമായി പലപ്പോഴും 'സസ്‌നേഹം' ഇടപെടുന്നുണ്ട്. അമേരിക്കന്‍ അധിനിവേശം, വംശീയവിരോധം, ന്യൂനപക്ഷവിരോധം, മനുഷ്യഹത്യ എന്നിങ്ങനെയുള്ള വ്യഥകളോടുള്ള രൂക്ഷമായ പ്രതികരണങ്ങള്‍ ഇവയിലുണ്ട്. സ്വാതന്ത്ര്യത്തെ വ്യക്തിയില്‍ നിന്നും സ്വശരീരത്തില്‍ നിന്നും വിമോചിപ്പിച്ച് മനുഷ്യസ്വാതന്ത്ര്യമെന്ന വിശാലമായ കാന്‍വാസിലേക്ക് മാറ്റിവരയ്ക്കാന്‍ കമലയ്ക്ക് കഴിയുന്നു. ഇതേ മാറ്റം ലൈംഗികത, ആത്മീയത, സദാചാരം, പ്രണയം, പുരുഷസങ്കല്‍പം തുടങ്ങിയ കാര്യങ്ങളിലും സംഭവിക്കുന്നുണ്ട് എന്ന് 'സസ്‌നേഹം' വായിക്കുമ്പോള്‍ ബോധ്യപ്പെടും. ''ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടവളാണ്. കടമകള്‍ ഓര്‍ക്കുന്നവളാണ്. ശരീരത്തോടുള്ള കടമകള്‍ മറന്നുകളഞ്ഞവള്‍. ഞാന്‍ ആത്മാവിനെ അനാവരണം ചെയ്യുകയാണ്. ഒടുവില്‍ എന്റെയും വായനക്കാരുടെയും മധ്യേ യാതൊരു പര്‍ദയും അവശേഷിക്കുകയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു (സസ്‌നേഹം, പുറം 34)
മനുഷ്യനിലേക്കുള്ള യാത്രകള്‍
'നാലപ്പാട്ടുവീട്ടില്‍ അക്കാലത്ത് കണ്ണാടികള്‍ എങ്ങും ഉണ്ടായിരുന്നില്ല. കണ്ണാടിനോക്കിരസിക്കല്‍ ദുരഭിമാനം പ്രദര്‍ശിപ്പിക്കലാണെന്ന് നാലപ്പാട്ടുള്ളവര്‍ വിശ്വസിച്ചു. അവനവന്റെ രൂപത്തെപ്പറ്റിയുള്ള, മനപൂര്‍വം വളര്‍ത്തിക്കൊണ്ടുവന്ന, ആ അശ്രദ്ധയും ദുരഭിമാനത്തിന്റെ ഒരു വകഭേദമാണെന്ന് അവര്‍ അറിഞ്ഞില്ല. മനുഷ്യര്‍ക്കു സാധാരണ കാണാറുള്ള ദോഷങ്ങളൊന്നും എനിക്കില്ല എന്നു കരുതി ജീവിക്കുന്ന ഒരാള്‍ ദൈവത്തെ കബളിപ്പിക്കുവാനാണ് ശ്രമിക്കുന്നത് (എന്റെ കഥ, പുറം 53)
കുട്ടിക്കാലത്തെ ഭൗതികമായ വിഭജനങ്ങള്‍ക്കതീതമായി മനുഷ്യനെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനുമുള്ള ത്രാണി കമലക്കുണ്ടായിരുന്നു. ക്ലാസ്സിലെ ദരിദ്രനായ വേലു എന്ന കുട്ടിയോടുള്ള ചങ്ങാത്തം, വീട്ടിലെ ഏതാണ്ടല്ലാ വേലക്കാരുമായും പുലര്‍ത്തുന്ന അടുത്ത ബന്ധവും അനുഭാവവും, അന്യജാതിക്കാരോടുള്ള അടുപ്പം, കഷ്ടപ്പെടുന്നവരോടും സങ്കടപ്പെടുന്നവരോടുമുള്ള സഹതാപം എന്നിവ അവരുടെ എല്ലാ ഓര്‍മകളിലും നിറച്ചുവച്ചിരിക്കുന്നു. പക്ഷേ, പല അളവില്‍ പുരോഗമനപരമായിട്ടും, ദേശീയബോധം തുളുമ്പിനിന്നിട്ടും നാലപ്പാട്ട് തറവാട്ടിനും അതിലെ കാരണവര്‍ക്കും ഈ മാനുഷികഗുണം തീണ്ടിയിരുന്നില്ല. അമ്മാവന്‍ നാലപ്പാട്ടു നാരായണമേനോന്‍ കഠിനമായ ജാതി - വര്‍ഗവിവേചനം പുലര്‍ത്തിയിരുന്നു എന്ന് മാധവിക്കുട്ടി ഒന്നിലേറെ സന്ദര്‍ഭങ്ങളില്‍ ഓര്‍ക്കുന്നുണ്ട്. ''സ്വന്തം മരുമക്കളോടുള്ള വാത്സല്യം ഒരു ജീവിതപദ്ധതിയാക്കി കഴിഞ്ഞിരുന്ന അമ്മാമന് അന്യവീട്ടിലെ കുട്ടികളെ തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ചിലപ്പോഴെങ്ങാനും പടികടന്നു വല്ല ദരിദ്രബാലനും ഞങ്ങളുടെ ഉമ്മറത്തേക്കു പ്രവേശിച്ചാലുടനെ വായിക്കുന്ന പുസ്തകത്തില്‍ നിന്ന് തലയുയര്‍ത്തി അമ്മാമന്‍ ഗര്‍ജ്ജിക്കും, 'പോ... പോ... കടന്നുപോ'' ('എന്റെ കഥ' പുറം 23). പാവങ്ങള്‍ എന്ന ലോകോത്തര നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പുരോഗമനേച്ഛുവും രതിസാമ്രാജ്യം എന്ന ലൈംഗികശാസ്ത്ര ഗ്രന്ഥമെഴുതിയ സ്വാതന്ത്ര്യവാദിയും ആയിരുന്നു ഗാന്ധിയനായ നാലപ്പാട്ടു നാരായണമേനോന്‍ എന്നോര്‍ക്കണം. ആ അമ്മാവന്‍ ഒരു 'സ്‌നോബ്' ആയിരുന്നു എന്നാണ് മാധവിക്കുട്ടി വിശേഷിപ്പിക്കുന്നത്.
ജാതിവിവേചനത്തിന്റെ കണിശമായ ചുറ്റുപാടുകള്‍ കമലയെ അസ്വസ്ഥയാക്കിയിരുന്നു. രാജകുടുംബത്തിലെ അംഗങ്ങള്‍ തന്നെ തൊട്ടാല്‍ അശുദ്ധമാകുമെന്ന് അമ്മമ്മ പഠിപ്പിച്ചപ്പോള്‍ കമല ചോദിക്കുന്ന ചോദ്യം ഇതാണ് 'ശ്രീകൃഷ്ണന്‍ എന്നെ തൊടുമോ? ശ്രീകൃഷ്ണന്‍ മധുരയിലെ രാജാവല്ലേ? ആ ശ്രീകൃഷ്ണന്‍ എന്നെ തൊടുമോ?' ('എന്റെ കഥ' പുറം 24). പഴയ ഗൃഹാതുരമായ ഗ്രാമഭാവനകളിലെ നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തുകാര്‍ അല്ലായിരുന്നു കമലയുടെ നാലുകെട്ടും ചുറ്റുപാടുമുള്ള മേല്‍ജാതിക്കാര്‍. അതുകൊണ്ടുതന്നെ, ജാതിപരവും മതപരവുമായ വിശ്വാസത്തിന്റെ അതിരുകള്‍ മാധവിക്കുട്ടിക്ക് അന്യമായിരുന്നു. ഈ അന്യത്വത്തില്‍ നിന്നാണ് കമലാസുറയ്യ എന്ന മറ്റൊരു ജന്മത്തിലേക്ക് അവര്‍ എത്തുന്നത്. ദിവ്യവും അനുരാഗാത്മകവുമായ മൂര്‍ഛ അവര്‍ അതില്‍ അനുഭവിച്ചു. ഈ സുഖം തന്റെ പഴയ കാലത്തിന്റെ ഇടുങ്ങിയ ഗ്രാമവഴികളില്‍ നിന്ന് ഭിന്നമായിരുന്നു. നഗരത്തിന്റെ വേദനകളില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. ''ഈ പുതിയ മതം എന്നെ കരുണയും ഔദാര്യവുമാണ് പഠിപ്പിച്ചത്. എടുക്കുന്നവളെ കൊടുക്കുന്നവളാക്കി മാറ്റിയത് ഇസ്‌ലാമാണ്.... ഇസ്‌ലാമെന്ന ഖനിയില്‍ ഞാന്‍ സ്വര്‍ണമായി വിളയുന്നു. ഞാന്‍ സര്‍വ മുറികളിലും പൂനിലാവ് കാണുന്നു. '' (സസ്‌നേഹം പുറം 25)
വാടിത്തളര്‍ന്ന പ്രതിനിധി
'ഇത് ഒരു പുതുജന്മമാണ്. പാമ്പ് അതിന്റെ ജീര്‍ണിച്ച ഉറ ഊരിക്കളയുന്നതുപോലെ വഴിമധ്യേ ഞാന്‍ എന്റെ ഭൂതകാലം ഉപേക്ഷിച്ചു. എന്റെ മാളത്തിലേക്കുള്ള വഴി ഞാന്‍ മറന്നുപോയി. ഞാന്‍ രണ്ടുവയസ്സ് പ്രായം വരുന്ന സുറയ്യയാണ്. ഞാന്‍ വെളിച്ചത്തിന്റെ ഒരു പുഴയെ ഉള്ളിലൊതുക്കിക്കഴിഞ്ഞിരിക്കുന്നു. എന്റെ അകത്തും പുറത്തും വെളിച്ചം പടരുന്നു, പന്തലിക്കുന്നു' കമലാസുറയ്യ (സസ്‌നേഹം)
സ്ത്രീ എഴുതുമ്പോള്‍ ലോകത്തെ സകലമാന പെണ്ണുങ്ങളുടെയും പ്രതിനിധിയാണ് താന്‍ എന്ന ബോധം ചുമക്കേണ്ടിവരുന്നു. ഉത്തരാധുനിക നിരൂപകരും വായനക്കാരും അടിച്ചേല്‍പ്പിച്ചതാണ് ഈ ഭാരം. എന്നാല്‍ പുരുഷന്നാകട്ടെ വ്യക്തി എന്ന നിലനില്‍പ് സമ്മതിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു അവര്‍. സ്ത്രീസ്വത്വപഠനങ്ങള്‍ സാഹിത്യ ഗവേഷണമേഖലയില്‍ ഇന്ന് അനാവശ്യമെന്നു തോന്നുന്നതരത്തില്‍ അധികരിച്ചിരിക്കുന്നു. പുരുഷസ്വത്വപഠനങ്ങളാകട്ടെ ഇല്ല എന്നുതന്നെ പറയാം. ഈ പ്രാതിനിധ്യഭാരത്തെ മാധവിക്കുട്ടിയായ കാലത്തും കമലാസുറയ്യ ആയ കാലത്തും ഈ എഴുത്തുകാരിയും നേരിട്ടിട്ടുണ്ട്. പക്ഷേ, എന്റെ കഥയില്‍ നിന്ന് സസ്‌നേഹത്തിലെത്തുമ്പോള്‍ ഈ ചുമതലക്ക് വ്യക്തമായ വ്യത്യാസം കാണാം. 'എന്റെ കഥ'യില്‍ അത് ആധികാരികമായ സ്ഥാപനമാണെങ്കില്‍ 'സസ്‌നേഹ'ത്തില്‍ അത് അവകാശവാദമില്ലാത്ത അയഞ്ഞ ഒരു നിലപാടുമാത്രമാണ്. 'സസ്‌നേഹ'ത്തിലെ ഒരു അധ്യായത്തിനു പേരുതന്നെ 'വാടിത്തളര്‍ന്ന പ്രതിനിധി ഞാന്‍' എന്നാണ്.
'എന്റെ കഥ' എന്ന ആത്മകഥാപുസ്തകം ആരംഭിക്കുന്നത് ഇങ്ങനെയാണ് ''കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം ഉച്ചക്കു ശേഷം എന്റെ മുറിയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്ക് പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയില്‍ ചെന്നടിച്ചു. കിളി തെറിച്ചുപോയി ജാലകത്തിന്റെ സ്ഫടികത്തില്‍ തട്ടി, നിമിഷങ്ങളോളം അതിന്മേല്‍ പറ്റിപ്പിടിച്ചിരുന്നു. കുരുവിയുടെ നെഞ്ചില്‍ നിന്നു രക്തം വാര്‍ന്നു സ്ഫടികത്തിന്‍മേല്‍ പടര്‍ന്നു. ഇന്ന് എന്റെ രക്തം ഈ കടലാസിലേക്കു വാര്‍ന്നു വീഴട്ടെ, ആ രക്തംകൊണ്ടു ഞാന്‍ എഴുതട്ടെ, ഭാവിയുടെ ഭാരമില്ലാത്ത ഒരാള്‍ക്കുമാത്രം എഴുതാന്‍ കഴിയുന്ന വിധത്തില്‍''
മറ്റൊന്ന്, ഘടനാപരമായി വിശകലനം ചെയ്താല്‍ ഒരു സാധാരണ ആത്മകഥ അവസാനിക്കുന്ന വിധത്തിലല്ല 'എന്റെ കഥ'യുടെ അവസാനം. പാതിവെച്ചു നിറുത്തിയപോലെ, തികച്ചും അപൂര്‍ണമായ ഈണത്തില്‍ ആണ് അത് അവസാനിക്കുന്നത്. എന്നാല്‍ 'സസ്‌നേഹം' അങ്ങനെയല്ല. കൃത്യമായ ജീവിതാന്ത്യ സൂചനയോടെ, വിരമിക്കുന്ന പ്രഭാഷണത്തിന്റെ നീചസ്ഥായിയില്‍ അത് ആ ശബ്ദം ഇങ്ങനെ മാഞ്ഞുപോകുന്നു. മാധവിക്കുട്ടിയില്‍ നിന്ന് അതുവരെ കേള്‍ക്കാത്ത, അതികാല്‍പനികമായ ഭാഷയില്‍ അത് അവസാനിക്കുന്നു.